Friday, January 12, 2018

നുകരുന്ന ചൊടിയും തളരുന്ന തനുവും

ജാലകത്തിലൂടെ കാണപ്പെടുന്ന വാസന്ത പൂര്‍ണചന്ദ്രൻ... 
വടക്കൻകാറ്റിലാടി ഉലഞ്ഞ് ആ പ്രഭാപൂരത്തിനെ മറച്ചും തെളിച്ചും വിലസുന്ന വാകമരത്തിൻറെ ഒരു പൂക്കുല... 
വിരഹിയായ യൗവനത്തിനു അത് പ്രകൃതിബിംബങ്ങളുടെ സങ്കല്‍പരതി ആയി ദൃശ്യമാകുന്നത് സ്വാഭാവികം. കാറ്റ് ഒന്നടങ്ങിയപ്പോൾ പൂങ്കുല താങ്കളോട് ചേർന്ന് അനക്കമറ്റ് നിന്നു. അത് കണ്ട് ഉറങ്ങിയ കാമുകൻ ഉണരുമ്പോൾ ചന്ദ്രിക മാഞ്ഞു പോയിരുന്നു, പൂക്കുല അവിടെ തന്നെ കാറ്റിലാടി നിൽപ്പുണ്ട്, വേർപിരിഞ്ഞ വിരഹത്തോടെ! 

ഒരിണചേരലിനെ കാവ്യാത്മകമായി, ഗോപ്യമായി എങ്ങനെ ഗാനത്തിലൂടെ അവതരിപ്പിയ്ക്കണം എന്നതിനുദാഹരണം. ഒരു പക്ഷേ ബിച്ചു തിരുമല എഴുതിയവയിൽ ഏറ്റവും മികച്ച ഗാനം ആണ് അനുഭവം എന്ന ചിത്രത്തിനു വേണ്ടി എ. ടി. ഉമ്മർ മനോഹരമായി സംഗീതം നല്‍കി യേശുദാസ് ആലപിച്ച "വാകപ്പൂമരം ചൂടും".

വാതിലിൽ വന്നെത്തി നോക്കിയ വസന്ത പഞ്ചമിപ്പെണ്ണ്, വയലാറിന്റെ മാനത്തെ വനജോത്സ്ന നനയ്ക്കുവാൻ മണ്‍കുടം കൊണ്ട് നടക്കുന്ന പൗർണ്ണമിയേക്കാൾ ഒട്ടും മോശമല്ല.

കാമുകനെ കോരിത്തരിപ്പിച്ച വളകിലുക്കം ശ്രീയുടെ ഓട്ടുവളകൾ തൻ പാട്ടിലൂടോമന അയച്ചു തന്ന രാത്രിസന്ദേശമാണ് ഓർമ്മിപ്പിയ്ക്കുന്നത്!

വിരലോടിച്ച് വിളിച്ച നേരം വിരൽ കടിച്ച് അരികിൽ വന്നവൾ , ഇന്നലെ മയങ്ങുമ്പോൾ, ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ അരികിൽ വന്ന ഭാസ്ക്കരൻ മാഷിന്റെ ഓമനയോളം തന്നെ വരും.

വിധുവദനായ് വന്നത് വിധു തന്നെയല്ലേ? വിവശയായി നാണം കുണുങ്ങി ഒതുങ്ങി നിന്നവളുടെ ചൊടി നുകർന്ന വികാരലോലൻ തരളമായത് മനസ്സിലാക്കാം എന്നാൽ ആദ്യമേ തളർന്ന് പോയാലോ? വികാരവിവശതയിൽ അടിമുടി തളർന്ന് വീണതാവാം, എന്തായാലും ശയ്യാവലംബികൾ ആയി, അതും ആവശ്യമാണല്ലോ!

ചൊടിമുകർന്ന് , തണുവണിത്തളിർ ശയ്യയിൽ തനു തളർന്നും തമ്മിൽ പുണർന്നും വീണവരെ നിങ്ങൾക്ക് സ്വസ്തി!

വയലാർ, ഭാസ്ക്കരൻ മാഷ്‌ പ്രതിഭകളോട് മത്സരിച്ച കാലത്തെ ആ രചനാവൈഭവം, പിന്നീട് ഭാസ്ക്കരൻ മാഷിനോടും, ശ്രീകുമാരൻതമ്പിയോടും, ഓ.എൻ .വി യോടും മത്സരമാകാതെ ടി.പി.ശാസ്തമംഗലത്തോടുള്ള "കടലോരതീരത്തിലെ" ഇരട്ടിപ്പ് പോലെ വെല്ലുവിളികൾ ആയത് മലയാളഗാനശാഖയുടെ ജാതകദോഷം എന്നേ പറയാനാകൂ!

നമുക്ക് പാട്ട് കേൾക്കാം....
വാകപ്പൂമരം ചൂടും 
വാരിളം പൂങ്കുലയ്ക്കുള്ളില്‍ 
വാടകയ്ക്കൊരു മുറിയെടുത്തു 
വടക്കന്‍ തെന്നല്‍ - പണ്ടൊരു 
വടക്കന്‍ തെന്നല്‍

വാതിലില്‍ വന്നെത്തിനോക്കിയ 
വസന്ത പഞ്ചമിപ്പെണ്ണിന്‍
വളകിലുക്കം കേട്ട് കോരിത്തരിച്ചു നിന്നു -
തെന്നല്‍ തരിച്ചു നിന്നു 
വിരല്‍ ഞൊടിച്ചു വിളിച്ച നേരം 
വിരല്‍ കടിച്ചവള്‍ അരികില്‍ വന്നു 
വിധുവദനയായ് വിവശയായവള്‍ ഒതുങ്ങി നിന്നു 
നാണം കുണുങ്ങി നിന്നു

തരള ഹൃദയ വികാര ലോലന്‍ 
തെന്നല്‍ അവളുടെ ചൊടി മുകര്‍ന്നു 
തണു‍വണിത്തളിര്‍ ശയ്യയില്‍ തനു തളര്‍ന്നു വീണു 
തമ്മില്‍ പുണര്‍ന്നു വീണു 
പുലരി വന്നു വിളിച്ച നേരം 
അവനുണര്‍ന്നൊന്നവളെ നോക്കി 
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞുപോയി 
തെന്നല്‍ പറന്നുപോയി

https://www.youtube.com/watch?v=AvH3tu-XRUs

No comments:

Post a Comment