Showing posts with label ഭാരതകഥകൾ. Show all posts
Showing posts with label ഭാരതകഥകൾ. Show all posts

Wednesday, November 18, 2020

സൗഹൃദം

വസുഷേണൻ രാജസഭയിൽ പങ്കെടുക്കുന്നതിൽ സുയോധനനു സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത് സുഹൃത്തിന്റെ താൽപ്പര്യങ്ങൾക്കു വിപരീതമായേ ഭവിക്കൂ എന്നതിനാൽ ബോധപൂർവ്വം ഒഴിഞ്ഞു നിൽക്കുകയാണീയിടെയായി കർണ്ണൻ ചെയ്തിരുന്നത്. ഒരു നൂറ്റാണ്ടിൻ്റെ പ്രായവ്യത്യാസമുള്ള ആ മൂവർസംഘം ഭീഷ്മരും ദ്രോണരും, വിദുരരും കർണ്ണൻ പറയുന്നതെന്തായാലും നിഷ്ക്കരുണം എതിർത്തിരുന്നു.

ദ്രോണാചാര്യരുടെ എതിർപ്പ് കാരണമുള്ളതാണ്, അദ്ദേഹത്തിൽ നിന്നല്ലാതെ ആയോധനകലകൾ പരശുരാമനിൽനിന്നും അഭ്യസിക്കുകയും ഒരു വ്യാഴവട്ടം കൊണ്ട് താൻ പഠിപ്പിച്ച്, എതിരാളികളില്ലാത്തത്ര സമർത്ഥരാക്കി അരങ്ങേറ്റം നടത്തിയ ശിഷ്യസമൂഹത്തെ വെറുമൊരു ഹസ്തതാടനം കൊണ്ട് നിഷ്പ്രഭനാക്കുകയും അഭ്യാസക്കാഴ്ച്ച ഒരു പ്രഹസനമാക്കുകയും ചെയ്തുകൊണ്ട് അംഗരാജാവായി അഭിഷിക്തനായ സൂതപുത്രൻ ദ്രോണർക്ക് അങ്ങനെ മറക്കാനും പൊറുക്കാനുമാവുന്ന ഒരാളല്ലല്ലോ!

വിദുരർക്ക് സ്വാഭാവികമായി രാജകുടുംബാഗം എന്ന നിലയിൽ കർണ്ണനോട് അകൽച്ചയുണ്ടായപ്പോൾ, എല്ലാവരേയും വാത്സല്യത്തോടെ മാത്രം കാണുന്ന ഭീഷ്മരെന്തിനാണ് കർണ്ണനെ എല്ലായ്പ്പോഴും കയർക്കുന്നതെന്നും, സഭാമദ്ധ്യത്തിൽ അപമാനിക്കുന്നതെന്നും സുയോധനനെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. സുയോധനൻ്റെ പക്ഷം ചേർന്ന് അഭിപ്രായങ്ങൾ പറയുന്നവരിൽ കർണ്ണനെ അല്ലാതെ മറ്റാരേയും ഭീഷ്മർ ഇങ്ങനെ തേജോവധം ചെയ്യാറുമുണ്ടായിരുന്നില്ല.

സുയോധനൻ ആ മൂന്നു വയോധികർക്കും എല്ലാരീതിയിലും പ്രിയപ്പെട്ടവനും അവർ പറയുന്ന എന്തുകാര്യവും മറ്റൊന്നും ആലോചിക്കാതെ പ്രവർത്തിക്കുന്നവനുമായിരുന്നു, ഒരു കാര്യമൊഴികെ, അത് പാണ്ഡവരുമായി സ്വരച്ചേർച്ചയിൽ പോവുക എന്നത് മാത്രമായിരുന്നു. മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ വാക്കുകൾക്ക് വിലകൊടുക്കുകയും ചെയ്യുന്ന സുയോധനനെ പാണ്ഡവസന്ധിയൊഴികെ എന്തുകാര്യത്തിലും തങ്ങളുടെ ഒപ്പം നിർത്തുക ആ മൂവർസംഘത്തിനു വളരെയെളുപ്പവുമായിരുന്നു എന്നാൽ സുയോധനൻ്റെ നന്മ മാത്രം ഓരോ കാര്യത്തിലും തിരയുന്ന കർണ്ണൻ എല്ലായ്പ്പോഴും അവർക്കൊരു കണ്ണിലെ കരടായിരുന്നു.

കർണ്ണൻ്റെ വാക്കുകളെന്തും തള്ളിക്കളയുക ഒരു പതിവായപ്പോൾ പലപ്പോഴും സുയോധനൻ്റെ തികച്ചും ന്യായവും നീതികരിക്കാവുന്നതുമായ താൽപ്പര്യങ്ങൾപോലും ആ പേരിൽ ഖണ്ഡിക്കപ്പെട്ടപ്പോൾ രാജ്യസഭയിലെ ആലോചനകളിൽനിന്നും വിട്ടുനിൽക്കാൻ കർണ്ണൻ സ്വയം തീരുമാനിച്ചു. എന്നാൽ പ്രധാന കാര്യങ്ങളിൽ സഭകൂടുന്നതിനുമുമ്പുതന്നെ സുയോധനൻ്റെ കൊട്ടാരത്തിൽ കർണ്ണനും സുയോധനനും ചർച്ച ചെയ്തു തീരുമാനമെടുക്കുകയും അത് രാജസഭയിൽ അവതരിപ്പിക്കുകയും ചെയ്തുവന്നു.

അന്ന് വളരെ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ ചർച്ചകൾ സഭയിൽ നടക്കേണ്ടതും, തീരുമാനങ്ങൾ ഉണ്ടാവേണ്ടതും, അതിൻ്റെ അടിസ്ഥാനത്തിൽ പുനരാലോചനകൾ വേണ്ടതുമായതിനാൽ കർണ്ണൻ കാലത്തെ ചർച്ചകൾക്കുശേഷം പതിവുപോലെ മടങ്ങിപ്പോയില്ല. താൻ രാജസഭകഴിഞ്ഞു വരുന്നതുവരെ തൻ്റെ കൊട്ടാരത്തിൽ വിശ്രമിക്കുവാൻ കർണ്ണനോട് ആവശ്യപ്പെട്ട യുവരാജാവ് ഭാര്യ ഭാനുമതിയോട് പറഞ്ഞു

"ഞാൻ രാജസഭയിലേയ്ക്ക് പോവുകയാണ്, അതെപ്പോൾ കഴിയും? എപ്പോൾ മടങ്ങാനാവും? എന്നു നിശ്ചയമില്ല, അംഗേശനനുമായി മടങ്ങിവന്നിട്ട് ഒട്ടുംവൈകാതെ കൂടിയാലോചനകൾ നടത്തേണ്ടതുമുണ്ട്, അതിനാൽ വിരസതയൊഴിവാക്കാൻ രാജ്ഞി ഇദ്ദേഹവുമായി ചതുരംഗം കളിച്ചിരുന്നാലും.. ചതുരംഗത്തിൽ നിങ്ങൾ രണ്ടാളും വിദഗ്ധരാകയാൽ നേരമ്പോക്കാകും, എന്നെ എപ്പോഴും തോൽപ്പിക്കുന്ന ബുദ്ധിമതിയല്ലേ? ഇന്നു കർണ്ണനെയാവട്ടേ.."

ഭാനുമതി ഒട്ടുമാലോചിക്കാതെ മറുപടി നൽകി

"അങ്ങയെ എല്ലായ്പ്പോഴും തോൽപ്പിക്കാൻ എനിക്ക് കഴിയാറില്ലല്ലോ? നമ്മൾ തുല്യമായല്ലേ വിജയിക്കാറുള്ളൂ, അല്ലെങ്കിൽ അങ്ങൽപ്പം അധികവും.."

ഒരു പൊട്ടിച്ചിരിയോട് കുരുസത്തമൻ വൈകർത്തനനോട് പറഞ്ഞു

"രാധേയാ,യുദ്ധക്കളത്തിൽ ഏതു ശത്രുവിനേയും എനിക്ക് നിഷ്പ്രയാസം തോൽപ്പിക്കാനാവും എന്നാൽ ചതുരംഗക്കളത്തിൽ അങ്ങനെയല്ലല്ലോ, അതിനു ബുദ്ധിയാണല്ലോ വേണ്ടത്? അത് രാജ്ഞിയോളം ഇല്ലെങ്കിലും എനിക്ക് ആ വിജയങ്ങളുടെ രഹസ്യമറിയാം"

പിന്നീട് ഭാര്യയോടായി പറഞ്ഞു

"ഞാൻ അധികസമയം നിന്നോടൊത്ത് ഉണ്ടാകാൻ ഈ ചതുരംഗം സഹായകരമാണ്, സ്ഥിരമായി പരാജയപ്പെട്ട് എനിക്കതിൽ വിരസതയും വൈമുഖ്യവും വന്നാൽ നിനക്കെന്നോടൊത്തുള്ള സമയം കുറയും, ഇടയ്ക്ക് ജയിച്ചുകൊണ്ടിരുന്നാൽ ഓരോ തോൽവിക്കും ശേഷം അടുത്തതിൽ വിജയിക്കണമെന്ന വാശിയിൽ ഞാനിവിടുണ്ടാകും എന്ന ആ ബുദ്ധിയും അതിലൂടെ എനിക്ക് ലഭിക്കുന്ന കൃതവിജയവും മനസിലാക്കാനുള്ളത്ര ബുദ്ധിയെനിക്കുണ്ട് പ്രിയേ.."

അജമീഢൻ പോയതിനുശേഷം ചതുരംഗം ആരംഭിച്ചിട്ടും അതിരഥിയുടെ മനസ്സ് സുഹൃത്തിൻ്റെ പിന്നാലേ രാജ്യസഭയിലാണെന്ന് ഭാനുമതിക്ക് മനസ്സിലായി. അതിനാൽത്തന്നെ കർണ്ണൻ്റെ ശ്രദ്ധ ചതുരംഗക്കളത്തിലാക്കാൻ ഭാനുമതി തോറ്റാൽ പന്തയമെന്ത്? എന്നു ചോദിച്ചു, ആ ചോദ്യം കർണ്ണൻ്റെ കഴുത്തിലെ അമൂല്യ രത്നഹാരത്തിൽ കണ്ണൂന്നിയാണെന്ന് ശ്രദ്ധിച്ച അദ്ദേഹം

"ശരി ഈ ഹാരം തന്നെയാകട്ടേ പന്തയം"

എന്നു മറുപടി നൽകി.

മറുപന്തയമെന്തെന്ന കർണ്ണൻ്റെ ചോദ്യത്തിനു ഭാനുമതി തൻ്റെ കഴുത്തിൽ കിടന്ന അതിമനോഹരമായ രത്നഹാരം പിടിച്ചുയർത്തി കാട്ടി. അതോടെ ചതുരംഗം വാശിയിലായി, രണ്ടാളും വിദഗ്ധരായതിനാൽ അതേറെനേരം നീണ്ടുപോയി. ഒടുവിൽ ഭാനുമതി പരാജിതയായി, കർണ്ണൻ വിജയിച്ചു. വിജയിയുടെ ചിരിയുമായി കർണ്ണൻ പന്തയപ്പണ്ടം ആവശ്യപ്പെട്ടു.

"ഏതു ഹാരം? എന്തു പന്തയം?" കുസൃതി നിറഞ്ഞ കണ്ണുകളോടെ ഭാനുമതി തിരക്കി, പിന്നീട് എണീറ്റുകൊണ്ട് പറഞ്ഞു.

"എനിക്ക് അന്തപ്പുരത്തിൽ കുറച്ചു കാര്യങ്ങളുണ്ട്, ഈ ലഘുഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിക്കൂ"

പോകാൻ തുനിഞ്ഞ ഭാനുമതിയെ കർണ്ണൻ ഇരുന്ന ഇരുപ്പിൽ കൈയ്യിൽ പിടിച്ച് തടയാൻ ശ്രമിച്ചു, ഭാനുമതി കുനിഞ്ഞ് ഒഴിഞ്ഞുമാറി, അംഗരാജാവിൻ്റെ കൈകൾ ആ ഹാരത്തിൽ പതിഞ്ഞു, അത് പൊട്ടി രത്നങ്ങൾ നിലത്തുവീണു ചിതറി.

ചകിതനായ കർണ്ണൻ ക്ഷമചോദിച്ചുകൊണ്ടെണീറ്റ് ഭാനുമതിയുടെ കഴുത്തിൽ ഹാരം കോർത്ത സ്വർണ്ണ നൂലിനാൽ മുറിവുണ്ടായോയെന്നാദ്യം പരിശോധിച്ചു, കുഴപ്പമില്ലെന്നുകണ്ട് ആശ്വാസത്തോടെ ഭാനുമതിയുടെ മുഖത്തെ കുസൃതിക്കുപകരം കണ്ട ചിരിയുടെ കാരണം തേടി പിന്തിരിഞ്ഞു കണ്ണുകൾ പായിച്ചു. അവിടെയൊരാൾ ആ തറയിരുന്നു ചിതറിവീണ രത്നങ്ങൾ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു, സഭകഴിഞ്ഞെത്തിയ സുയോധനൻ.

സുയോധനനെ കണ്ട കർണ്ണൻ്റെ മുഖത്തേയ്ക്കും ഭാനുമതിയുടെ ചിരിപടർന്നു, പെറുക്കിയെടുത്ത രത്നങ്ങൾ കർണ്ണൻ്റെ കൈക്കുമ്പിളിൽ ബലമായി നിറച്ചുകൊണ്ട് ചിരിയോടെ കുരുപ്രവീരൻ ചോദിച്ചു

"രാജ്ഞി പരാജയപ്പെട്ടപ്പോൾ പതിവുപോലെ പന്തയം നിഷേഷിച്ചിട്ടുണ്ടാവുമല്ലേ?"

കർണ്ണൻ ഭാനുമതി കണ്ണുവച്ച സ്വന്തം രത്നഹാരം കൂടി കഴുത്തിൽ നിന്നും ഊരിയെടുക്കാൻ ശ്രമിച്ചുകൊണ്ട് മറുപടി നൽകി

"ഭാനുമതിക്ക് അത്ര പ്രിയപ്പെട്ട രത്നങ്ങളല്ലേ അവ, അത് രാജ്ഞിക്കുതന്നെ നൽകിയേക്കൂ, ഒപ്പം ഇതുമിരിക്കട്ടേ"

കർണ്ണനെ തടഞ്ഞുകൊണ്ട് കൗരവേന്ദ്രൻ ആ രത്നങ്ങൾ സമ്മാനിച്ചു.

"വിജയിയുടെ പാരിതോഷികമായി ഇതിരിക്കട്ടെ കർണ്ണാ, ഭാനുമതിക്കുള്ള തമ്മിലുള്ള സമ്മാനം അത് നേരിട്ടു കൊടുത്തേയ്ക്കൂ.."

ഇത്രയും പറഞ്ഞ ഭാര്യയുടെ അടുത്തെത്തി ഹാരം പൊട്ടിയതിനാൽ കഴുത്തിൽ ക്ഷതമേറ്റില്ല എന്നുറപ്പിച്ചുകൊണ്ടു അവളോടു പറഞ്ഞു

"രാജ്ഞിയുടെ കുസൃതികൾ നല്ലതുതന്നെ പക്ഷേ ഭർത്താവിൻ്റെ പ്രിയമാർന്ന കരങ്ങളുടെ മൃദുത്വം സഹോദരസ്നേഹത്തിൻ്റെ കുറുമ്പിനുണ്ടാവില്ല, അതിനാൽ രാധേയനോട് അൽപ്പം കരുതലോടെ ഇടപെട്ടുകൊള്ളൂ"

അങ്ങനെയൊരവസ്ഥയിൽ തൻ്റെ സുഹൃത്തിനെ അവിശ്വസിക്കാതിരുന്ന സുയോധനനാണോ, അദ്ദേഹത്തെ അവിചാരിതമായി കണ്ടിട്ടും അദ്ദേഹമതിൽ തെറ്റായൊന്നും കാണില്ല എന്നുറപ്പിച്ച് ചിരിച്ചുകൊണ്ടു നിന്ന കർണ്ണനും ഭാനുമതിയുമാണോ മികച്ച വ്യക്തിത്വങ്ങൾ എന്നു ചോദിച്ചാൽ ഉത്തരമില്ല!

സുയോധനൻ സൗഹൃദത്തിൻ്റെ കാര്യത്തിൽ അഗ്രഗണ്യനായിരുന്നു, ഒരു പക്ഷേ ദാനധർമ്മങ്ങളിലും, രണ്ടുകാര്യത്തിലും ഒരെതിരാളിയുണ്ടായിരുന്നെങ്കിൽ അതദ്ദേഹത്തിൻ്റെ തന്നെ സുഹൃത്തായ കർണ്ണൻ മാത്രമായിരുന്നെന്ന് പാണ്ഡവപക്ഷപാതിയായ കൃഷ്ണദ്വൈപായനൻ തന്നെ പറയുന്നു!

Saturday, November 14, 2020

നരനാരായണീയം

മലിനീകരണം എന്നത് ഉപരിവർഗ്ഗത്തിൻ്റെ വിശേഷാധികാരവും, മധ്യവർഗ്ഗത്തിൻ്റെ വിവേചനാധികാരവും, താഴ്ന്നവർഗ്ഗത്തിൻ്റെ ജന്മാവകാശവുമായി വ്യവസ്ഥാപിത ചിന്താഗതി രൂഢമൂലമായ ഒരു സമൂഹമാണ് നമ്മൾ. 

ആകാശമാർഗ്ഗം വന്ന് ഭൂമിയിലുള്ളവരുടെ ശരീരത്തിലേയ്ക്ക് മാലിന്യങ്ങൾ വിസർജ്ജിച്ച സംഭവം പുരാണങ്ങളിൽ പറയുന്നുണ്ട്. ഏകദേശം 6000 വർഷങ്ങൾക്ക് മുമ്പാണു സംഭവം.

ബ്രഹ്മർഷിയായ രാജർഷി വിശ്വാമിത്രൻറെ പുത്രനായ ഗാലവമുനി ഒരുനാൾ സന്ധ്യാവന്ദനം നടത്തുകയായിരുന്നു. കൈക്കുമ്പിളിൽ ജലമെടുത്ത് കണ്ണുമടച്ച് ധ്യാനിച്ചുനിന്ന മുനിയുടെ കൈകുമ്പിളിൽ പെട്ടെന്ന് എന്തോ വസ്തുക്കൾ വന്നുവീണു. കണ്ണുതുറന്നു നോക്കിയപ്പോൾകണ്ടത് ആകാശമാർഗ്ഗം പോകുന്ന ഒരുരഥവും അതിൽ ഭാര്യമാരോടൊപ്പം ഉല്ലാസയാത്ര ചെയ്യുന്ന ചിത്രരഥൻ എന്ന ഗന്ധർവ്വരാജാവിനേയുമാണ്. അദ്ദേഹം താമ്പൂലചർവ്വണം ചെയ്തശേഷം തുപ്പിയതാണു കൃത്യമായി മുനിയുടെ കൈകളിൽ വന്നുവീണത്.

മഹർഷി കോപംകൊണ്ട് ജ്വലിച്ചു. കയ്യിലെ ജലം ഉപേക്ഷിച്ച്, വേറേ ജലം കയ്യിലെടുത്ത് ശപിക്കാൻ തയ്യറായി. ദ്വാരകാനാഥൻ ഭഗവാൻ ശ്രീകൃഷ്ണൻ സമീപത്താണല്ലോ ഉള്ളതെന്ന് പൊടുന്നനെ അദ്ദേഹത്തിനോർമ്മ വന്നു, വൃഥാ തപോശക്തി കളയേണ്ട എന്നു ചിന്തിച്ച് ശാപോദ്യമത്തിൽനിന്നും പിന്മാറി, ശ്രീകൃഷ്ണനെ ചെന്നുകണ്ടു, സങ്കടമുണർത്തിച്ചു. ശ്രീകൃഷ്ണൻ മുനിയെ സമാധാനിപ്പിച്ചു, അഹങ്കാരിയായ ചിത്രരഥൻ്റെ ശിരസ്സുകൊണ്ടുവന്ന് അങ്ങയുടെ കാൽക്കൽ സമർപ്പിക്കാം എന്നു വാഗ്ദാനവും ചെയ്തു. 

ഭഗവാൻ ചിത്രരഥനെത്തേടി യാത്രയാരംഭിച്ചു. ഭാര്യമാരുമായി ഉല്ലസിച്ച് ആകാശസഞ്ചാരത്തിലായിരുന്ന ചിത്രരഥൻ തൻ്റെ താംബൂലവിസർജ്ജനം ഇത്രമേൽ പൊല്ലാപ്പായ കാര്യമൊന്നും ആനന്ദയാത്രക്കിടെ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തെക്കൂടാതെ മറ്റൊരാൾകൂടി ആകാശമാർഗ്ഗേ ഇതെല്ലാംകണ്ടാസ്വദിച്ചു വരുന്നുണ്ടായിരുന്നു. അദ്ദേഹമാണെങ്കിൽ ആ ദിവസത്തെ കലഹം സംഘടിപ്പിക്കാൻ ഉള്ള തത്രപ്പാടിലുമായിരുന്നു, ആളെ മനസ്സിലായിക്കാണും, സക്ഷാൽ നാരദമുനി. ഇരമണത്ത നാരദമുനി നേരേചെന്ന് ചിത്രരഥനെ വിവരങ്ങൾ ധരിപ്പിച്ചു. ചിത്രരഥൻ ആകെഭയന്നു, തന്നെ വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് സാക്ഷാൽ ശ്രീകൃഷ്ണഭഗവാനാണെന്നറിഞ്ഞ അയാൾ നിലവിളി തുടങ്ങി. 

കാത്തിരുന്ന നാരദമുനി അദ്ദേഹത്തോട് ഒരുപായം പറഞ്ഞുകൊടുത്തു.

നാരദമുനി ഉപദേശിച്ചതുപോലെ ചിത്രരഥൻ, അർജ്ജുനനും സുഭദ്രയും വസിക്കുന്ന രാജസൗധത്തിൻറ്റെ വെളിയിലായി, ഒരു ചിതകൂട്ടി അതിൽ പ്രവേശിക്കുവാൻ തയ്യറെടുത്തു. അദ്ദേഹത്തിൻ്റെ ഭാര്യമാർ അദ്ദേഹത്തെ തടഞ്ഞുകൊണ്ടും, ഉറക്കെ നിലവിളിച്ചുകൊണ്ടും ആ ചിതയ്ക്കുചുറ്റും നടന്നു. കൊട്ടാരത്തിൻറ്റെ മട്ടുപ്പാവിൽ നിന്നിരുന്ന സുഭദ്ര ഈ കാഴ്ച്ച കാണുകയും, കൊട്ടാരത്തിനു വെളിയിലെത്തി വിവരം ആരായുകയും ചെയ്തു.

തങ്ങളുടെ ഭർത്താവിനെ ആത്മഹത്യയിൽ നിന്നും രക്ഷിക്കണം എന്നു സ്ത്രീകൾ സുഭദ്രയോട് അപേക്ഷിച്ചു. ആത്മഹത്യയ്ക്ക് കാരണമന്വേഷിച്ച സുഭദ്രയോട് ചിത്രരഥൻ ഇങ്ങനെ പറഞ്ഞു 

" ദേവീ, അടിയനെ ഒരാൾ വധിക്കുവാൻ പിന്നാലേ വരുന്നു, ശത്രു അത്രമേൽ പ്രബലനും, ആരാലും ദുർജ്ജയനും ആയതിനാൽ ക്രൂരമായി ശിരസ്സറുത്ത് വധിക്കപ്പെടുംമുമ്പേ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചതാണ്." 

സുഭദ്ര ഒട്ടുമാലോചിക്കാതെ മറുപടി നൽകി

" എൻറ്റെ ഭർത്താവ് ലോകൈക ധനുർധരനായ അർജ്ജുനൻ ആണ്. അദ്ദേഹം നിൻ്റെ പ്രാണരക്ഷ ചെയ്തു കൊള്ളും. ഞാൻ വാഗ്ദാനം ചെയ്യുന്നു, നീ ധൈര്യമായി ഇരുന്നാലും, അവിവേകത്തിൽ നിന്നും പിന്മാറിയാലും ഇത് ദ്വാരകാധീശനായ ശ്രീകൃഷ്ണസഹോദരിയുടെ വാക്കുകളാണ്"

ചിത്രരഥൻ ആത്മഹത്യാ ഉദ്യമത്തിൽനിന്നും പിൻമാറി, സുഭദ്രയ്ക്ക് നന്ദി പറഞ്ഞു. രംഗം ശാന്തമായപ്പോൾ സുഭദ്ര തിരക്കി 

" ആകട്ടേ, ആരാണു നിൻ്റെ ഈ പ്രബലനായ ശത്രു?"

ചിത്രരാഥൻ മറുപടി നൽകി 

"ദേവീ, അത് ദ്വാരകാപതിയായ ശ്രീകൃഷ്ണൻ അല്ലാതെ മറ്റാരുമല്ല."

സുഭദ്രയ്ക്ക് ഭൂമി പിളർന്നു താണുപോകുന്നതുപോലെയാണു തോന്നിയത്, തലചുറ്റലിനു ഒരുശമനം ലഭിച്ചപ്പോൾ, സുഭദ്ര, തന്നെത്തേടിവന്ന അർജ്ജുനനെ നോക്കി കണ്ണീർവാർത്തു. വിവരങ്ങൾ എല്ലാം മനസ്സിലാക്കിയ അർജ്ജുനൻ ഒരു കൂസലുമില്ലാതെ ഭാര്യയെ ആശ്വസിപ്പിച്ചു. 

" ഭാര്യ നൽകിയ വാക്ക് പാലിക്കേണ്ടത് ഭർത്താവിൻ്റെ കടമയാണ്. ചിത്രരഥാ ഒന്നുകൊണ്ടും ഖിന്നനാകേണ്ട, ഞാൻ തീർച്ചയായും നിൻ്റെ പ്രാണരക്ഷ ചെയ്യുന്നതാണ്."

ചിത്രരഥനെ തേടി ഈസമയത്തിനുള്ളിൽ ശ്രീകൃഷ്ണനും അവിടെ എത്തിച്ചേർന്നു. പരസ്പര പ്രണാമങ്ങൾക്കുശേഷം ചിത്രരഥനെ വിട്ടുനൽകാൻ കൃഷ്ണൻ, അർജ്ജുനനോട് ആവശ്യപ്പെട്ടു. കാര്യകാരണങ്ങൾ നിരത്തി അർജ്ജുനൻ അതു നിരസിച്ചു. ഇതു നരനാരായണന്മാർ തമ്മിലുള്ള വക്കേറ്റത്തിലേയ്ക്കും, ഒടുവിൽ ആയുധമെടുത്തുള്ള യുദ്ധത്തിലും കലാശിച്ചു.

യുദ്ധം മൃദുത്വം വെടിഞ്ഞ്, രൂക്ഷമായി, നരനും നാരായണനും സ്വയം മറന്നു തുടങ്ങി. ദിവ്യായുധങ്ങളുടെ പ്രയോഗത്തിലെത്തി കാര്യങ്ങൾ. ലോകമാകെ പ്രക്ഷുബ്ധമായി, ദേവന്മാരും, മനുഷ്യരും ഖിന്നരായി, നാരദമഹർഷിയൊഴികെ, അദ്ദേഹം അന്നത്തെ കലഹം വളരെ ശ്രേഷ്ഠമായതിൽ അഭിമാനം കൊണ്ട് തിളങ്ങി.

ലോകനാശം സംഭവിക്കുന്നത് ഒഴിവാക്കാൻ ദേവതകൾ അപേക്ഷിച്ചതിനാൽ, അവിടേയ്ക്ക് വന്നെത്തിയ ബ്രഹ്മാവ്, എല്ലാം ഒപ്പിച്ചിട്ട് കൂട്ടത്തിൽനിന്ന് ആഹ്ളാദിക്കുന്ന പുത്രനെ പിടിക്കൂടി. ആദ്യം ഒന്നു നിഷേധിച്ചെങ്കിലും ഒടുവിൽ ഇതു തൻ്റെ കൃതിയാണെന്നും, ഇതിനു പരിഹാരം കാണമെന്നും പുത്രൻ പിതാവിനോട് സമ്മതിച്ചു.

നാരദമുനി ക്രുദ്ധരായി യുദ്ധം ചെയ്യുന്ന നരനാരായണന്മാരുടെ ഇടയിലെത്തി. എന്തിനാണു യുദ്ധം ചെയ്യുന്നതെന്ന് തിരക്കി.

ചിത്രരഥൻ്റെ ശിരസ്സ് ഗാലവമുനിയുടെ കാൽക്കൽ കൊണ്ടിടാമെന്നു താൻ വാക്കുകൊടുത്തെന്ന് ശ്രീകൃഷ്ണനും, പ്രാണദാനം നൽകിയതായി അർജ്ജുനനും അറിയിച്ചു. നാരദൻ ചെറു ചിരിയോടെ ചോദിച്ചു 

" ഇതിനാണോ പ്രാണപ്രിയരായ നിങ്ങൾക്കിടയിൽ ഈ യുദ്ധമൊക്കെ, കഷ്ടം കഷ്ടം, കാൽക്കൽ ശിരസ്സ് വരാൻ ചിത്രരഥൻ ഗാലവമുനിയെ സ്രാഷ്ടാംഗപ്രണാമം ചെയ്താൽ പൊരേ?"

കൃഷ്ണാർജ്ജുനന്മാർ ഒന്നമ്പരന്നു, "അത് ശരിയാണല്ലോ?" അവർ ആയുധങ്ങൾ വെടിഞ്ഞ് പരസ്പരം ആശ്ലേഷിച്ചു. ചിത്രരഥൻ എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്നൊന്ന് ഊരിക്കിട്ടിയാൽ മതിയെന്ന ചിന്തയിൽ ഗാലവമുനിയുടെ കാൽക്കൽ വീണു ക്ഷമ ചോദിച്ചു, ഒപ്പം നിരവധി ഉപഹാരങ്ങളും സമർപ്പിച്ചു. മുനി സന്തുഷ്ടനായി, അദ്ദേഹത്തോട് ക്ഷമിച്ചു. 

ഏവരും സന്തുഷ്ടരായി, "അത്രയ്ക്കങ്ങോട്ട് കൊഴുത്തില്ല" എന്ന ഒരു ആത്മഗതത്തോടെ, ഈ പരിസമാപ്തി അത്ര ഇഷ്ടമായില്ലെങ്കിലും നാരദമുനിയും അദ്ദേഹത്തിൻ്റെവഴിയേ മടങ്ങി.

കൃഷ്ണാർജ്ജുനന്മാർ അഥവാ നരനും നാരായണന്നും ഖാണ്ഡവദഹനമുൾപ്പടെ പലപ്പോഴും ഒന്നിച്ചുനിന്നു പൊരുതിയിട്ടുണ്ടെങ്കിലും ഒരു പരസ്പരം യുദ്ധം ഈ അവസരത്തിൽ മാത്രമാണ് ചെയ്തത്, അതും ഒരു മാലിന്യപ്രശ്നത്തിൻ്റെ പേരിൽ, നോക്കൂ അന്നും ഭഗവാൻ മാലിന്യത്തിനെതിരും മനുഷ്യൻ അനുകൂലവും ആയിരുന്നു!

Thursday, April 25, 2019

അമ്പും കയറും

ഇടശ്ശേരി ഗോവിന്ദൻ നായരെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ "പൂതപ്പാട്ട്" എന്ന് മാത്രം പറഞ്ഞാൽ മതി; എന്നാൽ സമകാലീനനായ മറ്റൊരു ഗോവിന്ദൻ നായരെ പരിചയപ്പെടുത്താൻ "അവിൽപ്പൊതി" എന്ന കേരളസാഹിത്യ അക്കാഡമി അവാർഡ്ഡ് നേടിയ പുസ്തകവും പര്യാപ്തമാണോ? എന്ന് സംശയമാണ്. ഏതായാലും അദ്ദേഹത്തിൻ്റെ ഒരു കവിതാശകലം നമുക്കൊന്ന് അടുത്തറിയാം.... 1903 ൽ ഒറ്റപ്പാലത്ത് ജനിച്ച് 1977 ൽ അന്തരിച്ച അദ്ദേഹത്തിന് ഓടക്കുഴൽ അവർഡ്ഡും ലഭിച്ചിട്ടുണ്ട്.

"ചൂടും പൂവിനു ശണ്ഠ കൂടുമിരുപേര്‍ദ്ദാരങ്ങള്‍, കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പാര്‍ത്തോരു പൗത്രന്‍ – ഹരേ!
വേടന്‍തന്‍ കണ ശാഖിയില്‍ തവശവം തൂങ്ങാതെ രക്ഷിച്ചതോ?"

ശ്രീകൃഷ്ണന്‍ ആത്മഹത്യ ചെയ്യാനായിരുന്നോ മരത്തില്‍ കയറിയത്? ആ പേരുദോഷത്തിൽ നിന്നും അദ്ദേഹത്തെ ആ വേടൻ രക്ഷിക്കുകയായിരുന്നോ? എന്നാണ് ചോദ്യം!!!

വെറുതേയങ്ങ് ചോദിച്ചതല്ല, കാര്യകാരണസഹിതം ആണ് ചോദ്യം.

സ്വർഗ്ഗത്തിൽ പോയിവന്നപ്പോൾ കഷ്ടകാലത്തിനു പാരിജാതത്തിൻ്റെ ഒരു പൂവ് കൊണ്ടുവന്നു, അതിൻ്റെ പേരിൽ രുഗ്മിണിയും സത്യഭാമയും തമ്മിലുള്ള സ്പർദ്ധയും അതിനിടയിൽപ്പെട്ട് ശ്രീകൃഷ്ണൻ ചക്രശ്വാസം വലിച്ചതുമൊക്കെ ഓർത്താൽ ഒടുവിൽ തിരിച്ചുപോയി ആ പാരിജാതം മൂടോടെ പറിച്ചെടുത്ത് കൊണ്ടുവന്നിട്ടും തീർന്നില്ല ആ കഷ്ടപ്പാട്, അതാണ് 'ചൂടുന്ന പൂവിനുപോലും ശണ്ഠകൂടുന്ന രണ്ടു ഭാര്യമാര്‍' എന്നൊരുകാരണം, ചുരുക്കിപ്പറഞ്ഞാൽ തലയിണയിലും തലവേദന!

"പച്ചിലക്കുമ്പിളിൽ തുള്ളും ഇളങ്കള്ളിൽ മജ്ജനം ചെയ്കയായ് തൻ ഹൃദയം" എന്ന് വൈലോപ്പള്ളി ജലസേചനത്തിൽ എഴുതിയ സാക്ഷാൽ ബലരാമനെക്കുറിച്ച്, ചില ആധുനികന്മാരുടെ ഭാഷയിൽ ബലഭദ്രരാമൻ അനന്തൻ എന്ന പാമ്പിൻ്റെ അവതാരമായതിനാലാണത്രേ പൂസ്സായി പാമ്പ് പോലിഴഞ്ഞതും, ഇന്നും കുടിയന്മാർക്ക് പാമ്പെന്ന ചീത്തപ്പേരും!!! അപ്പോൾ അതാണ് ' കള്ളും കുടിച്ചു് കൂത്താടുന്ന ഒരേയൊരു ജ്യേഷ്ഠന്‍'!

ഒരു സഹോദരിയുള്ളതിനെ വിവാഹം ചെയ്ത് നൽകിയത് പിതൃസഹോദരിയായ പ്രഥയുടെ പുത്രൻ പാർത്ഥനാണ്, ലോകൈകധനുർദ്ധരൻ പറഞ്ഞിട്ടെന്താ കാര്യം? ആയ കാലത്ത് കൗരവരാൽ കാട്ടിൽ അയക്കപ്പെട്ട് കഷ്ടപ്പട്ട്, ഒടുവിൽ യുദ്ധമൊക്കെ ജയിച്ച് ശത്രുനിഗ്രഹം വരുത്തിക്കഴിഞ്ഞപ്പോൾ, മുഖ്യശത്രു കർണ്ണൻ ജേഷ്ഠനായിരുന്നെന്നറിഞ്ഞും, പഞ്ചാലീസുതന്മാർ കൊല്ലപ്പെട്ടതിനാലും, ആകെ ബന്ധുവായി നിന്ന ചെറിയച്ഛനും അമ്മയും വനവാസത്തിനായി പോയതിനാലും, മനസ്സാ വനവാസം പൂകിയ പാണ്ഡവരെ ചൂണ്ടിക്കാട്ടി... 'കാട്ടില്‍ ബുദ്ധിമുട്ടി അലയുന്ന ബന്ധുക്കളും തോഴരും'!

അടുത്ത തലമുറയെങ്കിലും ശരിയാകുമെന്ന് വച്ചാൽ..ഉദയഗിരിക്കൊട്ടയിലെ ബാണാസുരൻ്റെ പുത്രി ഉഷയെ പ്രണയിച്ച് അവളുടെ കോട്ടയിൽ തടവിലായ പൗത്രൻ അനിരുദ്ധനെ ഓർത്ത്.. 'പെണ്‍‌കൊതി മൂത്തു് വേറൊരുത്തന്റെ തടവില്‍പ്പെട്ട ചെറുമകന്‍'!

ഇങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾക്ക് നടുവിൽപ്പെട്ടു വലഞ്ഞ, അല്ലയോ കൃഷ്ണാ... വേടന്റെ അമ്പ് നിന്റെ ശവം മരത്തില്‍ തൂങ്ങാതെ രക്ഷിച്ചു എന്നു വരുമോ?” എന്നാണ് വി.കെ.ജി ചോദിച്ചത്.

ശ്രീകൃഷ്ണൻ ചെറുപ്പത്തിൽ സ്ത്രീകളുടെ വസ്ത്രം അഹരിച്ച് മരത്തിൽ കയറി ഇരിക്കുകയും, അവർ ജലത്തിനു മുകളിലെത്തി പ്രസക്തഭഗങ്ങളൊക്കെ വെളിപ്പെടുത്തിയതിനു ശേഷം മാത്രം അവ തിരിച്ച് നൽകിയതായും പറയപ്പെടുന്നു, എന്നാൽ ഇതൊരു പതിവാക്കിയതായി കേട്ടിട്ടില്ല. പിന്നീട് അദ്ദേഹത്തെ ശ്രദ്ധേയമായി മരക്കൊമ്പിൽ കണ്ടത് അവസാനദിവസം തന്നെയാണ്.

എന്തിനാണാവോ അദ്ദേഹം ആ പ്രായത്തിൽ വീണ്ടും മരക്കൊമ്പിൽ കയറിയത്? ന്യായമായ ചോദ്യമാണത്!

കയ്യിൽ കയറുണ്ടായിരുന്നോ?

ഉണ്ടെങ്കിൽ അതിൻ്റെ ഒരറ്റമദ്ദേഹം ഒറ്റക്കൈകൊണ്ട് മരത്തിൽ കെട്ടിയിരുന്നോ? മറ്റേക്കയ്യിൽ പുല്ലങ്കുഴലുണ്ടല്ലോ!

പ്രായമായതിനാൽ പഴയതുപോലെ ഒറ്റകയ്യിൽ ഓടക്കുഴലും പിടിച്ച് മറ്റേ കൈ മാത്രമായി ശാഖയിലുള്ള ഇരുപ്പ് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ സേഫ്റ്റി ബൽറ്റ് പോലെ ഉപയോഗിച്ചതാണോ ആ കയർ? അപ്പോൾ ആദ്യമായി ഈ സേഫ്റ്റി ബൽറ്റ് ഉപയോഗിച്ചത് അദ്ദേഹമാണോ?

അതോ വി.കെ.ജി പറഞ്ഞതുപോലെ ആത്മഹത്യ ചെയ്യാൻ മരത്തിൽകയറി ഇരിക്കുകയും, ആൻ്റി ക്ളൈമാക്സ്സ് ആയി വേടൻ അമ്പെയ്യുകയും ആയിരുന്നോ?

വിഷമിച്ച് കരഞ്ഞ വേടനോട്

"നീ വിഷമിക്കേണ്ട, നീ ഇത് ചെയ്തത് നന്നായി, അല്ലെങ്കിൽ എനിക്ക് ചെയ്യേണ്ടി വന്നേനേ.. വളരെ നന്ദി, ഗീതയൊക്കെ ഉപദേശിച്ചിട്ട് ഒടുവിൽ ഇങ്ങനെയൊരു പേരുദോഷം വരാതെ കാത്തതിന്"

എന്ന് പറഞ്ഞിരിക്കുമോ?

എന്നാലും എൻ്റെ വി.കെ.ജി ഇങ്ങളിതൊക്കെ എഴുതീട്ടങ്ങ് പോയി, ഞാനിതാ കൃഷ്ണഭക്തകളുടെ പൊങ്കാലയ്ക്ക് നടുവിലായി, കാത്തോളണേ... കൃഷ്ണാ...ഗോവിന്ദാ.. ഗോപാലാ..

Monday, February 5, 2018

പദ്മാവതി

പദ്മാവതി എന്ന പേരിൽ എന്തെങ്കിലും എഴുതിയാൽ രജപുത്രന്മാരും, പുത്രിമാരും, മറ്റ് ബന്ധുക്കളും വഴക്കിനു വരുമോ? എന്ന ഭയമില്ലതില്ല, എങ്കിലും നമ്മൾ മലയാളീസ്സ് അങ്ങനെ അലമ്പുണ്ടാക്കില്ല എന്ന ധൈര്യത്തിൽ ഞാൻ ഒരു പദ്മാവതിയെപ്പറ്റി പറയാം.

സംഗതി വിഷ്ണുപുരാണത്തിൽ നിന്നു തുടങ്ങാം, കാളിന്ദിയുടെ കരയിലെ മധുവനത്തിലാണ് നമ്മുടെ മധുകൈടഭന്മാരിലെ മധു വിഹരിച്ചിരുന്നത്, ആ മധുവിനെ മഹാവിഷ്ണു വധിച്ചു, മധുവിന്റെ മകൻ ലവണനായി പിന്നീട് അധികാരി, അയാളെ  രാമായണത്തിലെ ശത്രുഘ്നൻ വധിച്ചു, പിന്നീട് അവിടെയൊരു നഗരം പണിതുയർത്തി അതാണ് മഥുര.ശത്രുഘ്നന്റെ ചെറുമക്കളോടെ സൂര്യവംശം അന്യം നിന്നു.

പിന്നീട് ചന്ദ്രവംശത്തിലെ അനൗദ്യോഗിക വിഭാഗമായ യദുവിന്റെ വംശജർ ആണു ഭരിച്ചത്, അതിൽ വൃഷ്ണിയായിരുന്നു അതിനെ അയൽരാജ്യങ്ങൾ കൂടി ചേർത്ത് ഒരു മഹാരാജ്യം ആക്കി മാറ്റിയത്. ആ വംശം ശൂരസേനൻ വരെയെത്തി, ശൂരസേനന്റെ മക്കൾ ആയിരുന്നു വസുദേവനും, കുന്തിയും. ശൂരസേനന്റെ കാലശേഷം കിരീടാവകാശിയായ വസുദേവൻ രാജാവാകാൻ ആഗ്രഹിച്ചില്ല, അതിനാൽ ഉഗ്രസേനൻ രാജാവായി, അദ്ദേഹത്തിന്റെ ഭര്യയായിരുന്നു നമ്മൾ പറഞ്ഞ് വരുന്ന പദ്മാവതി, വിദർഭയിലെ സത്യകേതു മഹാരാജാവിന്റെ പുത്രി. ഉഗ്രസേനന്റെയും പദ്മാവതിയുടേയും മകളായ ദേവകിയെ വസുദേവൻ വിവാഹം കഴിച്ചു അതിൽ ശ്രീകൃഷ്ണൻ പിറന്നു.

ശൂരസേനൻ രാജാവായിരുന്ന കാലത്ത്, രാജ്യവിസ്തൃതി വർദ്ധിപ്പിയ്ക്കുവാനായി അനവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്, അതിലൊന്നിൽ ഉഗ്രസേനൻ വിവഹാനന്തരം ഒരു യുദ്ധത്തിനായി പോയ സമയത്ത് പദ്മാവതി വിദർഭയിലെ തന്റെ കൊട്ടാരത്തിൽ വന്ന് താമസിച്ചു. ആ സമയത്ത്  പൂന്തോട്ടത്തിൽ സഖികളുമായി ആനന്ദിച്ചിരുന്ന അവളുടെ സൗന്ദര്യം കണ്ട് ദ്രമിളൻ എന്ന അസുരൻ അവളിൽ ആകൃഷ്ടനായി. അവൻ അവളെ പ്രാപിയ്ക്കുവാൻ ഒരു വിദ്യ കണ്ടെത്തി.

ഉഗ്രസേനന്റെ രൂപം സ്വീകരിച്ച ദ്രമിളൻ അവളുടെ അടുക്കലെത്തി, യുദ്ധത്തിനു പോയ ഭർത്താവ് വേഗം തിരിച്ചു വന്നതിൽ സന്തോഷിച്ച് അവൾ ഭർത്താവിനെ ശുശ്രൂഷിച്ചു. വിരഹത്തിനു ശേഷമുള്ള ആവേശത്തിൽ തന്നിൽ പടർന്ന് കയറാൻ ആഗ്രഹിച്ച ഭർത്താവിനെ അവൾ എതിർത്തില്ല എന്ന് മാത്രമല്ല, കത്തിക്കയറുന്ന വികാരങ്ങളോടെ അവനെ ഏറ്റുവാങ്ങി. ഇരു വശത്തും രതിയുടെ അഗ്നി ആളിപ്പടർന്നപ്പോൾ അസുരനിലെ അസുരത്വം പൂർണ്ണമായി ഉണർന്നു, അവളിലെ ഓരോ അണുവിലും കത്തിപ്പടർന്ന് അവൻ അസുരതാളത്തിൽ സുഖം പകർന്നു. ഇത് തന്റെ ഭർത്താവല്ല എന്ന് പദ്മാവതി അപ്പോഴേയ്ക്കും തിരിച്ചറിഞ്ഞു കഴിഞ്ഞെങ്കിലും അവൾ തുടർന്നും ആ പാതാളസുഖത്തിൽ ലയിച്ച് അവനിൽ അലിഞ്ഞ് ചേർന്നു.

പിന്നീട് ആ ബന്ധത്തിനു പ്രശ്ചന്നവേഷത്തിന്റെ  ആവശ്യമുണ്ടായില്ല, അത് അവനിൽ നിന്നും പദ്മാവതി ഗർഭിണിയാകുന്നത് വരെ തുടർന്നു. ഗർഭിണിയായതോടെ അവൾ ഭയചകിതയായി, യുദ്ധാനന്തരം ഭർത്താവ് തിരിച്ചെത്താറായിരിയ്ക്കുന്നു. ഈ ഗർഭം എങ്ങനെ അദ്ദേഹത്തിൽ കെട്ടി വയ്ക്കും? അദ്ദേഹത്തിന്റേതല്ലാത്ത ഈ കുഞ്ഞിനെ ഉഗ്രസേനൻ അംഗീകരിയ്ക്കുമോ?  അവൾ അസുരനുമായുള്ള ബന്ധം അവസാനിപ്പിച്ചു.

യുദ്ധം കഴിഞ്ഞ് വന്ന ഭർത്താവിനോട് താനും സഖിമാരും വനാന്തരത്തിലെ പൂന്തോട്ടത്തിൽ സഞ്ചരിയ്ക്കുമ്പോൾ ഒരു അസുരൻ തന്നെ ബാലൽക്കാരം ചെയ്തെന്നും, തന്റെ തെറ്റല്ലെങ്കിലും, ഇനി മരിയ്ക്കുകയല്ലാതെ വഴിയില്ലെന്നും, അങ്ങ് തിരിച്ച് വന്നിട്ട് പറഞ്ഞിട്ട് ആവാം എന്ന് കരുതി കാത്തിരുന്നതാണെന്നും അല്ലെങ്കിൽ അങ്ങയ്ക്ക് പേരുദോഷം വരുമല്ലോ എന്നുമൊക്കെ പറഞ്ഞ് ഫലിപ്പിച്ചു, സഖിമാരും കള്ളസാക്ഷി പറഞ്ഞപ്പോൾ ഉഗ്രസേനൻ വീണുപോയി. അദ്ദേഹം ഭാര്യയെ സമാധാനിപ്പിച്ചു, ആ ഗർഭത്തേയും, ഭാര്യയേയും ഏറ്റെടുത്തു. പദ്മാവതി പ്രസവിച്ച ആ കുഞ്ഞായിരുന്നു കംസൻ! 
പിന്നീട് ഉഗ്രസേനന് പദ്മാവതിയിൽ പിറന്ന മകളാണ് ദേവകി. അവർ വളർന്ന് വന്നതോടെ ശൂരസേനൻ മരണമടയുകയും ഉഗ്രസേനൻ രാജാവാകുകയും ചെയ്തു. പിന്നീട് ഉഗ്രസേനനെയും പദ്മാവതിയേയും തടവിലാക്കി കംസൻ രാജാവായി. കംസനെ വധിച്ച് ശ്രീകൃഷ്ണൻ വീണ്ടും ഉഗ്രസേനനെ മഥുരയുടെ രാജാവായി വാഴിച്ചു. ആഭരണം ഏതാണ്ട് ഭാരതയുദ്ധത്തിനു ശേഷവും തുടർന്നു എന്ന് കരുതാം, മുസലം എന്ന ഇരുമ്പുലക്ക ശ്രീകൃഷ്ണന്റെ പുത്രൻ സാംബൻ പ്രസവിച്ച വിവരം ഉഗ്രസേനനോട് പറയുന്നു എന്നാണ് മുസലപർവ്വത്തിൽ പറയുന്നത്! ഉഗ്രസേനനും പദ്മാവതിയുമൊക്കെ ദീർഘായുസ്സ് ഉള്ളവർ ആയിരുന്നു എന്ന് കരുതാം.

Friday, December 29, 2017

ശിഖണ്ഡി

ഞാൻ ശിഖണ്ഡി.......

ആ പേര് കേട്ടപ്പോൾ നിങ്ങളുടെ മുഖത്തെ ആ കോടിയ ചുണ്ടുകളും, പുച്ഛം കലർന്ന ചിരിയും എനിയ്ക്ക് കാണാൻ കഴിയുന്നുണ്ട്.

നിങ്ങൾ പൊതുവേ ശിഖണ്ഡി എന്ന പദം ഉപയോഗിയ്ക്കുന്നത് ആണും പെണ്ണും കെട്ടവൻ എന്ന നിലയിലാണ്; എന്നാൽ ഞാൻ ഒരിയ്ക്കലും ഒരു നപുംസകം ആയിരുന്നില്ല. ശരിയാണ് ഞാൻ പെണ്ണായും ആണായും ജീവിച്ചിട്ടുണ്ട്, പക്ഷേ രണ്ട് ലിംഗങ്ങളിലും പൂർണ്ണതയോടെ ആണ് ജീവിച്ചത്. അതിന്റെ വിശദാംശങ്ങൾക്കായി എന്റെ കഥ ഞാൻ പറയാം..

പൂർവ്വ ജന്മത്തിൽ നിന്ന് തുടങ്ങാം.. കാശി രാജകുമാരിയായ അംബയ്ക്ക് അയൽരാജ്യത്തെ സാല്വരാജകുമാരനോട് പ്രണയമായിരുന്നു; സ്വയംവരത്തിൽ അവനെ വരിയ്ക്കാൻ മനസ്സാ നിശ്ചയം ചെയ്തിരുന്നതുമാണ്. എന്നാൽ വിധി എല്ലാം തകിടം മറിച്ച് കളഞ്ഞു, ഒറ്റത്തേരേറി വന്ന ഒരു വീരയോദ്ധാവ് സ്വയംവരത്തിനെത്തിയ എല്ലാ രാജാക്കന്മാരേയും നിസ്സഹായരാക്കികൊണ്ട് ഞങ്ങൾ മൂന്ന് രാജകുമാരിമാരെയും അപഹരിച്ചു. പൊതുവേ സമാധാനവും, ശാന്തിയും നിലനിന്ന കാശിയിലേയ്ക്ക് സ്വയംവരത്തിനെത്തിയ രാജകുമാരന്മാരാരും ഒരു യുദ്ധം അവിടെ പ്രതീക്ഷിച്ചില്ല, തയ്യാറുമായിരുന്നില്ല. എന്നാൽ ആഗതൻ എല്ലാത്തരത്തിലുമുള്ള തയ്യറെടുപ്പോടെയാണ് വന്നത്, അതിനാൽ അയളുടെ അസ്ത്രശസ്ത്രങ്ങളിൽ കരവാളുമായി നിന്നവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, തന്റെ കഴിവിന്റെ പരമാവധി പൊരുതിയെങ്കിലും എന്റെ സാൽവ്വനു ഞാനാകുന്ന കാമുകിയെ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല, ഗംഗാദത്തന്റെ അസ്ത്രങ്ങളിൽ തേരുതകർന്ന് വീണുപോയ സാൽവ്വൻ തലയുയർത്തി കണ്ടത് പായുന്ന രഥത്തിൽ പിടിച്ച് നിറമിഴികളുമായി നിൽക്കുന്ന എന്റെ മുഖം അകലെ മറയുന്നതാവണം.

ഹസ്തിനപുരത്തിൽ അന്ന് വലിയ ആഘോഷമയിരുന്നു, വിചിത്രവീര്യന്റെ വിവാഹാഘോഷങ്ങൾ, സാഹചര്യങ്ങളുമായി ഇണങ്ങിക്കഴിഞ്ഞ എന്റെ സഹോദരിമാർ അംബികയും, അംബാലികയും മുത്തച്ഛി സത്യവതിയുടെ കഥകൾ കേട്ടിരിയ്ക്കുന്നു, കാശിരാജ്യവും ഹസ്തിനപുരിയുമായി കാലാകാലങ്ങളായുള്ള ബാന്ധവകഥകൾ. ഞാൻ മാത്രം ഒറ്റയ്ക്ക്, തന്നെ കൈക്കരുത്ത് കൊണ്ട് സ്വന്തമാക്കിയ ആ പോരാളിയെ കാണണമെന്ന് ശഠിച്ചു നിന്നു. ഒടുവിൽ ദേവവൃതൻ എനിയ്ക്കരികിലെത്തി, തേരിൽ നിന്ന് ആ യുദ്ധപാടവം കണ്ട എനിയ്ക്ക് ആ വീരനോട് ബഹുമാനം തോന്നിയിരുന്നു എങ്കിലും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, മനസ്സിൽ മറ്റൊരാളുമായി ഈ രാജകുമാരന്റെ മഹിഷിയാവാൻ ഞാൻ തയ്യറല്ല. അദ്ദേഹത്തിനും എതിരഭിപ്രായമൊന്നുമുണ്ടായില്ല, എന്നെ സാൽവ്വന്റെ പക്കലെത്താൻ വേണ്ട സൗകര്യമൊരുക്കി നൽകുമ്പൊൾ ഇത്രയുമേ അദ്ദേഹം ചോദിച്ചുള്ളൂ

"അനുജത്തിമാരുടെ വിവാഹത്തിൽ പങ്കെടുത്തനുഗ്രഹിച്ച ശേഷം പൊയ്ക്കൂടേ?"


ഒരു പക്ഷേ ആ വീരനോടുള്ള ആദരവാകാം ഞാനൊന്ന് പകച്ചു, എന്നാൽ ഞാൻ മറുപടിയ്ക്കായി പരതുന്നതിനിടയിൽ, അദ്ദേഹം പുനരാലോചനയിൽ എന്നെ ഉടൻ അയയ്ക്കുന്നതാണ് ശരിയെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു


"മൂത്തവൾ നിൽക്കെ ഇളയവരുടെ വിവാഹം ചിതമല്ലല്ലോ?"


എന്ന് പറഞ്ഞ് പോകാൻ അനുമതി നൽകി.


അംബയായ ഞാൻ സാൽവ്വ സമക്ഷമെത്തി; എന്റെ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല, ഇത്രയും കാലം കൊതിച്ചിരുന്ന ആ ജീവിതം എന്റെ കണ്മുന്നിൽ നിൽക്കുന്നു. എന്നാൽ അത്തവണ ഞാൻ കണ്ടത് മറ്റൊരു സാൽവ്വനെയായിരുന്നു, അംബയുടെ പ്രണയത്തെ എല്ലമറിഞ്ഞിട്ടും തിരസ്ക്കരിച്ച അവനൊന്നേ പറയാനുണ്ടായിരുന്നുള്ളൂ


" നീ മറ്റൊരുവന്റെ വിജയസമ്മാനം, ഞാൻ പരാജയപ്പെട്ടവൻ, ഇപ്പൊൾ നീ അവൻ എനിയ്ക്ക് തരുന്ന ഭിക്ഷ, അത് ശരിയല്ല, നീ അവന്റേതാണ്, നിന്നെ ജയിച്ചവന്റേതാണ്!".


എന്റെ ഉള്ളിലെ കടുത്ത പ്രണയത്താലാകാം ഞാൻ സാൽവ്വനോട് ക്ഷമിച്ചു, അവന്റെ വാദങ്ങൾ അംഗീകരിച്ചു, ഹസ്തിനപുരിയിൽ ഭീഷ്മസമക്ഷത്തിൽ വീണ്ടും എത്തി, ഇത്തവണ എനിയ്ക്ക് നിശ്ചയമുണ്ടായിരുന്നു എനിയ്ക്ക് വേണ്ടതെന്തെന്ന്, എന്റെ മനസ്സിൽ ആരാധന വളർത്തിയ, പാണീഗ്രഹണം ചെയ്ത ആവീരനെ, വിവാഹം കഴിയ്ക്കണമെന്ന ആവശ്യം ശങ്കകൂടാതെ ഞാൻ അറിയിച്ചു. "ഭീഷ്മശപഥത്തിലൂടെ ബ്രഹ്മചാരിയായ ദേവവൃതൻ എങ്ങനെ വിവാഹം കഴിയ്ക്കാനാകും?" എന്ന ചോദ്യം അയിരം കണ്ഠങ്ങളിൽ നിന്നും കാതുകളിൽ മുഴങ്ങവേ, നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന എന്റെ സഹോദരിമാരെ ശ്രദ്ധിയ്ക്കാതെ ഞാൻ ഗംഗയുടെ കരയിലെ വനാന്തരങ്ങളിലേയ്ക്ക് നടന്ന് കയറി. എന്ത് ചെയ്യണം? എന്നറിയാനാവാതെ ഉഴറുന്ന മനസ്സുമായി, കൊഴിഞ്ഞു വീണ ഇലകളുടെ മെത്തയിൽ ഇഴയുന്ന അട്ടകൾക്കും, പുഴുക്കൾക്കും മുകളിലൂടെ നടന്നു നീങ്ങുമ്പോൾ ആത്മാഹൂതിയല്ലതെ മറ്റൊന്നും തന്നെ മുന്നിലുണ്ടായിരുന്നില്ല.


വനാന്തരത്തിൽ കുറേ നടന്നു, ഒടുവിൽ ഒരാശ്രമം കണ്ടു, അവിടെ നിന്നും പുറത്തേയ്ക്ക് വരുകയായിരുന്ന ഒരു ഋഷി എന്നോട് തിരക്കി


"അതിസുന്ദരിയും യൗവ്വനയുക്തയുമായ രാജകുമരി എന്തിനാണ് ഈ വനത്തിൽ അലയുന്നത്?"


കാശിരാജകുമാരി അംബയാണ് ഞാൻ എന്ന് പറഞ്ഞപ്പോൾ "സകലമറിഞ്ഞു ഞാൻ ഭദ്രേ" എന്ന് മറുപടി പറഞ്ഞ ആൾ ഭർഗ്ഗവരാമൻ ആയിരുന്നു. എന്റെ കഥകൾ കൂടുതൽ തിരക്കി അറിഞ്ഞ്, ആശ്വസിപ്പിച്ചു. ശിഷ്യനായ ഭീഷ്മരാണു കഥയുടെ താക്കോൽ എന്നറിഞ്ഞ്, എന്നേയും കൂട്ടി ഭീഷ്മരുടെ അടുക്കലേയ്ക്ക് പുറപ്പെട്ടു, പോകുന്ന വഴി ഭീഷ്മരെ ആയോധനകല അഭ്യസിപ്പിച്ചതും, അയാൾക്ക് തന്നോടുള്ള ഗുരുഭക്തിയുമൊക്കെ വിശദമായി വിവരിച്ച് കേട്ടപ്പോൾ എനിയ്ക്ക് മൂന്നാമതും ഹസ്തിനപുരത്തേയ്ക്ക് കടക്കാൻ സങ്കോചം തോന്നിയില്ല....


ഗുരുശിഷ്യബന്ധത്തിനപ്പുറം, ഗുരുഭക്തിയുടെ നിർവ്വചനങ്ങൾ തർക്കമായപ്പോൾ, പിതാവിനോടുള്ള കടമ നിറഞ്ഞ് നിന്ന ആ മനസ്സിനെ ഗുരുനിന്ദയായി ധരിച്ച ഗുരുവും, ശിഷ്യനും തമ്മിലുള്ള യുദ്ധത്തിൽ യൗവ്വനം വർദ്ധ്യക്യത്തെ തകർത്തെറിയാൻ അധികം നേരം വേണ്ടി വന്നില്ല.


" നീ കണ്ടല്ലോ, എന്നാൽ കഴിവത് ഞാൻ ചെയ്തു, ഇനി എല്ലാം നിന്റെ വിധി"


എന്ന് പറഞ്ഞ്, വിജയിയായ ശിഷ്യൻ ഗുരുവിന്റെ ജാള്യതയകറ്റാൻ കൊടുത്ത സമ്മാനങ്ങൾ പുതിയ ശിഷ്യരുടെ തോളിൽ ചുമന്ന് കാട്ടിൽ മറയുന്ന ആ രക്ഷകനെ നോക്കി ഞാൻ നിന്നു, മൂന്നാമതും പരാജയഭാരം പേറി, പക്ഷേ ഇത്തവണ എന്റെ കണ്ണുകളിൽ കണ്ണുനീരുണ്ടായിരുന്നില്ല, പകരം ക്ഷാത്രവീര്യത്തിന്റെ അഗ്നി ജലിച്ച് തുടങ്ങിയിരുന്നു.


ഇനിയൊരു പരാജയത്തിന് ഈ അംബ തയ്യാറായിരുന്നില്ല. അവിടെ നിന്ന് വീണ്ടും മടങ്ങും മുമ്പേ, മനസ്സിലും മുന്നിലും സൂര്യതേജസ്സിൽ തിളങ്ങി നിൽക്കുന്ന ആ വീരനോടവൾ ശാന്തമായി പറഞ്ഞു


" ആയിരം ശപഥങ്ങളുടേയും വരങ്ങളുടേയും ബലമുണ്ടായാലും ഗംഗാദത്താ അങ്ങയെ വധിയ്ക്കുക എന്നതാണ് ഇനിയെന്റെ ജീവിതലക്ഷ്യം അതിന് എത്ര ജന്മങ്ങൾ ഇനിയും പിറക്കേണ്ടി വന്നാലും, ഞാനത് നേടിയിരിയ്ക്കും, നിങ്ങളുടെ അന്ത്യം എന്റെ കണ്ണാൽ ഞാൻ കാണും"


ഇത്തവണ ആരുടേയും സഹായത്തിനായി ഞാൻ കാത്ത് നിന്നില്ല, ഘോരവനാന്തരത്തിലെ ആ കാനനക്ഷേത്രത്തിനടുത്തായി ശ്രീപരമേശ്വരനെ തപസ് ചെയ്തു തുടങ്ങി. അഹാരം ക്രമേണ കുറച്ച്, പാനീയങ്ങൾ മാത്രമാക്കി, പിന്നെ അതു കുറച്ച്, ഒടുവിൽ വായു മാത്രമായി ഉള്ളിലേയ്ക്കെടുക്കുന്നത്. അങ്ങനെ ദീർഘനാളത്തെ തപസ്സിനൊടുവിൽ മഹാദേവൻ എന്റെ മുന്നിൽ പ്രത്യക്ഷനായി, വരമൊന്നേ ആവശ്യപ്പെട്ടുള്ളൂ, ഭീഷ്മരെ വധിയ്ക്കാൻ കഴിയണം. ദേവൻ അനുഗ്രഹിച്ചു വരവും നല്‍കി മറഞ്ഞു എങ്കിലും ചില നിബന്ധനകള്‍ ഉണ്ടായിരുന്നു ആ വരത്തോടൊപ്പം. ഈ ജന്‍മത്തില്‍ ഭീഷ്മവധം നടക്കില്ല. അടുത്ത ജന്‍മത്തില്‍ ആദ്യം പെണ്ണായി ജനിക്കണം. പിന്നീട് ആണായി മാറും. ആ സമയത്ത് ഭീഷ്മരെ വധിയ്ക്കാം.
മഹാദേവൻ അപ്രത്യക്ഷനായ ഉടനെ ഞാൻ ആലോചിച്ചു. ആര്‍ക്കും വേണ്ടാതെ എന്തിനു ഇങ്ങനെ അലഞ്ഞു നടക്കണം ? ഭീഷ്മവധം നടക്കണമെങ്കില്‍ അടുത്ത ജന്‍മം ഉണ്ടാകണം. എങ്കിൽ അതെന്തിന് വൈകിപ്പിയ്ക്കണം? ഒട്ടും അമാന്തിയ്ക്കതെ ആ ക്ഷേത്രത്തിനരികിൽ ഒരു ചിത എനിയ്ക്കയി ഞാൻ തന്നെയൊരുക്കി, ആ ആളികത്തുന്ന അഗ്നിയിലേയ്ക്ക് പ്രവേശിച്ചപ്പോൾ, ഓരോ അണുവിലും പടരുന്ന അഗ്നിയുടെ കൊടുംചൂടിൽ ഉരുകുമ്പോഴും മനസ്സിലെ തീയ്ക്ക് തന്നെയായിരുന്നു ചൂടു കൂടുതൽ.
ഇതേ സമയം ദ്രുപദരാജാവ് തനിയ്ക്കൊരു കുഞ്ഞില്ലാത്ത വിഷമം തീര്‍ക്കാന്‍ മഹാദേവനെ തപസ്സ് ചെയ്യുകയായിരുന്നു. ശ്രീപരമശിവന്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. രാജാവിന്‍റെ ഭാര്യ ഗര്‍ഭിണി ആയി പ്രസവിക്കും എന്നും അതൊരു പെണ്‍കുട്ടി ആയിരിക്കുമെന്നും പക്ഷേ അതൊരു പുരുഷനായി പിന്നീട് മാറുമെന്നും അദ്ദേഹം അനുഗ്രഹിച്ചു. എന്നിട്ട് കാശിരാജകുമാരി അംബയാണ് ആ കുഞ്ഞായി ജനിക്കുവാന്‍ പോകുന്നതെന്നും അരുൾ ചെയ്തു.

യഥാകാലം ആ കുഞ്ഞു പിറന്നു. ശ്രീശങ്കരൻ പറഞ്ഞതു പോലെ പെണ്‍കുഞ്ഞ്. പക്ഷേ എന്റെ പിതാവായ ദ്രുപദരാജനു ഭയമായി. അംബ പുനര്‍ജ്ജനിച്ച വിവരം ഭീഷ്മര്‍ അറിഞ്ഞാലോ ? ജനിച്ചത് ആണ്‍കുട്ടി ആണെന്നു അച്ഛൻ എല്ലാവരേയും അറിയിച്ചു. രഹസ്യമായി എനിയ്ക്ക് "ശിഖണ്ഡിനി" എന്നു പേരിട്ടുവെങ്കിലും മാതാപിതാക്കൾ എന്നെ ആണ്‍കുട്ടി ആയി വളര്‍ത്തി, അവർ ശിഖണ്ഡി എന്നു വിളിക്കുകയും ചെയ്തു. ആണിനെ പോലെ വളർന്നു വന്ന ഞാൻ പ്രമുഖരായ ഗുരുക്കന്മാരിൽ നിന്നും ആയുധവിദ്യ പഠിപ്പിച്ചു, ഒരു രാജകുമാരനു ആവശ്യമായ എല്ലാ വിദ്യകളിലും പ്രാവീണ്യം നേടി.

കല്യാണപ്രായം ആയപ്പോള്‍ പല നാട്ടു രാജ്യങ്ങളിൽ നിന്നും എനിയ്ക്ക് ആലോചനകൾ എത്തി. കൂട്ടത്തില്‍ ദശാര്‍ണ്ണദേശത്തിലെ രാജാവായ ഹിരണ്യവര്‍ണ്ണനും എത്തിയതോടെ അച്ഛൻ കുഴഞ്ഞു . ഹിരണ്യവര്‍ണ്ണന്‍ ഉറ്റ സുഹൃത്താണെങ്കിലും ദേഷ്യക്കാരന്‍ ആണ്, ശക്തനുമാണ്. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാതെ ഹിരണ്യവര്‍ണ്ണന്‍ കാര്യം വിശ്വസിക്കുകയില്ല. ഭീഷ്മരോടുള്ള ഭയത്താൽ രഹസ്യം പുറത്താക്കാൻ ധൈര്യവും വന്നില്ല. പക്ഷേ അമ്മ അച്ഛനെ ആശ്വസിപ്പിച്ചു. ഈ കുട്ടി ആണാകും എന്നല്ലേ മഹാദേവൻ പറഞ്ഞിരിക്കുന്നത്. പിന്നെന്തിനു നമ്മള്‍ പേടിക്കണം .? മനസ്സില്ലാ മനസ്സോടെ അച്ഛൻ എന്റെ കല്യാണത്തിനു സമ്മതിച്ചു.

പാഞ്ചാല ദേശം ഉത്സവമാക്കി കൊണ്ടാടിയ എന്റെ വിവാഹം അതിഗംഭീരമായിരുന്നു. പക്ഷേ സുന്ദരിയായ ഭാര്യ അടുത്തു വരുമ്പോഴൊക്കെ രാജകുമാരനായ ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു. വിവാഹ ശേഷം ഒന്നു രണ്ടു ദിവസം കഴിഞ്ഞു രാജകുമാരി അടുത്തു കിടന്ന രാജകുമാരനെ കണ്‍കുളിർക്കെ കാണാനായി നോക്കിയപ്പോള്‍ അവളിൽ സംശയം ഊണർന്നു. അടുത്തു കിടന്നുറങ്ങുന്നത് സുന്ദരനായ യുവാവോ അതോ സുന്ദരിയായ യുവതിയോ? ബാഹ്യമായ നിരീക്ഷണങ്ങളില്‍ നിന്നും തന്‍റെ അടുത്തു കിടക്കുന്നത് ഒരു യുവതി ആണെന്നു മനസ്സിലാക്കിയ ദശാര്‍ണ്ണരാജകുമാരി ആകെ തകർന്ന് പോയി. പള്ളിയറ വിട്ടിറങ്ങിയ കുമാരി തന്റെ തോഴിമാരെ വിവരം അറിയിച്ചു. രായ്ക്ക് രാമാനം അവര്‍ പാഞ്ചാലത്ത് നിന്നും ഹിര‍ണ്യവര്‍ണ്ണന്‍റെ കൊട്ടാരത്തിലെത്തി.

തോഴിമാരില്‍ നിന്നും കാര്യങ്ങൾ ഗ്രഹിച്ച ഹിരണ്യവര്‍ണ്ണന്‍ പാഞ്ചാലനരേശനെ ഒരു പാഠം പഠിപ്പിക്കാന്‍ ആയി പടയൊരുക്കം തുടങ്ങി. ആദ്യം വിശദമായി രാജകുമാരനെ പരിശോധിക്കും . കുമാരി പറഞ്ഞത് സത്യമാണെങ്കില്‍ ദ്രുപദനെ രാജ്യത്തോടെ നശിപ്പിച്ചിരിയ്ക്കും എന്ന ദൃഢനിശ്ചയം ചെയ്തു ഹിരണ്യവര്‍ണ്ണന്‍. എങ്കിലും ചിരപുരാതനമായ ബന്ധങ്ങളും, ദ്രുപദനുമായുള്ള സൗഹൃദവും യുദ്ധത്തിനു മുമ്പായി ഒരു അവസാന ശ്രമം വേണമെന്ന മനസ്സാക്ഷി മന്ത്രിച്ചപ്പോൾ, പരിശോധിക്കുവാന്‍ ശിഖണ്ഡിയെ തന്‍റെ കൊട്ടാരത്തിലേയ്ക്ക് അയക്കുക. എന്ന നിർദ്ദേശവുമായി ദൂതരെ അയച്ചു ഹിരണ്യവര്‍ണ്ണൻ.

യുദ്ധഭീഷണിയുമായി ഹിരണ്യവര്‍ണ്ണൻ, വാർത്ത പുറം ലോകം അറിഞ്ഞ് ചെവിയിൽ എത്തുമ്പോൾ ഭീഷ്മർ എന്നിങ്ങനെ രണ്ട് വഴികളിലൂടെ ആഗതമായ നാശത്തിനു മുന്നിൽ മറ്റൊരു മാര്‍ഗ്ഗവും കാണാതെഅച്ഛൻ എന്നെ ആണ്‍ വേഷത്തില്‍ തന്നെ ദശാര്‍ണ്ണത്തേയ്ക്ക് അയച്ചു. പാഞ്ചാലത്തിൽ നിന്ന് ദശാര്‍ണ്ണരാജ്യത്തേയ്ക്ക് പോകുന്ന വഴിയില്‍ ആയിരുന്നു കുബേരന്‍റെ തോട്ടം സ്ഥിതി ചെയ്തിരുന്നത് . ഇതിന്‍റെ കാവല്‍ക്കാരന്‍ പരാക്രമിയായ സ്ഥൂണകര്‍ണ്ണന്‍ എന്ന യക്ഷന്‍ ആയിരുന്നതിനാല്‍ ആരും അവിടേയ്ക്ക് എത്തി നോക്കുക പോലുമില്ലായിരുന്നു. എന്നാൽ ഞാൻ തോട്ടത്തിലെ ആ പൊയ്കയിൽ ഇറങ്ങി; വിധിയുടെ മുന്നിൽ പതറിപ്പോയ എനിയ്ക്ക് ഭീഷ്മവധത്തിനായി എനിയുമൊരു ജന്മമെടുക്കണമെങ്കിൽ, അതിനായി വേഗം യക്ഷന്‍റെ കൈ കൊണ്ട് മരിയ്ക്കാന്‍ ആയിരുന്നു തീരുമാനം. വേഷം കൊണ്ട് പുരുഷനെങ്കിലും കണ്ട ഉടൻ ഞാൻ ഒരു സ്ത്രീയാണ് എന്നു മനസ്സിലാക്കിയ യക്ഷന്‍ ആക്രമിച്ചില്ല, പകരം കാര്യം തിരക്കി. ഞാൻ എന്റെ കഥയൊക്കെ പറഞ്ഞു, ഞാൻ കാരണം ജന്മനാട് തന്നെ നശിക്കുവാന്‍ പോകുന്ന കാര്യമോര്‍ത്ത് യക്ഷന്‍റെ മുന്നില്‍ പൊട്ടിക്കരഞ്ഞു.

യക്ഷന് ശിഖണ്ഡിനിയോട് ദയവ് തോന്നി. ഹിരണ്യവര്‍ണ്ണന്‍റെ പരീക്ഷണത്തില്‍ ജയിക്കുവാന്‍ വേണ്ടി തന്‍റെ പുരുഷത്വം എനിയ്ക്ക് നല്‍കാമെന്നു ഏറ്റു. അങ്ങിനെ ശിഖണ്ഡിനി എന്ന ഞാൻ പുരുഷനായി, ശിഖണ്ഡി ആയി. പകരം എന്‍റെ സ്ത്രീത്വം യക്ഷനും നല്‍കി. ദശാര്‍ണ്ണദേശത്തിലെത്തിയപ്പോള്‍ അവിടുത്തെ ഏറ്റവും പ്രഗത്ഭരായ കാമകലകളില്‍ ഏറ്റവും അറിവും വൈദഗ്ദ്യവും ഉള്ള സ്ത്രീകളെ ആയിരുന്നു എന്നെ പരിശോധിക്കുവാനും പരീക്ഷിക്കുവാനും ഹിരണ്യവര്‍ണ്ണന്‍ ഏര്‍പ്പെടുത്തിയിരുന്നത്. ശിഖണ്ഡിയുടെ കഴിവിനു മുന്നില്‍ അവരൊക്കെ നിഷ്പ്രഭരായി. ശയ്യയിൽ സ്ത്രീയുടെ രൂപത്തിൽ കണ്ട ഭർത്താവ് കരുത്തനായ പുരുഷനെന്ന് തിരിച്ചറിഞ്ഞ രാജകുമാരിയ്ക്കും സന്തോഷമായി.

പിന്നീടങ്ങോട്ട് ദശാര്‍ണ്ണദേശത്തിൽ ഞങ്ങളുടെ മധുവിധുവിന്റെ നാളുകൾ ആയിരുന്നു രജകുമാരിയോടൊത്ത് കുറച്ചു നാള്‍ അവിടെ കഴിയുന്നതിനിടയിൽ കുമാരി ഗര്‍ഭിണിയും ആയി. എനിയ്ക്ക് ഒരു അനന്തിരാവകാശി പിറന്നിരിയ്ക്കുന്നു, ഇനിയെങ്കിലും യക്ഷന്‍റെ പുരുഷത്വം തിരിച്ചു കൊടുക്കാം എന്നു കരുതി സ്ഥൂണകര്‍ണ്ണന്‍റെ തോട്ടത്തിലെത്തിയപ്പോള്‍ അവിടെ ഞാൻ കണ്ടത് മറ്റൊരു കാഴ്ചയാണ്. സ്ത്രീയായി മാറിയ സ്ഥൂണകര്‍ണ്ണന്‍ അപ്പോഴേയ്ക്കും ഗര്‍ഭിണിയായിരുന്നു. സുന്ദരിയായ സ്ഥൂണകർണ്ണിയുടെ രൂപത്തില്‍ സ്ഥൂണകര്‍ണ്ണന്‍ നടക്കുമ്പോള്‍ മറ്റൊരു യക്ഷന്‍ ആ പൊയ്കയിൽ നീരാടനെത്തി. പൊയ്കയുടെ സംരക്ഷണത്തിനെത്തിയ സ്ഥൂണകർണ്ണിയ്ക്കും യക്ഷനും അന്യോന്യം ഇഷ്ടമായി; അതു സ്ഥൂണകർണ്ണിയുടെ ഗര്‍ഭത്തിലും കലാശിച്ചു.

അവർ രണ്ടാളും അങ്ങനെ പ്രണയകേളികളാടി വിഹരിയ്ക്കുന്ന സമയത്താണ് കുബേരന്‍ തോട്ടം പരിശോധിക്കുവാന്‍ വരുന്നത്. സ്ത്രീയും, ഗർഭിണിയുമായ സ്ഥൂണകര്‍ണ്ണയക്ഷന്‍ കുബേരന്‍റെ മുന്നില്‍ എത്താൻ വഴിയില്ലാതെ ഒളിച്ചു. ദേഷ്യം വന്ന കുബേരന്‍ യക്ഷനെ ഇല്ലാതാക്കുവാന്‍ ആയുധം എടുത്തപ്പോള്‍ സ്ഥൂണകർണ്ണി പുറത്തു വന്നു. കാര്യം മുഴുവന്‍ മനസ്സിലാക്കിയ കുബേരന്‍ ഇനി മുതല്‍ നീ പെണ്ണും ശിഖണ്ഡിനി ആണും ആയി തന്നെ ഇരിക്കട്ടെ എന്നു ശപിച്ചു. മാപ്പപേക്ഷിച്ച സ്ഥൂണകർണ്ണിയോട് ശിഖണ്ഡിയുടെ മരണശേഷം സ്ഥൂണകർണ്ണയക്ഷനു പുരുഷത്വം തിരിച്ചു കിട്ടുമെന്ന ഇളവും നൽകി.

വിധിയാൽ വന്ന സ്ത്രീത്വത്തെയും, പ്രണയത്തേയും, ദാമ്പത്യത്തേയും ആസ്വദിച്ചു തുടങ്ങിയ സ്ഥൂണകർണ്ണിയ്ക്ക് കാര്യമായ ദു:ഖം കുബ്ബേരശാപത്തിൽ ഉണ്ടായതായി കണ്ടില്ല; എന്ന് മാത്രമല്ല ശരീരത്തിലെ ഒരവയവത്തിൽ മാത്രം ഇടയ്ക്കിടെ പൂക്കുന്ന രതിപുളകങ്ങളേക്കാൾ ഓരോ അണുവിലും അനുനിമിഷം ഒരായിരം പൂക്കൾ വിടർന്ന് പുളകം നിറയ്ക്കുന്ന സ്ത്രൈണ്യഭാവത്തെ അത്ര പെട്ടെന്ന് വെടിയാൻ മനസ്സും ഉണ്ടായിരുന്നില്ല. ദ്വിവിധയിലും, കുറ്റബോധത്തിലും നിന്ന എന്നെ ആശ്വസിപ്പിച്ച് പാഞ്ചാലത്തേയ്ക്ക് മടങ്ങാൻ നിർബന്ധിച്ചു ആ യക്ഷ ദമ്പതികൾ.

സ്ഥിരമായി കിട്ടിയ ആ പുരുഷത്വം പരമാവധി തേച്ച് മുനുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. അറിവും, ആയോധനവും, ആയുധങ്ങളും പരമാവധി നേടുക എന്ന ചിന്തയായി മനസ്സിൽ. അന്നു മുതല്‍ ഞാൻ സഞ്ചരിക്കാത്ത രാജ്യമില്ല. നേരിടാത്ത യോദ്ധാക്കളില്ല. പഠിക്കാത്ത വിദ്യകളില്ല. നേടാത്ത ദിവ്യായുധങ്ങളില്ല. പിതാവിന്റെ ബദ്ധശത്രുവായ ദ്രോണാചാര്യരില്‍ നിന്നുവരെ ധനുര്‍ വിദ്യ അഭ്യസിച്ചു.

60000 യോദ്ധാക്കളെ ഒറ്റയ്ക്ക് നേരിടുന്നവരെ അഥിരഥന്‍ എന്നു വിളിക്കും . അഥിരഥികളെ വെല്ലുന്നവരാണ് മഹാരഥികള്‍. മഹാരാജാവ് ധൃതരാഷ്ട്രരുടെ കണ്ണുകളായി ഭാരതയുദ്ധം കണ്ട സഞ്ജയൻ എന്റെ യുദ്ധനിപുണതയും, ധീരതയും വാഴ്ത്തി വിവരിച്ചുവത്രേ, അദ്ദേഹത്തിനു നന്ദി. കൃഷ്ണദ്വൈപായനൻ വൈശമ്പായനനും, ജമനിയ്ക്കും, പൈലനും, സൂതനും പകർന്ന മഹാഭാരതകഥയിലെ ഉദ്യോഗപര്‍വ്വത്തില്‍ എന്നെ മഹാരഥിയായി എണ്ണിയതിന് അദ്ദേഹത്തിനും നന്ദി.

ഭാരത യുദ്ധത്തില്‍ ഹൃത്വികന്‍റെ മകനുമായി നടന്ന യുദ്ധം ഞാനോർക്കുന്നു, എന്റെ അസ്ത്രവിദ്യയിൽ സംശയിച്ചവർ നോക്കി നിൽക്കെ ഒരു അമ്പ് എന്റെ ദേഹത്ത് തറച്ചു കയറി. ആ അസ്ത്രം ഊരിയെടുക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ എന്റെ വേദന കണ്ട് അയാള്‍ എന്നെ നോക്കി ഊറിച്ചിരിയ്ക്കുന്നത് ദൃഷ്ടിയിൽപ്പെട്ടു. നിമിഷനേരം കൊണ്ട് തൊണ്ണൂറ് അമ്പുകള്‍ എതിരാളിയുടെ ശരീരത്തില്‍ തറച്ചു കയറ്റി എന്റെ ഉണർന്ന കോപം, ചുറ്റും ഘോഷങ്ങൾ ഉയർത്തുന്ന കരങ്ങളിൽ കൃഷ്ണനേയും, അർജ്ജുനനേയും, ഭീമനേയും തിരിച്ചറിഞ്ഞ എനിയ്ക്ക് പിന്നീട് അസ്ത്രവിദ്യയിൽ ചോദ്യശരങ്ങളെ നേരിടേണ്ടി വന്നില്ല, മാഹാരഥിയെന്നെല്ലാവരും വണങ്ങിയ പിന്നീടുള്ള പ്രകടനങ്ങൾ, അർജ്ജുനനും കർണ്ണനും തുല്യനായ ദ്രോണപുത്രൻ അശ്വത്ഥാമാവിനെ പതിനെട്ട് ദിവസവും പാണ്ഡവപക്ഷത്ത് വലിയ നാശങ്ങൾ സൃഷ്ടിയ്ക്കുന്നതിൽ നിന്ന് തടയാൻ എനിയ്ക്ക് കഴിഞ്ഞതും എന്റെ ദേശാടനങ്ങളുടെ കരുത്തിലായിരുന്നു.

ഇനി എന്റെ ജീവിതസരാംശമായ ഭീഷ്മവധത്തെപ്പറ്റി ഞാൻ പറയാം...

അന്ന് യുദ്ധത്തിന്റെ 10ആം ദിവസം ആയിരുന്നു. ഭീഷ്മരെ അന്ന് വധിയ്ക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു, തലേ ദിവസ്സം രാത്രി യുധിഷ്ഠിരൻ വയോധികനായ ഭീഷ്മരെ വധിയ്ക്കാൻ കഴിയാത്ത പാണ്ഡവമഹാരഥികളുടെ കഴിവ് കേടിനെ അതിനിശിതമായി വിമർശ്ശിച്ചതും തുടർന്നുണ്ടായ പാളയത്തിലെ പടയും ആ അതീരുമാനത്തിനാക്കം കൂട്ടി. തീഷ്ണമായ യുദ്ധമാണ് വയോധികനായ ഭീഷ്മർ 9 ദിവസ്സത്തിനു ശേഷവും നടത്തിയിരുന്നത്, ഭയവിഹ്വലരായ പാണ്ഡവസേനയ്ക്കും, ഭീഷ്മർക്കുമിടയിലേയ്ക്ക് എന്റെ രഥം സാരഥി കൊണ്ട് നിർത്തി. മുങ്കൂർ നിശ്ചയിച്ച പ്രകാരം തൊട്ടുപിന്നിൽ യാദവനായ കൃഷ്ണൻ തെളിയ്ക്കുന്ന അർജ്ജുനന്റെ രഥവും നിലകൊണ്ടു.

ഞാൻ അസ്ത്രമെയ്ത് തുടങ്ങിയതും

"നീ സ്ത്രീയായി പിറന്നവൾ, നിന്നോട് യുദ്ധത്തിന് ഞാൻ തയ്യാറല്ല"

എന്ന് പറഞ്ഞ് സാരഥിയോട് രഥം മറ്റൊരു ദിശയിലേയ്ക്ക് തെളിയ്ക്കുവാൻ ഭീഷ്മർ ആവശ്യപ്പെട്ടു. അപമാനിതനായ ഞാൻ പ്രതികാരദാഹത്തിൽ ജ്വലിച്ചു, എന്റെ തേരും ഭീഷ്മരഥത്തിന്റെ ദിശയ്ക്ക് എതിരായി അതിനെ തടഞ്ഞ് നിർത്തിയപ്പോൾ പിന്നിൽ നിന്നും അർജ്ജുനനും, കൃഷ്ണനും പിന്തിരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. മറ്റ് സൈന്യത്തെ ആക്രമിയ്ക്കാൻ വേണ്ടും ആയുധമേന്തി നിന്ന ഭീഷ്മരുടെ മാറിടത്തിൽ മൂന്നും, ഭുജങ്ങളിൽ രണ്ടും അസ്ത്രങ്ങൾ ആഴത്തിൽ എയ്ത് തറയ്ക്കാൻ എനിയ്ക്ക് സാധിച്ചു. അസ്തപ്രജ്‌ഞനായി ഭീഷ്മർ നിന്നടിയുലഞ്ഞു, പിന്നെ നിലംപതിച്ചു, ഇദ്ദേഹത്തിന്റെ അന്ത്യമോ ഇത്? അതോ സ്വച്ഛന്തമൃത്യു കഥ സത്യമായിരിയ്ക്കുമോ? എന്ന ചിന്തയിൽ മുഴുകി ഞാൻ ആ മഹരഥന്റെ പതനം നോക്കി നിന്നു. ജന്മസാഫല്യം നേറ്റിയ നിമിഷം, ആ സംതൃപ്തിയ്ക്കിടയിലും, നെഞ്ചിൽ നിന്നൊരു വലിയ ഭാരമിറങ്ങിപ്പോയ ശൂന്യതയിലേയ്ക്ക് ആ വയോധനന്റെ ക്ഷാത്രവീര്യത്തിൽ അംബയായി ആദ്യം കണ്ടപ്പോൾ തുടങ്ങിയ ആരാധനയുടെ ഒരു ചെറിയ നൊമ്പരം കടന്നു വന്നുവോ?

ഒരു മാത്രയിൽ ഞാൻ മറ്റൊരു മഹാദ്ഭുതം കണ്ടു. ആടിയുലഞ്ഞ ഭീഷ്മർ നിലം പതിയ്ക്കുന്നതിനിടയിലുള്ള മാത്രയിൽ രഥവേഗത്തിൽ വിദഗ്ദ്ധനായ പാർത്ഥസാരഥി തന്റെ രഥം അതി വേഗത്തിൽ ചുറ്റി വളച്ച് ഭീഷ്മർക്ക് പിന്നിലെത്തുകയും, അർജ്ജുനന്റെ ധനുസ്സിൽ നിന്നും ഒരയിരം അസ്ത്രങ്ങൾ പുറപ്പെട്ട് ഭീഷ്മരുടെ പുറകുവശം മുഴുവൻ ആ അസ്ത്രങ്ങൾ തറച്ച് കയറി. നിലത്ത് വീഴുമ്പോൾ ആ അസ്ത്രങ്ങളാൽ തീർത്ത ഒരു ശയ്യയിൽ വീണത് പോലെ ആയിരുന്നു ഭീഷ്മരുടെ ശയനം. ശിഖണ്ഡിയാൽ വധിയ്ക്കപ്പെട്ടു എന്ന പേരുദോഷത്തിൽ നിന്നും രക്ഷിയ്ക്കാനാണോ? അർജ്ജുനന്റെ വീരഗാഥകളിൽ കോട്ടം തട്ടാതിരിയ്ക്കാനോ? പാഞ്ചാലത്തിന്റെ മുന്നിൽ ഹസ്തിനപുരത്തിന്റെ ധ്വജം ഉയർന്ന് നിൽക്കാനോ? എന്തിനെന്നറിയില്ല കൃഷ്ണൻ അർജ്ജുനനെ ഉപയോഗിച്ച് മരിച്ച് വീണവന്റെ പിന്നാമ്പുറത്ത് അസ്ത്രത്തിൽ അഭിഷേകം ചെയ്തത്. ഏതായാലും അതിനു ശേഷം കൃഷ്ണനു എന്നോട് അത്രയ്ക്ക് പഥ്യമായിരുന്നില്ല, അതെന്റെയും യുദ്ധത്തിന്റേയും അവസാനത്തെ നാൾ വരേയും തുടർന്നു.

എനിയ്ക്ക് ദശാര്‍ണ്ണദേശത്തിലെ മധുവിധുവിൽ പിറന്ന ആ കുമാരനെ നിങ്ങളറിയും, അതിവീരനായിരുന്ന ക്ഷാത്രദേവന്‍. ഭാരത യുദ്ധത്തിൽ മഹാരഥിയായ ദ്രോണനും ദുര്യോധനന്‍റെ മകന്‍ ലക്ഷ്മണകുമാരനും, മറ്റ് വീരന്മാരും ഒന്നു ചേര്‍ന്നാണ് എന്നിലും വീരനായ ക്ഷാത്രദേവനെ വധിച്ചത്, അതും ആ സംഘത്തിന്റെ ആക്രമണത്തിനു മുമ്പായി ഭഗദത്തന്‍ ക്ഷാത്രദേവന്‍റെ വലതു കൈ അമ്പയച്ചു തകര്‍ത്തതിനാൽ. അങ്ങനെ ഒരു വീരപുത്രന്റെ പിതാവായ എന്നെ നിങ്ങൾ നപുംസകമായി ചിത്രീകരിയ്ക്കുന്നത് ഉചിതമോ?

ശ്രീകൃഷ്ണൻ പഞ്ചപാണ്ഡവരെ കൂട്ടി ആ നദിയുടെ താഴ്ന്ന ഇടങ്ങളിലേയ്ക്ക് മടന്ന് മറഞ്ഞ രാത്രിയിൽ, പതിനെട്ട് ദിവസത്തെ യുദ്ധത്തിന്റെ ക്ഷീണത്തിൽ, മഹാരണത്തിന്റെ വിജയത്തിന്റെ ഉന്മാദത്തിൽ പടകുടീരത്തിൽ എല്ലാം മറന്നുറങ്ങവേ, വലിയ കോലാഹലങ്ങൾ കേട്ട് കഷ്ടപ്പെട്ട് തുറന്ന കണ്ണുകളിൽ ഒരു പന്തത്തിന്റെ വെളിച്ചം വീണു, ഒരു കരവാളിന്റെ തിളക്കം കൊള്ളിയാൻ പോലെ കണ്ടു, അതിനു പിന്നിലൊരു മുഖവും, രക്തത്തിൽ കുളിച്ച പൈശാചികമായ അശ്വത്ഥാമാവിന്റെ മുഖം... ശരീരത്തിൽ ആഴത്തിൽ മുറിവേൽക്കുന്നതറിഞ്ഞു. തെറിയ്ക്കുന്ന എന്റെ രക്തത്തിൽ കുളിച്ച ആ പന്തം അണയുമ്പോൾ, മുഴങ്ങിയ പൈശാചികമായ അലർച്ചയാണ് എന്റെ അവസാനത്തെ ഓർമ്മ...

Tuesday, October 17, 2017

യാദവനിഷാദം

സൗബലന്‍ രാത്രിയുടെ ആ അന്ത്യയാമത്തിലും ഉറങ്ങാനാവാതെ തന്റെ പടകുടീരത്തിൽ ഉലാത്തിക്കൊണ്ടേയിരുന്നു. കുരുക്ഷേത്രഭൂമി ആ മഹാരണത്തിനായി കാത്ത് നിൽക്കുന്നത് തുറന്ന് കിടക്കുന്ന ജാലകത്തിലൂടെ വീക്ഷിച്ച അയാൾക്ക് ഒരു നിർവ്വികാരത ആണ് അനുഭവപ്പെട്ടത്. വിജയത്തെക്കുറിച്ചുള്ള അഭിനിവേശമോ പരാജയഭീതിയോ ആ മനസ്സിൽ വ്യക്തമായി തെളിഞ്ഞില്ല, ഒരേ ഒരു ചോദ്യം, ഉറക്കം കെടുത്തിയ ചോദ്യം, രാത്രി ഏറെ വൈകി ചാരന്മാർ കൊണ്ടുവന്ന ആ വാർത്ത മാത്രം മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.

ഒരു മഹായുദ്ധത്തിന് തയ്യാറടുപ്പ് നടക്കുന്നതിനിടയിൽ നിന്ന് എന്തിനാണ് ആ യാദവൻ നിഷാദനായ ഏകലവ്യനെ തിരക്കി വനരാജ്യത്തേയ്ക്ക് പോയത്? രണ്ട് നാളുകൾക്കകലെ ആരംഭിയ്ക്കുന്ന ആ മഹഭാരത യുദ്ധത്തിന്റെ ഒരു കോണിൽ ശ്രദ്ധിയ്ക്കപ്പെടാത്ത പോകേണ്ട വ്യക്തിത്വമാണോ ഏകലവ്യന്റേത്? അതോ അതിനപ്പുറം ആ മഹാസൂത്രധാരനെ, തന്റെ എതിരാളിയെ, കൃഷ്ണനെ ആകർഷിച്ച എന്തെങ്കിലും അവനിൽ ഉണ്ടോ?

വനരാജ്യത്തേയ്ക്ക് പോയ ചാരന്മാർ മടങ്ങി വന്ന് കൃഷ്ണന്റെ ഉദ്ദേശം എന്തെന്ന് അറിയുന്നത് വരെ മനസമാധാനം ഉണ്ടാവുകയില്ല. ഏകലവ്യൻ പടകുടീരത്തിൽ ആദ്യം മുതലേ എത്തി പാളയനിർമ്മാണത്തിന്റെ മേൽനോട്ടം വഹിയ്ക്കാമെന്ന് അറിയിച്ചതായിരുന്നു, യുവാവായ പാണ്ഡവ സൈന്യാധിപൻ ധൃഷ്ഠിധ്വിമ്നൻ ചുറുചുറുക്കോടെ ഓടി നടന്ന് എല്ലത്തിനും മേൽനോട്ടം വഹിയ്ക്കുമ്പോൾ കൗവരവപക്ഷത്ത് വൃദ്ധന്മാർ ആലസ്യത്തിൽ ചടഞ്ഞിരിയ്ക്കുന്ന കാഴ്ച്ചയിൽ മനം നൊന്ത് പലവട്ടം അവനെ വിളിച്ച് വരുത്താൻ ആലോചിച്ചതുമാണ്. എങ്കിലും തന്റെ പ്രധാന കരുവിനെ അവസാനനിമിഷം വരെ മറവിൽ നിർത്താൻ ആയിരുന്നു താൻ മെനഞ്ഞ യുദ്ധതന്ത്രം, അതെങ്ങനെ ആ യാദവൻ മനസ്സിലാക്കി, എല്ലവരും പറയുന്നത് പോലെ അവന് മറ്റുള്ളവരുടെ മനസ്സ് വായിയ്ക്കാനുള്ള കഴിവുണ്ടാകുമോ?

സുയോധനന്റെ പ്രധാനബലം ആയിരുന്ന കർണ്ണനെ അവൻ ദുർബ്ബലനാക്കിയത് ചാരന്മാരിൽ നിന്നും മനസ്സിലാക്കിയ നിമിഷം ആണ് ആദ്യമായി ഈ യുദ്ധത്തിന്റെ പരിണാമത്തെ പറ്റി ഒരു ദുർച്ചിന്ത മനസ്സിൽ വന്നത്, അതുവരെ വിജയത്തെപ്പറ്റി മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ഭീഷ്മരും, ദ്രോണരും, ശല്യരും, കൗരവരും, ഏകലവ്യനും, ഒറ്റയ്ക്ക് ഭാരതഖണ്ഡം ജയിച്ച കർണ്ണനും, യാദവ അക്ഷൗണിപ്പടകളും അണിനിരക്കുമ്പോൾ കൗരവ വിജയത്തിന് എത്ര ദിവസം?  നാലോ അഞ്ചോ എന്നതായിരുന്നു ചിന്ത.

എന്നാൽ ഇന്ദ്രപ്രസ്ഥത്തിലെ രാജമാതാവ് കുന്തി കർണ്ണനെ കാണാൻ പോയതും, അവനിൽ നിന്നും അർജ്ജുനനൊഴികെ മക്കളിൽ ആരേയും വധിയ്ക്കില്ല എന്ന ശപഥം ചെയ്ത് വാങ്ങിയെന്നും, കർണ്ണൻ ജേഷ്ഠപാണ്ഡവൻ ആണെന്നും ഈ വിവരം കർണ്ണനോട് ആദ്യം പറഞ്ഞത് കൃഷ്ണൻ ആണെന്നും ഉള്ള വിവരം ചാരന്മാർ കൊണ്ട് വന്നത് 3 ദിവസങ്ങൾക്ക് മുമ്പാണ്, കൗരവപക്ഷത്തെ വീര്യം തകരാതിരിയ്ക്കുവാൻ ഈ വിവരം രഹസ്യമായി വച്ചു, ആകെ അറിയിച്ചത് സുയോധനനോട് മാത്രം "കർണ്ണൻ ചതിയ്ക്കില്ല" എന്ന രണ്ട് വാക്കിൽ അവന്റെ വിശ്വാസം നിറഞ്ഞ് നിന്നു.

ആ യാദവൻ അവന്റെ പ്രതിജ്ഞ പോലെ തന്നെ ആയുധമെടുക്കാതെ എങ്കിലും കൗരവപക്ഷത്തെ ഓരോരുത്തരെ ആയി തകർത്തെറിയുകയാണോ? ചാരന്മാരിൽ നിന്നും ശ്രവിച്ച, കർണ്ണനെ മാനസ്സികമായി തകർത്ത ആ കഥ അയാളോർത്തെടുക്കാൻ ശ്രമിച്ചു.

മനസ്സിൽ പാണ്ഡവപക്ഷപാതവും പേറി, കടമയുടെയും ഔദാര്യങ്ങളുടേയും ബന്ധനത്തിൽ മനസ്സില്ലാ മനസ്സോടെ യുദ്ധം ചെയ്യുന്ന ഭീഷ്മരും, ദ്രോണരും, കൃപരുമൊന്നും പാണ്ഡവസേനയ്ക്ക് ഒരു ഭീഷണിയേ അല്ലെന്ന് കൃഷ്ണന് നന്നായി അറിയാമായിരുന്നു. ആകെ ഒരു ഭീഷണിയായി നിന്നത് വസുസേനൻ മാത്രമായിരുന്നു, അദ്ദേഹത്തെ ദൂതിനെത്തി മടങ്ങുമ്പോൾ തന്നെ കൃഷ്ണൻ വരുതിയിലാക്കി മനോബലം നശിപ്പിച്ചു കഴിഞ്ഞിരുന്നു. ഹസ്തിനപുരിയിൽ പാണ്ഡവരുടെ ദൂതുമായെത്തി, തന്നെ ബന്ധിയ്ക്കാൻ ശ്രമിച്ചവരെ നിലമ്പരിശാക്കി പുറത്തിറങ്ങിയ കൃഷ്ണൻ നേരേ നടന്നെത്തിയത് കർണ്ണന്റെ സമീപത്തേയ്ക്കായിരുന്നു. കൂപ്പിയ ആ കൈകളിൽ പിടിച്ച കൃഷ്ണൻ, പിടി വിടാതെ കർണ്ണനെ തന്റെ തേരിലേയ്ക്ക് നയിച്ചു. തേര് ഗംഗയുടെ തീരത്ത് കൂടി മെല്ലെ നീങ്ങവേ, കൃഷ്ണൻ കർണ്ണനോട് പറഞ്ഞു 

"കർണ്ണാ, വരാനിരിയ്ക്കുന്നത് മഹാദുരന്തമാണ്, രാജ്യങ്ങളും, രാജാക്കന്മാരും, പ്രജകളും മുച്ചൂടും മുടിയുന്ന മഹായുദ്ധം മുന്നിൽ നിൽക്കുന്നു. അങ്ങ് കണ്ടതാണല്ലോ ഞാൻ അത് തടയാൻ എന്നാൽ കഴിയാവുന്നതെല്ലാം ചെയ്തെന്ന്. ഇനി ഒരാൾക്ക് മാത്രമേ അത് തടയാനാവൂ"

കർണ്ണൻ അമ്പരപ്പോടെ ചോദിച്ചു

"മഹാപ്രഭോ, അവിടുത്തേയ്ക്ക് കഴിയാതിരുന്നത്, മറ്റാർക്കാണ് കഴിയുക?"

കൃഷ്ണൻ കർണ്ണന്റെ കണ്ണുകളിൽ തന്നെ നോക്കി പറഞ്ഞു

"കർണ്ണാ ആ ആൾ നീയാണ്, കൗന്തേയനായ നീ, കന്തീദേവിയുടെ ആദ്യപുത്രനായ നിനക്ക് മാത്രമേ ഇനി യുദ്ധം ഒഴിവാക്കാനാവൂ"

ഞെട്ടിത്തരിച്ച തേരാളി സുമന്ത്രരുടെ കയ്യിൽ നിന്നും ചമ്മട്ടി തഴെ വീണു. രഥം മെല്ലെ നിന്നു.

സ്വന്തം പ്രജ്ഞ നിലച്ചുപോയ കർണ്ണന്റെ കയ്യിൽ പിടിച്ച്  ഗംഗയുടെ മണൽത്തിട്ടയിലേയ്ക്ക് നയിച്ച കൃഷ്ണൻ  കുറച്ച് താഴേയ്ക്ക് ചെന്നപ്പോൾ അവിടെ മണലിൽ ഇരുന്ന് കർണ്ണനു അവന്റെ ജനനരഹസ്യം വെളിപ്പെടുത്തിക്കൊടുത്തു. ഒടുവിൽ ഇങ്ങനെ പറഞ്ഞ് നിർത്തി

" കർണ്ണാ, എന്റെ പിതൃസഹോദരിയുടെ ജേഷ്ഠപുത്രൻ നീയാണ്, അങ്ങനെ നോക്കുമ്പോൾ എന്റെ ഏറ്റവും അടുത്ത ബന്ധു, നീ എന്നോടൊപ്പം ഇപ്പോൾ തന്നെ വരുമെങ്കിൽ, നിന്നെ ഞാൻ നിന്റെ സഹോദർന്മാരുടെ അടുക്കൽ എത്തിയ്ക്കാം, അവിടെ ദ്രൗപതി നിന്റെ പട്ടമഹിഷിയാവും, യുധിഷ്ഠിരൻ നിനക്ക് യുവരാജാവാകും, ഭീമനും, അർജ്ജുനനും നിനക്ക് പാദസേവ ചെയ്യും, നീയാകും ഇന്ദ്രപ്രസ്ഥത്തിനും ഹസ്തിനപുരിയ്ക്കും അധിപൻ. നീ ആണ് രാജാവാകുന്നതെങ്കിൽ നിന്റെ സുഹൃത്ത് ദുര്യോധനനും എതിർക്കില്ല, ഈ യുദ്ധം ഒഴിവാകും കർണ്ണാ.."

ഏതായാലും സുയോധനനോടുള്ള കടപ്പാടിനാൽ കർണ്ണനതിനു തയ്യറായില്ല, എങ്കിലും  ആ ഒരു കൂടിക്കാഴ്ച്ചയിലൂടെ പാണ്ഡവരോടുള്ള കർണ്ണന്റെ കാഴ്ച്ചപ്പാടേ മാറിപ്പോയി ! കർണ്ണനാ കഥ പിന്നീട് ഒരു വട്ടം കൂടി കേട്ടു മാതാവിൽ നിന്നും. ബാക്കിയുള്ള ധൈര്യം കൂടി അവസാനിപ്പിച്ച യുദ്ധത്തിനു തൊട്ട് മുമ്പുണ്ടായ മാതാവുമായുള്ള ആ കൂടിക്കാഴ്ച്ചയും കൃഷ്‌ണന്റെ തന്ത്രം തന്നെയായിരുന്നു, അർജ്ജുനനൊഴികെ ആരേയും വധിയ്ക്കില്ല എന്ന വാഗ്ദാനവും കൂടി ആയപ്പോൾ സുയോധനൻ ആരെ ഏറ്റവുമധികം വിശ്വസിച്ച് ആ മഹാരണത്തിനിറങ്ങിയോ ആ കർണ്ണൻ ഭീഷ്മരുടെ ഭാഷയിലെ അർത്ഥരഥി പോലുമല്ലാതായിക്കഴിഞ്ഞിരുന്നു.
കൗരവവിജയത്തിന് താൻ സംഭരിച്ച് വച്ച ഏറ്റവും പ്രധാനപ്പെട്ട കരുവായിരുന്നു ആന്ന് കൃഷ്ണനാൽ വീര്യം തകർക്കപ്പെട്ട് ഇല്ലാതായത്. ഇനി അവശേഷിയ്ക്കുന്ന ഏറ്റവും മാരകവും ശക്തവുമായ ആയുധമാണ് ഏകലവ്യൻ അവനെയും ആ യാദവൻ രക്തബന്ധങ്ങളുടെ കഥയും സാമ്രാജ്യ വാഗ്ദാനങ്ങളും നൽകി അസ്തപ്രജ്ഞൻ ആക്കുമോ? 

ആരാണീ ഏകലവ്യൻ, രണ്ട് വിധത്തിൽ പരാമർശ്ശിയ്ക്കപ്പെടുന്നു. അതിലേതാണ് ശരി? ഒരിയ്ക്കൽ കൂടി ആ വഴിത്താരയിലൂടെ മനസ്സിനെ നയിച്ചു.

വനരാജ്യത്തിലെ ഹിരണ്യധനുസ്സ് എന്ന രാജാവിന്റെ മകനാണ് ഏകലവ്യൻ, അങ്ങനെയാണെങ്കിൽ അമ്മയുടെ  ശ്രദ്ധ ആണ്. 

ആദ്യത്തേതിൽ കൃഷ്ണന്റെ സ്വന്തം ആണ് , രണ്ടാമത്തേതിൽ ബന്ധുവും.

കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരൻ ദേവശ്രവന് കാനനകന്യകയിൽ പിറന്ന മകനാണെന്നും, രാജാവായ ഹിരണ്യധനുസ്സ് ദത്തെടുത്ത വളർത്തി എന്നുമാണ് കഥ; അപ്പോൾ കൃഷ്ണന്റെ സഹോദരൻ തന്നെ!

രണ്ടാമത്തേത് ഹിരണ്യധനുസ്സിനും ശ്രുതികീർത്തിയ്ക്കും പിറന്ന മകനാണെന്ന്; അങ്ങനെയാണെങ്കിൽ പിന്നീട് ശ്രുതികീർത്തിയെ ഭീഷ്മകൻ വിവാഹം കഴിച്ചുവെന്നും അതിൽ രുഗ്മിണി ജനിച്ചുവെന്നും കരുതണം. അപ്പോൾ ഭീഷ്മകന് ആദ്യഭാര്യയിൽ രുഗ്മി ഉൾപ്പടെ 5 പുത്രന്മാർ പിറന്നു. രണ്ടാമത്തെ ഭാര്യയിൽ രുഗ്മിണിയും. അതായത് രുഗ്മിയെക്കാൾ രുഗ്മിണിയുടെ ഒരേ ഉദരത്തിൽ പിറന്ന സഹോദരൻ ഏകലവ്യൻ ആണ്. രുഗ്മിണിയെ കൃഷ്ണൻ വിവാഹം കഴിച്ചു, അതിനാൽ തന്നെ കൃഷ്ണന്റെ അളിയൻ ആണ് ഏകലവ്യൻ! അർജ്ജുനനും ഏകലവ്യനും കൃഷ്ണന്റെ അളിയന്മാരാണെന്ന് ചുരുക്കം, ഒരാൾ സഹോദരിയുടെ ഭർത്താവും, മറ്റയാൾ ഭാര്യയുടെ സഹോദരനും.

ഈ രണ്ട് ധാരയും മനസ്സിൽ ഒന്നിപ്പിച്ചു ആ ഗാന്ധാരരാജകുമാരൻ, അപ്പോൾ തെളിഞ്ഞത് മറ്റൊന്നായിരുന്നു....

ആദ്യം ഹിരണ്യധനുസ്സ് ഏകലവ്യന്റെ വളർത്തച്ഛൻ മാത്രമാണെന്ന് കരുതി, അദ്ദേഹത്തെ മാറ്റി...

ഇനി ബാക്കിയുള്ള സമവാക്യം ലളിതമാണ്..

കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരൻ ദേവശ്രവന് ഹിരണ്യധനുസ്സിന്റെ സഹോദരിയും കാനനരാജകുമാരിയുമായ ശ്രുതികീർത്തിയിൽ പിറന്ന മകനാണ് ഏകലവ്യൻ. യാദവൻ കടന്നു കളഞ്ഞപ്പോൾ സഹോദരീ പുത്രനെ ഹിരണ്യധനുസ്സ് സ്വന്തം മകനായി വളർത്തി, അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധ അവന് മാതാവായി. പിന്നീട് ശ്രുതികീർത്തിയെ ഭീഷ്മകൻ വിവാഹം കഴിച്ചു, അവർക്ക് രുഗ്മിണി ജനിച്ചു, അവളെ കൃഷ്ണൻ വിവാഹപ്പന്തലിൽ നിന്നും കടത്തിക്കൊണ്ട് പോയി വിവാഹം കഴിച്ചു. 

കൃഷ്ണൻ വിഷ്ണുവും, രുഗ്മിണി ലക്ഷ്മിയും ആണെന്ന് സങ്കൽപ്പിയ്ക്കുന്നവരുടെ ഇടയിൽ ഏകലവ്യൻ ഒരു കരടായി നിൽക്കുന്നു എന്നത് വാസ്തവം തന്നെ.

ഇവിടെയായിരുന്നു തന്റെ യുദ്ധതന്ത്രത്തിലെ മർമ്മം കിടന്നിരുന്നത്.

മഹാഭാരതയുദ്ധത്തിലെ സൈനിക നില നോക്കിയാൽ, ഒരു വശത്ത് യാദവരുടെ എല്ലാമെല്ലാമായ ശ്രീകൃഷ്ണൻ ആയുധമെടുക്കാത്തയെങ്കിലും,  പാണ്ഡവപ്രധാനിയായ അർജ്ജുനന്റെ രഥത്തിനു മുന്നിൽ നിന്ന് നയിയ്ക്കുന്നു. യാദവസേനയെ മുഴുവനായി തന്റെ പുത്രവധു ലക്ഷണയുടെ പിതാവായ, തന്റെ അനന്തിരവൻ സുയോധനനു വിട്ട് കൊടുത്ത് നിരായുധനായി പാർത്ഥനു സാരഥിയായ പാണ്ഡവപക്ഷത്ത് ചേർന്നപ്പോൾ, വിജയം പാണ്ഡവർക്കായിരിയ്ക്കും എന്നതിൽ കൃഷ്ണന് തെല്ലും സംശയം ഉണ്ടായിരുന്നില്ല. ജരാസന്ധനോട് 17 പ്രാവശ്യം തോറ്റ് പിന്തിരിഞ്ഞോടിയ യാദവസേനയെപ്പറ്റി കൃഷ്ണനത്ര മതിപ്പൊന്നുമുണ്ടായിരുന്നില്ല, ഇപ്പോൾ നേതാവ് വേർപിരിഞ്ഞ്, നേതാവിനെതിരെ യുദ്ധം ചെയ്യുന്ന യാദവസേനയുടെ മനോനില കൃഷ്ണനെക്കാൾ മറ്റാർക്കാണ് നിശ്ചയമുള്ളത്?

എന്നാൽ കൗരവ വിജയത്തിനു ഏറ്റവും മുകച്ചതും ശക്തവുമായ ഒരേയൊരു സാദ്ധ്യത, പാണ്ഡവവിരോധിയായ ഒരു യാദവൻ യാദവസേനയുടെ തലവനാവുകയെന്നതാണ്.

അവിടെയാണ് ഏകലവ്യന്റെ പ്രസക്തി, കൗവരവപക്ഷത്ത് നിന്നും ആദ്യദിനത്തിൽ തന്നെ ഭീഷ്മരും, ദ്രോണരും, ശല്യരും, നൂറ്റുവരുമൊത്ത് യാദവസേനയെ മറ്റൊരു യാദവനായ ഏകലവ്യൻ നയിച്ചാൽ, മഹാഭാരതയുദ്ധത്തിന്റെ ഗതി തന്നെ മാറും, യാദവസേനയുടെ അക്ഷൗഹിണിപടകൾ ശരിയ്ക്കും ദുർഗ്ഗങ്ങൾ ആകും, യുദ്ധം പതിനെട്ടാം നാളിലെത്തില്ല, പത്താം നാൾ പോലും കടക്കില്ല എന്ന് തനിയ്ക്കറിയാം; അത് കൃഷ്ണനറിയാമായിരിയ്ക്കുമോ? അപ്പോൾ പിന്നെ യുദ്ധം ജയിച്ച് മഥുരയുടെ രാജാവായി യാദവരെ ഭരിയ്ക്കുന്ന ഏകലവ്യൻ എന്ന സഹോദരനെ, അനന്തിരവനു പദ്മവ്യൂഹം ഭേദിയ്ക്കാൻ മാർഗ്ഗം ഉപദേശിയ്ക്കാൻ പോലും തയ്യാറാവാതിരുന്ന കൃഷ്ണൻ ആഗ്രഹിയ്ക്കുമോ? അയാളുടെ വനരാജ്യത്തേയ്ക്കുള്ള യാത്രയുടെ ഉദ്ദേശം അതയിരിയ്ക്കുമോ?

ഈ ചോദ്യങ്ങൾക്കുത്തരം തേടി സൗബലന് ഏറെയൊന്നും കാത്തിരിയ്ക്കേണ്ടി വന്നില്ല; ആ ദുരന്ത വാർത്തയുമായി ചാരന്മാർ എത്തി.

വനരാജ്യത്തെ രാജാവ് ഏകലവ്യനെ കൃഷ്ണൻ പിന്നിൽ നിന്നും കുത്തി വീഴ്ത്തി, കൊലപ്പെടുത്തി! ശരീരം ആകെ തളർന്ന്  ആ കിടക്കയുടെ ഒരു കോണിൽ തലയ്ക്ക് കയ്യും വച്ച് തന്റെ എതിരാളിയുടെ അപ്രതീക്ഷിത കരുനീക്കങ്ങളിൽ അമ്പരന്ന് തരിച്ചിരുന്നു ആ പ്രതിസൂത്രധാരൻ; അപ്പോൾ അരുണരശ്മികളിൽ കുളിച്ച പടനിലത്ത് കുടീരത്തിന് പുറത്ത് പടയാളികൾ പ്രഭാതപരിശീലനം ആരംഭിച്ചു കഴിഞ്ഞിരുന്നു.

Monday, October 9, 2017

കസ്തൂരി


"പാലരുവീ നടുവിൽ പണ്ടൊരു 
പൗർണ്ണമാസീ രാവിൽ 
തോണിക്കാരിയാം മത്സ്യഗന്ധിയെ 
മാമുനിയൊരുവൻ കാമിച്ചു 

മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ 
മേഘങ്ങൾ തൻ നീല മറയുയർത്തീ 
തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ 
തന്നെ മറന്നു നിന്നാറാടി 
ആ..ആ...ആ...ആ...ആ..." 

മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഇനിയെത്ര സന്ധ്യകൾ സിനിമയ്ക്കായി എഴുതിയ ഗാനം ഉണർത്തിയ ചിന്തകൾക്ക് ഒരു കസ്തൂരിഗന്ധം... ഋഷിമാരും ഒട്ടും മോശമായിരുന്നില്ല!

അലറി വിളിച്ചാലും അത് ഇരുകരയിലുമെത്താത്ത, ആളോടിക്കൂടാത്ത ദൂരം വഞ്ചി കരയിൽ നിന്നകന്ന് കഴിഞ്ഞ്, കടത്തുവള്ളം ഒഴിഞ്ഞ് കണ്ടപ്പോൾ..

"കടത്തുകാരിപ്പെണ്ണേ ..പെണ്ണേ 
ഞാനൊന്നടത്തിരുന്നോട്ടെ.. 

എന്ന് ചോദിച്ച് അവളെ സമീപിയ്ക്കുമ്പോൾ.. 

"അയ്യയ്യേ മുനിമാരിത്തരം 
ആളുകളാണോ???" 

എന്ന അവളുടെ വാക്കുകളെ അവഗണിച്ച് നദിയുടെ മദ്ധ്യേ ഉലയുന്ന തോണിയിൽ പിടയുന്ന പെണ്ണിനെ കൈക്കരുത്താൽ പ്രാപിച്ച മഹാഋഷി പരാശരന് വള്ളത്തിൽ കാലെടുത്ത് വച്ചപ്പോൾ അവൾ മീനിന്റെ ഉളുമ്പ് മണക്കുന്ന മത്സ്യഗന്ധിയായിരുന്നു. 

ഋഷി മുക്കുവപെണ്ണിനെക്കണ്ട് മോഹിച്ച് അവളെ വശത്താക്കാൻ ഭാണ്ഡത്തിൽ സൂക്ഷിച്ചിരുന്ന കസ്തൂരി, വനത്തിലെ ആദിവാസികൾ കാണിയ്ക്കയായി കാഴ്ച്ച വച്ചത്, ഹസ്തിനപുരിയിലെ പ്രതിപ മഹാരാജാവിന് സമ്മാനിയ്ക്കാൻ കരുതിയത്, തോണിയുടെ പടിയിലിരുന്ന് ശരീരത്തിൽ മുഴുവൻ വാരി പൂശിയിരുന്നു. 
രതിയുടെ വേലിയേറ്റങ്ങളിൽ ആ സുഗന്ധലേപനം കരയുടെ വിരിമാറിലും, ഇരയുടെ അംഗോപാംഗങ്ങളിലും പടർന്നപ്പോൾ അവൾ മത്സ്യഗന്ധിയിൽ നിന്ന് കസ്തൂരിഗന്ധിയായി മാറി. തന്നിൽ നിന്നും മടങ്ങുന്ന ഋഷിപുംഗവനോട് അവൾ കടത്തുകൂലിയായി ആഗ്രഹിച്ചതും ആ സുഗന്ധധാതു മാത്രമായിരുന്നു. ഋഷി അവൾക്ക് നൽകിയ കൃഷ്ണദ്വൈപായണൻ എന്ന മകനോളം അതിന് വിലയുണ്ടെന്ന് അവളോ ഋഷിയോ അറിഞ്ഞിരുന്നില്ല.

നിയതി അങ്ങനെയൊന്നാണ്!

ഋഷി ആ കസ്തൂരിയുമായി ഹസ്തിനപുരിയിലെ പ്രതിപ മഹാരാജാവിനെ സന്ദർശ്ശിച്ച് അത് സമ്മാനിച്ചിരുന്നെങ്കിലും വൃദ്ധനായ രാജാവ് വാർദ്ധക്യത്തിൽ തനിയ്ക്ക് പിറന്ന പ്രിയപുത്രൻ ശന്തനുവിന് അത് സമ്മാനിയ്ക്കുമായിരുന്നു. ഇതിപ്പോൾ ഋഷി പരാശരൻ പ്രതിപയ്ക്കുള്ളത് സത്യവതിയ്ക്ക് നൽകി അവളെ സുഗന്ധിയാക്കിയിരിയ്ക്കുന്നു, ആശ്രമത്തിൽ കാലങ്ങളായി ശേഖരിച്ച കസ്തൂരി ഭാണ്ഡത്തിൽ വയ്പ്പിച്ച നിയതിയെ തോൽപ്പിച്ച് കൊണ്ട്... 

എന്നാൽ നിയതി അതാർക്ക് കൊടുക്കണമെന്ന് തീരുമാനിച്ചോ, അയാൾക്ക് തന്നെ കൊടുത്തു, ഭാണ്ഡത്തിൽ നിറച്ചല്ല, സൗന്ദര്യധാമത്തിൽ നിറച്ച്, ഗംഗയുടെ കരയിൽ സവാരിയ്ക്കെത്തിയ ശന്തനുവിന്റെ നാസികയിൽ കസ്തൂരിഗന്ധമായി അവളെത്തി, സത്യവതി.... 
വിധി അവരോടൊപ്പം ആ കൊട്ടാരത്തിന്റെ പടവുകൾ ചവുട്ടിക്കയറുമ്പോൾ ആ കസ്തൂരിയും ഒപ്പമുണ്ടായിരുന്നു, സേവകരുടെ തോളിലേറി, മുഷിഞ്ഞ ഭാണ്ഡത്തിലല്ല, ആഡംബരപ്പെട്ടിയിൽ, പട്ടിൽ പൊതിഞ്ഞ്, വൈകിയെങ്കിലും രാജകീയമായി ഒരു അന്തപ്പുരപ്രവേശം......

Thursday, June 8, 2017

ശ്രീകൃഷ്ണനും ഏകലവ്യനും

വനരാജ്യത്തിലെ ഹിരണ്യധനുസ്സ് എന്ന രാജാവിന്റെ മകനാണ് ഏകലവ്യൻ, അങ്ങനെയാണെങ്കിൽ അമ്മയുടെ പേര് ശ്രദ്ധ എന്നായിരുന്നു. 

രണ്ട് വിധത്തിൽ പരാമർശ്ശിയ്ക്കപ്പെടുന്നു. 

ആദ്യത്തേതിൽ കൃഷ്ണന്റെ സ്വന്തം ആണ് , രണ്ടാമത്തേതിൽ ബന്ധുവും.

കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരൻ ദേവശ്രവന് കാനനകന്യകയിൽ പിറന്ന മകനാണെന്നും, രാജാവായ ഹിരണ്യധനുസ്സ് ദത്തെടുത്ത വളർത്തി എന്നുമാണ് കഥ; അപ്പോൾ കൃഷ്ണന്റെ സഹോദരൻ തന്നെ!

രണ്ടാമത്തേത് ഹിരണ്യധനുസ്സിനും ശ്രുതികീർത്തിയ്ക്കും പിറന്ന മകനാണെന്ന്; അങ്ങനെയാണെങ്കിൽ പിന്നീട് ശ്രുതികീർത്തിയെ ഭീഷ്മകൻ വിവാഹം കഴിച്ചുവെന്നും അതിൽ രുഗ്മിണി ജനിച്ചുവെന്നും കരുതണം. അപ്പോൾ ഭീഷ്മകന് ആദ്യഭാര്യയിൽ രുഗ്മി ഉൾപ്പടെ 5 പുത്രന്മാർ പിറന്നു. രണ്ടാമത്തെ ഭാര്യയിൽ രുഗ്മിണിയും. അതായത് രുഗ്മിയെക്കാൾ സഹോദരൻ ഏകലവ്യൻ ആണ്, രുഗ്മിണിയെ കൃഷ്ണൻ വിവാഹം കഴിച്ചു. അതിനാൽ തന്നെ കൃഷ്ണന്റെ അളിയൻ ആണ് ഏകലവ്യൻ! അർജ്ജുനനും ഏകലവ്യനും കൃഷ്ണന്റെ അളിയന്മാരാണ്.

ഈ രണ്ട് ധാരയും നമുക്കൊന്ന് ഒന്നിപ്പിയ്ക്കാം....

ആദ്യം നമുക്ക് ഹിരണ്യധനുസ്സ് ഏകലവ്യന്റെ വളർത്തച്ഛൻ മാത്രമാണെന്ന് കരുതാം, അദ്ദേഹത്തെ മാറ്റാം...



ഇനി ബാക്കിയുള്ള സമവാക്യം ലളിതമാണ്..

കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരൻ ദേവശ്രവന് ഹിരണ്യധനുസ്സിന്റെ സഹോദരിയും കാനനരാജകുമാരിയുമായ ശ്രുതികീർത്തിയിൽ പിറന്ന മകനാണ് ഏകലവ്യൻ. യാദവൻ കടന്നു കളഞ്ഞപ്പോൾ സഹോദരീ പുത്രനെ ഹിരണ്യധനുസ്സ് സ്വന്തം മകനായി വളർത്തി, അദ്ദേഹത്തിന്റെ ഭാര്യ ശ്രദ്ധ അവന് മാതാവായി. പിന്നീട് ശ്രുതികീർത്തിയെ ഭീഷ്മകൻ വിവാഹം കഴിച്ചു, അവർക്ക് രുഗ്മിണി ജനിച്ചു, അവളെ കൃഷ്ണൻ വിവാഹം കഴിച്ചു. കൃഷ്ണൻ വിഷ്ണുവും, രുഗ്മിണി ലക്ഷ്മിയും ആണെന്ന് സങ്കൽപ്പിയ്ക്കുമ്പോൾ ഏകലവ്യൻ ഒരു കരടായി നിൽക്കുന്നു.

Friday, January 1, 2016

സുയോധനൻറ്റെ ഗുരുപുത്രൻ

പതിനെട്ട് ദിവസങ്ങളിലെ  യുദ്ധത്തിൽ ഒപ്പമുണ്ടായിരുന്ന, യന്ത്രമുക്തസംവിധാനമുള്ള രഥവും, അസ്ത്രശസ്ത്രങ്ങളും, ആവനാഴിയും കുരുക്ഷേത്ര ഭൂമിയിൽ ഉപേക്ഷിച്ച്, സ്യമന്തപഞ്ചകക്കരയിലുള്ള ആ പൊന്തക്കാട്ടിൽ രാത്രിയാവുന്നതും കാത്ത്, വെറും നിലത്ത് കാൽമുട്ടുകളിൽ തലയും താങ്ങിയിരുന്നു സുയോധനന്റെ ഗുരുപുത്രൻ, അശ്വത്ഥാമാവ്. 

അവന്റെ മനസ്സിലൂടെ കഴിഞ്ഞ കാലം ഓർമ്മകളുടെ കുത്തൊഴുക്കായി കടന്ന് പൊയ്ക്കൊണ്ടിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി ഭാരതഖണ്ഡം പ്രതീക്ഷിച്ചിരുന്ന ആ യുദ്ധം പരിസമാപ്തിയിൽ എത്തിയിരിയ്ക്കുന്നു, ധർമ്മാധർമ്മങ്ങളുടെ കൂട്ടിക്കിഴിയ്ക്കലിൽ താരതമ്യേന കുറച്ച് മാത്രം അധർമ്മം പ്രവർത്തിച്ചവർ പരാജിതരായി എന്നവന് തോന്നി! ഹസ്തിനപുരിയിലെ രാജകുമാരന്മാരിൽ ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടിരിയ്ക്കുന്നു, 

യുദ്ധം തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പതിനൊന്ന് അക്ഷൗഹിണികളിൽ വളരെ കുറച്ച് മാത്രം അവശേഷിച്ചിരിയ്ക്കുന്നു. കൗരവപക്ഷത്ത് മഹാരഥികളായി എണ്ണിയിരുന്നവരിൽ താനും കൃപാചാര്യരും, കൃതവർമ്മാവും, വസുഷേണപുത്രൻ വൃഷകേതുവും മാത്രമേ ഇനി അവശേഷിയ്ക്കുന്നുള്ളൂ എങ്കിലും, അവസാനത്തെ ആ ജീവൻ നിലനിക്കുവോളം ഈ യുദ്ധം തനിയ്ക്  ഇനിയും അവസാനിച്ചിട്ടില്ല.
അശ്വദ്ധമാവിന് പിതാവിനോടുണ്ടായിരുന്നതിലും കവിഞ്ഞ സ്നേഹവും, ആദരവും, വിധേയത്വവും സുയോധനനോടുണ്ട്. പകരം കുരുശ്രേഷ്ഠനും ആ ഗുരുപുത്രനോട്, അയാളുടെ ആത്മമിത്രമായ രാധേയനിൽ നിന്നൊട്ടും കുറയാത്ത സൗഹൃദവും, വിശ്വാസവും, ആത്മാർത്ഥതയും, സ്നേഹവും എന്നും ഉണ്ടായിരുന്നതിനാൽ  തന്നെ ദ്രോണിയ്ക്ക്  അങ്ങനെ ആവാനേ കഴിയുമായിരുന്നുള്ളൂ. സ്വന്തം മനസ്സാക്ഷിയ്ക്ക്  എതിരായി പൊരുതി ഭീക്ഷ്മരും, ദ്രോണരും, ശല്യരും, കൃപരും, മനസ്സില്ലാമനസ്സോടെ കർണ്ണനും, കടമകളുടെ പടവിൽ നിന്ന് യുദ്ധം ചെയ്തപ്പോൾ, അശ്വത്ഥാമാവ് മാത്രമാണ് പൂർണ്ണമനസ്സോടെ സുയോധനനായി പോരാടിയത്! പാണ്ഡവപക്ഷപാതിയായ കൃഷ്ണദ്വൈപായനൻ പോലും സംശയലേശമില്ലാതെ സമ്മതിയ്ക്കുന്ന വിധത്തിൽ സ്വധർമ്മപാലനം നടത്തിയതും അവൻ മാത്രമായിരുന്നു.

ദ്രുപദനാൽ അപമാനിയ്ക്കപ്പെട്ട പിതാവ് ദ്രോണരും, പശുവിൻ പാലെന്ന് കരുതി അരിപ്പൊടി കലക്കിയ വെള്ളം തന്ന് കബളിപ്പിച്ച് പരിഹസിച്ച കളിക്കൂട്ടുകാരും ബാല്യത്തിലെ ദുഃഖമായി മനസ്സിൽ തെളിയുമ്പോൾ ആ അന്ധകാരത്തിൽ ഉദിച്ചുയരുന്ന പ്രൗഢസുന്ദരമായ ഒരു മുഖമുണ്ട്, ഹസ്തിനപുരത്തെ യുവരാജാവിന്റെ, സുയോധനന്റെ മുഖം. പിതാവിന് ഒരു സാമന്തരാജാവിന്റെ അധികാരങ്ങളും രാജകൊട്ടാരവും, മറ്റ് ഭോഗങ്ങളും നൽകിയ ആ പിതാവും, നിതാന്തസൗഹൃദം വാഗ്ദാനത്തിൽ മാത്രമല്ല, ഓരോ നിമിഷവും കാത്ത് സൂക്ഷിച്ച, നിറവേറ്റിയ ആ പുത്രനും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. 

അശ്വത്ഥാമാവ് ഏറെ ബഹുമാനിച്ചിരുന്നു പിതാവും ഗുരുവുമായ ആ മഹാരഥിയെ, എങ്കിലും കൗരവപാണ്ഡവ അധുകാര വടംവലിയിൽ ഒരുറച്ച തീരുമാനമെടുക്കാത്ത പിതാവും, കൗരവപക്ഷത്ത് ഉറച്ച് നിന്ന പുത്രനും തമ്മില്ല തർക്കങ്ങൾ പതിവായിരുന്നു. ദയയും, കാരുണ്യവും, ശൂരത്വവും എല്ലാം അന്ധനായ മഹാരജാവിനും നല്ലവനായ സുയോധനനും ആണെന്ന് ഒരിയ്ക്കൽ പറയുന്ന ആചാര്യൻ പെട്ടെന്ന് പ്രിയശിഷ്യൻ ധനഞ്ജയിനിലേയ്ക്ക് വരികയും പാണ്ഡവർക്കാണ് അവകാശം എന്ന് തിരുത്തുകയും ചെയ്യുന്ന രീതിയിൽ ആശയക്കുഴപ്പത്തിൽ ആയിരുന്നു. തനിയ്ക്ക് ലഭിയ്ക്കുന്നതിലേറെ സ്നേഹവും പരിഗണനയും പിതാവിൽ നിന്നും അർജ്ജുനന് ലഭിയ്ക്കുന്നതിൽ മനസ്സിൽ അമർഷവും, പകയും ഉണർന്നിരുന്നു എന്നത് സത്യമാണ്; എന്നാൽ ആചാര്യനായ കൃഷ്ണവർണ്ണ ബ്രാഹ്മണനും അതേ നിറമുള്ളതും, മുഖസാദൃശ്യമുള്ളവനുമായ ശിഷ്യനുമായി ഗുരുശിഷ്യബന്ധത്തിനപ്പുറം എന്തെങ്കിലും ഉണ്ടായിരുന്നോ?

സുയോധനന്റെ നിജസ്ഥിതി വാരണവതത്തിൽ ലാക്ഷാഗൃഹം കത്തിയമർന്നതിന്റെ അടുത്ത ദിവസം യാദൃശ്ചികമായി വെളിപ്പെട്ടു. അതിയായ കോപത്തോടെ ആക്രോശിയ്ക്കുന്ന കർണ്ണനെയാണ് ആദ്യം കണ്ടത് 

"ശത്രുക്കളെ തോൽപ്പിയ്ക്കേണ്ടതും, വധിയ്ക്കേണ്ടതും യുദ്ധത്തിലൂടെയാണ്, അല്ലാതെ ഉറങ്ങിക്കിടക്കുമ്പോൾ ചുട്ടെരിച്ചല്ല, ഇത് ചതിയാണ്, ഇതിന്റെ പങ്ക് കർണ്ണനാവശ്യമില്ല"

തികച്ചും ശാന്തനായാണ് സുയോധനൻ അതിനു മറുപടി പറഞ്ഞത്

"ഒരു കണക്കിന് വാരണാവതത്തിൽ പുരോചനൻ ചെയ്ത പ്രവൃത്തികൾക്ക് ഞാൻ തന്നെയാണുത്തരവാദി, എന്നോടുള്ള  സ്നേഹത്താലും, കരുതലിനാലും, മാതുലൻ സൗബലൻ ചെയ്ത കൃത്യങ്ങളുടെ ദുഷ്പേർ എന്നിൽ വന്നു ചേരുമല്ലോ? എന്നാൽ ഞാൻ ഇത് മനസ്സറിഞ്ഞ് കാര്യമല്ലെന്ന നിങ്ങളെങ്കിലും അറിയണം. പാണ്ഡുപുത്രന്മാരെ ഈ കൊട്ടാരത്തിൽ നിന്നും മാറ്റണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു എന്നത് ശരിയാണ്, അതിനായി മാതുലൻ അവരെ വാരണാവതത്തിലേയ്ക്ക് അയക്കാൻ ശ്രമിച്ചപ്പോൾ കൂട്ടുനിന്നു എന്നത് മാത്രമാണ് ഞാൻ ചെയ്ത കുറ്റം. നിങ്ങൾക്കറിയാമല്ലോ ഞാൻ പിതാമഹൻ ഭീഷ്മരുടേയോ, ആചാര്യന്മാരായ ദ്രോണർ, കൃപർ, പിന്നെ എല്ലയ്പ്പോഴും ഉപദേശങ്ങൾ കൊണ്ട് വെറുപ്പിയ്ക്കുന്നയാളെങ്കിലും ഇളയച്ഛൻ വിദുരരേയും ഒരു കാര്യത്തിലും ധിക്കരിയ്ക്കുകയോ, എതിർക്കുകയോ ചെയ്യാറില്ലെന്ന്, ആകെ ഞങ്ങൾക്കിടയിലുള്ള കല്ലുകടി ഈ പാണ്ഡുപുത്രന്മാർ എന്ന് അവകാശപ്പെടുന്നവർ മാതമാണ്. അതിനെനിയ്ക്ക് എന്റേതായ കാരണവുമുണ്ട്..."

അൽപ്പനേരം നിശബ്ദനായിരുന്ന ശേഷം സുയോധനൻ അശ്വത്ഥാമാവിനേയും, പ്രിയസോദരൻ സുശാസനനേയും നോക്കി തുടർന്നു

"ഞാൻ ഹസ്തിനപുരത്തെ ഈ കൊട്ടാരത്തിലാണ് പിറന്ന് വീണത്, എനിയ്ക്ക് ഓർമ്മ വച്ച നാൾ മുതൽ എല്ലാവരും എന്നെ യുവരാജാവായും, ഈ രാജ്യത്തിന്റെ ഭാവി മഹാരാജാവായും ആണ് കണ്ടിരുന്നത്. ഞാനും ഈ നഗരത്തിലും, ഗ്രാമപ്രാന്തങ്ങളിലും യുവരാജാവെന്ന നിലയിൽ പ്രജാക്ഷേമം നിലനിർത്തി ബാല്യത്തിലും, കൗമാരത്തിലും തന്നെ പ്രവർത്തിച്ചിരുന്നു, അതിന് പിതാവും, ഇളയച്ഛനും അനുമതിയും തന്നിരുന്നു. എന്നാൽ എനിയ്ക്ക് 15 വയസ്സുള്ള കാലത്ത്, പൊടുന്നനേ ഒരു ദിവസം എന്നേക്കാൾ ശാരീരികമായി ചെറുതും, പ്രായം കൊണ്ട് മുതിർന്നതെന്ന് അവകാശപ്പെട്ട, ക്ഷാത്രവീര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത, എന്നാൽ ഇളയച്ഛൻ വിദുരരുമായി രൂപത്തിലും, ശരീരഭാഷയിലും സാമ്യമുള്ള ഒരു കുമാരനെ മുന്നിൽ കൊണ്ട് നിർത്തിയിട്ട്  അദ്ദേഹം പറഞ്ഞു "ഇതാണ് പരലോകപ്രാപ്തി പൂകിയ പാണ്ഡുമഹാരാജാവിന്റെ ജേഷ്ഠപുത്രൻ യുധിഷ്ഠിരൻ, നിന്റെ ജേഷ്ഠൻ, ഹസ്തിനപുരിയുടെ യുവരാജാവ്, ഈ രാജ്യത്തിന്റെ വരുംകാല മഹാരാജാവ്!" ഒരു തീപന്തം മനസ്സിൽ ആളിപ്പടർന്നു, പിന്നീടൊരിയ്ക്കലും അതണഞ്ഞിട്ടില്ല, എന്റെയോ യുധിഷ്ഠിരന്റെയോ അവസാനശ്വാസം നിലയ്ക്കും വരെ അത് അവിടെ അണയാതെ  എരിഞ്ഞുകൊണ്ടേയിരിയ്ക്കും."

ആ വാക്കുകളിലെ ആത്മാർത്ഥത അശ്വത്ഥാമാവിനെ സ്പർശിച്ചു, സുയോധനന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവൻ വിശ്വസിച്ചു, ഇരുവിഭാഗത്തിനുമിടയിൽ ഒരു യുദ്ധമുണ്ടായാൽ ഏത് ഭാഗത്ത് നിന്നാണ് പൊരുതേണ്ടത്തെന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചു.

"കാട്ടിൽ പിറന്ന പാണ്ഡുവിന്റേതല്ലാത്ത മക്കൾക്കല്ലല്ലോ ഹസ്തിനപുരത്തിനവകാശം, മഹാരാജാവ് ധൃതരാഷ്ടർക്കും, ഗാന്ധാരിയ്ക്കും പിറന്ന ജേഷ്ഠപുതനായ അവിടുത്തേയ്ക്ക് തന്നെയാണ് ആ ജന്മാവകാശം"

അനുജൻ സുശാസനൻ വിഷണ്ണനായ ജേഷ്ഠനെ സമാധാനിപ്പിച്ചു, അത് മനസ്സിലാക്കിയ കർണ്ണൻ സുഹൃത്തിനോടായി പറഞ്ഞു

"പ്രിയമിത്രമേ, സുയോധനാ, എനിയ്ക്കുണ്ടാകുന്ന പേരുദോഷത്തെ ഞാൻ ഭയക്കുന്നില്ല, എന്റെ സുഹൃത്തിന്റെ പേരിനുണ്ടാകുന്ന കളങ്കത്തിലാണെന്റെ ദുഃഖം. തികഞ്ഞ അവകാശത്തോടെ വേണം അങ്ങീ ഭാരതഖണ്ഡത്തിനുടയോനാകാൻ എന്ന് വസുഷേണൻ ആഗ്രഹിയ്ക്കുന്നു. പിന്നെ മൂപ്പിളപ്പിന്റെ പ്രശ്നമെങ്കിൽ ഈ ഭാരതത്തിനാ പേർ വരുവാനിടയാക്കിയ മഹാപുരുഷൻ, മഹാരാജാവ് ദുഷ്യന്തന്റേയും, അപ്സരപുത്രി ശകുന്തളയുടേയും പുത്രൻ സർവ്വദമനൻ എന്ന ഭരതൻ ആരെയാണ് പിൻ ഗാമിയാക്കിയത്?

തനിയ്ക്ക് ജനിച്ച ഒമ്പത് പുത്രന്മാർക്കും രാജ്യത്തെ നല്ല നിലയിൽ മുന്നോട്ട് നയിയ്ക്കുവാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ ഭരതമഹാരാജൻ രാജ്യത്ത് നിന്നും കഴിവുള്ള ഒരു യുവാവിനെ കണ്ടെത്തി അനന്തിരാവകാശിയായി വാഴിച്ചില്ലേ? അതല്ലേ ചന്ദ്രവംശത്തിന്റെ കീഴ്വഴക്കം? കഴിവുള്ളവൻ അധികാരം കയ്യാളും, ഇവിടെ നിന്നോളം കഴിവുള്ളവർ മറ്റാരും ഇല്ല എന്ന് നീ അറിഞ്ഞാലും പ്രിയ മിത്രമേ... ഈ രാജ്യം എല്ലാനിലയിലും നിനക്കവകാശപ്പെട്ടതാണ്."

സ്യമന്തപഞ്ചകക്കരയിൽ ചതിയിൽ തകർക്കപ്പെട്ട തുടയും, തകർന്ന സന്ധിബന്ധങ്ങളുമായി, മരണം കാത്തു കിടന്ന ആ മഹാ വ്യക്തിത്വത്തെ ഒന്നടുത്തു വന്നു കാണാൻ, ഇരുട്ടു കനക്കും വരെ കാത്തിരിയ്ക്കാൻ മനസ്സിൽ ഏറെ വലുതായിപ്പോയ ശത്രുക്കളുടെ സാന്നിദ്ധ്യം അവനേയും, കൂടെയുള്ള മൂന്നുപേരേയും പ്രേരിപ്പിച്ചു. പല ജന്മമെടുത്താലും  വീട്ടിതീരാത്തത്ര കടപ്പാട് ഒരു ജന്മത്തിൽ ചൊരിഞ്ഞ , ആ യജമാനന് ഒരന്ത്യവന്ദനം അർപ്പിച്ച് താൽക്കാലം വനവാസത്തിനു പോകണം. ശത്രു പരമാവധി ശക്തനായി നിൽക്കുമ്പോൾ അതേ കരണീയമായുള്ളൂ, ദ്രോണീയ്ക്ക്! പിന്നീട് അനുകൂലമായ സമയത്തിനായി ഒരു കാത്തിരിപ്പ്, അന്ധമായ ആ വൃദ്ധനയനങ്ങളിൽ നിന്നും പ്രവഹിയ്ക്കുന്ന അശ്രുവിനോടുള്ള കടമ നിറവേറ്റാൻ, ഒരു വീരമൃത്യുവിന്റെ കടം വീട്ടാൻ.

സന്ധ്യ വന്നണഞ്ഞിരിയ്ക്കുന്നു, ശത്രുക്കളും അവരുടെ ആശ്രിതരും അകന്നിരിയ്ക്കുന്നു; ദ്രോണി മെല്ലെ തടാകക്കരയിലെ ആ ദ്വന്ദയുദ്ധക്കളത്തിലെത്തി. നിശ്ചലമായ ആ ശരീരത്തിൽ നിന്നും പ്രാണൻ പൂർണ്ണമായും നഷ്ടമായിരിയ്ക്കുന്നു എന്നവനു തോന്നി; എന്നാൽ അടുത്തേയ്ക്ക് നടന്നപ്പോൾ ആ മങ്ങിയ വെളിച്ചത്തിലും ഒരനക്കം അവന്റെ ശ്രദ്ധയിൽപ്പെട്ടു. ജീവൻ വെടിഞ്ഞ ശവശരീരത്തെ തേടി വന്ന കുറുനരിയും, കഴുകനും അടുത്തെത്തുമ്പോൾ അവയെ ആട്ടിയോടിയ്ക്കാൻ ആ ഗദയെ ഉയർത്തുവാൻ ശ്രമിയ്ക്കുകയും, അതിനു കഴിയാതെ നിലത്ത് കൂടി ഇഴയ്ക്കുകയും ചെയ്യുന്ന  ബലിഷ്ടമായ കരങ്ങളുടെ ചലനം നിലച്ചിരുന്നില്ല. അടുത്തെത്തിയ ദ്രോണിയും, കൃപരും, കൃതവർമ്മാവും, വൃഷകേതുവും  ആ കാഴ്ച്ച  നിറകണ്ണുകളോടെ നോക്കി നിന്നു.

മാതാവിനും സൗഹൃദത്തിനും മുന്നിലല്ലാതെ മറ്റൊരിടത്തും ഒരിയ്ക്കലും കുനിയാത്ത ആ ശിരസ്സ്, ശത്രു അവന്റെ കാലുകളാൽ നിലത്തമർത്തി കളഞ്ഞിരിയ്ക്കുന്നു; രാജാവെന്നോ? സതീർത്ഥ്യൻ എന്നോ? സുഹൃത്തെന്നോ? എന്ത് സംബോധന ചെയ്യണമെന്ന് സംശയിച്ച് നിന്നു ദ്രോണി. പിന്നീട് ധൈര്യം സംഭരിച്ച്, സങ്കടം വഴിഞ്ഞൊഴുകുന്നകണ്ണുകളും, ഇടറുന്ന സ്വരവുമായി ഇങ്ങനെ പറഞ്ഞു

"മഹാരാജാവേ, അങ്ങയെ നിർഭാഗ്യവാനായ ഗുരുപുത്രൻ വന്ദിയ്ക്കുന്നു, പതിനൊന്ന് അക്ഷൗഹണിപ്പടയുമായി  യുദ്ധംതുടങ്ങിയ അങ്ങയുടെ അവശേഷിയ്ക്കുന്ന സേനയായ, കൃപരും, കൃതവർമ്മാവും, വൃഷകേതുവും ഇതാ എന്നോടൊപ്പം അങ്ങയെ പ്രണമിയ്ക്കുന്നു"

മൃതപ്രയനായി കിടന്ന ശരീരത്തിൽ ചലനം ദൃശ്യമായി, ആ ശിരസ്സ് കഷ്ടപ്പെട്ടുയർത്തി, മെല്ലെ താങ്ങിയെടുത്ത് മടിയിൽ വച്ച ദ്രോണിയുടെ തീരുമാനങ്ങൾ ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞു, വർദ്ധിതവീര്യനായ അശ്വദ്ധാമാവ് പറഞ്ഞു

"മഹാരാജാവേ, അങ്ങയുടെ അവസാനത്തെ സേനാനായകൻ ആയി എന്നെ അഭിഷേകം ചെയ്താലും, പിതാമഹൻ ഭീഷ്മരും, ഗുരു ദ്രോണാചാര്യരും, ആത്മമിത്രം കർണ്ണനും നേടാൻ സാധിയ്ക്കാതെ പോയ പാണ്ഡവനിഗ്രഹവും, യുദ്ധവിജയവും അങ്ങേയ്ക്കായി ഞാൻ കൊണ്ടുവരാം, അതിനെനിയ്ക്ക് അക്ഷൗഹിണികൾ അല്ല വേണ്ടത് അങ്ങയുടെ ആജ്ഞയുടെ ശക്തി ഒന്നുമാത്രം മതിയാവും"

സുയോധനൻറ്റെ തകർന്നു കിടന്ന ആ ശരീരത്തിലെ അംഗപ്രത്യംഗങ്ങളിലേയ്ക്ക് ചലനങ്ങൾ വ്യാപിച്ചു, താങ്ങിയിരുത്തിയ ശരീരവും, സ്യമന്തപഞ്ചകത്തിൽ നിന്ന് ഇലക്കുമ്പിളിൽ കോരിയെടുത്ത ജലവും, ശക്തിക്ഷയിച്ച് തുടങ്ങിയ കരങ്ങളും, ചേർന്ന് ആ അഭിഷേകകർമ്മം പൂർത്തിയാക്കി.

വൃഷകേതുവിനെ സുയോധനന് കാവൽ നിർത്തി, കൃപരേയും, കൃതവർമ്മാവിനേയും കൂട്ടി മടങ്ങുന്നതിനിടയിൽ ദ്രോണി തിരിഞ്ഞ് നിന്ന് കൊണ്ട് പറഞ്ഞു

"മഹാരാജാവേ, ഇപ്പോഴത്തെയ്ക്ക് വിട, വിജയവാർത്തയുമായി ശീഘ്രം മടങ്ങി വരാം, അതുവരെ അങ്ങയുടെ പ്രാണനെ പിടിച്ചു നിർത്തിയാലും"

പാണ്ഡവരുടെ വധത്തിനായി ദ്രോണപുത്രൻ എത്തുമെന്നറിയാവുന്ന ശ്രീകൃഷ്ണൻ, അവരഞ്ചുപേരെയും പടകുടീരത്തിൽ നിന്നും വിളിച്ചിറക്കി, നദിയുടെ തീരത്തു കൂടി താഴേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. കുറേ ദൂരെയെത്തിയപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു 

" ഇനി നമുക്ക് ഇവിടെ ഈ മണലിൽ അൽപ്പനേരം ഇരിയ്ക്കാം, ഒരു മഹായുദ്ധത്തിലൂടെ നിങ്ങൾ നേടിയ മണ്ണീന്റെ വിരിമാറിൽ നിവർന്ന് കിടക്കാം, ഓർമ്മകൾ അയവിറക്കാം"

കൃഷ്ണന്റെ പലരീതികളും ദുരൂഹമായതിനാൽ, ആശയക്കുഴപ്പത്തിലായ പാണ്ഡവരെയും, അവരുടെ ചിന്തകളെയും,  മേയാൻ വിട്ടിട്ട്, അദ്ദേഹം വീണ്ടും താഴേയ്ക്ക് നടന്നു നീങ്ങി. തൻറ്റെ വംശമായ യാദവർ അധികാരത്തിൽ വരുന്നതിനു പാഞ്ചാലിയുടെ അഞ്ച് മക്കൾ തടസ്സമാണെന്ന് തിരിച്ചറിഞ്ഞ ശ്രീകൃഷ്ണൻ, അവരെ ബലി മൃഗങ്ങളാക്കി അശ്വത്ഥാമാവിന് സമർപ്പിച്ചിരുന്നതിനാൽ തന്നെ ഇനിമേൽ ദ്രൗപതിയുടെ കണ്ണുകളെ എങ്ങനെ നേരിരിടണമെന്ന ചോദ്യത്തിനപ്പുറം  ചിലത് കൂടി ആ മനസ്സിൽ ഉത്തരം തേടിക്കൊണ്ടിരുന്നു.

'ജരാസന്ധനും, ശിശുപാലനും, വക്രദന്തനും, കപോതരോമനും, ശതധന്വനുമൊക്കെ നിരന്തരമായി മഥുരയെ ആക്രമിച്ച സമയത്ത് പ്രതിരോധിയ്ക്കുവാൻ സ്വരൂപിച്ചവയാണ് യാദവരുടെ ആ ഏഴ് അക്ഷൗഹിണിപ്പടകൾ, അവയെപ്പറ്റി അത്ര നല്ല മതിപ്പ് ഒരിയ്ക്കലും കൃഷ്ണനുണ്ടായിരുന്നില്ലെങ്കിലും, രാജാവായ ബലരാമന് അതൊരു ബലമായിരുന്നു. എന്നാൽ ഒന്നൊന്നായി ശത്രുക്കളെ യുദ്ധത്തിന് പുറത്ത് വധിച്ചപ്പോൾ, അവയൊരു ബാധ്യതയായിക്കഴിഞ്ഞിരുന്നു. ഈ യുദ്ധത്തിലൂടെ കുറേ ഒക്കെ നശിച്ചെങ്കിലും ഇനിയുള്ളവരെ ഉപയോഗിച്ച് എന്ത് ചെയ്യുവാൻ? മുമ്പ് കർണ്ണനോടും, സുയോധനോടും ആണ് ഏറ്റുമുട്ടേണ്ടിയിരുന്നതെങ്കിൽ ഇനി രാജ്യവിസ്തൃതി തേടി വരുന്ന പാണ്ഡവരോടാകും ഏറ്റുമുട്ടേണ്ടി വരിക.'

'അതിനാലാണ്  സഹായം തേടി ഒരേ സമയം സഹോദരീഭർത്താവ് അർജ്ജുനനും, മരുമകൾ ലക്ഷണയുടെ പിതാവ് സുയോധനനും വരുന്നതറിഞ്ഞ് ഉറക്കം നടിച്ച് കിടന്നത്. അഭിമാനിയായ സുയോധനൻ തലയ്ക്കടുത്തിട്ട ഇരിപ്പിടത്തിലും, വിനീതനായ അർജ്ജുനൻ കാൽക്കലും നിൽക്കും എന്നറിഞ്ഞ് കൊണ്ട്. ആ അക്ഷൗഹിണിപ്പടകളുടെ ബാധ്യത ഒഴിവാക്കാനായിരുന്നു കൗരവപക്ഷത്തിന് അവ നൽകുവാൻ തീരുമാനം എടുത്തത്; ആ രാജ്യതന്ത്രം നൂറുമേനി വിളഞ്ഞിരിയ്ക്കുന്നു! ഇനി അവശേഷിയ്ക്കുന്നവരിൽ കുറേ അശ്വാത്ഥാമാവിന്റെ മൂന്നംഗസേന കൂടി അവസാനിപ്പിച്ചാൽ, പിന്നെ മഥുരയ്ക്കും ദ്വാരകയ്ക്കും താങ്ങനാവുന്ന ഒരു സേനമാത്രമേ അവശേഷിയ്കൂ..'

'ഒരു രാജകുമാരന്റെ മാറിലെ രക്തത്തിനായി വാശിപിടിച്ച ദ്രൗപതി അതിന്റെ വില നൽകുവാൻ ബാധ്യസ്ഥയാണ്, അത് യുദ്ധക്കളത്തിൽ പിതാവായ പാഞ്ചാലന്റെ മരണമായി മുന്നിലെത്തിയപ്പോൾ തന്നെ അതിബുദ്ധിമതിയായ അവൾക്ക്, വരാനിരിയ്ക്കുന്ന ദുരന്തവും, താൻ അകപ്പെട്ടിരിയ്ക്കുന്ന ചതിയുടെ ചക്രവ്യൂഹവും മനസ്സിലായിക്കഴിഞ്ഞിരുന്നു. ഇന്ന് രാത്രിയോടെ പാഞ്ചാലരുടെ രാജ്യം അനാഥമാകും, കൗരവപക്ഷത്ത് മാറി മാറി മഹാരഥന്മാർ നേനാനായകന്മാർ ആയെങ്കിലും അവരൊരോരുത്തരും കൊല്ലപ്പെട്ടു, പാണ്ഡവപക്ഷത്ത് ഒരേ ഒരു സേനാധിപൻ ധൃഷ്ഠിധ്വിമ്നൻ ആണ് യുദ്ധം നയിച്ച് വിജയിച്ചത്, അങ്ങനെ ഒരു അവകാശി ഈ യുദ്ധത്തിനാവശ്യമില്ല, ഒപ്പം കുശാഗ്രബുദ്ധിയായ ശിഖണ്ഡിയേയും. നാളെ പിതാവും, സഹോദരന്മാരും, പുത്രന്മാരും കൊല്ലപ്പെട്ട് ഒറ്റപ്പെട്ടുപോയ ദ്രൗപതിയ്ക്ക് ഗാന്ധാരിയാവും കൂട്ട്, കൃഷ്ണന് ഇനിയാ മനസ്സിൽ പ്രതിനായകപരിവേഷം അവുമെന്നറിയുമ്പോഴും യാതൊരു നഷ്ടബോധവുമില്ല, കാരണം  രാജ്യതന്ത്രത്തിന്റെ ചതുരംഗപ്പലകയിൽ ഇനി ആ കരുവിനെ യാദവർക്കാവശ്യമില്ലല്ലോ!

പടകുടീരത്തിന് മുന്നിൽ കൃപരേയും, കൃതവർമ്മാവിനേയും കാവൽ നിർത്തി ദ്രോണി അകത്ത് കടന്നു, ആദ്യം ആര്? ധർമ്മപുത്രർ എന്നവകാശപ്പെടുന്ന ആൾ പുലമ്പിയ വ്യാജം മനസ്സ് തകർത്തപ്പോൾ, പുത്രന്റെ മരണവാർത്തകേട്ട് ശസ്ത്രം നിലത്തിട്ട് കണ്ണുകൾ പൊത്തി തേരിൽ തളർന്നിരുന്ന പിതാവിനെ പിന്നിൽ നിന്നും ഗളച്ഛേദം ചെയ്ത പാണ്ഡവസൈന്യാധിപൻ ധൃഷ്ഠിധ്വിമ്മ്നനേയോ? ആ കള്ളം പറഞ്ഞ ജേഷ്ഠപാണ്ഡവനെയോ ആദ്യം തിരയേണ്ടത്? അതോ രാജാവിനെ ഗദായുദ്ധത്തിന്റെ നിയമങ്ങൾ തെറ്റിച്ച് തുടയ്ക്കടിച്ച് വീഴ്ത്തിയ, വീണശത്രുവിനെ നിലത്തിട്ട് ശിരസ്സിൽ ചവുട്ടി മെതിച്ച ആ ഭീമസേനനെയോ?

സ്യമന്തപഞ്ചകക്കരയിലെ ആ മുഖം മനസ്സിൽ വന്ന ദ്രോണിയ്ക്ക് പിന്നീട് സംശയമുണ്ടായില്ല;  ആ സൗഹൃദത്തിന്റെ കടമയാണാദ്യം നിർവ്വഹിയ്ക്കേണ്ടത്, അഞ്ച് ശയ്യകളിൽ കിടന്നുറങ്ങുന്ന പാണ്ഡവരെ ശിവദത്തമായ ആ കരവാളിനാൽ ആഞ്ഞ് വെട്ടുമ്പോൾ ഒരാളുടെ രോദനത്തിൽ മറ്റുള്ളവർ ഉണരാതെ പ്രത്യേകം ശ്രദ്ധിച്ചു, അതിനായി പ്രയോഗിച്ച അമിതബലത്തിൽ, ഗളം മാത്രമല്ല, ശയ്യയും രണ്ടായി പിളർന്ന് വീണു!  രാജാവിനോടുള്ള കടമ നിർവ്വഹിച്ച്, ജീവിച്ചിരിയ്ക്കുന്ന അദ്ദേഹത്തിന്റെ പിതാവിനു രാജ്യം നേടിക്കൊടുത്ത സംതൃപ്തിയോടെ, അവനെ തിരഞ്ഞു. നിരായുധനും, വൃദ്ധനുമായ ഗുരുവിനെ, പുത്രദു;ഖത്തിൽ കണ്ണുകൾ പൊത്തിക്കരയവേ, പിന്നിലൂടെ ചെന്ന് വെട്ടി വീഴ്ത്തിയവനെ, മൂന്നും കൂടിയ കവലയിൽ തൊഴിച്ചു നിഗ്രഹിയ്ക്കുമ്പോൾ, അവൻ അലറിക്കരയുന്നത് ആവർത്തിച്ച് കേട്ട് രസിച്ചു

 "ശസ്ത്രമെടുത്തെന്നെ വധിയ്ക്കൂ" 

എന്ന പാണ്ഡവസേനാനായകൻറ്റെ നിലവിളികൾ ദ്രോണിയ്ക്ക് കർണ്ണാമൃതമായി തോന്നി.

ബദ്ധശത്രുക്കളായ പാഞ്ചാലരിലെ അവശേഷിയ്ക്കുന്ന, ക്രൂരതയുടെ ആൾ രൂപമായ ശിഖണ്ഡിയെ കഷണങ്ങളായി വെട്ടി നുറുക്കുമ്പോൾ, അവൻ രുദ്രനു സമാനമായി അലറിവിളിച്ചു! പിന്നീട് കണ്ണിൽ കണ്ടവരെയെല്ലാം അരിഞ്ഞുവീഴ്ത്തി കൂടാരങ്ങളിൽ നിന്ന് കൂടാരങ്ങളിലേയ്ക്ക് പഞ്ഞു നടന്നു. പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടവരെ, കാത്ത് നിന്ന കൃപരും, കൃതവർമ്മാവും ചേർന്ന് വെട്ടിവീഴ്ത്തി.  മൃതശരീരങ്ങളേയും, മുറിവേറ്റവരേയും ചേർത്ത്  പാണ്ഡവപടകുടീരത്തിനു തീയിടുമ്പോൾ, അങ്ങു സ്യമന്തപഞ്ചകക്കരയിൽ നിന്നും നോക്കിയാൽ അത് ദർശ്ശിയ്ക്കാൻ കഴിയണം എന്നത് മാത്രമായിരുന്നു ദ്രോണിയുടെ മനസ്സിൽ....

പാണ്ഡവരെ വധിച്ചെന്ന വാർത്തയുമായി തിരികെ സ്യമന്തപഞ്ചക കരയിലെത്തിയ അശ്വദ്ധാമാവ് നിലത്തിരുന്ന്, മരണാസന്നനായ സുയോധനന്റെ ശരീരം ഉയർത്തി തന്നിലേയ്ക്ക് ചാരി ഇരുത്തി, വൃഷകേതു ഇലകൾ കുമ്പിളാക്കി കോരിയെടുത്ത സ്യമന്തപഞ്ചകതീർത്ഥം ചുണ്ടിൽ ഇറ്റ് കൊടുത്തപ്പോൾ, അത് ഇറക്കുവാനാകാതെ ശ്വാസം മുട്ടുന്ന ആ ജീവന്, ദ്രോണി കുരുക്ഷേത്രത്തിലെ കത്തിയെരിയുന്ന പാണ്ഡവശിബിരങ്ങളുടെ കാഴ്ച്ച കാട്ടിക്കൊടുത്തു. ശരീരത്തിലെ അവസാന ജീവചൈതന്യവും  നിലയ്ക്കാറായ കൌരവമുഖ്യന്റെ ശരീരത്തിൽ പുതുജീവന്റെ പ്രസരിപ്പ് പടർന്നു. ദ്രോണിയുടെ വാക്കുകൾ ആ കർണ്ണങ്ങളിൽ അമൃതവർഷമായി വന്ന് നിറഞ്ഞു.

"മഹാരാജാവേ... അങ്ങില്ലാത്ത ഈ ഭൂമിയിൽ പാണ്ഡവരുമില്ല എന്നറിഞ്ഞാലും, ഞാൻ ഏകനായി അങ്ങയുടെ ശത്രുക്കളെ കാലപുരിയ്ക്കയച്ച് കഴിഞ്ഞു. പാണ്ഡവസേനയിൽ ഇനിയാരും അവശേഷിപ്പിയ്ക്കാതെ, അങ്ങയുടെ ഈ മൂന്നംഗസേന നശിപ്പിച്ചിരിയ്ക്കുന്നു. ഇത് അങ്ങയുടെ വിജയം.... അങ്ങാണ് മഹാഭാരതയുദ്ധത്തിന്റെ അന്തിമ വിജയി.... അഭിനന്ദനങ്ങൾ.."

ആ ക്ഷാത്രതേജസ്സ് അതിന്റെ കരുത്ത് കാട്ടി, ജലം ബലമായി കുടിച്ചിറക്കി, പുതുജീവന്റെ കരുത്തിൽ ആ കണ്ഠമുണർന്നു..

"ഗുരുപുത്രാ .... പിതാമഹനോ... രാധേയനോ... ഗുരുദ്രോണരോ.. ചെയ്യാത്ത ഉപകാരം നീ എനിയ്ക്കായി ചെയ്തിരിയ്ക്കുന്നു... ഞാൻ രാജാവായി, വിജയിയായി ഇഹലോകവാസം വെടിയുന്നു... ഗുരുപുത്രാ... നിനക്ക്  ... സ്വസ്തി".

വലം കയ്യിൽ മുറുകെ പിടിച്ചിരുന്ന ആ ഗദയിൽ നിന്നും പിടി അയച്ച്.. മെല്ലെയുയർന്ന് അശ്വത്ഥമാവിന്റെ കവിളുകളിൽ തഴുകി.. പിന്നീട് വീണ്ടും ഗദയിലേയ്ക്ക് ... കാലങ്ങളായി സന്തതസഹചാരിയായ ഗദയുടെ പിടിയിൽ രണ്ട് വട്ടം കൂടി  വിരലുകൾ മുറുകി.... ഒന്നയഞ്ഞു.. വീണ്ടും മുറുകി, പിന്നീട് വിരലുകളിൽ നിന്ന് വഴുതി ആ ഘോരായുധം നിലത്തേയ്ക്ക് വീണു.  ആ ശരീരത്തിലെ അവസാന ചൈതന്യവും വാർന്നു പോയി.. എങ്കിലും ഘോരയുദ്ധത്തിലേറ്റ ക്ഷതങ്ങളുടെ കഠിനമായ വേദനയോടെയല്ല.. വിജയിയുടെ തലയെടുപ്പും, സംതൃപ്തിയിൽ തിളങ്ങുന്ന മുഖവും, ഇനിയും കുരുക്ഷേത്രത്തിൽ ഉയരുന്ന തീജ്വാല കണ്ട് കൊതിതീരാത്ത തുറന്നനേത്രങ്ങളുമായി ആ ജഡം ദ്രോണിയുടെ മടിയിൽ കിടന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആ മിഴികൾ വിരലുകളാൽ തഴുകി അടച്ചു കൊണ്ട് ദ്രോണി പുലമ്പി..

മഹാരാജാവേ .. പ്രിയമിത്രമേ.. അങ്ങേയ്ക്ക് വിട!!!