ചെമ്മീൻ, രാമു കാര്യാട്ട് സംവിധാനം നിർവ്വഹിച്ച, കടലിന്റെ
പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ ചലച്ചിത്രം 1965 ലാണു അന്നത്തെ സാങ്കേതികവിദ്യകളുടെ നിറവിൽ
പുറത്തിറങ്ങുന്നത്. പിന്നീട് അമരം തുടങ്ങി അനവധി ചലച്ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്,
എങ്കിലും തീയറ്ററിൽ ഇരിയ്ക്കുമ്പോൾ വെള്ളിത്തിരയിൽ കടൽ തിരകളടിയ്ക്കുന്ന രംഗങ്ങൾ വരുമ്പോൾ,
ശരീരത്തിൽ നനഞ്ഞകാറ്റിന്റെ സ്പർശവും, ചുണ്ടുകളിൽ ഉപ്പുരസവും അനുഭവപ്പെടുന്നത് ഇന്നും
ചെമ്മീൻ ചിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഇതിന്റെ കാരണങ്ങൾ പശ്ചാത്തലസംഗീതം, ചിത്രീകരണം, സംവിധാനമികവ്, എന്നിവയാണെങ്കിലും ഇതിൽ
പശ്ചാത്തലസംഗീതത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. പൊതുവേ മലയാളസിനിമയിലെ ഓർമ്മിയ്ക്കപ്പേടുന്ന,
ചിരംജ്ജീവികളായ ഗാനങ്ങൾ പരിശോധിച്ചാൽ അവയെല്ലാം ഏതെങ്കിലും രാഗങ്ങളിൽ ചിട്ടപ്പെടുത്തിയവയാണെന്ന്
കാണാം, ആ രീതിയിൽ രാഗങ്ങൾ പ്രയോജനപ്പെടുത്താൻ ദേവരാജന്മാഷിനും, ദക്ഷിണാമൂർത്തിയ്ക്കും,
സലിൽ ചൗധരിയ്ക്കും, നൗഷാദിനും, ബാബുരാജിനും, പിന്നീട് പല സംഗീതസംവിധയകർക്കും കഴിഞ്ഞിട്ടുമുണ്ട്.
ഇവരിൽ പലരും രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതങ്ങൾ ഒരുക്കിയിരുന്നു, അവ രംഗങ്ങളെ
കൂടുതൽ മനസ്സുകളിൽ പതിയാൻ വഴിയൊരുക്കിയിരുന്നു.
രംഗപശ്ചാത്തലത്തിനനുസരിച്ച് രാഗങ്ങൾ തിരഞ്ഞെടുക്കുക, അതിനു ചേരുന്ന വാദ്യങ്ങളിലൂടെ
അവ സംഗീതമാക്കുക, എന്നതായിരുന്നു രീതി. ഒരു മരണവീട്ടിൽ ആനന്ദഭൈരവി പാടിയാൽ ഉണ്ടാകുന്ന
അതേ അരോചകത മദ്ധ്യാഹ്നസമയത്ത് പ്രഭാതരാഗങ്ങൾ പാടുമ്പോഴും ഉണ്ടാകുന്നു.
ഉദാഹരണത്തിനു താരട്ടിന്റെ, നിദ്രയുടെ രാഗമായ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ
"ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു",
"അനുരാഗ ഗാനം പോലെ അഴകിന്റെ അല പോലെ ആരു നീ", "സ്വർണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ", "നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാഗസുന്ദരിമാരേ",
"തളിരിട്ട കിനാക്കൾ തൻ താമര മാലവാങ്ങാൻ" എന്നീ ഗാനങ്ങളെ ശ്രദ്ധിയ്ക്കുക.
ഇവ നമ്മുടെ ഞരമ്പുകളിൽ ഒരുതരം ശാന്തിയുടെ, സമാധാനത്തിന്റെ, നിദ്രയുടെ (നൈട്രൊസെപ്പം
ഗുളിക കഴിച്ച ഒരു സെഡേഷൻ) ഉണ്ടാക്കി വിശ്രമത്തിനയയ്ക്കുന്നു.
പ്രഭാതരാഗമായ ഭൗളിയിലും, ഭൂപാളത്തിലും, ശുദ്ധധന്യാസിയിലും, മായമാളവഗൗളയിലും ചിട്ടപ്പെത്തിയ
ഗാനങ്ങൾ നമുക്ക് ദീർഘസുഖനിദ്രയിൽ നിന്നും എണീറ്റ് വരുന്ന ഒരു ഉണർവ്വും, ഉന്മേഷവും പ്രദാനം
ചെയ്യുന്നത് അനുഭവപ്പെടുന്നു. "പവനരച്ചെഴുതുന്നു കോലങ്ങൾ ഇന്നും",
"പ്രഭാതശീവേലി തൊഴുതു മടങ്ങുമ്പോൾ", "എന്തിനു വേറൊരു സൂര്യോദയം",
"മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി" ഇവയൊക്കെ അരുണരശ്മികളും, ഉണരുന്ന കിളികൂജനങ്ങളും,
പ്രഭാതക്കുളിരും മനസ്സിൽ നിറയ്ക്കുന്നു.
ശുരുട്ടി രാഗം ലോലഭാവങ്ങളെ പ്രകൃതിയിലേയ്ക്ക് ലയിപ്പിച്ച് കളയുന്നു "നാടൻ പാട്ടിന്റെ
മടിശീല കിലുങ്ങുമീ", "അക്കരെയാണെന്റെ താമസ്സം ഇക്കരെയാണെന്റെ മാനസ്സം",
"അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാർത്തി", "കാടാറുമാസം നാടാറുമാസം",
"ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ" എന്നിവ ഇതിനുത്തമ ഉദാഹരണങ്ങൾ ആണ്.
ഒരു സന്ധ്യാപ്രതീതി സൃഷ്ടിച്ച് ശങ്കരാഭരണം "സന്ധ്യാവിഹഗം പാടിയാ രാഗം",
"രാജശിൽപ്പീ നീ എനിക്കൊരു പൂജവിഗ്രഹം", "കേരളം കേരളം കേളികൊട്ടുയരുന്ന
കേരളം" എന്നിവയിൽ അലയടിയ്ക്കുന്നു.
പറഞ്ഞ് വന്നത് സന്ദർഭോചിതമായ രാഗങ്ങൾ പശ്ചാത്തലസംഗീതമാക്കി വെള്ളിത്തിരയിൽ കടൽത്തിരകൾ
അലയടിയ്ക്കുമ്പൊൾ ചുണ്ടിൽ ഉപ്പുരസവും, മുഖത്ത് കുളിർകാറ്റും അനുഭവിപ്പിയ്ക്കാൻ രാമു
കാര്യാട്ടിനെ പോലെയുള്ള സംവിധായകർക്ക് സംഗീത സംവിധായകർ പിന്തുണ നൽകിയിരുന്ന ഒരു കാലം
നമുക്കുണ്ടായിരുന്നു.
ഹിന്ദുസ്ഥാനിയോളമില്ലെങ്കിലും കർണ്ണാട്ടിക്കിലും രാഗങ്ങൾക്ക് സമയകാലങ്ങളുമായി ബന്ധമുണ്ട്.
പ്രഭാതരാഗങ്ങൾ : സൂര്യനുദിയ്ക്കുന്നതിനു മുമ്പ് : ഭൂപാളം, ഭൗളി, മലയമാരുത, ..
സൂര്യനുദിച്ചതിനു ശേഷം : ബിലഹരി, കേദരം, ധന്യാസി,...
മദ്ധ്യാഹ്നരാഗം : ആശാവേരി
ഉത്തര മദ്ധ്യാഹ്നരാഗങ്ങൾ : ശ്രീരാഗം, മധ്യവതി,മുഖാരി, ബഗഡ്, ..
സായാഹ്ന രാഗങ്ങൾ : വസന്ത, നാട്ടുക്കുറുഞ്ഞി, പൂർവ്വ കല്യാണി,....
സന്ദർഭങ്ങൾക്കനുസൃതമായി എല്ലാ സമയത്തും പാടാവുന്ന സർവ്വകാലികരാഗങ്ങൾ : ചക്രവാഹ, ഭൈരവി,
കാംബോജി, ആരഭി, ...
ഇതെഴുതിയത് ചില ഗാനങ്ങൾ മനസ്സിൽ തങ്ങുകയും ചിലത് മാഞ്ഞ് പോവുകയും ചെയ്യുന്നതിനു വരികളും,
രാഗങ്ങളും മാത്രമല്ല കാരണം, അത് ചിത്രീകരണം നടത്തുമ്പോൾ സംവിധായകൻ പ്രദർശിപ്പിയ്ക്കുന്ന
ഔചിത്യവും, സമാന്യബോധവും കൂടിയാണ് എന്ന വസ്തുത വെളിപ്പെടുത്താൻ മാത്രമാണ്.

No comments:
Post a Comment