Thursday, April 25, 2019

ശാർദ്ദൂലം

സാക്ഷാൽ ശബരിമല അയ്യപ്പൻ പുലിവാഹനൻ ആണോ? വാജിവാഹനം എന്നാണ് പൊതുവിൽ ഔദ്യോഗികമായി വിശേഷിപ്പിക്കപ്പെടുന്നത്, അതിനാൽ തന്നെ കുതിരയാണ് വാഹനം; ദേവൻ്റെ വാഹനമാണ് ധ്വജത്തിനു മുകളിൽ ശബരിമലയിലെ കൊടിമരത്തിലും കുതിര തന്നെ. വാവരെ നേരിടാനെത്തിയതും, മഹിഷിയെ തേടിപ്പോയതും അശ്വാരൂഢനായിത്തന്നെ, അപ്പോൾ പിന്നെ പുലിവാഹനം??? അതൊരിക്കൽ ഒരു പ്രത്യേകസാഹചര്യത്തിൽ പുലിയെ വാഹനമാക്കി, എന്നാലത് കേവലം മനസ്സിൻ്റെ ആനന്ദത്തിനായുള്ള വിനോദവുമല്ല, വിക്രീഡിതമെന്ന് വിളിക്കാൻ; എങ്കിലും പുലിയായ ശാർദ്ദൂലവും അതിനെ നിസ്സാരമായിപ്പിടിച്ച് വാഹനമാക്കിയ ആ കളിയും ചേരുമ്പോൾ ഒരു ശാർദ്ദൂലവിക്രീഡിതം ആയില്ലേ അത്?

പുതിയ വലിയ കാര്യമൊന്നുമല്ല; പഴയതും പല മഹാന്മാരും പലകുറി ആവർത്തിച്ചതുമായ ആ വ്യാഖ്യാത്തിന് ഇത്തവണ മനസ്സിൽ മാറ്റം വന്നു. പഴയത് ഓർമ്മയില്ലാത്തവർക്കായി ഒരിക്കൽക്കൂടിപ്പറയാം ഓർമ്മപുതുക്കാൻ, കേട്ടിട്ടില്ലാത്തവർക്ക് അറിയാനും...

“പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം”

ഇതാണ് സംഗതിയുടെ ലക്ഷണം എന്ന് പണ്ട് ഹൈസ്കൂളിലെ മലയാളവ്യാകരണപാഠങ്ങള്‍ പഠിപ്പിച്ച രാമക്കുറുപ്പുസർ പറഞ്ഞുതന്നു. ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ "മ, സ, ജ, സ, ത, ത" എന്നീ ഗണങ്ങളും ഗുരുവും അടങ്ങുന്ന വര്‍ണ്ണവ്യവസ്ഥ പാലിക്കുന്നതിനോടൊപ്പം, പന്ത്രണ്ടാമത്തെ അക്ഷരത്തിൽ യതി വേണമെന്നാണ് ഇതിന്റെ അർത്ഥം. എന്നു വെച്ചാൽ പന്ത്രണ്ടാമത്തെ അക്ഷരം കഴിഞ്ഞാൽ ഒരു നിർത്തുണ്ടാവണം. പൂര്‍ണ്ണമായനിര്‍ത്തു വേണമെന്നു നിര്‍ബന്ധമില്ല. സന്ധി ആയാലും മതി എന്നൊക്കെ ഇതിനെ വിശദീകരിച്ച് പഠിപ്പിച്ചു.

അതിനിടയിൽ പന്ത്രണ്ടാം മാസം ജ - ജനിച്ചവൻ്റെ സ്വന്തം പിതാവിനേയും, ഗുരുവിനേയും, പുലിയേയും ചേർത്ത്....

“പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവന്‍ സ്വന്തം തന്തയുടെയും ഗുരുവിന്റെയും നെഞ്ചത്തു പുലികളി കളിക്കുന്നു” എന്നിതിനൊരു തമാശനിറഞ്ഞ അര്‍ത്ഥവും പറഞ്ഞുവച്ചു.

അല്ല ഈ പന്ത്രണ്ടാം മാസമെന്നാൽ കർക്കിടകമോ അതോ ഡിസംബറോ? എന്ന് ചോദിക്കാനുള്ള വിവരമേ അന്നുണ്ടായിരുന്നുള്ളൂ, എന്നാൽ എട്ടാം മാസത്തിൽപ്പിറന്നവനേ.. എന്ന വിളി കേട്ടപ്പോൾ സംഗതി അതല്ല, പത്തും കഴിഞ്ഞ് ആലോചിച്ച് തീരുമാനിച്ച് ജനിച്ചവൻ്റെ കാര്യമാണെന്ന് പിടികിട്ടി. എങ്കിലും 9 മാസം 9 ദിവസത്തിനപ്പുറം കൂടിയാൽ എത്ര പോകും? എന്ന് സംശയിച്ച് കാലം കഴിച്ചുകൂട്ടി..

അങ്ങനെ നിൽക്കട്ടെ.. വി. കെ. ഗോവിന്ദൻ നായരുടെ ഈ പ്രസിദ്ധശ്ലോകം നോക്കുക.

നിന്നാദ്യസ്മിത, മാദ്യചുംബന, മനു-
സ്യൂതസ്ഫുരന്മാധുരീ–
മന്ദാക്ഷം, പുളകാഞ്ചിതസ്തനയുഗം, 
പ്രേമാഭിരാമാനനം,
കുന്ദാസ്ത്രോത്സവചഞ്ചലത്പൃഥുനിതം-
ബശ്രീസമാശ്ലേഷസ-
മ്പന്നാനന്ദമഹോ മനോഹരി! മരി-
പ്പിക്കും സ്മരിപ്പിച്ചു നീ!

യതിഭംഗം കാരണം കുളമായിപ്പോയ ഈ ശ്ളോകം ഞാൻ എന്തിനാണെഴുതിയതെന്ന് ചോദിച്ചാൽ... ആ അവസാനത്തെ

“മരിപ്പിക്കും സ്മരിപ്പിച്ചു നീ” എന്നത് ഒരൊന്നൊന്നര പ്രയോഗമായിപ്പോയി. "ഓര്‍മ്മകളുണർത്തി എന്നെ നീ കൊല്ലും" എന്ന അര്‍ത്ഥം ജോറായിട്ടുണ്ട്. സ്മരന്‍ എന്നതിനു കാമദേവന്‍ എന്നും അര്‍ത്ഥമുള്ളതിനാൽ "കാമവികാരം ഉണ്ടാക്കി നീ എന്നെ കൊല്ലാക്കൊല ചെയ്യും" എന്നും ചില ഉദയനന്മാർക്ക് വേണമെങ്കിൽ അര്‍ത്ഥം പറയാം!

തുടക്കം ആദ്യത്തെ മന്ദഹാസത്തിൽ നിന്ന്, പിന്നാദ്യചുംബനം, കണ്ണുകൊണ്ടുള്ള കഥകളി, പുളകം കൊള്ളിക്കുന്ന കുചകലശങ്ങൾ, പ്രേമാർദ്രമായ മുഖം അതോ അധരമോ? പൃഥുനിതംബത്തിൻ്റെ ഒരു ശ്രീയേ.... എനിക്കു വയ്യ.. അതേലിട്ട് ആശ്ളേഷിച്ചാൽ സമ്പന്നമാകാതെ എവിടെ പോകാൻ? അല്ല ഈ പരിരംഭണത്തിൽ ഒരു കൈ സ്ത്രീയുടെ പുറത്തും മറ്റത് നേരത്തെ പറഞ്ഞ സ്ഥലത്തും അമർത്തി ഇറുക്കുക എന്നത് ഒരു സാധാരണ സംഭവമാണ്, അതിനാൽ കവിയെ കുറ്റം പറയാനാവില്ല, നാരീമണി അവളുടെ വശ്യമായ ചലനങ്ങളാൽ അത്തരം ആനന്ദത്തെപ്പറ്റിയാണ് ഓർമ്മിപ്പിക്കുന്നതെങ്കിൽ “മരിപ്പിക്കും സ്മരിപ്പിച്ചു നീ” എന്നത് , വെറും വെറുതെ അവളെയല്ല, മേൽപ്പറഞ്ഞ സംഗതികളെല്ലാം ആസ്വദിച്ചുകൊണ്ട് അവളിൽ അലിഞ്ഞ ആ ആലിംഗനമുണ്ടല്ലോ.. അതാവാം സ്മരണയിലുണരുന്നത്!!!

ഞാനൊന്നും പറഞ്ഞിട്ടില്ല... സംഗതി പുലികളിയാണുദ്ദേശിച്ചത്, ഇതിപ്പോൾ പുപ്പുലിയായി... ഇങ്ങനെ ഒരുചിത്രം എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ആ "നിതംബശ്രീ" എന്ന പ്രയോഗം എന്നെ ഹഠാദാകർഷിച്ചു, അതിൻറെ അനന്തരഫലം!!!

സ്വാമിശരണം

No comments:

Post a Comment