Wednesday, September 27, 2017

ഉജ്ജയിനിയിലെ ഗായിക



ഉജ്ജയിനിയിലെ വിക്രമാദിത്യ ചക്രവർത്തിയുടേത് ആണോ? ഭോജമഹാരാജാവിന്റെതാണോ ക്ഷപണകന്‍, ധന്വന്തരി, കാളിദാസന്‍, അമരസിംഹന്‍, വരാഹമിഹിരന്‍, വരരുചി, ശങ്കു, വേതാളഭട്ടന്‍, ഹരിസേനന്‍. എന്നീ നവരത്നങ്ങളുടെ സദസ്സ്? എന്തായാലും മഹാകവി കാളിദാസൻ ഉജ്ജയിനിയിലാണ് ജീവിച്ചതും ഒരു സമസ്യ പൂരിപ്പിച്ചാൽ കിട്ടുന്ന ധനം സ്വന്തമാക്കാൻ ഒരു വേശ്യാസ്ത്രീയാൽ കൊല്ലപ്പെട്ടതും. 


നമ്മുടെ വയലാർ കടൽപ്പാലം എന്ന ചിത്രത്തിനായി രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകി പി. ലീല ആലപിച്ച "ഉജ്ജയിനിയിലെ ഗായിക ഉര്‍വ്വശിയെന്നൊരു മാളവിക" എന്ന ഗാനം കേരളസര്‍ക്കാര്‍ സിനിമാപുരസ്‌കാരം നല്‍കിത്തുടങ്ങിയ 1969 ലെ മികച്ച ഗായകയായി പി ലീലയ്ക്ക് നേടിക്കൊടുത്തു.


വയലാറിന്റെ വരികളിലൂടെ.. 

ഉജ്ജയിനിയിലെ ഗായിക
ഉര്‍വ്വശിയെന്നൊരു മാളവിക
ശില്‍പ്പികള്‍ തീര്‍ത്ത കാളിദാസന്റെ
കല്‍പ്രതിമയില്‍ മാലയിട്ടു

ഋതു ദേവതയായ്‌ നൃത്തം വെച്ചു
മുനികന്യകയായ്‌ പൂജിച്ചു
ഹിമഗിരി പുത്രിയായ്‌ തപസ്സിരുന്നൂ അവള്‍
സ്വയംവരപ്പന്തലില്‍ ഒരുങ്ങി നിന്നൂ 

അലിയും ശിലയുടെ കണ്ണു തുറന്നൂ
കലയും കാലവും കുമ്പിട്ടൂ
അവളുടെ മഞ്ജീരശിഞ്ജിതത്തില്‍ സൃഷ്ടി-
സ്ഥിതിലയതാളങ്ങളൊതുങ്ങി നിന്നൂ 

യുഗകല്‍പനയുടെ കല്ലിനു പോലും
യുവഗായികയുടെ ദാഹങ്ങള്‍
ഒരു പുനര്‍ജ്ജന്മത്തിന്‍ ചിറകു നല്‍കി അവര്‍
സ്വയം മറന്നങ്ങനെ പറന്നുയര്‍ന്നൂ

എന്താണ് വയലാർ എഴുതിയിരിയ്ക്കുന്നത്? 

കാളിദാസന്റെ പ്രമുഖാകൃതികളിലൂടെ ഒരോട്ടപ്രദിക്ഷണം!


മാലയിട്ടവൾ ഉജ്ജയിനിയിലെ ഗായിക ആയിരുന്നു എന്നാൽ അവളുടെ ഗളത്തിൽ നിന്നല്ല ശബ്ദസൗകുമാര്യം ഒഴുകി വന്നത് "മഞ്ജീരശിഞ്ജിതത്തിൽ" ചിലങ്കയുടെ കിലുക്കമാണ് സൃഷ്ടിയെയും സ്ഥിതിയെയും അടക്കി നിർത്തിയത്. അപ്പോൾ അവൾ ഒരു നർത്തകി ആയിരുന്നു, പിന്നാരാണീ ഗായിക?

മേഘദൂതിനെ വിശേഷിപ്പിയ്ക്കാൻ ഒരു ഗായിക..

വിക്രമോര്‍വശീയത്തിന് ഉർവ്വശി ..

മാളവികാഗ്നിമിത്രത്തിന് മാളവിക...

ഋതുസംഹാരത്തിന് നൃത്തം വയ്ക്കുന്ന ദേവത..

അഭിജ്ഞാനശാകുന്തളത്തിന് മുനികന്യക ശകുന്തള...

കുമാരസംഭവത്തിന് തപസ്സ് ചെയ്യുന്ന ഹിമഗിരിപുത്രി..

രഘുവംശത്തിന് സ്വയംവരപ്പന്തലില്‍ ഒരുങ്ങി നിന്ന മിഥിലയിലെ ജാനകി...

ഇവയെല്ലാം പറഞ്ഞിട്ട് ഞാൻ കൃതായുഗവും, ത്രേതായുഗവും, ദ്വാപരയുഗവും,കലിയുഗവും ഒക്കെ കൂട്ടിക്കുഴയ്ക്കുമ്പോൾ ചോദ്യശരങ്ങളുമായി വരരുത് എന്ന് ശാസിച്ച് ഒരു "യുഗകൽപ്പന"; ഒടുവിൽ പുനർജ്ജന്മത്തിന്റെ ചിറക് നൽകിയത് ആർക്ക്? കാളിദാസന്റെ ഓർമ്മകൾക്കോ? കാളിദാസ നായികമാരുടെ സങ്കല്പങ്ങൾക്കോ? ശ്രോതാവിന്റെ, അനുവാചകന്റെ ഹൃദയത്തിനോ?

വയലാറിനു സമം വയലാർ മാത്രം!
ഗാനം കേൾക്കാം

No comments:

Post a Comment