Monday, October 20, 2014

ഗോത്രം കശ്യപം (Kashyap Gothra )

ബലിയിടാൻ പോകുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, നിങ്ങളുടെ ഗോത്രം ആ പുരോഹിതൻ പറയുന്നത് "കശ്യപഗോത്രം" എന്നായിരിയ്ക്കും. ഇത് ബ്രാഹ്മണൻ ആയാലും, ശൂദ്രൻ ആയാലും, ഹരിജൻ, ഗിരിജൻ, നസ്രാണി ഏത് കൂട്ടർ ആയാലും ഒരു സംശയവും കൂടാതെ അവർ പറയുന്നു "ഗോത്രം കശ്യപം".


എന്താണ് ഇതിന്റെ പിന്നിലെ ഒരു സൂത്ര വാക്യം? 

ആദ്യം നമുക്ക് ഈ കശ്യപപ്രജാപതിയെ ഒന്ന് പരിചയപ്പെടാം, പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളുടേയും ഭൗതിക പിതാമഹസ്ഥാനം ഇദ്ദേഹമാണു വഹിയ്ക്കുന്നത്. ഇദ്ദേഹത്തിന്റെ 21 ഭാര്യമാരിൽ അദിതി, ദിതി, കളക, ദനയുസ്സ്, ദനു, സിംഹിക, ക്രോധ, പ്രധ, വീവ്, വിനത, കപില, മുനി, കദ്രു എന്നീ 13 പേർ ദക്ഷപ്രജാപതിയുടെ പുത്രിമാരാണ്, അതായത് ഗിരിജനങ്ങളുടെ തലവനായ ശിവന്റെ ഭാര്യാസഹോദരിമാർ. ബക്കിയുള്ളവർ അരിഷ്ട, സുരസു, ഖാസ, സുരഭി, താമ്ര, ഈറ, പുലോമ, നത എന്നിവരാണ്.


ഇതിൽ അദിതിയ്ക്ക് വിഷ്ണു, ശക്രൻ, ആര്യമൻ, ധാതൻ, ത്വാസ്തൻ, പുശൻ, വിവസ്വൻ, സവിത, മിത്രൻ, വരുണൻ, ആർഷൻ, ഭാഗൻ എന്നിവർ പുത്രന്മാരായി പിറന്നു, അവർ ആദിത്യന്മാർ എന്നറിയപ്പെട്ടു. ദേവന്മാർ എന്ന് സ്വയം അഹങ്കരിച്ചിരുന്ന, എന്നാൽ മദ്യപാനികൾ ആയിരുന്നതിനാൽ സുരന്മാർ എന്ന് മറ്റുള്ളവർ വിളിച്ചിരുന്ന ആര്യന്മാർ ഇവരിൽ നിന്നും പിറന്നു.

ദിതിയുടെ പുത്രന്മാരെ ദൈത്യർ പിറന്നു, മദ്യപിയ്ക്കാത്തവർ ആയിരുന്നതിനാൽ അവരെ അസുരന്മാർ എന്നും അറിയപ്പെട്ടു. ഏറ്റവും രസകരം സ്വന്തം അച്ഛന്റെ പേർ പേരിനൊപ്പം ഉപയോഗിച്ചത് ഇവരിൽ ജേഷ്ഠനായ ഹിരണ്യകശ്യപൻ മാത്രമാണ് എന്നതാണ്, ഇവിടെ വ്യക്തമാകുന്നത് കശ്യപപ്രജാപതിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അനുമതിയോടെ അധികാരത്തിൽ വന്നത് ഹിരണ്യൻ ആണെന്നതാണ്. അസുരരിൽ ഹിരണ്യാക്ഷനും, സിംഹികയും പ്രമുഖരയിരുന്നു, ഇവരിൽ നിന്നും എല്ലാ അസുരരും ജനിച്ചു, ഇവരാണു നമ്മുടെ പൂർവ്വികർ; അപ്പോൾ "ഗോത്രം കശ്യപം" എന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല.

ദനുവിൽ നിന്നും ദാനവർ അഥവാ രാക്ഷസർ ഉണ്ടായി. സുരഭി അജൻ, ഏകപാദൻ, ഏകാദശരുദ്രന്മാർ എന്നീ പുത്രന്മാർക്കും, വിനിത അതിബലവാനായ ഗരുഢനും, കദ്രു നാഗങ്ങൾക്കും, ജന്മം നൽകി.

ഇവരിൽ നിന്നും ആണ് ഈ അണ്ഡകടാഹത്തിലെ സകല ചരാചരങ്ങളും ഉണ്ടായത് എന്ന് വാത്മീകി രാമായണവും, വിഷ്ണുപുരാണവും, മഹാഭാരതവും അഗ്നിപുരാണവും പറയുന്നു.

അപ്പോൾ ഇതാണിനിയത്തെ ചിന്താവിഷയം, ഒരേ പിതാവിനു വിവിധ ഭാര്യമാരിൽ പിറന്ന അർദ്ധസഹോദരർ ആയ ചരാചരങ്ങളിൽ പെട്ട പാമ്പിനും, തവളയ്ക്കും, പല്ലിയ്ക്കും, പാറ്റയ്ക്കും കടക്കാവുന്ന ആരാധനാലയങ്ങളിൽ ദൈവത്തിന്റെ മികച്ചസൃഷ്ടിയായി കരുതുന്ന മനുഷ്യനാകാൻ ഭാഗ്യം ലഭിച്ച ചില വിഭാഗങ്ങൾക്ക് എന്തിനാണീ വിലക്കുകൾ?

No comments:

Post a Comment