പ്രഭാതത്തിലെ അസ്വസ്ഥതകളും, പരാക്രമക്ഷീണവും മേഘനാദനെ ഒരേ സമയം തളർത്തുകയും, വർദ്ധിതവീര്യനാക്കുകയും ചെയ്തിരുന്നു. ആ ക്ഷീണം വ്യക്തമായി മനസ്സിലാക്കിയ സുലോചന കുറച്ച് നേരം വിശ്രമിച്ച ശേഷം, ഉച്ചഭക്ഷണസമയത്തിനു ശേഷം മാത്രം യുദ്ധം നയിയ്ക്കാമെന്ന് അവനെ ഉപദേശിച്ചു; എന്നാൽ താൻ ജീവിച്ചിരിയ്ക്കുന്നിടത്തോളം കാലം ലങ്കയുടെ സൈന്യത്തെ മുന്നിൽ നിന്ന് താൻ തന്നെയാവും നയിക്കുകയെന്ന വാക്കുകൾക്കു മുന്നിൽ അവൾ നിസ്സഹായയായി.
അവളുടെ ദൈന്യത നിറഞ്ഞ മുഖത്തിനു മറുപടിയായി, "മാതാവിനുണ്ടായ അപമാനത്തിനു പകരമായി വിഭീഷണനെ വധിച്ച ശേഷം ആവാം വിശ്രമം" എന്ന് സമാശ്വസിപ്പിച്ച് മേഘനാദൻ യുദ്ധഭൂമിയിലേയ്ക്ക് യാത്രയായി, സുലോചന ദു:ഖം വെടിഞ്ഞ്, ചിരിയോടെ ഭർത്താവിനു വിജയമാശംസിച്ച് യാത്രയാക്കി.
യുദ്ധക്കളത്തിൽ ആരെ മേഘനാദൻ തിരഞ്ഞുവോ, അയാളെ കണ്ടെത്താനേ കഴിഞ്ഞില്ല; ഭീരുവായ ആ ശത്രു ലക്ഷ്മണന്റെ പടകുടീരത്തിൽ അഭയം തേടി, പുറത്ത് വന്ന് യുദ്ധത്തിൽ പങ്കെടുക്കാൻ കൂട്ടാക്കിയതേയില്ല. എങ്കിലും ക്രുദ്ധനായ ഘനനാദൻ അതിശക്തമായി ആക്രമിച്ച് വാനരസേനയെ കൂട്ടത്തോടെ കൊന്നൊടുക്കി. അതിനെ പ്രതിരോധിയ്ക്കുവാൻ ഹനുമാൻ മുന്നിലെത്തി, മേഘനാദനെതിരെ യുദ്ധം ചെയ്തു. അതി ഭയങ്കരമായ യുദ്ധമാണാ ലോകൈകവീരന്മാർക്കിടയിൽ നടന്നത്, പരസ്പരം അണുവിട വിട്ടുകൊടുക്കാത്ത ആക്രമണപ്രത്യാക്രമണങ്ങളിൽ ലങ്കയുടെ മണ്ണ് വിറകൊണ്ടു. ഹനുമാനു നേരേ ആക്രമിച്ച് കയറുന്ന മേഘനാദനെ കണ്ട് പരിഭ്രാന്തനായ ലക്ഷമണൻ രാമനു സമീപം എത്തി, അനുജന്റെ മുഖഭാവം വായിച്ച് മനസ്സറിഞ്ഞ് ജേഷ്ഠൻ ആശ്വസിപ്പിച്ചു
"ഇന്ന് ഭൂമിയിൽ ജീവിച്ചിരിയ്ക്കുന്നവരിൽ വച്ച് ഏറ്റവും പരാക്രമികളായ അവരുടെ യുദ്ധം അതിന്റെ മഹത്വത്തിനു ചേർന്നവിധം നടക്കട്ടേ... അത് കാര്യമാക്കേണ്ടത്തില്ല, മഹാദേവന് അഞ്ജനയിലും, മധുരയിലും പിറന്നതെങ്കിലും സഹോദരന്മാരല്ലേ അവർ? ഇരുവരും വധിയ്ക്കപെടില്ല. കൂട്ടത്തിൽ കൂടുതൽ യുദ്ധനിപുണൻ മേഘനാദനായതിനാൽ അവൻ തോൽക്കില്ല, ചിരഞ്ജീവി ആയതിനാൽ ഹനുമാൻ വധിയ്ക്കപ്പെടുകയുമില്ല"
നീണ്ടയുദ്ധത്തിനൊടുവിൽ ഹനുമാൻ പരാജിതനായി പിന്മാറിയപ്പോൾ ഭയന്ന്, ചിതറിയോടിയ വാനരസേനയെ സംരക്ഷിയ്ക്കുവാൻ, രാമനും ലക്ഷ്മണനും ഒന്നിച്ച് ഇന്ദ്രജിത്തിനെ നേരിട്ടു.
പരസ്പരം പുറം കാത്തും, ഒന്നിച്ച് നിന്നും അവർ ഇന്ദ്രജിത്തിന്റെ രഥവേഗത്തെ പ്രതിരോധിച്ചു. വിഭീഷണനെ കണ്ടെത്തി വധിയ്ക്കാൻ ഈ സഹോദർന്മാരെ വീഴ്ത്താതെ സാദ്ധ്യമല്ല എന്നറിഞ്ഞ അവൻ ഒന്നിനു പുറകേ ഒന്നായി ദിവ്യായുധങ്ങൾ പ്രയോഗിച്ച് തുടങ്ങി. ബ്രഹ്മാസ്ത്രവും, വൈഷ്ണവാസ്ത്രവും പ്രയോഗിച്ചെങ്കിലും അവ രാമൻ മുന്നിൽ നിന്നു പ്രതിരോധിച്ചു, ആ സഹോദരന്മാരെ വലം വച്ചദിവ്യാസ്ത്രങ്ങൾ ഒഴിഞ്ഞ് പോകുന്ന കാഴ്ച്ച ശക്രാജിത്തിനെ ചിന്തയിലാഴ്ത്തി, ഇവർ സാധാരണ മനുഷ്യരല്ല എന്നും, ദിവ്യാസ്ത്രങ്ങളെ മുന്നിൽ നിന്നു തടുത്ത രാമൻ ദിവ്യത്വമുള്ള ജന്മമാണെന്ന് അവനു മനസ്സിലായി. അപ്പോഴേയ്ക്കും ഉച്ചഭക്ഷണത്തിനു സമയമായതിനാൽ അവൻ പതിവിനു വിപരീതമായി പടകുടീരത്തിനു പകരം ലങ്കയുടെ കോട്ട താണ്ടി കൊട്ടാരത്തിൽ എത്തിച്ചേർന്നു.
കോട്ടയിൽ കടന്ന മേഘനാദൻ നേരേ പോയത് രാജകൊട്ടാരത്തിൽ ലങ്കേശനെ കാണുവാനായിരുന്നു, യുദ്ധക്കളത്തിൽ നിന്നും പതിവില്ലാത്ത നേരത്ത് വന്ന പുത്രനെ കണ്ട് യുദ്ധം അവസാനിച്ചു എന്ന് കരുതിയ അദ്ദേഹം സന്തോഷത്തോടെ അടുത്തെത്തി ചോദിച്ചു
"വീരനായ പുത്രാ.. വിശദമായി പറയൂ... എങ്ങനെയാണ് ആ വനവാസികളെ നീ വധിച്ചത്? കിഷ്ക്കിന്ധാപതിയും, ലങ്കചുട്ട ആ വാനരനും കൊല്ലപ്പെട്ടോ? വിഭീഷണനും വധിയ്ക്കപ്പെട്ടോ?"
പിതാവിന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് മുന്നിൽ മുട്ടുകുത്തി പുത്രൻ പ്രതിവചിച്ചു
"ലങ്കേശൻ വിജയിക്കട്ടേ.... ഞാൻ യുദ്ധം ജയിച്ചല്ല വന്നിരിയ്ക്കുന്നത്, എന്നാൽ ഈ യുദ്ധം അവസാനിപ്പിയ്ക്കുവാൻ തന്നെയാണത്. ത്രിമൂർത്തികളുടെ വരദാനമായ ദിവ്യായുധങ്ങളിൽ പാശുപാസ്ത്രമൊഴികെയെല്ലാം ഞാൻ ആ സഹോദരന്മാരിൽ പ്രയോഗിച്ചു, എന്നാൽ അവർ അതിനെ പ്രതിരോധിച്ചു. അവർ അസാധാരണജന്മങ്ങൾ ആണെന്ന് എനിയ്ക്ക് അതിലൂടെ ബോദ്ധ്യപ്പെട്ടു."
പുത്രനെ നെറുകയിൽ തലോടി, അടുത്തുള്ള സിംഹാസനത്തിൽ ഇരുത്തി അടുത്തിരുന്ന് പിതാവ് ഉപദേശിച്ചു
"എന്ത് കൊണ്ട് നീ പാശുപതാസ്ത്രം അവരിൽ പ്രയോഗിച്ചില്ല, നീ അല്ലേ വൈഷ്ണവയാഗങ്ങൾ എന്റെ അഭാവത്തിലും, എന്നെ ഒളിച്ചും നടത്തിയത്, എന്നിട്ടെന്തായി? ഞാൻ എല്ലായ്പ്പോഴും നിന്നോട് പറഞ്ഞിരുന്നു ബ്രഹ്മാവോ വിഷ്ണുവോ നമ്മുടെ ദൈവങ്ങൾ അല്ല, അവർ നമ്മളിൽ പ്രതിപത്തിയുള്ളവരുമല്ല. ശൈവരായ നമുക്ക് ദൈവം പരമശിവനാണ്; ശൈവായുധമായ ശക്തി പ്രയോഗത്തിലൂടെ നീ ശത്രുക്കളെയാകെ നിലമ്പരിശാക്കിയിരുന്നല്ലോ.. അപ്പോൾ മനസ്സിലായില്ലേ ശൈവർക്ക് ശൈവശക്തികളേ ആധാരമായുള്ളുവെന്ന്? അതിനാൽ നീ പാശുപതാസ്ത്രമാണ് ആദ്യം പ്രയോഗിയ്ക്കേണ്ടിയിരുന്നത്, എങ്കിൽ ആദ്യദിവസം തന്നെ അവരെല്ലാം കാലപുരി പൂകുമായിരുന്നു"
സഭാപരിചാരകൻ നൽകിയ ജലം ആവശ്യത്തിനു കുടിച്ച ശേഷം അവൻ മറുപടി പറഞ്ഞു
"ദിവ്യാസ്ത്രങ്ങൾ സാധാരണമനുഷ്യർക്ക് മേലുപയോഗിയ്ക്കുവാനുള്ളതല്ലല്ലോ, അവർ വ്യത്യസ്തരാണെന്ന് അറിഞ്ഞാണ് പിന്നീട് ഞാൻ അവ ഉപയോഗിച്ചത്, നാഗപാശത്തിൽ നിന്നും, ശക്തിയെന്ന ബ്രഹ്മാണ്ഡാസ്തത്തിൽ നിന്നും അവർ മൃത്യുവിന്റെ മുഖം വരെയെത്തിയശേഷവും രക്ഷപ്പെട്ടു. എന്നാൽ ബ്രഹ്മാസ്ത്രവും, വൈഷ്ണവാസ്ത്രവും അവരെ സ്പർശ്ശിച്ചതേ ഇല്ല. അതിനാൽ ഞാൻ അവിടുത്തോട് അപേക്ഷിയ്ക്കുകയാണ് അശോകവനിയിലെ ആ സ്ത്രീയെ അവളുടെ ഭർത്താവിനു മടക്കി നൽകി ഈ യുദ്ധം അവസാനിപ്പിയ്ക്കുക"
പുത്രന്റെ വാക്കുകൾ കേട്ട് ക്രുദ്ധനായി ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റ ലങ്കേശൻ ഉറക്കെ പറഞ്ഞു
" ലങ്കയുടെ യുവരാജാവേ, നിനക്ക് ചേർന്ന വാക്കുകളോ ഇത്? യുദ്ധത്തിന്റെ ഏത് ശാസ്ത്രമാണ് നീ ഉദ്ധരിയ്ക്കുന്നത്? ചതുരോപായങ്ങളിൽ സാമമോ, ദാനമോ തന്നേക്കാൾ താണവരോട് ആണ് പ്രയോഗിയ്ക്കുക, നീ തന്നെ പറയുന്നു ശത്രു ശക്തനെന്ന്, അപ്പോൾ അവനോട് യുദ്ധം ചെയ്യുക, ദൗർബല്യം നോക്കി ആക്രമിയ്ക്കുക, ഗുരു ശുക്രാചാര്യർ പഠിപ്പിച്ച പാഠങ്ങൾ നീ മറന്നോ? മഹാബലിയും പ്രഹ്ളാദനും പഠിച്ച ഗുരുകുലത്തിൽ നിന്നെ അഭ്യസിപ്പിച്ചത് ഇതാണോ?"
പിതാവിന്റെ ഭാവമാറ്റത്തിൽ ഖിന്നനായ പുത്രൻ അപേക്ഷ ആവർത്തിച്ചു
" അങ്ങയുടെ മുന്നിൽ അവർ സമന്മാരല്ല, തീർച്ചയായും താഴെ തന്നെയാണ്, അവരുടെ സേനയുടെ പകുതി നശിച്ചും കഴിഞ്ഞു, ഇനി അങ്ങയുടെ കരുണ അവരിൽ പ്രദാനം ചെയ്താലും, മൈഥിലിയെ മടക്കി നൽകി യുദ്ധം അവസാനിപ്പിച്ചാലും മഹാരാജാവേ..."
ലങ്കേശൻ ആദ്യം അട്ടഹസിച്ചു, അതിന്റെ അലകളിൽ ലങ്കയുടെ കൊട്ടാരക്കെട്ടുകൾ വിറച്ചു; പിന്നീട് ദേഷ്യത്തോടെ പുത്രനെ നോക്കി അലറി
" മേഘനാദാ... ഇന്നോളം നിന്നെയോർത്ത് ഞാൻ അഭിമാനിച്ചിരുന്നു, എന്നാൽ ഇന്ന് നിന്നെയോർത്ത് എന്റെ ശിരസ്സ് അപമാനഭാരത്താൽ കുനിയുന്നു, ഇങ്ങനെ ഭീരുവായ ഒരു പുത്രനു ജന്മം നൽകിയതിൽ ഞാൻ ഖേദിയ്ക്കുന്നു. നീ പോകൂ.. കൊട്ടാരത്തിൽ വിശ്രമിയ്ക്കൂ.. മാതാവിന്റെ മടിയിൽ മയങ്ങൂ, അല്ലെങ്കിൽ ഭാര്യയുമായി ഉല്ലസിയ്ക്കൂ.. യുദ്ധം ജയിയ്ക്കാൻ ലങ്കേശനു മറ്റാരുടേയും സഹായം ആവശ്യമില്ല. അല്ലെങ്കിൽ തന്നെ യുദ്ധക്കളം ഭീരുക്കൾക്ക് ചേർന്ന ഇടവുമല്ല"
അതീവ ദുഖിതനായിത്തീർന്ന മേഘനാദൻ വളരെ പതുക്കെ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് രാജസഭയുടെ പുറത്തേയ്ക്ക് നടന്നു, പകുതി വഴിയിൽ തിരിഞ്ഞ് നിന്ന അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു
"മഹാരാജാവേ.. മേഘനാദൻ ജീവിച്ചിരിയ്ക്കുമ്പോൾ അങ്ങേയ്ക്ക് യുദ്ധക്കളത്തിൽ പോകേണ്ടി വരില്ല; ദേവദേവനായ പരമശിവനേയും കുലദൈവം പ്രത്യംഗിരാദേവിയേയും സാക്ഷ്യപ്പെടുത്തി ശപഥം ചെയ്യുന്നു അങ്ങയുടെ നേർക്ക് ആദ്യത്തെ ശസ്ത്രം ഉയരും മുമ്പ് മേഘനാദന്റെ പ്രാണൻ വേർപെട്ടിരിയ്ക്കും. ലങ്കേശാ, അങ്ങ് എന്നും വിജയിക്കട്ടേ..."
ഉറച്ച കാൽവയ്പ്പുകളോടെ അതിവേഗം അവൻ നടന്നു മറഞ്ഞു. ആഹാരം കഴിയ്ക്കുവാൻ മേഘനാദൻ വരുന്ന വിവരം അറിഞ്ഞപ്പോൾ വിഭീഷ്ണനെ വധിച്ച ശേഷം മദ്ധ്യാഹ്നത്തിനപ്പുറം വിശ്രമത്തിനവൻ എത്തിയതാണെന്ന് സുലോചന ധരിച്ചു. എന്നാൽ രാജസദസ്സിൽ ഉണ്ടായ സംഭവങ്ങൾ അവളോട് പറഞ്ഞ് മണ്ഡോദരി സങ്കടപ്പെട്ടപ്പോൾ തന്നെ അവൾ ഭക്ഷണത്തിനും, തുടർന്ന് യുദ്ധത്തിൽ പങ്കെടുക്കുവാൻ വേണ്ട ഒരുക്കങ്ങളും ചെയ്തു. അമ്മയും ഭാര്യയും ചേർന്ന് സമാധാനിപ്പിച്ചപ്പോൾ, അത് ശാന്തനായി കേട്ടുകൊണ്ട് തികച്ചും നിശബ്ദനായി ഇരുന്നവൻ ഭക്ഷണം കഴിച്ചു. ഭക്ഷണാനന്തരം വളരെ വേഗം പടാക്കോപ്പുകൾ അണിഞ്ഞ് യുദ്ധത്തിനു സന്നദ്ധനായി. സിന്ദൂരതിലകമണിയിച്ച് വിജയാശംസകളോടെ അവനെ യാത്രയാക്കിയ അവരോട് പുറത്തേയ്ക്ക് കടക്കുന്നതിനിടയിൽ അവൻ പറഞ്ഞു
"എനിയ്ക്ക് ലഭിച്ച വരദാനത്തിലെ നിബന്ധന നിങ്ങൾക്കോർമ്മയുണ്ടോ? ഒരു വ്യാഴവട്ടമായിബ്രഹ്മചാരിയായി കഴിയുന്ന, നിദ്ര ഒഴിവാക്കിയ ഒരുവനു മുന്നിൽ ആ വരബലം ഫലിയ്ക്കില്ല എന്ന്! വനവാസികളിൽ ഇളയകുമാരൻ അങ്ങനെ ഒരുവനാണ്, അവന്റെ ഭാര്യയും സീതയുടെ സഹോദരിയുമായ ഊർമ്മിള എന്ന കുമാരി അവനു പകരം ഉറങ്ങിക്കൊണ്ടേയിരിയ്ക്കുന്നുവത്രേ! ആ വരബലത്താൽ നിദ്രയെ ഈ കുമാരൻ ഒഴിവാക്കിയിരിയ്ക്കുന്നു. ദിവ്യായുധങ്ങൾക്ക് ഇനി കാര്യമായ പ്രസക്തിയില്ലെന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ആയുധകലകളിലെ പ്രാവീണ്യം, കരബലം, കൈയ്യടക്കം എന്നിവ മാത്രമാണ് ആശ്രയം, അതിൽ അവരും മോശമല്ല; എന്തിനും തയ്യാറായി ഇരിയ്ക്കുക"
മണ്ഡോദരി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു
"എന്റെ പുത്രനു പരാജയമില്ല"
തികഞ്ഞ ധൈര്യവതിയായി സുലോചനയും പ്രതിവചിച്ചു
" മേഘനാദനും സുലോചനയും ജീവിതത്തിൽ ഒരുമിച്ചായിരുന്നെങ്കിൽ, മൃത്യുവിലും ഒരുമിച്ചു തന്നെയായിരിയ്ക്കും. അങ്ങയോടൊപ്പം അവസാനത്തെ യാത്രവരേയും ഞാനുണ്ടാവും, ധൈര്യമായി പോയി വരൂ, രാക്ഷസകുലത്തിനും, ലങ്കയ്ക്കും, ലങ്കേശനും എന്നെന്നും അഭിമാനകരമായി ഓർമ്മിയ്ക്കത്തക്ക വിധം വീര്യത്തോടെ പോരാടൂ.. വിജയം അങ്ങേയ്ക്കൊപ്പം നിൽക്കും"
ഒരിയ്ക്കൽ കൂടി തിരിഞ്ഞ് നോക്കാതെ, മേഘനാദൻ നടന്ന് വെളിയിൽ തയ്യാറാക്കിയിട്ടിരുന്ന രഥത്തിലേറി യുദ്ധക്കളത്തിലേയ്ക്ക് യാത്രയായി. അതിഘോരമായ യുദ്ധമാണു പിന്നീട് നടന്നത്, നളനും, നീലനും, ഹനുമാനും, സുഗ്രീവനും, അംഗദനും, മകരധ്വജൻ, ദധിബലൻ എന്നിവർ ഉൾപ്പടെ ഏതാണ്ട് എല്ലാ വീരന്മാരും രാമലക്ഷ്മണന്മാർക്ക് പാർശ്വം കാത്ത് യുദ്ധം ചെയ്തിട്ടും ഇന്ദ്രജിത്തിനെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞില്ല, എങ്കിലും അവൻ തളർന്ന് തുടങ്ങിയിരുന്നു. അത് മനസ്സിലാക്കിയ രാമൻ ലക്ഷ്മണനോട് പറഞ്ഞു
"ലക്ഷ്മണാ.. വരബലത്താൽ മറ്റാർക്കും അവനെ തോൽപ്പിയ്ക്കാനാവില്ല, മറ്റുള്ളവർ ആക്രമിയ്ക്കുമ്പോൾ അവനിൽ ശക്തി നിറയുന്നത് നീ കാണുന്നില്ലേ? അതിനാൽ നീ മാത്രം അവനെ നേരിടുക, മറ്റുള്ളവർ അവനെ ലക്ഷ്യം വയ്ക്കാതെ ആക്രമിച്ച് അവന്റെ ശ്രദ്ധയും, ഏകാഗ്രതയും നിന്നിൽ നിന്നും വ്യതിചലിയ്ക്കുവാൻ വഴിയൊരുക്കാം."
തന്റെ യഥാർത്ഥ ശത്രു ലക്ഷ്മണനണെന്ന് തിരിച്ചറിഞ്ഞ മേഘനാദൻ ലക്ഷ്മണിൽ അസുരാസ്ത്രം പ്രയോഗിച്ചു. എന്നാൽ അത് മഹേശ്വരാസ്ത്രത്താൽ പ്രതിരോധിയ്ക്കപ്പെട്ടു, ലക്ഷ്മണൻ പ്രയോഗിച്ച യമാസ്ത്രം കുബേരാസ്ത്രത്താലും, തുടർന്ന് വരുണാസ്ത്രം രൗദ്രാസ്ത്രത്താലും, ആഗ്നേയാസ്ത്രം സൗരേശനാസ്ത്രത്താലും പ്രതിരോധിയ്ക്കപ്പെട്ടു. രാമൻ പുതിയ രണനീതിയിലേയ്ക്ക് യുദ്ധതന്ത്രത്തിൽ മാറ്റം വരുത്തി, പലശത്രുക്കൾ പലദിക്കിൽ നിന്നും ആക്രമിച്ചപ്പോൾ മേഘനാദനു ഏകാഗ്രത നഷ്ടമായി. ഏത് ദിക്കിലേയ്ക്ക് ആക്രമിയ്ക്കണമെന്നറിയാതെ പതറിയ ഇന്ദ്രജിത്തിനെ നോക്കി ലക്ഷ്മണൻ പറഞ്ഞു
"ഇന്ദ്രനു ഭീതിമോചനം.... അതിനു ഹേ.. ഇന്ദ്രശത്രൂ.... നിനക്കായി ഇതാ ഇന്ദ്രാസ്ത്രം .."
വളരെ സമീപത്തെത്തിയപ്പൊൾ മാത്രമാണ് തനിയ്ക്ക് നേരേ വരുന്ന ആ അസ്ത്രത്തെ ഇന്ദ്രജിത്ത് കണ്ടത്. പിന്നീട് പ്രതികരിയ്ക്കുവാൻ സമയമുണ്ടായിരുന്നില്ല, ശിരസ്സറ്റ ആ ശരീരം തേർത്തട്ടിൽ വീണു. രാക്ഷസസേന ഭയന്ന് പിന്തിരിഞ്ഞോടി, ആ ശിരസ്സ് കയ്യിലുയർത്തി ഹനുമാൻ ആഘോഷം നൃത്തം ചവുട്ടി. രാമൻ അത് തടഞ്ഞുകൊണ്ട് ദേഷ്യത്തോടെ പറഞ്ഞു
"മൃതശരീരം മഹാദേവസന്നിധിയാണ്, അതിനെ അപമാനിയ്ക്കരുത്. പിന്നെ ഇത്രയ്ക്കങ്ങ് ആഘോഷിയ്ക്കുവാൻ എന്തിരിയ്ക്കുന്നു? ഇത് കേവലം ഭാഗ്യത്താലുള്ള വിജയം മാത്രമാണെന്നുള്ള ഓർമ്മയും വേണം."
സങ്കോചത്തോടെ ഹനുമാൻ മറുപടി പറഞ്ഞു
" മേഘനാദൻ വീണാൽ, ലക്ഷ്മണകുമാരന്റെ പടകുടീരത്തിൽ ഇരുന്ന് കാണാവുന്ന രീതിയിൽ, ആ ശിരസ്സ് ഉയർത്തിപ്പിടിയ്ക്കണമെന്ന് വിഭീഷണൻ ആവശ്യപ്പെട്ടിരുന്നു, അതാണിങ്ങനെ; അദ്ദേഹത്തിന്റെ ഭയം അകറ്റുവാൻ ഈ ശരീരം കൊണ്ട് ചെന്ന് കാണിയ്ക്കാമെന്ന് കിഷ്ക്കിന്ധാപതി സമാധാനിപ്പിച്ചിരുന്നു, അതിനാൽ..."
തികഞ്ഞ ഗൗരവത്തിൽ തന്നെ രാമൻ പ്രതിവചിച്ചു
" അതിമഹാരഥിയെന്നാൽ 12 മാഹാരഥന്മാരെ ഒന്നിച്ച് നേരിടാൻ കഴിവുള്ളവൻ എന്നാണ്, അങ്ങനെ ഒരാളെ മാത്രമേ നമുക്കറിയൂ, അതീ വീണുകിടക്കുന്ന മേഘനാദനാണ്, അതിനാലാണ് നമ്മൾ പതിനഞ്ചോളം മഹാരഥന്മാർ അവനെ നേരിട്ടത്. ഈ വീരന്റെ മൃതശരീരത്തെ ശിരസ്സും ശരീരവും ചേർത്ത് വച്ച് അർഹ്ഹിയ്ക്കുന്ന ബഹുമാനം നൽകി സംരക്ഷിയ്ക്കണം, ഇത് രാമശാസനമാണ് അത് ആരാലും തെറ്റിയ്ക്കാതെ ലക്ഷ്മണാ, നീ കാക്കണം "
കാട്ടുതീ പോലെയാണ് ആ വാർത്ത ലങ്കയിൽ പടർന്നത്, എങ്ങും ശ്മശാനമൂകത പരന്നു. ലങ്കേശൻ വാർത്തയറിഞ്ഞ് നിലത്ത് വീണു, വിശ്വവിജയിയെങ്കിലും ഒരു വെറുംപിതാവായി മാറിയ അദ്ദേഹത്തിന്റെ കണ്ണുകളിൽ അശ്രുപൊടിഞ്ഞു. അദ്ദേഹം സുലോചനയുടെ കൊട്ടാരത്തിലേയ്ക്ക് കടന്നു ചെന്നു; ഒരിയ്ക്കൽ പോലും കടന്നു വന്നിട്ടില്ലാത്ത ആ കൊട്ടാരത്തിലേയ്ക്ക് ശ്രുശുരൻ കടന്നു വന്നപ്പോൾ നിലത്ത് കിടന്ന് വിലപിച്ചിരുന്ന അവൾ എണീറ്റില്ല; അവൾക്കരികിൽ മുട്ടുകുത്തിയിരുന്നു കൊണ്ട് ആ പിതാവ് വെറും സാധാരണക്കാരനെ പോലെ പറഞ്ഞു
"മകളേ.. എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിയ്ക്കണമെന്ന് എനിയ്ക്കറിയില്ല, അവൻ എനിയ്ക്കും എന്റെ പ്രാണനായിരുന്നു. തലകുനിച്ച് ലങ്കേശനു ശീലമില്ല, അത് മറന്ന് ഞാൻ നിന്റെ കാൽക്കൽ പ്രണമിയ്ക്കുന്നു, കഴിയുമെങ്കിൽ ഈ അച്ഛനു മാപ്പു തരിക നീ.."
പെട്ടെന്ന് എണീറ്റ ആ പിതാവ് തിരിച്ച് ലങ്കേശനായി മാറി, ഗൗരവത്തിൽ ചുറ്റും ഉള്ളവരെ വീക്ഷിച്ച് തിരിച്ച് നടക്കുവാനൊരുങ്ങവേ സുലോചന കിടന്നകിടപ്പിൽ തന്നെ മുഖമുയർത്തി ചോദിച്ചു
"ആ വീരപുത്രന്റെ ദേഹിയറ്റ ദേഹം തിരിച്ച് വാങ്ങുവാൻ അങ്ങെന്താണ് പോകാത്തത്?, എന്തിനായാണ് അങ്ങ് കാത്തിരിയ്ക്കുന്നത്?"
ശാന്തനായി ലങ്കേശൻ പ്രതിവചിച്ചു
"യുദ്ധനിയമപ്രകാരം മൃതശരീരങ്ങൾ അവിടെ തന്നെ ഉപേക്ഷിയ്ക്കുകയും സ്വന്തം പക്ഷം അത് ഏറ്റെടുക്കുകയുമാണ് ഇന്നുവരെ ഉണ്ടായത്, എന്നാൽ ഇത് അവന്റെ ഇളയച്ഛന്റെ നിർദ്ദേശപ്രകാരം അവർ അയാളുടെ അടുത്തേയ്ക്ക് കൊണ്ടു പോയി എന്നാണറിഞ്ഞത്. എത്രയായാലും അവൻ എന്റെ സഹോദരനല്ലേ? അതവന്റെ പുത്രനല്ലേ? താമസിയാതെ സബഹുമാനം മൃതശരീരം ഇവിടെയെത്തിയ്ക്കുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നു"
നിലത്ത് നിന്ന് എണീറ്റ് കണ്ണുനീർ തുടച്ചുകൊണ്ട് സുലോചന ആവശ്യപ്പെട്ടു
"മഹാരാജാവേ അങ്ങയുടെ പുത്രവധുവായല്ല, ലങ്കയിലെ ഒരു സാധാരണ സേനാനിയുടെ വിധവയായി ഞാൻ, രാമന്റെ പടകുടീരത്തിലേയ്ക്ക് സ്വയം പോകുവാനും വീരമൃത്യു വരിച്ച എന്റെ ഭർത്താവിന്റെ ദേഹം സ്വീകരിച്ച് കൊണ്ടുവരുവാനുമുള്ള അനുമതി അങ്ങയോട് ആവശ്യപ്പെടുന്നു"
തിരിഞ്ഞ് നിന്ന് അവളുടെ മുഖത്ത് നോക്കി അദ്ദേഹം മറുപടി പറഞ്ഞു
" കാത്തിരിയ്ക്കണം എന്നാണ് രാജാവെന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത്, പുത്രവധു എന്ന നിലയിൽ നിന്നെ ഞാൻ തടയുന്നതുമില്ല; നിനക്ക് ഉചിതം എന്ന് തോന്നുന്നത് ചെയ്യാം, ഞാൻ എതിരല്ല, മനസ്സും ശരീരവും തളർന്നിരിയ്ക്കുന്നു, ഒന്ന് വിശ്രമിയ്ക്കണം; എന്തിനും നിനക്ക് തുണയായി പ്രഹസ്തൻ ഉണ്ടാവും."
സുലോചന, പ്രഹസ്തൻ ഒരുക്കിയ രഥത്തിൽ രാമന്റെ പടകുടീരത്തിൽ എത്തി, ഭർത്താവിന്റെ മൃതശരീരം ദർശിച്ചു. ഒരു കുലവധുവിനു ചേർന്ന രീതിയിൽ അവളും, അവളോടു രാമനും പെരുമാറി. പ്രിയന്റെ മൃതശരീരം കണ്ട് മനസ്സ് പൊട്ടിത്തകർന്നിട്ടും ആ ശത്രു സൈന്യത്തിനു നടുവിൽ നിന്ന അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല. ഒരു രാജ്യത്തിന്റെ പ്രതിനിധിയെന്നപോലെ അവൾ ആഢ്യത്തത്തോടെ ശവശരീരം ഏറ്റുവാങ്ങി, രാമനു നന്ദി പറഞ്ഞു, കോട്ടയിലേയ്ക്ക് മടങ്ങി.
അവളുടെ കണ്ണുകളിൽ അപ്പോഴും അവിടെ കണ്ട കോടിയ മുഖവും, വഷളൻ ചിരിയും, കത്തുന്നപകയുള്ള കണ്ണുകളുമുള്ള ഒരു മുഖം തെളിഞ്ഞു വന്നു. ശത്രുക്കളായ രാമനും ലക്ഷ്മണനും പോലും ദുഖത്തിന്റെ ഛായയിൽ നിൽക്കുമ്പോഴും, സ്ത്രീയുടെ മാംസളമായ അംഗങ്ങളിൽ മാത്രം കണ്ണുകൾ പതിപ്പിയ്ക്കുന്ന ആ പിതൃസ്ഥാനീയന്റെ ദുർമുഖം! അതിനെ മറികടന്ന് വിഷ്ണുക്ഷേത്രത്തിലെ ഭജനമഠത്തിലേയ്ക്ക് കടന്നുവന്ന ആ ഭീമാകാരനായ വീരപുരുഷന്റെ സുന്ദരമുഖവും!
ഭർത്താവിന്റെ ചിതയൊരുക്കി അതിൽ സതി അനുഷ്ടിയ്ക്കുവാനുള്ള സുലോചനയുടെ തീരുമാനം അന്തപ്പുരങ്ങളെ നടുക്കി, അവളെ പിന്തിരിപ്പിയ്ക്കുവാൻ മണ്ഡോദരിയും, ധന്യമാലിനിയും, സരാമയും, തൃജടയുമൊക്കെ വളരെയധികം പരിശ്രമിച്ചു.
മണ്ഡോദരിയുമായി അടച്ചിട്ട മുറിയിൽ അവൾ വളരെയധികം സമയം അതേപ്പറ്റി തർക്കിച്ചു. വിഷയത്തിന്റെ കാഠിന്യമേറിയപ്പോൾ കുട്ടികളെ മണ്ഡോദരിയെ സംരക്ഷിയ്ക്കുവാൻ ഏൽപ്പിച്ച്, അവരെ ധന്യമാലിനിയുടെ കൂടെ അയച്ചിട്ട് അവൾ പറഞ്ഞു
"എനിയ്ക്കറിയില്ല അമ്മേ, ഇവരുടെ ഭാവിയെന്താകുമെന്ന്, ലങ്കേശനോ അവിടുന്നോ ജീവിച്ചിരിയ്ക്കുമ്പോൾ ഇവർ സുരക്ഷിതരാണെന്ന് എനിയ്ക്കറിയാം, പക്ഷേ വിധി മറിച്ചായാൽ... ഇളയച്ഛനു കീഴിൽ ഇവരുടെ ജീവിതം എന്താകും?"
മണ്ഡോദരി മറുപടി പറഞ്ഞു
"അതാണു ഞാൻ പറയുന്നത്, നീ ഈ തീരുമാനത്തിൽ നിന്നും പിന്തിരിയുക, കുട്ടികൾക്ക് വേണ്ടിയെങ്കിലും ജീവിയ്ക്കുക, ഞാൻ ജീവനോടെ ഉള്ള കാലം ഇവരാണെന്റെ നിധി, ഈ ലങ്കയുടെ ഭാവി, അത് ഞാൻ നിനക്ക് ഉറപ്പ് തരുന്നു"
സുലോചന ഉറച്ച ശബ്ദത്തിൽ മറുപടി നൽകി
"അമ്മ എന്നെ ഇന്നുവരെ പുത്രവധുവായി കണ്ടിട്ടില്ല, എന്നും സ്വന്തം പുത്രിയായി മാത്രമേ കരുതിയിട്ടുള്ളൂ; അതെന്നോടും മറ്റുള്ളവരോടും പറഞ്ഞിട്ടുമുണ്ട്,, എന്നും പ്രവൃത്തിയിൽ അതെനിയ്ക്ക് അനുഭവപ്പെട്ടിട്ടുമുണ്ട്. അതിനാൽ തന്നെ ഞാൻ അവിടുത്തെ മുന്നിൽ മനസ്സ് തുറക്കട്ടേ, ഈ യുദ്ധം ലങ്കേശൻ പരാജയപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു, അതിനു ശേഷം അധികാരത്തിലെത്തുന്ന ഇളയച്ഛൻ, പഴയദുസ്വഭാവത്തിനൊപ്പം കിഷ്ക്കിന്ധയിലെ പുതിയ സൗഹൃദങ്ങളുടെ സംസ്ക്കാരവും കൂടിക്കലർന്ന് മഹാആഭാസനായി, മാതൃസ്ഥാനീയരോടും പുത്രിസ്ഥാനീയരോടും എത്ര മൃഗീയമായി ആയിരിയ്ക്കും പെറ്റുമാറുക എന്നത് ഇന്നലെ നികുംഭിലയുടെ ഉള്ളീൽ നടന്ന സംഭവങ്ങളിൽ നിന്നും, ഇന്ന് രാമന്റെ പടകുടീരത്തിൽ പന്തങ്ങളുടെ മങ്ങിയ വെളിച്ചത്തിൽ കണ്ട ആ മുഖത്ത് നിന്നും ഞാൻ മനസ്സിലാക്കുന്നു."
അവൾ ഇടയ്ക്ക് നിർത്തിയപ്പോൾ മണ്ഡോദരി ഇടപെട്ടു
"അതൊക്കെ സംഭവിയ്ക്കാവുന്ന സാധ്യതകൾ മാത്രമല്ലേ? നീ വിശ്രമിയ്ക്കൂ.. പിന്നീട് തെളിഞ്ഞ മനസ്സോടെ പുനരാലോചിയ്ക്കൂ, നല്ല തീരുമാനമെടുക്കൂ..."
സുലോചനയുടെ ശബ്ദം കൂടുതൽ ദൃഢമായി, തുടർന്നു പറഞ്ഞു
" അമ്മയ്ക്ക് ഓർമ്മയുണ്ടോ.. അക്ഷയകുമാരന്റെ ഭാര്യ കുഞ്ഞിനു മുലയൂട്ടുന്ന സമയത്ത് ഇളയച്ഛന്റെ കണ്ണുകൾ ശല്യം ചെയ്യുന്നു എന്ന് പരാതി പറഞ്ഞത്?ആ വഷളൻ കണ്ണുകളിൽ നിന്നും രക്ഷപ്പെടാൻ അവിടെനിന്നും നടന്നു നീങ്ങിയാൽ ഗതിയിൽ തുളുമ്പുന്ന സ്ത്രീയുടെ പിൻഭാഗത്ത് തറച്ചിരിയ്ക്കുന്ന ആർത്തിപൂണ്ട കണ്ണുകളെപ്പറ്റി... അതേ പരാതി എന്റെ കുഞ്ഞുങ്ങൾ ശിശുക്കളായിരുന്നപ്പോൾ എനിയ്ക്കുമുണ്ടായിരുന്നു, ഞാൻ അത് പറഞ്ഞില്ലെന്ന് മാത്രം, കഴിവതും ആ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഭർതൃമതിയായ എനിയ്ക്ക് കഴിഞ്ഞു, നവയൗവ്വനത്തിൽ വിധവയായ അവൾക്കതിനു കഴിയാതെ വന്നതിനാൽ അമ്മയോട് പരാതി പറഞ്ഞുവെന്ന് മാത്രം! ലങ്കേശൻ ഒരിയ്ക്കലും പുത്രവധുമാരുടെ അന്തപ്പുരങ്ങളിൽ കടന്നു വന്നിട്ടില്ല, ഇളയച്ഛനു അനുവാദം വാങ്ങുന്ന ശീലം പോലുമില്ലായിരുന്നു! അതി കഠിനമായ ആ സ്നേഹപ്രകടനങ്ങൾ പലപ്പോഴും വെറുപ്പുളവാക്കിയിരുന്നു; അതിനാൽ എന്റെ തീരുമാനം ഉറച്ചതാണ്, ഞാൻ എന്റെ ഭർത്താവിനു നൽകിയ വാക്കാണ്, ഞങ്ങൾ ഒന്നായി ഈ മണ്ണിൽ വെണ്ണീറാകും"
മണ്ഡോദരി ആ ശബ്ദത്തിലെ ഉറപ്പിനു മുന്നിൽ പതറി, എങ്കിലും ഒരവസാനശ്രമം കൂടി നടത്തി
"അങ്ങനെ ഒരു സന്ദർഭം വന്നാൽ തന്നെ സരാമയ്ക്ക് പോലും നിന്നോട് പുത്രിയോടുള്ള സ്നേഹമാണല്ലോ ഉള്ളത്, പിന്നെന്തിനാണ് ഇങ്ങനെ ഒരു കടുത്ത തീരുമാനം?"
ഇത്തവണ സുലോചനയുടെ ശബ്ദം മറ്റാരുടേതോ പോലെ മണ്ഡോദരിയ്ക്ക് തോന്നി
"അമ്മേ, അവിടുത്തേയ്ക്ക് ശുദ്ധമനസ്സാണ്, ആളുകളെ തിരിച്ചറിയാനുള്ള കഴിവില്ല, ലങ്കേശൻ ചതിയനായ അനുജന്റെ ഭാര്യയേയും മകളേയും സ്വന്തം പുത്രിമാരെ പോലെ പരിരക്ഷിയ്ക്കുന്നു, പക്ഷേ അവർ അവരുടെ ഭർത്താവിന്റെ സ്വാമിനി മൈഥിലിയ്ക്ക് വേണ്ടിയാണ് ഇവിടെ തുടരുന്നതും, പ്രവൃത്തിയ്ക്കുന്നതും. വിഭീഷണന്റെ രാജ്യഭരണത്തിൽ പട്ടമഹിഷി പദവിയ്ക്കായി നിങ്ങൾ എന്നോട് മത്സരിയ്ക്കേണ്ടി വരുന്ന അവസ്ഥയേക്കാൾ എനിയ്ക്ക് സ്വീകാര്യം ഈ സതിയാണ്"
നികുംഭിലയ്ക്കരികിലായി ഉയർത്തിയ ചിതയിൽ മേഘനാദന്റെ മൃതശരീരം കിടത്തി, പ്രത്യംഗിരാദേവിയുടെ മുന്നിലെ കെടാവിളക്കിൽ നിന്നും പകർന്ന അഗ്നിജ്വാല ആ ചിത ഏറ്റുവാങ്ങി. ആകാശം മുട്ടെ ഉയർന്ന ആ അഗ്നികുണ്ഡത്തിലേയ്ക്ക് ഒരു നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി സുലോചന നടന്നു കയറി. ആ അഗ്നി ആദിശേഷന്റെ പുത്രിയെ സഹർഷം സ്വീകരിച്ചു, നാഴികകൾക്കുള്ളിൽ വിശ്വം ദർശ്ശിച്ച എക്കാലത്തേയും ഏറ്റവും വലിയ വീരനും, പോരാളിയുമായ ആ അതിമഹാരഥിയും സഹധർമ്മിണിയും ലങ്കയുടെ മണ്ണിൽ അലിഞ്ഞ് ചേരാനുള്ള കുറച്ച് വെണ്ണീർ മാത്രമായി മാറി.

No comments:
Post a Comment