മഹാഭാരതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് "അർജ്ജുനവിഷാദയോഗം". മുന്നിൽ യുദ്ധസന്നദ്ധരായി നില്ക്കുന്ന മുതുമുത്തച്ഛൻ ഭീഷ്മർ, ഗുരു ദ്രോണാചാര്യർ, ഉടപ്പിറന്നോർ, ബാന്ധവർ, ഇഷ്ടന്മാർ എന്നിവരിൽ നേരിടണം? ആർക്ക് നേരേ അസ്ത്രങ്ങൾ അയയ്ക്കണം? എന്നറിയാതെ കുഴങ്ങിയ അർജ്ജുനൻറ്റെ മാനസ്സികാവസ്ഥ! ഒരു പാതയെ ശരിയെന്ന് സമർത്ഥിയ്ക്കാൻ അവിടെ ഒരു ശ്യാമവർണ്ണനായ യാദവനെത്തി, അവൻ പകർന്ന് നല്കിയ ഊർജ്ജത്തിൽ, കാട്ടിക്കൊടുത്ത പാതയിലൂടെ അർജ്ജുനൻ രണസാഗരം നീന്തിക്കടന്നു.
പീതാംബരത്തിനോടും, ഗുരുദേവവിഗ്രഹങ്ങളോടും, ശിവഗിരിയോടും, തീർത്ഥാടനത്തോടും ഏറ്റവും അധികം പുച്ഛവും, അകൽച്ചയും കാട്ടുന്നത് ഈഴവസമുദായാംഗങ്ങൾ മാത്രമുള്ള പ്രദേശങ്ങളിലാണ്. സമുദായത്തിന്റെ അംഗസംഖ്യ കുറയുകയും, മറ്റ് സമുദായക്കാർ ഏറുകയും ചെയ്യുമ്പോൾ ഗുരുദേവഭക്തിയും കൂടുന്നു.
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ 2 എം. എൽ.എ മാരുള്ള ഒരു പാർട്ടി അദ്ധ്യക്ഷ്നോ, 1 ലക്ഷം പേർ തികയാത്ത ഒരു ജാതി വിഭാഗത്തലവൻ വിചാരിച്ചാലോ പോലും സംസ്ഥാന ഇന്റലിജൻസ്സ് റിപ്പോർട്ടിന്റെ കോപ്പി അവരുടെ മേശപ്പുറത്തെത്തും. അതിനാൽ തന്നെ ആരും അത്രയ്ക്കങ്ങു പുണ്യവാളന്മാർ ആവാൻ ശ്രമിയ്ക്കേണ്ട.
കഴിഞ്ഞ ദിവസങ്ങളിലെ സമുദായസംബന്ധിയായ വിഷയങ്ങൾ കണ്ടപ്പോൾ ആദ്യം മനസ്സിൽ എത്തിയ ചിന്ത ഉടൻ ചില ഗുരുമന്ദിരങ്ങൾ ആക്രമിയ്ക്കപ്പെടുമല്ലോ എന്നതായിരുന്നു. ഇന്നിതാ വാർത്ത വന്നിരിയ്ക്കുന്നു നെയ്യാറ്റിന്കരയിൽ നിന്നും , ഇനി എത്ര തവണ കൂടി ഇത് പോലെ കേൾക്കേണ്ടി വരും?
ഈഴവരിൽ 40% നു മുകളിൽ വരുന്ന ജനങ്ങൾ ഈയടുത്ത കാലം വരെ കാറൽ മാർക്സിനെ ഗുരുവായി കണ്ടിരുന്നു, കമ്മ്യൂണിസ്സത്തിൽ അന്ധമായി വിശ്വസിച്ചിരുന്ന അവർ മതത്തിലും, ജാതിയിലും സ്വന്തം പെണ്മക്കളുടെ വിവാഹം വരുമ്പോൾ വരന്റെ വീട്ടുകാർ നിർബന്ധിയ്ക്കും വരെ വിശ്വസിച്ചിരുന്നില്ല. ആ സമയത്ത് ശാഖയിലെത്തി കുടിശിഖ അടച്ച് പത്രിക വാങ്ങുകയോ, ക്ഷേത്രത്തിൽ പോവുകയോ ചെയ്ത് വന്നിരുന്നു.
കുറേപ്പേർ മലയോര ഗ്രാമങ്ങളിലും, റബ്ബർ തോട്ടങ്ങളിലും വിദേശത്തുള്ള കൃസ്തീയ മുതലാളിയ്ക്ക് വേണ്ടി കാവല കിടന്ന് പാതി കൃസ്തുമതക്കാരായി പള്ളിയും പട്ടക്കാരുമായി ജീവിയ്ക്കുന്നു.
മറ്റ് ചിലർ മലപ്പുറം പോലുള്ള മുസ്ലീം മേഖലയിൽ ഇസ്ലാമിനു ജയ് വിളിച്ച് മനസ്സാ സുന്നത്ത് ചെയ്ത് ജീവിതപ്രാരാബ്ധങ്ങൾക്ക് വഴി തേടുന്നു. കടുത്ത ജീവിത ദുരിതങ്ങളിൽ അവരുടെ ചെയ്തികളിൽ ആപേക്ഷികമായ ശരിയും തെറ്റുമുണ്ട്, വിശപ്പിനു ശാശ്വത പ്രതിവിധി ആയി ഇന്നോളം ഒരു തത്വശാസ്ത്രവും ഉണ്ടായിട്ടില്ല, പ്രാണായാമം പോലും!
എന്ത് കൊണ്ടാണു ഗുരുമന്ദിരങ്ങൾ ആക്രമിയ്ക്കപ്പെടുന്നത്? ആരാണ് ഇതിനു പിന്നിൽ? എന്ത് കൊണ്ടാണ് മിക്കപ്പോഴും അന്വേഷണം എങ്ങുമെത്താത്തത്? അവസാനനിമിഷം പ്രതികൾക്കരുകിൽ എത്തിയ പോലീസ്സിനു പിന്മാറി എല്ലാ തെളിവുകളും നശിപ്പിയ്ക്കേണ്ടി വരുന്നത് എന്ത് കൊണ്ട് ? ബന്ധുവാര്, ശത്രുവാര് ?
ഭാരതത്തിൽ എപ്പോഴൊക്കെ രാഷ്ട്രീയ അസ്ഥിരത ഉണ്ടാവുന്നോ, അപ്പോഴൊക്കെ അതിർത്തിയിൽ സംഘർഷം ഉണ്ടാകും, ജനശ്രദ്ധ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും അതിർത്തിയിലേയ്ക്ക്, അയൽരാജ്യത്തിലേയ്ക്ക് തിരിച്ച് വിടും. നമ്മിൽ നിന്നും വേർപെട്ട ഇന്നത്തെ ശത്രുരാജ്യത്തിന്റെ പേരു ഉണർത്തുന്ന വികാരം അവിടെ ചൂഷണം ചെയ്യപ്പെടുന്നു. ഈ രാഷ്ടീയ തന്ത്രം ഗുരുദേവവിഗ്രഹങ്ങളിലൂടെ എത്ര തവണ വിജയകരമായി പരീക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു?
ഗുരുമന്ദിരങ്ങൾ ആക്രമിയ്ക്കപ്പെടുമ്പോൾ പ്രതികളാക്കപ്പെടുന്നവരിൽ, അന്യസമുദായക്കാർ ഇല്ല എന്ന് തന്നെ പറയാം; അഥവാ ഗൂഢാലോചനയിലല്ലാതെ, നേരിട്ട് അത് ചെയ്തവർ ഈഴവസമുദായാംഗങ്ങൾ മാത്രമാകും. ഇതിനൊരു പശ്ചാത്തലമുണ്ട്. കടൽപ്പുരത്തെ മണൽത്തരികൾ എന്ന് ഗുരുദേവൻ വിശേഷിപ്പിച്ച ഈ സമുദായത്തെ ഒന്നിച്ച് നിരത്തുന്ന ഒരേ ഒരു കണ്ണി ഗുരുദേവൻ എന്ന ബിംബം മാത്രമാണ്.
ആയതിനാൽ ഈ സമുദായം ഒന്നിച്ച് നിന്ന് വിലപേശൽ ശക്തിയാകരുത് എന്നാഗ്രഹിയ്ക്കുന്ന, അതിലൂടെ തങ്ങൾ അന്യായമായി അനുഭവിച്ചു കൊണ്ടിരിയ്ക്കുന്ന ഈ സമുദായത്തിനവകാശപ്പെട്ട പൊതു വിഭവങ്ങൾ നഷ്ടമാകുമെന്നറിയാവുന്ന, എല്ലാ അന്യസമുദായങ്ങളും ഗുരുദേവനെ സംബന്ധിച്ച വികാരങ്ങളെ ഉണർത്തി ഈഴവരെ ഒന്നിപ്പിയ്ക്കുന്ന ബുദ്ധിശൂന്യതയ്ക്ക് തയ്യാറല്ല.
ഗുരുദേവാശയങ്ങളുടെ ഉപഭോക്താക്കളായ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഗുരുമന്ദിരങ്ങൾ പൊതുവിൽ ഇഷ്ടമല്ലെങ്കിലും, മുകളിൽ പറഞ്ഞ കാരണങ്ങളാൽ അവരിലെ അമ്പലവാസി / കൃസ്തീയ നേതൃത്വം ബുദ്ധിപൂർവ്വം പാർട്ടിയെ മാറ്റി നിർത്തും . എന്നാൽ ഈഴവസമുദായത്തിൽ തന്നെയുള്ള ചില സഖാക്കൾ ഉയർന്നു വരുന്ന ഗുരുമന്ദിരങ്ങളുടെ പ്രസക്തി കണ്ട്, കുപിതരാകുകയും, തങ്ങൾ ഉൾപ്പെട്ട സമുദായം ഇപ്രകാരം സംഘടിയ്ക്കുന്നത്, തങ്ങൾക്ക് എന്തോ കുരച്ചിലാണെന്ന് ചിന്തയിൽ ചില ആക്രമണങ്ങൾ നടത്താറുണ്ട്.
എന്നാൽ "വെളുക്കാൻ തേച്ചത് പാണ്ടാകും" എന്നറിയാവുന്ന നമ്പ്യാർ , നായർ, ബ്രാഹ്മണ, ക്രൈസ്തവ നേതൃസംഘം ഇടപെട്ട് ഇവരെ ശാസിയ്ക്കുകയും, ആവർത്തിയ്ക്കാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കാറുമുണ്ട്.
ഇനി അവശേഷിയ്ക്കുന്ന ആക്രമണകാരികൾ ആരെന്ന് പറയുന്നില്ല! എപ്പോഴൊക്കെ ഇവിടെ അവർ ജനമദ്ധ്യത്തിൽ ഒറ്റപ്പെടുകയോ, സ്വയം അവഹേളിതരാകുകയോ, വിഷമഘട്ടങ്ങളിൽ അകപ്പെടുകയോ ചെയ്തിട്ടുണ്ടോ? അപ്പോഴൊക്കെ ഗുരുമന്ദിരങ്ങൾ ആക്രമിയ്ക്കപ്പെട്ടിട്ടുണ്ട്, ഗുരുദേവവിഗ്രഹങ്ങളുടെ ശിരസ്സ് തകർക്കപ്പെട്ടിട്ടുണ്ട്!
ഇന്ന് ഈ സമുദായത്തിലേയോ അന്യ സമുദായങ്ങളിലേയോ, പ്രാഥമികവിദ്യാഭ്യാസം നേടിയ ഒരാളും ചെയ്യാൻ ധൈര്യപ്പെടാത്ത രീതിയിൽ ശിവഗിരിയിലെ സന്യാസി സമൂഹത്തെയും ഗുരുദേവസങ്കൽപ്പത്തേയും അപമാനിയ്ക്കാനും, അധിക്ഷേപിയ്ക്കാനും, പുലഭ്യം പറയാനും ഇറങ്ങിപ്പുറപ്പെടുന്നതിന്റെ പിന്നിലെ ധൈര്യം ഒരു പക്ഷേ ഇന്നുവരെ തകർപ്പെട്ട ഗുരുദേവപ്രതിമാശിരസ്സുകളിലൂടെ നേടിയതാവാം.
സാമ്പത്തിക, രാഷ്ട്രീയ കരുത്തും അതിനുമപ്പുറം സാസ്ക്കാരശൂന്യതയുമായി ഇരു വിഭാഗങ്ങൾ തന്ത്രങ്ങൾ മെനയുമ്പോൾ... മദ്യവ്യവസായത്തിലും , സമുദായ ആസ്തികളിലും ഉള്ള ആധിപത്യത്തിനായി തെരുവുകളിൽ യുദ്ധം ആസന്നമാകുമ്പോൾ.... ഇനിയും എത്ര ഗുരുമന്ദിരങ്ങൾ കൂടി തകർക്കപ്പെടും? എത്ര പ്രതിമകൾ കൂടി ശിരസ്സുകളറ്റ് സമുദായത്തെ അപമാനത്തിന്റെ കാഞ്ഞിരക്കഷായം കുടിപ്പിയ്ക്കും?
കൃഷ്ണാ....നീ...എവിടെ?
No comments:
Post a Comment