Saturday, November 14, 2020

നരനാരായണീയം

മലിനീകരണം എന്നത് ഉപരിവർഗ്ഗത്തിൻ്റെ വിശേഷാധികാരവും, മധ്യവർഗ്ഗത്തിൻ്റെ വിവേചനാധികാരവും, താഴ്ന്നവർഗ്ഗത്തിൻ്റെ ജന്മാവകാശവുമായി വ്യവസ്ഥാപിത ചിന്താഗതി രൂഢമൂലമായ ഒരു സമൂഹമാണ് നമ്മൾ. 

ആകാശമാർഗ്ഗം വന്ന് ഭൂമിയിലുള്ളവരുടെ ശരീരത്തിലേയ്ക്ക് മാലിന്യങ്ങൾ വിസർജ്ജിച്ച സംഭവം പുരാണങ്ങളിൽ പറയുന്നുണ്ട്. ഏകദേശം 6000 വർഷങ്ങൾക്ക് മുമ്പാണു സംഭവം.

ബ്രഹ്മർഷിയായ രാജർഷി വിശ്വാമിത്രൻറെ പുത്രനായ ഗാലവമുനി ഒരുനാൾ സന്ധ്യാവന്ദനം നടത്തുകയായിരുന്നു. കൈക്കുമ്പിളിൽ ജലമെടുത്ത് കണ്ണുമടച്ച് ധ്യാനിച്ചുനിന്ന മുനിയുടെ കൈകുമ്പിളിൽ പെട്ടെന്ന് എന്തോ വസ്തുക്കൾ വന്നുവീണു. കണ്ണുതുറന്നു നോക്കിയപ്പോൾകണ്ടത് ആകാശമാർഗ്ഗം പോകുന്ന ഒരുരഥവും അതിൽ ഭാര്യമാരോടൊപ്പം ഉല്ലാസയാത്ര ചെയ്യുന്ന ചിത്രരഥൻ എന്ന ഗന്ധർവ്വരാജാവിനേയുമാണ്. അദ്ദേഹം താമ്പൂലചർവ്വണം ചെയ്തശേഷം തുപ്പിയതാണു കൃത്യമായി മുനിയുടെ കൈകളിൽ വന്നുവീണത്.

മഹർഷി കോപംകൊണ്ട് ജ്വലിച്ചു. കയ്യിലെ ജലം ഉപേക്ഷിച്ച്, വേറേ ജലം കയ്യിലെടുത്ത് ശപിക്കാൻ തയ്യറായി. ദ്വാരകാനാഥൻ ഭഗവാൻ ശ്രീകൃഷ്ണൻ സമീപത്താണല്ലോ ഉള്ളതെന്ന് പൊടുന്നനെ അദ്ദേഹത്തിനോർമ്മ വന്നു, വൃഥാ തപോശക്തി കളയേണ്ട എന്നു ചിന്തിച്ച് ശാപോദ്യമത്തിൽനിന്നും പിന്മാറി, ശ്രീകൃഷ്ണനെ ചെന്നുകണ്ടു, സങ്കടമുണർത്തിച്ചു. ശ്രീകൃഷ്ണൻ മുനിയെ സമാധാനിപ്പിച്ചു, അഹങ്കാരിയായ ചിത്രരഥൻ്റെ ശിരസ്സുകൊണ്ടുവന്ന് അങ്ങയുടെ കാൽക്കൽ സമർപ്പിക്കാം എന്നു വാഗ്ദാനവും ചെയ്തു. 

ഭഗവാൻ ചിത്രരഥനെത്തേടി യാത്രയാരംഭിച്ചു. ഭാര്യമാരുമായി ഉല്ലസിച്ച് ആകാശസഞ്ചാരത്തിലായിരുന്ന ചിത്രരഥൻ തൻ്റെ താംബൂലവിസർജ്ജനം ഇത്രമേൽ പൊല്ലാപ്പായ കാര്യമൊന്നും ആനന്ദയാത്രക്കിടെ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തെക്കൂടാതെ മറ്റൊരാൾകൂടി ആകാശമാർഗ്ഗേ ഇതെല്ലാംകണ്ടാസ്വദിച്ചു വരുന്നുണ്ടായിരുന്നു. അദ്ദേഹമാണെങ്കിൽ ആ ദിവസത്തെ കലഹം സംഘടിപ്പിക്കാൻ ഉള്ള തത്രപ്പാടിലുമായിരുന്നു, ആളെ മനസ്സിലായിക്കാണും, സക്ഷാൽ നാരദമുനി. ഇരമണത്ത നാരദമുനി നേരേചെന്ന് ചിത്രരഥനെ വിവരങ്ങൾ ധരിപ്പിച്ചു. ചിത്രരഥൻ ആകെഭയന്നു, തന്നെ വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് സാക്ഷാൽ ശ്രീകൃഷ്ണഭഗവാനാണെന്നറിഞ്ഞ അയാൾ നിലവിളി തുടങ്ങി. 

കാത്തിരുന്ന നാരദമുനി അദ്ദേഹത്തോട് ഒരുപായം പറഞ്ഞുകൊടുത്തു.

നാരദമുനി ഉപദേശിച്ചതുപോലെ ചിത്രരഥൻ, അർജ്ജുനനും സുഭദ്രയും വസിക്കുന്ന രാജസൗധത്തിൻറ്റെ വെളിയിലായി, ഒരു ചിതകൂട്ടി അതിൽ പ്രവേശിക്കുവാൻ തയ്യറെടുത്തു. അദ്ദേഹത്തിൻ്റെ ഭാര്യമാർ അദ്ദേഹത്തെ തടഞ്ഞുകൊണ്ടും, ഉറക്കെ നിലവിളിച്ചുകൊണ്ടും ആ ചിതയ്ക്കുചുറ്റും നടന്നു. കൊട്ടാരത്തിൻറ്റെ മട്ടുപ്പാവിൽ നിന്നിരുന്ന സുഭദ്ര ഈ കാഴ്ച്ച കാണുകയും, കൊട്ടാരത്തിനു വെളിയിലെത്തി വിവരം ആരായുകയും ചെയ്തു.

തങ്ങളുടെ ഭർത്താവിനെ ആത്മഹത്യയിൽ നിന്നും രക്ഷിക്കണം എന്നു സ്ത്രീകൾ സുഭദ്രയോട് അപേക്ഷിച്ചു. ആത്മഹത്യയ്ക്ക് കാരണമന്വേഷിച്ച സുഭദ്രയോട് ചിത്രരഥൻ ഇങ്ങനെ പറഞ്ഞു 

" ദേവീ, അടിയനെ ഒരാൾ വധിക്കുവാൻ പിന്നാലേ വരുന്നു, ശത്രു അത്രമേൽ പ്രബലനും, ആരാലും ദുർജ്ജയനും ആയതിനാൽ ക്രൂരമായി ശിരസ്സറുത്ത് വധിക്കപ്പെടുംമുമ്പേ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചതാണ്." 

സുഭദ്ര ഒട്ടുമാലോചിക്കാതെ മറുപടി നൽകി

" എൻറ്റെ ഭർത്താവ് ലോകൈക ധനുർധരനായ അർജ്ജുനൻ ആണ്. അദ്ദേഹം നിൻ്റെ പ്രാണരക്ഷ ചെയ്തു കൊള്ളും. ഞാൻ വാഗ്ദാനം ചെയ്യുന്നു, നീ ധൈര്യമായി ഇരുന്നാലും, അവിവേകത്തിൽ നിന്നും പിന്മാറിയാലും ഇത് ദ്വാരകാധീശനായ ശ്രീകൃഷ്ണസഹോദരിയുടെ വാക്കുകളാണ്"

ചിത്രരഥൻ ആത്മഹത്യാ ഉദ്യമത്തിൽനിന്നും പിൻമാറി, സുഭദ്രയ്ക്ക് നന്ദി പറഞ്ഞു. രംഗം ശാന്തമായപ്പോൾ സുഭദ്ര തിരക്കി 

" ആകട്ടേ, ആരാണു നിൻ്റെ ഈ പ്രബലനായ ശത്രു?"

ചിത്രരാഥൻ മറുപടി നൽകി 

"ദേവീ, അത് ദ്വാരകാപതിയായ ശ്രീകൃഷ്ണൻ അല്ലാതെ മറ്റാരുമല്ല."

സുഭദ്രയ്ക്ക് ഭൂമി പിളർന്നു താണുപോകുന്നതുപോലെയാണു തോന്നിയത്, തലചുറ്റലിനു ഒരുശമനം ലഭിച്ചപ്പോൾ, സുഭദ്ര, തന്നെത്തേടിവന്ന അർജ്ജുനനെ നോക്കി കണ്ണീർവാർത്തു. വിവരങ്ങൾ എല്ലാം മനസ്സിലാക്കിയ അർജ്ജുനൻ ഒരു കൂസലുമില്ലാതെ ഭാര്യയെ ആശ്വസിപ്പിച്ചു. 

" ഭാര്യ നൽകിയ വാക്ക് പാലിക്കേണ്ടത് ഭർത്താവിൻ്റെ കടമയാണ്. ചിത്രരഥാ ഒന്നുകൊണ്ടും ഖിന്നനാകേണ്ട, ഞാൻ തീർച്ചയായും നിൻ്റെ പ്രാണരക്ഷ ചെയ്യുന്നതാണ്."

ചിത്രരഥനെ തേടി ഈസമയത്തിനുള്ളിൽ ശ്രീകൃഷ്ണനും അവിടെ എത്തിച്ചേർന്നു. പരസ്പര പ്രണാമങ്ങൾക്കുശേഷം ചിത്രരഥനെ വിട്ടുനൽകാൻ കൃഷ്ണൻ, അർജ്ജുനനോട് ആവശ്യപ്പെട്ടു. കാര്യകാരണങ്ങൾ നിരത്തി അർജ്ജുനൻ അതു നിരസിച്ചു. ഇതു നരനാരായണന്മാർ തമ്മിലുള്ള വക്കേറ്റത്തിലേയ്ക്കും, ഒടുവിൽ ആയുധമെടുത്തുള്ള യുദ്ധത്തിലും കലാശിച്ചു.

യുദ്ധം മൃദുത്വം വെടിഞ്ഞ്, രൂക്ഷമായി, നരനും നാരായണനും സ്വയം മറന്നു തുടങ്ങി. ദിവ്യായുധങ്ങളുടെ പ്രയോഗത്തിലെത്തി കാര്യങ്ങൾ. ലോകമാകെ പ്രക്ഷുബ്ധമായി, ദേവന്മാരും, മനുഷ്യരും ഖിന്നരായി, നാരദമഹർഷിയൊഴികെ, അദ്ദേഹം അന്നത്തെ കലഹം വളരെ ശ്രേഷ്ഠമായതിൽ അഭിമാനം കൊണ്ട് തിളങ്ങി.

ലോകനാശം സംഭവിക്കുന്നത് ഒഴിവാക്കാൻ ദേവതകൾ അപേക്ഷിച്ചതിനാൽ, അവിടേയ്ക്ക് വന്നെത്തിയ ബ്രഹ്മാവ്, എല്ലാം ഒപ്പിച്ചിട്ട് കൂട്ടത്തിൽനിന്ന് ആഹ്ളാദിക്കുന്ന പുത്രനെ പിടിക്കൂടി. ആദ്യം ഒന്നു നിഷേധിച്ചെങ്കിലും ഒടുവിൽ ഇതു തൻ്റെ കൃതിയാണെന്നും, ഇതിനു പരിഹാരം കാണമെന്നും പുത്രൻ പിതാവിനോട് സമ്മതിച്ചു.

നാരദമുനി ക്രുദ്ധരായി യുദ്ധം ചെയ്യുന്ന നരനാരായണന്മാരുടെ ഇടയിലെത്തി. എന്തിനാണു യുദ്ധം ചെയ്യുന്നതെന്ന് തിരക്കി.

ചിത്രരഥൻ്റെ ശിരസ്സ് ഗാലവമുനിയുടെ കാൽക്കൽ കൊണ്ടിടാമെന്നു താൻ വാക്കുകൊടുത്തെന്ന് ശ്രീകൃഷ്ണനും, പ്രാണദാനം നൽകിയതായി അർജ്ജുനനും അറിയിച്ചു. നാരദൻ ചെറു ചിരിയോടെ ചോദിച്ചു 

" ഇതിനാണോ പ്രാണപ്രിയരായ നിങ്ങൾക്കിടയിൽ ഈ യുദ്ധമൊക്കെ, കഷ്ടം കഷ്ടം, കാൽക്കൽ ശിരസ്സ് വരാൻ ചിത്രരഥൻ ഗാലവമുനിയെ സ്രാഷ്ടാംഗപ്രണാമം ചെയ്താൽ പൊരേ?"

കൃഷ്ണാർജ്ജുനന്മാർ ഒന്നമ്പരന്നു, "അത് ശരിയാണല്ലോ?" അവർ ആയുധങ്ങൾ വെടിഞ്ഞ് പരസ്പരം ആശ്ലേഷിച്ചു. ചിത്രരഥൻ എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്നൊന്ന് ഊരിക്കിട്ടിയാൽ മതിയെന്ന ചിന്തയിൽ ഗാലവമുനിയുടെ കാൽക്കൽ വീണു ക്ഷമ ചോദിച്ചു, ഒപ്പം നിരവധി ഉപഹാരങ്ങളും സമർപ്പിച്ചു. മുനി സന്തുഷ്ടനായി, അദ്ദേഹത്തോട് ക്ഷമിച്ചു. 

ഏവരും സന്തുഷ്ടരായി, "അത്രയ്ക്കങ്ങോട്ട് കൊഴുത്തില്ല" എന്ന ഒരു ആത്മഗതത്തോടെ, ഈ പരിസമാപ്തി അത്ര ഇഷ്ടമായില്ലെങ്കിലും നാരദമുനിയും അദ്ദേഹത്തിൻ്റെവഴിയേ മടങ്ങി.

കൃഷ്ണാർജ്ജുനന്മാർ അഥവാ നരനും നാരായണന്നും ഖാണ്ഡവദഹനമുൾപ്പടെ പലപ്പോഴും ഒന്നിച്ചുനിന്നു പൊരുതിയിട്ടുണ്ടെങ്കിലും ഒരു പരസ്പരം യുദ്ധം ഈ അവസരത്തിൽ മാത്രമാണ് ചെയ്തത്, അതും ഒരു മാലിന്യപ്രശ്നത്തിൻ്റെ പേരിൽ, നോക്കൂ അന്നും ഭഗവാൻ മാലിന്യത്തിനെതിരും മനുഷ്യൻ അനുകൂലവും ആയിരുന്നു!

No comments:

Post a Comment