Wednesday, February 7, 2018

സൗന്ദര്യലഹരി

ചിലസംഗതികൾ സംസ്കൃതത്തിൽ കേൾക്കാൻ നല്ല രസമാണ്, ഒരാഢ്യത്ത്വം ഒക്കെ ഉണ്ട്. ആദിശങ്കരാചാര്യർ രചിച്ച സൗന്ദര്യലഹരി തന്നെ നോക്കുക..

"സ്ഥിരോ ഗംഗാവര്‍ത: സ്തനമുകുലരോമാവലിലതാ- 
കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജ: 
രതേര്‍ലീലാഗാരം കിമപി തവ നാഭിര്‍ഗിരിസുതേ 
ബിലദ്വാരം സിദ്ധേര്‍ഗിരിശനയനാനാം വിജയതേ."

അർത്ഥം എന്തുമാകട്ടേ കേൾക്കാൻ നല്ല കിടിലം സംഭവമാണ്!

"മാറിപ്പോകാത്ത മന്ദാകിനിയുടെ ചുഴിയോ
മൊട്ടു രണ്ടിട്ടു രോമത്താരൊക്കും തൈലതയ്ക്കുള്ളരിയൊരു തടമോ
താർശരക്കർശനത്തീ നീറീടും കുണ്ഡമോ 
നാഭികയിതു രതിതൻ നിത്യമാം കൂത്തരങ്ങോ
ദ്വാരോ സിദ്ധിക്കു ഗൌരീഗിരീശമിഴികൾതൻ
വീക്ഷ്യമാം ലക്ഷ്യമെന്നോ"

എന്ന് കുമാരനാശ്ശാൻ മലയാളത്തിൽ പറയുമ്പോൾ ഒരു ഗുമ്മില്ല!

അപ്പോൾ പിന്നെ നാടൻ മലയാളത്തിൽ ഞാൻ പറഞ്ഞാൽ എന്തരാവുമോ എന്തോ...

അല്ലയോ പർവ്വതനന്ദിനീ, പാർവ്വതീ ദേവീ, നിന്റെ പൊക്കിൾക്കുഴി ഗംഗാനദിയിലെ സ്ഥാനചലനം സംഭവിയ്ക്കാത്ത നീർച്ചുഴി പോലെ നിലനിൽക്കുന്നു. ഇരുസ്തനങ്ങളും രണ്ട് താമരമൊട്ടുകൾ പോലെയും നാഭിയിൽ നിന്നുദ്ഭവിച്ച് സ്തനങ്ങൾക്ക് താഴെ അവസാനിയ്ക്കുന്ന വയറിന്റെ മദ്ധ്യത്ത് കൂടിയുള്ള നുനുത്ത രോമാവലി ആ മൊട്ടുകൾ വിരിഞ്ഞ താമരതണ്ടായും, നാഭി ആ താമര വളരുന്ന തടമായും ശോഭിയ്ക്കുന്നു. മല്ലികാബാണന്റെ കാമാഗ്നിയ്ക്ക് ജ്വലിയ്ക്കുവാനുള്ള കുണ്ഡമായും, രതീദേവിയുടെ കേളീഗൃഹമായും, സാക്ഷാൽ പരമശിവന്റെ നയനങ്ങൾക്ക് തപഫലസിദ്ധിയ്ക്കുള്ള ഗുഹാകവാടമായും കാണപ്പെട്ടു.

ഒരു പൊക്കിളേ...!!!!

സൗന്ദര്യലഹരിയിലെ വരികളിലൂടെ സഞ്ചരിച്ചാൽ ഇനിയുമുണ്ട് പാർവ്വതീ ദേവിയെ പറ്റി പരാമർശ്ശങ്ങൾ, എന്ത് കൊണ്ടാവും കാളിദാസൻ ആയാലും, ശങ്കരാചാര്യർ ആയാലും മറ്റ് ദേവിമാരെ ഒക്കെ വിട്ട് പാർവ്വതിയെ മാത്രം ഇങ്ങനെയൊക്കെ വർണ്ണീച്ചത്?

വൈഷ്ണവ - ശൈവ സംഘട്ടനങ്ങളാൽ വിഷ്ണുവിനെയോ, ശിവനെയോ തൊട്ടാൽ കൈ പൊള്ളുമായിരുന്നു, എന്നാൽ മൂന്നാമത്തെ വിഭാഗത്തെ, ശാക്തേയരെ, അൽപ്പം പിന്നോട്ട് തള്ളാനാവുമോ അവരുടെ ദേവസങ്കൽപ്പമായ ശക്തിയെ ഇങ്ങനെ ഒക്കെ വർണ്ണിച്ചത്? ശൈവർക്ക് അടിപ്പെട്ട് ജീവിയ്ക്കേണ്ടവർ ആണ് നിങ്ങൾ എന്നാണോ? അതോ ശിവന്റെ കഴുത്തിൽ ചുറ്റിയാടുന്ന സർപ്പമായ ഒരു ബാധ്യതയോ?

നൂറു ശ്ളോകങ്ങൾ ഉള്ളതിൽ ആദ്യത്തെ 41 ശ്ളോകങ്ങൾ ആയ ആനന്ദലഹരി അന്യോന്യം യാതൊരു പൊരുത്തവുമില്ലാത്തവയും പിന്നീടുള്ള 59 ശ്ളോകങ്ങൾ ആയ സൗന്ദര്യലഹരി ക്രമമായ കേശാദിപാദ വർണ്ണനയുമാണ്.
അടുത്ത ഒരു ശ്ളോകം ആനന്ദലഹരിയിൽ നിന്നും പിന്നീടുള്ളവയും, മുകളിൽ നമ്മൾ കണ്ട ശ്ളോകവും സൗന്ദര്യലഹരിയിൽ നിന്നുമാണ്. നമുക്ക് ചില ശ്ളോകങ്ങൾ ഒന്ന് ശ്രദ്ധിച്ചാലോ? 

"ക്വണത് കാഞ്ചീദാമാ കരികലഭകുംഭസ്തനനതാ 
പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ 
ധനുര്‍ബാണാന്‍ പാശം സൃണീമപി ദധാനാ കരതലൈ: 
പുരസ്താദാസ്താം ന പുരമഥിതുരാഹോപുരിഷികാ"

കിലുങ്ങുന്ന മണിഅരഞ്ഞാണത്തോട് കൂടിയവളും ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമായ സ്തനകുംഭങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞവളും, ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളും, ശരത്കാലപൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവളും, വില്ല്, അമ്പുകള്‍, കയറ്, തോട്ടി എന്നിവ കരതലത്തില്‍ ധരിച്ചവളും, പുരമഥനന്റെ അഹങ്കാര സ്വരൂപിണിയുമായ അല്ലയോ ദേവി... നിന്തിരുവടി ഞങ്ങളുടെ മനസ്സില്‍ നിറയട്ടെ......

സ്തനങ്ങൾ കുട്ടിയാനയുടെ മസ്തകം പോലെ പോരിനു നിൽക്കുന്നുവത്രേ!

"ഹരക്രോധ ജ്വാലാവലിഭി രവലീഢേന വപുഷാ. 
ഗഭീരേ തേ നാഭീസരസി കൃതസങോ മനസിജഃ. 
സമുത്തസ്ഥൗ തസ്മാ-ദചലതനയേ ധൂമലതികാ. 
ജനസ്താം ജാനീതേ തവ ജനനി രോമാവലിരിതി"

അല്ലയോ ഹിമഗിരിസുതേ പരമശിവന്റെ ക്രോധാഗ്നി ജ്വാലയിൽ വെന്ത ശരീരത്തോടെ കാമദേവൻ അവിടുത്തെ ആഴമേറിയ നാഭിയാകുന്ന സരസ്സിൽ വന്ന മുങ്ങിയപ്പോൾ അതിൽ നിന്നുയര്‍ന്ന ചെറുവള്ളി പോലെയുള്ള പുകക്കൂട്ടത്തിനെ ലോകര്‍ അവിടുത്തെ രോമാവലി എന്ന ഭാവിയ്ക്കുന്നു.

സ്തനങ്ങൾ മുതൽ പൊക്കിൾക്കൊടി വരെയുള്ള മൃദുലരോമരാജികൾ ആണു സംഭവം!

"കുചൌ സദ്യഃ സ്വിദ്യത്തടഘടിതകൂർപ്പാസഭിദുരൌ
കഷന്തൌ ദോർമൂലേ കനകകലശാഭൌ കലയതാ
തവത്രാതും ഭംഗാദലമിതി വലഗ്നം തനുഭുവാ
ത്രിധാനദ്ധം ദേവി ത്രിവലിലവലീവല്ലിഭിരിവ"

അല്ലയോ ദേവീ, ഇടവിട്ട് വിയർക്കുന്ന നിന്റെ മാർത്തടത്തിൽ കെട്ടപ്പെട്ട മുലക്കച്ചയെ പിളർക്കുന്നവയും, കക്ഷം വരെ എത്തുന്നവയും, സ്വര്‍ണ്ണകലശങ്ങൾ പോലെ ശോഭിയ്ക്കുന്നവയുമായ അവിടുത്തെ സ്തനങ്ങളെ യൗവ്വനപൂർണ്ണത നിറച്ച കാമദേവൻ, അവയുടെ ഭാരത്താൽ അവിടുത്തെ കൃശമായ മദ്ധ്യദേശം ഒടിഞ്ഞുപോകാതെ രക്ഷിയ്കുന്നതിനായി ത്രിവലികളാകുന്ന ലവലീവല്ലി കാണ്ട് മൂന്ന് വട്ടം ചുറ്റിക്കെട്ടിയത് പോലെ അവിടുത്തെ വയറിൽ കാണപ്പെടുന്ന മൂന്ന് ഞൊറിവുകൾ ശോഭിയ്ക്കുന്നു.

വയറിന്റെ ഭംഗിയാണിവിടെ കാളിദാസന്റെ "വലീഷു" ആയി പ്രതിപാദിച്ചത്!

"ഗുരുത്വം വിസ്താരം ക്ഷിതിധരപതിഃ പാർവതിനിജാ-
ന്നിതംബാച്ഛിദ്യ ത്വയി ഹരിണരൂപേണ നിദധേ
അതസ്തേ വിസ്തീർണ്ണോ ഗുരുരയമശേഷാം വസുമതീം
നിതംബപ്രാഗ്ഭാരഃ സ്ഥഗയതി ലഘുത്വം നയതി ച"

അല്ലയോ പാര്‍വതീ ദേവി, അവിടുത്തെ വിവാഹവേളയിൽ പിതാവായ ഹിമവാൻ സ്വന്തം നിതംബത്തിൽ നിന്ന് ഗുരുത്വവം, വിതാരവുമുള്ള ഒരു ഭാഗം അവിടുത്തെയ്ക്ക് വിവാഹസമ്മാനമായി നല്കുകയുണ്ടായി. അതുകൊണ്ട് തന്നെ അവിടുത്തെ നിതംബബിംബങ്ങൾ ഭാരവും വിസ്തൃതിയേറിയവയുമായി ഈ ഭൂമിയെ ആസകലം മറയ്ക്കുകയും, വെല്ലുകയും ചെയ്യുന്നു.

അങ്ങനെ നിതംബവും കഴിഞ്ഞ് കിട്ടി!

"കരീന്ദ്രാണാം ശുണ്ഡാൻ കനകകദലീകാണ്ഡപടലീം
ഉമാഭ്യാമൂരുഭ്യാമുഭയമപി നിർജിത്യ ഭവതി
സുവൃത്താഭ്യാം പത്യുഃ പ്രണതി കഠിനാഭ്യാം ഗിരിസുതേ
വിധിജ്ഞേ ജാനുഭ്യാം വിബുധകരികുംഭദ്വയമപി"

അല്ലയോ ഹിമഗിരിതനയേ, കര്‍ത്തവ്യജ്ഞയായ ദേവീ, അവിടുത്തെ തുടകളാൽ ഗജശ്രേഷ്ഠന്മാരുടെ തുമ്പിക്കൈകളേയും, സ്വര്‍ണ്ണമയമായ വാഴത്തണ്ടുകളേയും വിജയിച്ചിട്ട്, എന്നും പതിയുടെ മുമ്പിൽ നമസ്ക്കരിയ്ക്കുന്നതു മൂലം കഠിനമായവയും, വൃത്താകാരമുള്ളവയുമായ കാൽമുട്ടുകളാൽ ഐരാവതത്തിന്റെ മസ്തകങ്ങളേയും ജയിയ്ക്കുന്നു.

അങ്ങനെ തുടകളുമായി, ഇനിയെന്താ? ഓ, ഇത്രയുമൊക്കെ മതി, ഇനി വേണമെങ്കിൽ നിങ്ങൾ തന്നെ സൗന്ദര്യലഹരി വായിച്ചോളൂ, ഞാൻ നിങ്ങൾക്കായി അത് പരിചയപ്പെടുത്തി എന്ന് മാത്രമേയുള്ളൂ...

No comments:

Post a Comment