Sunday, October 29, 2017

നാഗമിഴയും ഊടുവഴികൾ

നമുക്ക് അടുത്ത പാഠം തുടങ്ങാം. ആഭാസപഠനങ്ങൾ" എന്ന ചീത്തപ്പേര് വീണ്ടും കേൾക്കേണ്ടി വന്നാലും ശരി ; 
"തല പോനാൽ പോകട്ടും - സബാഷ്!"

പാർവ്വതി എന്ന ചിത്രത്തിലെ എം. ഡി. രാജേന്ദ്രൻ രചിച്ച ഈ ഗാനം വരികൾ കൊണ്ട് മാത്രമല്ല, ചിത്രീകരണം കൊണ്ടും അൽപ്പമേറെ മാംസാഹാരി വീക്ഷണമുള്ള ഒന്നാണ്. എങ്കിലും വരികളിലൂടെയുള്ള യാത്രയിൽ സസ്യാഹാരി വീക്ഷണങ്ങളും നമുക്ക് പറയാം.

കുറുനിരയിൽ തുടങ്ങിയപ്പോൾ തന്നെ, ചലനം അത് അംഗുലികളായാലും, അധരമായാലും മുകളിൽ നിന്നാണ് ആരംഭിച്ചത് എന്ന് വ്യക്തം. സ്വാഭാവികമായി ദിശ താഴേയ്ക്കുമാവണം. സമൃദ്ധമായ കേശസമ്പത്തിനെ മഴമേഘങ്ങളുടെ നിരയായോ, ഘനനീലിമയായോ തോന്നാം പക്ഷേ അവ കാറ്റിലല്ല ഇളകുന്നത്, അമൃത മഥനത്തിന്റെ ഭാഗമായാണ് എന്ന് മാത്രം! .

കരിവരി വാര്‍കുഴലിലൂടെയുള്ള സഞ്ചാരം സൂചിപ്പിയ്ക്കുന്നത് ഭൂമി പ്രതിമുഖമായി കിടക്കുന്നു എന്ന് മാത്രമാണ്. അപ്പോൾ സഞ്ചാരം പുറത്ത് കൂടിയാണെന്ന് സാരം. അങ്ങനെയാണെങ്കിൽ ജഘനം വരെയെത്തിയ സഞ്ചാരിയ്ക്ക് വിരൽ നഖങ്ങൾ നാഗമായി ഇഴയുന്ന ഊടുവഴികൾ ആണിനി താണ്ടേണ്ടത്. അവിടെ ഇരു പുറവുമുള്ള കാഴ്ച്ചകൾ ഒരേ സമയം പറയേണ്ടി വരുന്നു, നാഗമല്ലേ അതിനു അങ്ങോട്ടും ഇങ്ങോട്ടും ഇഴയാമല്ലോ, ഒക്കെ അതിന്റെ ഇഷ്ടം!

വിരല്‍നഖങ്ങൾ നാഗമായി ഇഴഞ്ഞാൽ എത്തുന്ന ഊടുവഴികൾക്കിരു പുറവും ദൃശ്യമായ കുന്നുകൾ തീർച്ചയായും നിതംബങ്ങളുടെ പ്രൗഢി വിളിച്ച് പറയുന്നു. ഒരു തർക്കത്തിനു നമുക്ക് മാറിടവും കുചകുംഭങ്ങളും ആണെന്ന് സമ്മതിച്ചാലും സംഗതി മുഷിയില്ല!

എന്നാൽ ആ ഊടുവഴി പിന്നിട്ടാൽ രതിരസമൊഴുകുന്ന ശാദ്വലഭംഗി; അക്കാര്യത്തിൽ തർക്കം വേണ്ട. ശാദ്വല എന്നാൽ "പുല്ല് സമൃദ്ധമായുള്ള സ്ഥലം" എന്നാണ് സസ്യാഹാരി അർത്ഥം. അപ്പോൾ രോമസമൃദ്ധമായ ആ സമതലഭംഗിയിൽ ഏകമൂർച്ചയിൽ രതിസുഖം എന്നും ഒഴുകുന്നുവെന്ന് കവി മാംസനിബദ്ധമായി തന്നെ പറഞ്ഞ് വയ്ക്കുന്നു.

അടിമുടി ദാഹവും തദ്വാരാ ഉടലുലയും മേളവും നമ്മൾ ആദ്യം കണ്ട ചികുരത്തെ മദനലാസ്യലഹരി നിറച്ച് ഇളകിയാടാൻ നിർബ്ബന്ധിതമാക്കുന്നു, അസ്ഥികള്‍ക്കുള്ളിലെ തിരിനാളം പടർന്ന് തീനാളം ആകുന്നു.

തഴുകുന്ന വിരലുകളുടെ സഞ്ചാരപഥത്തിലെ നിതംബവും, നാഭിയും, സ്തനങ്ങളും, കടലിൽ അലകൾ ഇളകുന്ന ചേലിലെ മഥനത്തിലൂടെ അമൃതും! എന്ന് മാംസാഹാരി വീക്ഷണം.

നിർവൃതിയാൽ ആർദ്ധമടഞ്ഞ നീൾമിഴിയിൽ കാണുന്ന പരസ്പരം പിണയുന്ന നിഴലുകൾ വീണ്ടും മാറാടുന്ന നാഗങ്ങളെ ഓർമ്മിപ്പിയ്ക്കുന്നു, നീർമ്മണികളായി ചിതറുന്നത് സ്വേദമോ? പരാഗമോ? തീനാളമായി ജ്വലിയ്ക്കുന്ന ജലകണങ്ങൾ! അപ്പോൾ പിന്നെ ശൈവശക്തിയിൽ അർദ്ധനാരീശ്വരനായി നിർവൃതി വരട്ടേ.. വരും.. വരാതെവിടെ പോകാൻ?

ക്ളാസ്സ് കഴിഞ്ഞതിനാൽ ക്യാന്റീനിൽ പോകണ്ടവർക്ക് അങ്ങോട്ട് പോകാം, അല്ലാത്തവർക്ക് മ്യൂസിക് ലാബിൽ പോയി ഗാനം കാണാം, കേൾവിയോടൊപ്പം കാണാനുണ്ട് ചിലതിവിടെ....

"കുറുനിരയോ 
മഴ മഴ മുകില്‍നിരയോ
കുനുകുനു ചികുര മദന ലാസ്യലഹരിയോ
വനനിരയോ 
ഘനഘന നീലിമയോ
അലകടലിളകിയാടും അമൃതമഥനമോ

കാര്‍കുഴലില്‍ 
കരിവരി വാര്‍കുഴലില്‍ 
വിരല്‍നഖ നാഗമിഴയുമൂടുവഴികളില്‍
കുന്നുകളില്‍ 
ശാദ്വലഭംഗികളില്‍
രതിരസമെന്നുമൊഴുകുമേകമൂര്‍ഛയില്‍
അടിമുടിയൊരു ദാഹം 
ഉടലുലയും മേളം
അസ്ഥികള്‍ക്കുള്ളിലൊരു തീനാളം 
തിരിനാളം

നീള്‍മിഴികള്‍ 
പതയും നിര്‍വൃതിയില്‍
പിണയും നിഴലുകളുടെ പദവിന്യാസം
നീര്‍മണികള്‍ 
ചിതറും ചില്ലുകളില്‍
തെളിയും ശൈവശക്‍തി ഏകമാത്രയില്‍
അടിമുടിയൊരു ജാലം 
അതിലലിയും കാലം
അസ്ഥികള്‍ക്കുള്ളിലൊരു തീനാളം 
തിരിനാളം"

https://www.youtube.com/watch?v=eJrcDkDwFHo

No comments:

Post a Comment