ദ്രോണീ... ഇന്നു നിന്നെ ഞാൻ ശരിയായി മനസ്സിലാക്കുന്നു.
ശസ്ത്രമെടുത്ത് വധിയ്ക്കുവാൻ കേണപേക്ഷിയ്ക്കുന്ന ശത്രുവിനു നേരേ, കയ്യിലുള്ള ശൈവദത്തമായ ഖഗ്ഡം പ്രയോഗിയ്ക്കാൻ മുതിരാതെ, അവൻറ്റെ കാലുകൾ ഇരുവശവും വലിച്ചകത്തി, ഉയർത്തി, അവൻറ്റെ മർമ്മഭാഗത്ത് മരണപ്പെടും വരെ ശക്തമായി തൊഴിച്ച നിൻറ്റെ മനസ്സു തിരിച്ചറിയുന്നു.
ഓരോരുത്തരും അർഹ്ഹിയ്ക്കുന്ന രീതിയിൽ തന്നെയാണവരെ വധിയ്ക്കേണ്ടത്!
വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ടവൻ നിയമനീതി വ്യവസ്ഥകളുടെ നപുംസകത്വം കാരണം നീണ്ട് പോകുന്ന പടുജന്മത്തിൽ "നിർഭയ"മാർ ഇനിയും ഏറെ ഭയക്കണമെന്ന് അഭിമുഖവുമായി മാർച്ച് 8 ലെ വനിതാദിനത്തിനെത്തുമ്പോൾ, അവനോടൊപ്പം അതിനനുവദിച്ചവരും, അഭിമുഖം നടത്തിയവരും ഒരു പോലെ ശസ്ത്രരഹിത വധത്തിന് എത്രയും അർഹ്ഹരാകുന്നു.
ഇന്ന് ജ്യാതിസിംഗ് എന്ന യുവതിയെ ഏറ്റവും ക്രൂരമായി ആക്രമിച്ച, ഗുഹ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ആന്തരികമായി ഏറ്റവും ഭീകരവും, മരണകാരണവുമായ മുറിവേൽപ്പിച്ചവൻ 3 മാസത്തിൻറെ പ്രായക്കുറവിലൂടെ ന്യായവുമായി നിയമത്തിൻറെ വലിയ വിടവിലൂടെ രക്ഷപ്പെട്ട്, പൊതുസമൂഹത്തിൽ വീരസ്യം വിളമ്പാനും, പുതിയ ക്രൂരതകൾക്ക് സ്വയവും, മറ്റുള്ളവർക്ക് പ്രേരണയുമായി വിലസ്സാൻ തയ്യാറെടുക്കുമ്പോൾ..
പാവം നീതിദേവത... അനീതിയ്ക്കെതിരായി നിന്നാൽ താനും ബലാത്സംഗത്തിനിരയാകുമെന്ന് ഭയപ്പെടുന്നു; കണ്ണുകൾ മൂടി കെട്ടിയതിനാൽ ആരാണു ചെയ്തിട്ട് പോയതെന്ന് അറിയാൻ പോലും അവൾക്ക് വഴിയില്ല എന്നതിനാൽ തനിയ്ക്ക് പോലും നീതി ലഭിയ്ക്കുമെന്ന വിശ്വസമില്ലാതെ, നീതിയ്ക്കായി നിയമങ്ങൾ നിർമ്മിയ്ക്കാത്ത നിയമനിർമ്മാണ സഭകളുടെ വക്രതയിലും, ഷണ്ഡത്വത്തിലും ഭീതി പൂണ്ട് കോടതികളുടെ മൂലയിൽ വിറച്ച് നിൽക്കുന്നു.
അതേ..ഓരോരുത്തരും അവർ അർഹ്ഹിയ്ക്കുന്ന രീതിയിൽ തന്നെയാണ് വധിയ്ക്കപ്പെടേണ്ടത്....
അശ്വത്ഥാമാവേ...നിനക്ക് സ്വസ്തി!
No comments:
Post a Comment