കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത 1969 ലെ അടിമകൾ എന്ന ചിത്രം കഥയുടെ പ്രൗഢി കൊണ്ടും, സത്യൻ, നസീർ, ഷീല, ശാരദ എന്നിവരുടെ അഭിനയം കൊണ്ടും, മനോഹരമായ ഗാനങ്ങളുടെ ധരാളിത്തം കൊണ്ടും വളരെ ശ്രദ്ധിയ്ക്കപ്പെട്ട സിനിമയാണ്. ചില സിനിമകൾ അങ്ങനെയാണ് ഗാനങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചവയായിരിയ്ക്കും, മറ്റ് സിനിമകൾക്ക് അസൂയയുളവാക്കുന്ന രീതിയിൽ!
ആറു ഗാനങ്ങളിൽ നേർ പകുതി ഭക്തിഗാനങ്ങൾ ആണ്. ജയദേവകവിയുടെ അഷ്ടപദിയായ "ലളിതലവംഗ ലതാപരിശീലന കോമളമലയസമീരേ" യുടെ കുറച്ച് ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഗാനം. പി.ലീല അതിമനോഹരമായി ആലപിച്ചിരിയ്ക്കുന്നു.
പിന്നീടുള്ള ഭക്തിഗാനം എന്നും പൂത്തു നിൽക്കുന്ന "ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണേണം" എന്നതാണ്. വയലാർ, ദേവരാജൻ, പി. സുശീല എന്നിവർ ചേർന്നൊരുക്കിയ ആ ഗാനം മലയാളഭാഷയും ഗുരുവായൂരപ്പനും ഉള്ളിടാത്തോളം കാലം നിലനിൽക്കും!
മൂന്നാമത്തെ ഭക്തിഗാനം അൽപ്പം തമാശയുടെ രൂപത്തിൽ വ്യാജസന്യാസിയായ അടൂർഭാസിയും, ശിഷ്യനും ചേർന്ന് പാടുന്നതായി ചിത്രീകരിച്ചിരിയ്ക്കുന്ന "നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം" എന്ന ഗാനമാണ്, ജയചന്ദ്രനും, പീറ്ററും, സംഘവും ആണിത് ആലപിച്ചിരിയ്ക്കുന്നത്.
പിന്നീടുള്ള മൂന്ന് ഗാനങ്ങൾ പ്രണയ, കലഹ, വിരഹ ഗാനങ്ങൾ ആണ്. ആദ്യമായി "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ" എന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത് എ എം രാജ ആണ്, നായകനായ സത്യൻ അയാളുടെ അയൽ വീട്ടുകാരിയും, സുഹൃത്തിന്റെ സഹോദരിയും, നായികയായ ഷീലയെ നോക്കി പാടുന്ന ഗാനം.
സംഗതി അൽപ്പം വാശിയിലാണ് കാമുകനാകാൻ ശ്രമിയ്ക്കുന്ന ആ കാമുകൻ, അത് കൊണ്ട് തന്നെ തണുപ്പും താഴമ്പൂ മണമുള്ള ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിൽ അടുത്ത വീട്ടിലെ ചെറുപ്പക്കാരിയെ ഉറക്കുകില്ല എന്ന് തീരുമാനിച്ചിരിയ്ക്കുന്നു! പൂമുഖപ്പടിവാതിൽ അടയ്ക്കുകില്ല എന്നാ ഒരവസരത്തിൽ പാടിയത് അൽപ്പം കടന്നു പോയി എന്ന് തോന്നുന്നു; അത് അടയ്ക്കതിരുന്നാൽ വരാന്തയിൽ നിന്ന് പാടാമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നുമുണ്ടാകാൻ വഴിയില്ല.
ഏതായാലും തുറന്നു കിടന്ന പൂമുഖപ്പടിയിലൂടെ നായകന്റെ മനസ്സിലേയ്ക്ക് മോഹങ്ങൾ കുത്തിയൊലിച്ചെത്തുന്നു... ആരും കാണാത്ത ആ അന്തപ്പുരത്തിന്റെ ആരാധനാമുറി തുറക്കും ഞാൻ.. വേണ്ടും സിനിമയിലെ സാഹചര്യം അനുസരിച്ച് നോക്കിയാൽ പെണ്ണിന്റെ ഹൃദയത്തിൽ കടന്ന് കൂടും എന്ന് മാത്രമേ അർത്ഥമുള്ളൂ, എങ്കിലും അല്ലതെ ചിന്തിച്ചാൽ മറ്റ് ചില അർത്ഥങ്ങൾ കൂടി കണ്ടെത്താം, അതിനുള്ള താക്കോലും നായകന്റെ കയ്യിൽ ഉണ്ടല്ലോ!!! ഈറനുടുപ്പിച്ച് നായികയെ മുന്നിൽ നിർത്തി ശ്രീകൃഷ്ണൻ ആയി പൂജ ചെയ്യിക്കും എന്ന് പറയുമ്പോഴും അർത്ഥവും അന്തരാർത്ഥവും വായിച്ചെടുക്കാം, പ്രത്യേകിച്ചും ശ്രീകൃഷ്ണൻ ഇക്കാര്യത്തിൽ 916 ബിംബകൽപ്പന ആണല്ലോ!
ഒറ്റയാക്കാണ് ചെറുപ്പക്കാരി ഉറങ്ങുന്നത് എന്നതിനാൽ തന്നെ ഏകാന്തരോമാഞ്ചം എന്ന് മനോഹരമായി പ്രയോഗിച്ചിരിയ്ക്കുന്നു. കിനാവിലെ പരിരംഭണത്തിന്റെ സുഖമാസ്വദിയ്ക്കുന്നവളാണ് നായിക എന്നത്, സിനിമയിൽ പൂജയും, ആത്മീയതയുമായി നടക്കുമ്പോഴും അവളിൽ ഒരു കാമുകി കാത്തിരിയ്ക്കുന്നു എന്ന അയാളുടെ പ്രതീക്ഷ ആണ് സൂചിപ്പിയ്ക്കുന്നത്. അതിനാൽ തന്നെ ഇപ്പോൾ കാണുമ്പോൾ ദേഷ്യമാണെങ്കിലും. ഇന്നല്ലെങ്കിൽ നാളെ ആ ഓമനച്ചുണ്ടുകളിൽ തനിയ്ക്കായി പുഞ്ചിരി വിടരുമെന്നും, ചുംബനമാകുന്ന പ്രണയസൗരഭം അവിടെ വിതറാമെന്നും ആ തണുപ്പുള്ള രത്രിയിൽ നായകന്റെ നഷ്ടനിദ്രയെ ഹൃദയം സമാധാനിപ്പിയ്ക്കുന്നു.
സന്യാസവും, ആത്മീയതയുമായി നടക്കുന്ന നായികയെ തന്നിലേയ്ക്ക് അടുപ്പിയ്ക്കാൻ അൽപ്പം ബലം പ്രയോഗിച്ച നായകൻ, സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ലാത്ത ആ അവസ്ഥയിൽ മനം നൊന്ത, നായികയോട് നായകൻ മാപ്പ് ചോദിയ്ക്കുന്ന ഗാനമാണ് "മാനസേശ്വരീ മാപ്പു തരൂ". അവിടേയും മറക്കാൻ മടിയാണെങ്കിൽ മാത്രമേ മാപ്പിനു പ്രസക്തിയുള്ളൂ എന്നത് അപ്പോഴും ഒരു സാധ്യത നിലനിർത്തുന്നു.
നായകൻ അപ്പോഴും അങ്കൽപ്പങ്ങളുടെ ലോകത്താണ്, സ്വപ്നാടകരെ പോലെ കണ്ടുമുട്ടിയ നിമിഷം എന്താത്മനിർവൃതിയായിരുന്നു, എന്ന് പറയുമ്പോഴും നമ്മൾക്ക് നായികയുടെ ഭാഗം കൂടി ചേർത്ത് പറയുന്നു. അവിടം കൊണ്ടും അവസാനിപ്പിയ്ക്കാതെ ദിവ്യസങ്കൽപ്പങ്ങളിലൂടെ നിന്നിൽ എന്നും ഞാനുണരുന്നു എന്ന് അവകാശവാദം ഉന്നയിയ്ക്കുന്നു, പിന്നീട് അതിമനോഹരമായി തൻ്റെ മനസ്സ് തുറക്കുന്നു "നിര്‍വ്വചിക്കാനറിയില്ലല്ലോ നിന്നൊടെനിക്കുള്ള ഹൃദയവികാരം"
ഇനി അവസാനത്തെ ഗാനം അത് കൂട്ടത്തിൽ ഏറ്റവും മനോഹരമായി ചിത്രീകരിച്ചിട്ടുള്ള ഒന്നാണ്, അതിലുമുപരി ഇന്ന് തിരിഞ്ഞ് നോക്കിയാൽ ഗൃഹാതുരത ഉണർത്തുന്നതും. പഴയ ഓലക്കൊട്ടകയിൽ യക്ഷി സിനിമയാണ് കളിയ്ക്കുന്നത്, അതിൻ്റെ സെക്കൻഡ് ഷോയ്ക്ക് മുന്നോടിയായി, റിക്കാർഡ്ഡ് ഇട്ടിരിയ്ക്കുന്നു, സിനിമ കാണാൻ എത്തിയവർ ടാക്കീസ്സിനു മുന്നിൽ വട്ടം കൂടി നിൽക്കുന്നു. രണ്ടാമത്തെ നായികയായ ശാരദ മുറിയുടെ അകത്തും , അവളുടെ നായകനായ പൊട്ടൻ കഥാപാത്രം നസീർ വരാന്തയിലും ഉറങ്ങാൻ കിടക്കുന്നു. അടുത്ത ദിവസം അവളുടെ കുഞ്ഞിൻ്റെ അച്ഛൻ അവളെ സ്വീകരിച്ച് കൊണ്ടുപോകാൻ വരികയാണ്. അതുവരെ സംരക്ഷണം നൽകിയ ആ പൊട്ടനോടുള്ള സ്നേഹം ഒരു വശത്തും, താൻ ഗർഭിണിയാണെന്നറിഞ്ഞ് നാടുവിട്ട് ഒളിച്ചോടിയവനെങ്കിലും ആദ്യ പ്രണയവും, കുഞ്ഞിൻ്റെ അച്ഛനുമായവനോടുള്ള വിധേയത്വം മറുവശത്തും നിന്ന് അവളുടെ ഉറക്കം കെടുത്തുന്നു. അവളെ പ്രണയിയ്ക്കുകയും, ആ കുഞ്ഞിനെ ജീവനു തുല്യം സ്നേഹിയ്ക്കുകയും ചെയ്യുന്ന ആ പൊട്ടനും നാളെ എല്ലാം നഷ്ടപ്പെടുമെന്ന തിരിച്ചറിവിൽ ഉറക്കമകന്നു നിൽക്കുന്നു. ആ രംഗത്തെ കൊഴുപ്പിച്ച് ആ ഗാനം വരുന്നു "ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീ?"
നായകൻ്റെ മനസ്സാണ് പൂർണ്ണമായി തുറക്കപ്പെടുന്നത്, അവൾ ഈ അവസാനരാത്രിയിൽ എന്തിനാണ് അന്ന് കൂടുതൽ സുന്ദരിയായത്? പുറത്തെ മഞ്ഞില്‍, മനോഹര ചന്ദ്രികയില്‍ മുങ്ങിമാറുമറയ്ക്കാതെ അവൻ്റെ
അനുരാഗമാകുന്ന അഞ്ചിതള്‍പൂവിന്‍ മന്ദസ്മിതത്തില്‍ എന്തിനാണ് അവൾ വന്നു കിടന്നുറങ്ങിയത്? കൈവിട്ടും പോകും മുമ്പേ, അവളുടെ മദാലസ യൗവ്വനവും, ദാഹവും അവൻ്റേതാകുമെന്ന ഒരു പ്രതീക്ഷ അവനിൽ അപ്പോഴും നിലനിൽക്കുന്നു. അവളൂടെ മോഹത്താൽ കുത്തിയ ഓരിലക്കുമ്പിളില്‍ അവൻ്റെ കിനാവിലെ ഹൃദ്യമാം മധു അൽപ്പം എങ്കിലും ഉണ്ടെന്ന് അവൻ വിശ്വസിയ്ക്കുന്നു.
അത് സത്യമായിരുന്നു എന്ന് അടുത്ത പ്രഭാതം തെളിയിയ്ക്കുന്നു; നായിക കുഞ്ഞിൻ്റെ അച്ഛനും, ധനികനുമായ ആ വ്യക്തിയെ വേണ്ടെന്ന് വച്ച് അയാളേയും, സഹോദരിയേയും മടക്കി അയയ്ക്കുന്നു, അവരുടെ മുന്നിൽ അഭിമാനത്തോടെ പ്രഖ്യാപിയ്ക്കുന്നു, അവളുടെ കുഞ്ഞിൻ്റെ അച്ഛൻ ആ പൊട്ടാനാണെന്ന്!
ഇനി ഗാനങ്ങൾ ആസ്വദിച്ചു കൊള്ളൂ

No comments:
Post a Comment