കലഹപ്രിയനായ ആ മുനിയെ പരിചയപ്പെടാം.. ഇന്ന്.
ബ്രഹ്മാവിന്റെ മാനസപുത്രനായ അല്ലെങ്കിൽ ചിന്തകളിൽനിന്നും ജനിച്ച നാരദൻ സ്വാഭാവികമായി ബ്രഹ്മജ്ഞാനവും ബ്രഹ്മവിദ്യയും അറിഞ്ഞവനും അതിനാൽത്തന്നെ പ്രാപഞ്ചിക ജീവിതത്തിന്റെ പരമമായ സത്യം അറിയുകയും അതനുസരിച്ച് ഒരു മഹാഋഷിക്ക് ചേരും വിധം ജീവിതം നയിക്കുകയും ചെയ്തു.
അദ്ദേഹം പ്രധാനമായും കർമ്മപഥമായി തിരഞ്ഞെടുത്തത് ലോകം മുഴുവൻ ചുറ്റിനടന്ന് അറിവു പങ്കിവയ്ക്കുക എന്നതായിരുന്നു; ആ അറിവ് ബ്രഹ്മജ്ഞാനം ആയിരുന്നു, അത് ഗ്രഹിക്കുന്നവർ ജനനമരണചക്രത്തിൽ നിന്നും മുക്തരാകാനുള്ള വീഥി തിരഞ്ഞെടുത്ത് മോക്ഷം നേടിയിരുന്നു.
നന്മ ചെയ്യുന്നതിൻ്റെ ഫലം എപ്പോഴും നല്ലതാകണം എന്നില്ലല്ലോ! ദക്ഷപ്രജാപതിയുടെ പുത്രന്മാരെ നാരദമുനി തൻ്റെ ശിഷ്യന്മാരാക്കി ബ്രഹ്മജ്ഞാനം പകർന്നുനൽകി, ആദ്യമാദ്യം പ്രജാപതിദക്ഷനതത്ര കാര്യമായെടുത്തില്ല, സന്തോഷവും തോന്നി. എന്നാൽ എല്ലാ പുത്രന്മാരും ബ്രഹ്മവിദ്യയിലേയ്ക്ക് തിരിഞ്ഞ്, തൊഴിൽ, വിവാഹം, സന്താനസൃഷ്ടി, ഗൃഹാശ്രമം, അവധിക്കാലവിനോദങ്ങൾ എന്നിവയെല്ലാം നിരസ്സിച്ചുതുടങ്ങിയതോടെ പ്രജാപതിക്ക് അപകടം മനസ്സിലായി. സന്താനങ്ങളെല്ലാം പരിത്യാഗത്തിൻ്റെ വഴിയിലൂടെ സഞ്ചരിച്ച് സന്യാസിമാരും സന്യാസിമാരുമായി. ആത്യന്തികമായി എത്ര ജന്മങ്ങളിലൂടേയും ആർജ്ജിതപുണ്യത്താൽ എത്തേണ്ടത് പരമപദമാണെന്ന തിരിച്ചറിവിൽ അവർ മോക്ഷത്തിൻ്റെ പഥത്തിലൂടെ മാത്രം സഞ്ചരിച്ചു, അതൊരിക്കലും നാരദൻ്റെ ഉദ്ദേശമായിരുന്നില്ലെങ്കിലും.
ദക്ഷപ്രജാപതിയ്ക്കും തൻ്റേതായ കർത്തവ്യങ്ങൾ ഉണ്ടല്ലോ, അതിൽ പ്രമുഖമായത് ലോകത്തിനാവശ്യമുള്ള ജനസംഖ്യ നിലനിർത്തുക എന്നതുമാണ്. സ്വാഭാവികമായി അദ്ദേഹത്തിൻ്റെ പ്രവർത്തിയിൽ വിഘ്നമായി വന്ന നാരദനോട് പ്രജാപതിക്ക് കലശ്ശലായ കോപമുണ്ടായി. അദ്ദേഹം നാരദനെ ശപിച്ചു.
"എല്ലാവർക്കും എങ്ങനെയാണ് മോക്ഷം പ്രാപ്തമാവുകയെന്ന് ഉപദേശിക്കുന്ന നിനക്ക് ഒരിക്കലും മോക്ഷം ലഭിക്കുകയില്ല. അതിനാൽ പ്രപഞ്ചാവസാനം വരെയുള്ള കാലം നീ ഭൂമിയിലും, ആകാശത്തിലും, സ്വർഗ്ഗത്തിലും, നരകത്തിലും, പാതാളത്തിലും മറ്റു ലോകങ്ങളിലുമായി അലഞ്ഞുനടക്കും"
നാരദൻ അതോടെ തൻ്റെ വീണയായ മഹതിയിൽ ജഗന്നാഥൻ്റെ സ്തുതികൾ പാടി ഉലകം ചുറ്റിനടന്നു ജനങ്ങളെ ഭൗതികജീവിതത്തിൻ്റെ പരിമിതികൾ ബോധ്യപ്പെടുത്തുന്നു, അതിലൂടെ അവർ ദൈവത്തിലേയ്ക്കുള്ള വഴി കണ്ടെത്തുന്നു. രസകരമായ കാര്യം നാരദൻ അതിലൂടെ കലഹങ്ങൾക്ക് കാരണമാകുന്നുവെന്നതാണ്, ലോകം മുഴുവൻ അനർത്ഥമുണ്ടാക്കുന്നു.
വാസ്തവത്തിൽ നാരദൻ കലഹമുണ്ടാക്കുന്നുണ്ടോ? ഇല്ല, അദ്ദേഹം ഒരു സ്വതന്ത്രവാർത്താവിനിമയ സ്ഥാപനമാണ്, വിവരസാങ്കേതികവിദ്യയുടെ ആദ്യരൂപം, അറിവുകൾ പങ്കുവക്കുന്നു, വാർത്തകൾ പരത്തുന്നു, അതിനപ്പുറം വ്യക്തികളുടെ പരസ്പര താരതമ്യവും, വൈപരീത്യവും ചെയ്യുന്നു. അതിലൂടെ അദ്ദേഹം അസൂയ, കോപം, വാശിതുടങ്ങി അഹങ്കാരത്തിൻ്റെ എല്ലാ ഘടകങ്ങളും അവരിൽ നിറയ്ക്കുന്നു.
ഇതിലൂടെ മിക്ക പുരാണ, ഉപനിഷത്ത്, ഇതിഹാസങ്ങളിലും അദ്ദേഹം കഥാകഥനത്തിൻ്റെ മുഖ്യഭാഗമായി മാറാറുണ്ട്, ഒപ്പം കഥയിലെ സംഭവങ്ങളെ ഉത്തേജിപ്പിക്കുന്ന രാസത്വരകമായും മാറാറുണ്ട്, പല സംഭവങ്ങൾക്കും സൂത്രധാരൻ അദ്ദേഹമാണ്, ആ കഥാഗതിയുടെ സൃഷ്ടാവ് തന്നെയായി മാറുന്നു. വിവരങ്ങൾ കൈമാറുകവഴിയാണ് കലഹങ്ങൾ കടന്നുവരുന്നത്, അല്ലെങ്കിൽ അദ്ദേഹം അതവതരിപ്പിക്കുന്ന രീതിയിലൂടെ, ഉദാഹരണത്തിനു കംസനോട് ദേവകിയുടെ സന്താനങ്ങൾ ഭീഷണിയാണെന്നേ അദ്ദേഹം പറയുന്നുള്ളൂ, പക്ഷേ കംസൻ ആ കുഞ്ഞുങ്ങളെ വധിക്കുവാൻ തീരുമാനിക്കുന്നു. ബാലിയെന്ന വെറും കുരങ്ങൾ രാവണനെ ആക്ഷേപിച്ചു എന്ന് പറയുന്നു, പക്ഷേ രാവണൻ ബാലിയെ ഒരു പാഠം പഠിപ്പിക്കാനിറങ്ങി, അപ്പോഴും ഒരു കുരങ്ങിനെ നേരിടുന്ന ലാഘവം രാവണനെ ഉപദേശിച്ചു തിരിച്ചടി വാങ്ങിക്കൊടുക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ വരികളിൽ അത്..
"രാവണനെന്നതു കേള്‍ക്കും നേരം
ദേവകളൊക്കെ വിറച്ചീടുന്നു.
കേവലമിഹ ഞാന്‍ ഭദ്രം പറക
ല്ലേവര്‍ക്കും ഭയമുണ്ടിഹ നിന്നെ
വാനവര്‍ വരനുടെ മകനായിട്ടൊരു
വാനരുണ്ടീ ഭുവനതലത്തില്‍
നാനാജനവും മാനിക്കുന്ന ഭ
വാനെക്കൊണ്ടു ദുഷിച്ചീടുന്നു
ആശരവരനാം നിന്നെക്കൊണ്ടൊരു
കീശന്‍ വളരെ ഹസിച്ചീടുന്നു
നാശമവനു വരുത്തീടാഞ്ഞാല്‍
മോശം നിന്നുടെ കാര്യമശേഷം
കല്യനവന്‍ പറയും മൊഴി നിന്നൊടു
ചൊല്ലുവതിന്നു ഭയം കുറെയുണ്ട്
പുല്ലുമെനിക്കു ദശാസ്യനുമൊക്കു
മിതെല്ലാമവനുമുരച്ചീടുന്നു
നല്ലൊരു വടികൊണ്ടവനെത്തല്ലി
പ്പല്ലുകളൊക്കെയുതിര്‍ത്തുടനവനുടെ
എല്ലുകളുളളതടിച്ചു നുറുക്കി
കൊല്ലാക്കൊല ചെയ്തവനുടെ അരയില്‍
നല്ലൊരു വളളി വലിച്ചു മുറുക്കീ
ട്ടെല്ലായിടവും കൊണ്ടുനടക്കണ
മല്ലാതെ കണ്ടവനുടെ ഗര്‍വുക
ളെല്ലാമിന്നു ശമിക്കുകയില്ല.
മൂക്കു തുളച്ചൊരു ചരടും കോര്‍ത്ത
ക്കാല്‍ക്കുമരയ്ക്കും ചങ്ങലയിട്ടൊരു
മുക്കില്‍പ്പെരിയൊരു കുറ്റി തറച്ചു
തളയ്ക്കണമെന്നേ മതിയായുളളൂ"
ഒരിടത്തെ വാർത്ത മറ്റൊരിടത്ത് നൽകുന്നതിനാലോ, കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനാലോ കലഹങ്ങൾ സംഭവിക്കുന്നു എന്നതാണ് വാസ്തവം!
ഒരാളുടെ അസാന്നിധ്യത്തിൽ അയാളെപ്പറ്റി പറയുന്നത്, ചർച്ച ചെയ്യുന്നത്, അയാൾക്ക് എതിരായി പ്രവർത്തിക്കുന്നത് ഒക്കെ അറിഞ്ഞാൽ, അറിയിച്ചാൽ കലഹത്തിനു വല്ല പഞ്ഞവുമുണ്ടോ? തത്വദീക്ഷയില്ലാതെ പെരുമാറുന്നവരുടേതല്ല കുറ്റം, അതു വ്യക്തമാക്കിയ നാരദനാണ്. എല്ലാ അറിവുകളും പങ്ക് വയ്ക്കാനുള്ളതല്ല എന്നും ചിലത് ഉള്ളിലൊതുക്കുവാൻ ഉള്ളതാണെന്നും നാരദൻ പഠിക്കുന്നു.
നാരദസ്മൃതി പുരാതന ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയുടെ നേർക്കാഴ്ചയും ആധികാരിക നിയമഗ്രന്ഥവുമാണ്.
അദ്ദേഹം ശരിക്കും ഭക്തിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്, വിഷ്ണുനാമം ജപിച്ച് ഉലകംചുറ്റുന്നമുനി, ജനങ്ങളോട് മഹാവിഷ്ണുവിൻ്റെ മാഹാത്മ്യത്തെപ്പറ്റിയാണേറെ പറയുന്നത്. നാരദൻ ആദ്യകാല സംഗീതചക്രവർത്തിയാണെന്നതിൽ യാതിരുതർക്കവുമില്ല, മഹതിയെന്ന വീണയും തംബുരുവും വായിക്കുന്ന അദ്ദേഹമാണ് ആദ്യ കീർത്തനരചയിതാവും, ഭജനഗീതരചയിതാവും, ഭക്തിയോഗയുടെ പ്രധാനഭൂമികയും.
ഒരുവശത്ത് അഭിപ്രായവ്യത്യാസങ്ങൾ, വിരോധം, യുദ്ധങ്ങൾ, കലഹങ്ങൾ എന്നിവ സൃഷ്ടിച്ച് നമ്മളെ ഇഹലോകത്ത് ബന്ധിക്കുന്നു, മറുവശത്ത് ഭഗവാൻ്റെ സ്തുതികൾ പാടി ഇഹലോകബന്ധത്തെ ഖണ്ഡിക്കുന്നു, ഈ ദ്വന്ദവ്യക്തിത്വം വിചിത്രമാണ്!
No comments:
Post a Comment