Friday, June 8, 2018

കിലുങ്ങുന്ന പിച്ചകപ്പൂക്കൾ

ചലച്ചിത്രഗാനങ്ങളിലെ ചോദ്യോത്തരപംക്തി, കസ്തൂരിപ്പൊട്ടുമാഞ്ഞൂ പോലെയുള്ള ഗാനങ്ങളിലൂടെ ഇതിനു മുമ്പും നമ്മൾ വിശകലനം ചെയ്തിട്ടുണ്ട്, 1967 ലെ കുടുംബം എന്ന സിനിമക്കായി വയലാർ രചിച്ച്, ആർ. സുദർശ്ശനം സംഗീതം നൽകി, യേശുദാസ്സും ജാനകിയും ആലപിച്ച ചിത്രാപൗർണ്ണമി രാത്രിയിലിന്നലെ എന്ന ഗാനംത്തിലൂടെ സഞ്ചരിക്കാം. ആർ സുദർശ്ശനത്തെപ്പറ്റി പറഞ്ഞാൽ "കണ്ണാ കാർമുകിൽ വർണ്ണാ നിന്നെ കാണാത്തകൺകളുണ്ടോ" എന്ന ഗാനം ആണദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ഹിറ്റ്. പൊതുവേ പുരുഷന്മാർക്ക് തങ്ങളുടെ പ്രകടനം അതനുഭവിച്ചവൾ ഒന്ന് വിലയിരുത്തി, നല്ല മാർക്കിടുന്നത് കേൾക്കാൻ ഒരു ആഗ്രഹം ഉണ്ടാകാറുണ്ട്, അതിനവർ ചില കൊച്ചുചോദ്യങ്ങളൊക്കെ ചോദിക്കുക അസ്വാഭാവികമൊന്നുമല്ല.

രാത്രിയാണ് എന്നാൽ പൗർണ്ണമിയുമാണ് അതും ചൈത്രപൗർണ്ണമി, കടന്നുവന്നവൾക്ക് നാണമുണ്ട്, അത് നിലനിൽക്കുകയും ചെയ്യേണ്ടതാണ്, പ്രകൃതിയിൽ പൗർണ്ണമിതൻ പാലൊഴുകുന്നതിനാൽ അത്രവലിയ അന്ധകാരമൊന്നും ഉണ്ടാകാൻ വഴിയില്ലല്ലോ! എന്ത് തന്നെ പറഞ്ഞാലും അൽപ്പം വെളിച്ചത്തിൽ കണ്ണിൽ കണ്ണിൽ നോക്കിയുള്ള കാര്യപരിപാടികൾക്ക് അൽപ്പം രസം കൂടുതൽ തന്നെയാണ്. ഇവിടെ നായകൻ്റെ ആദ്യത്തെ പ്രസക്തമായ ചോദ്യം ഇന്നലെ രാത്രിയിൽ അരിച്ചിറങ്ങിയ നിലാവിൻ്റെ കുഞ്ഞ് വെളിച്ചത്തിൽ അത്രയും ഉണ്ടായിരുന്ന ആ ലജ്ജ ഇപ്പോൾ പ്രഭാതത്തിൽ സൂര്യരശ്മികൾ ഇടിച്ചുകയറി തെളിച്ച് കാട്ടുമ്പോൾ വിവസ്ത്രയാവളിൽ കാണാത്തതെന്തേ? 

"ഓ.. ഇനിയെന്തൂട്ട് നാണിക്കാൻ?"" എന്നവൾ തിരിച്ച് ചോദിച്ചില്ല, പകരം ആ പ്രശ്നോത്തരപംക്തിക്ക് ശൃംഗാരഭംഗി നിറച്ചവൾ മറുപടി നൽകുന്നു " ലജ്ജയുടെ മുത്തുകളെല്ലാം കള്ളനൊരാൾ കവർന്നെടുത്തുകളഞ്ഞു".

എന്തായാലും ശ്രംഗാരത്തിൽ കുളിച്ച ആ വാക്കുകൾ നായകനെ പൂർവ്വാധികം ശക്തമായി ചോദ്യങ്ങൾ എറിയാൻ പ്രേരിപ്പിച്ചു. കഴിഞ്ഞ രാത്രിയിൽ കിടക്കമുറിയിലെ വിളക്കുകൾ കാറ്റുവന്ന് കെടുത്തിയപ്പോൾ.... ഇന്ന് അതൊക്കെ അനിഭവിക്കാൻ പ്രയാസമാണ്, ഒന്നാമത് കത്തിച്ച് വയ്ക്കുന്ന വിളക്കുകളില്ല, പിന്നെ ജനൽ തുറന്നിടാൻ പറ്റില്ല കള്ളനും, ഒളിഞ്ഞ് നോട്ടക്കാരും, കൊതുകും, അങ്ങനെ എന്തെല്ലാം... വിളക്കണയുന്നതുവരെ വികാരങ്ങൾ മൂകമായിരുന്നു! അല്ലെങ്കിൽ തന്നെ വിളക്കുകൂടി അണഞ്ഞസ്ഥിതിക്ക് ഇനി വികാരങ്ങൾ വാചാലമാവേണ്ടേ? അപ്പോൾ വാരിച്ചൂടിയ മൂടുപടത്തുകിൽ നിലാവിനാൽ ലജ്ജയുടേതോ? ഒത്തുചേരലിനായുള്ള അഭിനിവേശത്തിൻ്റെയോ? എന്തായാലും സംഭവം ഇപ്പോൾ കാണാനില്ല.... എവിടെപ്പോയി?  

"പിന്നെ.. 24 മണിക്കൂറും ഇതല്ലേ പണി?"" എന്നവൾ പ്രതികരിച്ചില്ല, ആ കലാപരിപാടി ആസ്വദിച്ച് വീണ്ടും അത് മുന്നോട്ട് നയിച്ചു " പറന്നുപോയി ഇന്നലെ രാത്രിയിൽ ആഞ്ഞടിച്ച ആ കുളിര്‍കാറ്റില്‍ പറന്നുപോയി".

നായകൻ കഴിഞ്ഞരാത്രിയിലെ രതിയുടെ ഓർമ്മകളിൽ മുങ്ങിത്തപ്പി ചോദ്യങ്ങൾ കണ്ടെടുക്കുന്നു. ശരീരമാസകലം കിങ്ങിണി കെട്ടിയതു പോലെ, മൊട്ടിട്ട പിച്ചകവള്ളിപോലെ, മാറിൽ നീ പടർന്ന് കിടന്നപ്പോൾ... കിലുങ്ങുന്ന പിച്ചകപ്പൂക്കൾ... ഹോ, അതൊരൊന്നൊന്നര പ്രയോഗമായിപ്പോയി! അവളുടെ നഗ്നമായ ശരീരത്തിലെ ഓരോ രോമങ്ങളും പിച്ചകപ്പൂക്കളായി വിടർന്ന് നിൽക്കുന്ന അവസ്ഥയിൽ, മൂകമല്ല വികാരങ്ങൾ, അൽപ്പസ്വൽപ്പം  ത്സീൽക്കരമൊക്കെ ആയിപ്പോകും! അവൻ്റെ മേനിയിൽ പടരുന്ന അവളിൽ വിടരുന്ന രോമഹർഷം രാഗത്തിൽ മൂളുന്ന സംഗീതത്താൽ വയലാർ മാദകരംഗമൊരുക്കുന്നു! ആ വള്ളിയിൽ വിടർന്ന മോഹപ്പൂക്കൾ എവിടെപ്പോയി? ടെസ്റ്റു മാച്ച് മാത്രമല്ല 20 - 20 ഉം ക്രിക്കറ്റ് തന്നെയാണ്, ഹാംഗ് ഓവർ തീർക്കാൻ അതും ആവാം, എന്നൊരർത്ഥമുണ്ടോ ഇവിടെ? എന്നൊരു ആശങ്ക ഇല്ലതില്ല! 

"ഇതിനൊക്കെ അല്ലേ ദൈവം തമ്പുരാൻ രാത്രിയും പകലും കണ്ടുപിടിച്ചിരിക്കുന്നത്?"" എന്ന മറുപടി ആയിരുന്നെങ്കിൽ ഈ പംക്തി അവിടെ തീർന്നേനേ.. എന്നാൽ നായിക നല്ല സഹകരണമുള്ളവൾ ആയതിനാൽ  " പകര്‍ന്നെടുത്തൂ ദേവനൊരാള്‍ ഇന്നലെ രത്രി തന്നെ അതെല്ലാം പകര്‍ന്നെടുത്തൂ". ചുരുക്കത്തിൽ ഇന്നലത്തെ പ്രകടനം, ഇഷ്ടായി, മുഷിയില്ലാ ..ട്ടോ....

അതങ്ങട് രാസിച്ച നമ്മുടെ നായകൻ അവസാനചോദ്യത്തിലേക്ക് കടക്കുന്നു. വിടർന്ന കരളിലെ, മുന്തിരിയിതളിലെ വീഞ്ഞ് പകർന്ന് കുടിക്കുമ്പോൾ... അതായത് പകർന്നാണ് കുടിച്ചത്, കാര്യം മനസ്സിലായല്ലോ? കുട്ടികളത്രെയൊക്കെ അറിഞ്ഞാൽ മതി! "മധുവിധുരാത്രിയിതെത്ര രമ്യം മഹിയിലിതല്ലാതെ എന്ത് കാമ്യം?"  എന്നിരിക്കെ അവ പുൽകിവിടർത്തിയ മധുരസ്വപ്നങ്ങൾ ദിനകരനുണർന്ന ശേഷവും ഇദ്ദേഹം തേടുന്നതിൻ്റെ പൊരുളെന്താണ്? നേരത്തേപറഞ്ഞ തലേരാത്രിയിലെ കിക്കിറങ്ങാൻ പുലരിയിൽ സേവിക്കുന്ന മദ്യം പോലെ..... ???

"ആ.. ഇനീം രാത്രിയാവട്ടേ?"" എന്നൊക്കെ പറയാൻ മധുവിധു താണ്ടാത്ത കല്ലോ ഇരുമ്പോ അല്ലാത്ത തന്വി മുതിർന്നില്ല  " പകുത്തെടുത്തൂ  വിടർന്നതത്രയും മാരനൊരാള്‍ പകുത്തെടുത്തൂ". അതായത് ഇനി വേണമെങ്കിൽ വിടരണം. എന്തായാലും ഇന്നലത്തെ പൂക്കളെല്ലാം ഭംഗിയായി നീ നിശ്ശേഷം ഇറുത്തെടുത്തു എന്ന് മാരനെ പ്രശംസിക്കുന്നു, സംതൃപ്തി അറിയിക്കുന്നു. നായകന് ഒരു സമാധാനമായീന്ന് തോന്നുന്നു, എന്തായാലും ഈ പംക്തി ഇവിടെ അവസാനിക്കുന്നു.

അപ്പോൾ എല്ലാവരും പോകുവല്ലേ? ഹോംവർക്കൊക്കെ കൃത്യമയി ചെയ്യണം, ഗാനം കേൾക്കണം... 

ചിത്രാപൌര്‍ണ്ണമി രാത്രിയിലിന്നലെ
ലജ്ജാവതിയായ് വന്നവളേ
കാലത്തുറങ്ങിയുണര്‍ന്നപ്പോള്‍ നിന്റെ
നാണമെല്ലാം എവിടെപ്പോയ് എവിടെപ്പോയ്?

കവര്‍ന്നെടുത്തൂ കള്ളനൊരാള്‍ കവര്‍ന്നെടുത്തൂ

കിടക്കമുറിയിലെ മുത്തുവിളക്കുകള്‍
കാറ്റുവന്നു കെടുത്തുമ്പോള്‍
മൂകവികാരങ്ങള്‍ വാരിച്ചൂടിയ
മൂടുപടത്തുകിലെവിടെപ്പോയ് എവിടെപ്പോയ്?

പറന്നുപോയി കുളിര്‍കാറ്റില്‍ പറന്നുപോയി

മേലാസകലം കിങ്ങിണികെട്ടിയ
മാലതീ ലത പോലെ
മാറില്‍പ്പടര്‍ന്നു കിടന്നപ്പോള്‍ പൂത്ത-
മോഹങ്ങളെല്ലാമെവിടെപ്പോയ് എവിടെപ്പോയ്?

പകര്‍ന്നെടുത്തൂ ദേവനൊരാള്‍ പകര്‍ന്നെടുത്തൂ

വിടര്‍ന്നകരളിലേ മുന്തിരിയിതളിലെ
വീഞ്ഞുപകര്‍ന്നു കുടിയ്ക്കുമ്പോള്‍
മധുവിധുരാത്രികള്‍ പുല്‍കിവിടര്‍ത്തിയ
മധുരസ്വപ്നങ്ങള്‍ എവിടെപ്പോയ് എവിടെപ്പോയ്?

പകുത്തെടുത്തൂ മാരനൊരാള്‍ പകുത്തെടുത്തൂ

https://www.youtube.com/watch?v=6CYOfNKPXws

No comments:

Post a Comment