ഇടശ്ശേരി ഗോവിന്ദൻ നായരെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ "പൂതപ്പാട്ട്" എന്ന് മാത്രം പറഞ്ഞാൽ മതി; എന്നാൽ സമകാലീനനായ മറ്റൊരു ഗോവിന്ദൻ നായരെ പരിചയപ്പെടുത്താൻ "അവിൽപ്പൊതി" എന്ന കേരളസാഹിത്യ അക്കാഡമി അവാർഡ്ഡ് നേടിയ പുസ്തകവും പര്യാപ്തമാണോ? എന്ന് സംശയമാണ്. ഏതായാലും അദ്ദേഹത്തിൻ്റെ ഒരു കവിതാശകലം നമുക്കൊന്ന് അടുത്തറിയാം.... 1903 ൽ ഒറ്റപ്പാലത്ത് ജനിച്ച് 1977 ൽ അന്തരിച്ച അദ്ദേഹത്തിന് ഓടക്കുഴൽ അവർഡ്ഡും ലഭിച്ചിട്ടുണ്ട്.
"ചൂടും പൂവിനു ശണ്ഠ കൂടുമിരുപേര്‍ദ്ദാരങ്ങള്‍, കള്ളും കുടി-
ച്ചാടും ജ്യേഷ്ഠ, നുഴന്നു കാട്ടിലലയും ബന്ധുക്കളും തോഴരും,
കൂടും പെണ്‍കൊതിയാല്‍ പരന്റെ തടവില്‍ പാര്‍ത്തോരു പൗത്രന്‍ – ഹരേ!
വേടന്‍തന്‍ കണ ശാഖിയില്‍ തവശവം തൂങ്ങാതെ രക്ഷിച്ചതോ?"
ശ്രീകൃഷ്ണന്‍ ആത്മഹത്യ ചെയ്യാനായിരുന്നോ മരത്തില്‍ കയറിയത്? ആ പേരുദോഷത്തിൽ നിന്നും അദ്ദേഹത്തെ ആ വേടൻ രക്ഷിക്കുകയായിരുന്നോ? എന്നാണ് ചോദ്യം!!!
വെറുതേയങ്ങ് ചോദിച്ചതല്ല, കാര്യകാരണസഹിതം ആണ് ചോദ്യം.
സ്വർഗ്ഗത്തിൽ പോയിവന്നപ്പോൾ കഷ്ടകാലത്തിനു പാരിജാതത്തിൻ്റെ ഒരു പൂവ് കൊണ്ടുവന്നു, അതിൻ്റെ പേരിൽ രുഗ്മിണിയും സത്യഭാമയും തമ്മിലുള്ള സ്പർദ്ധയും അതിനിടയിൽപ്പെട്ട് ശ്രീകൃഷ്ണൻ ചക്രശ്വാസം വലിച്ചതുമൊക്കെ ഓർത്താൽ ഒടുവിൽ തിരിച്ചുപോയി ആ പാരിജാതം മൂടോടെ പറിച്ചെടുത്ത് കൊണ്ടുവന്നിട്ടും തീർന്നില്ല ആ കഷ്ടപ്പാട്, അതാണ് 'ചൂടുന്ന പൂവിനുപോലും ശണ്ഠകൂടുന്ന രണ്ടു ഭാര്യമാര്‍' എന്നൊരുകാരണം, ചുരുക്കിപ്പറഞ്ഞാൽ തലയിണയിലും തലവേദന!
"പച്ചിലക്കുമ്പിളിൽ തുള്ളും ഇളങ്കള്ളിൽ മജ്ജനം ചെയ്കയായ് തൻ ഹൃദയം" എന്ന് വൈലോപ്പള്ളി ജലസേചനത്തിൽ എഴുതിയ സാക്ഷാൽ ബലരാമനെക്കുറിച്ച്, ചില ആധുനികന്മാരുടെ ഭാഷയിൽ ബലഭദ്രരാമൻ അനന്തൻ എന്ന പാമ്പിൻ്റെ അവതാരമായതിനാലാണത്രേ പൂസ്സായി പാമ്പ് പോലിഴഞ്ഞതും, ഇന്നും കുടിയന്മാർക്ക് പാമ്പെന്ന ചീത്തപ്പേരും!!! അപ്പോൾ അതാണ് ' കള്ളും കുടിച്ചു് കൂത്താടുന്ന ഒരേയൊരു ജ്യേഷ്ഠന്‍'!
ഒരു സഹോദരിയുള്ളതിനെ വിവാഹം ചെയ്ത് നൽകിയത് പിതൃസഹോദരിയായ പ്രഥയുടെ പുത്രൻ പാർത്ഥനാണ്, ലോകൈകധനുർദ്ധരൻ പറഞ്ഞിട്ടെന്താ കാര്യം? ആയ കാലത്ത് കൗരവരാൽ കാട്ടിൽ അയക്കപ്പെട്ട് കഷ്ടപ്പട്ട്, ഒടുവിൽ യുദ്ധമൊക്കെ ജയിച്ച് ശത്രുനിഗ്രഹം വരുത്തിക്കഴിഞ്ഞപ്പോൾ, മുഖ്യശത്രു കർണ്ണൻ ജേഷ്ഠനായിരുന്നെന്നറിഞ്ഞും, പഞ്ചാലീസുതന്മാർ കൊല്ലപ്പെട്ടതിനാലും, ആകെ ബന്ധുവായി നിന്ന ചെറിയച്ഛനും അമ്മയും വനവാസത്തിനായി പോയതിനാലും, മനസ്സാ വനവാസം പൂകിയ പാണ്ഡവരെ ചൂണ്ടിക്കാട്ടി... 'കാട്ടില്‍ ബുദ്ധിമുട്ടി അലയുന്ന ബന്ധുക്കളും തോഴരും'!
അടുത്ത തലമുറയെങ്കിലും ശരിയാകുമെന്ന് വച്ചാൽ..ഉദയഗിരിക്കൊട്ടയിലെ ബാണാസുരൻ്റെ പുത്രി ഉഷയെ പ്രണയിച്ച് അവളുടെ കോട്ടയിൽ തടവിലായ പൗത്രൻ അനിരുദ്ധനെ ഓർത്ത്.. 'പെണ്‍കൊതി മൂത്തു് വേറൊരുത്തന്റെ തടവില്‍പ്പെട്ട ചെറുമകന്‍'!
ഇങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾക്ക് നടുവിൽപ്പെട്ടു വലഞ്ഞ, അല്ലയോ കൃഷ്ണാ... വേടന്റെ അമ്പ് നിന്റെ ശവം മരത്തില്‍ തൂങ്ങാതെ രക്ഷിച്ചു എന്നു വരുമോ?” എന്നാണ് വി.കെ.ജി ചോദിച്ചത്.
ശ്രീകൃഷ്ണൻ ചെറുപ്പത്തിൽ സ്ത്രീകളുടെ വസ്ത്രം അഹരിച്ച് മരത്തിൽ കയറി ഇരിക്കുകയും, അവർ ജലത്തിനു മുകളിലെത്തി പ്രസക്തഭഗങ്ങളൊക്കെ വെളിപ്പെടുത്തിയതിനു ശേഷം മാത്രം അവ തിരിച്ച് നൽകിയതായും പറയപ്പെടുന്നു, എന്നാൽ ഇതൊരു പതിവാക്കിയതായി കേട്ടിട്ടില്ല. പിന്നീട് അദ്ദേഹത്തെ ശ്രദ്ധേയമായി മരക്കൊമ്പിൽ കണ്ടത് അവസാനദിവസം തന്നെയാണ്.
എന്തിനാണാവോ അദ്ദേഹം ആ പ്രായത്തിൽ വീണ്ടും മരക്കൊമ്പിൽ കയറിയത്? ന്യായമായ ചോദ്യമാണത്!
കയ്യിൽ കയറുണ്ടായിരുന്നോ?
ഉണ്ടെങ്കിൽ അതിൻ്റെ ഒരറ്റമദ്ദേഹം ഒറ്റക്കൈകൊണ്ട് മരത്തിൽ കെട്ടിയിരുന്നോ? മറ്റേക്കയ്യിൽ പുല്ലങ്കുഴലുണ്ടല്ലോ!
പ്രായമായതിനാൽ പഴയതുപോലെ ഒറ്റകയ്യിൽ ഓടക്കുഴലും പിടിച്ച് മറ്റേ കൈ മാത്രമായി ശാഖയിലുള്ള ഇരുപ്പ് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ സേഫ്റ്റി ബൽറ്റ് പോലെ ഉപയോഗിച്ചതാണോ ആ കയർ? അപ്പോൾ ആദ്യമായി ഈ സേഫ്റ്റി ബൽറ്റ് ഉപയോഗിച്ചത് അദ്ദേഹമാണോ?
അതോ വി.കെ.ജി പറഞ്ഞതുപോലെ ആത്മഹത്യ ചെയ്യാൻ മരത്തിൽകയറി ഇരിക്കുകയും, ആൻ്റി ക്ളൈമാക്സ്സ് ആയി വേടൻ അമ്പെയ്യുകയും ആയിരുന്നോ?
വിഷമിച്ച് കരഞ്ഞ വേടനോട്
"നീ വിഷമിക്കേണ്ട, നീ ഇത് ചെയ്തത് നന്നായി, അല്ലെങ്കിൽ എനിക്ക് ചെയ്യേണ്ടി വന്നേനേ.. വളരെ നന്ദി, ഗീതയൊക്കെ ഉപദേശിച്ചിട്ട് ഒടുവിൽ ഇങ്ങനെയൊരു പേരുദോഷം വരാതെ കാത്തതിന്"
എന്ന് പറഞ്ഞിരിക്കുമോ?
എന്നാലും എൻ്റെ വി.കെ.ജി ഇങ്ങളിതൊക്കെ എഴുതീട്ടങ്ങ് പോയി, ഞാനിതാ കൃഷ്ണഭക്തകളുടെ പൊങ്കാലയ്ക്ക് നടുവിലായി, കാത്തോളണേ... കൃഷ്ണാ...ഗോവിന്ദാ.. ഗോപാലാ..
No comments:
Post a Comment