Friday, December 18, 2015

വരിശകൾ

സംഗീതമായാലും.... നാട്യശാസ്ത്രമായാലും.... ഇനി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെ ആയാലും ശരി; വിക്രമാദിത്യകഥകൾ പോലെ രസകരമായി വേണം പകർന്നു കൊടുക്കുവാൻ എന്നതാണെന്റെ അഭിപ്രായം. അതാതു മേഖലകളിൽ പ്രാവീണ്യം നേടിയവർ അതിനെതിരെ പല്ലും, നഖവും, മുടിയും, കരിമ്പനയും, യക്ഷിയുമൊക്കെയായി എതിർത്തെന്നു വരാം, കാര്യമാക്കുന്നില്ല. കാരണം ഏൻ വഴി..തനീ വഴി...

"ഒറ്റക്കമ്പി നാദം മാത്രം മൂളും 
വീണാ ഗാനം ഞാന്‍
ഏക ഭാവം ഏതോ താളം 
മൂക രാഗ ഗാനാലാപം 

ഈ ധ്വനി മണിയില്‍ 
ഈ സ്വര ജതിയില്‍ 
ഈ വരിശകളില്‍ "

സംഗീതം പ്രാഥമികവിദ്യാഭ്യാസ കാലത്തല്ലാതെ അഭ്യസിച്ചിട്ടില്ല, അതിനാൽ തന്നെ തേനും വയമ്പും എന്ന ചിത്രത്തിനായി ബിച്ചു തിരുമല രചിച്ച മുകളിൽ പറഞ്ഞിരിയ്ക്കുന്ന സംഗതികൾ മനസ്സിലായതുമില്ല. നല്ല പാട്ട്, പിന്നീടുള്ള വരികൾ കെങ്കേമം! 

"നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളഞ്ഞീടാന്‍
നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍
എന്നും ഉള്ളിലെ ദാഹമെങ്കിലും"

"നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍ 
നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍ 
എന്റെ നെഞ്ചിലെ മോഹമെങ്കിലും"

ആ വരികൾ പകർന്ന ഊർജ്ജത്തിൽ ഇതിനൊരു തീരുമാനമാക്കാൻ തുനിഞ്ഞിറങ്ങി.


ഒറ്റക്കമ്പിനാദവും, വീണാഗാനവും പ്രത്യേകിച്ച് പറയാതെ അറിയാമല്ലോ? ഭാവം എന്നത് മനസ്സിലായില്ല എന്ന് പറഞ്ഞാൽ എന്റെ ഭാവം മാറും; പറഞ്ഞില്ലെന്ന് വേണ്ട. എങ്കിലും വരികൾക്ക് അവയുടെ അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ അർത്ഥഭാവവും, രാഗത്തിന്റെ അടിസ്ഥാനത്തിൽ രാഗഭാവവും ഉണ്ട്. 

"ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു" എന്ന ചിത്രത്തിൽ "ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്" എന്ന് ശ്രീ എഴുതിയിരുന്നു.

നവരസങ്ങളിൽ ഓരോ രസത്തിനും അനുസൃതമായ രാഗങ്ങൾ ഉണ്ട്, നായകൻറെ പിതാവ് അകാലത്തിൽ വിടപറയുമ്പോൾ ശോകരസത്തിനു പകരം ഹാസ്യരസം ജനിപ്പിയ്ക്കുന്ന രാഗം ഉപയോഗിക്കാനാവില്ല, വരികളിലെ അർത്ഥതലങ്ങളും അതിനനുസൃതമാവണം.

മൂകം, രാഗം, ധ്വനി, മണി എല്ലാം നമുക്കറിയാവുന്നവ തന്നെ, അങ്ങ് വിട്ടേയ്ക്കാം..

സ്വരജതി, സ്വരം, ജതി, എല്ലാം സാധരണ ശ്രോതാവിന് അന്യമാണ്. സംഗീതസംവിധായകൻ ശരത്തും, എം.ജി.ശ്രീകുമാറും കൂടി പറഞ്ഞ് ജനം ഇക്കാര്യത്തിൽ സമ്പൂർണ്ണസാക്ഷരത നേടിയെങ്കിൽ ഞാൻ തോറ്റു, സുല്ല് !

സ്വരങ്ങൾ നമ്മുടെ "സ, രി, ഗ, മ, പ, ധ, നി". പിന്നെ ഈ ഡോക്ടർന്മാർ കുറിപ്പുമായി പോകുന്ന നമുക്ക് മരുന്ന് മനസ്സിലാക്കാതിരിയ്ക്കാൻ എഴുതുന്നത് പോലെ സംഗീതജ്ഞർ "ഷഡു്ജം" എന്ന് സ യെ , "ഋഷഭം" എന്ന് രി, "ഗാന്ധാരം" എന്ന് ഗ, മധ്യമം എന്ന് മ , പഞ്ചമം എന്ന് പ , ധൈവതം എന്ന് ധ , നിഷാദം എന്ന് ന, എന്നിങ്ങനെ വിശേഷിപ്പിയ്ക്കും.

ഈ സ്വരങ്ങൾ മന്ത്രസ്ഥായി (കീഴ്) മധ്യസ്ഥായി താരസ്ഥായി(മേൽ) എന്നിങ്ങനെ ആലപിയ്ക്കുന്നു. എഴുതുമ്പോൾ മന്ത്രസ്ഥായിയ്ക്ക് താഴെയായി ഒരു കുത്തും, മധ്യസ്ഥായി അങ്ങനെ തന്നെയും, താരസ്ഥായിയ്ക്ക് മുകളിൽ ഒരു കുത്തുമിടും.

ഇതിലെ "സ" യും "പ" യും അചലസ്വരങ്ങളായതിനാല്‍ അവയ്ക്കു് വകഭേദമില്ല, ബാക്കിയുള്ളവയ്ക്ക് കോമളം, തീവ്രം എന്നിങ്ങനെ രണ്ട് സ്ഥാനം വീതം, അകെ 12 സ്വരസ്ഥാനങ്ങളായി സ്വരങ്ങളെ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു.ഈ സ്വരസ്ഥനങ്ങളുടെ പേരു പറഞ്ഞാണ് ശുദ്ധഗാന്ധാരം , കാകളിനിഷാദം എന്നൊക്കെ നമ്മളെ വിരട്ടുന്നത്.

ഗാനത്തെ നിയന്ത്രിയ്ക്കുന്ന രീതിയായ താളത്തിന്റെ ഘടകങ്ങൾ ആയ താളവട്ടത്തിലെ അംഗങ്ങളെ കൂട്ടിയിണക്കുന്ന രീതി.

എന്നാൽ സ്വരജതി ഭക്തിയോ, പ്രേമമോ, വീരതയോ പ്രകീർത്തിയ്ക്കുന്ന ലളിത സുന്ദരമായ ചെറു ഗാനങ്ങൾ ആണ്.

ഇനിയാണെന്നെ കുഴക്കിയ സംഭവം അല്ല സംഗതി, അങ്ങനാണിപ്പോൾ ടി.വി. ഭാഷയിൽ പറയേണ്ടത് " വരിശ"!

ഇത് സ്വരങ്ങൾ വരികളാക്കി അടുക്കി വച്ചുണ്ടാക്കുന്ന ഗാനശകലങ്ങൾ ആണ് , പ്രത്യേകിച്ച് വാച്യാർത്ഥം ഒന്നുമില്ല, പക്ഷേ ഭാവം, രാഗഭാവം സൃഷ്ടിയ്ക്കുകയോ, നിലനിർത്തുകയോ ചെയ്യും. 

"സരി സരി സരിഗമ സരിഗമപധനിസ" പോലെ.

സരളി, മധ്യസ്ത്ഹായി, മേൽസ്ഥായി, മന്ത്രസ്ഥായി, ജണ്ഡ, വക്രജണ്ഡ, ധാട്ട് എന്നിങ്ങനെ 7 രീതികളിൽ വരിശകൾ ഉപയോഗിയ്ക്കുന്നു.

"ഇനി കൊന്നരി കൊന്നരി കോനാരേ നക്കി നക്കിരി നാച്ചോരേ...
ഇല്ലിക്കിട്ടി നാച്ചിക്കട്ടോരേ...രേ ..രേ "

ഏത് വരിശയാണെന്ന്? സംഗീതം പഠിച്ച ആരോടെങ്കിലും പോയി ചോദിയ്ക്കുക, എന്നെ വിടു സ്വാമീ...

ഓ.. ഇതിനോന്നും വലിയ അർത്ഥമില്ലെന്നേ...

ഇനി ഇതൊന്നും പഠിയ്ക്കാതെ പാട്ട് കേൾക്കാനും വന്നേയ്ക്കരുത്.....

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകുന്നില്ലെങ്കിൽ...

"നല്ല നമസ്ക്കാരം"!

No comments:

Post a Comment