ഭാരതത്തിൽ കൽക്കരി, ഇന്ധനങ്ങൾ, ജലവിഭവശേഷി, അയിരുകളും, അമൂല്യലോഹങ്ങളും ശ്രീ പത്മനാഭൻറ്റെ നിധി പോലെ ഭൂമിയിൽ മറഞ്ഞ് കിടന്നിരുന്നു. അവ അവിടെ ഉണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും സ്വദേശികളായ ചൂഷകർ കുറവായിരുന്നതിനാലും, വിദേശികളെ അകത്തി സ്വാതന്ത്ര്യം നേടിയശേഷം ഉടൻ അവരെ ചുമന്ന് കൊണ്ട് വന്നാൽ ജനം തിരിയുമെന്ന് ഭയത്താൽ സ്വാതന്ത്ര്യത്തിൻറ്റെ കരാറെടുത്ത പാർട്ടി, അത് വളരെ വേഗത്തിൽ ചൂഷണം ചെയ്യുവാനോ, വിറ്റു കാശാക്കാനോ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല. ഉള്ള ചില ദേശീയ ചൂഷകരെ ഉപയോഗപ്പെടുത്തി നേരിയ തോതിൽ കച്ചവടം നടത്തി വന്നു. ഒരിയ്ക്കലും ഭരണം കൈവിടില്ല എന്ന ഒരു ധൈര്യം, സമയമുണ്ടല്ലോ? മെല്ലെ തിന്നു തീർക്കാം എന്ന ഒരു മനസികാവസ്ഥ കോൺഗ്രസ്സിൻറ്റെ നേതാക്കൾക്ക് ഉണ്ടായി.
അടിയന്തിരാവസ്ഥ എന്ന മണ്ടത്തരവും, 1977 ലെ തോൽവിയും അധികാരത്തിൽ നിന്നുള്ള പുറം തള്ളലും കോൺഗ്രസ്സിനു പുതിയ തിരിച്ചറിവുകൾ നൽകി. അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ വിഭവശേഷി വരും തലമുറകൾക്കായി സംരക്ഷിയ്ക്കുകയോ, രാജ്യത്തെ ആവശ്യങ്ങൾക്കുപയോഗിയ്ക്കുകയോ, ഇനി വേണ്ട എന്നവർ തീരുമാനിച്ചു. അവിടെ പുതിയ ഭാരതീയ വ്യവസായ ഭീമന്മാരുടെ വിത്തുകൾ പാകപ്പെട്ടു. റിലയൻസ്സും, സഹാറയും, ജയ്പ്രകാശും ഒക്കെ ആകാശം മുട്ടെ വളർന്നു തുടങ്ങി. സാം പെട്രോഡയെ പോലെയുള്ള വ്യവസായ ഭിഷഗ്വരന്മാർ ക്രിക്കറ്റ് എന്ന പുതിയ രോഗം ജനങ്ങൾക്ക് കുത്തി വയ്ക്കുകയും അതിനു ശാന്തി തേടി അലയുന്നവരായി അവരെ മാറ്റുകയും ചെയ്തപ്പോൾ, തങ്ങൾക്ക് നഷ്ടപ്പെടുന്നത് എന്തെന്ന് അവരുടെ കണ്ണിൽ നിന്നു മറയ്ക്കപ്പെട്ടു. ഭാരതത്തിലെ വിഭവങ്ങൾ കുഴിച്ചെടുത്ത് ഭാരതീയർക്ക് വിറ്റും, മിതമായി വിദേശിയ്ക്ക് വിറ്റും ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർ വളർന്ന് പന്തലിച്ചു.
മന്മോഹൻ വരുന്നതോടെ ഭാരതത്തിലെ വിഭവങ്ങൾ വിദേശികൾക്കായി തുറന്നിടുന്ന പുതിയ സംസ്ക്കാരവും കൊണ്ടാണ്. ഭാരതത്തിൻറ്റെ വിഭവശേഷി ചൂഷണം ചെയ്യാനും, അത് ലോകത്തിനു മുഴുവൻ വേണ്ട നിലയിലേയ്ക്ക് വളർത്തി, പരമാവധി ലാഭം കൊയ്യാനും വിദേശകമ്പനികളെ അനുവദിച്ചു. ലോകത്തിൽ എവിടിരുന്നും ഭാരതത്തെ കൊള്ളയടിയ്ക്കാവുന്ന നിലയിലേയ്ക്ക് ഇന്നത് മാറിയിരിയ്ക്കുന്നു, ഇതാണ് കൊട്ടിഘോഷിയ്ക്കപ്പെടുന്ന ഉദാരവത്ക്കരണം. കൊള്ളയടിച്ച നമ്മുടെ വിഭവശേഷി സംസ്ക്കരിച്ചും, സംസ്ക്കരിയ്ക്കാതേയും നമുക്ക് തന്നെ അവർ വിറ്റഴിച്ചു, പുതിയ ബ്രാൻഡുകൾ, സൂപ്പർ സ്റ്റോറുകൾ ഉയർന്നു. നമ്മൾ അവിടെ വെറും സെയിൽസ്സ് മാനും, സെയിൽസ്സ് ഗേളും ആയി മാറി. മാനേജർ മുതൽ, ചുമട്ടുകാരൻ വരെ ഉള്ള ഒരു വലിയ വിഭാഗം അതുമായി ബന്ധപ്പെട്ടുണ്ടാായി, ഇവർ നവൗദാരവത്ക്കരണത്തിൻറ്റെ ഉൽപ്പന്നങ്ങളായി, നേട്ടങ്ങളായി വാഴ്ത്തപ്പെട്ടു!
സ്വന്തം പുരയിടത്തിൽ നിന്ന് മരം വല്ലവരും വെട്ടി, അളന്ന് നമുക്ക് തന്നെ വിൽക്കുന്നു. വെട്ടിയതിനും, അളന്നതിനും നമുക്ക് കൂലി തരുന്നു. ആ കൂലി വാങ്ങി, അത് കൊണ്ട് നല്ല ഉടുപ്പും, ആഹാരവും വാങ്ങി നമ്മൾ അഭിമാനിയ്ക്കുന്നു, ദാ നമ്മളും പുരോഗമിച്ചിരിയ്ക്കുന്നു!
ഇവിടെ രണ്ട് വ്യത്യസ്ഥതകളിൽ ഒന്നു സ്വീകരിയ്ക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.
1. നമ്മുടെ വിഭവശേഷി നമ്മുടെ രാജ്യത്തിനാവശ്യമായത്ര, പിന്നെ രാജ്യപുരോഗതിയ്ക്ക് കാലാകാലം വേണ്ടത്, നമ്മൾ തന്നെ ചൂഷണം ചെയ്ത്, രാജ്യത്തെ സ്ഥായിയും, സ്ഥിരവുമാക്കുക.
2. നമ്മുടെ വിഭവശേഷി നമ്മുടെ രാജ്യത്തിനാവശ്യമായത്ര, പിന്നെ പരമാവധി ലോക ഡിമാൻറ്റിനനുസരിച്ച്, നമ്മൾ തന്നെ ചൂഷണം ചെയ്ത്, രാജ്യത്തെ വികസിതവും, സമ്പന്നവും ആക്കുക.
ഇവ രണ്ടിലേതു വേണം എന്നത് ഒരു റഫറണ്ടാത്തിലൂടെ തിരഞ്ഞെടുക്കേണ്ടാതാണ്. നമുക്ക് ശേഷം വരുന്ന തലമുറകൾക്കും കൂടി എന്തെങ്കിലും കരുതി വയ്ക്കണോ? നമ്മൾ പരമാവധി സുഖലോലുപരായി ജീവിച്ച് തീർക്കണോ?
രണ്ടായാലും അതിനുള്ള വഴി ഇതായിരുന്നില്ല. നമ്മുടെ നാട്ടിലെ ചെറുതും, മധ്യമവും, വലുതും, ബ്രഹത്തും ആയ സംരഭകരെ പ്രോത്സാഹിപ്പിച്ച്, നമ്മുടെ വിഭവശേഷി ചൂഷണം ചെയ്യാനും, സംസ്ക്കരിയ്ക്കാനും, കച്ചവടം ചെയ്യാനും, കയറ്റുമതി ചെയ്യാനും വഴിയൊരുക്കി, നമ്മൾ ഉടമകളും, സംരംഭകരും ആവുന്ന ഒരു വ്യവസ്ഥിതി ആയിരുന്നു കൊണ്ട് വരേണ്ടിയിരുന്നത്. ഭാരതമെന്ന്, ലോകമെന്ന് ഈ കമ്പോളത്തിലെ ഉത്പാദകരും, കച്ചവടക്കാരും, വിതരണക്കാരും നമ്മൾ തന്നെ ആവണമയിരുന്നു. അതിനു പകരം ഭാരതം ഒരു കമ്പോളവും വിദേശികൾ അവിടുത്തെ ഉത്പാദകരും, വ്യവസായികളും, ഉടമകളും, നമ്മൾ വെറും സെയിൽസ്സ് മാനും സെയിൽസ്സ് ഗേളും ആയി മാറി, മന്മോഹൻ സിംഗിൻറ്റെ പരിഷ്ക്കാരങ്ങൾ അങ്ങനെയാക്കി മാറ്റി. ഇവിടെ സാമ്പത്തിക വിദഗ്ദ്ധൻ അടിമയും അയാളുടെ ഉടമ വിദേശിയും ആയിരുന്നതിനാൽ അവർ വിദേശികൾക്കായി പ്രവർത്തിച്ചു. ഇവിടെ ഉണ്ടായിരുന്ന സ്വദേശിഭരണപങ്കാളികൾ റാണിയുടെ അന്തപ്പുരത്തിലെ വെറും ഷണ്ഡന്മാരായ പാറാവുകാരായിരുന്നതിനാൽ, അവർക്ക് തിരുമലോ, നക്കലോ, അല്ലാതെ രോദനത്തിനു പോലും കഴിഞ്ഞിരുന്നുമില്ല.
ഇതാ, ഇവിടെ ഭാരതീയൻ എന്നവകാശപ്പെടുന്ന ഒരു ഭരണാധികാരി ശ്രീ. നരേന്ദ്രമോദി വന്നിരിയ്ക്കുന്നു. ഇതിനകം ആഗോളഭിമന്മാർക്ക് തീറെഴുതിക്കഴിഞ്ഞ രാജ്യവും, ദേശീയ ഭീമന്മാർക്ക് ദാനമായി നൽകിയ ജനങ്ങളേയും രക്ഷിയ്ക്കാൻ അദ്ദേഹത്തിനാവുമോ?
എൻറ്റെ രാജ്യത്തെ ജനങ്ങൾക്ക് ചെറുകിട, മധ്യമ സംരഭങ്ങളിലൂടെ ഈ നാട്ടിലെ വിഭവശേഷിയുടെ അവകാശികളാകാൻ കഴിയുമെങ്കിൽ... ഈ നാട് കേവലം സെയിൽസ്സ് മാന്മാരുടേയും, സെയിൽസ്സ് ഗേൾസ്സുമാരുടേയും, അടിമകളുടേയും നാടെന്ന നിലയിൽ നിന്നും സ്വദേശി സംരഭകരുടേയും, ഉടമകളുടേയും നാടെന്ന നിലയിലേയ്ക്ക് മാറ്റുമെങ്കിൽ...

No comments:
Post a Comment