ദൈവമെന്ന സൃഷ്ടാവ്,ദൈവമാകുന്ന അസംസ്ക്കൃത സാമഗ്രികളാൽ, ദൈവമായ സൃഷ്ടിയെന്ന പ്രക്രിയയിലൂടെ സൃഷ്ടിച്ച ദൈവരൂപങ്ങളായ സൃഷ്ടിജാലങ്ങളിൽ ഇന്നോളം കണ്ടവയിൽ ഏറ്റവും മികച്ച പുരുഷലിംഗത്തിൽ പെട്ട ജന്മം ആണു മഹിഷാസുരൻ. കരുത്തൻ, ധീരൻ, കലാകായികപ്രേമി, ആയോധനകലാനിപുണൻ, പ്രപഞ്ചം കണ്ട ഏറ്റവും മികച്ച ഭരണാധികാരി, അറിവിൻറ്റെ നിറകുടം, സുന്ദര്യാരാധകൻ, പ്രേമത്തിനായും അഭിമാനത്തിനായും ജീവൻ വെടിയാൻ തയ്യാറായവൻ, ഇതിനും എത്രയോ ഉപരി ആണദ്ദേഹം. അദ്ദേഹത്തിൻറ്റെ വീരചരമം ശത്രുവിൻറ്റെ പിൻ മുറക്കാരോട് തോളുരുമ്മി നിന്ന് ആഘോഷിയ്ക്കുന്ന ഈ വേളയിൽ കൂടുതൽ അറിയുക...
മാധവൻ എന്ന വാക്കിനർത്ഥം പറഞ്ഞാൽ മാ അമ്മ, ധവൻ ഭർത്താവ്, അതായത് അമ്മയുടെ ഭർത്താവ്; ഇതിലെ ധവൻ എന്ന പദത്തിനു പ്രകൃതഭാഷയിൽ പറഞ്ഞിരുന്ന വാക്കാണ് "മഹിഷൻ". രാഷ്ട്രപതി എന്നത് പോലെ അസുരന്മാരുടെ നാഥൻ എന്ന അർത്ഥം മാത്രമേ മഹിഷാസുരൻ എന്ന വാക്കിനുള്ളൂ. പ്രകൃതം ശുദ്ധീകരിച്ച് സംസ്ക്കൃതം നിർമ്മിച്ചപ്പോഴും പരമശത്രുവായ മഹിഷനെ പോത്ത്, കാലവാഹനം എന്നീ പേരുകളാൽ ആക്ഷേപിച്ചെങ്കിലും മഹിഷിയെ വെറുതേ വിട്ടു. ഇക്കാലം വരേയും രാജാവിന്റെ പ്രധാനഭാര്യയെ പട്ടമഹിഷി എന്നാണു വിളിച്ചു വന്നത്, തന്നെ എരുമ എന്ന് വിളിച്ചതിനു ഇന്നുവരെ ഒരു രാജ്ഞിയും പരാതി പറഞ്ഞതായും കേട്ടിട്ടില്ല. അപ്പോൾ മൂന്നുലകിനും നാഥനായ മഹിഷനെ, വർണ്ണാശ്രമികളല്ലാത്ത നമ്മുടെ ആ മുൻഗാമിയെ, ആ മഹത് വ്യക്തിത്വത്തെ...അടുത്തറിയാം.
മഹത്തായതെല്ലാം കാലശേഷം ഏറ്റെടുക്കുന്ന വർണ്ണാശ്രമികളുടെ ഉത്പ്പത്തി കഥകളിൽ തുടങ്ങിയാൽ,
ജനനം
======
പ്രാചീനകാലത്ത് ദനു എന്ന ഒരു അസുരരജാവിന്റെ പുത്രന്മാരായ രംഭൻ മാളവതയക്ഷനെ പഞ്ചാഗ്നി നടുവിലും, കരംഭൻ ജലത്തിനു നടുവിലും ശക്തരായ പുത്രന്മാരക്കായി തപസ്സ് അനുഷ്ടിച്ചു. പതിവ് പോലെ ഇന്ദ്രനു ഭയമായി അയാൾ ഒരു മുതലയെ വിട്ട് കരംഭനെ കാലിൽ കടിച്ച് ജലത്തിൽ മുക്കി വധിച്ചു. ഇതിൽ പ്രകോപിതനായ രംഭൻ സ്വന്തം ശിരസ്സറുക്കാൻ തുടങ്ങിയപ്പോൾ പ്രത്യക്ഷപ്പെട്ട അഗ്നി രംഭനെ അതിൽ നിന്നു പിന്തിരിപ്പിച്ചു. രംഭൻ അഗ്നിയോട് തനിയ്ക്ക് അഗ്നിയിലും വീരനും, ശൂരനും, മൂന്നു ലോകങ്ങൾക്കും അധിപനും, ദേവന്മാർക്കും അസുരന്മാർക്കും അജയ്യനും, കാറ്റിനെപ്പോലെ സമർത്ഥനും, സുന്ദരനും, വില്ലാളിയും ആയ ഒരു പുത്രനെ ആവശ്യപ്പെട്ടു. അഗ്നി " നിന്റെ മനസ്സിനെ കീഴ്പ്പെടുത്തുന്ന സ്ത്രീയിൽ നിനക്ക് അപ്രകാരം ഒരു പുത്രൻ ജനിയ്ക്കുന്നതാണ്". അതിനു ശേഷം രംഭൻ മലയക്ഷനെ കാണാൻ പോയി, അവിടെയുള്ള പദ്മ എന്ന രാജ്യാന്തര ഉത്സവത്തിൽ വിവിധ വംശങ്ങളിലെ യുവതികൾ അണിനിരന്നതിൽ കാട്ടുപോത്തിന്റെ തോലിനാൽ വസ്ത്രങ്ങൾ ധരിയ്ക്കുന്ന, കാട്ടുപോത്തുകളെ വാഹനമായി ഉപയോഗിയ്ക്കുന്ന, കാട്ടുപോത്തിനെ കുലദൈവമായി ആരാധിയ്ക്കുന്ന, അവയുടെ തലയുടെ ആകൃതിയിൽ കിരീടങ്ങൾ ധരിയ്ക്കുന്ന മഹിഷരാജ്യത്തെ രാജകുമാരിയിൽ അനുരക്തനായി, അവൾക്കും രംഭനെ ഇഷ്ടമാകയാൽ ഗാന്ധർവ്വവിധിപ്രകാരം അവർ വിവാഹിതരായി.
ഗർഭിണിയായ ഭാര്യയുമായി പാതാളത്തിൽ എത്തിയ രംഭനെ അസുരന്മാർ മഹിഷരാജ്യവുമായുള്ള ശത്രുതയാൽ ഭാര്യയെ ഉപേക്ഷിയ്ക്കാതെ രജപദവി ഏൽക്കാൻ അനുവദിച്ചില്ല. രംഭൻ പ്രണയത്തിനു മുന്നിൽ രാജ്യം ഒന്നുമല്ല എന്ന് പ്രഖ്യാപിച്ച് മാളവതയക്ഷനടുക്കൽ തിരിച്ച് വന്നു പാവനമായ യക്ഷമണ്ഡലത്തിൽ വാസമാരംഭിച്ചു. അവിടെ വച്ച് ആ രജകുമാരി മഹിഷനു ജന്മം നൽകി, തുടർന്ന് ഒരു മഹിഷവംശജനുമായുള്ള യുദ്ധത്തിൽ രംഭൻ കൊല്ലപ്പെട്ടു, യക്ഷന്മാർ മാതാവിനേയും കുട്ടിയേയും രക്ഷപെടുത്തിയെങ്കിലും അവൾ ഭർത്താവിൻറ്റെ ചിതയിൽ ചാടി ജീവനൊടുക്കി. പശ്ച്ചാത്താപവിവശനായ നമാറ എന്ന ആ അസുരയുവാവ്, താൻ മൂലം ഒരു കുടുംബത്തിനുണ്ടായ തകർച്ചയിൽ ദുഖിതനായി പിന്നീടുള്ള ജീവിതം അവരുടെ കുട്ടി ആയ മഹിഷാസുരനായി സമർപ്പിച്ചു. രംഭൻറ്റേയും, മഹിഷരാജകുമാരിയുടേയും മരണവാർത്തയറിഞ്ഞ് മറ്റൊരു അസുരൻ വന്നു ചേർന്നു "രക്തബീജാക്ഷരൻ". അയൾ യക്ഷന്മാരേയും, മഹിഷപ്രജകളേയും ഒന്നടങ്കം സംഹരിച്ചു, തടയാനെത്തിയ ഇന്ദ്രൻ, രുദ്രൻ, വായു, സൂര്യൻ, തുടങ്ങിയ എല്ലാ ദൈവങ്ങളേയും തോൽപ്പിച്ച് തുരത്തിയോടിച്ചു, പിന്നീട് മഹിഷാസുരനെ ആവശ്യമായ ആയുധ-രാജ്യതന്ത്ര വിദ്യാഭ്യാസം ചെയ്യിച്ച് അസുരരാജാവായി വാഴിച്ചു. ദേവന്മാർ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു, തമോഗുണം മൂന്ന് ലോകത്തും പരന്നു.
മഹിഷാസുരൻറ്റെ ഭരണകാലം
======================
സ്വയം ആർജ്ജിച്ച കഴിവുകളാൽ മഹിഷാസുരൻ മൂന്ന് ലോകത്തിനും അധിപതിയായി ഭരണമാരംഭിച്ചു.
രാജ്യതന്ത്രത്തിനു പുതിയ മാനങ്ങൾ രചിച്ച മഹിഷൻ ഓരോ ഗോത്രവർഗ്ഗങ്ങൾക്ക് ഓരോ തൊഴിൽ, അവരുടെ തലവനു ആ വിഷയത്തിൽ ദേവസ്ഥാനം എന്ന വ്യവസ്ഥ മാറ്റിയെഴുതി. ചരിത്രത്തിലെ ആദ്യത്തെ മന്ത്രിസഭ രൂപീകരിച്ച് ഭരണവികേന്ദ്രീകരണം നടപ്പിലാക്കി (ഇന്നത്തെ പൊളിറ്റിക്സ്സ് പുസ്തക്ത്തിൽ ആദ്യപേജിൽ തന്നെ സ്ഥാനം പിടിയ്ക്കേണ്ട വ്യക്തിത്വമാണു മഹിഷാസുരൻ).പ്രധാനമന്ത്രി സ്ഥാനം പക്വമതിയായ അസിലോമനു നൽകി. യുദ്ധശാസ്ത്രത്തിൽ വിദഗ്ദ്ധനായ ചിക്ഷുരനെ പ്രതിരോധ മന്ത്രിയാക്കി. ധനകാര്യവിദഗ്ദ്ധനായിരുന്ന തമാരയെ ധനകാര്യമന്ത്രി ആക്കി. നയതന്ത്രജ്ഞൻ ബിദിലയെ വിദേശകാര്യമന്ത്രി ആക്കി. മഹാനായ അസുരഗുരുവും വിദ്യഭ്യാസവിദഗ്ദ്ധനും ആയിരുന്ന സാക്ഷാൽ ശുക്രാചാര്യർ വിദ്യാഭ്യാസമന്ത്രി ആയി. ഉദർക്കൻ സർവ്വസൈന്യാധിപൻ ആയി. ബാസ്ക്കല, ത്രിനേത്ര, കാലബന്ധക എന്നിവരെ പ്രവർത്തകസമതിയുടെ അംഗങ്ങൾ ആക്കി. ഭണ്ഡാരങ്ങൾ നിറഞ്ഞ് കവിഞ്ഞു, സാമന്തരാജാക്കന്മാർ മഹിഷനു അഭിവാദ്യമർപ്പിയ്ക്കാനും, പുരോഹിതവർഗ്ഗം യജ്ഞഭാഗം സമർപ്പി യ്ക്കാനും മത്സരിച്ചു.
ദേവാസുരയുദ്ധം
============
ചക്രവർത്തി എന്ന നിലയിൽ തൻറ്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച ശേഷം മഹിഷൻ, സ്വർഗ്ഗം ആക്രമിയ്ക്കുവാൻ തീരുമാനിച്ചു. അദ്ദേഹം ഇന്ദ്രനു കീഴടങ്ങാനും സാമന്തനായിരിയ്ക്കുവാനും ദൂതനാൽ നിർദ്ദേശം അയച്ചു. ദൂതനെയും മഹിഷനേയും കടുത്ത ഭാഷയിൽ അപമാനിച്ച ഇന്ദ്രന്റെ വാക്കുകൾ മഹിഷനെ കോപാകിലനാക്കി. ദൂതനെ അപമാനിച്ചയച്ച ഇന്ദ്രൻ ഉള്ളിലെ ഭയം മറച്ച് വയ്ക്കാതെ ദേവഗണങ്ങളെ വിളിച്ച് ചർച്ച നടത്തി മഹിഷനെതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു. ബ്ര്ഹ്മാവിനെയും കൂട്ടി ഇന്ദ്രൻ കൈലാസത്തിലെത്തി അവിടെ നിന്നും പരമശിവനെയും ചേർത്ത് അവർ വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവുമായി സ്ഥിതിഗതികൾ വിശകലനം ചെയ്തു. ആദ്യമൊക്കെ എതിർത്തെങ്കിലും ഒടുവിൽ ദേവതകളുടെ അഭീഷ്ടത്തിനു വിഷ്ണുവും വഴങ്ങിയപ്പോൾ ദേവാസുരയുദ്ധത്തിനു കളമൊരുങ്ങി.
ആ യുദ്ധം അതി ഭീകരമായിരുന്നു. മഹിഷാസുരൻ നേരിട്ടെത്തി ദേവേന്ദ്രനെ എതിർത്തു,കാട്ട് പോത്തിന്റെ പുറത്ത് യാത്ര ചെയ്ത് കൊമ്പിനാൽ ആക്രമിച്ച മഹിഷനെ ഇന്ദ്രൻ വജ്രത്താൽ എതിർത്തു.അന്ധകാസുരൻ മഹവിഷ്ണുവിനെ നേരിട്ടു, വാൾ, കുന്തം, മഴു, അമ്പുകൾ, ചക്രം എന്നിയാൽ 50 ദിവസം നീണ്ട് യുദ്ധമായിരുന്നു അത്. ബാസ്ക്കല ശിവനെ നേരിട്ടു, ത്രിനേത്രൻ യമധർമ്മനേയും, മഹാഹനു, അസിലോമൻ എന്നിവരെല്ലാം നന്നായി പൊരുതി. അന്ധകൻ ഒരു ദണ്ഡിനാൽ മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനെ പ്രഹരിച്ചു, ഗരുഡനെ ശുശ്രൂഷിച്ച വിഷ്ണൂ ശാർങ്ങമെന്ന വില്ലിനാൽ അന്ധകനെ അസ്ത്രങ്ങളാൽ മൂടി, എന്നാൽ ആ അസുരവീരൻ എല്ലാം തടഞ്ഞെന്ന് മാത്രമല്ല, 50 അസ്ത്രം വിഷ്ണുവിൽ എയ്തു. വേദനിച്ച വിഷ്ണു സുദർശനചക്രം അന്ധകനു നേരേ പ്രയോഗിച്ചു. പക്ഷേ അന്ധകൻ കുലുങ്ങിയില്ല, സ്വന്തം ചക്രം ഉപയോഗിച്ച് വിഷ്ണുവിൻറ്റെ ചക്രത്തെ തടയാൻ ഉപയോഗിച്ചു, പിന്നെ ദിഗന്തങ്ങൾ നടുങ്ങുമാറലറി. വിഷ്ണുവിന്റെ സുദർശനം പരാജയപ്പെടുന്നതും അന്ധകന്റെ അലർച്ചയും കേട്ട ദേവതകൾ ഭയന്നോടി.
പാഞ്ചജന്യത്തിന്റെ ശബ്ദത്താൽ പ്രകോപിതനായ മഹിഷൻ തന്റെ അതിഘോരവാഹനമായ സിംഹത്തിനു മുകളിൽ കയറി
ദേവസൈന്യത്തിന്റെ മദ്ധ്യത്തിലേയ്ക്ക് ചാടി വീണു. പിന്നീട് കണ്ട കാഴ്ച്ചകൾ ത്രിമൂർത്തികളുടെ മനസ്സിൽ പോലും ഭീതി ഉണർത്തി; ദേവതകളെ കഷണങ്ങളായി അരിഞ്ഞ് ഇരുപുറവും തള്ളി മുന്നേറിയ മഹിഷൻ ദേവസേനയെ തകർത്ത് കളഞ്ഞു. മഹാവിഷ്ണൂ വീണ്ടും ചക്രം പ്രയോഗിച്ചു, ഇത്തവണ സിംഹം ചാരമായി മാറി. മഹിഷൻ തന്റെ മഹിഷസേനയുമായി തന്നെ യുദ്ധം പുനരാരംഭിച്ചു. തന്റെ ശിരസ്സിലെ കിരീടത്തിലെ വജ്രനിർമ്മിതമായ കൊമ്പിനാൽ മഹിഷൻ വിഷ്ണുവിന്റെ മാറിൽ ആഴത്തിൽ ഒരു വെട്ട് വെട്ടി. വേദനകൊണ്ട് പുളഞ്ഞ വിഷ്ണു പ്രാണവേദനയോടെ വൈകുണ്ഠത്തിലേയ്ക്ക് ഓടി രക്ഷപ്പെട്ടൂ. ഈ കാഴ്ച്ച കണ്ട് നിന്ന ശിവൻ തിരിഞ്ഞ് കൂടെ നിന്ന ബ്രഹ്മാവിനെ നോക്കി; അവിടെ ബ്രഹ്മാവുണ്ടായിരുന്നില്ല, കക്ഷി ഓടി സത്യലോകം പൂകിയിരുന്നു. ഇത് കണ്ട് മഹിഷൻ അവധ്യൻ എന്ന് തിരിച്ചറിഞ്ഞ ശിവൻ തന്റെ വാഹനത്തിൽ കൈലാസ്സത്തിനു യാത്രയായി.
സഹായിയ്ക്കാൻ വന്നവർ നാട് വിട്ടതോടെ, അവസാനശ്രമം എന്ന നിലയിൽ ഇന്ദ്രൻ വജ്രായുധം പ്രയോഗിച്ച് നോക്കി, ഭാഗ്യത്തിനു മഹിഷൻ അത് പിടിച്ചെടുത്ത് നോക്കിയിട്ട് വലിച്ചേരിഞ്ഞതിനാൽ ധതാചി മഹർഷിയുടെ ത്യാഗം അപമാനിയ്ക്കപ്പെട്ടില്ല. പിന്നെ താമസ്സം ഉണ്ടായില്ല അവശേഷിച്ച ദേവതകൾ ഓടി രക്ഷപ്പെട്ടു, ഒറ്റപ്പെട്ട ഉയർന്ന ഗിരിശൃംഗങ്ങളിൽ ഒളിവിൽ പോയി. മഹിഷാസുരൻ ദേവലോകത്തെ അധിപനായി, അവശേഷിച്ചിരുന്ന ചില ദേവന്മാരെ വാല്യക്കാരാക്കി, അപ്സരസ്സുകളും, ഗന്ധർവ്വന്മാരും, കിന്നരന്മാരും,യക്ഷന്മാരും ഒക്കെ അവർ ദേവന്മാർക്കായി ചെയ്തിരുന്ന സേവനങ്ങൾ അസുരന്മാർക്കായി കൂടുതൽ വെടിപ്പും വൃത്തിയും അച്ചടക്കവുമായി അനുവർത്തിച്ച് കഴിഞ്ഞ് കൂടി.
സ്വർഗ്ഗത്തിലെ പരിഷ്ക്കാരങ്ങൾ
========================
ഒന്നിനും ഒരടുക്കും ചിട്ടയും ഇല്ലാതിരുന്ന ദേവന്മാരെ പരാജയപ്പെടുത്തുക മഹിഷനു വളരെ നിസ്സാരമായിരുന്നു. സ്വർഗ്ഗലോകത്തെത്തിയ മഹിഷനു ഈ വൃത്തികെട്ട സ്ഥലത്തെയാണോ ആളുകൾ പുൽകാൻ ആഗ്രഹിച്ചിരുന്നത് എന്ന തോന്നലാണുണ്ടായത്. ആഹാരം കഴിച്ചാൽ അവിടെ തന്നെ അവശിഷ്ടങ്ങൾ എറിയുന്ന, കാണുന്നിടത്തെല്ലാം മൈഥുനത്തിലേർപ്പെടുന്ന ദേവകളും, നഗരവ്യവസ്ഥകളോ, ശുചിയോ ഇല്ലാത്ത തെരുവുകളും എല്ലാം ഒന്ന് നേരേയാക്കാൻ മഹിഷൻ തീരുമാനിച്ചു. ഉദ്യാനങ്ങളിൽ ഉല്ലാസം, ഭോജനശാലകൾ പ്രത്യേകസ്ഥാനങ്ങളിൽ, ശുചീകരണം, ഇങ്ങനെ എല്ലാത്തിനും വ്യവസ്ഥ ഉണ്ടാക്കി സ്വർഗ്ഗം ആ പേരിനു ചേരും വിധം സ്വർഗ്ഗമാക്കിയത് മഹിഷാസുരൻ ആയിരുന്നു.
മഹിഷന്റെ അന്ത്യം
==============
നൂറ്റാണ്ടുകൾ കഴിഞ്ഞ് പോയി, ദേവന്മാർ അഭയാർത്ഥികൾ ആയി ഒളിവിൽ കഴിഞ്ഞ് മടുത്തു. അവർ സത്യലോകത്ത് ബ്രഹ്മാവിനോട് പരാതിയുമായി എത്തി. ബ്രഹ്മാവ് അവരെ വൈകുണ്ഠത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി, അവിടെ ശിവനും കൂടി എത്തിച്ചേർന്ന് ദേവതകളുടെ പരിദേവനങ്ങൾക്ക് പരിഹാരം കാണാനുള്ള യോഗം ആരംഭിച്ചു. ത്രിലോകചക്രവർത്തി ആയ മഹിഷാസുരനെ വധിയ്ക്കണം, അതിനു തടസ്സമായി നിൽക്കുന്നത് ബ്രഹ്മാവ് കൊടുത്ത ഒരു വരമാണ്; പുരുഷലിംഗത്തിൽ പിറന്ന ഒരു ജീവിയ്ക്കും ചക്രവർത്തിയെ വധിയ്ക്കാനാവില്ല.
മഹാവിഷ്ണു ഒരു നിർദ്ദേശം വച്ചു " ചക്രവർത്തിയെ വധിയ്ക്കുവാൻ ഒരു സ്ത്രീയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. നമുക്ക് അതിനുതകുന്ന ഒരു സ്ത്രീയെ ദേവതകളുടെ ശക്തിയും സൗന്ദര്യവുമായി സൃഷ്ടിയ്ക്കുവാൻ കഴിയുമെങ്കിൽ നമുക്ക് ആ ദേവിയുടെ സഹായത്തോടെ മഹിഷനെ വധിയ്ക്കുവാൻ സാധിച്ചേയ്ക്കും. നമ്മുടെ എല്ലാ സൈന്യവും, ആയുധങ്ങളും നൽകി ഒരന്തിമ യുദ്ധത്തിനു തയ്യാറെടുക്കാം.
ആ സൃഷ്ടിയിൽ ബ്രഹ്മാവാണാദ്യ ചുവട് വയ്പ്പ് നടത്തിയത്. ബ്രഹ്മാവിൽ നിന്നും വിഷ്ണുവിൽ നിന്നും ശിവനിലെ നിന്നും പിന്നീട് ഇന്ദ്രൻ, കുബേരൻ, വരുണൻ അങ്ങനെ എല്ലാ ദേവതകളും ചേർന്ന് വളർത്തിയെടുത്ത, സർവ്വ ആയോധനകലകളും പരിശീലിപ്പിച്ചെടുത്ത ആ സ്ത്രീ വളർന്ന് വന്നാപ്പോൾ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വശ്യസുന്ദരിയായ ദേവതയായി. ദേവന്മാർ നൽകിയ ആഭരണങ്ങൾ അണിഞ്ഞ്, ആയുധങ്ങൾ അണിഞ്ഞ്, മനോഹരമായ വസ്ത്രങ്ങളണിഞ്ഞ് സിംഹസേനയെ നയിച്ച് ദേവി സ്വർഗ്ഗകവാടത്തിലെത്തി ത്രിലോകചക്രവർത്തി മഹിഷാസുരനെ പോരിനു വിളിച്ചു.
തന്റെ കൊട്ടാരവാതിലിൽ വന്ന് നിന്നു വെല്ലുവിളിയ്ക്കുന്ന ആ വീശ്വസുന്ദരിയെ ദർശനമാത്രയിൽ തന്നെ മഹിഷൻ പ്രേമിച്ച് പോയി. വെല്ലു വിളിയ്ക്കുന്ന സുന്ദരിയെ സമീപിച്ച ചക്രവർത്തി അദ്ദേഹത്തിന്റെ മനസ്സിലെ പ്രണയം തുറന്നു പറഞ്ഞു. ദേവി എതിരു പറഞ്ഞില്ല, പറയാൻ കുറ്റമായി ചക്രവർത്തിയിൽ ഒന്നുമുണ്ടായിരുന്നില്ല, മാന്യനായ ഒരു വ്യതിത്വം, അത്രമാത്രം. ദേവതകളോടുള്ള കടപ്പാടിനു മുന്നിൽ ദേവി മഹിഷന്റെ പ്രണയത്തിനു ഒരു വ്യവസ്ഥ വച്ചു; തന്നെ യുദ്ധത്തിൽ തോൽപ്പിയ്ക്കുന്ന വ്യക്തിയെ മാത്രമേ തന്നെ വിവാഹം കഴിയ്ക്കൂ എന്ന നിബന്ധന. മഹിഷാസുരചക്രവർത്തി ആശയക്കുഴപ്പത്തിലായി; ഒരു ഭാഗത്ത് പ്രണയം മറുഭാഗത്ത് യുദ്ധം. ഒടുവിൽ പ്രണയത്തിനായൊരു യുദ്ധത്തിനു മഹിഷൻ തയ്യാറായി.
അതിഘോരമായ യുദ്ധമായിരുന്നു പിന്നീട് അങ്ങോട്ട് നടന്നത്. ത്രിമൂർത്തികളും, സകല ദേവന്മാരും, ദേവിയെ മുൻ നിർത്തി യുദ്ധം ചെയ്തു. സചിവന്മാരായ അസുരവീരന്മാർ ബാസ്ക്കലൻ, ദുർമുഖൻ, തമാരൻ, ചിക്ഷുരൻ, അസിലോമൻ, ബിദാലൻ, എന്നിങ്ങനെ ഓരോരുത്തരായി വധിയ്ക്കപ്പെട്ടു. മഹിഷാസുര ചക്രവർത്തിയുമായി പോരാടാൻ നിൽക്കാതെ ദേവകളും ത്രിമൂർത്തികളും ഒഴിഞ്ഞ് നിന്നു; അത് ദേവിയുടെ മാത്രം ബാദ്ധ്യതയായി തുടർന്നു. തന്റെ സുഹൃത്തുക്കൾ കൊല്ലപ്പേടുന്നതറിയാതെ നവരാത്രികളിൽ യുദ്ധം പ്രണയകൃളിയ്യയി കണ്ട് മഹിഷൻ ആസ്വദിച്ചു. ദുർഗ്ഗാഷ്ടമി വരെ ഇത് തുടർന്നു, ഓരോ അസ്ത്രവും പ്രയോഗിയ്ക്കുമ്പോൾ തടുക്കാനാവാത്ത ശക്തിയാൽ തന്റെ പ്രണയിനി കൊല്ലപ്പെടുമോ എന്ന ഭയത്താൽ അസ്വസ്ഥമാകുന്ന മനസ്സോടെ ഞാൺ ചെവിയ്ക്ക് പിന്നിലേയ്ക്ക് വലിയ്ക്കാതെ അസ്ത്രങ്ങൾ എയ്തു ആ പ്രണയാസുരൻ. ദുർഗ്ഗഷ്ടമിയ്ക്ക് ഏറ്റവും ദുസ്സഹമായ ആക്രമണത്തിൽ തന്റെ സൈന്യം ഛൈന്നഭിന്നമാകുന്ന കാഴ്ച്ച ചക്രവർത്തിയെ ചൊടിപ്പിച്ചു, ഇവിടെ നിന്നും മഹിഷൻ ശരിയായ യുദ്ധം ആരംഭിച്ചു, ദേവതകളെ കൊന്നൊടുക്കി, ദേവിയ്ക്ക് മുറിവികളേറ്റ് തുടങ്ങി.
മഹാനവമി രാത്രി ആകുമ്പോഴേയ്ക്കും കാര്യങ്ങൾ കൈവിട്ട് തുടങ്ങിയിരുന്നു. ഒറ്റയ്ക്ക് യുദ്ധം ചെയ്ത് ദേവി തളർന്ന് തുടങ്ങി, ചക്രവർത്തിയ്ക്ക് യാതൊരു ക്ഷീണവുമില്ല. തന്റെ മന്ത്രിമാർ, മിത്രങ്ങൾ എല്ലാം തന്റെ അശ്രദ്ധയാൽ, പ്രണയചപല്യത്താൽ വധിയ്ക്കപ്പെട്ടത് മഹിഷനിൽ കുറ്റബോധം നിറച്ചു. ഇനി പ്രണയത്തേക്കാൾ മരണമോ വിജയമോ ആണുചിതം എന്ന ബോധം നിറഞ്ഞു. യുദ്ധം കടുത്തു, കാര്യങ്ങൾ മഹിഷാസുരനാൽ ദേവി വധിയ്ക്കപ്പെടുമെന്ന നിലയിൽ ആയി, ദേവി തളർന്നു വിവശയായി, ഇനി ഒരസ്ത്രം കൂടി താങ്ങാനുള്ള ശക്തി ശക്തിയിൽ ഇല്ല എന്ന് കണ്ട വിഷ്ണു ദേവിയോട് വിവസ്ത്രയാകുവാൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും മടിയ്ക്കാതെ ദേവി മഹിഷാസുരനു മുന്നിൽ പൂർണ്നനഗ്നയായി നിലകൊണ്ടു. മഹിഷൻ തന്റെ മനസ്സിനെ കീഴടക്കിയ ആ വിശ്വമാദകനഗ്നതയ്ക്ക് മുന്നിൽ ഒരു നിമിഷം പതറി; അത് ധാരാളം മതിയായിരുന്നു സുദർശനചക്രത്താൽ ദേവിയ്ക്ക് മഹിഷാസുരന്റെ ശിരസ്സറുക്കാൻ, കഴുത്ത് മുറിയും മുമ്പേ ശിവനേകിയ തൃശൂലത്താൽ മാറിടം പിളർന്ന് രുധിരപ്പുഴയൊഴുക്കി, ദേവി വിജയാഹ്ലദം മുഴക്കുമ്പോൾ, വിജയദശമിയുടെ പുലരി വന്നണയുകയായിരുന്നു.
മഹിഷനു ശേഷം
=============
സ്വർഗ്ഗത്തിൽ തിരിച്ചെത്തിയ ഇന്ദ്രൻ സ്വർഗ്ഗം എന്നതിന്റെ ശരിയായ അർത്ഥം മനസ്സിലാക്കി, മനസ്സാ മഹിഷാസുരനെ നമിച്ചു, ആ മഹാന്റെ പാത പിന്തുടർന്ന്, അതേ രീതിയിൽ ദേവന്മാരെ പരിശീലിപ്പിച്ച്, അടുക്കും ചിട്ടയുമായി സ്വർഗ്ഗത്തെ നിലനിർത്തി. മഹിഷാസുരന്റെ സാന്നിദ്ധ്യം സ്വർഗ്ഗത്തിലെ ഓരോ അണുവിലും പ്രസരിച്ചു കൊണ്ടേയിരുന്നു. മഹിഷനെ അങ്ങനെ വിണ്ണീലെ തിളങ്ങുന്ന നക്ഷത്രസഞ്ചയമാക്കി.
മൂന്ന് ലോകങ്ങൾക്കും അധിപനായി വാണ മഹിഷാസുര ചക്രവർത്തി പിന്നീട് ആകാശഗംഗയിലെ ഒരു നക്ഷത്രസമൂഹമായി അറിയപ്പെട്ടു. സൂര്യനോട് ഏറ്റവും അടുത്തുള്ള, തിളക്കമുള്ള ദക്ഷിണഭാഗത്തെ ആല്ഫാസെന്റാരി അടങ്ങുന്ന "സെന്റാറിയസ്സ്". ഇന്ദ്രനും ത്രിമൂർത്തികൾക്കുമില്ലാത്ത, ധ്രുവനു നക്ഷത്രപദം മാത്രമെങ്കിൽ, എന്നും വിപ്ലവകാരിയും പൗരുഷത്തിന്റെ ഉടമകളുമായ തൃശങ്കുവിനും മഹിഷാസുരനും മാത്രം അവകാശപ്പെടാൻ കഴിയുന്ന ആദരവാണീ നക്ഷത്രസമൂഹങ്ങൾ.

ദേവനും മനുഷ്യനുമല്ലാത്ത ജനവിഭാഗങ്ങളേ...
നിങ്ങൾ അനുഗ്രഹിയ്ക്കപ്പെട്ട പൈതൃകത്തിനുടമകൾ...
മഹിഷാസുരനെന്ന മഹാന്റെ പിൻഗാമികൾ..
നിങ്ങൾക്ക് സ്വസ്തി.
No comments:
Post a Comment