പഠനം അത് രസകരമായ ഒരു സംഗതിയാണ്. ഇപ്പോൾ മഹിഷാസുരൻ പുതിയ ഒരു പഠനത്തിലാണ്. വിഷയം പറഞ്ഞാൽ കരുതും എനിയ്ക്ക് നൊസ്സാണെന്ന്! അല്ല, ശരിയ്ക്കും ഇത്തിരി നൊസ്സുണ്ട്, ആ ഉച്ചക്കിറുക്കിൻറ്റെ പേരാണ് മഹിഷാസുരൻ.
വിഷയം ശുക്ലകൃഷ്ണഭേദം; കറുപ്പ് എല്ലാം ഉൾക്കൊണ്ടതും, തികഞ്ഞതും, വെളുപ്പ് എല്ലാം നഷ്ടപ്പെട്ടതും, ശൂന്യവും ആകുന്നു.
തങ്ങളുടെ ഈ കുറവ് മനസ്സിലാക്കി പാശ്ചാത്യ വെളുമ്പന്മാർ എല്ലാ രീതിയിലും കറുപ്പിനെ കിട്ടുന്നിടത്തെല്ലാം അപമാനിയ്ക്കുന്നു. ബ്ലാക്ക് മെയിൽ, ബ്ലാക്ക് വാഷ്, ബ്ലാക്ക് മണ്ഡേ ....ഏറ്റവും മികച്ചതായി വൈറ്റ് കോളർ, വൈറ്റ് ഹൗസ്സ് , വെയിറ്റ് വാഷ് എന്നിങ്ങനെ നിരത്തുന്നു.
എന്നാൽസത്യം അറിയാവുന്ന പൗരസ്ത്യരോ അവർ കറുപ്പിനെ ഏറ്റവും മുന്തിയതായി കണക്കാക്കുന്നു. വെളിച്ചം ദു:ഖമാണുണ്ണീ തമസല്ലോ സുഖപ്രദം മുതൽ, കൃഷ്ണശിലയും, സാക്ഷാൽ കൃഷ്ണൻ പൂർണ്ണാവതാരവും, എന്തിനു അവരുടെ ആയോധനകലയായ കരാട്ടെയിൽ ഒന്നും അറിയാത്തവന് വൈറ്റ് ബൽറ്റും , എല്ലാം തികഞ്ഞവന് ഉന്നതമായ ബ്ലാക്ക് ബൽടും നല്കുന്നു.
പഠനം തുടരുന്നു....ഉച്ചക്കിറുക്കും....
"സീതയ്ക്ക് പ്രിയകരമായ സിന്ദൂരം" എന്നൊരു പരസ്യം അത് വാങ്ങുവാൻ, അണിയുവാൻ സ്ത്രീകളെ പ്രേരിപ്പിച്ചേയ്ക്കാം, എന്നാൽ പാഞ്ചാലിയ്ക്ക് പ്രിയങ്കരമെന്ന് പരസ്യം ചെയ്‌താൽ ഫ്രീ ഗിഫ്റ്റ് കിട്ടിയാൽ കൂടി ഉപയോഗിയ്ക്കാൻ മടിയ്ക്കും.
എന്നാൽ സീതയ്ക്ക് ഇടം കിട്ടാതെ പോയ സ്ത്രീ രത്നങ്ങൾ ആയ പഞ്ചകന്യ പട്ടികയിൽ താര, അഹല്യ, മണ്ഡോദരി, കുന്തി എന്നിവർക്കൊപ്പം അവൾ സ്ഥാനം പിടിയ്ക്കുന്നുമുണ്ട്.
എന്താണ് അവളുടെ പേർ? ദ്രൗപതി, പാഞ്ചാലി, യജ്ഞസേനി, പ്രിഷത, മാലിനി, കൃഷ്ണ, ശ്യാമ, യോജനഗന്ധ.
എന്തുമാകട്ടെ, എന്റെ കൃഷ്ണ അതല്ല. പാശ്ചാത്യ പൌരസ്ത്യ സംസ്ക്കാരത്തിൻറ്റെ വ്യത്യസ്ഥത അവിടെയുണ്ട്.
എല്ലാം ഉൾക്കൊള്ളുന്ന ഏറ്റവും ഉയർന്നത് കൃഷ്ണവും, എല്ലാം പരിത്യജിച്ച്, ശുഷ്ക്കമായത് ധവളവും. തമസ്സും, പരബ്രഹ്മവും, പരമമായ എല്ലാം പ്രതിനിധീകരിയ്ക്കുന്ന നിറം.
പാശ്ചാത്യർ ധവളവർണ്ണത്തെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. പൗരസ്ത്യർ നേരേ മറിച്ചും. അജ്ഞനക്കല്ലും, കൃഷ്ണവർണ്ണവും, കരിവളയും, കരിമഷിയും എല്ലാം പരമശുദ്ധിയെ സൂചിപ്പിയ്ക്കുന്നു. വൈറ്റ് ഹൗസ്സും , വൈറ്റ് സഫയറും, വൈറ്റ് പീജിയനും ആയി പാശ്ചാത്യർ വരുമ്പോൾ പൗരസ്ത്യ ആയോധനകലയായ കരാട്ടേ തുടങ്ങിയവയിൽ ഏറ്റവും ഉയർന്ന സ്ഥാനമായി കറുത്ത പട്ട നല്കുന്നത് ശ്രദ്ധിയ്ക്കുക.

No comments:
Post a Comment