Wednesday, June 2, 2021

ചമ്മന്തിയും പ്രോജക്ട് മാനേജ്‌മെൻറ്റും

ഒരു പ്രത്യേക ലക്ഷ്യമോ ഫലമോ നേടിയെടുക്കുവാൻ ആവശ്യമായ ഒരു നിര പ്രവർത്തികളുടെ സംയോജിത രൂപമാണ് പദ്ധതി അഥവാ പ്രോജക്ട്. ഓരോ പ്രോജക്ടും 5 ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു

1. വിഭാവന - Initiation

2. തയ്യാറെടുക്കൽ - Planning

3. പ്രവർത്തി / നടത്തിപ്പ് - Execution

4. നിരീക്ഷണവും നിയന്ത്രണവും - Monitoring and Controlling

5. പരിസമാപ്തി - Closing

ഇതിനെ പ്രോജക്ട് മാനേജ്മെൻ്റിൽ പി.ഡി.സി.എ (പ്ലാൻ - ഡൂ - ചെക്ക് - ആക്ട്) ആക്കി ചുരുക്കിപ്പറയുന്നു.

ഈ 5 ഘട്ടങ്ങളിലൂടെ ഒരു പ്രോജക്ട് പരിസമാപ്തിയിൽ എത്തുന്നതുവരെ 10 രീതിയിലുള്ള മാനേജ്മെൻ്റുകൾ അവിടെ നടക്കുന്നുണ്ട്.

Integration Management (സംയോജിത/ഏകീകരണം)

Scope Management (ഉദ്ദേശം / ലക്ഷ്യം/പരിധി)

Time Management (സമയബന്ധിതം)

Cost Management (ചിലവ്)

Quality Management (ഗുണമേന്മ)

HR Management (മാനവവിഭവശേഷി)

Communication Management (ആശയവിനിമയം)

Risk Management (പരാജയ/തടസ്സ സാദ്ധ്യതകൾ)

Procurement Management (മാനവേതര വിഭവശേഖരണം)

Stakeholder Management (ഭാഗഭാക്കുകൾ/തൽപ്പരകക്ഷികൾ)

ഈ 10 മാനേജീരിയൽ പ്രവർത്തനങ്ങളുടെ വിവിധ ചെറുഘടകങ്ങൾ കൂടി പരിഗണിച്ചാൽ ഒരു പ്രോജക്ട് അതെന്തുതന്നെ ആയാലും ചെയ്തു തീരുമ്പോഴേയ്ക്കും 49 പ്രവൃത്തികൾ ഒരു മാനേജർ ചെയ്തു കഴിഞ്ഞിരിക്കും എന്നതാണ് വസ്തുത.

അപ്പോൾ നമ്മൾ പറഞ്ഞു വരുന്നത് അടുക്കളയിൽ അമ്മ ചമ്മന്തിയുണ്ടാക്കുന്നത് ഒരു പ്രോജക്ട് ആണോ? തീർച്ചയായും അതേ, കാരണം അവിടെ ഒരു ഔട്ട്കം ഉണ്ട്!

എങ്കിൽപ്പിന്നെ അമ്മയെന്ന മാനേജരെ പിന്തുടർന്ന് നമുക്കാ മാനേജ്മെൻ്റ് ഒന്നു പഠിക്കാം.....

ഘട്ടം 1 - ആദ്യമായി പദ്ധതി വിഭാവന ( Initiation ) ചെയ്യൽ...

അവിടെ നമുക്കറിയാം 2 കാര്യങ്ങളേയുള്ളൂ,

പ്രോജക്ട് ചാർട്ടർ - എന്താണു പദ്ധതിയുടെ ഉദ്ദേശം? ഇവിടെ നാളെ രാവിലത്തെ പ്രാതലിനു ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന ദോശയുടെ കൂടെ കറിയായി ഉണ്ടാക്കുന്ന ചമ്മന്തിയാണു ഓബ്ജക്ടീവ്.

സ്റ്റേക്ക്ഹോൾഡർമാരെ തിരിച്ചറിയൽ - വീട്ടിൽ അപ്പൂപ്പൻ, അമ്മൂമ്മ, അച്ഛൻ, ആണ്മക്കൾ, പെണ്മക്കൾ അങ്ങനെ പലരും ഈ പ്രോജക്ടിൻ്റെ ഭാഗഭാക്കുകളാണ്. അവരെ തിരിച്ചറിയുന്നതാണ് പ്രധാനഘട്ടം. ഉദാഹരണം പറഞ്ഞാൽ, ഈ പ്രൊഡക്ട് ആയ ചമ്മന്തി കഴിച്ചു സഹകരിക്കുന്നതിനപ്പുറം, തേങ്ങ ഇല്ലെങ്കിൽ അതൊന്നു പൊതിച്ചു തരുന്ന അച്ഛനോ അപ്പൂപ്പനോ, ഉപ്പോ, മുളകോ ഇല്ലെങ്കിൽ അതുവാങ്ങിയെത്തുന്ന മകൻ, തേങ്ങ തിരുമ്മിയും അരച്ചും സഹായിക്കുന്ന മകൾ ഒക്കെ സ്റ്റേക്ക്ഹോൾഡേഴ്സ് ആണ്.

ഘട്ടം 2 - പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ ( Planning )

ആകെമൊത്തം ഇതെങ്ങനെ ചെയ്തെടുക്കണം എന്ന ഒരു കണക്കുകൂട്ടൽ മനസ്സിൽ ഉറപ്പിക്കുന്നു ( Develop Project Management Plan)

ചമ്മന്തിക്കാവശ്യമായ സാദ്ധ്യതാപഠനമാണടുത്തത് ( Plan Scope Management). ഇവിടെ ആവശ്യകത പരിഗണിക്കപ്പെടുന്നു (Collect Requirement). ഒരാൾ എത്ര ദോശ കഴിക്കുമെന്ന അനുഭവത്തിൻ്റെ വെളിച്ചത്തിലും, ഫ്രിഡ്ജിൽ വച്ചിരുന്നാൽ പിന്നീട് ചൂടാക്കിയാൽ ആരൊക്കെ കഴിക്കുമെന്നതിലും ഒക്കെ മുൻ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ആവും തീരുമാനങ്ങൾ. അതിൻ്റെ അടിസ്ഥാനത്തിൽ കൃത്യമായി ഉദ്ദേശം തീരുമാനിക്കപ്പെടുന്നു (Define Scopes). ഇനി പ്രവർത്തികളെ വിഭജിക്കുന്ന രീതി (Create "WBS" - Work breakdown structure) അവിടെയുമുണ്ട്. ഉദാഹരണത്തിനു സ്റ്റോർ മുറിയിൽ ചെയ്യുന്ന കാര്യങ്ങൾ (ഉപ്പ്, മുളക് തുടങ്ങിയ എടുക്കുക), വർക്ക് ഏരിയയിൽ ചെയ്യേണ്ടവ (അരയ്ക്കൽ, തേങ്ങ തിരുമ്മൽ) അടുക്കളയിൽ ചെയ്യേണ്ടവ (പാചകം, പാത്രത്തിലാക്കൽ) അങ്ങനെ വിവിധ ആക്ടിവിറ്റികൾ ഓരോ WBSൻ്റെ കീഴിലായാണു ചെയ്യപ്പെടുന്നത്.

ഇനി ഷെഡ്യൂൾ ചെയ്യപ്പെടുന്നു ( Plan Schedule Management ). അതിനായി വിവിധ ആക്ടിവിറ്റികൾ നിർവ്വചിക്കപ്പെടുന്നു (Define Activities) അതായത് മുളകുപാട്ടയിൽ നിന്നതെടുക്കൽ, തേങ്ങ തിരുമ്മിയെടുക്കൽ, അരയ്ക്കൽ, ചീനച്ചട്ടി എടുക്കൽ, പാചകം ചെയ്യൽ, പാത്രത്തിലാക്കൽ, വിളമ്പൽ അങ്ങനെ 100 കൂട്ടം ആക്ടിവിറ്റികൾ ഇതിനിടയിൽ സംഭവിക്കുന്നുണ്ട്. ആ ആക്ടിവിറ്റികളെ അതിൻ്റെ മുറയ്ക്ക് ചെയ്യേണ്ടതാണ് (Sequence Activities). ഓരോ ആക്ടിവിറ്റിക്കും വേണ്ട വിഭവശേഷി കണക്കാക്കുക (Estimate Activity Resources) ഇവിടെ തിരുമ്മാനുള്ള തേങ്ങയും തിരുമ്മിത്തരേണ്ട മകളും വിഭവശേഷിയിൽ വരുന്നു. ഓരോ ആക്ടിവിറ്റിക്കും വേണ്ട സമയം കണക്കാക്കപ്പെടുന്നു (Estimate Activity Duration) അതൊന്നറിഞ്ഞിട്ടും വേണം മൂട്ടിൽ വെയിലടിക്കുന്നതുവരെ കിടന്നുറങ്ങുന്ന പുത്രിയെ വിളിച്ചുണർത്താൻ.. ഷെഡ്യൂൾ തയ്യാറാക്കണമിനി (Develop Schedule) രാവിലെ എപ്പോൾ എണീൽക്കണം എന്നതു മുതൽ ചമ്മന്തിയുണ്ടാക്കൽ ദോശ ചുടുന്നതിനിടയിൽ വേണോ, അതോ ആദ്യം ഉണ്ടാക്കിവയ്ക്കണോ എന്നതൊക്കെ തീരുമാനിക്കപ്പെടുന്നു.

അടുത്തത് കോസ്റ്റ് മാനേജ്മെൻ്റ് ആണ് (Plan Cost Management) ചിലവുകണക്കാക്കൽ ( Estimate Costs) ബജറ്റ് തീരുമാനിക്കൽ (Determine Budget) ഇപ്പോൾ വീട്ടിലുണ്ടാക്കണോ അതോ സ്നിഗ്ഗിയിൽ വിളിച്ചുപറയണോ എന്നതിലാണെത്തി നിൽക്കുന്നത്. എന്തായാലും അനാവശ്യമായി സാധനങ്ങൾ കളയാതെ ലാഭകരമായി ഒരു പ്ലാനിംഗ് അവിടെ നടക്കാറുണ്ട്.

അടുത്തത് ഗുണനിലവാരം (Plan Quality Management) വീട്ടുകാർക്ക് കഴിക്കാനുള്ളതല്ലേ അത് നല്ല നിലവാരത്തിൽ ഉണ്ടാക്കും, നാക്കിൽ വക്കുമ്പോൾ രുചിക്കാതെ തലതെറിച്ച കുട്ടികൾ കളഞ്ഞിട്ടു പോകുന്ന ആ ചമ്മന്തിയിൽ സ്നേഹവും വാത്സല്യവും കൂടി കലർന്നിട്ടുണ്ടല്ലോ!

ഇനി മാനവവിഭവശേഷി (Plan HR Management) തീർച്ചയായും തേങ്ങ രാവിലെ പറഞ്ഞാൽ പൊതിച്ചുതരില്ലെങ്കിൽ വൈകിട്ടേ അത് ചെയ്യിക്കണം, പയ്യൻസ് കടയിൽ പോകാൻ പറഞ്ഞാൽ കേട്ടില്ലെങ്കിൽ അവനെ വിരട്ടണം, പെൺകൊച്ച്, അമ്മൂമ്മ, എല്ലാവർക്കും ഡ്യൂട്ടി അസൈൻ ചെയ്യണം.

ആശയവിനിമയം ഒരു മാനേജരുടെ ജോലിയുടെ 90% ആണ് (Plan Communication Management) അതിനാൽ ഭാഗഭാക്കായ എല്ലാവരോടും മുങ്കൂട്ടി കാര്യങ്ങൾ പറയാം, കമ്മ്യൂണിക്കേഷൻ ചാനൽ തുറക്കാം, ആ തള്ള കേട്ടാൽ വേറെ എന്തെങ്കിലും പണി ഒപ്പിക്കും, ചെറുക്കൻ കേട്ടാൻ ഇപ്പോൾ മുങ്ങും എന്നൊക്കെ ആശങ്കയുണ്ടെങ്കിൽ മകളോട് മാത്രമായി പ്രൈവറ്റ് കമ്മ്യൂണിക്കേഷൻ ചാനൽ വയ്ക്കാം.

പണിപാളാതിരിക്കുവാനുള്ള തയ്യാറെടുപ്പുകൾ (Plan Risk Management) അപായ സാദ്ധ്യതകളെ തിരിച്ചറിയണം, മിക്സിയിൽ അരയ്ക്കാൻ തുടങ്ങുമ്പോൾ കറണ്ടുപോയി, ഗ്യാസ് തീർന്നു, അമ്മായിയമ്മ മുട്ടക്കറി മതീന്ന് പറഞ്ഞു, ശ്രദ്ധമാറി പാത്രത്തിൻ്റെ അടിയിൽപ്പിടിച്ചു, അങ്ങനെ സംഭവിക്കാവുന്ന പ്രശ്നങ്ങൾ തിരിച്ചറിയണം (Identify Risks), അവയ്ക്കൊക്കെയുള്ള മറുമരുന്ന് കണ്ടെത്താൻ വിശകലനം ചെയ്യണം അത് ഗുണപരമായും (Plan Qualitative Risk Analysis) ആഘാതത്തിൻ്റെ അളവനുസരിച്ചും (Plan Quantitative Risk Analysis). അങ്ങനെ സംഭവിച്ചാൽ ഇങ്ങനെ നേരിടും എന്നത് ഉറപ്പാക്കുന്നു (Plan Risk Responses).

മാനവേതരവിഭവശേഷിയുടെ സമാഹരണം (Plan Procurement Management). പാട്ടയിൽ നോക്കിയപ്പോഴാണു മുളകാവശ്യത്തിനില്ലെന്ന് മനസ്സിലായത്, തേങ്ങ ഇട്ടതില്ല, ഒരു തൈത്തെങ്ങുണ്ട് അതീന്നൊന്ന് കുത്തിയിടാം, ഇങ്ങനെ പലതും അതിൽ വരും.

ഭാഗഭക്താക്കളെ മാനേജ് ചെയ്യുക (Plan Stakeholders Management) ഉണ്ടാക്കാൻ സഹായിക്കുന്നവരെ മുതൽ കഴിച്ചുമാത്രം സഹായിക്കുന്നവരെ വരെ കൂടെക്കൂട്ടണം. ചമ്മന്തിക്കറി കൂട്ടാത്തവനു ഇടയ്ക്ക് വച്ച് കുറച്ച് കട്ടച്ചമ്മന്തിയാക്കി മാറ്റിവയ്ക്കണം. തക്കാളി ചമ്മന്തിവേണം, വെള്ളച്ചമ്മന്തി, പുദീനച്ചമ്മന്തി അങ്ങനെ സ്റ്റേക്ക് ഹോൾഡേഴ്സ് പലതും പറയും, സിമ്പിളീ ഷട്ട്ഡൗൺ ദ കമ്മ്യൂണിക്കേഷൻ ചാനൽ, ത്ര തന്നെ!

ഘട്ടം - 3 - പ്രവർത്തി / നടത്തിപ്പ് - (Execution)

നമ്മൾ വർക്ക് ബ്രേക്ക്ഡൗൺ സ്ട്രക്ചർ കണ്ടതാണ്, അതിൽ ഇന്നു വൈകിട്ടു ചെയ്യേണ്ടത്, നാളെ രാവിലെ ചെയ്യേണ്ടത് അങ്ങനെയാണു തിരിച്ചതെങ്കിൽ അങ്ങനെ എന്തായാലും പ്രോജക്ട് ഈസ് ഓൺ, അതിനെ നയിക്കുക (Direct & Manage Project Work). ആവശ്യമായ എല്ലാ ഘടകങ്ങളും സംഘടിപ്പിക്കുക (Conduct Procurement), സഹായിക്കുന്നവരെ കൂടെ നിർത്തുക ( Acquire Project Team), അവരെ ചെയ്യേണ്ട പ്രവർത്തികൾ ഏൽപ്പിക്കുക, അതിനുള്ള നിർദ്ദേശം നൽകുക, തേങ്ങാ തിരുമ്മുമ്പോൾ കൈ ചിരവനാക്കിൽ കൊണ്ട് മുറിയരുത്, രാവിലെ ആശുപത്രിയൊന്നും തുറക്കില്ല കൊണ്ടോടാൻ.. (Develop Project Team), അവരെക്കൊണ്ട് ഗുണനിലവാരത്തോടെ കാര്യങ്ങൾ ചെയ്യിക്കുക (Manage Project Team), അതിനെല്ലാം ആശയവിനിമയമാണു വേണ്ടത് സോപ്പെങ്കിൽ സോപ്പ് , വിരട്ടെങ്കിൽ വിരട്ട് (Manage Communications). ഭാഗഭക്താക്കളെ നന്നായി കൈകാര്യം ചെയ്യണം, തിരുമ്മുന്ന തേങ്ങാ കയ്യിട്ടു വാരിയാൽ കയ്യുടെ പുറത്ത് ഒരടി കൊടുക്കണം (Manage Stakeholders Engagement)

ഘട്ടം - 4 - നിരീക്ഷണവും നിയന്ത്രണവും - (Monitoring and Controlling)

ചമ്മന്തി ഉണ്ടാക്കിക്കൊണ്ടിരിക്കെ അതിൻ്റെ ഗുണനിലവാരം പരിശോധിക്കുകയും മെച്ചപ്പെടുത്തുകയും വേണമല്ലോ (Monitor & Control Project Work). മാറ്റങ്ങൾ വരുത്താൻ കമ്മറ്റിക്ക് ഏതുസമയത്തും അധികാരമുണ്ടല്ലോ അതിനാൽ മൊത്തമായി ചിലപ്പൊൾ മാറ്റങ്ങൾ വരുത്തേണ്ടി വരാം (Perform Integrated Change Control). ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തണം, ഇല്ലെങ്കിൽ വെള്ളമോ തേങ്ങാപ്പാലോ എന്താനെന്നു വച്ചാൽ ചേർക്കുക (Control Scope), സംഗതി ദോശയ്ക്ക് മാച്ചാണെന്ന് ഉറപ്പുവരുത്തണം (Validate Scope), സമയബന്ധിതമായി ചെയ്യണം, ആളുകൾ ഡൈനിംഗ് ടേബിളിൽ ഇരുന്നിട്ടല്ലല്ലോ .. യേത്? (Control Schedule), അനാവശ്യചിലവരുത് (Control Costs), നല്ല ടേസ്റ്റാവണം, കൂടുതൽ ദോശ കഴിക്കാൻ തോന്നണം (Control Quality).

ആശയവിനിമയം പരിശോധിച്ച് തൃപ്തികരമാക്കണം (Control Communications).

പരാജയ സാദ്ധ്യതകൾ നിയന്ത്രണവിധേയമാക്കണം (Control Risks), ഉപ്പ് കൂടരുത്, പാത്രത്തിനടിയിൽ പിടിക്കരുത്, പുകകയറരുത്, ഇറക്കിവച്ച്ത പൂച്ച തട്ടിക്കളയരുത്!

സാധനങ്ങൾ അനാവശ്യമായി പാഴാക്കരുത് (Control Procurement), ആവശ്യത്തിനും വേണ്ടി എണ്ണ ഉണ്ടായിരുന്നു, രാത്രി ഉറപ്പുവരുത്തിയതുമാണ്, രാവിലെ കയ്യിൽ ചക്കക്കറ പുരണ്ടെന്നും പറഞ്ഞ് ഒരുത്തൻ ആ എണ്ണയിൽ പകുതി കൊണ്ടുപോയി, ഇനിയെന്താ? തൽക്കാലം ഉള്ളതുകൊണ്ട്, അല്ല പിന്നെ!

സ്റ്റേക്ക് ഹോൾഡേഴ്സിനെ ഒരുപാടങ്ങ അടുപ്പിക്കാനും പറ്റില്ല, അകറ്റാനും പറ്റില്ല (Manage Stakeholders Engagement) ഒരു പരുവത്തിനു കൊണ്ടുപോണം അല്ലെങ്കിൽ ചമ്മന്തി ചിക്കൻഫ്രൈ ആവും!

ഘട്ടം 5 - പരിസമാപ്തി - (Closing)

ചമ്മന്തിക്കറിയും കട്ടച്ചമ്മന്തിയും ഒക്കെ ഉണ്ടാക്കി ഇറക്കിവച്ച്, അത് വിളമ്പിക്കൊടുത്ത്, സ്വയം കഴിച്ച്, ബാക്കി ഫ്രിഡ്ജിൽ വയ്ക്കുകയോ, കളയുകയോ ചെയ്ത് പാത്രം കഴുകി വയ്ക്കുമ്പോൾ പ്രോജക്ട് പരിസമാപ്തിയിലെത്തുന്നു. ആകെക്കൂടി രണ്ടുതരം ക്ലോസിംഗേയുള്ളൂ ഭൗതികമയതും, ധനപരമയതും. ആദ്യത്തേത് നമ്മൾ പരഞ്ഞുകഴിഞ്ഞു രണ്ടാമത്തേത് പറ്റുപടി ആണെങ്കിൽ കറ്റക്കാരൻ്റെ കാശ് കൊടുക്കാൻ മറക്കേണ്ട (Close Procurement).

അപ്പോൾ ഇതാണ് ഒരു ചമ്മന്തിയുടെ പ്രോജക്ട് മാനേജ്മെൻ്റ്, പി.എം.പി ഒക്കെ പഠിച്ചവർ എന്തോ വലിയ സംഭവമാണു തങ്ങൾ ചെയ്യുന്നതെന്ന് ധരിക്കേണ്ട, നമ്മുടെ സ്ത്രീകൾ അടുക്കളയിൽ ഇത്തരം 10 പ്രോജക്ടുകൾ ഒരേസമയം ചെയ്യുന്ന മൾട്ടി ടാസ്ക്ക് മാനേജേഴ്സ് ആണ്, അവരുടെ ഏഴയലത്തു വരില്ല നമ്മുടെ മാനേജീരിയൽ സ്ക്കിൽസ്സ്!

ഇനി സംശയം ഉണ്ടെങ്കിൽ റീത്ത മാക്ലാളി എഴുതിയ പ്രോജക്ട് മാനേജ്മെൻ്റ് ഗൈഡ് എടുത്ത് വായിച്ചു പഠിക്കുക, പി.എം.പി ടെൻഷൻ കാരണം കിട്ടാത്ത ആളുകൾ ഇതുവായിച്ചിട്ടു നേരേ പോയി ഓൺലൈൻ എക്സാം പ്രൂമെട്രിക്കിലോ എവിടെ വേണേൽ അപ്പിയർ ചെയ്തോളൂ, പാസ്സാകും, പരീക്ഷിച്ചു ഉറപ്പാക്കിയതാണ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഞ്ചിനീയർന്മാർക്ക് അമ്മയുടെ ചമ്മന്തിക്കഥ പറഞ്ഞു പി.എം.പി ക്കു ക്ലാസ്സെടുത്ത ആചാര്യ മഹിഷാസുരാനന്ദയുടെ ഉറപ്പ്!!!

ഇരുൾമായണം - 12 - മായാസീത

"പഞ്ചവടിയിലെ മായാസീതയോ
പങ്കജമലർ ബാണമെയ്തു
ഇന്ദ്രധനുസ്സോ പുരികക്കൊടിയായ്‌
ഇന്ദ്ര ജാലമോ പുഞ്ചിരിയായ്‌"


ലങ്കാദഹനം എന്ന സിനിമയ്ക്കായി ശ്രീകുമാരന്തമ്പി എഴുതിയ ഈ വരികളിലെ "മായാസീത" എന്ന പ്രയോഗം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. രാമായണത്തിലെ മറ്റൊരു കാൽപ്പനികതയാണ് മായാസീത!

ലങ്കേശൻ തട്ടിക്കൊണ്ടുപോയത് സീതയെ അല്ലായിരുന്നോ?

എലിക്കെണിയിൽ കപ്പ വയ്ക്കുന്നതുപോലെ ഒരു വ്യാജസീതയെ പഞ്ചവടിയിലിരുത്തി ലക്ഷ്മണരേഖയൊക്കെ വരച്ച് പാവം രാവണനെ പറ്റിച്ചതാണോ?

എങ്കിൽ കപടസീതയെ അപഹരിച്ചുകൊണ്ടുപോയ രാവണനെ ചിറകെട്ടി, കടൽകടന്ന് വധിച്ചതെന്തിന്?

"അയ്യേ..പറ്റിച്ചേ!" എന്നുപറഞ്ഞ് ശരിക്കുള്ളതിനെ എടുത്തു പക്കത്ത് വച്ചാൽ പോരായിരുന്നോ?

പാവം ജഡായു വെറുതേ കയറിവഴിതടഞ്ഞു രാവണൻ്റെ കയ്യാൽ വധിക്കപ്പെട്ടു, ഹനുമാൻ ഒരുകാര്യവുമില്ലാതെ കടലുചാടിക്കടന്നു!!!

അങ്ങനെയൊന്നുമല്ല, യഥാർത്ഥ സീതയെത്തന്നെയാണ് രാവണൻ കൊണ്ടുപോയതെന്ന് വാല്മീകിക്ക് ഒരു സംശയവുമില്ല...

പിന്നീടുവന്ന ഭക്തിപ്രസ്ഥാനക്കാർക്കാണ് ആകാശത്തിൽ പറക്കുന്ന വിമാനത്തിൽ നിന്നു ചാടാൻ പോയ സീതയെ രാവണൻ ബലമായി പിടിച്ചു മടിയിൽ ഇരുത്തിയത് പ്രശ്നമായതും, അവരാണ് മായാസീതയെ സൃഷ്ടിച്ചതും...

കുറേ ശ്ളോകങ്ങൾ ഉണ്ട്, നമുക്ക് തൽക്കാലം രണ്ടെണ്ണം മാത്രം നോക്കാം...

ആരണ്യകാണ്ഡം സർഗ്ഗം 49 ലെ 17 ആം ശ്ളോകം

"വാമേൻ സീതാം പദ്മാക്ഷീം മൂർധജേഷു കരേണ സഃ
ഊർവ്വേഃ തു ദക്ഷിണേൻ ഏവ പരിജഗ്രാഹ പാണിനാ"

(രാവണൻ അവൻ്റെ ഇടതുകൈ അവളുടെ മുടിക്കെട്ടിലും, വലതുകൈ തുടകളിലും പിടിച്ച് പങ്കജനയനയായ സീതയെ പിടിച്ചുയർത്തി)

ആരണ്യകാണ്ഡം സർഗ്ഗം 52 ലെ 18 ആം ശ്ളോകം

"തസ്യഃ തത് വിമലം സു നസം വക്ത്രം ആകാശേ രാവണ അങ്ക ഗം
ന രരാജ വിനാ രാമം വിനാലം ഏവ പങ്കജം"

(രാവണൻ്റെ മടിയിൽ ഇരുന്നിരുന്ന, സീതയുടെ ശുദ്ധമായ മുഖം, രാമൻ സമീപത്തില്ലാതിരുന്നതിനാൽ തണ്ടോടിഞ്ഞ താമരപോലെ ആകാശത്ത് തിളക്കമറ്റതായി കാണപ്പെട്ടു.)

ഇതുരണ്ടും നമുക്ക് അത്രയ്ക്കങ്ങോട്ട് ഇഷ്ടായില്ല ട്ടാ...

ഇനി മായാസീത നിറം പിടിപ്പിച്ച നുണയെന്നതിനു തെളിവു തേടാം....

സുന്ദരകാണ്ഡത്തിന്റെ അന്ത്യത്തിലും, യുദ്ധകാണ്ഡം ആരംഭത്തിലും രാമനിൽ ചില ദൗർബ്ബല്യങ്ങൾ വ്യക്തമായി കാണാം.

"വാഹി വാത യത: കാന്താ താം സ്‌പൃഷ്ട്വാ മാമപി സ്‌പൃശ്യ
ത്വയി മേ ഗാത്രസ സ്പർശശ്ചന്ദ്രേ ദൃഷ്ടിസമാഗമഃ"

(വായുഭഗവാനേ ... സീത തങ്ങുന്ന ഇടത്ത് കൂടി പ്രവഹിച്ച് എന്നെ തഴുകിയാലും, എനിക്ക് അവളുമായി സമാഗമം ഉണ്ടായതായി അനുഭവപ്പെടും)

"തദ്വിയോഗേന്ധനവതാ തച്ചിന്താവിപുലാർച്ചിഷാ
രാത്രിംദിവം ശരീരം മേ ദഹ്യതേ മദാനാഗ്നിനാ"

(അവളുടെ വിരഹത്താൽ, അവളെപ്പറ്റിയുള്ള ചിന്തകളാൽ ഉള്ള കാമാഗ്നിയിൽ എന്റെ ദേഹം രാപകൽ ദഹിച്ച് കൊണ്ടെയിരിക്കുന്നു - മായാസീതയെപ്പറ്റി ആണെങ്കിൽ ഇത്രയ്ക്ക് അങ്ങോട്ട് വേണോ?)

"അവഗാഹ്യാർണ്ണവം സ്വപ്സ്യേ സൗമിത്രേ ഭാവതാ വിനാ
കഥഞ്ചിത് പ്രജ്വലൻ കാമ: സ മാ സുപ്തം ജലേ ദഹേത്"

(ലക്ഷ്മണാ.. നിന്നെക്കൂട്ടാതെ ഞാൻ കടലിൽ ഇറങ്ങിക്കിടക്കട്ടെ.. എന്നിലെ തിളച്ചുമറിയുന്ന കാമവികാരങ്ങൾക്ക് അങ്ങനെയെങ്കിലും ശാന്തി ലഭിക്കുമോ?)

"ബഹ്വെതത് കാമയാനസ്യ ശഖ്യമേതേന ജീവിതും
യദഹം സാ ച വാമൊരൂരേകാം ധരണിമാശ്രിതൗ"

(അതിമനോഹരമായ തുടകൾ ഉള്ള അവളും ഞാനും ഇതേ ഭൂമിയുടെ രണ്ടറ്റത്ത് - അശോകവനത്തിലും ഇന്നത്തെ തലൈമണ്ണാറിലും - ആയി കിടക്കുന്നു)

"കദാ നു ചാരുബിംബോഷ്‌ഠം തസ്യാ: പദ്മമിവാനനം
ഇഷദുന്നമ്യ പാസ്യാമി രസായ നാമിവാതുര""

(അഴകാർന്ന തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളോട് കൂടിയ ചുവന്ന പൂവുപോലെയുള്ള അവളുടെ മുഖം രോഗി ജീവൻ രക്ഷിക്കാൻ കഴിക്കേണ്ട മരുന്നിനെ എങ്ങനെ കാണുന്നുവോ, അതുപോലെ എപ്പോഴാണ് കൺകുളിർക്കെ കാണാനാവുക?)

"തസ്യാസ്തു സംഹതൗ പീനൗ സ്തനൗ താലഫലോപമൗ
കദാ നു ഖലു സൊത്കമ്പൗ ഹസന്ത്യാ മാം ഭജിഷ്യത"

( പുഞ്ചിരിതൂകി വരുന്ന അവളുടെ തമ്മിൽ ഞെരുങ്ങിയവയും, തടിച്ചതും, പനംപഴങ്ങൾ പോലെയുള്ളവയും, തുടിക്കുന്നതുമായ ഇരുസ്തനങ്ങളും എപ്പോഴാണ് എന്നിൽ അമരുക?)

യഥാർത്ഥ സീതയെ ഒളിപ്പിച്ചിട്ട് മായാസീതയെയാണ് രാവണനുകൊടുത്തതെങ്കിൽ എന്തിനാണ് അശോകവനത്തിൽ കിടക്കുന്ന മായാസീതയെ സ്മരിക്കുന്നത്? ഒളിച്ചുവച്ചതിനെ സ്മരിച്ചാൽ പോരേ?

ഇനി പുരുഷവാചകം നോക്കാം, യുദ്ധാനന്തരം വിഭീഷണനോടൊത്ത് അരികിൽവന്ന സീതയോട് രാമൻ പറയുന്നു

"രാവണാണ്ഡകപരിക്ളിഷ്ടാൻ ദൃഷ്ടാം ദുഷ്ടേന ചക്ഷുഷാം
കഥം ത്വം പുനരാദദ്ധ്യാം കുലം വ്യപദിശാൻ മഹത്"

"അകാശമാർഗ്ഗേ പുഷ്പ്പക വിമാനത്തിൽ വച്ച് കാണുന്നവർക്കെല്ലാം ദുഷ്ടനായി തോന്നുന്ന രാവണന്റെ മടിയിൽ കയറി ഇരുന്നവളായ നിന്നെ എൻ്റെ കുലം എങ്ങനെ അംഗീകരിക്കും?"

അത് മായാസീതയെങ്കിൽ പാവം രാവണനൊരു ഉല്ലാസം ഉണ്ടായതിൽ രാമനെന്തിനവളെ കുറ്റം പറയണം?

അപ്പോൾ സംഗതി ഇത്രയേയുള്ളൂ... രാവണൻ കൊണ്ടുപോയതും, രാമൻ തിരിച്ചുകൊണ്ടുവന്നതും യഥാർത്ഥ സീതയെതന്നെയായിരുന്നു, പക്ഷേ ഭാരതത്തിലെ ഒരു സ്ത്രീയെ ആ ലങ്കക്കാരൻ പിടിച്ചുമടിയിലിരുത്തി കൊണ്ടുപോയത് നമുക്കങ്ങോട്ട് ഇഷ്ടപ്പെട്ടില്ല, അതിനാൽ ഒരു മായാസീതക്കഥ അങ്ങട് പടച്ചിറക്കി, അത്രതന്നെ...!!!

ഇരുൾമായണം - 13 - നാരദനാരായണീയം

നാരദമുനിയുടെ നാവിൽ നിന്നും ഉതിരും വചനങ്ങളൊക്കെയും ശ്രീമൻ നാരായണനെക്കുറിച്ചുള്ള സ്തുതികളാണെന്ന് നമുക്കറിയാം. എന്നാൽ നാരദമുനി ഒരിക്കൽ തന്റെ ഇഷ്ടമൂർത്തിയായ വിഷ്ണുഭഗവാനെ ശപിച്ചു ; അത് രാമായണത്തിന്റെ കഥാഗതിയുമായി.

നാരദമുനിക്ക് ആ വിശേഷപ്പെട്ട തോപ്പിൽ തപസ്സിരിക്കണമെന്ന് ഒരാഗ്രഹം, പൂങ്കാവനം കണ്ടപ്പോൾ യാദൃശ്ചികമായി തോന്നിയതാണ്, മഹാദേവൻ ആ തപോവനം പ്രത്യേക അനുഗ്രഹത്തോടെ സംരക്ഷിച്ചു പോരുകയയിരുന്നുവെന്നും അദ്ദേഹത്തിൻ്റെ അനുഗ്രഹത്താൽ, അവിടെ തപസ്സനുഷ്ടിക്കുന്നവരെ മറ്റാർക്കും ശല്യപ്പെടുത്തുവാൻ കഴിയില്ലെന്നും നാരദർ അറിഞ്ഞിരുന്നില്ല. ഇത്രയും മനോഹരമായ തപോവനത്തിൽ ഒരു തപസ്സനുഷ്ടിച്ചില്ലെങ്കിൽ ജീവിതം വ്യർത്ഥമെന്ന് തോന്നി നാരദമുനി തപസ്സാരംഭിച്ചു.

ആരെവിടെ തപസ്സുചെയ്താലും അത് തൻ്റെ സ്ഥാനം തട്ടിയെടുക്കാനാണെന്ന് ഭയപ്പെടുന്ന ഒരാളുണ്ടല്ലോ? അദ്ദേഹത്തിൻ്റെ ചാരന്മാർ ഉടൻ തന്നെ വിവരം അവിടെയെത്തിച്ചു, ദേവേന്ദ്രനു അങ്കലാപ്പായി.

"ഈ നാദനമുനിയെന്തിനാണ് ആ തോപ്പിൽത്തന്നെ പോയി തപസ്സനുഷ്ടിച്ചത്? ആർക്കും തടസ്സപ്പെടുത്താനാവാതെ തപസ്സു ചെയ്യണമെങ്കിൽ എന്തോ വലിയ കാര്യം നേടാനാവണമല്ലോ?"

ദേവേന്ദ്രനറിയാവുന്ന ഏറ്റവും വലിയകാര്യം അദ്ദേഹത്തിൻ്റെ സ്ഥാനം തന്നെ ആയതിനാൽ, ഉടൻ അഗ്നി, വരുണൻ, വയു എന്നീ ദേവന്മാരെ വിളിച്ചു സഹായമഭ്യർത്ഥിച്ചു; എങ്ങനെയെങ്കിലും നാരദനെ അവിടെ നിന്നും തപസ്സിളകിവിടണം!

വരുണൻവന്നു പേമാരി നടത്തിനോക്കി, നാരദനു കുലുക്കമില്ല, വായും കൊടുങ്കാറ്റും ചുഴലിക്കാറ്റുമൊക്കെയായി വീശി, നാരദൻ തപസ്സു തുടർന്നു, അഗ്നി ആ പൂങ്കാവനമാകെ ജ്വലിപ്പിക്കുന്ന തീക്കുണ്ഡമാക്കി, നാരദൻ പോയിട്ട് പൂങ്കാവനത്തിലെ ഒരു പുല്ലിനുപോലും ഒന്നും പറ്റിയില്ല, നാരദനിതൊന്നും അറിഞ്ഞമട്ടുമില്ല.

ദേവന്മാർ മൂന്നുപേരും തിരികെയെത്തി ഇന്ദ്രനോടുപറഞ്ഞു

"എന്തുകൊണ്ടാണെന്നറിയില്ല, ഞങ്ങൾക്ക് നാരദമുനിയെ സ്പർശ്ശിക്കാനേ കഴിഞ്ഞില്ല, അദ്ദേഹത്തിൻ്റെ തപസ്സ് അത്രയ്ക്ക് കഠിനവും, ആരുടേയോ സംരക്ഷണയിലുമാണ്"

അതോടെ ഇന്ദ്രനാകെ ഭയമായി, ഇതതുതന്നെ! എനനുറപ്പിച്ച അദ്ദേഹം അവസാന ആയുധമായ കാമദേവനെ വിളിച്ചുവരുത്തി

"മന്മഥാ, അങ്ങ് സ്വർഗ്ഗത്തിലുള്ള അപ്സരസ്സുകൾ ഉൾപ്പടെ ഏതു സ്ത്രീകളേയും കൂട്ടിക്കൊള്ളൂ, താങ്കളുടെ പത്നി രതിയുമായി ആ പൂങ്കാവനത്തിൽ പോയി തപസ്സനുഷ്ടിക്കുന്ന നാരദമുനിയെ എങ്ങനെയെങ്കിലും പിന്തിരിപ്പിക്കണം"

കാമദേവൻ തൻ്റെ പഞ്ചശരങ്ങളുമായി തപോവനത്തിലെത്തി, അവിടെ ഒരു വസന്തമൊരുക്കി, പാടുന്ന കിളികളും, മൂളുന്ന വണ്ടുകളും, എങ്ങുംമലരിട്ട പൂക്കളും സുഗന്ധവും, പുല്ലുകളിലും പൂക്കുന്ന നിറങ്ങളും, അതിലാടിപ്പാടുന്ന അപ്സരസ്സുകളും ആകെ പ്രണയഭരിതമായ അന്തരീക്ഷമൊരുക്കിയിട്ടും നാരദമുനിക്ക് ഒരനക്കവുമില്ല, തപസ്സങ്ങനെ കൊടുമ്പിരിക്കൊണ്ട് മുന്നോട്ടുപോയി. അനുഗ്രഹം നൽകിയ പരമശിവന്റെ പോലും തപസ്സിളക്കിയ മല്ലീശരൻ തോറ്റുമടങ്ങി, ഇന്ദ്രനോട് പറഞ്ഞു

"എന്നാൽ കഴിയുന്നത്ര ഞാൻ പരിശ്രമിച്ചു നാരദമുനിയുടെ തപസ്സിളക്കുക അസാദ്ധ്യം തന്നെ"

നാരദമുനി ഒന്നും കാര്യമാക്കാതെയിരുന്നെങ്കിലും എല്ലാം അറിയുന്നുണ്ടായിരുന്നു, അഗ്നി, വരുണൻ, വായു, കാമദേവൻ ആ സൂത്രവാക്യം മനസ്സിലാക്കാൻ അദ്ദേഹത്തിനധികം ആലോചിക്കേണ്ടിവന്നില്ല, ദേവേന്ദ്രൻ! നാരദൻ സ്വയം ഒന്നു വിലയിരുത്തി, താൻ സകലദേവതകളേയും തോൽപ്പിച്ചിരിക്കുന്നു, സാക്ഷാൽ പരമേശ്വരൻ്റെ മനസ്സിളക്കിയ കാമനും വസന്തനും എൻ്റെ മുന്നിൽ തോറ്റിരിക്കുന്നു, ഞാൻ കാമത്തിനും അതീതനായിരിക്കുന്നു! എന്നാൽപ്പിന്നെ മതിയാക്കിയേക്കാം ഇനി ഇത് നാലാളോട് പറഞ്ഞില്ലെങ്കിൽ ഒരു രസമില്ലല്ലോ..

ദേവേന്ദ്രൻ സ്വർഗ്ഗലോകത്ത് സകലശിങ്കിടികളെയും കൂട്ടി തലകുത്തിനിന്ന് ആലോചിക്കവേ, നാരദൻ എണീറ്റ് തൻ്റെ വഴിക്കുപോയി. നേരേ ചെന്നത് കൈലാസത്തിൽ, നാരദൻ്റെ മുഖത്തെ പ്രസാദം ദൂരെനിന്നേ കണ്ടറിഞ്ഞ ഭഗവാൻ ചോദിച്ചു

"നാരദരിന്നു വല്ലാതെ സന്തുഷ്ടനാണല്ലോ, മുഖം വെട്ടിത്തിളങ്ങുന്നു"

നാരദനത് വിളിച്ചുപറയാതെ പറ്റില്ലല്ലോ

"മഹാദേവാ ഞാൻ കാമദേവനെ തോൽപ്പിച്ചു, സകലവിദ്യകളും, പഞ്ചശരങ്ങളും, വസന്തനും, രതിയും ചേർന്നിട്ടും എന്നെ ഭ്രമിപ്പിക്കാനായില്ല, അങ്ങയെപ്പോലും ഭ്രമിപ്പിച്ച ആ മന്മഥന്"

മഹാദേവൻ്റെ മുഖത്ത് പതിവില്ലാത്ത ഒരു കള്ളച്ചിരി പടർന്നു, അദ്ദേഹം പെട്ടെന്നത് മറച്ച് നാരദനോട് പറഞ്ഞു

"അതൊരു വലിയ നേട്ടമാണല്ലോ നാരദാ, ഇന്ദ്രിയനിഗ്രഹം അത്ര ചെറുതായ കാര്യമാണോ? പക്ഷേ അങ്ങയോട് ഒരഭ്യർത്ഥനയുണ്ട്, വൈകുണ്ഠം വഴി പോവുകയാണെങ്കിൽ അബദ്ധവശാൽപ്പോലും ഈ വിവരം വിഷ്ണുദേവനോട് പറയരുത്"

നാരദനതത്ര പിടിച്ചില്ല, അദ്ദേഹം ചോദിച്ചു

"എന്തുകൊണ്ട് ഇത്രവലിയ ഒരു കാര്യം നടന്നിട്ട് അദ്ദേഹത്തിൽ നിന്നും മറയ്ക്കണം, ഞാൻ സദാ നാരായണ നാരായണ എന്നല്ലേ സ്തുതിക്കുന്നത്, അദ്ദേഹത്തിനെൻ്റെ വിജയത്തിൽ അതീവസന്തിഷ്ടിയാകും"

കാപാലി അതത്ര ശ്രദ്ധിക്കാതെ വീണ്ടും പറഞ്ഞു

"അതൊക്കെ നാരദരുടെ ഇഷ്ടം പോലെ, എന്നാലും അങ്ങയോടുള്ള താൽപ്പര്യം കൊണ്ടുപറയുകയാണ് കഴിയുമെങ്കിൽ പാലാഴിവാസനോട് പറയരുത്"

നാരദൻ ആകെ ആശയക്കുഴപ്പത്തിലായി, ഇനി തന്നെ മയക്കിയ മന്മഥനെ, നാരദൻ തോൽപ്പിച്ചത് ചൊല്ലി വിഷ്ണുഭഗവാൻ മഹാദേവനെ കളിയാക്കിയെങ്കിലോ എന്നു കരുതിയാവുമോ? ഏതായാലും വൈകുണ്ഠത്തിലേയ്ക്ക് ആവാം യാത്ര.

ചെന്നപാടേ മഹാവിഷ്ണുവിനോടു നാരദർ പറഞ്ഞു

"പ്രഭോ.. ഞാൻ ഇപ്പോൾ ഒരു മഹാതപസ്സ് കഴിഞ്ഞുവരികയാണ്"

ജഗന്നാഥൻ ചിരിയോടെ അദ്ദേഹത്തെ എതിരേറ്റു

"അത് നാരദരുടെ മുഖത്ത് എഴുതിവച്ചിട്ടുണ്ടല്ലോ, എന്തോ വലിയ വിജയം നേടിയാണു വന്നിരിക്കുന്നതെന്ന്, എന്തു തിളക്കമാണിന്ന്, ആകട്ടേ അതെന്തുതരം തപസ്സായിരുന്നു?"

നാരദൻ ഹർഷോന്മാദത്തോടെ പറഞ്ഞു

"അതൊരു ഹ്രസ്വമായ തപസ്സായിരുന്നു പ്രഭോ, പക്ഷേ ദേവന്ദ്രനെ, അഗ്നിയെ, വരുണനെ, വായുവിനെ തോൽപ്പിക്കേണ്ടിവന്നു അത് പൂർത്തിയാക്കാൻ, ഒടുവിൽ കാമദേവനേയും. ഞാൻ പ്രണയത്തിനതീതനാണ്, കാമത്തിനതീതനാണ്, ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചവനാണ്, ഞാൻ കാമം, മോഹം, ക്രോധം, ലോഭം, മദം, മത്സരം എന്നീ ഷ്ഡ്രിപുക്കളെ ജയിച്ചിരിക്കുന്നു"

ക്ഷീരസാഗരശയനൻ ഒരു ചിരിയോടെ കൈകൾകൊട്ടി നാരദരെ അഭിനന്ദിച്ചു

"അതൊരു വലിയ വിജയമാണല്ലോ, വളരെവലുത്, നാരദരേ ഞാൻ അങ്ങയെ അഭിന്ദന്ദിക്കുന്നു"

നാരദമുനി വളരെ സന്തോഷത്തിലായി, പ്രപഞ്ചം കീഴടക്കിയവനെപ്പോലെ മേഘങ്ങളെ ചവിട്ടിമെതിച്ചാഘോഷിച്ചു, ഒരിക്കൽക്കൂടി ആ പൂങ്കാവനമൊന്നു കണ്ടാലോ? തൻ്റെ വിജയസ്മാരകം, അങ്ങോട്ടുനോക്കിയ നാരദർ ആ പൂങ്കാവനത്തിനരുകിലായി ഒരു സുന്ദരിയായ രാജകുമാരി നൃത്തം ചെയ്യുന്നതുകണ്ടു, ഒന്നടുത്തുചെന്നതാരെന്നറിയാൻ നാരദനാകാംഷയുണ്ടായി.

നാരദർ പൂന്തോട്ടത്തിനരികിലെത്തി ആ കുമാരിയെ പരിചയപ്പെട്ടു, അവൾ ശീലനിധി മഹാരാജാവിൻ്റെ പുത്രി വിശ്വമോഹിനിയായിരുന്നു, അവളോടൊപ്പം കൊട്ടാരത്തിലെത്തിയ നാരദനെ രാജാവ് സ്വീകരിച്ചാദരിച്ചുകൊണ്ട് ചോദിച്ചു

"മഹാമുനീ, ഞങ്ങൾ ഈ കുമാരിയുടെ വിവാഹക്കാര്യം ചർച്ച ചെയ്യുകയായിരുന്നു, അങ്ങ് അവളുടെ കരതലം നോക്കി അവൾക്ക് എത്തരത്തിലുള്ള ഭർത്താവാണു വേണ്ടതെന്നും, അവളുടെ ഭാവിയെന്തെന്നും പറയാമോ?"

ശീലനിധി പുത്രിയെ വിളിച്ചു നാരദരുടെ അരികിലിരുത്തി, അതിലാവണ്യവതിയായ ആ കുമാരിയുടെ തളിരുപോലെയുള്ള കൈകൾ നോക്കിയപ്പോൾ കണ്ടത് ആ കുമാരിയെ വിവാഹം കഴിക്കുന്നയാൾ മൂന്നുലോകത്തിനും ആരാദ്ധ്യനും, ദൈവീകപദവിയിൽ എന്നെന്നും വിരാജിക്കുമെന്നും തിരിച്ചറിഞ്ഞ നാരദൻ ആകുമാരിയെ വിവാഹം ചെയ്യുവാനും അവളുടെ സ്വയംവരത്തിൽ പങ്കെടുക്കുവാനും തീരുമാനിച്ചുകൊണ്ടുപറഞ്ഞു.

"എല്ലാം അതിശുഭകരമാണ്, ഈ കുമാരിക്ക് അതിസുമുഖനായ ഒരു കുമാരനെ ജീവിതപങ്കാളിയായി ലഭിക്കും, അവരുടെ ജീവിതം വളരെ സന്തോഷപ്രദമായിരിക്കും"

നാരദൻ വളരെവേഗം അവിടെനിന്നിറങ്ങി വൈകുണ്ഠത്തിൽ തിരിച്ചെത്തി, ജഗന്നാഥനോട് ആവശ്യപ്പെട്ടു

"ഭഗവാനേ, അങ്ങെന്നെ ഈ ലോകത്തിലെ ഏറ്റവും മനോഹരനും അഭിലഷണീയനുമായ ഒരു രാജകുമാരനാക്കി മാറ്റിയാലും, എന്നെ രത്നങ്ങളാലും, ആഭരണങ്ങളാലും, പട്ടുവസ്ത്രങ്ങളാലും അലങ്കരിക്കപ്പെട്ട അതിതേജസ്സുറ്റ ഒരു രാജകുമാരനാക്കിയാലും. എനിക്കൊരു രാജകുമാരിയിൽ അനുരാഗം തോന്നുന്നു. "

വിഷ്ണുഭഗവാൻ നാരദരോട് ചിരിയോടെ തിരക്കി

"നാരദരേ അൽപ്പം മുമ്പങ്ങുതന്നെയല്ലേ പ്രണയത്തിനതീതനാണെന്ന് അവകാശപ്പെട്ടത്? ഇപ്പോൾ എന്താണിങ്ങനെ?"

നാരദൻ ധൃതിയിൽ മറുപടി പറഞ്ഞു

"ഭഗവാനേ എന്നോടു പരാജിതനായ മന്മഥൻ ഇനിയെൻ്റെ പരിസരത്തുവരുമോ? ഇത് ഞാൻ സ്വയം എടുക്കുന്ന തീരുമാനമല്ലേ? ശീലനിധി മഹാരാജാവിൻ്റെ പുത്രി ശ്രീമതിയെ വിവാഹം കഴിക്കുവാൻ അങ്ങെന്നെ സഹായിക്കില്ലേ? അവളുടെ സ്വയംവരമാണ് , അതിലവളല്ലേ തിരഞ്ഞെടുക്കുന്നത്? അതിനാൽ അങ്ങ് എനിക്ക് വ്യത്യസ്തമായ, ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു രൂപം തന്നാലും"

വിഷ്ണുദേവൻ നാരദരോട് ആരാഞ്ഞു

"നാരദരേ അങ്ങ് ഈ സന്യാസവേഷമൊന്നുമാറ്റിയാൽ വേഷാഭൂഷാധികൾ ഇല്ലാതെതന്നെ അതിസുമുഖനാണല്ലോ? ഏത് കുമാരിയാണങ്ങയെ വേണ്ടെന്നു പറയുക? ആടയാഭരണങ്ങൾ അണിഞ്ഞ് പോയാൽപ്പോരേ?"

"പോരാ, എനിക്ക് മറ്റു രാജകുമാരന്മാരിൽ നിന്നും പ്രത്യക്ഷമായ വ്യതിയാനം ഉണ്ടായിരിക്കണം, ആ സ്വയംവരപ്പന്തലിൽ ഞാൻ വേറിട്ടു നിൽക്കണം"

നാർദർ ശഠിച്ചു, ഭഗവാൻ വഴങ്ങി, നാരദരെ ആഭരണങ്ങളും രത്നങ്ങളും പട്ടാംബരവും ഒക്കെയായി അങ്ങ് സുന്ദരനാക്കി, പക്ഷേ വ്യത്യസ്തനാക്കൽ അൽപ്പം കൂടിപ്പോയി! ഒരു വാനരൻ്റെ മുഖമാണതിനദ്ദേഹം തിരഞ്ഞെടുത്തത്, പാവം നാരദൻ അതൊട്ടറിഞ്ഞതുമില്ല.

ശീലനിധിരാജന്റെ കൊട്ടാരത്തിൽ നാരദൻ ആ സ്വയംവരപ്പന്തലിൽ അങ്ങനെ ചമഞ്ഞിരുന്നു, അൽപ്പം ഞെളിഞ്ഞിരുന്നു, ഇത്രയും ആഭരണവിഭൂഷിതനായ സുന്ദരൻ ഇരിക്കെ ഇവന്മാരൊക്കെ എന്തിനാണു സമയം കളയുന്നതെന്നോർത്ത് ചിരിച്ചു. രാജകുമാരിയുടെ വരവായി കയ്യിൽ സ്വയംവരഹാരവുമായി, അവൾ ഓരോരുത്തരെ കടന്ന് നാരദരുടെ അടുക്കലെത്തി, അവനെ നോക്കി അവൾ പൊട്ടിച്ചിരിച്ചു, ഇങ്ങനെ അണിഞ്ഞൊരുങ്ങിയ ഒരു മർക്കടനും തൻ്റെ വരനാകാനെത്തിയോ? മനസ്സിൽ ആ ചോദ്യവുമായി അവൾ അതിശയത്തോടെ നോക്കി മുന്നോട്ട് നടന്നുനീങ്ങി, എല്ലാ രാജകുമാരന്മാരേയും കടന്ന് അവസാനം ഉണ്ടായിരുന്ന വിഷ്ണുഭഗവാൻ്റെ പ്രതിമയിൽ അവളാ സ്വയവരഹാരമണിയിച്ചു.

നാരദൻ ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റ് ആക്രോശിച്ചു

"കുമാരീ.. നിനക്ക് തെറ്റുപറ്റിയിരിക്കുന്നു, എത്രയും സുന്ദരനായ ഞാൻ, ഇവിടെക്കൂടിയിരിക്കുന്നവരിൽ ഏറ്റവും സുകുമാരനായ ഞാൻ ഉള്ളപ്പോൾ എന്തിനാണൊരു പ്രതിമയിൽ വിവാഹമാല്യം ചാർത്തിയത്?"

അതോടെ ആ സ്വയംവരപ്പന്തലിൽ സന്നിഹിതരായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു, നാരദൻ അമ്പരന്നു. അപ്പോഴേയ്ക്കും മഹാവിഷ്ണുവും, അനുചരന്മാരും അദ്ദേഹത്തെ സ്വീകരിച്ച വധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിക്കഴിഞ്ഞിരുന്നു. ഗരുഡൻ നാരദനടുത്തെത്തി ചോദിച്ചു

"അങ്ങന്തിനാണിത്ര ശ്രേഷ്ഠമ്യ്നത കാട്ടുന്നത്? അങ്ങ സ്വയം പൊങ്ങച്ചം നിറഞ്ഞവനായതെങ്ങനെ? ഷഡ്രിപുക്കളെ ജയിച്ചവനല്ലേ അങ്ങ്? എന്നിട്ടും ആദ്യമങ്ങേയ്ക്ക് മോഹവും, കാമവും, ലോഭവും ഇപ്പോൾ മാത്സര്യവും തോന്നിയിരിക്കുന്നു. സ്വന്തം മനസ്സിനെ തിരിച്ചറിഞ്ഞെങ്കിൽ ഇനി അങ്ങയുടെ ഇപ്പോഴത്തെ രൂപം കൂടി തിരിച്ചറിഞ്ഞാലും"

ഒരു ദർപ്പണത്തിൽ ഗരുഢൻ നാരദരുടെ രൂപം കാട്ടിക്കൊടുത്തു, മർക്കടരൂപം.. അതോടെ നാരദൻ ക്രുദ്ധനായി, അദ്ദേഹം അൽപ്പം ജലം കൈകളിലെടുത്ത് ശപിച്ചു

"അല്ലയോ വിഷ്ണുദേവാ, ഞാൻ അങ്ങയോടുള്ള വിശ്വാസത്താലാണ് സഹായമഭ്യർത്ഥിച്ചത്, എന്നെ സുന്ദരനാക്കുവാനാവശ്യപ്പെട്ടത് എൻ്റെ ഹൃദയം കവർന്നവളെ സ്വന്തമാക്കാനായിരുന്നു. അങ്ങന്നെ വാനരനാക്കി, ജനമദ്ധ്യത്തിൽ അപഹാസ്യനാക്കി അപമാനിച്ചു, എൻ്റെ കുമാരിയും നഷ്ടമായി. എൻ്റെ ഹൃദയം നഷ്ടബോധത്താലുഴറുകയാണ്, വേദനയാൽ പിളരുകയാണ്. ഈ വേദന അങ്ങും അനുഭവിക്കണം! ഞാൻ അങ്ങയെ ശപിക്കുന്നു, അങ്ങയും ഭാര്യയെ നഷ്ടമായി വിരഹദുഃഖമനുഭവിച്ച് വലയും. അങ്ങ് പരിഹാസപൂർവ്വം എന്നെ മാറ്റിയ ആ രൂപത്തോട്, വാനരന്മാരോട് അങ്ങേയ്ക്ക് സഹായമഭ്യർത്ഥിക്കേണ്ടി വരും. അവരുടെ കൃപയാലേ അങ്ങേയ്ക്ക് ഭാര്യയെ തിരിച്ചു ലഭിക്കൂ"

ഗരുഢൻ അമ്പരപ്പോടെ പറഞ്ഞു

"ഇപ്പോൾ മദവും ക്രോധവുമായി, എല്ലാം തികഞ്ഞു, അരിഷഡ്വർഗ്ഗങ്ങൾ എല്ലാമായി"

വിഷ്ണുഭഗവാൻ നാരദനെ നോക്കി ചിരിയോടെ പറഞ്ഞു

"ഞാനത് സ്വീകരിക്കുന്നു നാരദരേ, എൻ്റെ ദ്വാരപാലകർ ജയനും വിജയനും കർമ്മകാണ്ഡങ്ങളിൽ നിന്നും മടങ്ങിവരേണ്ടതുണ്ട്. മധുകൈടഭരായും, ഹിരണ്യാക്ഷഹിരണ്യകശ്യപന്മാരായും പിറവിയെടുത്ത അവർക്കിനി രാവണകുംഭകർണ്ണന്മാരായി പിറവിയെടുക്കണമല്ലോ? അപ്പോഴും അവരെ നിഗ്രഹിക്കാൻ ഞാൻ വേണമല്ലോ? അതിനാൽ ഞാനും ലക്ഷ്മീദേവിയുടെ അവതാരമായ ഈ കുമാരിയാലുള്ള ശപത്താൽ ദേവിയും മണ്ണിൽ മനുഷ്യരായി പിറന്നുകൊള്ളാം, അങ്ങേയ്ക്ക് സന്തോഷമായില്ലേ?"

ഭഗവാന്റെ കൃപാമരന്ദം നുകർന്ന നാരദൻ പശ്ചാത്താപിച്ചു ഭഗവാനോട് ക്ഷമചോദിച്ചു, ജഗന്നാഥൻ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു. മടക്കയാത്രയിൽ നാരദർ വീണ്ടും ആശയക്കുഴപ്പത്തിലായി..

"ശരിക്കും ഈ പദ്ധതിയുടെ പിന്നിൽ ആരാണ്? വിഷ്ണുവിനോട് ഇത് പറയരുതെന്ന് നിർബന്ധം പിടിച്ചയാൾ അതിനെന്നെ നിർബന്ധിക്കുകയായിരുന്നില്ലേ വാസ്തവത്തിൽ ചെയ്തത്?"

ആ ഒരു ശാപം രാമായണമെന്ന ഇതിഹാസത്തിനു കാരണമാകുമ്പോൾ, ശപിച്ച നാരദമുനി തന്നെയാണ് ആ കഥാസംക്ഷിതം വാല്മീകിക്ക് ഉപദേശിക്കാൻ പരമയോഗ്യൻ!!!

വന്ദേ മാതരം

"വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം"

(മാതാവേ ഞാൻ തങ്കളെ നമിക്കുന്നു, കുടിവെള്ളസ്രോതസ്സുകൾ നിറഞ്ഞ, മധുരമുള്ള ഫലവർഗ്ഗങ്ങളാൽ സമ്പന്നമായ, പർവ്വതജന്യമായ കുളിർകാറ്റ് വീശുന്ന, സസ്യലതാതിദകളാൽ സമ്പുഷ്ടമായ ഭാരതമാതാവേ ഞാൻ തങ്കളെ നമിക്കുന്നു)

" ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം"

(ചന്ദ്രികാചർച്ചിതമാം ഹർഷരാവുകളും, വിടർന്നപൂക്കളും തളിരിട്ട വൃക്ഷങ്ങളും അവിടുത്തെ പുഞ്ചിരിയായും, മധുരം നിറഞ്ഞ വചനങ്ങളായും ഞങ്ങൾക്ക് സുഖവും, വരവും തന്നനുഗ്രഹിക്കുന്ന ഭാരതമാതാവേ ഞാൻ തങ്കളെ നമിക്കുന്നു)

" കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം"

(മാതാവേ നീ അശക്തയണെന്ന് ധരിച്ച് ആരൊക്കെ ശത്രുക്കൾ മുന്നോട്ടുവന്നുവോ, അവർക്ക് മറുപടിയായി അനേകകോടി ജനകണ്ഠങ്ങൾ മാത്രമല്ല , ഏഴുകോടി ധീരയോദ്ധാക്കൾ ഉയർത്തിപ്പിടിച്ച കരവാളിനാൽ, തങ്ങളുടെ ഭുജബലത്താൽ ആ ശത്രുക്കൾക്ക് ഭയമേകുന്ന മറുപടിനൽകി. ഒരേസമയം അഘോരശക്തികളുടെ അധിപയായി ശത്രുസേനയെ നിഗ്രഹിക്കുന്നവളും, ഈ മണ്ണില്പിറന്നവർക്ക് സ്നേഹദൈവതയായി നിലകൊള്ളുകയും ചെയ്യുന്ന ഭാരതമാതാവേ ഞാൻ തങ്കളെ നമിക്കുന്നു)

"തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥"

(മാതാവേ..അവിടുന്നാണ് വിദ്യയും, ധർമ്മവും, ഹൃദവും, സുപ്രധാനവും, അങ്ങുതന്നെ പ്രാണനും ശരീരവും ഞങ്ങളുടെ കരങ്ങളിലെ ശക്തിയും അമ്മയായ അവിടുന്നാണ്. ഞങ്ങളുടെ ഹൃദയത്തിലെ ഭക്തിയും അമ്മയായ അവിടുന്നാണ്. അവിടുത്തെയെല്ലാ ദൃശ്യങ്ങളും ദൈവീകമാണ്, ഞങ്ങളുടെ ക്ഷേത്രങ്ങളിൽ ആ ദൈവീകഭാവങ്ങളാണുള്ളത്.)

"ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥"

(അവിടുന്നു തന്നെയാണ് ദശഹസ്തങ്ങളിലേന്തിയ വിവിധ ആയുധങ്ങൾ കൊണ്ട് ഒരേസമയം ശത്രുവിനെ ആക്രമിച്ചില്ലാതാക്കുന്ന ദുരഗ്ഗയും, താമരതളിൽ വസിക്കും ലക്ഷ്മീദേവിയും അവിടുന്നുതന്നെ, സരസ്വതീദേവിയായി വിദ്യനൽകുന്നത് അവിടുന്നാണ്, നമുക്കുന്നു ഞാൻ അവിടുത്തെ ഐശ്വര്യവും, കളങ്കരഹിതവും, അദ്വിതീയതയും ആയ ജലകാരുണ്യവും ഫലകാരുണ്യവും നമിക്കുന്നു)

"ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം॥"

ഫലഭൂയിഷ്ടതയാൽ തരുലതകളുടെ ഇരുളിമയാലും, പുഷ്പ്പഫലങ്ങളുടെ ലളിതമായപുഞ്ചിരിയാലും അലങ്കരിക്കപ്പെട്ട, ഭൂമീദേവീ, സർവ്വൈശ്വര്യങ്ങളുടേയും കലവറയായ അമ്മേ, ഭാരതമാതാവേ ഞാൻ തങ്കളെ നമിക്കുന്നു).



(ഭാരതത്തിന്റെ ദേശീയഗീതം. ഇത് മറ്റു രണ്ടു മതക്കാർ ചൊല്ലാത്തതിൽ കുറ്റം പറയാനാവില്ല. ഇതേ പ്രശ്‌നം ദേശീയഗാനത്തിനുമുണ്ട്, മുഴുവൻ അർത്ഥവും അറിഞ്ഞാൽ ഒരുമതവിഭാഗമേ ചൊല്ലൂ, അത് മാതാവിനെയോ പിതാവിനെയോ ഇഷ്ടമില്ലാത്തതുകൊണ്ടല്ല, സ്വാതന്ത്യം തന്നെ ഒരു പ്രശ്നമാകും.. വന്ദേമാതരം)

ഇരുൾമായണം 14 - ലക്ഷ്മണരേഖ

ലങ്കേശൻ്റെ നിർബന്ധബുദ്ധിയും ഭീഷണിയും കാരണം കനകമൃഗവേഷധാരിയായി വന്ന മാരീചനിൽ കൊതിപൂണ്ട് സീത അതിനെ പിടിച്ചുനൽകാൻ രാമനെ അലട്ടുകയും, സീതയ്ക്ക് കാവലായി ലക്ഷ്മണനെ നിർത്തി രാമൻ മാരീചനുപിന്നാലേ പോവുകയും, രാമബാണമേറ്റ മാരീചൻ രാമൻ്റെ ശബ്ദത്തിൽ സഹായാഭ്യർത്ഥന നടത്തുകയും ചെയ്തതിനാൽ സീത പരിഭ്രാന്തയായി.സീതയുടെ ഭയം അകാരണമാണെന്നും രാമനെ ഒരു പോറലേൽപ്പിക്കാൻപോലും ഒരു ശക്തിക്കുമാവില്ലെന്നും ലക്ഷ്മണൻ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ സീത ക്രുദ്ധയായി. ലക്ഷ്മണൻ്റെ ഉദ്ദേശശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്നു.

"ഇച്ഛസി ത്വം വിനശ്യന്തം രാമം ലക്ഷ്മണ മത്കൃതേ
ലോഭാത്ത്വം മത്കൃതേ നൂനം നാനുഗച്ഛസി രാഘവം"

"എന്നെ ലഭിക്കുവാനായി രാമൻ്റെ പൂർണ്ണനാശമാണു നീ ആഗ്രഹിക്കുന്നത്, കാമമോഹിതനായാണ് നീ രാമനെ തിരക്കിപ്പോകാത്തത്" എന്നുതുടങ്ങി ഭരതൻ്റെ ചാരനാണ്, നിനക്കോ ഭരതനോ എന്നെ ലഭിക്കില്ല, ഗോദാവരിയിൽ മുങ്ങിയോ, മരക്കൊമ്പിൽ തൂങ്ങിയോ, വിഷം കുടിച്ചോ, കൊക്കയിൽ ചാടിയോ ആത്മഹത്യ ചെയ്യുമെന്നുവരെ സീത ലക്ഷ്മണനെ ശകാരിക്കുന്നു.

"രാക്ഷസാ വിവിധാ വാചോ വിസൃജന്തി മഹാവനേ
ഹിംസാവിഹാരാ വൈദേഹി ന ചിന്തയിതുമർഹസി"

രാക്ഷസന്മാർ നിറഞ്ഞ ഈ വനത്തിൽ കേൾക്കുന്ന വിവിധ ശബ്ദങ്ങളെ വിശ്വസിക്കരുതെന്ന് ലക്ഷ്മണൻ ഉപദേശിക്കുന്നു.

"തതസ്തു സീതാമഭിവാദ്യ ലക്ഷ്മണഃ കൃതാഞ്ജലിഃ കിഞ്ചിദഭിപ്രണമ്യ ച.
അന്വീക്ഷമാണോ ബഹുശശ്ച മൈഥിലീമ് ജഗാമ രാമസ്യ സമീപമാത്മവാൻ"

പിന്നീട് വനദേവതമാർ നിന്നെ കാക്കട്ടെ, എങ്കിലും ഞാൻ രാമനുമായി തിരിച്ചുവരുമ്പോൾ വൈദേഹിയിവിടെ ഉണ്ടാകുമോയെന്ന് സംശയമാണ് എന്ന് പറഞ്ഞ് തിരിഞ്ഞുനോക്കി തിരിഞ്ഞു നോക്കി രാമൻ്റെ വഴിയേ വനത്തിലേയ്ക്ക് പോയി.

അതല്ലാതെ ലക്ഷ്മണൻ യാതൊരു രേഖയും വരച്ചില്ല, അത് കടക്കരുതെന്ന് നിഷ്ക്കർഷിച്ചുമില്ല, സീത അതിനുപറ്റിയ മാനസ്സികാവസ്ഥയിലുമായിരുന്നില്ല.

വാത്മീകിരാമായണത്തിൽ സീതയുടെ ഭത്സനം കേട്ടിട്ടും ശാന്തനാണു ലക്ഷ്മണൻ, എന്നാൽ എഴുത്തച്ഛനു ദേഷ്യം വന്നു, അതിനാൽ ലക്ഷ്മണനെക്കൊണ്ട് "നീ തീർന്നെടീ..തീർന്നു" എന്ന ആധുനിക സംഭാഷണത്തോട് കിടപിടിക്കുന്ന ഒന്നും, "ചണ്ഡീ" എന്നൊരു വിളിയും ഉണ്ടായി!

"ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവിരണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്താന്‍ഃ
"നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി!
ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ:
മനുവംശാധീശ്വരപത്നിയെ വഴിപോലെ.
ദേവിയെ ദേവകളെബ്‌ഭരമേൽപിച്ചു മന്ദം:
പൂർവജൻതന്നെക്കാണ്മാൻ നടന്നു സൗമിത്രിയും."

ലക്ഷ്മണരേഖ ആദ്യമായി വരുന്നത് 13ആം നൂറ്റാണ്ടിൽ രംഗനാഥരാമായണത്തിലാണ്.

"വനത്തിൽ പോയി രാമനെ കൂട്ടിക്കൊണ്ടുവരാമെന്ന് സീതയെ സാന്ത്വനപ്പെടുത്തിക്കഴിഞ്ഞ് അദ്ദേഹം പർണ്ണശാലയ്ക്ക് ചുറ്റും ഏഴു രേഖകൾ വരച്ചുകൊണ്ട് പറഞ്ഞു,

"മാതേ.. ഈ വരകൾ മറിച്ചു കടക്കരുത്, അവിടുന്നല്ലാതെ ആരെങ്കിലും ഇതു മുറിച്ചുകടന്നാൽ അവരുടെ തല പലകഷണങ്ങളായി തൽക്ഷണം ചിതറിപ്പോകുന്നതാണ്."

അതിനുശേഷം അഗ്നിദേവനെ പ്രാർത്ഥിച്ച് തന്നിൽ നിക്ഷിപ്തമായിരുന്ന സീതയുടെ കാവൽ കർത്തവ്യം അദ്ദേഹത്തെ ഏൽപ്പിച്ച് ലക്ഷ്മണൻ വനത്തിലേയ്ക്ക് രാമനെത്തേടി യാത്രയായി."

17 ആം നൂറ്റാണ്ടിൽ തുളസീദാസ്സ് രാമചരിതമാനസത്തിൽ ഇതേ ലക്ഷ്മണരേഖയുടെ കഥ പറയുന്നുണ്ട്. അത് ലങ്കാകാണ്ഡത്തിൽ മണ്ഡോദരിയുടെ വാക്കുകളിലാണെന്നേയുള്ളൂ.

"ലങ്കേശൻ്റെ പരാക്രമങ്ങളെപ്പറ്റി എന്നോട് പറഞ്ഞു മനസ്സിലാക്കണോ? ലക്ഷ്മണൻ്റെ ആ മൂന്ന് വരകൾ മറികടക്കാനാവാതെ വിഷമിച്ച വീര്യമല്ലേ?"

എന്നു പരിഹാസപൂർവ്വമാണത് പറയുന്നത്.

പിൽക്കാലത്തുള്ള എല്ലാ രാമായണങ്ങളിലും സീത സന്യാസവേഷധാരിയായ രാവണനെ ആശ്രമത്തിലേയ്ക്ക് ക്ഷണിക്കുകയും അദ്ദേഹം ലക്ഷ്മണരേഖ മുറിച്ചുകടക്കാനാവാതെ നിന്നപ്പോൾ സീത ആ രേഖമുറിച്ചുകടന്നു പുറത്തെത്തി സന്യാസിക്കു ഉപചാരമർപ്പിക്കുകയും, ലങ്കേശൻ യഥാർത്ഥരൂപം സ്വീകരിച്ചപ്പോൾ പിന്നിലേയ്ക്ക് മാറുന്നതിനിടയിൽ നിലത്ത് വീഴുകയും, അതിനാൽ ലക്ഷ്മണരേഖയ്ക്കുള്ളിലേയ്ക്ക് തിരിച്ചുകടക്കാൻ ആവാതെപോയ സീതയെ രാവണൻ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു.

ലക്ഷ്മണരേഖ ഇല്ലാത്തതുപോലെതന്നെ സീതയെ രാവണൻ സ്പർശ്ശിച്ചോ? എന്ന വിഷയവും ഇതിനോടനുബന്ധിച്ചുണ്ട്. വാല്മീകി രാമായണത്തിൽ മുടിയിലും തുടയിലും പിടിച്ചുയർത്തി, അരക്കെട്ടിൽ പിടിച്ച് രഥത്തിലേറ്റി എന്നാണ്. യുദ്ധകാണ്ഡത്തിൽ പുരുഷവാക്യത്തിനു മറുപടിയായി സീത ഞാൻ നിസ്സഹായ ആയ അവസ്ഥയിൽ എന്നെ രാവണൻ സ്പർശ്ശിച്ചതിനു ഞാനെങ്ങനെ കുറ്റക്കാരിയാകും? എന്നു ചോദിക്കുന്നു. വിവശയായിരുന്നു, അബോധാവസ്ഥയിലായി എന്നൊക്കെ അപഹരണസമയത്തെ അവസ്ഥയെപ്പറ്റി പറയുന്നുണ്ട്.


അരണ്യകാണ്ഡം സർഗ്ഗം 49 ശ്ലോകം 20 പ്രകാരം

"തതഃ സ്താം പരുഷൈ വാക്യൈഃ അഭിതത്സ്ര മഹാസ്വനഃ
അങ്കേന ആദായ വൈദേഹീം രഥം ആരോപയത് തദാ"

എന്നോട് കലഹിക്കുവാൻ വന്നിട്ട് കാര്യമില്ല, വാല്മീകി പറഞ്ഞിരിക്കുന്നത്, ലങ്കേശൻ സീതയുടെ അടുത്തെത്തി അരക്കെട്ടിൽ പിടിച്ചുയർത്തി രഥത്തിലേയ്ക്ക് എടുത്തിട്ടു എന്നാണ്, സ്വാഭാവികമായി അന്യനായ ഒരാൾ അരക്കെട്ടിൽ പിടിച്ചാൽ സ്ത്രീ കുതറും, അത് സീതയും ചെയ്തു, അപ്പോൾ രാവണൻ ഒന്നുരണ്ട് നല്ല പുലഭ്യം പറഞ്ഞു, അതോടെ ഭയന്ന സീതയെ പുഷ്പം പോലെ പൊക്കിയെടുത്ത് രഥത്തിലിട്ടു പറന്നു. എന്തായാലും പരുഷവാക്യം എന്നല്ലാതെ എന്താണതെന്ന് വാല്മീകി പറഞ്ഞിട്ടില്ല.

എന്തായാലും സീത പിന്തിരിഞ്ഞല്ലാതെ പിന്നോട്ടുമാറി ആശ്രമത്തിലേയ്ക്ക് കടക്കാൻ ശ്രമിച്ചെങ്കിലും നിലത്തുവീണു, അത് ലക്ഷ്മണരേഖയ്ക്ക് കുറുകെയെന്ന് ചിലരാമായണങ്ങൾ.. അവർക്കുമുണ്ട് ന്യായീകരണങ്ങൾ, രാവണൻ അരയ്ക്ക് മുകളിൽ ലക്ഷ്മണരേഖയിൽ വീണ സീതയെ കാലിൽ പിടിച്ചുയർത്തി എന്നവർ എഴുതുന്നു, ബുധൻ രോഹിണിയെ എന്നപോലെ കാലിൽ പിടിച്ചുയർത്തി എന്നാണെഴുത്ത്! എന്നാൽ അദ്ധ്യാത്മരാമായണം പറയുന്നത് രാവണൻ സീതയ്ക്ക് ചുറ്റുമുള്ള ഭൂമി തുരന്ന് ആ മണ്ണോടെ രഥത്തിലെത്തിച്ചുവെന്നാണ്.

സ്ക്കന്ദപുരാണത്തിൽ സകലശാസ്ത്രങ്ങളിലും വിദഗ്ധനായ രാവണൻ "നിഴൽഗ്രഹണം" എന്ന സൂത്രത്താൽ സീതയുടെ മുടിയുടേയും തുടകളുടേയും നിഴലിൽ പിടിച്ചുയർത്തി രഥത്തിലാക്കി എന്നാണെഴുതിയിരിക്കുന്നത്.

മായാസീതയുടെ കഥ വേറേ ഭാഗമായി വിവരിച്ചതിനാൽ അത് പറയുന്നില്ല, വാത്മീകി എന്തായാലും ഭോഗാസക്തിയോടെ സമീപിച്ചാൽ മാത്രമേ രാവണനു ദോഷമുള്ളൂ എന്ന പക്ഷക്കാരനാണ്, ആകാശത്തുവച്ച് വേഗതകൂട്ടിയും കുറച്ചും, പാർശ്വങ്ങളിലേയ്ക്ക് ചരിച്ചും പുഷ്പകവിമാനമോടിച്ച രാവണൻ നിലത്തുവീഴാതിരിക്കാൻ സീത അദ്ദേഹത്തിൻ്റെ മടിയിലിരുന്ന് കെട്ടിപ്പിടിക്കേണ്ട അവസ്ഥയുണ്ടാക്കിയെന്നാണ് വാത്മീകി പറയുന്നത്.

(ബൈക്കിൻ്റെ പുറകിൽ കയറ്റിയ പെണ്ണിനെ ബ്രേക്ക് ചവുട്ടി മുന്നോട്ടായിച്ചു സ്പർശ്ശനസുഖം ആസ്വദിക്കുന്ന ഇന്നത്തെ തലമുറ മനസ്സിലാകണം ഇതൊക്കെ ലങ്കേശൻ പണ്ടേ ചെയ്തതാണെന്ന്, രണ്ടാമത് പുഷ്പകവിമാനത്തിനു സീറ്റ്ബൽറ്റ് ഇല്ലായിരുന്നു, അതിനു പാവം സീത എന്തുചെയ്യാൻ? അബുദാബിയിലെ റോളർസ്ക്കേറ്ററിൽ കയറിയിട്ടുള്ളവർക്കറിയാം മുന്നിൽ വിൻഡ്ഷീൽഡ്ഡ് ഇല്ലാതെ 350 കിലോമീറ്റർ വേഗത്തിൽ പോകുമ്പോൾ ശ്വാസമെടുക്കാൻ പോലുമുള്ള ബുദ്ധിമുട്ട്!)

Wednesday, November 18, 2020

വിഷ്ണുലോകം

"അയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ"

ആകെയെണ്ണം എത്രയെന്നത് തർക്കവിഷയം ആണെന്ന് പറഞ്ഞുകൊണ്ടുതന്നെ തുടങ്ങാം; സാംഖ്യതത്വശാസ്ത്രം 25 ഉം, ശൈവർ 36 ഉം, സിദ്ധശാസ്ത്രത്തിൽ 96 ഉം, നാമരൂപവും സ്ക്കന്ദന്മാരും ഇഴകലർന്ന അഭിധർമ്മശാസ്ത്രത്തിൽ 100ൽ അധികവും, അസ്തിത്വം, തത്വം അല്ലെങ്കിൽ യാഥാർത്ഥ്യം ഉണ്ടെങ്കിലും, എൻ്റെ കാഴ്ച്പ്പാടിൽ തത്വങ്ങളുടെ എണ്ണം അനന്തമാണ്. അവയുടെ എണ്ണത്തെപ്പറ്റി ചിന്തിച്ചിട്ടു കാര്യവുമില്ല, മനുഷ്യൻ്റെ ജ്ഞാനം വർദ്ധിക്കുമ്പോൾ ആ എണ്ണവും കൂടിക്കൊണ്ടേയിരിക്കും. അത് ഈ യാത്രയിൽ നമുക്ക് വഴിയേ പരിചയപ്പെട്ടു പോകാം.

അവസാനവരികളിലൂടെ ആദ്യം ഒന്നു സഞ്ചരിക്കാം...

എല്ലാം നിലനിൽക്കുന്നത് മഹാവിഷ്ണുവിലാണ്, അഥവാ അപരബ്രഹ്മത്തിലാണ്, പരബ്രഹ്മം പോലും! അപ്പോൾ എല്ലാത്തിലും മേവുകയാണോ? എല്ലാം ഉൾക്കൊള്ളുകയാണോ? അതോ എല്ലാം അതുതന്നെയാണോ?

സനാതനധർമ്മതത്വങ്ങളിൽ

"പ്രജ്ഞാനം ബ്രഹ്മ" - ബോധമാണു ബ്രഹ്മം,

"അഹം ബ്രഹ്മാസ്മി" - ഞാനാണു ബ്രഹ്മം,

"തത്വമസ്സി" - ബ്രഹ്മം നീയാകുന്നു,

"അയമാത്മാ ബ്രഹ്മ" - ഈ ആത്മൻബ്രഹ്മമാകുന്നു.

അതായത് നമ്മൾ പരബ്രഹ്മം, അപരബ്രഹ്മം, ആത്മൻ, ശക്തി എന്നിങ്ങനെ വേർതിരിച്ചുകാണുന്ന നാലും ബ്രഹ്മത്തിൻ്റെ ബ്രഹത്തായ വകഭേദങ്ങൾ മാത്രമാണ്, തത്വം ഒന്നേയുള്ളൂ, ബ്രഹ്മം, അഥവാ എന്താണോ ഉള്ളത് അത് ബ്രഹ്മമാകുന്നു. ഉള്ളതെല്ലാം ഈശ്വരൻ തന്നെയാകുന്നു, "അദ്വൈതം" അതല്ലാതെ മറ്റൊന്നില്ല!

അങ്ങനെയിരിക്കെ എന്തിനാണാ "മേവുന്ന" എന്ന പ്രയോഗം? അതുകൊണ്ടാണ് ഞാൻ ആദ്യമേ സിദ്ധശാസ്ത്രമാണ് എഴുത്തച്ഛൻ പറഞ്ഞുപോയതെന്നു പറഞ്ഞത്.

സിദ്ധരുടെ അടിസ്ഥാനതത്വപ്രകാരം മനുഷ്യനും പ്രപഞ്ചവും തമ്മിൽ അന്തരമില്ല, പ്രകൃതിയാണ് മനുഷ്യൻ മനുഷ്യനാണു പ്രകൃതി; അതിനാൽ രണ്ടും ഒന്നുതന്നെയാണ്. മനുഷ്യൻ സൂക്ഷ്മപ്രപഞ്ചവും, പ്രപഞ്ചം ബൃഹത്ത്മനുഷ്യനുമാണ്, എന്തെന്നാൽ എന്തെല്ലാം പ്രകൃതിയിലുണ്ടോ അതെല്ലാം മനുഷ്യനിലുമുണ്ട്. (ആധുനിക വൈദ്യശാസ്ത്രം പറയുന്നത് 94 മൂലകങ്ങൾ (118ൽ) പ്രകൃതിയിലുണ്ടെന്നാണ്, അതിൽ 61 എണ്ണത്തിൻ്റെ അളവ് മനുഷ്യശരീരത്തിൽ കണ്ടെത്താനായി, ബാക്കി 33 എണ്ണം ഉണ്ടെന്നറിയാം അളവ് കൃത്യമായറിയില്ല. (ഇതിൽ ഓക്സിജൻ, കാർബ്ബൺ, ഹൈഡ്രജൻ, നൈട്രജൻ, കാൽസിയം, ഫോസ്പറസ്സ് എന്നീ 6 എണ്ണമാണ് 99%. ഇനിയൊരു 5 എണ്ണം പൊട്ടാസ്യം, സൾഫർ, സോഡിയം, ക്ളോറിൻ, മാംഗനീസ്സ് 0.85 % ഉം. ബാക്കിയെല്ലാം കൂടി 0.15% മാത്രം))

സനാതനധർമ്മത്തിലെ പ്രപഞ്ചോത്പ്പത്തി മുമ്പൊരു ലേഖനത്തിൽ വിശദമായി എഴുതിയതിനാൽ ആവർത്തിക്കുന്നില്ല, അതിൽ നമ്മൾ പ്ലവതമസ്സും പ്രകാശബിന്ദുവും ആദ്യവും, പിന്നീട് ഖരതമസ്സും, വേർപിരിഞ്ഞതും പിരിയാത്തതുമായ ശക്തിയും കണ്ടു. സിദ്ധശാസ്ത്രപ്രകാരം പ്രപഞ്ചത്തിലാകെ ഖരതമസ്സും ശക്തിയും മാത്രമേയുള്ളൂ. അവപരസ്പരം വേർപെടുത്താനാവാത്തതും പരസ്പരം ഉൾക്കൊള്ളുന്നതുമാണ്. (വീണ്ടും നമ്മൾ ബ്രഹദാരണ്യോപനിഷത്തിലെ പൂർണ്ണമദ പൂർണ്ണമിദ യിലെത്തി നിൽക്കുന്നു) നമ്മുടെ വിഷയം അതല്ലല്ലോ? അപ്പോൾ ഒന്നായ ബ്രഹ്മത്തെ നമ്മൾ രണ്ടെന്നു കണ്ടതിൽ ശിവനാണു ഖരതമസ്സെങ്കിൽ ശക്തി മഹാവിഷ്ണുവായേ പറ്റൂ.

ഒരുവശത്ത് സനാതനധർമ്മത്തിലെ മനുഷ്യജീവിതത്തിൻ്റെ 24 + 1 നിൽക്കുന്നു, അത് മുമ്പൊരിക്കൽ എഴുതിയതിനാൽ ആവർത്തിക്കുന്നില്ല.

ആ 24 ഉം സിദ്ധയിലും അതേപോലെ കടന്നുവരുന്നുണ്ട്, ഭഗവത് ഗീതയിലെ

"ഭുവിർ അപോ നലോ വായു:
ഖം മനോ ബുദ്ധിൽ എവ ക
അഹങ്കാര ഇതിയം മി
ഭിന്ന പ്രകൃതിർ അസ്തധ:"

യിലാണാ ലേഖനം ആരംഭിച്ചത്, ഇവിടെയും ഏതാണ്ടങ്ങനെതന്നെയാണ്, ശ്രീകൃഷ്ണനാണ് മഹാഗുരു, അദ്ദേഹത്തെ ഒഴിവാക്കി മുന്നോട്ടുപോകാൻ വലിയ പ്രയാസമാണ്!

കാടുകയറണ്ട, ഒരു ചരടിലൂടെ പോയില്ലെങ്കിൽ ആകെ വഷളാകും, അതിനാൽ സിദ്ധരുടെ കൂടെപ്പോകാം. വിരസമാകുമ്പോൾ നമുക്ക് കാനനഛായയിൽ പോയി ചായ കുടിച്ചു മടങ്ങിവരാം..

സിദ്ധർ ശരീരഘടനാശാസ്ത്രവും ശരീരധർമ്മശാസ്ത്രവും ചേർന്നതത്വങ്ങൾ 24 ആയി വിഭജിച്ചിരിക്കുന്നു.

1. പഞ്ചഭൂതങ്ങൾ (5) - പ്രഥ്വി (Earth), ജലം (Water), വായു (Air), അഗ്നി (Fire), ആകാശം (Sky)

2. പഞ്ചിന്ദ്രിയങ്ങൾ (5) - ചക്ഷുസ്സ് (Eye), ശ്രോത്ര (Ear), ഘ്രാണ (Nose), രസന (Tongue), ത്വക്ക് (Skin)

3. പഞ്ചജ്ഞാനകർമ്മങ്ങൾ (5) - ദർശനം (Viewing), ശ്രവണം (Hearing), ഘ്രാണം (Smelling), രസനം (Tasting), സ്പർശ്ശനം (Touching)

4. പഞ്ചജ്ഞാനങ്ങൾ (5) - രൂപം (Vision), ശബ്ദം (Sound), ഗന്ധം (Smell), രസം (Taste), സ്പർശ്ശം (Touch)

5. പഞ്ചകർമ്മേന്ദ്രിയങ്ങൾ (5) പാണി (Hands), പദം (Legs), വാഗ് (Mouth), പായു (Rectum), ഉപസ്തം (Genital)

6. ചതുഷ്ക്കാരണങ്ങൾ (4) മനം (Mind), ബുദ്ധി (Knowledge), ചിത്തം (Sub-Consciousness), അഹങ്കാരം (Ego) (ബൗദ്ധർക്ക് ഇത് പഞ്ചകാരണങ്ങൾ ആണ്, അവർ ആത്മബോധം അഥവാ വിവേകം (Wisdom Of Self Realization) കൂടിയുണ്ട്).

7. ദശനാഡികൾ (10) പിംഗള, ഈഡ, ഗാന്ധാരി, ആസ്തിനി, പുഷാ, പയസ്വിനി, അലമ്പുഷ, ലകുഹ, സുഗമ്ന, ശങ്കിനി (13000 ഞരമ്പുകളും 10 പ്രധാന ധമനികളും എന്നാണ് കണക്ക്)

8. പഞ്ചകോശങ്ങൾ (5) - അന്നമയം (Physical Sheath), പ്രാണമയം (Respiratory Sheath), മനോമയം (Mental Sheath), വിജ്ഞാനമയം (Intellectual Sheath), ആനന്ദമയം (Blissful Sheath)

9. ത്രിമലങ്ങൾ (3) - ആണവം, കണ്മം, മായ

10. ത്രിഗുണങ്ങൾ (3) - സത്വഗുണം, രജോഗുണം, തമോഗുണം

11. ത്രിദോഷങ്ങൾ (3) - വാതം, പിത്തം, കഫം

12. ത്രിമണ്ഡലങ്ങൾ (3) - അഗ്നിമണ്ഡലം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം

13. ത്രയവസ്ഥകൾ (3) - ജാഗ്രത് (Wakefulness), സ്വപ്നം (Dream), സുഷുപ്തി (Sleep) (ഇത് ശാന്തി (Repose), അന്തർമുഖത്വം (Insensibility To Surroundings) ചേർത്ത് പഞ്ചാവസ്ഥകളായി പറയാറുണ്ട്)

14. ത്രയേഷണം (3) - അർത്ഥേഷണ (Material Bindings), ദാരേഷണ (Worldly Bindings), പുത്രേഷണ (Offspring Bindings)

15. ത്രിതാപങ്ങൾ (3) - അദ്ധ്യാത്മികം, ആധിഭൗതികം ആധിദൈവീകം

16. ത്രിദേഹങ്ങൾ - (3) സ്തൂലം, സൂക്ഷ്മം, കാരണം

17. ത്രിനാഥന്മാർ - (3) വിശ്വൻ, തൈജസൻ, പ്രാജ്ഞൻ

18. അഷ്ടരാഗങ്ങൾ (8) - കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അസൂയ, ഡംഭം (ബൗദ്ധർക്ക് നിദ്ര (Sleep), അന്തർമുഖത്വം (Insensibility To Surroundings) എന്നിവകൂടിച്ചേർന്ന് ദശരാഗങ്ങൾ ആണ്)

19. ഷഡ്ഡാധാരങ്ങൾ (6) - മൂലാധാരം, സ്വാദിഷ്ടാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഗ്നേയം

20. സപ്തമൂലധാതുക്കൾ (7) - രസം (Plasma), രക്തം (Blood), മാംസം (Flesh), മേദസ്സ് (Fat), അസ്തി (Bone), മജ്ജ (Marrow), ശുക്രം (Reproductive) (ബൗദ്ധർ വീണ്ടും സ്തന്യം എന്ന മുലപ്പാൽ, ആർത്തവം, സിരകൾ, കന്ദാരങ്ങൾ, സ്നായുസ്സ് എന്ന് കൊളസ്റ്റ്രോൾ ഉൾപ്പടെ ഉപധാതുക്കളായി പറയാതെ പ്രധാനമാക്കുന്നു, ഒരു കണക്കിനു ഈ കോൾസ്റ്റ്രോൾ ഉണ്ടാക്കുന്ന ബ്ലോക്കുകളിലല്ലേ നമ്മുടെ നാട്ടിൽ കൂടുതൽ ഹൃദയസ്തംഭനമരണങ്ങൾ?)

21. ദശവാതങ്ങൾ (10) - പ്രാണൻ, അബനൻ, ഉത്തനൻ, ശമനൻ, വ്യാനൻ, നാഗൻ, കൂർമ്മൻ, കിരുകരൻ, ദേവദത്തൻ, ധനഞ്ജയൻ

22. പഞ്ചാശയങ്ങൾ (5) - അമർവ്വാശയം (Stomach), പകിർവ്വാശയം (Small Intestine), മലവാശയം (Large Intestine Especially Rectum), ചലവാശയം (Urinary Bladder), ശുകിലവാശയം (Seminal Vesicle)

23. നവദ്വാരങ്ങൾ (9) - 2 കണ്ണുകൾ, 2 കാതുകൾ, 2 നാസദ്വാരങ്ങൾ, വായ്, മലദ്വാരം, ജനനേന്ദ്രിയദ്വാരം (ബൗദ്ധർ വളരെ വിശാലമായി ഉച്ചിയിലേയും സ്വേദകണങ്ങൾ ബഹിർഗ്ഗമിക്കുന്ന ഓരോ രോമകൂപത്തിലൂടെയും ദ്വാരങ്ങളായിക്കാണുന്നു)

24. ദ്വിവൃത്തികൾ - (2) സത്ക്കർമ്മം (Good Acts), ദുഷ്ക്കർമ്മം (Bad Acts)

എണ്ണിയാൽ 96 ലും 106ലും നിന്നില്ല

എന്നുമനസ്സിലാക്കാം, രമണമഹർഷിയും പറയുന്നത് എണ്ണമൊന്നും നോക്കേണ്ട, അറിയുംതോറും ആഴവും കൂടുമെന്നാണ്, എല്ലാമറിഞ്ഞാലും പരമതത്വമറിയേണം പരമപദം പൂകാനെന്നും!

എന്തായാലും എഴുത്തച്ഛൻ എഴുതിയത് 24 ഓ 36 ഓ 96 ഓ 118 ഓ തത്വങ്ങളെപ്പറ്റിയല്ല എന്നും എണ്ണത്തെ തേടാതെ തത്വങ്ങളെപ്പറ്റിയറിയാനാണെന്നും മനസ്സിലാക്കാൻ ഒരു വാക്ക് മാത്രം ശ്രദ്ധിച്ചാൽ മത് "ചൊവ്വോട്"; ശുദ്ധതത്വം അശുദ്ധതത്വം, ശുദ്ധാശുദ്ധതത്വം എന്നത് 36 ശൈവതത്വങ്ങളുടെ പ്രത്യേകതയാണ്. അതിലെ ആ 5 ചൊവ്വോടെയുള്ള അഥവാ ശുദ്ധതത്വങ്ങൾ നമ്മൾ മുകളിൽ പറഞ്ഞവയിലില്ല. ശിവതത്വം, ശക്തീതത്വം, സദാശിവതത്വം, ഈശ്വരതത്വം, ശുദ്ധവിദ്യാതത്വം എന്നിവയാണവ.

ആ പ്രഹേളികയിലൂടെത്തന്നെ നമുക്ക് തത്വങ്ങളെ ഒന്നൊന്നായി അടുത്തറിയാം....

വൈഷ്ണവജനത

15ആം നൂറ്റാണ്ടിലെ വൈഷ്ണവസന്യാസിയായ നരസിംഹ മേഹ്ത (സന്ത് നർസി) രചിച്ച പ്രസിദ്ധമായ ഗുജറാത്തി ഭജനഗീതം, കാമജരാഗത്തിൽ തുടങ്ങി വിവിധരാഗങ്ങളുടെ രാഗമാലികയായി ആലപക്കപ്പെടുന്നു. 

"വൈഷ്ണവജൻ തോ തേനേ കഹിയേ ജേ
പീഡ പരായീ ജാണേ രേ
പരദുഃഖേ ഉപകാര കരേ തോയേ
മൻ അഭിമാൻ ന ആണേ രേ"

അന്യൻ്റെ ദുഃഖം മനസ്സിലാക്കാൻ കഴിയുന്നെങ്കിൽ മാത്രമേ ഒരു വ്യക്തിയെ വൈഷ്ണവർ (വിഷ്ണുഭക്തർ) എന്നു വിളിക്കാനാവൂ.

മനസ്സിൽ അഹന്തയ്ക്ക് ഇടം കൊടുക്കാതെ ദുഃഖിതരായ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നവരാണാ സംബോധനക്ക് അർഹ്ഹർ. (മൽപ്രാണനും പരനുമൊന്നെന്നുറപ്പവനു എന്നെഴുത്തച്ഛൻ എഴുതിയ രീതിയിലാണിത്)

"സകൽ ലോക് മാൻ സഹുനേ വന്ദേ
നിന്ദാ ന കരേ കേനീ രേ
വാച കാഛ മന നിശ്ഛല രേഖേ
ധനധന ജനനീ തേനീ രേ"

ലോകത്തിലുള്ള എല്ലാത്തിനേയും വണങ്ങുന്നവരും, സഹിക്കുന്നവരുമായ വഷ്ണവർ ഒരിക്കലും ആരേയും നിന്ദിക്കുകയില്ല

മനസാ വാചാ കർമ്മണാ ശുദ്ധിയുള്ളവരും വ്യതിചലിക്കാത്തവരുമായ അവർക്ക് ജന്മം നൽകിയ മാതാവ് തീർച്ചയായും ധന്യരിൽ ധന്യയാണെന്നതിൽ സംശയമില്ല. (എല്ലാം ഈശ്വരൻ്റെ പ്രതിരൂപങ്ങളാണെന്ന് തിരിച്ചറിയുന്നവൻ ഗോചര അഗോചരങ്ങളായതെല്ലാം ഈശ്വരനായി വണങ്ങുന്നു, മനസാ വാചാ കർമ്മണാ ആ തത്വത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർ വൈഷ്ണവരല്ല)

"സമദൃഷ്ടി നേ തൃഷ്ണാ ത്യാഗി
പരസ്ത്രീ ജെനേ മാത രേ
ജിഹ്വാ താകീ അസത്യ ന ബോലെ
പരധന നവ ഝാലേ ഹാഥ രേ"

എല്ലാവരേയും ഒരുപോലെ ദർശ്ശിക്കുന്ന വൈഷ്ണവർ തൃഷ്ണയെ ത്യജിച്ചവരായിരിക്കണം, അവർക്ക് അന്യസ്ത്രീ സ്വന്തംമതാവിനു തുല്യയായിരിക്കും

അവരുടെ നാവൊരിക്കലും അസത്യം പറയുകയില്ല, അന്യൻ്റെ സമ്പത്തിൽ കർസ്പർശ്ശം പോലും ഏൽപ്പിക്കുകയുമില്ല. (സകലതിലും ഈശ്വരനെ ദർശ്ശിക്കുന്നവർക്ക് ഷഡ്രിപുക്കളെ അകറ്റിനിർത്താനാവും, അന്യൻ്റെ ഭാര്യും സഹോദരിയുമെല്ലാം അവർക്ക് സ്വന്തം മാതാവ് തന്നെയാവണം, അന്യരുടെ മറ്റുസ്വത്തുക്കളിലും മോഹമുണ്ടാകരുത്) 

"മോഹമായാ വ്യാപേ നഹി ജേനേ,
ദൃഢ വൈരാഗ്യ ജെന മൻ മാൻ രേ
രാമ നാമ ശും താളീ ലാഗീ
സകള തീരഥ് തേനാ തൻ മാൻ രേ"

വൈഷ്ണവർ ഒരിക്കലും മായയുടേയും മോഹത്തിൻ്റേയോ വലയിൽപ്പെടുകയില്ല, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ് കഠിനമായ വിരക്തി ഇഹലോകസുഖങ്ങളിൽ വന്നവരാണവർ

രാമനാമമായ അമൃതം പാനംചെയ്ത് നിർവൃതിനേടിയ അവർ, സ്വന്തം മനസ്സിൽ എല്ലാ തീർത്ഥങ്ങളുടേയും വാഹകരാണ്.

"വണലോഭീ നേ കപടരഹിത ഛേ
കാമക്രോധ നിവാര്യ രേ
ഭണേ നര്‍സൈയോ തേനും ദർശ്ശൻ കര്‍താ
കുല ഏകോത്തർ താര്യാ രേ"

അത്യാർത്തിയോ കാപട്യമോ ഇല്ലാത്ത വൈഷ്ണവർ കാമക്രോധങ്ങളിൽ നിന്നും മുക്തിനേടിയവനായിരിക്കും.

ഈ ഭജനയെഴുതുന്ന കവി നർസി അങ്ങനെയുള്ള മഹത്തുക്കളുടെ ദർശ്ശനം കൊതിക്കുന്നു, ആ ദർശ്ശനത്തിലൂടെ എൻ്റെ കുലത്തിനുമുഴുവൻ പുണ്യം ലഭിക്കുമാറാകും.

ലതാമങ്കേഷ്ക്കറുടെ ആ പഴയകാല ആലപനം കൂടി ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു.

ഓണവും ദീപാവലിയും മഹാബലിക്കായൊരു വടംവലിയും

അപരവിഷുവം നർമ്മദാവാലിയിലെ ദണ്ഡിബസാറിൽ (മഹാബലി യാഗം നടത്തുകയും വാമനമൂർത്തി എത്തിച്ചേർന്ന് വരം നേടുകയും ചെയ്തസ്ഥലം) ആഗസ്റ്റ് 8 നാണെന്ന് ചാർട്ടിൽ കാണാം. 

എന്നാൽ ഭാഗവതപുരാണപ്രകാരം കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തെ ആദ്യദിനം അതായത് പ്രഥമയിലാണു മഹാബലിയെ പാതാളത്തിലേയ്ക്ക് അയക്കുന്നത്. അതും മഹാബലി ഏതെങ്കിലും ലോകത്തെ കീഴടക്കി ദുർഭരണം ചെയ്തതിനാലല്ല, അദ്ദേഹത്തിൻ്റെ ഗുണങ്ങൾ കേട്ടറിഞ്ഞ മൂന്നുലോകത്തേയും പ്രജകൾ അദ്ദേഹമാണു നമ്മുടെ ഭരണാധികാരിയെന്ന് മനസ്സാലുറപ്പിച്ചപ്പോൾ സ്ഥാനം നഷ്ടപ്പെട്ട മോശം ഭരണാധികാരിയായ ഇന്ദ്രൻ്റെ പരാതിയിലാണാ നടപടിയുണ്ടായത്.
സാക്ഷാൽ മഹാവിഷ്ണുവിനു പോലും അതിൽ മനസ്താപം ഉണ്ടായതിനാൽ എന്തുവരം വേണമെന്ന് ചോദിച്ചപ്പോൾ തൻ്റെ പ്രജകളുടെ സുഖക്ഷേമങ്ങൾ നിലനിരത്തണമെന്നും അത് വർഷത്തിലൊരിക്കൽ കാണാനുള്ള അനുവാദം തരണമെന്നും ആവശ്യപ്പെട്ടു. മഹാബലിയുടെ മനസ്സ് വിഷമിക്കേണ്ട എന്നു കരുതി മഹാവിഷ്ണു അദ്ദേഹത്തിനു വിളവെടുപ്പുകാലത്ത് ഒരു ദിവസം നൽകി, അപ്പോൾ ജനങ്ങൾ കയ്യിൽ കാശുള്ളതിനാൽ സന്തുഷ്ടരായിരിക്കുമല്ലോ! ഒപ്പം വിളക്കുകൾ തെളിച്ച് അദ്ദേഹത്തെ വരവേൽക്കുമെന്നും പറഞ്ഞു, അതാണ് ദീപാവലിയുടെ രണ്ടാം നാൾ, കാർത്തികമാസത്തെ പ്രഥമയിൽ ബലിപ്രതിപ്രദ ആഘോഷിക്കുന്നത്.

എന്നാൽ സ്വയം കുറ്റബോധം തോന്നിയ മഹാവിഷ്ണു ഈ ഇന്ദ്രനായ "പുരന്ദരനു"ശേഷം മഹാബലിയാവും പുതിയ ദേവേന്ദ്രൻ എന്നും വരം കൊടുത്തു.

ത്രേതായുഗത്തിലെ രാമനും, ദ്വാപരയുഗത്തിലെ കൃഷ്നനും മുമ്പുള്ള അവതാരമാണ് വാമനമൂർത്തി, അതിനാൽ ബലിപ്രദിപദയാണ് ആദ്യം ദീപാവലിയായി ആഘോഷിച്ചിരുന്നത് എന്ന് നിസ്സംശയം പറയാം, സനാതനധർമ്മത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന്, പിന്നീട് രാവണവധവും, നരകാസുരവധവുമൊക്കെയായി ബന്ധപ്പെടുത്തിയത് മാറ്റിയെഴുതി, ഒരസുരനിൽ നിന്നും രക്ഷിച്ചെടുത്തു ഹിന്ദുമതവിശ്വാസികൾ.

അങ്ങനെ നോക്കുമ്പോൾ മഹബലി തിരിച്ചുവരുന്ന ആ നാൾ കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തെ ആദ്യദിനമാവണം. അദ്ദേഹം പാതാളമായ കേരളത്തിൽ രാജാവായി ഭരിക്കവേ എല്ലാ വർഷവും ഇവിടെനിന്നും പുറപ്പെട്ട് നർമ്മദയിൽ പോയി തിരിച്ചു വന്നിരിക്കാം. നമ്മൾ എന്തായാലും അപരവിഷുവം തിരുവോണമായി ആഘോഷിക്കുന്നതിനൊരു കാരണമേ ഞാൻ ഇതുവരെ നടത്തിയ ഗവേഷണങ്ങളിൽ കണ്ടുള്ളൂ. അത് നർമ്മദതീരത്തുനിന്നും സഹ്യൻ കടന്ന് കേരളത്തിലെത്തിയ മഹാബലി അടുത്തവർഷം അപരവിഷുവത്തിൽ ഇവിടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. അങ്ങനെ നമുക്കും മാനുഷരെല്ലാരും ഒന്നുപോലായ ഒരു ഭരണം ലഭിച്ചു. ആ ഓർമ്മകളിൽ നമ്മൾ അദ്ദേഹത്തിൻ്റെ ഓർമ്മയിൽ നന്ദിസൂചകമായി തിരുവോണം ആഘോഷിക്കുന്നു.

മൂന്നാമത്തെ കാലടി

വാമനമൂർത്തിയുടെ അവതാരപരാമർശ്ശങ്ങൾ നമുക്ക് ഋഗ്വേദം മുതൽ കാണുവാൻ സാധിക്കും, അത് ചെറിയ വ്യത്യാസങ്ങളോടെ യജുർവേദം, സാമവേദം, ഐതരേയോപനിഷദ് എന്നിവയിലെല്ലാം ഉണ്ട്. മൂന്നു ചുവടുകൾക്ക് ഇടം തേടിയെത്തിയ ആ കുറിയ ബ്രഹ്മചാരിക്കും മഹാബലിക്കുമിടയിൽ എന്താണ് സംഭവിച്ചത്?

ഋഗ്വേദം 1.22.17, യജുർവേദം 5.15

"ഇദം വിഷ്ണുർവിചക്രമേ 
ത്രേധാ നിധധേ പദം।
സമുദ്ധാമസ്യ പാംസുരേ॥"

ഇദം - ഈ വിശ്വത്തിൽ

വിഷ്ണുർ - മഹാവിഷ്ണുദേവൻ

വിചക്രമേ - ചുവടുവയ്ക്കുക

ത്രേധാ - മൂന്നുവട്ടം

നിധധേ - ഉറപ്പിക്കുക

പദം - പാദം

സമുദ്ധാം - മുങ്ങിപ്പോകുക, മാഞ്ഞുപോകുക, നിറയുക

പാംസുരേ - ധൂളികളാൽ, പൊടിയാൽ

അപ്പോൾ അതാണു സംഭവം, മഹാവിഷ്ണു മൂന്നു പ്രാവശ്യം പാദം അമർത്തി മുന്നോട്ട് നടന്നപ്പോൾ പ്രപഞ്ചമാകെ ആ പാദപതനമുയർത്തിയ ധൂളികളാൽ മാഞ്ഞുപോയി.

പ്രശ്നം.. അങ്ങനെയെങ്കിൽ 4 അടികൾ വയ്ക്കാൻ സ്ഥലം ചോദിച്ചിരുന്നോ? മൂന്നടിയിൽ പ്രപഞ്ചമാകെ അളന്നെങ്കിൽ പിന്നെ മഹാബലിക്ക് പോകുവാൻ സ്ഥലമെവിടെ? അതായത് മഹാബലി വധിക്കപ്പെട്ടു!

മലയാളികൾ വിശ്വസിക്കുന്നതുപോലെ ആണെങ്കിൽ 2 അടികൾ കൊണ്ട് പ്രപഞ്ചമളന്ന്, മൂന്നാമത്തെ പാദം വയ്ക്കാൻ സ്ഥലമെവിടെ? എന്നു ചോദിക്കുന്നു, മഹാബലി ശിരസ്സ് കാട്ടിക്കൊടുക്കുന്നു.

അതാണ് ശരി എന്നെനിക്ക് തോന്നുന്നു, കാരണം പദാർത്ഥം (പ്രത്യക്ഷമായ അർത്ഥം) നോക്കിയാലും ഭാവർത്ഥം നോക്കിയാലും മൂന്നമത്തേത് മഹാബലി തന്നെയാണ്. പഞ്ചഭൂതങ്ങളിലെ പ്രഥ്വി, അപം, അഗ്നി ഇവയെ ഒന്നായി അഥവാ ഒരു സമൂഹമായി എല്ലാ വ്യാഖ്യാതാക്കളും കാണുന്നു.

"ഓം ഭുർഭുവിർസ്വ" - ഭൂലോകം, ഭുവുർലോകം, സ്വർഗ്ഗം, ഭൂലോകമെന്നതിൽ പ്രഥ്വി, ജലം, അഗ്നി എന്നിവ ഒന്നായി ഒറ്റ പാദപതനത്തിൽ അളന്നെടുത്തു. അഥവാ പദാർത്ഥങ്ങളുടെ (മാറ്റർ) ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥയും അതിനു കാരണമായ അഗ്നിയും (താപം വർദ്ധിച്ച് ഖരം ദ്രവവും, ഖരവും-ദ്രവം വാതകവുമായി മാറുന്നു, താപം കുറയുമ്പോൾ നേരേ മറിച്ചും). അപ്പോൾ ഗോചരമായ എല്ലാം ഒറ്റ ചുവടിനാൽ അളന്നു.

പിന്നീട് ഗോചരമല്ലാത്ത വായുവും, ശക്തിമാത്രം നിറയുന്ന പരമാണുസമുദ്രമായ ആകാശവും. അവ പ്രത്യേകം തിരിച്ച് അളക്കുവാനാവുമോ പാദത്താൽ? (ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മെസോസ്ഫിയർ, തെർമ്മൊസ്ഫിയർ, എന്നിവ പ്രത്യേകവും എക്സോസ്ഫിയർ വേറെയും). അങ്ങനെവരാൻ വഴിയില്ല പദാർത്ഥവായുവുള്ള ആന്തരിക ആകാശവും, ശക്തിമാത്രമുള്ള ബാഹ്യാകാശവും (ശൂന്യാകാശം എന്നത് തെറ്റാണ് എന്ന് നാസാ തന്നെ പറയുന്നു, ബഹിരാകാശാനിലയങ്ങളിൽ സോളാർപാനലുകൾക്ക് എനർജ്ജി ലഭിക്കുന്നത് അവിടെ ശക്തിയുള്ളതുകൊണ്ടാണെന്ന് അവർക്ക് സംശയമില്ല) ഒരു ചുവടിനാൽ അളന്നു, അതായത് അഗോചരമായ പദാർത്ഥശക്തികളെ അളന്നു,

പിന്നെ മൂന്നാമത്തെ പാദത്തിനിടമെവിടെ?

ആദ്യം അളന്ന ഭൂലോകത്തിൽ മഹാബലി ഇല്ലായിരുന്നോ?

അതോ വാമനൻ മഹാബലിയെ അതിൽപ്പെടുത്താതെ ഉയർത്തിപ്പിടിച്ചിരുന്നോ?

ഈരേഴു പതിനാലു ലോകങ്ങളിൽ ബാക്കി 11 എണ്ണം മഹാവിഷ്ണു വിട്ടുകളഞ്ഞോ?

പ്രശ്ണങ്ങൾ പലതാണ്. മഹാബലി കൈവശം വച്ചിരുന്ന അഥവാ അദ്ദേഹത്തിൻ്റെ ഭരണം അംഗീകരിച്ചിരുന്ന പ്രദേശങ്ങളാണൊഴിപ്പിക്കേണ്ടിയിരുന്നത്. അത് ഭൂ, ഭുവിർ, സ്വർഗ്ഗ ലോകങ്ങൾ മാത്രമായിരുന്നു (മഹർലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നീ മുകളിലോട്ടുള്ളവയും; പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നീ താഴോട്ടുള്ളവയും തർക്കത്തിൽ ആയിരുന്നില്ല)

അവയിൽ നിന്നൊഴിപ്പിച്ചു പാതാളലോകത്തിലേയ്ക്കയച്ചു, അല്ലെങ്കിൽ മൂന്നടിയായി ഭൂലോകവും, ഭുവർലോകവും, സ്വർല്ലോകവും വാങ്ങിയപ്പോൾ മഹാബലി മറ്റൊരു ലോകത്തിലേയ്ക്ക് മാറിത്താമസിച്ചു.

ഞാൻ നിങ്ങളെ ആവശ്യത്തിലേറെ ആശയക്കുഴപ്പത്തിൽ ആക്കിക്കഴിഞ്ഞുവെന്നറിയാം. അതിനാൽ ഞാൻ പൗരാണിക വ്യാഖ്യാനങ്ങളിലൂടെ ഇതവസാനിപ്പിക്കാം.

വിഷ്ണു - ഈ പ്രപഞ്ചമാകെ, സർവ്വവ്യാപിയായ ജഗദീശ്വരൻ, ഇദം - ഈ പ്രപഞ്ചം, ഏതാണോ അദ്ദേഹത്തിൻ്റെ തന്നെ സൃഷ്ടി വിക്രമേ - ആയിട്ടുള്ള പ്രത്യക്ഷ-അപ്രത്യക്ഷ വിശ്വം, തേധാ - മൂന്നുവിധത്തിൽ സ്വയം വഹിക്കുയാണു ചെയ്യുന്നത്. അസ്യ -ഈ പ്രകാശമുള്ളതും, പ്രകാശമില്ലാത്തതും, അദൃശ്യവുമായ മൂന്നു പരമാണുവാദിരൂപത്തെ, സ്വാഹ - വ്യക്തമായും ഭംഗിയായും ദർശ്ശിക്കുവാനും, ദർശ്ശനം നൽകുവാനും കഴിയുന്ന രൂപത്തിൽ വിശ്വത്തെ ഉൾക്കൊണ്ടുകൊണ്ട് സമൂദ്ധാം - നല്ലവണ്ണം ആലോചിച്ച് സംസാരിക്കുവാൻ യോഗ്യമായരീതിയിൽ (ആലോചനകൾ അദൃശ്യമാണ്) പദം - വിശ്വത്തെ പാംസുരേ - ആകാശത്ത് സ്ഥാപിക്കുന്നു.

അപ്പോൾ വാച്യാർത്ഥപ്രകാരം നക്ഷത്രങ്ങളെല്ലാം ഒരു പാദമുദ്രയാൽ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, മറ്റപദ്രവ്യങ്ങൾ എല്ലാം രണ്ടാം പാദമുദ്രയാൽ, മൂന്നാമത് അവയ്ക്കിടയിലുള്ള ആകാശത്തെ അളന്നു. ജ്യോതിഗ്ഗോളങ്ങളെയും അല്ലാത്തവയേയും ചൂണ്ടിക്കാണിച്ചും, അദൃശ്യമായതിനെ വാക്കുകളാലും അളന്നു മഹാബലിയെ ബോദ്ധ്യപ്പെടുത്തിയെന്നും വ്യാഖ്യാനമുണ്ട്.

ഭാവാർത്ഥം പറഞ്ഞാൽ സൂര്യാദി ത്യേജോഗോളങ്ങളെ പ്രത്യക്ഷത്തിൽ ആദ്യമളന്നു, ഭൂമിപോലെയുള്ള ത്യേജോമയമല്ലാത്തഗോളങ്ങളെ പ്രത്യക്ഷത്തിൽ പിന്നീടളന്നു, അദൃശ്യ ജഗത്തിനെ മനുഷ്യൻ്റെ മസ്തിഷ്ക്കത്താൽ അളന്നു, അതായത് മഹാബലി മൂന്നാമത്തെ കാലടി വയ്ക്കാൻ ശിരസ്സ് കാണിക്കുകയും വാമനൻ ചവിട്ടുകയുമല്ല ചെയ്തത്, മഹാബലിയുടെ ശിരസ്സിലേയ്ക്ക്, ബുദ്ധിയിലേയ്ക്ക് ആ അളവ് വാമനൻ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയായിരുന്നു.

സൗഹൃദം

വസുഷേണൻ രാജസഭയിൽ പങ്കെടുക്കുന്നതിൽ സുയോധനനു സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത് സുഹൃത്തിന്റെ താൽപ്പര്യങ്ങൾക്കു വിപരീതമായേ ഭവിക്കൂ എന്നതിനാൽ ബോധപൂർവ്വം ഒഴിഞ്ഞു നിൽക്കുകയാണീയിടെയായി കർണ്ണൻ ചെയ്തിരുന്നത്. ഒരു നൂറ്റാണ്ടിൻ്റെ പ്രായവ്യത്യാസമുള്ള ആ മൂവർസംഘം ഭീഷ്മരും ദ്രോണരും, വിദുരരും കർണ്ണൻ പറയുന്നതെന്തായാലും നിഷ്ക്കരുണം എതിർത്തിരുന്നു.

ദ്രോണാചാര്യരുടെ എതിർപ്പ് കാരണമുള്ളതാണ്, അദ്ദേഹത്തിൽ നിന്നല്ലാതെ ആയോധനകലകൾ പരശുരാമനിൽനിന്നും അഭ്യസിക്കുകയും ഒരു വ്യാഴവട്ടം കൊണ്ട് താൻ പഠിപ്പിച്ച്, എതിരാളികളില്ലാത്തത്ര സമർത്ഥരാക്കി അരങ്ങേറ്റം നടത്തിയ ശിഷ്യസമൂഹത്തെ വെറുമൊരു ഹസ്തതാടനം കൊണ്ട് നിഷ്പ്രഭനാക്കുകയും അഭ്യാസക്കാഴ്ച്ച ഒരു പ്രഹസനമാക്കുകയും ചെയ്തുകൊണ്ട് അംഗരാജാവായി അഭിഷിക്തനായ സൂതപുത്രൻ ദ്രോണർക്ക് അങ്ങനെ മറക്കാനും പൊറുക്കാനുമാവുന്ന ഒരാളല്ലല്ലോ!

വിദുരർക്ക് സ്വാഭാവികമായി രാജകുടുംബാഗം എന്ന നിലയിൽ കർണ്ണനോട് അകൽച്ചയുണ്ടായപ്പോൾ, എല്ലാവരേയും വാത്സല്യത്തോടെ മാത്രം കാണുന്ന ഭീഷ്മരെന്തിനാണ് കർണ്ണനെ എല്ലായ്പ്പോഴും കയർക്കുന്നതെന്നും, സഭാമദ്ധ്യത്തിൽ അപമാനിക്കുന്നതെന്നും സുയോധനനെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. സുയോധനൻ്റെ പക്ഷം ചേർന്ന് അഭിപ്രായങ്ങൾ പറയുന്നവരിൽ കർണ്ണനെ അല്ലാതെ മറ്റാരേയും ഭീഷ്മർ ഇങ്ങനെ തേജോവധം ചെയ്യാറുമുണ്ടായിരുന്നില്ല.

സുയോധനൻ ആ മൂന്നു വയോധികർക്കും എല്ലാരീതിയിലും പ്രിയപ്പെട്ടവനും അവർ പറയുന്ന എന്തുകാര്യവും മറ്റൊന്നും ആലോചിക്കാതെ പ്രവർത്തിക്കുന്നവനുമായിരുന്നു, ഒരു കാര്യമൊഴികെ, അത് പാണ്ഡവരുമായി സ്വരച്ചേർച്ചയിൽ പോവുക എന്നത് മാത്രമായിരുന്നു. മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ വാക്കുകൾക്ക് വിലകൊടുക്കുകയും ചെയ്യുന്ന സുയോധനനെ പാണ്ഡവസന്ധിയൊഴികെ എന്തുകാര്യത്തിലും തങ്ങളുടെ ഒപ്പം നിർത്തുക ആ മൂവർസംഘത്തിനു വളരെയെളുപ്പവുമായിരുന്നു എന്നാൽ സുയോധനൻ്റെ നന്മ മാത്രം ഓരോ കാര്യത്തിലും തിരയുന്ന കർണ്ണൻ എല്ലായ്പ്പോഴും അവർക്കൊരു കണ്ണിലെ കരടായിരുന്നു.

കർണ്ണൻ്റെ വാക്കുകളെന്തും തള്ളിക്കളയുക ഒരു പതിവായപ്പോൾ പലപ്പോഴും സുയോധനൻ്റെ തികച്ചും ന്യായവും നീതികരിക്കാവുന്നതുമായ താൽപ്പര്യങ്ങൾപോലും ആ പേരിൽ ഖണ്ഡിക്കപ്പെട്ടപ്പോൾ രാജ്യസഭയിലെ ആലോചനകളിൽനിന്നും വിട്ടുനിൽക്കാൻ കർണ്ണൻ സ്വയം തീരുമാനിച്ചു. എന്നാൽ പ്രധാന കാര്യങ്ങളിൽ സഭകൂടുന്നതിനുമുമ്പുതന്നെ സുയോധനൻ്റെ കൊട്ടാരത്തിൽ കർണ്ണനും സുയോധനനും ചർച്ച ചെയ്തു തീരുമാനമെടുക്കുകയും അത് രാജസഭയിൽ അവതരിപ്പിക്കുകയും ചെയ്തുവന്നു.

അന്ന് വളരെ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ ചർച്ചകൾ സഭയിൽ നടക്കേണ്ടതും, തീരുമാനങ്ങൾ ഉണ്ടാവേണ്ടതും, അതിൻ്റെ അടിസ്ഥാനത്തിൽ പുനരാലോചനകൾ വേണ്ടതുമായതിനാൽ കർണ്ണൻ കാലത്തെ ചർച്ചകൾക്കുശേഷം പതിവുപോലെ മടങ്ങിപ്പോയില്ല. താൻ രാജസഭകഴിഞ്ഞു വരുന്നതുവരെ തൻ്റെ കൊട്ടാരത്തിൽ വിശ്രമിക്കുവാൻ കർണ്ണനോട് ആവശ്യപ്പെട്ട യുവരാജാവ് ഭാര്യ ഭാനുമതിയോട് പറഞ്ഞു

"ഞാൻ രാജസഭയിലേയ്ക്ക് പോവുകയാണ്, അതെപ്പോൾ കഴിയും? എപ്പോൾ മടങ്ങാനാവും? എന്നു നിശ്ചയമില്ല, അംഗേശനനുമായി മടങ്ങിവന്നിട്ട് ഒട്ടുംവൈകാതെ കൂടിയാലോചനകൾ നടത്തേണ്ടതുമുണ്ട്, അതിനാൽ വിരസതയൊഴിവാക്കാൻ രാജ്ഞി ഇദ്ദേഹവുമായി ചതുരംഗം കളിച്ചിരുന്നാലും.. ചതുരംഗത്തിൽ നിങ്ങൾ രണ്ടാളും വിദഗ്ധരാകയാൽ നേരമ്പോക്കാകും, എന്നെ എപ്പോഴും തോൽപ്പിക്കുന്ന ബുദ്ധിമതിയല്ലേ? ഇന്നു കർണ്ണനെയാവട്ടേ.."

ഭാനുമതി ഒട്ടുമാലോചിക്കാതെ മറുപടി നൽകി

"അങ്ങയെ എല്ലായ്പ്പോഴും തോൽപ്പിക്കാൻ എനിക്ക് കഴിയാറില്ലല്ലോ? നമ്മൾ തുല്യമായല്ലേ വിജയിക്കാറുള്ളൂ, അല്ലെങ്കിൽ അങ്ങൽപ്പം അധികവും.."

ഒരു പൊട്ടിച്ചിരിയോട് കുരുസത്തമൻ വൈകർത്തനനോട് പറഞ്ഞു

"രാധേയാ,യുദ്ധക്കളത്തിൽ ഏതു ശത്രുവിനേയും എനിക്ക് നിഷ്പ്രയാസം തോൽപ്പിക്കാനാവും എന്നാൽ ചതുരംഗക്കളത്തിൽ അങ്ങനെയല്ലല്ലോ, അതിനു ബുദ്ധിയാണല്ലോ വേണ്ടത്? അത് രാജ്ഞിയോളം ഇല്ലെങ്കിലും എനിക്ക് ആ വിജയങ്ങളുടെ രഹസ്യമറിയാം"

പിന്നീട് ഭാര്യയോടായി പറഞ്ഞു

"ഞാൻ അധികസമയം നിന്നോടൊത്ത് ഉണ്ടാകാൻ ഈ ചതുരംഗം സഹായകരമാണ്, സ്ഥിരമായി പരാജയപ്പെട്ട് എനിക്കതിൽ വിരസതയും വൈമുഖ്യവും വന്നാൽ നിനക്കെന്നോടൊത്തുള്ള സമയം കുറയും, ഇടയ്ക്ക് ജയിച്ചുകൊണ്ടിരുന്നാൽ ഓരോ തോൽവിക്കും ശേഷം അടുത്തതിൽ വിജയിക്കണമെന്ന വാശിയിൽ ഞാനിവിടുണ്ടാകും എന്ന ആ ബുദ്ധിയും അതിലൂടെ എനിക്ക് ലഭിക്കുന്ന കൃതവിജയവും മനസിലാക്കാനുള്ളത്ര ബുദ്ധിയെനിക്കുണ്ട് പ്രിയേ.."

അജമീഢൻ പോയതിനുശേഷം ചതുരംഗം ആരംഭിച്ചിട്ടും അതിരഥിയുടെ മനസ്സ് സുഹൃത്തിൻ്റെ പിന്നാലേ രാജ്യസഭയിലാണെന്ന് ഭാനുമതിക്ക് മനസ്സിലായി. അതിനാൽത്തന്നെ കർണ്ണൻ്റെ ശ്രദ്ധ ചതുരംഗക്കളത്തിലാക്കാൻ ഭാനുമതി തോറ്റാൽ പന്തയമെന്ത്? എന്നു ചോദിച്ചു, ആ ചോദ്യം കർണ്ണൻ്റെ കഴുത്തിലെ അമൂല്യ രത്നഹാരത്തിൽ കണ്ണൂന്നിയാണെന്ന് ശ്രദ്ധിച്ച അദ്ദേഹം

"ശരി ഈ ഹാരം തന്നെയാകട്ടേ പന്തയം"

എന്നു മറുപടി നൽകി.

മറുപന്തയമെന്തെന്ന കർണ്ണൻ്റെ ചോദ്യത്തിനു ഭാനുമതി തൻ്റെ കഴുത്തിൽ കിടന്ന അതിമനോഹരമായ രത്നഹാരം പിടിച്ചുയർത്തി കാട്ടി. അതോടെ ചതുരംഗം വാശിയിലായി, രണ്ടാളും വിദഗ്ധരായതിനാൽ അതേറെനേരം നീണ്ടുപോയി. ഒടുവിൽ ഭാനുമതി പരാജിതയായി, കർണ്ണൻ വിജയിച്ചു. വിജയിയുടെ ചിരിയുമായി കർണ്ണൻ പന്തയപ്പണ്ടം ആവശ്യപ്പെട്ടു.

"ഏതു ഹാരം? എന്തു പന്തയം?" കുസൃതി നിറഞ്ഞ കണ്ണുകളോടെ ഭാനുമതി തിരക്കി, പിന്നീട് എണീറ്റുകൊണ്ട് പറഞ്ഞു.

"എനിക്ക് അന്തപ്പുരത്തിൽ കുറച്ചു കാര്യങ്ങളുണ്ട്, ഈ ലഘുഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിക്കൂ"

പോകാൻ തുനിഞ്ഞ ഭാനുമതിയെ കർണ്ണൻ ഇരുന്ന ഇരുപ്പിൽ കൈയ്യിൽ പിടിച്ച് തടയാൻ ശ്രമിച്ചു, ഭാനുമതി കുനിഞ്ഞ് ഒഴിഞ്ഞുമാറി, അംഗരാജാവിൻ്റെ കൈകൾ ആ ഹാരത്തിൽ പതിഞ്ഞു, അത് പൊട്ടി രത്നങ്ങൾ നിലത്തുവീണു ചിതറി.

ചകിതനായ കർണ്ണൻ ക്ഷമചോദിച്ചുകൊണ്ടെണീറ്റ് ഭാനുമതിയുടെ കഴുത്തിൽ ഹാരം കോർത്ത സ്വർണ്ണ നൂലിനാൽ മുറിവുണ്ടായോയെന്നാദ്യം പരിശോധിച്ചു, കുഴപ്പമില്ലെന്നുകണ്ട് ആശ്വാസത്തോടെ ഭാനുമതിയുടെ മുഖത്തെ കുസൃതിക്കുപകരം കണ്ട ചിരിയുടെ കാരണം തേടി പിന്തിരിഞ്ഞു കണ്ണുകൾ പായിച്ചു. അവിടെയൊരാൾ ആ തറയിരുന്നു ചിതറിവീണ രത്നങ്ങൾ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു, സഭകഴിഞ്ഞെത്തിയ സുയോധനൻ.

സുയോധനനെ കണ്ട കർണ്ണൻ്റെ മുഖത്തേയ്ക്കും ഭാനുമതിയുടെ ചിരിപടർന്നു, പെറുക്കിയെടുത്ത രത്നങ്ങൾ കർണ്ണൻ്റെ കൈക്കുമ്പിളിൽ ബലമായി നിറച്ചുകൊണ്ട് ചിരിയോടെ കുരുപ്രവീരൻ ചോദിച്ചു

"രാജ്ഞി പരാജയപ്പെട്ടപ്പോൾ പതിവുപോലെ പന്തയം നിഷേഷിച്ചിട്ടുണ്ടാവുമല്ലേ?"

കർണ്ണൻ ഭാനുമതി കണ്ണുവച്ച സ്വന്തം രത്നഹാരം കൂടി കഴുത്തിൽ നിന്നും ഊരിയെടുക്കാൻ ശ്രമിച്ചുകൊണ്ട് മറുപടി നൽകി

"ഭാനുമതിക്ക് അത്ര പ്രിയപ്പെട്ട രത്നങ്ങളല്ലേ അവ, അത് രാജ്ഞിക്കുതന്നെ നൽകിയേക്കൂ, ഒപ്പം ഇതുമിരിക്കട്ടേ"

കർണ്ണനെ തടഞ്ഞുകൊണ്ട് കൗരവേന്ദ്രൻ ആ രത്നങ്ങൾ സമ്മാനിച്ചു.

"വിജയിയുടെ പാരിതോഷികമായി ഇതിരിക്കട്ടെ കർണ്ണാ, ഭാനുമതിക്കുള്ള തമ്മിലുള്ള സമ്മാനം അത് നേരിട്ടു കൊടുത്തേയ്ക്കൂ.."

ഇത്രയും പറഞ്ഞ ഭാര്യയുടെ അടുത്തെത്തി ഹാരം പൊട്ടിയതിനാൽ കഴുത്തിൽ ക്ഷതമേറ്റില്ല എന്നുറപ്പിച്ചുകൊണ്ടു അവളോടു പറഞ്ഞു

"രാജ്ഞിയുടെ കുസൃതികൾ നല്ലതുതന്നെ പക്ഷേ ഭർത്താവിൻ്റെ പ്രിയമാർന്ന കരങ്ങളുടെ മൃദുത്വം സഹോദരസ്നേഹത്തിൻ്റെ കുറുമ്പിനുണ്ടാവില്ല, അതിനാൽ രാധേയനോട് അൽപ്പം കരുതലോടെ ഇടപെട്ടുകൊള്ളൂ"

അങ്ങനെയൊരവസ്ഥയിൽ തൻ്റെ സുഹൃത്തിനെ അവിശ്വസിക്കാതിരുന്ന സുയോധനനാണോ, അദ്ദേഹത്തെ അവിചാരിതമായി കണ്ടിട്ടും അദ്ദേഹമതിൽ തെറ്റായൊന്നും കാണില്ല എന്നുറപ്പിച്ച് ചിരിച്ചുകൊണ്ടു നിന്ന കർണ്ണനും ഭാനുമതിയുമാണോ മികച്ച വ്യക്തിത്വങ്ങൾ എന്നു ചോദിച്ചാൽ ഉത്തരമില്ല!

സുയോധനൻ സൗഹൃദത്തിൻ്റെ കാര്യത്തിൽ അഗ്രഗണ്യനായിരുന്നു, ഒരു പക്ഷേ ദാനധർമ്മങ്ങളിലും, രണ്ടുകാര്യത്തിലും ഒരെതിരാളിയുണ്ടായിരുന്നെങ്കിൽ അതദ്ദേഹത്തിൻ്റെ തന്നെ സുഹൃത്തായ കർണ്ണൻ മാത്രമായിരുന്നെന്ന് പാണ്ഡവപക്ഷപാതിയായ കൃഷ്ണദ്വൈപായനൻ തന്നെ പറയുന്നു!

Tuesday, November 17, 2020

അപരവിഷുവവും തിരുവോണവും

പ്രകൃതിയുടെ അല്ലെങ്കിൽ ഭൂമിയുടേയും സൂര്യൻ്റേയും ചാക്രികചലനങ്ങളുടെ ഗതിവിഗതികളായ വിഷുവങ്ങളും അയനാന്തങ്ങളും സനാധനധർമ്മം കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് ജീവിതചര്യ ചിട്ടപ്പെടുത്തിയിരുന്നു. പ്രകൃതിക്കും സകലചരാചരങ്ങൾക്കും ഹാനിവരാത്ത ജീവിതനിയമങ്ങളായ സനാതനധർമ്മം പിന്നീട് വ്യവസായവൽക്കരിച്ച് ഹിന്ദുമതമായപ്പോൾ പലഗുരുതരമായ തെറ്റുകളും കടന്നുവന്നു, അവയിൽ പ്രമുഖമാണ് തിരുവോണം.

പലവട്ടം വിഷുവങ്ങൾ വിശദീകരിച്ചതിനാൽ അതിനുമുതിരുന്നില്ല. പ്രകൃതിയുടെ എല്ലാ കണക്കുകളും ഭൂമദ്ധ്യരേഖയുടെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്നതിനാൽ, ഉത്തരായനവും ദക്ഷിണായനവും 182.625 ദിവസം വീതമാണ്, ഇത് പലരേയും കുഴപ്പത്തിലാക്കുന്നുണ്ട്. നമ്മൾ ഉത്തരാർത്ഥഗോളത്തിലായതിനാൽ നമ്മളെപിന്നിട്ടശേഷം ഉത്തരായനം 23 ദിവസം കുറവും നമ്മളിലേയ്ക്ക് എത്തുന്നതുവരെ ദക്ഷിണായനം 23 ദിവസം കുറവുമാണ്; നമ്മൾ ഭൂമദ്ധ്യരേഖയിലായിരുന്നു താമസമെങ്കിൽ തീർച്ചയായും അതുരണ്ടും 91.3125 ദിവസം ആകുമായിരുന്നു.

അതായത് ഭൂമദ്ധ്യരേഖയിൽ മഹാവിഷുവം മാർച്ച് 22 നാണെങ്കിൽ നമുക്കത് ഏപ്രിൽ 14 നാണ്, അതുപോലെ അപരവിഷുവം ഭൂമദ്ധ്യരേഖയിൽ സെപ്റ്റംബർ 23 നാണെങ്കിൽ നമുക്കത് ആഗസ്റ്റ് 31 നാണ്. അതായത് കാര്യമായ മാറ്റമില്ലാതെ പ്രകൃതിയുടെ ആഘോഷങ്ങൾ ഏപ്രിൽ 14/15 നും ആഗസ്റ്റ് 30/31 നുമായി എല്ലവർഷവും നടക്കുന്നു, അതിൽ വിഷുവിനെ നമ്മൾ കൃത്യമായി എടുക്കുന്നു, പുതുവത്സരമായി ആഘോഷിക്കുന്നു.

അപരവിഷുവം നമ്മുടെ നാട്ടിൽ ആദ്യവിഷുവത്തിനുശേഷം 6 മാസം കഴിയാത്തതിനാലും, അർദ്ധവാർഷികമായി വരാത്തതിനാലും അതിനെ വിട്ടുകളഞ്ഞ് തെറ്റായ ഒരു തിരുവോണം സൃഷ്ടിച്ചെടുത്തു.

ദേശിംഗനാട് യുദ്ധം വിജയിച്ച വർഷത്തിൻ്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചപ്പോൾ മുതലാണിത് ആരംഭിച്ചത്. അതിനുമുമ്പ് അപരവിഷുവം പ്രത്യേകവും, ഭാഗവതപുരാണത്തിലെ ബാലിപ്രതിപ്രദ മഹാബലിയുടെ സന്ദർശ്ശനവുമായാണാഘോഷിച്ചു വന്നിരുന്നത്.

കൊല്ലവർഷം നിലവിൽ വരികയും, 27 നക്ഷത്രങ്ങളും, ചിങ്ങം മുതലുള്ള മാസങ്ങൾ പ്രാധാന്യം നേടുകയും ചെയ്തപ്പോൾ ഈ 116.625 ദിവസമുള്ള ഉത്തരാർദ്ധവർഷവും 248.625 ദിവസമുള്ള മറ്റൊരർദ്ധവർഷവും ഒരു കീറാമുട്ടിയായി. എന്തായാലും അർദ്ധവർഷം 118.625 ദിവസമായല്ലേ പറ്റൂ, അതിനാൽ നമ്മൾ ആഗസ്റ്റ് 30/31 നെ ഉപേക്ഷിച്ചു, അന്ന് ബലിപ്രദിപ്രദയായി വന്ന ചിങ്ങമാസത്തെ തിരുവോണത്തെ അതിനുപകരം സ്വീകരിച്ചു, അപരവിഷുവം തിരുവോണമായി തിരുത്തിയെഴുതപ്പെട്ടു.

നമ്മുടെ മുകളിലൂടെ ഉത്തരായനത്തിനു പോകുന്ന സൂര്യനാണ് മഹാവിഷുവം എന്ന വിഷുവിൽ എങ്കിൽ നമ്മുടെ അടുത്തേയ്ക്ക് ഉത്തരായനം കഴിഞ്ഞെത്തുന്ന സൂര്യനാണ് അപരവിഷുവത്തിൽ, അതുകൊണ്ടാണ് ഈ മഹാബലിയുടെ മടങ്ങിവരവ് അതിൽ കഥയായി കടന്നുകൂടിയത്, ഒരു രീതിയിൽ നമ്മുടെ നാടിനെ സൂര്യനെപ്പോലെ തേജസ്സോടെ സംരക്ഷിച്ച ആ മഹാചക്രവർത്തിയെ അപ്രകാരം ബഹുമാനിച്ചതിൽ തെറ്റുമില്ല! 

പ്രത്യേക കലണ്ടർ തുടങ്ങിയ നമ്മോടുള്ള വിരോധത്താൽ ശകവർഷക്കാർ ബലിപ്രതിപ്രദയെ എടുത്ത് കാർത്തിക മാസത്തിലെ ശുക്ളപക്ഷത്തെ ആദ്യദിനം (നമ്മുടെ പ്രഥമ) ആക്കി ദീപാവലിയുടെ കൂടെ ചേർത്തു, അങ്ങനെ അവിടെയൊക്കെ ഭാഗവതപുരാണപ്രകാരമുള്ള മഹാബലിയുടെ തിരിച്ചുവരവ് ഒക്ടോബർ, നവംബർ മാസത്തിലുമായി!

ഡിസംബറിലെ അയനാന്തം നമ്മൾ കൃത്യമായി 24 ദിവസത്തിനു ശേഷം ജനുവരി 14-16 നിടയിൽ സംക്രാന്തിയായി ആഘോഷിക്കുന്നു, എന്നാൽ ദക്ഷിണായനാന്തം നമ്മൾ വിട്ടുകളയുന്നു, ഇപ്പോഴത് അന്തർദേശീയ യോഗാദിനമായി ആചരിച്ചുവരുന്നു. പൗരാണികഗ്രീക്കുകാർ ഒളിമ്പിക്സ് തുടങ്ങിയിരുന്നതും ആ ദിവസമായിരുന്നു.

അതായത് പ്രകൃതിയുടെ നാലാഘോഷങ്ങളിൽ മഹാവിഷുവും, മകരസംക്രാന്തിയും നമ്മൾ കൃത്യമായി ആഘോഷിക്കുന്നു, ദക്ഷിണയനാന്തം വിട്ടുകളഞ്ഞു, അപരവിഷുവം തെറ്റായി തിരുവോണത്തിനാഘോഷിക്കുന്നു, ആ കുറ്റബോധത്തിൽ നിന്നാണോ ഈ 10 ദിവസത്തെ ആഘോഷമെന്നറിയില്ല, ഒരുപക്ഷേ അതിനിടയിൽ എന്നെങ്കിലും യഥാർത്ഥാപരവിഷുവം വരുമല്ലോ? 

ഇത്തവണത്തെ പ്രത്യേകത തിരുവോണവും അപരവിഷുവവും ഒന്നിച്ചാണെന്നതാണ്, അതായത് ആഗസ്ത് 31 തന്നെയാണ് തിരുവോണവും അപരവിഷുവവും വരുന്നത്. ഇതുവരെ നമ്മൾ പ്രകൃതിയെ കീഴടക്കിയെന്ന് കരുതി തിരുവോണമാഘോഷിച്ചു, ഇത്തവണ പ്രകൃതി നമ്മളെ കീഴടക്കി അപരവിഷുവം ആഘോഷിക്കുന്നു!!!

നക്ഷത്രങ്ങൾ

ദക്ഷപുത്രിമാരായ 27 നക്ഷത്രങ്ങളുടെ പേരുകളെപ്പറ്റി അറിയാൻ ശ്രമിക്കാം. സംസ്കൃതവും മലയാളവും ആവുമ്പോൾ ഇവയുടെ പേരുകൾ പലപ്പോഴും സംശയത്തിനിട വരുത്തുന്നതിനാൽ ഒരു വ്യക്തത വരുത്താനുള്ള ശ്രമം, അഭിജിത്തെന്ന 28 ആമത്തെ നക്ഷത്രം ഒഴിവാക്കപ്പെടുകയാൽ ഉള്ള ആശയക്കുഴപ്പം വേറേയും!

ആദ്യമേ ഒന്നുപറയട്ടേ നമ്മുടെ ചന്ദ്രൻ ഭൂമിയെ 27.33 ദിവസം കൊണ്ടാണു അപ്രദക്ഷിണം (കൗണ്ടർക്ലോക്ക്വൈസ്സ്) ചെയ്യുന്നത്, അമാവാസിയും കടന്ന് 29.5 ദിവസത്തിൽ ചന്ദ്രൻ കണ്ടുതുടങ്ങുന്നു. ഭാരതീയർ അതിനാൽ 27.33 നും 27.50 നുമിടയിൽ 27.42 ആയി നക്ഷത്രങ്ങളെ വിന്യസിച്ചു, അപ്പോൾ നമ്മൾ പറയുന്ന അശ്വതിമുതൽ രേവതിവരെയുള്ള നക്ഷത്രങ്ങൾ കൂടാതെ ഒന്നുകൂടിയുണ്ടാവണം, അതാണ് പൂരാടത്തിനും തിരുവോണത്തിനുമിടയിൽ ആ 0.415 ദിവസമുള്ള , ഞാൻ ഇതെഴുതുന്ന സമയത്തെ അഭിജിത്ത് നക്ഷത്രം. അഭിജിത്തിൻ്റെ ഏകദേശം 56% ഉത്രാടവും 44% തിരുവോണവും ആയി നമ്മൾ വീതിച്ചുചേർത്താണ് 27 നക്ഷത്രങ്ങളാക്കി മാറ്റിയത്.
1. അശ്വിനി - അശ്വതി - (ഇരട്ടക്കുതിരകളായ ശമനദേവതകൾ)

2. ഭരണി - ഭരണി - (യമധർമ്മൻ, മരണദേവത)

3. കാർത്തിക - കാർത്തിക - (അഗ്നി ദേവൻ)

4. രോഹിണി - രോഹിണി (ബ്രാഹ്മി) - (സൃഷ്ടാവ്, ബ്രഹ്മാവ്‌)

5. മൃഗശീർഷ - മകയിരം (ആഗ്രഹായനി) - (സോമൻ, ചന്ദ്രദേവൻ)

6. ആർദ്ര - തിരുവാതിര - നനവാർന്ന (രുദ്രൻ, പരമശിവന്റെ ഘോരരൂപം)

7. പുനർവസു - പുണർതം (യമകൗ, പുനരുദ്ധാരണത്തിൻ്റെ ഇരട്ടഭാവം) - (മാതൃദേവത, അദിതി, ഭൂമീദേവി)

8. പുഷ്യ - പൂയം (സിദ്ധ്യ) - (ഗുരു, ബ്രഹസ്പതി, വ്യാഴൻ )

9. ആശ്ലേഷാ - ആയില്യം - (ആദിശേഷൻ, സർപ്പദേവത)

10. മാഘാ - മകം - (പിതൃ ദേവത)

11. പൂർവ്വ ഫാൽഗുനി - പൂരം - (ആര്യമ , സന്ധി-ഉടമ്പടികളുടെ ദേവത)

12. ഉത്തര ഫാൽഗുനി - ഉത്രം - (ഭഗ - സന്തോഷത്തിന്റെ ദേവത)

13. ഹസ്ത - അത്തം - (സവിതർ, സൂര്യഭഗവാന്റെ (സൃഷ്ടി) രൂപം)

14. ചിത്ര - ചിത്തിര - (ത്വഷ്ടർ, വിശ്വകർമ്മാവ്)

15. സ്വാതി - ചോതി - (വായു ദേവൻ)

16. വിശാഖ - വിശാഖം (രാധ) - (ഇന്ദ്രാഗ്നി, ശക്തി, മിന്നൽ, താപം എന്നിവയുടെ ഇന്ദ്രനും അഗ്നിയും ചേർന്ന ദേവഭാവം)

17. അനുരാധ - അനിഴം - (മിത്രൻ, സൗഹൃദത്തിന്റെ ദേവത)

18. ജ്യേഷ്ഠ - തൃക്കേട്ട - (ഇന്ദ്രൻ, ദേവരാജാവ്)

19. മൂല് - മൂലം - (നിരുത്തി, സംഹാരത്തിന്റെ ദേവത, കാളി)

20. പൂർവ്വ ആഷാഢ - പൂരാടം - (അപം, ജലദേവത)

21. ഉത്തര ആഷാഢ - ഉത്രാടം - (വിശ്വദേവന്മാർ)

22. അഭിജിത്ത് - (ഉത്രാടം അവസാന 1/4 ഉം തിരുവോണം ആദ്യ 1/5 ഉം കൂടി വീതിച്ചെടുത്തു)

23. ശ്രാവണ - തിരുവോണം - (സർവ്വവ്യാപിയായ മഹാവിഷ്ണു)

24. ധനിഷ്ഠ - അവിട്ടം - (വസുക്കൾ, സമൃദ്ധിയുടെ ദേവതകൾ)

25. ശതാഭിഷ - ചതയം - (വരുണൻ, പ്രാപഞ്ചിക ജലദേവൻ)

26. പൂർവ്വഭാദ്രപ്രദ - പൂരുരുട്ടാതി - (അജൈകപാദൻ - ഒറ്റപദമുള്ള തീതുപ്പുന്നസർപ്പദേവത)

27. ഉത്തരഭാദ്രപ്രദ - ഉതൃട്ടാതി - അഹിർ ബുധന്യ - അന്തരീക്ഷ ആഴങ്ങളിലെ സർപ്പദേവത)

28. രേവതി - രേവതി - (പൂഷൻ, സൂര്യദേവന്റെ പോഷിപ്പിക്കുന്ന (സ്ഥിതി) രൂപം)

അധിദേവതകളെപ്പറ്റി ഏറെപ്പറയാനുണ്ടാവും കാരണം വേദദേവതകൾ പലർക്കും അജ്ഞാതമായ കാര്യമാണ്. പുണർതം എന്നതിനെ പുണരുന്ന നാളുകാരെന്നൊക്കെ കളിയാക്കി പറയുന്നത് കേൾക്കാറുണ്ട്, ആശ്ലേഷ എന്നതിനർത്ഥം തന്നെ ആലിംഗനം എന്നാണ്, അത് നമുക്ക് ആയില്യമാണ്. ആർദ്രയായാലും ആതിരയായാലും, നനവും, കുളിരും, കുളിയുമൊക്കെ ചേർന്നുവരുന്നു.

ഞാൻ സനാതനധർമ്മത്തിലെ പ്രാപഞ്ചികസത്യങ്ങളും അതിനെ ഹിന്ദുമതം എങ്ങനെ വളച്ചൊടിച്ച് കച്ചവടം നടത്തുന്നുവെന്നുമാണ് എഴുതുക പതിവ്. ഒരുപഗ്രഹം മാത്രമായ ചന്ദ്രനു ഗ്രഹങ്ങളുടെ നാഥനും സൗരയൂഥ അധിപന്മാരുമായ നക്ഷത്രങ്ങളെ നിയന്ത്രിക്കുവാനാകുമെന്ന് ഒരു ഗ്രന്ഥവും പറയുന്നില്ല. ആരെങ്കിലും വളച്ചൊടിച്ചു വ്യാഖ്യാനിച്ചതോ, അല്ലെങ്കിൽ സ്വയമുണ്ടാകുന്ന തെറ്റിദ്ധാരണകളോ ആണത്. അശ്വതി മുതൽ രേവതി വരെയുള്ള 28 നക്ഷത്രങ്ങൾക്ക് യഥാർത്ഥ പ്രാപഞ്ചിക ജ്യോതിഗോളങ്ങളായ നക്ഷത്രങ്ങളുമായി ഒരു ബന്ധവുമില്ല.

നമ്മൾ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ക്ലോക്ക് എന്താണ് കാണിക്കുന്നത്?

ഭൂമി സ്വയം ഒരുവട്ടം കറങ്ങുമ്പോൾ നമ്മുടെ 12 മണിക്കൂർ ക്ലോക്ക് 2 വട്ടം കറങ്ങുന്നു, 24 മണിക്കൂർ ക്ലോക്ക് 1 വട്ടം കറങ്ങുന്നു. അതിനിടയിൽ ഓരോ 1/24 നേയും നമ്മൾ മണിക്കൂർ എന്നു വിളിക്കുന്നു.

അതുപോലെ ചന്ദ്രൻ ഭൂമിക്ക് ചുറ്റും ഒരു വട്ടം കറങ്ങുന്ന സമയം കാണിക്കുന്ന ഒരു ക്ലോക്ക് നമ്മുടെ ഭിത്തിയിൽ ഉണ്ടെന്ന് കരുതുക. അത് ഒരു വട്ടം കറങ്ങാൻ 27.33 ദിവസമെടുക്കുമെന്നും അതിലെ അടയാളപ്പെടുത്തലുകൾ ഏകദേശം അതിനെ 28 ആയി വീതിച്ചണെന്നും കരുതൂ, അപ്പോൾ 0 മുതൽ1 വരെയുള്ള ഇടവേളയെ അശ്വതി എന്നു വിളിക്കുന്നു. 2 നും 3 നും ഇടയിലേത് ഭരണിയെന്നും.

ക്ലോക്കിൽ ഒരുമണിക്കൂർ ആകാൻ സൂചി 30 ഡിഗ്രി (360/12) നീങ്ങണമെന്ന് നമുക്കറിയാം. ഒരു നക്ഷത്രം നീങ്ങാൻ 13 ഡിഗ്രി 10 മിന്നിട്ട് നീങ്ങണം, 360 തികയാൻ 27 നക്ഷത്രങ്ങള്‍ 27x13.10 ബാക്കി വരുന്ന 5 ഡിഗ്രി 55 മിന്നട്ട് ആണ് അഭിജിത്ത് നക്ഷത്രം.

(ഇനി സംശയം ചോദിച്ചുവന്നാൽ ഞാൻ ഇതിൻ്റെ ലിങ്ക് നൽകുകയേയുള്ളൂ ട്ടാ..)

മഹാബലി

മഹാബലി ചക്രവർത്തി...
ക്ലബ്ബുകാർക്ക് ഓണാഘോഷമില്ലാത്ത കൊറോണക്കാലത്ത് ഇതാരപ്പാ? എന്നാലോചിച്ച് ഞാൻ തലപുകക്കവേ..

പുക കണ്ണിലടിച്ച തിരുമേനി ഒരു ശകാരം

"ഹേയ്യ് പരമമ്ലേച്ഛാ.. .. ഞാൻ ഇങ്ങനെയാണെടാ.. കുടവയറൻ പാവയെ പ്രതീക്ഷിച്ച് നോക്കിയിരുന്നോ നീ"

ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല, ഒന്നുമില്ലേലും തിരുവോണമല്ലേ..

"പ്രജതൻ ദർശ്ശനം സൗഖ്യം
സ്പർശ്ശനം ഇനി വരവിലാകാം"

അദ്ദേഹം നടന്നകന്നു..

ഞാൻ വീണ്ടും ചിന്തയിലായി..

എന്താണാവോ മഹാബലിക്കൊരു നാണ്വാർ ഭാഷ? പയ്യൻസ്സ്.. ആ കുരുപ്പ് പാതാളത്തിലേയ്ക്കാണോ പോയത്? ഇനി പാതാള കഥകളുമായി വരുമായിരിക്കും

സ്വാമി കേശവാനന്ദഭാരതിയെ സ്മരിക്കുമ്പോൾ..

ജഗദ്ഗുരു ശങ്കരാചാര്യരുടെ പ്രഥമശിഷ്യൻ തോടകാചാര്യൻ സ്ഥാപിച്ച "ജഗദ്ഗുരു ശങ്കരാചാര്യ സംസ്ഥാൻ" മഠാധിപതി എന്നതിനപ്പുറം ഇന്ത്യൻ ഭരണഘടനാമൂല്യങ്ങൾ അങ്ങനെതന്നെ ഇപ്പോഴും നിലനിൽക്കുന്നതിനു കാരണക്കാരനായ വ്യക്തി എന്ന നിലയിലൊക്കെ ടിവിയിൽ വാർത്തയും വിശേഷണങ്ങളും കണ്ടു. പതിവുപോലെ മലയാളമാധ്യമങ്ങൾ നുണപ്രചരണത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുന്നത് കണ്ടാണിതെഴുതുന്നത്.

കേരളത്തിലെ ഭൂപരിഷ്ക്കരണനിയമം 1963 (ആക്ട് 1/1964) ലാണ് കൊണ്ടുവരുന്നത്, അതിലൂടെ കേരളത്തിലെ ഭൂരിപക്ഷസമുദായത്തിലെ ജന്മിമാർ പാപ്പരാക്കപ്പെട്ടു, വ്യക്തികളുടെ കൈവശമുള്ള സ്ഥാവരവസ്തുക്കൾ ആദ്യം പിടിച്ചെടുത്ത് ആദ്യം വീതിക്കപ്പെട്ടു, പിന്നീട് മറ്റൊരു സമുദായത്തിൻ്റെ കുത്തകയാക്കപ്പെട്ടു, രാജഭരണക്കാലത്തെ ദാനങ്ങളോ, അല്ലാതെ വിലയ്ക്ക് വാങ്ങിയതോ ആയ എല്ലാ പുരയിടങ്ങളുടെ നിലങ്ങളും ഭൂരിപക്ഷത്തിനു നഷ്ടമായപ്പോൾ, ഒരു ന്യൂനപക്ഷസമുദായത്തിനു അവയെത്ര വേണമെങ്കിലും സ്വന്തമാക്കാനും, സർക്കാർ അധീനതയിലുള്ള വനം വ്യാപകമായി കയ്യേറി പതിച്ചെടുക്കാനും വഴിയൊരുക്കി.

അടുത്ത ശ്രമം ഭൂരിപക്ഷസമുദായത്തിൻ്റെ ആരാധനാലയങ്ങളുടെ അതായത്, മഠങ്ങൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ, ധർമ്മസ്ഥാപനങ്ങൾ എന്നിവയുടെ ഭൂമി പിടിച്ചെടുത്ത് അവയെ നശിപ്പിക്കുക എന്നതായിരുന്നു. 1969 ൽ (ആക്ട് 35/1969) ഇതിനായി ഇ.എം.എസ്സ്. നിയമനിർമ്മാണം നടത്തി, രണ്ടാം ഭൂപരിഷ്ക്കരണ നിയമം!

അതിനെയാണ് സ്വാമി കേശവാനന്ദ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത്. അദ്ദേഹത്തിൻ്റെ മഠത്തിൻ്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് കാരുണ്ടപ്രവർത്തനങ്ങൾക്ക് പോലും എടനീർമഠം പ്രയാസപ്പെട്ടപ്പോൾ അളമുട്ടിയാൽ ചേരയും കടിക്കുമെന്ന തത്വം ഇ.എം.എസ്സ് നെ ബോധ്യപ്പെടുത്തുകയല്ലാതെ സ്വാമിയുടെ മുന്നിൽ മറ്റുവഴികൾ ഉണ്ടായിരുന്നില്ല. രാജഭരണം മാറി ജനകീയഭരണം വന്നപ്പോൾ ഉണ്ടാക്കിയ എല്ലാം കരാറുകൾക്കും വിരുദ്ധമായ ഈ നിയമത്തിൻ്റെ സാധുത നിശ്ചയിക്കാൻ അക്കാലത്ത് അപൂർവ്വമായ 13 ജഡ്ജിമാരുടെ പാനൽ കേസ്സ് കേട്ടു. 1972 ഒക്ടോബർ- മാർച്ച് 73 വരെ 68 ദിവസത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ 1973 മാർച്ച് 23 നു ഒടുവിൽ 7-6 എന്ന ടെന്നീസ് സ്ക്കോറിൽ വാശിയേറിയ പോരാട്ടത്തിൽ ഇ.എം.എസ്സ് ന്റെ ഉദ്ദേശം തോറ്റു, സ്വാമി പരോക്ഷമായി വിജയിച്ചു. ഏറ്റവും രസകരമായ സംഗതി ഈ 13 ജഡ്ജിമാരിൽ എല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തില്‍ ഇരുപക്ഷത്തിനും അനുകൂലമായ വരികൾ എഴുതിയിട്ടുണ്ടായിരുന്നു. അതിനാൽ ഇരുകൂട്ടർക്കുമപ്പുറം ആ ഭൂരിപക്ഷവിധി ഭരണഘടനയെ സംരക്ഷിച്ചു.

ഇന്നലത്തെ വാർത്തകൾ കണ്ടാൽ സ്വാമികൾ ഇ.എം.എസ്സിനു വേണ്ടിയാണ് പോരാടിയതെന്നു തോന്നും. ഒരു കണക്കിനു നോക്കിയാൽ 1973 ൽ വന്ന ആ വിധിയാണ് അടിയന്തിരാവസ്ഥയ്ക്ക് കാരണമായത്. "ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് മാറ്റം വരുത്തുവാൻ പാർലമെൻ്റിനു കഴിയില്ല" ഏതു നിയമനിർമ്മാണത്തിലൂടെയായാലും എന്നത് ഇന്ദിരാഗാന്ധിയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

ന്യൂനപക്ഷപ്രീണനങ്ങളിലൂടെ ഭൂരിപക്ഷം തിരിഞ്ഞു തുടങ്ങിയപ്പോൾ സ്വന്തം കാലിൻ്റടിയിലെ മണ്ണ് നിലനിർത്താൻ അവർ അടിയന്തിരാവസ്ഥ കൊണ്ടുവന്നു. പിന്നീട് ഈ സുപ്രീം കോടതിവിധിയെ അടിയന്തിരാവസ്ഥയുടെ മറവിൽ അട്ടിമറിച്ചുകൊണ്ട് ഭരണഘടയുടെ അടിസ്ഥാനതത്വം അട്ടിമറിച്ച് 1976 നവംബർ 2-ന് 'ദി കോൺസ്റ്റിറ്റ്യൂഷൻ (42 അമെൻഡ്മെന്റ്) ആക്റ്റ് 1976 " പാസാക്കി ഭാരതത്തെ "സോവെർജിൻ ഡെമോക്രാറ്റിക്ക് റിപ്പ്ബ്ളിക്ക്" എന്ന 1950 ജനുവരി 26 ലെ പ്രീയാമ്പിൾ "സോവെർജിൻ സോഷ്യലിസ്റ്റ് സെക്ക്യുലർ ഡെമോക്രാറ്റിക്ക് റിപ്പ്ബ്ളിക്ക്" എന്നാക്കിമാറ്റി. അതായത് ഈ മതേതരത്വം എന്ന അശ്ലീലം കടന്നുവന്നത് സ്വാമി നേടിയ വിധിയെ അട്ടിമറിച്ചുകൊണ്ട് സ്വാതന്ത്യം കിട്ടി 30 വർഷം കഴിഞ്ഞാണ്.

ഇന്നലെ കണ്ടവാർത്തക്ളിൽ ഏറേയും കേശവാനന്ദസ്വാമി അങ്ങനെയൊരു വിധി കൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇവിടെ എല്ലാം മാറ്റിമറിച്ചേനേ എന്നാണ്, ഇന്ദിരാഗാന്ധിക്ക് മാറ്റിമറിക്കാൻ കഴിഞ്ഞു എന്നത് ഒരു സത്യമായി നിലനിൽക്കേ ഇത്തരം വാദങ്ങൾക്ക് എന്താണു പ്രസക്തി?

തൻ്റെ 19 ആം വയസ്സിൽ മഠാധിപതിയായ കേശവാനന്ദഭാരതി 29 ആം വയസ്സിൽ ആ കേസ്സിൽ എന്തിനൊക്കെ വേണ്ടിയാണ് സുപ്രീംകോടതിയിൽ പോയതെന്നുകൂടി പറഞ്ഞാലേ മലയാളത്തിലെ മതേതരമാധ്യമങ്ങളുടെ സ്ഥാപിതതാൽപ്പര്യഗൂഢാലോചന വ്യക്തമാകൂ.

1. ഭരണഘടനയുടെ ആർട്ടിക്കിൾ 25 - മതത്തിൽ വിശ്വസിക്കുവാനും പ്രചാരണം നടത്തുവാനുമുള്ള അവകാശം, നിലനിർത്തിക്കിട്ടുന്നതിനായി.

2. ആർട്ടിക്കിൾ 26 - മതപരമായ കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള അവകാശം - പുനസ്ഥാപിക്കുവാൻ.

3. ആർട്ടിക്കിൽ 14 - സമത്വത്തിനുള്ള അവകാശം സംരക്ഷിക്കുവാൻ.

4. ആർട്ടിക്കിൽ 19(1) - ധർമ്മസ്ഥാപനങ്ങൾക്ക് വസ്തുക്കൾ സമ്പാദിക്കുവാനുള്ള അവകാശം സംരക്ഷിക്കുവാൻ.

5. ആർട്ടിക്കിൾ 31 - ധർമ്മസ്ഥാപനങ്ങളുടെ സ്വത്തുവകകളുടെ നിർബ്ബന്ധിതമായ ഏറ്റെടുക്കലിൽ നിന്നുള്ള സംരക്ഷണം.

ഇപ്പോൾ ശബരിമല എയർപ്പോർട്ടിനു കെ.പി. യോഹന്നാൻ്റെ കയ്യിലുള്ള വനംവകുപ്പിൻ്റെ സ്ഥലം വിലകൊടുത്തെടുക്കാൻ നടക്കുന്നവരുടെ മുന്നിൽ സ്വാമി കേശവാനന്ദഭാരതി ഒരോർമ്മപ്പെടുത്തലാണ്, നിങ്ങളുടെ ആദിമുഖ്യമന്ത്രിയെ വിറപ്പിച്ച ഒരോർമ്മപ്പെടുത്തൽ!

കേരളത്തിൽ ഭൂരിപക്ഷ മതസ്ഥാപനങ്ങൾ പുതിയതായി ഉണ്ടായില്ലെങ്കിലും നിലനിന്നിരുന്ന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുവാൻ ബോൾഷെവിക്ക് മതക്കാർക്ക് കഴിയാതെപോയതിനു കാരണഭൂതനായ സ്വാമി കേശവാനന്ദഭാരതിക്ക് ആദരാഞ്ജലികൾ 🙏🙏🙏