"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ:"
ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ, ഉറക്കെ പരിഹാസത്തോടെ, മാധവി ചൊല്ലുന്നതുകേട്ട പുരു കൂടുതൽ കോപിഷ്ടനായി.
"പിതാവിൻ്റെ ശോകം നീ മനസിലാക്കണം, സ്ത്രീക്ക് വിവേകമാണ് അറിവിനേക്കാൾ കൂടുതലായി വേണ്ടത്, വിപരീതമായതിൻ്റെ കുഴപ്പമാണിത്"
മാധവിയുടെ സ്വരവും കനത്തു
"പിതാവിൻ്റെ സുഖം, പിതാവിൻ്റെ ദുഃഖം, അതിനപ്പുറം എന്തെങ്കിലും എന്നാണു പുരു നീ ചിന്തിച്ചിട്ടുള്ളത്? കാലം തീർന്നിട്ടും കാമം തീരാത്ത പിതാവിനു ഭോഗാസക്തി തീരുംവരെ യൗവ്വനം വച്ചുമാറിയെന്ന നുണക്കഥ നീ എന്നോടും ആവർത്തിക്കുന്നോ? അതുവഴി യഥാർത്ഥ കിരീടാവകാശിയായ യദുവിൻ്റെ അധികാരം കവർന്നതിൽ നിനക്ക് സുഖമോ? ദുഃഖമോ? അതിനെപറ്റി മാത്രം പറയൂ."
പുരു കോപത്താൽ അന്ധനായി
"നീയെന്നു മുതലാണിങ്ങനെ നിഷേധിയായത്? രാജകുടുംബത്തിലെ ജനനം പൂമെത്തയിൽ അല്ലെന്ന് അതിനകത്തുള്ളവരെങ്കിലും അറിയുന്നില്ലേ? രാജ്യത്തിനും, പ്രജകൾക്കും, സംസ്ക്കാരത്തിനുമായി പലതും സഹിക്കേണ്ടിവരും, അതെല്ലാം കടമകളുടെയും കർത്തവ്യബോധത്തിൻ്റെയും പരിധിയിൽ ആവുമ്പോൾ പാപചിന്ത വേണ്ട, അവിടെ ശരി മാത്രമേയുള്ളൂ. പിതാവിനു യൗവനം കൈമാറിയത് ലോകം മുഴുവൻ അംഗീകരിക്കുമ്പോൾ നീ മാത്രമെന്തിനത് അവിശ്വസിക്കുന്നു?"
ഉറക്കെ അട്ടഹസിച്ചുകൊണ്ട് മാധവി പറഞ്ഞു
"അതേ.. അവിശ്വസിക്കുന്നു. നിൻ്റെ അവിശുദ്ധ അധികാരത്തിനെതിരേ ഉയരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള കുറുക്കുവഴിയാണീ യൗവ്വനക്കൈമാറ്റത്തിൻ്റെ കള്ളക്കഥയെന്നെനിക്കറിയാം, പക്ഷേ അതെൻ്റെ വിഷയമല്ല, രാജകുടുംബത്തിൽ ജനിച്ചിട്ടും രാജാവിനെതിരെ സംസാരിക്കുന്നത് അധർമ്മം എതിർക്കപ്പെടണമെന്നതിനാലാണ്, പിന്നെ... ഏത് മഹർഷി കൂട്ടുനിന്നാലും യൗവ്വനം കൈമാറാനുള്ള ശുദ്ധി നിനക്കോ, അതിനുള്ള പുണ്യം നമ്മുടെ പിതാവിനോ ഇല്ലെന്ന് എന്നെക്കാൾ ആർക്കാണറിയുക?"
പുരു ബാധകയറിയതുപോലെ നിന്നു വിറച്ചു
"നീ കുലത്തെ മാത്രമല്ല മാധവീ അപമാനിക്കുന്നത്, ഋഷിപരമ്പരകളെക്കൂടിയാണ്, ശാപങ്ങൾ നിൻ്റെ തലയ്ക്ക് മുകളിൽ മേഘങ്ങളായി കനക്കുന്നത് ഞാൻ കാണുന്നു"
"നമ്മുടെ അമ്മമാരായ ദേവയാനിക്കും ശർമ്മിഷ്ഠയ്ക്കും യൗവ്വനം നഷ്ടമായപ്പോൾ, കാമാന്ധനായ പിതാവിനു ചെറുമക്കളേക്കാൾ പ്രായം കുറഞ്ഞ രാജകുമാരിമാരെ ഭോഗിക്കാൻ, കൂട്ടുനിന്ന നീ തന്നെ ഇതുപറയണം. അതിലൂടെ ആ അമ്മമാരെ അപമാനിച്ചതിനെന്തു ശാപമാണു നീ ഏറ്റുവാങ്ങിയത്?
നീ നിനക്കെന്നു തെറ്റിദ്ധരിപ്പിച്ചു വിവാഹം കഴിച്ച ആ കൗമാരം വിട്ടൊഴിയാത്ത കുമാരിമാരെ പിതാവിൻ്റെ വൃദ്ധകാമത്തിനു വിട്ടുകൊടുത്തിട്ട്, പിതാവിൻ്റെ വാർദ്ധക്യം ഏറ്റുവാങ്ങിയെന്ന വ്യാജേന സ്വന്തം കൊട്ടാരത്തിൽ ഒളിച്ചു താമസിച്ചത് നാട്ടുകാർ വിശ്വസിക്കും, പക്ഷേ ആ ക്രൂരത അനുഭവിച്ച കുമാരിമാരുടെ ശാപം ആരുടെ തലയ്ക്ക് മീതേയാണ് വർഷിക്കുക?
നിൻ്റെയോ? പിതാവിൻ്റെയോ? അതോ സ്വന്തം പുത്രിയുടെ ഭർത്താവിന് ഇത്തരം ആശയം പകർന്നുകൊടുത്ത് സമ്മാനങ്ങൾ നേടിയ എൻ്റെ മുത്തച്ഛനായ ആ മഹാഋഷി ശുക്രാചാര്യരുടേയോ?"
പുരുവിൻ്റെ കോപം ഉത്തുംഗശൃംഗത്തിലെത്തി, അയാൾ അതിവേഗം സഹോദരിയുടെ മുറിവിട്ട് പുറത്തേയ്ക്ക് പോകുന്നതിനിടയിൽ ഉച്ചത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു
"സ്വന്തം പുത്രിയുടെ വിവാഹം നടത്തുവാനാണ് പിതാവ് ആഗ്രഹിക്കുന്നത്, അത് ഏതുപിതാവിൻ്റേയും കടമയും ഉത്തരവാദിത്വത്വവുമാണ്. അതിനെതിരായി പ്രവർത്തിക്കുന്ന സന്താനങ്ങൾ കാലസൂത്രനരകത്തിനായി കാത്തിരിക്കുക"
മാധവി ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് പടിയോളം പുരുവിൻ്റെ പിന്തുടർന്നു പറഞ്ഞു
"നരകം... ഏതു നരകത്തിൻ്റെ കാര്യമാണ് പുരൂ നീ പറയുന്നത്? ഗുരുവിനോട് അഹന്തയോടെ പ്രപഞ്ചത്തിലെന്തും ഗുരുദക്ഷിണയായി ചോദിച്ചോളൂ എന്നാജ്ഞാപിച്ച അഹങ്കാരിയായ ഋഷി ഗാലവനേതു നരകമാണു വിധിക്കുക?
അയാളിൽ കോപം തോന്നി ഏറ്റവും ദുർലഭമായ 800 കൃഷ്ണകർണ്ണശ്വേതാശ്വങ്ങളെ ഗുരുദക്ഷിണയായി ആവശ്യപ്പെട്ട്, അതിലൂടെ നിരപരാധിയായ ഒരു രാജകുമാരിയുടെ ജീവിതം നരകമാക്കിയ രാജർഷി വിശ്വാമിത്രനേതാണ് നരകം?
അശ്വത്തെ തേടിവന്നവനെ അതിനുമുമ്പ് അയാൾ സന്ദർശ്ശിച്ച രണ്ടു രാജാക്കന്മാരും ചെയ്തതുപോലെ, ഇല്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞയയ്ക്കാതെ, സ്വന്തം പുത്രിയെ നൽകിയ, അവളെ വിറ്റ് കുതിരകളെ സമ്പാദിക്കാൻ ഉപദേശിച്ച യയാതിയെന്ന പിതാവിന്, പുത്രിയെ അന്യൻ്റെ കാമത്തിനിരയാകാൻ വിട്ടുകൊടുത്തിട്ട് രാജസിംഹാസനത്തിൽ അമർന്നിരുന്ന്, തൻ്റെ പക്കൽ വന്ന ആരേയും വെറുംകയ്യോടെ മടക്കി അയച്ചില്ല എന്നഹങ്കരിച്ച പ്രതിഷ്ടാനത്തിലെ രാജാവിനേതാണ് നരകം?"
പുരു തിരിഞ്ഞുനിൽക്കുകയോ, മറുപടി പറയുകയോ ചെയ്യാതെ അന്തപ്പുരത്തിൻ്റെ പടികടന്നുപോയി.
രാജകുമാരിയുടെ കോപാഗ്നി ആറിത്തണുക്കാൻ സഖിമാർ നന്നേ പ്രയാസപ്പെട്ടു. മുന്നോട്ടെന്താണു കരണീയമായതെന്ന ചിന്തയിൽ മുഴുകിയ മാധവിയുടെ മനസ്സിലേക്ക് ചെറുപ്പത്തിൽ കേട്ടുവളർന്ന കഥകൾ ഓരോന്നായി കടന്നുവന്നു.
കൈലാസനാഥൻ പരമശിവൻ്റേയും പാർവ്വതിയുടേയും പുത്രിയിൽ നഹുഷമഹാരാജാവിനുണ്ടായ പുത്രനാണു യയാതി. മഹർഷിമാരുടെ ശാപത്താൽ നഹുഷൻ ഒരു പെരുമ്പാമ്പായി മാറിയപ്പോൾ രാജ്യം ജേഷ്ഠസഹോദരനായ യതിക്ക് നൽകി, എന്നാൽ അദ്ദേഹം പേരുപോലെതന്നെ ഒരു ഋഷിയാകാനാണ് താൽപ്പര്യപ്പെട്ടത്, അതിനാൽ ഇളയവൻ യയാതി രാജാവായി.
അസുരഗുരുവായ ശുക്രാചാര്യരുടെ പുത്രി ദേവയാനിയെ ആണു യയാതി വിവാഹം കഴിച്ചത്. ദേവയാനി കൂട്ടുകാരി വൃഷപർവ്വ മഹാരാജാവിൻ്റെ പുത്രി ശർമ്മിഷ്ടയുടെ വസ്ത്രം അറിയാതെ ധരിച്ചതിൽ പ്രകോപിതയായ ശർമ്മിഷ്ടയും ദാസിമാരും അവളെ നഗ്നയാക്കി ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ട് കടന്നുകളഞ്ഞു. അതുവഴിവന്ന യയാതി ദേവയാനിയെ രക്ഷിക്കുകയും അവളുടെ അഭ്യർത്ഥനപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു. രാജകുമാരി ചെയ്ത അപരാധത്തിനു ശുക്രാചാര്യരുടെ ശാപം ലഭിക്കുമെന്ന ഭയത്താൽ ശർമ്മിഷ്ടയെ ദേവയാനി ആവശ്യപ്പെട്ടപ്രകാരം അവളുടെ ദാസിയാക്കി യയാതിയുടെ കൊട്ടാരത്തിൽ കൊണ്ടുവന്നു. ശുക്രാചാര്യർക്ക് അത് പൂർണ്ണസമ്മതമായിരുന്നില്ല, എങ്കിലും പുത്രിയുടെ പിടിവാശിക്കുമുന്നിൽ തോറ്റുകൊടുത്ത ആ പിതാവ് യയാതിയോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ; എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ശർമ്മിഷ്ടയുമായി ഒരിക്കലും ശാരീരികബന്ധം പുലർത്തരുത്.
ദേവയാനി യദു എന്ന ജേഷ്ഠരാജകുമാരനു ജന്മംനൽകി. ഗർഭകാലത്തും പ്രസവാനന്തരവും ഉള്ള കാലത്ത് ദേവയാനിയിലും പതിന്മടങ്ങു സുന്ദരിയായ ശർമ്മിഷ്ട യയാതിയുമായി അടുത്തു, ശുക്രാചാര്യരുടെ ശാപം ഭയന്ന യയാതി പിന്മാറാൻ നോക്കിയെങ്കിലും, ദേവയാനിക്ക് കുഞ്ഞ് ജനിച്ചതിനാൽ ശർമ്മിഷ്ട ഒരു കുഞ്ഞിനായി അപേക്ഷിച്ചു, ധർമ്മാധർമ്മങ്ങളുടെ വാഗ്വാദത്തിൽ യയാതിയെ കുഴക്കി, ഒടുവിൽ അവരുടെ ബന്ധത്തിൽ ആദ്യപുത്രനായി ദൃഹ്യു പിറന്നു.
ദേവയാനിയിൽ തുർവ്വാസുവും, മാധവിയും പിറന്നു, ശർമ്മിഷ്ടയിൽ അനുവും പുരുവും. സ്വാഭാവികമായി കാലക്രമത്തിൽ ദേവയാനി ശർമ്മിഷ്ടയിലെ സന്താനങ്ങളെപ്പറ്റിയറിഞ്ഞു, കുപിതനായ ശുക്രാചാര്യർ യയാതിയെ ശപിച്ചു അതിവാർദ്ധക്യം നൽകി. ശർമ്മിഷ്ടയുടെ ഒരു കുഞ്ഞിനായുള്ള വാദഗതികളും അതിലെ ധർമ്മാധർമ്മങ്ങളും ഗ്രഹിച്ച ശുക്രാചാര്യർ യൗവ്വനവും വാർദ്ധക്യവും പുത്രനിലൊരുവനുമായി വച്ചുമാറാൻ അനുഗ്രഹിച്ചു, മറ്റുപുത്രന്മാർ തയ്യാറാകാതിരുന്നപ്പോൾ പുരു പിതാവിനു യൗവ്വനം നൽകി യയാതി പുരുവിനു രാജ്യത്തിൻ്റെ അനന്തിരാവകാശവും.
പുത്രനിൽ നിന്നും ലഭിച്ച യൗവ്വനവുമായി ജീവിതം അതിഭോഗത്തിൽ ആറാടിയ യയാതിക്ക് മുന്നിലേയ്ക്ക് യുവഋഷി ഗാലവൻ കടന്നുവന്നത് വിചിത്രമായ ഒരാവശ്യവുമായായിരുന്നു.
"മഹാരാജൻ എനിക്ക് ചന്ദ്രകിരണങ്ങളുടെ വെണ്മയുള്ള രോമങ്ങളുള്ളതും കാതുകൾ മാത്രം കറുത്തതുമായ (കൃഷ്ണകർണ്ണശ്വേതാശ്വങ്ങൾ) 800 കുതിരകളെ ദാനമായി നൽകുവാൻ കനിവുണ്ടാവണം"
യായാതിക്ക് അത്തരം കുതിരകൾ നന്നേ കുറവായിരുന്നു, എന്നാൽ മറ്റു ചില മഹാരാജാക്കന്മാരുടെ പക്കൽ അവ ഇരുന്നൂറിലേറെ ഉണ്ടെന്നും നിശ്ചയമുണ്ടായിരുന്നു. നിർവ്വാഹമില്ലാത്ത കാര്യമായതിനാൽ തിരിച്ചു ചോദിച്ചു
"മുനി ഗാലവ, അങ്ങേയ്ക്ക് ലക്ഷണമൊത്ത മറ്റു കുതിരകളെ ആയിരം വേണമെങ്കിലും തരുവാൻ എനിക്ക് കഴിയും, ഇതുതന്നെ വേണമെന്ന് നിരബന്ധമാണോ?"
ഗാലവമുനി നിരാശയോടെ മറുപടി പറഞ്ഞു
"രാജൻ, ഞാൻ രാജർഷി വിശ്വാമിത്രൻ്റെ പക്കൽ നിന്നും വിദ്യകൾ അഭ്യസിച്ചുകഴിഞ്ഞതിനാൽ ഗുരുദക്ഷിണയായി എന്താണ് തരേണ്ടതെന്ന് ചോദിച്ചെങ്കിലും, ഒന്നും തന്നെ വേണ്ട എന്നാണദ്ദേഹം പറഞ്ഞത്. മറ്റു ശീഷ്യന്മാരിൽ നിന്നും അദ്ദേഹം ഗുരുദക്ഷിണ വാങ്ങുന്നതും ഞാൻ കണ്ടു, അതിലൽപ്പം ഈർഷ തോന്നിയ ഞാൻ ഈ പ്രപഞ്ചത്തിലുള്ള എന്താണങ്ങേയ്ക്ക് ഗുരുദക്ഷിണയായി വേണ്ടതെങ്കിലും സമർപ്പിക്കാം, ആവശ്യപ്പെട്ടാലും, എന്നാവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം എണ്ണൂറ് കൃഷ്ണകർണ്ണശ്വേതാശ്വങ്ങൾ ആവശ്യപ്പെട്ടു."
"അപ്പോൾ വടികൊടുത്തു വാങ്ങിയ അടിയുടെ കരച്ചിലാണിത്, അഹങ്കാരത്തിൻ്റെ ഫലം"
മനസ്സിലാണു പറഞ്ഞതെങ്കിലും രാജാവിൻ്റെ മുഖത്തുനിന്നത് വായിച്ചെടുക്കാൻ ഗാലവനു ബുദ്ധിമുട്ടുണ്ടായില്ല.
തിരിഞ്ഞു നടക്കാൻ തുടങ്ങവേ മുനി ഇത്രകൂടി പറഞ്ഞു
"മഹാരാജാവ് യയാതിയുടെ കൊട്ടാരത്തിൽ വന്നു കൈനീട്ടുന്ന ആർക്കും വെറുംകയ്യോടെ മടങ്ങേണ്ടി വന്നിട്ടില്ല എന്ന് വളരെയധികം കേട്ടതിനാലാണിവിടെ വന്നത്, അത് ഇങ്ങനേയുമായി"
ഇത്തവണ ഗാലവനിൽ ആരോപിച്ച അതേ അഹങ്കാരം യയാതിയുടെ മനസ്സിനെ തീണ്ടി. അദ്ദേഹം ഗാലവമുനിയോട് പറഞ്ഞു
"അങ്ങ് വിഷമിക്കാതിരിക്കൂ, ഞാൻ എൻ്റെ കൈവശം ഇല്ലാത്തതിനാൽ കുതിരകളെ തരാൻ നിർവ്വാഹമില്ലെന്നേ പറഞ്ഞുള്ളൂ. അങ്ങയെ വെറുംകയ്യോടെ മടക്കിയയയ്ക്കുമെന്നു പറഞ്ഞില്ല. അങ്ങേയ്ക്ക് എണ്ണൂറോ അതിലധികമോ കൃഷ്ണകർണ്ണശ്വേതാശ്വങ്ങളെ വാങ്ങിത്തരുവാൻ കഴിയുന്ന ഒരു ദാനം ഞാൻ ചെയ്യുന്നുണ്ട്. എൻ്റെ പുത്രി മാധവിയെ ഞാൻ അങ്ങേയ്ക്ക് നൽകാം. അവളിലൂടെ അങ്ങയ്ക്ക് ഗുരുദക്ഷിണ പൂർത്തിയാക്കുവാൻ സാധിക്കുകതന്നെചെയ്യും"
(രണ്ടു വർഷം മുമ്പെഴുതി ഉപേക്ഷിച്ചതാണിവിടെ വരെ, ബാക്കി ഭാഗം കൂടി എഴുതാം, താമസിയാതെ)
No comments:
Post a Comment