Thursday, October 30, 2014

അഷ്ടപദിയിലെ നായിക രാധ (Radha the heroine of Ashtapadi)

ചിന്തകൾ ആരംഭിച്ചത് അഭിമന്യുവിൽ നിന്നാണ്.

"ഞാനൊരു ബാലനശക്തനെന്നാകിലും മാനിയാമെന്നുടെ താതനെ ഓർക്ക നീ
പിന്നെപ്പിതാവ് തൻ അഗ്രജൻ മാരുതി സന്നദ്ധനായ ഘടോത്ക്കജൻ ഭ്രാതാവ്
മാതുലനായത് മാധവനെന്നല്ല വാസവൻ മുത്തച്ഛനായതറിഞ്ഞാലും
ഞാനൊരുവൻ പിടിയാതവനെങ്കിലും പ്രാണൻ കളയുവാൻ മതിയായ് വരും"

എന്ന് വിളിച്ച് പറഞ്ഞ ധീരയോദ്ധാവ്. യുദ്ധാനന്തരം കുരുക്ഷേത്രത്തിൽ എത്തിയ ഗാന്ധാരിയ്ക്ക് സ്വപുത്രന്മാരുടെ ശവശരീരങ്ങളിലും കവിഞ്ഞ് ദുഖം ഉണർത്തി, " ചൊല്ലെഴും അർജ്ജുനൻ തന്റെ മരുമകൻ, വല്ലവീ വല്ലഭാ നിന്റെ മരുമകൻ.... കൊല്ലിയ്ക്ക് തന്നെ നിനക്ക് ചിതമെടോ" എന്ന് കൃഷ്ണനോട് ആരായിപ്പിച്ച ദുരന്തനായകൻ. പ്രിയ സുഹൃത്തിന്റെയും സഹോദരിയുടേയും ആ കുമാരനെ എന്ത് കൊണ്ട് കൃഷ്ണൻ രക്ഷിച്ചില്ല?

കൃഷ്ണന്റെ അമ്മാവന്മാർക്കാർക്കും അത്ര നല്ല ഗതിയല്ല മരുമകനായ കൃഷ്ണനാൽ സംഭവിച്ചത് എന്നതിനാൽ ഒരു പക്ഷേ അനന്തിരവനെ കൃഷ്ണൻ ഭയന്നിരുന്നു.

ജന്മം നൽകിയ മാതാവിന്റെ സഹോദരൻ മധുരയിൽ കംസനു നൽകിയത് മരണമാണെങ്കിൽ, പോറ്റി വളർത്തിയ മാതാവായ യശോദയുടെ സഹോദരൻ രായണനു നൽകിയത് നിത്യദുരിതമായിരുന്നു. തനിയ്ക്ക് സ്വന്തം ശേഷക്കാരനാൽ ആ ഗതി വരാതിരിയ്ക്കാൻ വേണ്ട മുൻ കരുതൽ ആയിരുന്നിരിയ്ക്കണം പദ്മവ്യൂഹഭേദം ആഖ്യാനം പാതിയിൽ നിർത്തിയതിനും, അഭിമന്യുവിനെ സംരംക്ഷിയ്ക്കാതിരുന്നതിനും പിന്നിലെ നയതന്ത്രജ്ഞത.

രായണനോട് കൃഷ്ണൻ എന്ത് അക്രമമാണു കാണിച്ചത്? എന്ന ചോദ്യത്തിനുത്തരം പറയാൻ അദ്ദേഹത്തിന്റെ ഭാര്യയുടെ പേർ പറഞ്ഞാൽ മാത്രം മതി. യാദവപ്രമാണി വൃഷഭാനുവിനും കലാവതിയ്ക്കും പിറന്ന രാധയാണു അയാളുടെ ഭാര്യ, കൃഷ്ണനേക്കാൾ 9 വയസ്സിനു മുതിർന്നവൾ! നന്ദഗോപർക്ക് ജോലിത്തിരക്കുകളും, യശോദയ്ക്ക് ഗൃഹജോലികളും കൂടുമ്പൊൾ കണ്ണനെ ശ്രദ്ധിയ്ക്കാനേൽപ്പിച്ചിരുന്ന വളരത്തമ്മ. ശ്യാമവർണ്ണൻറ്റെ ആദ്യ കാമുകി, അവസരങ്ങളും, സാമീപ്യവും, യൗവ്വനവും നിറഞ്ഞ നിന്ന അവസരങ്ങളിൽ അവനിൽ പുളകമായി പടർന്നവൾ, അവനെ വർണ്ണ ലോകത്തേയ്ക്ക് കൈപിടിച്ച് നയിച്ചവൾ, പിൽക്കാലത്ത് അവൻ രതികുശലനായി അറിയപ്പെട്ടതിൽ മുഖ്യ പങ്ക് വഹിച്ച ഗുരു.

എങ്കിലും അവൻറ്റെ രുഗ്മിണി, സത്യഭാമ, സത്യ, ഭദ്ര, കാളിന്ദി, മിത്രവിന്ദ, ലക്ഷ്മണ, ജാംബവതി എന്നീ 8 പ്രധാന ഭാര്യമാരിലോ, നരകാസുരനിൽ നിന്നും മോചിപ്പിച്ച് അഭയം നൽകിയ 16,000 ലോ അവളില്ല!



മധുരയിൽ നടക്കുന്ന ധനുർ യജ്ഞത്തിൽ പങ്കെടുക്കുവാൻ അക്രൂരനോടൊപ്പം യാത്രയായ കൃഷ്ണൻ രാധയ്ക്ക് തിരിച്ച് വരാമെന്ന് വാഗ്ദാനവും തൻറ്റെ പുല്ലാങ്കുഴലും സമ്മാനിച്ചു. എന്നാൽ പിന്നിടൊരിയ്ക്കലും കൃഷ്ണൻ വൃന്ദാവനത്തിലെ ആദ്യകാമുകിയുടെ അടുത്തെത്തിയില്ല. എന്നും അഷ്ടപദിയിലെ നായിക മാത്രം, നഷ്ടവസന്തത്തിൻറ്റെ കാത്തിരിപ്പിൽ സ്തനങ്ങൾക്ക്‌ മുകളിലെ പുഷ്പമാല ഭാരമേറിയതായും, ശംഖനാദം അവൾക്ക് വിഷമയമായി തോന്നിയതിൽ അത്ഭുതമില്ല. കാത്തിരുന്നു മടുത്ത രാധയെ തേടിയെത്തിയത് മറ്റ് 8 വിവാഹങ്ങളൂടെ വാർത്തകളാണ്. മാന്യനും സാധുവുമായ രായണൻ എന്ന ഭർത്താവിന്റെ വില അവൾ അറിഞ്ഞു, ദിവ്യപ്രേമം കടുത്ത യാഥാർത്ഥ്യങ്ങൾക്ക് വഴി മാറി, രാധയ്ക്ക് കുടുംബവും കുട്ടികളും ഉണ്ടായി. അവളുടെ വിരഹത്താൽ കരിഞ്ഞുണങ്ങിയ ജീവിതത്തെ അനശ്വരമെന്നും തിരസ്ക്കരിയ്ക്കപ്പെട്ട പ്രണയത്തെ "മാംസതൽപ്പങ്ങളിൽ ഭണം വിതുർ ത്താടും മദമല്ലാത്ത, അന്തരാത്മാവിലെ ഇന്ദ്രിയാതീതമല്ലാത്ത അനുഭൂതി" എന്നും കവികൾ വാഴ്ത്തി.

വർഷങ്ങൾക്ക് ശേഷം പൂർണ്ണസൂര്യഗ്രഹണത്തിനു സമുദ്രതർപ്പണത്തിനെത്തിയപ്പോൾ പഴയ കാമുകീ കാമുകന്മാർ വീണ്ടും കണ്ടുമുട്ടി. ഇത്തവണ പക്ഷേ മധുരവചനങ്ങളുടെ പൂമാരി പോയിട്ട് ഉരിയാടൽ പോലും ഉണ്ടായില്ല, ഇരു ഭാഗത്ത് നിന്നും; ചുണ്ടുകളിൽ ചിരിയുണ്ടായില്ല, കണ്ണൂകളിൽ പൂത്തിരിയും വിരിഞ്ഞില്ല. രാധയുടെ കണ്ണൂകളിൽ നിന്നും ബാഷ്പ്പകണങ്ങൾ മാത്രം പൊഴിഞ്ഞു. അവർ പരസ്പരം നോക്കിനിന്നു ഓർമ്മകൾ അടങ്ങുവോളം, കണ്ണുനീർ വറ്റുവോളം.

എന്നിരിയ്ക്കുലും, കൃഷ്ണനെ വിടനെന്നൊക്കെ വിളിയ്ക്കുന്നത് അന്യായവും, കപടസദാചാരവും ആവും. അല്ല് ചില്ലറ അസൂയയൊക്കെ എനിയ്ക്കും അതിയാനോടുണ്ട്. എന്നാൽ അവസരങ്ങൾ യഥേഷ്ടം ലഭിയ്ക്കുകയോ , സൃഷ്ടിയ്ക്കുകയോ ചെയ്ത ആ കഴിവിനെ ബഹുമാനിയ്ക്കണം. അവസരങ്ങളുടെ അഭാവത്താൽ നമ്മൾ കൃഷ്ണനെ ദുഷിയ്ക്കാമോ? നീലത്താമര ചിത്രത്തിലെ ഹരിദാസിനെ ശ്രദ്ധിയ്ക്കുക, ഒരു സുന്ദരഭാവി മുന്നിൽ തെളിയുമ്പോൾ ഗ്രാമപ്രണയിനിയെ കാണാതിരിയ്ക്കാൻ ധൃതി കാട്ടിയ ആൾ. മധുരയിൽ രാജകുമാരനാകാൻ, വിവിധ രാജ്യങ്ങളിലെ രാജകുമാരികളെ സ്വീകരിയ്ക്കാൻ ഒരു സുന്ദരഭാവി മിന്നിൽ തെളിഞ്ഞപ്പോൾ കൃഷ്ണൻ കുറച്ച് സ്വാർത്ഥനായിരിയ്ക്കാം. കൃഷ്ണന്റ്റെ വളർച്ചയ്ക്ക് വിലങ്ങ് തടി ആവാതെ രാധ സ്വയം ഒഴിഞ്ഞ് മാറിയതുമാവാം.

നരകാസുരനെ വധിച്ച് അയാൾ തടവിലാക്കിയിരുന്ന 16000 സ്ത്രീകളെ മോചിപ്പിച്ച കൃഷ്ണൻ അവരെ സ്വന്തം ഗൃഹങ്ങളിലേയ്ക്ക് അയയ്ക്കാൻ തന്നെ ആണാഗ്രഹിച്ചത്. അസുരാൻറ്റെ മേഖല വളരെ വലുതായിരുന്നതിനാൽ മധുരയ്ക്കും, മഗഥയ്ക്കും, തക്ഷശിലയ്ക്കും, ഗാംന്ധാരത്തിനും അകലെ നിന്ന് പോലുമുള്ള സ്ത്രീകൾ അതിൽ ഉൾപ്പെട്ടിരുന്നു. സമീപവാസികളെ അവരുടെ ബന്ധുക്കൾ കൈവിട്ടതിനാലും, ദൂരെ ദേശങ്ങളിലേയ്ക്ക് അയയ്ക്കുവാനുള്ള ക്ലേശത്താലും ഈ സ്ത്രീകളുടെ സംരക്ഷണ ബാദ്ധ്യത പാവം കൃഷ്ണൻറ്റെ തലയിലായി.

അവർക്കായി ഒരു പുനരധിവാസ കേന്ദ്രം രാജകീയമായി സ്ഥാപിച്ച് അതിന്റ്റെ മേൽനോട്ടം വഹിച്ച കുറ്റമേ കൃഷ്ണനുള്ളൂ . പത്തായത്തിൽ പുന്നെല്ലുണ്ടെന്നറിഞ്ഞെത്തിയ ചില എലികളെ കൃഷ്ണൻ വിരട്ടി ഓടിച്ചിരിയ്ക്കാം , അവരുടെ അസൂയ ആവാം 16008 കഥ. ആ 16000 സ്ത്രീകൾ കൃഷ്ണനെ തങ്ങളുടെ ഗുരുവായി, രക്ഷകനായി കണ്ടിരിയ്ക്കാം. എന്തായാലും ഈ സ്ത്രീകളിൽ പൂന്തി വിളയാടി ലൈംഗികരോഗം പിടിപെട്ട സ്വന്തം പുത്രൻ സാംബനെ ഉപദേശവും, ചികിത്സയും നല്കി രക്ഷിയ്ക്കുന്ന പിതാവായ കൃഷ്ണനേയും നമുക്ക് ഇതിഹാസങ്ങളിൽ കാണാം. ഭീഷ്മരും, ദ്രോണരും, കൃപരും നിറഞ്ഞ സദസ്സിൽ അഗ്രപൂജയ്ക്ക് അർഹ്ഹനായത് കൃഷ്ണനെങ്കിൽ അത്രയ്ക്ക് കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നിരിയ്ക്കണം.

എന്തൊക്കെ തന്നെയായാലും രാധ എന്ന സ്വർഗ്ഗീയപ്രണയത്തിലെ അനശ്വരനായിക ആത്മഹത്യ ചെയ്യാതിരുന്നെങ്കിൽ അതിനു കാരണക്കാരൻ ആരാലും അറിയപ്പെടാത്ത ഒരു സാധു യാദവൻ രായണൻ മത്രമാണ്.

No comments:

Post a Comment