Saturday, May 27, 2017

ഇന്ദ്രപുരാണം - ശശിയും, ഹരിയും സാക്ഷാൽ ദേവനും

നൂൽക്കൊടിയുടെ ഉത്തിഷ്ഠതയിൽ...... സങ്കൽപ്പ രതിയുടെ തലങ്ങളിൽ തറയും, കുഴിയും, കിണറും, കുഴൽക്കിണറും കടന്ന് പാതാളത്തിലെത്തിയ മുൻ അമാത്യൻ ശ്രീ. ശശീന്ദ്രനും, ഉണ്മയിൽ ഖഞ്ജര ശക്തിയിൽ രാസലീലയാടാൻ തുനിഞ്ഞ് ഛേദലിംഗനായ സന്യാസ്സി ഹരീന്ദ്രനും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ഇടം പിടിയ്ക്കുമ്പൾ ..... ആദി ഇന്ദ്രനും ദേവേന്ദ്രനും മഹാ വേന്ദ്രനും ആയവന് സംഭവിച്ച പരസ്ത്രീ ഗമനപരാക്രമഫലവും പരിണാമഗുപ്തിയും ഒന്ന് അറിയാൻ ശ്രമിയ്ക്കാം.

മജ്‌ജാര (മാർജാര)

അഹല്യയെ ബ്രഹ്‌മാവ്‌ സൃഷ്ടിച്ചത് സൗന്ദര്യമുള്ള വസ്തുക്കളുടെയെല്ലാം സത്തെടുത്തതാണെന്നാണ് പുരാണം; അതിനാൽ തന്നെ ആരും ഭ്രമിയ്ക്കുന്ന അഴകിനും വടിവിനും ഉടമയായിരുന്നു ആ ദേവനാരി. ബ്രഹ്മപുരാണത്തിലും, പദ്മ പുരാണത്തിലും, രാമായണത്തിലും (ബാലകാണ്ഡം സർഗ്ഗം 48 , 49 ), പഞ്ചകന്യകകളെ പ്രതിപാദിയ്ക്കുന്ന വിവിധ പുരാണ, ഇതിഹാസങ്ങളിലും അഹല്യയുടെ വിശ്വോത്തര സൗന്ദര്യത്തെ വർണ്ണിയ്ക്കുന്നുണ്ട്.


ആവശ്യക്കാർ ഏറെ ആയതിനാൽ ബ്രഹ്‌മാവ്‌ ഒരു പന്തയം വച്ചു .. മൂന്ന് ലോകവും ചുറ്റി ആദ്യം വരുന്നവൻ വരൻ. ദേവന്മാർ എല്ലാം വച്ച് പിടിച്ചെങ്കിലും ആദ്യം ചുറ്റി വന്നത് ഇന്ദ്രൻ തന്നെ ആയിരുന്നു. എന്നാൽ ബ്രഹ്മപുത്രനും അങ്ങനെ അഹല്യയ്ക്ക് സഹോദരനും ആയ നാരദമുനിയ്ക്ക് അതത്ര അങ്ങോട്ട് രസിച്ചില്ല, ഉലകം ചുറ്റുന്ന കൂട്ടത്തിൽ അങ്ങേര് സ്ഥിരം കാണുന്നതാണല്ലോ ഇന്ദ്രന്റെ ചുറ്റിക്കളികൾ, പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരികൾ എല്ലാം തനിയ്ക്ക് എന്ന വാശിയ്ക്കപ്പുറം ഇന്ദ്രന് മറ്റ് ആത്മാർത്ഥത ഒന്നുമില്ലെന്ന് നാരദാനറിയാം. ദേവലോക സുന്ദരിപ്പട്ടം കെട്ടിയ ഉർവ്വശ്ശിയുടെ അഹങ്കാരം അവസാനിപ്പിയ്ക്കാൻ ബ്രഹ്‌മാവ്‌ സൃഷ്ടിച്ച പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ മറ്റൊരാൾ സ്വന്തമാക്കുന്നത് ഇന്ദ്രന് സഹിയ്ക്കാവുന്ന കാര്യമായിരുന്നില്ല.

ദേവന്മാർ മൂലോകം ചുറ്റുന്ന വേളയിൽ ഗൗതമമുനി സുരഭി എന്ന പശുവിനെയും അപ്പോൾ പിറന്ന കിടാവിനെയും ആചാരങ്ങളുടെ ഭാഗമായി വലം വച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹമാണ് ആദ്യം മൂന്ന് ലോകവും വലം വച്ചത് ( വേദങ്ങൾ പ്രകാരം പശുവിനെയും കുഞ്ഞിനെയും വലം വച്ചതിലൂടെ ) എന്ന് സമർത്ഥിച്ച് അഹല്യയ്ക്ക് വരൻ മഹാഋഷി ഗൗതമൻ തന്നെ എന്ന് ബ്രഹ്‌മാവിനെ കൊണ്ട് സമ്മതിപ്പിച്ചു. എന്തായാലും അഹല്യയെ സകലദേവന്മാരുടെയും മുറുമുറുപ്പിനിടയിൽ ബ്രഹ്‌മാവ്‌ ഗൗതമമഹർഷിയ്ക്ക് വിവാഹം കഴിച്ച് കൊടുത്തു. അവർ രണ്ടാളും ഗോദാവരി / നർമ്മദ നദിയുടെ ത്തെ ആശ്രമത്തിൽ മുനിയുടെ ശിഷ്യന്മാരും മറ്റ് പരിവാരങ്ങളുമായി ജീവിച്ചു. .


നമ്മുടെ വിഷയം ലിംഗച്ഛേദം ആകയാൽ നമുക്ക് ഇന്ദ്രന് പിന്നാലെ സഞ്ചരിയ്ക്കാം, അയാൾക്കാണല്ലോ അതുള്ളത്! 

തനിയ്‌ക്കേറ്റ പരാജയവും, വിജയിച്ചിട്ടും സമ്മാനം മറ്റൊരാൾ തട്ടിയെടുത്തതെന്ന അമർഷവും, വിശ്വസുന്ദരിയെ മറ്റൊരാൾ സ്വന്തമാക്കിയതിലെ ദുഖവും ഇന്ദ്രനെ ഭ്രാന്തനാക്കി; സ്വർഗ്ഗത്തിലെ കാര്യങ്ങളെല്ലാം ഉപേക്ഷിച്ച്, ഒരിയ്ക്കലെങ്കിലും അഹല്യയെ സ്വന്തമാക്കണമെന്ന വാശിയിൽ ഇന്ദ്രൻ ഗൗതമാശ്രമത്തിന്റെ പരിസരങ്ങളിൽ കറങ്ങി നടന്നു, പല രൂപത്തിൽ പല വേഷത്തിൽ.. 

വൈദ്യുതിയോ മണ്ണെണ്ണയോ പോലുള്ള ദീപങ്ങളുടെ കാലമല്ല, ശിഷ്യഗണങ്ങൾ ചാക്കിലാട്ടുന്ന ഓടക്കുരു, പുന്നയ്ക്ക, പിന്നെ നാട്ടുകാർ കൊടുക്കുന്ന നല്ലെണ്ണ, വെളിച്ചെണ്ണ എന്നിങ്ങനെ എണ്ണകളും, ആരാണികടഞ്ഞെടുത്ത അഗ്നിയാൽ ജ്വലിപ്പിച്ച് കെടാവിളക്കുകളും, ഉരകല്ലിൽ കത്തിയ്ക്കുന്ന ചെറുവിളക്കുകളും മാത്രമാണ് രാത്രിയിൽ നിലാവിനപ്പുറം ആശ്രയമായിരുന്നത്. എങ്കിലും രാത്രി മുഴുവൻ ഗൗതമൻ അഹല്യയുടെ അടുത്തുണ്ട്, ദിനമായാൽ ശിഷ്യഗണങ്ങളെ കൊണ്ട് ആശ്രമപരിസരം നിറയും; ഒരു വിടവ് കണ്ടെത്താൻ ഇന്ദ്രൻ നന്നേ പാടുപെട്ടു. 

ഋഷി ബ്രാഹ്മമുഹൂർത്തത്തിൽ (സൂര്യൻ ഉദിയ്ക്കുന്നതിന് 1 മണിയ്ക്കൂർ, 36 മിനിറ്റ് മുമ്പ്) എണീറ്റു സ്നാനാദി പ്രഭാത കൃത്യങ്ങൾക്കു പോയി പ്രഭാതപൂജകൾക്കും, ആചാര അനുഷ്ഠാനങ്ങൾക്കും ആയി മടങ്ങി വരുമ്പോഴേയ്ക്കും നേരം പുലർന്നിരിയ്ക്കും, ആശ്രമ പരിസരം ഉണർന്നിരിയ്ക്കും, വേണ്ടത്ര സമയം അപ്പോഴുമില്ല. ഒരേയൊരു വഴി ഋഷിയെ അൽപ്പം നേരത്തെ ഉണർത്തി ഈ വക കാര്യങ്ങൾക്ക് അയയ്ക്കുക, അപ്പോൾ കിട്ടുന്ന സമയം വിനയോഗിയ്ക്കുക, ഋഷി മടങ്ങി വരുമ്പോഴും നേരം വെളുക്കില്ല, ഇരുട്ടത്ത് രക്ഷപ്പെടാനാവും... ഇന്ദ്രൻ പദ്ധതി തയ്യാറാക്കി. 

അമാവാസിയോടടുത്ത നാളുകൾ തന്റെ ലക്ഷ്യപ്രാപ്തിയ്ക്ക് ഉചിതമാണെന്ന് തിരിച്ചറിഞ്ഞ് ഇന്ദ്രൻ, ഒരു രാത്രിയിൽ ബ്രഹ്മമുഹൂർത്തത്തിനും ഏറെ നേരത്തേ ( 4 നാഴികയ്ക്ക് പകരം 7 ½ വെളുപ്പിന്) പൂവൻകോഴിയുടെ രൂപമാർന്ന് ആശ്രമ പരിസരത്തെത്തി കൂവാൻ ആരംഭിച്ചു (ഒരു പക്ഷെ നമ്മൾ അറിയപ്പെടുന്ന മിമിക്രിക്കാരിൽ ആദ്യതാരം ഇന്ദ്രനാണ്). 4 വെളുത്തു എന്ന ധാരണയിൽ ഗൗതമൻ നദീതീരത്തേയ്ക്ക് യാത്രയായി. 

ഈ സമയം ജടയും താടിയും രുദ്രാക്ഷവും വൽക്കലവും ഉൾപ്പടെ വേഷപ്രശ്ചന്നനായ ഇന്ദ്രൻ ഗൗതമരൂപത്തിൽ ആശ്രമത്തിൽ കടന്നു അഹല്യയോടൊപ്പം ശ്രമിച്ചു. സാധാരണയായി രതിയിൽ നിന്ന് വിട്ട് നിൽക്കുന്ന ഋഷിയുടെ ഭാവപ്പകർച്ച അഹല്യയെ ഒന്നമ്പരപ്പിച്ചെങ്കിലും പൊങ്കാലയില്ലാതിരുന്ന മൺകലം വളരെ വേഗം തിളച്ച് തുടങ്ങി. ആവേശത്തിമിർപ്പിൽ അവളുടെ വിരലുകളുടെ വേഗത്തിൽ ജടയും, താടിയുമൊക്കെ പ്രശ്ചന്നവേഷധാരിയ്ക്ക് നഷ്ടമായി. 

ഋഷിയുടെ രീതികളും, അളവുകളും, ഗന്ധവുമറിയുന്ന അഹല്യയ്ക്ക് തുടക്കത്തിൽ തന്നെ അന്യപുരുഷനെന്ന സംശയവും പിന്നീട് തിരിച്ചറിവുമുണ്ടായെങ്കിലും അവൾ അത് വ്യക്തമാക്കാതെ രതിയുടെ കയങ്ങളിൽ ആഴ്ന്നിറങ്ങി ആസ്വദിച്ചു.

പരസ്പരപൂരകങ്ങളായി രതിയുടെ വൈവിധ്യങ്ങൾ ആസ്വദിച്ചു വിജയലഹരിയിൽ ഇന്ദ്രൻ സ്ഥലകാലബോധം ഇല്ലാതെ നിശ്ചയിച്ചിരുന്നതിലും കൂടുതൽ സമയം ചിലവഴിച്ചപ്പോൾ ഋഷി ആശ്രമത്തിൽ തിരിച്ചെത്തി. അരുണരശ്മികൾ അരിച്ചിറങ്ങുന്ന കിടപ്പറയിൽ ഭാര്യയോടൊപ്പം ശയിയ്ക്കുന്ന അന്യപുരുഷനെ ഒരു മാത്ര അവ്യക്തമായി കണ്ടു. ഋഷിയെ കണ്ട് പിടഞ്ഞെണീറ്റ ഇന്ദ്രൻ പൂച്ചയുടെ രൂപം പൂണ്ട് ഇരുളിൽ പതുങ്ങി നിന്നു (വീണ്ടും മിമിക്രി, ഇന്ദ്രൻ ഉടുതുണിയുമായി ഇരുട്ടിലേക്ക് മാറി നിന്ന് പൂച്ചയായി "മ്യാവൂ ..." എന്ന് കരഞ്ഞു)

ഭർത്താവിന്റെ വരവും ഇന്ദ്രന്റെ ഓട്ടവും കണ്ട് പകച്ചു പോയ അഹല്യ പെട്ടെന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ഒന്നും സംഭവിയ്ക്കാത്തത് പോലെ വസ്ത്രങ്ങൾ വാരിച്ചുറ്റി എണീറ്റു നിന്നു, പിന്നാലെ മുനിയുടെ ചോദ്യമെത്തി "ആരാണ് നിന്റെ പക്കൽ നിന്നോടിപ്പോയത്?" 

അഹല്യ മറുപടി നൽകി "മാർജ്ജാര" അതൊരു പൂച്ചയായിരുന്നു. ( ശബ്ദം താഴ്ത്തി പറഞ്ഞ വാക്കുകൾ... ഭർത്താവിനാൽ നിഷേധിയ്ക്കപ്പെട്ട രതിമൂർച്ഛ നല്കിയവനോട് തോന്നിയ പ്രീതിയാൽ "മജ്‌ജാര" അഥവാ "എന്റെ കാമുകൻ" എന്നായിരുന്നോ? )

ശ്വാസം അടക്കി ഇരുളിൽ നിന്ന ഇന്ദ്രൻ രംഗം ഒന്ന് കൊഴുപ്പിയ്ക്കാൻ പൂച്ചയുടെ ശബ്ദത്തിൽ ഒരു "മ്യാവൂ ..." തട്ടിവിട്ടു. 


സഹസ്രയോനി 

പ്രകൃതിയോടിണങ്ങി കഴിയുന്ന ഋഷി അത്ര മണ്ടനല്ലാത്തതിനാൽ എല്ലാം മനസ്സിലായി, പൂച്ചയെ പിടികൂടി വെളിച്ചത്തിലേയ്ക്ക് കൊണ്ട് വന്ന് രണ്ട് ശാപങ്ങൾ നൽകി 

1. നിന്റെ വൃഷണങ്ങൾ വീണു പോകട്ടെ.. 
(പിടികൂടി വൃഷണഛേദനം നടത്തി എന്ന് തന്നെ പറയാം.. ഋഷിയുടെ പ്രതികാരം രസകരമാണ്, വൃഷണം ഛേദിച്ചാൽ സ്വാഭാവികമായി ഇന്ദ്രന് ക്രമേണ ഉദ്ധാരണം നഷ്ടമാകും. അപ്സരസ്സുകളും, ദേവസ്ത്രീകളും നിറഞ്ഞ ദേവലോകത്ത് നന്ദനവനിയിലെ കാമപ്പേക്കൂത്തുകൾ കണ്ട് വെള്ളമിറക്കി ഇവൻ കഴിയട്ടെ എന്നദ്ദേഹം തീരുമാനിച്ചു.)

2. ഏത് നേരവും കാമപരവശനായി യോനിയെ സ്മരിച്ച് നടക്കുന്ന നിനക്ക് കണ്ട് രസിയ്ക്കാൻ നിന്റെ ശരീരത്തിൽ ആയിരം യോനികൾ ഉണ്ടാവട്ടെ.. ( ഋഷി എത്ര കേമനാണെന്ന് ഇവിടെ വ്യക്തമാവുന്നു... ഭോഗാസക്തരായി ദേവലോകത്ത് അലഞ്ഞ് നടക്കുന്ന മുപ്പത്തിമുക്കോടിയുടെ പകുതി ദേവന്മാർക്കിടയിലേയ്ക്ക് ശരീരമാസകലം യോനിയുടെ ചെന്നാൽ ഇന്ദ്രൻറെ അവസ്ഥ എന്താകുമെന്ന് അദ്ദേഹത്തിനറിയാം!) 


ഇന്ദ്രൻറെ വൃഷണഛേദം ചെയ്ത ആയുധത്തിന്റെ നിഴലിൽ നിന്നോടി രക്ഷപ്പെട്ട, നദീതീരം വരെയെത്തിയ അഹല്യയ്ക്കും ലഭിച്ചു ശാപം; അവൾ ശിലയായി. (അഹല്യയെ ആശ്രമത്തിനു വെളിയിൽ കാരാഗൃഹത്തിൽ വായു മാത്രം ഭക്ഷിച്ച് ഘോരതപസ്സിലൂടെ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ നിർബ്ബന്ധിതയാക്കി; ശ്രീരാമൻ വന്ന് ആ കാരാഗൃഹവാതിൽ ചവുട്ടിത്തുറന്ന് അവളെ മോചിപ്പിയ്ക്കും വരെ, ഗൗതമനെ അവളെ സ്വീകരിയ്ക്കാൻ നിർബ്ബന്ധിതനാക്കും വരെ...) 

ഏതായാലും ശരീരത്തിൽ ആയിരം യോനികളുമായി ദേവലോകത്ത് ചെല്ലാനുള്ള ധൈര്യം ഇന്ദ്രനുണ്ടായിരുന്നില്ല; പോരെങ്കിൽ വൃഷണവുമില്ല. അദ്ദേഹം വിജനമായ പ്രദേശങ്ങളിൽ കഴിഞ്ഞ് കൂടി , ഇന്ദ്രൻ ഉപാസനാമൂർത്തി ആകേണ്ട യാഗങ്ങൾ മുടങ്ങി, യജമാനനായ ലഭിയ്‌ക്കേണ്ട ഹവിസ്സുകൾ പാഴായി, ദേവലോക ചൈതന്യം ക്ഷയിച്ച് തുടങ്ങി. ഒളിവിലെ ഇന്ദ്രനെ അഗ്നിദേവൻ കണ്ടെത്തി, അജത്തിന്റെ 
(ആട്) 
വൃഷണം 

മുറിച്ചെടുത്ത ഇന്ദ്രന് വച്ച് പിടിപ്പിച്ചു ആ ആദിഭിഷഗ്വരൻ! (വൃഷണം വച്ച് പിടിപ്പിയ്ക്കൽ ശസ്ത്രക്രിയ ആദ്യം ചെയ്തത് അഗ്നിദേവൻ ആയിരിയ്ക്കും)


സഹസ്രാക്ഷൻ 

പ്രശനം അവിടെ കൊണ്ടും അവസാനിച്ചില്ല, 1000 യോനികൾ അപ്പോഴും പ്രശ്നമായി നിന്നു. ബ്രഹ്‌മാവിന്റെ ഇടപെടലാൽ കോപം തണുത്ത ഗൗതമമുനി തനിയ്ക്ക് വിരോധമില്ലെന്ന് അറിയിച്ചതോടെ ദേവഗണങ്ങൾ ആദിപരാശക്തിയെ സമീപിച്ച് ഇതിനൊരു പരിഹാരം തേടി. യോനികൾ നീക്കം ചെയ്യുവാൻ അശക്തയാണെന്ന് ധരിപ്പിച്ച ദേവി ആ യോനികൾക്ക് നടുവിൽ ഓരോ കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ഇന്ദ്രൻ ശരീരമാസകലം കണ്ണുള്ളവർ ആയി. ആയിരം കണ്ണുള്ളവർ... സഹസ്രാക്ഷൻ! (മുറിയ്ക്കപ്പെട്ട ലിംഗവുമായി ഓടി കാട്ടിൽ കയറി അവിടെ വച്ച് വസൂരി പിടിപെട്ട് ആയിരം ദ്വാരങ്ങളിലൂടെ പൊട്ടിയൊലിച്ച്, ഒടുവിൽ കാട്ടുവൈദ്യത്തിൽ ഭേദമായി, ശരീരമാസകലം വസൂരിക്കലയും വച്ചുപിടിപ്പിച്ച ആട്ടിൻ ലിംഗവുമായി ശിഷ്ടകാലം ആ ഇന്ദ്രൻ കഴിച്ച് കൂട്ടീന്ന് കരുതിയാൽ മതി ) 


അപ്പോൾ പറഞ്ഞ് വന്നത് ഇത്രയേ ഉള്ളൂ... സമവാക്യം തുലോം ലളിതമാണ്... കുട്ടികൾക്ക് "ഇന്ദ്രൻ" ചേർത്ത് പേരിടുമ്പോൾ സൂക്ഷിയ്ക്കുക; ശശീന്ദ്രൻ, ഹരീന്ദ്രൻ ഒക്കെ പ്രശ്നമാണ് ! പിന്നെ ഈ "സുരേഷ്" എന്ന പേരൊക്കെ "സുരന്മാരുടെ ഈശ്വരൻ" അതായത് ദേവേന്ദ്രൻ എന്ന് തന്നെയാണ് അർത്ഥമെങ്കിലും വലിയ ദോഷമില്ലെന്ന് തോന്നുന്നു; ഈശ്വരോ രക്ഷതു!!!

No comments:

Post a Comment