വസുഷേണൻ രാജസഭയിൽ പങ്കെടുക്കുന്നതിൽ സുയോധനനു സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അത് സുഹൃത്തിന്റെ താൽപ്പര്യങ്ങൾക്കു വിപരീതമായേ ഭവിക്കൂ എന്നതിനാൽ ബോധപൂർവ്വം ഒഴിഞ്ഞു നിൽക്കുകയാണീയിടെയായി കർണ്ണൻ ചെയ്തിരുന്നത്. ഒരു നൂറ്റാണ്ടിൻ്റെ പ്രായവ്യത്യാസമുള്ള ആ മൂവർസംഘം ഭീഷ്മരും ദ്രോണരും, വിദുരരും കർണ്ണൻ പറയുന്നതെന്തായാലും നിഷ്ക്കരുണം എതിർത്തിരുന്നു.
ദ്രോണാചാര്യരുടെ എതിർപ്പ് കാരണമുള്ളതാണ്, അദ്ദേഹത്തിൽ നിന്നല്ലാതെ ആയോധനകലകൾ പരശുരാമനിൽനിന്നും അഭ്യസിക്കുകയും ഒരു വ്യാഴവട്ടം കൊണ്ട് താൻ പഠിപ്പിച്ച്, എതിരാളികളില്ലാത്തത്ര സമർത്ഥരാക്കി അരങ്ങേറ്റം നടത്തിയ ശിഷ്യസമൂഹത്തെ വെറുമൊരു ഹസ്തതാടനം കൊണ്ട് നിഷ്പ്രഭനാക്കുകയും അഭ്യാസക്കാഴ്ച്ച ഒരു പ്രഹസനമാക്കുകയും ചെയ്തുകൊണ്ട് അംഗരാജാവായി അഭിഷിക്തനായ സൂതപുത്രൻ ദ്രോണർക്ക് അങ്ങനെ മറക്കാനും പൊറുക്കാനുമാവുന്ന ഒരാളല്ലല്ലോ!
വിദുരർക്ക് സ്വാഭാവികമായി രാജകുടുംബാഗം എന്ന നിലയിൽ കർണ്ണനോട് അകൽച്ചയുണ്ടായപ്പോൾ, എല്ലാവരേയും വാത്സല്യത്തോടെ മാത്രം കാണുന്ന ഭീഷ്മരെന്തിനാണ് കർണ്ണനെ എല്ലായ്പ്പോഴും കയർക്കുന്നതെന്നും, സഭാമദ്ധ്യത്തിൽ അപമാനിക്കുന്നതെന്നും സുയോധനനെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. സുയോധനൻ്റെ പക്ഷം ചേർന്ന് അഭിപ്രായങ്ങൾ പറയുന്നവരിൽ കർണ്ണനെ അല്ലാതെ മറ്റാരേയും ഭീഷ്മർ ഇങ്ങനെ തേജോവധം ചെയ്യാറുമുണ്ടായിരുന്നില്ല.
സുയോധനൻ ആ മൂന്നു വയോധികർക്കും എല്ലാരീതിയിലും പ്രിയപ്പെട്ടവനും അവർ പറയുന്ന എന്തുകാര്യവും മറ്റൊന്നും ആലോചിക്കാതെ പ്രവർത്തിക്കുന്നവനുമായിരുന്നു, ഒരു കാര്യമൊഴികെ, അത് പാണ്ഡവരുമായി സ്വരച്ചേർച്ചയിൽ പോവുക എന്നത് മാത്രമായിരുന്നു. മുതിർന്നവരെ ബഹുമാനിക്കുകയും അവരുടെ വാക്കുകൾക്ക് വിലകൊടുക്കുകയും ചെയ്യുന്ന സുയോധനനെ പാണ്ഡവസന്ധിയൊഴികെ എന്തുകാര്യത്തിലും തങ്ങളുടെ ഒപ്പം നിർത്തുക ആ മൂവർസംഘത്തിനു വളരെയെളുപ്പവുമായിരുന്നു എന്നാൽ സുയോധനൻ്റെ നന്മ മാത്രം ഓരോ കാര്യത്തിലും തിരയുന്ന കർണ്ണൻ എല്ലായ്പ്പോഴും അവർക്കൊരു കണ്ണിലെ കരടായിരുന്നു.
കർണ്ണൻ്റെ വാക്കുകളെന്തും തള്ളിക്കളയുക ഒരു പതിവായപ്പോൾ പലപ്പോഴും സുയോധനൻ്റെ തികച്ചും ന്യായവും നീതികരിക്കാവുന്നതുമായ താൽപ്പര്യങ്ങൾപോലും ആ പേരിൽ ഖണ്ഡിക്കപ്പെട്ടപ്പോൾ രാജ്യസഭയിലെ ആലോചനകളിൽനിന്നും വിട്ടുനിൽക്കാൻ കർണ്ണൻ സ്വയം തീരുമാനിച്ചു. എന്നാൽ പ്രധാന കാര്യങ്ങളിൽ സഭകൂടുന്നതിനുമുമ്പുതന്നെ സുയോധനൻ്റെ കൊട്ടാരത്തിൽ കർണ്ണനും സുയോധനനും ചർച്ച ചെയ്തു തീരുമാനമെടുക്കുകയും അത് രാജസഭയിൽ അവതരിപ്പിക്കുകയും ചെയ്തുവന്നു.
അന്ന് വളരെ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ ചർച്ചകൾ സഭയിൽ നടക്കേണ്ടതും, തീരുമാനങ്ങൾ ഉണ്ടാവേണ്ടതും, അതിൻ്റെ അടിസ്ഥാനത്തിൽ പുനരാലോചനകൾ വേണ്ടതുമായതിനാൽ കർണ്ണൻ കാലത്തെ ചർച്ചകൾക്കുശേഷം പതിവുപോലെ മടങ്ങിപ്പോയില്ല. താൻ രാജസഭകഴിഞ്ഞു വരുന്നതുവരെ തൻ്റെ കൊട്ടാരത്തിൽ വിശ്രമിക്കുവാൻ കർണ്ണനോട് ആവശ്യപ്പെട്ട യുവരാജാവ് ഭാര്യ ഭാനുമതിയോട് പറഞ്ഞു
"ഞാൻ രാജസഭയിലേയ്ക്ക് പോവുകയാണ്, അതെപ്പോൾ കഴിയും? എപ്പോൾ മടങ്ങാനാവും? എന്നു നിശ്ചയമില്ല, അംഗേശനനുമായി മടങ്ങിവന്നിട്ട് ഒട്ടുംവൈകാതെ കൂടിയാലോചനകൾ നടത്തേണ്ടതുമുണ്ട്, അതിനാൽ വിരസതയൊഴിവാക്കാൻ രാജ്ഞി ഇദ്ദേഹവുമായി ചതുരംഗം കളിച്ചിരുന്നാലും.. ചതുരംഗത്തിൽ നിങ്ങൾ രണ്ടാളും വിദഗ്ധരാകയാൽ നേരമ്പോക്കാകും, എന്നെ എപ്പോഴും തോൽപ്പിക്കുന്ന ബുദ്ധിമതിയല്ലേ? ഇന്നു കർണ്ണനെയാവട്ടേ.."
ഭാനുമതി ഒട്ടുമാലോചിക്കാതെ മറുപടി നൽകി
"അങ്ങയെ എല്ലായ്പ്പോഴും തോൽപ്പിക്കാൻ എനിക്ക് കഴിയാറില്ലല്ലോ? നമ്മൾ തുല്യമായല്ലേ വിജയിക്കാറുള്ളൂ, അല്ലെങ്കിൽ അങ്ങൽപ്പം അധികവും.."
ഒരു പൊട്ടിച്ചിരിയോട് കുരുസത്തമൻ വൈകർത്തനനോട് പറഞ്ഞു
"രാധേയാ,യുദ്ധക്കളത്തിൽ ഏതു ശത്രുവിനേയും എനിക്ക് നിഷ്പ്രയാസം തോൽപ്പിക്കാനാവും എന്നാൽ ചതുരംഗക്കളത്തിൽ അങ്ങനെയല്ലല്ലോ, അതിനു ബുദ്ധിയാണല്ലോ വേണ്ടത്? അത് രാജ്ഞിയോളം ഇല്ലെങ്കിലും എനിക്ക് ആ വിജയങ്ങളുടെ രഹസ്യമറിയാം"
പിന്നീട് ഭാര്യയോടായി പറഞ്ഞു
"ഞാൻ അധികസമയം നിന്നോടൊത്ത് ഉണ്ടാകാൻ ഈ ചതുരംഗം സഹായകരമാണ്, സ്ഥിരമായി പരാജയപ്പെട്ട് എനിക്കതിൽ വിരസതയും വൈമുഖ്യവും വന്നാൽ നിനക്കെന്നോടൊത്തുള്ള സമയം കുറയും, ഇടയ്ക്ക് ജയിച്ചുകൊണ്ടിരുന്നാൽ ഓരോ തോൽവിക്കും ശേഷം അടുത്തതിൽ വിജയിക്കണമെന്ന വാശിയിൽ ഞാനിവിടുണ്ടാകും എന്ന ആ ബുദ്ധിയും അതിലൂടെ എനിക്ക് ലഭിക്കുന്ന കൃതവിജയവും മനസിലാക്കാനുള്ളത്ര ബുദ്ധിയെനിക്കുണ്ട് പ്രിയേ.."
അജമീഢൻ പോയതിനുശേഷം ചതുരംഗം ആരംഭിച്ചിട്ടും അതിരഥിയുടെ മനസ്സ് സുഹൃത്തിൻ്റെ പിന്നാലേ രാജ്യസഭയിലാണെന്ന് ഭാനുമതിക്ക് മനസ്സിലായി. അതിനാൽത്തന്നെ കർണ്ണൻ്റെ ശ്രദ്ധ ചതുരംഗക്കളത്തിലാക്കാൻ ഭാനുമതി തോറ്റാൽ പന്തയമെന്ത്? എന്നു ചോദിച്ചു, ആ ചോദ്യം കർണ്ണൻ്റെ കഴുത്തിലെ അമൂല്യ രത്നഹാരത്തിൽ കണ്ണൂന്നിയാണെന്ന് ശ്രദ്ധിച്ച അദ്ദേഹം
"ശരി ഈ ഹാരം തന്നെയാകട്ടേ പന്തയം"
എന്നു മറുപടി നൽകി.
മറുപന്തയമെന്തെന്ന കർണ്ണൻ്റെ ചോദ്യത്തിനു ഭാനുമതി തൻ്റെ കഴുത്തിൽ കിടന്ന അതിമനോഹരമായ രത്നഹാരം പിടിച്ചുയർത്തി കാട്ടി. അതോടെ ചതുരംഗം വാശിയിലായി, രണ്ടാളും വിദഗ്ധരായതിനാൽ അതേറെനേരം നീണ്ടുപോയി. ഒടുവിൽ ഭാനുമതി പരാജിതയായി, കർണ്ണൻ വിജയിച്ചു. വിജയിയുടെ ചിരിയുമായി കർണ്ണൻ പന്തയപ്പണ്ടം ആവശ്യപ്പെട്ടു.
"ഏതു ഹാരം? എന്തു പന്തയം?" കുസൃതി നിറഞ്ഞ കണ്ണുകളോടെ ഭാനുമതി തിരക്കി, പിന്നീട് എണീറ്റുകൊണ്ട് പറഞ്ഞു.
"എനിക്ക് അന്തപ്പുരത്തിൽ കുറച്ചു കാര്യങ്ങളുണ്ട്, ഈ ലഘുഭക്ഷണം കഴിച്ചു കുറച്ചു വിശ്രമിക്കൂ"
പോകാൻ തുനിഞ്ഞ ഭാനുമതിയെ കർണ്ണൻ ഇരുന്ന ഇരുപ്പിൽ കൈയ്യിൽ പിടിച്ച് തടയാൻ ശ്രമിച്ചു, ഭാനുമതി കുനിഞ്ഞ് ഒഴിഞ്ഞുമാറി, അംഗരാജാവിൻ്റെ കൈകൾ ആ ഹാരത്തിൽ പതിഞ്ഞു, അത് പൊട്ടി രത്നങ്ങൾ നിലത്തുവീണു ചിതറി.
ചകിതനായ കർണ്ണൻ ക്ഷമചോദിച്ചുകൊണ്ടെണീറ്റ് ഭാനുമതിയുടെ കഴുത്തിൽ ഹാരം കോർത്ത സ്വർണ്ണ നൂലിനാൽ മുറിവുണ്ടായോയെന്നാദ്യം പരിശോധിച്ചു, കുഴപ്പമില്ലെന്നുകണ്ട് ആശ്വാസത്തോടെ ഭാനുമതിയുടെ മുഖത്തെ കുസൃതിക്കുപകരം കണ്ട ചിരിയുടെ കാരണം തേടി പിന്തിരിഞ്ഞു കണ്ണുകൾ പായിച്ചു. അവിടെയൊരാൾ ആ തറയിരുന്നു ചിതറിവീണ രത്നങ്ങൾ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു, സഭകഴിഞ്ഞെത്തിയ സുയോധനൻ.
സുയോധനനെ കണ്ട കർണ്ണൻ്റെ മുഖത്തേയ്ക്കും ഭാനുമതിയുടെ ചിരിപടർന്നു, പെറുക്കിയെടുത്ത രത്നങ്ങൾ കർണ്ണൻ്റെ കൈക്കുമ്പിളിൽ ബലമായി നിറച്ചുകൊണ്ട് ചിരിയോടെ കുരുപ്രവീരൻ ചോദിച്ചു
"രാജ്ഞി പരാജയപ്പെട്ടപ്പോൾ പതിവുപോലെ പന്തയം നിഷേഷിച്ചിട്ടുണ്ടാവുമല്ലേ?"
കർണ്ണൻ ഭാനുമതി കണ്ണുവച്ച സ്വന്തം രത്നഹാരം കൂടി കഴുത്തിൽ നിന്നും ഊരിയെടുക്കാൻ ശ്രമിച്ചുകൊണ്ട് മറുപടി നൽകി
"ഭാനുമതിക്ക് അത്ര പ്രിയപ്പെട്ട രത്നങ്ങളല്ലേ അവ, അത് രാജ്ഞിക്കുതന്നെ നൽകിയേക്കൂ, ഒപ്പം ഇതുമിരിക്കട്ടേ"
കർണ്ണനെ തടഞ്ഞുകൊണ്ട് കൗരവേന്ദ്രൻ ആ രത്നങ്ങൾ സമ്മാനിച്ചു.
"വിജയിയുടെ പാരിതോഷികമായി ഇതിരിക്കട്ടെ കർണ്ണാ, ഭാനുമതിക്കുള്ള തമ്മിലുള്ള സമ്മാനം അത് നേരിട്ടു കൊടുത്തേയ്ക്കൂ.."
ഇത്രയും പറഞ്ഞ ഭാര്യയുടെ അടുത്തെത്തി ഹാരം പൊട്ടിയതിനാൽ കഴുത്തിൽ ക്ഷതമേറ്റില്ല എന്നുറപ്പിച്ചുകൊണ്ടു അവളോടു പറഞ്ഞു
"രാജ്ഞിയുടെ കുസൃതികൾ നല്ലതുതന്നെ പക്ഷേ ഭർത്താവിൻ്റെ പ്രിയമാർന്ന കരങ്ങളുടെ മൃദുത്വം സഹോദരസ്നേഹത്തിൻ്റെ കുറുമ്പിനുണ്ടാവില്ല, അതിനാൽ രാധേയനോട് അൽപ്പം കരുതലോടെ ഇടപെട്ടുകൊള്ളൂ"
അങ്ങനെയൊരവസ്ഥയിൽ തൻ്റെ സുഹൃത്തിനെ അവിശ്വസിക്കാതിരുന്ന സുയോധനനാണോ, അദ്ദേഹത്തെ അവിചാരിതമായി കണ്ടിട്ടും അദ്ദേഹമതിൽ തെറ്റായൊന്നും കാണില്ല എന്നുറപ്പിച്ച് ചിരിച്ചുകൊണ്ടു നിന്ന കർണ്ണനും ഭാനുമതിയുമാണോ മികച്ച വ്യക്തിത്വങ്ങൾ എന്നു ചോദിച്ചാൽ ഉത്തരമില്ല!
സുയോധനൻ സൗഹൃദത്തിൻ്റെ കാര്യത്തിൽ അഗ്രഗണ്യനായിരുന്നു, ഒരു പക്ഷേ ദാനധർമ്മങ്ങളിലും, രണ്ടുകാര്യത്തിലും ഒരെതിരാളിയുണ്ടായിരുന്നെങ്കിൽ അതദ്ദേഹത്തിൻ്റെ തന്നെ സുഹൃത്തായ കർണ്ണൻ മാത്രമായിരുന്നെന്ന് പാണ്ഡവപക്ഷപാതിയായ കൃഷ്ണദ്വൈപായനൻ തന്നെ പറയുന്നു!
No comments:
Post a Comment