Tuesday, October 3, 2017

കണ്ണൻചേമ്പും കാമുകനും


ഇന്ന് നമുക്ക് സസ്യശാസ്ത്രം പഠിയ്ക്കാം...

"കൊളക്കേഷ്യാ എസ്ക്കുലാന്റാ" വലിയ ആഡംബരവും സസ്‌പെൻസുമൊന്നും വേണ്ടാ സംഗതി മലയാളം കുളക്കടവിലെ കണ്ണൻ ചേമ്പ് അല്ല പിന്നെ!

ആനച്ചെവിയൻ, കറുത്ത റാഫിൾ എന്നൊക്കെ പറയുന്ന ഇതിനെ ഇംഗ്‌ളീഷിൽ "ബ്ളാക്ക് ടാരോ" എന്ന് വിളിയ്ക്കണം. ആൾ കിഴങ്ങനാണ്, പൂവും, കായും വെറും ജാഡയാണ്.

കഥാപ്രസംഗ ഭാഷയിൽ പറഞ്ഞാൽ പ്രിയപ്പെട്ടവരേ... അതാ ആ ആറ്റിൻകരയിലെ കുളിക്കടവിലേയ്ക്ക് നോക്കൂ..

കഥാനായിക കുളികഴിഞ്ഞ് ഇറാൻ വസ്ത്രങ്ങൾ മാറ്റി ധരിയ്ക്കുവാൻ കരയിലെ മടന്തയും ചേമ്പും അരുക്കുറ്റിയും നിറഞ്ഞ ആ പൊന്തക്കാടിന്റെ മറവിലേയ്ക്ക് മാറിനിൽക്കുന്നു ...

വസ്ത്രം മാറുന്നതിനിടയിൽ ഒരനക്കം കണ്ടവൾ അങ്ങോട്ട് നോക്കി..

അതാ അവിടെ പൊന്തക്കാട്ടിൽ ഒരുവൻ അവളുടെ നഗ്നത കണ്ട് രസിച്ച് അങ്ങനെ ആടിയാടി നിൽക്കുന്നു...

അത് മറ്റാരുമായിരുന്നില്ല സുഹൃത്തുക്കളേ നമ്മുടെ കഥാനായകൻ കണ്ണൻ ചേമ്പ് ആയിരുന്നു, ആനച്ചെവിയൻ ഇലകൾ കാറ്റിലാട്ടി, ശൃംഗാരഭാവത്തിൽ അവനങ്ങനെ പൂത്തുലഞ്ഞ് നിൽക്കുന്നു. അവന്റെ ആ പൂവും കായും അവൾക്ക് എന്തായി തോന്നിയെന്ന് നമുക്കറിയില്ല പക്ഷേ....

നാണിച്ചുപോയ കഥാനായിക അൽപ്പം ദേഷ്യത്തിൽ ഇങ്ങനെ പാടി...

"ഇത് കണ്ടിട്ടാടേണ്ട കണ്ണൻ ചേമ്പേ 
ഇതിനൊരു കാമുകൻ വേറെയുണ്ട്"

സസ്യശാസ്ത്രം മറ്റെന്തോ ശാസ്ത്രത്തിന് വഴിമാറി; ഇനിയിവിടെ നിന്നാൽ ശരിയാവില്ല.

ഞാൻ സ്കൂട്ടായി!!!!

No comments:

Post a Comment