Monday, March 12, 2018

വിസ്മൃതിതന്‍ സൗരഭം

മങ്കൊമ്പ് ഗോപാലകൃഷ്ണൻ, മഴമേഘങ്ങൾക്കിടയിലെ മിന്നലിനെ "അഷ്ടമംഗല്യ സുപ്രഭാതത്തിൽ" വർഷമേഘവിരലിൽ ആകാശം വജ്രമോതിരം ചാർത്തുന്നതായും, നാടൻപാട്ടിന്റെ മടിശീല കിലുക്കുന്ന നാട്ടിൻപുറത്തെ യുവതിയുമൊക്കെയായി  അതിമനോഹരമായ ഭാവനയാൽ  വിശേഷിപ്പിച്ച ഗാനരചയിതാവാണ്.

ആഷാഢമാസത്തിൽ അർഹ്ഹതപ്പെട്ടതല്ലെങ്കിലും അന്തരംഗം അവനു മുന്നിൽ തുറന്നു വച്ചതിന്റെ   മൗഢ്യത്തിൽ നിന്ന നായികയെ മലയാളം അത്ര പെട്ടെന്ന് മറക്കില്ല. കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ചപ്പൊൾ മാളവികയും, ഉർവ്വശിയും, ശകുന്തളയുമൊക്കെ വരികളിലൂടെ മിന്നിമാഞ്ഞു.  ആയിരം ചന്ദ്രോദയങ്ങളായി ആരാധിച്ച സങ്കല്പത്തിനു വറ്റാത്ത സ്നേഹത്തിന്‍ പൊന്നിലക്കുമ്പിളില്‍ മനം വിളമ്പി;  ഇരുളിൽ വലഞ്ഞപ്പോൾ, ധർമ്മാർത്തച്യുതിയിൽ അലഞ്ഞപ്പൊൾ, പാപഭാരങ്ങളിൽ നിന്നഭയം ആയി ആശ്രിതവത്സലനായ കൃഷ്ണന്റെ പാദാരവിന്ദത്തിലെത്തിച്ച രചനകൾ. 

വയലാറിനൊപ്പം 1971 കാലഘട്ടത്തിൽ രചന ആരംഭിച്ചപ്പോൾ പിടിച്ച് നിൽക്കണമെങ്കിൽ അസാമാന്യകഴിവുണ്ടെങ്കിലേ സാധിയ്ക്കുമായിരുന്നുള്ളൂ. പക്ഷേ വയലാറും, പി. ഭാസ്ക്കരനും, ഒ.എൻ.വിയും, ശ്രീകുമാരൻ തമ്പിയും ഒരുക്കിയ ആറാട്ടു മഹോത്സവം കഴിഞ്ഞു, ആഘോഷം തീര്‍ന്നപ്പോൾ
രാത്രിയിലെ യക്ഷിയമ്പലപ്പറമ്പിലെ ആല്‍ത്തറയില്‍ നമ്മളെ നിർത്തിയിട്ട് ഒറ്റപ്പോക്കായിരുന്നു. പിന്നെ കണ്ടത് മൊഴിമാറ്റഗാനമെന്ന പ്രഹേളിക നമ്മളെ നോക്കി പ്രേതം പോലെ പൊട്ടിച്ചിരിയ്ക്കുന്നതാണ്; ലക്ഷാർച്ചനകണ്ടുള്ള  മടക്കമൊക്കെ കണ്മുമ്പിൽ മിഥ്യയായിമറഞ്ഞു;  പൊയ്പോയ വസന്തത്തിന്‍ അസ്ഥിപഞ്ജരവുമായ് കുറേ ഗാനങ്ങൾ ചിറകടിച്ചുയർന്നു, ആസ്വദകരിൽ ദുഃഖം ചിറകടിച്ചാര്‍ത്തു. എങ്ങുമെത്ത ഗാനങ്ങൾ ഏതോ മണ്‍‌ചിറകള്‍ക്കു മുന്‍പില്‍ ഗതിമുട്ടി നിന്നു!

മനുഷ്യനെ വെറുപ്പിയ്ക്കുന്ന മൊഴിമാറ്റ ഗാനങ്ങൾ എഴുതുന്ന ആളായി മാറിയത് ദ്രവ്യലാഭത്താലാണോ? മുൻകൂട്ടി ഒരുക്കിയ ഈണങ്ങൾക്ക് തന്നെ ആണല്ലോ അന്നും വരികൾ ചമച്ചത്; അപ്പോൾ പിന്നെ അന്യഭാഷാ ഈണങ്ങൾക്ക് മുൻ രീതിയിൽ നല്ല വരികൾ സൃഷ്ടിയ്ക്കാൻ കഴിയില്ലേ? സ്വന്തം കഴിവുകൾ കുഴികുത്തി മൂടുകയാണദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

1974 ലെ അയലത്തെ സുന്ദരി എന്ന സിനിമയ്ക്ക് വേണ്ടി അദ്ദേഹം എഴുതി ശങ്കര്‍ ഗണേഷ്‌ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച "ലക്ഷാർച്ചനകണ്ടു മടങ്ങുമ്പോളൊരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു" എന്ന ഗാനവും നല്ല പ്രയോഗങ്ങളാൽ സമ്പന്നമാണ്.

ഓങ്കാരം, സോമനാഥൻ, മഹാകാളൻ, ത്ര്യംബകൻ, മല്ലികാർജ്ജുനൻ, നാഗേശൻ, വൈദ്യനാഥൻ, കാശിവിശ്വനാഥൻ, കേദാരനാഥൻ, ഭീമേശൻ, ഘുസൃണേശ്വരൻ, ഗന്ധമാദനൻ എന്നിങ്ങനെ 12 ജ്യാതിർലിംഗങ്ങൾ ആണുളത്.  ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലുള്ള ശ്രീപര്‍വ്വതത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന മല്ലികാര്‍ജ്ജുന ക്ഷേത്രം. കാസർഗോഡും ഉണ്ടൊരണ്ണം, ഇനി അതാണോ? ഏതോ ഒരു  മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ വച്ചാണ് കാമദേവന്റെ പൂവമ്പ് കൊണ്ടത്,  കിട്ടിയത് കൊണ്ടൊന്നും കാമൻ പഠിയ്ക്കില്ല, ഒരിയ്ക്കൽ ദഹിപ്പിച്ചിട്ടും വീണ്ടും ത്രിനേത്രന്റെ  ചുറ്റുവട്ടത്തൊക്കെ തന്നെ കറങ്ങി നടന്ന് കലാപരിപാടികൾ തുടരുന്നു!
മുഖക്കുരു മോഹത്തിന്റെ, പ്രണയത്തിന്റെ ഒക്കെ ലക്ഷണമാണെങ്കിലും, കവിളിൽ നഖക്ഷതം മായാൻ പ്രയാസവും, നാട്ടാരു കാണാൻ എളുപ്പവുമായതിനാൽ വേണ്ടിയിരുന്നില്ല, പക്ഷേ അധരം കൊണ്ട് അധരത്തിൽ അമൃത് നിവേദിച്ച് അസുലഭ നിർവൃതി നേടാൻ കവിളുകളിൽ പിടിച്ചമർത്തി അടുപ്പിയ്ക്കുമ്പോൾ പറ്റിപ്പോകുന്നതും, തടയാൻ കഴിയാത്തതുമായതിനാൽ ബെനിഫിറ്റ് ഓഫ് ഡൗട്ട് കൊടുത്ത് മാപ്പാക്കാം എന്നാണെന്റെ പക്ഷം!

പിന്നീടെവിടെ വരെ കാര്യങ്ങൾ പോയി എന്നു വ്യക്തമല്ല, എന്തായാലും അസ്ഥികൾക്കുള്ളിലേയ്ക്ക് എല്ലാം മറക്കുന്ന ഉന്മാദത്തിന്റെ മുൻപരിചയമില്ലാത്ത സൗരഭം പടർന്ന് കയറി. സൗരഭം എന്ന വാക്ക് അൽപ്പം കുഴപ്പം പിടിച്ചതാണ് പ്രത്യേകിച്ച് കുങ്കുമം എന്നല്ലാതെ, ഗന്ധമുള്ളത് എന്ന അർത്ഥം എടുക്കുമ്പോൾ!  അതുവരെ അറിയാത്ത ആത്മഹർഷത്തിന്റെ ആഴങ്ങളിലേയ്ക്ക് അവളുടെ യൗവ്വനം ലയിച്ചു ചേർന്നു. 
എനിയ്ക്കൊന്നും മനസ്സിലായില്ല, പക്ഷേ ഇത് വളരെ സിമ്പിളാണ്, പവർഫുളും, മനസ്സിലായല്ലോ ല്ലേ.. മനസിലായില്ലെങ്കിൽ പറയണം. താഴെ പാട്ടുണ്ട്, നിങ്ങൾ പിന്നെ വായിച്ചാൽ മതി,  കേൾക്കുകയും ചെയ്യാം...

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍വെച്ചവള്‍
മല്ലീശ്വരന്‍റെ പൂവമ്പു കൊണ്ടു

മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു
അധരം കൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞൂ ഞാന്‍
അറിഞ്ഞൂ ഞാന്‍

അസ്ഥികള്‍ക്കുള്ളിലൊരുന്മാദ വിസ്മൃതിതന്‍
അജ്ഞാതസൗരഭം പടര്‍ന്നുകേറി
അതുവരെ അറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി
അലിഞ്ഞിറങ്ങി

https://www.youtube.com/watch?v=yb9LBfgHn20

No comments:

Post a Comment