ശ്രീകൃഷ്ണൻ 16008 സ്ത്രീകളെ വിവാഹം കഴിച്ചതിനു ശേഷം ദ്വാരകയിൽ ആ സ്ത്രീകളെ പ്രത്യേക ഗൃഹങ്ങളിൽ താമസിപ്പിച്ച് ദാമ്പത്യജീവിതം നയിച്ച് വരുന്ന കാലത്ത് സംശയത്തിന്റെ മൊത്ത വ്യാപാരിയായ നരദമുനിയ്ക്ക് കലശലായ ഒരു ശങ്ക.... കൂടുതൽ ആലോചിച്ചപ്പോൾ ചിന്തകൾ കാടുകയറി.. സംഗതി കാളിയനെന്ന ഭീകരസർപ്പത്തെ തലയിൽ കയറി നൃത്തം ചെയ്ത ആളൊക്കെ തന്നെ എന്നാലും...
"കാളിയമഥനന്‍ വളരെ സ്ത്രീകളെ
വേളി കഴിച്ചതു ചിതമായില്ല"
അല്ല, ഈ കണവന് തന്റെ ഭര്യമാരെയെല്ലാം വേണ്ട രീതിയിൽ ശ്രദ്ധിയ്ക്കാനാവുമോ?
കേളിക്കും സുഖമില്ലിസ്ത്രീകളെ
ലാളിക്കുന്നതുമെങ്ങനെ കൃഷ്ണന്‍ ?
ഒരു സാധാരണക്കരനാണെങ്കിൽ ഇത്രയും സ്ത്രീകളുമായി ഒരാൾ ഒരു ദിവസ്സം എന്ന രീതിയിൽ കഴിഞ്ഞാൽ.. നാരദൻ മേഘങ്ങളുടെ പുറത്ത് കണക്കെഴുതി കൂട്ടിയും, ഗുണിച്ചും, ഹരിച്ചും ക്ഷീണിച്ചു... ഒരിയ്ക്കൽ കൃഷ്ണനോടൊപ്പം അവസരം ലഭിച്ചാൽ പിന്നെ ഊഴം വരാൻ 43 വർഷം, 10 മാസം, 8 ദിവസം കഴിയണം.
പ്രതിദിനമോരോ നാരികളോടും
രതിസുഖമനുഭവമെന്നുവരുമ്പോൾ
ഉഴവില്ലാതൊരു പുല്ലു കിളുർത്തൊരു
പഴുനിലമെന്നകണക്കേ സ്ത്രീകൾ
ക്കൂഴം വരുവാൻ വളരെക്കാലം
പാഴിലിരുന്നേ മതിയാകുള്ളു
മുപ്പതുമെട്ടുമൊരഞ്ചും വർഷം
മാസം പത്തും ദിവസമൊരെട്ടും
അങ്ങു കഴിഞ്ഞാലൊരുദിനമവനൊടു
സംഗമമംഗനമാർക്കു ലഭിക്കും
അതായത് രണ്ടാമൂഴമാകുമ്പോഴേയ്ക്കും ഭാര്യ വാർദ്ധ്യക്യത്തിലേയ്ക്ക് കടന്നിരിയ്ക്കും...
രണ്ടാം കുറി വരുമളവേ നാരികൾ
കണ്ടാലാകാതായ് വരുമപ്പോൾ
തണ്ടാർമാതിന് കണവനുമായവൾ
വേണ്ടാതായ് വരുമക്കാലത്ത്
തലമുടിയൊക്കെ നരച്ചു വെളുത്തും
മുലയിണ തൂങ്ങിയുലഞ്ഞു ചമഞ്ഞും
ചില പല്ലിന്നുമിളക്കം വരുമൊരു
വിലപിടിയാത്തവളായ് വരുമപ്പോൾ
ആയവൾ പെറ്റതു പെണ്ണെന്നാൽ പുന
രവളും പെറ്റുതുടങ്ങുമതങ്ങനെ
മകളും മകനും മരുമകൾമകനും
വക പലതിങ്ങനെ തീർന്നാലവിടെ
സുഖമില്ലെന്നും വന്നു ഭവിക്കും
ഇനി അദ്ദേഹത്തിന്റെ അവസ്ഥ നാരുദൻ ഒന്ന് ചിന്തിച്ച് നോക്കി...
മുറ്റുമൊരുത്തിയെ ലാളിക്കുമ്പോൾ
മറ്റേപ്പെണ്ണിനു മുഞ്ഞി കറുക്കും
തെറ്റെന്നവളെസ്സമ്മാനിച്ചാൽ
കുറ്റം മറ്റവളൊന്നുണ്ടാക്കും
പിന്നെ ഇത്രയും സ്ത്രീകൾക്ക് ചിലവിനു കൊടുത്ത് ഇദ്ദേഹം വഴിയധാരമാകില്ലേ?
അറ്റമതില്ലാതംഗനമാര്‍ക്കിഹ
കൊറ്റുകൊടുത്തും കോപ്പുകള്‍ തീര്‍ത്തും
പേറ്റിനു കടുകും മഞ്ഞളുമുള്ളിയു
മേറ്റം പലവക ചെലവുകളിട്ടും
വളരെ സ്ത്രീകളെ വച്ചു പുലര്‍ത്തും
ജളപുരുഷന്‍ മുതലുള്ളതശേഷം
കളവാനുള്ളൊരു സംഗതിയാകും
ഇങ്ങനെ ഉള്ള ഒരാൾ എങ്ങനെയാണീ സദാസമയം പുഞ്ചിരിച്ച് നടക്കുന്നത്, ഇതധികം നീളുമെന്ന് തോന്നുന്നില്ല...
കളവാണികളില്‍ കാംക്ഷ മുഴുത്താൽ
നളിനവിലോചനനാകിയ കൃഷ്ണനു
നാരികളനവധിയുണ്ടായതിനാൽ
കളിപറകല്ലൊരുനേരവുമുള്ളിൽ
തെളിവില്ലെന്നും വന്നു ഭവിക്കും
എന്തായാലും ഇതൊന്ന് നേരിട്ടറിയണം, അതിനിപ്പൊൾ ഒരു വഴിയേ ഉള്ളൂ, ഒളിഞ്ഞ് നോട്ടം!
വാശ്ശതുമസ്തു നമുക്കെന്തതിനാൽ
ഈശ്വരവിലസിതമാര്‍ക്കറിയാവൂ?
നന്ദകുമാരന്‍ ബോധിക്കാതെ
ചെന്നു പതുക്കെയൊളിച്ചൊരു ദിക്കിൽ
നിന്നുടനൊന്നു വിശേഷമറിഞ്ഞ
ങ്ങിന്നു നമുക്കു ഗമിച്ചീടേണം
ശരിയ്ക്കും ഇദ്ദേഹം അതിമാനുഷനാണോ? അനവധി സ്ത്രീകളുടെ കൂടെ ഒരേ സമയം രമിയ്ക്കുവാൻ...
പതിനാറായിരമെട്ടും സ്ത്രീകടെ
പതിയാകുന്ന പരൻ പുരുഷൻ താൻ
അതിമാനുഷനിവനെങ്കിലുമനവധി
മതിമുഖിമാരൊടു കൂടി രമിപ്പാൻ
മതിയായ് വരുമോ താനൊരുവൻ പുന
രതിനുടെ കൗശലമിങ്ങറിയേണം
അങ്ങനെ നാരദൻ ഒളിഞ്ഞ് നോട്ടം എന്ന കലപരിപാടി ആരംഭിച്ചു... ആദ്യഗൃഹത്തിൽ കൃഷ്ണൻ ശയനമുറിയിലുണ്ട്....
ഇത്ഥം നാരദമാമുനിതന്നുടെ
ചിത്തം തന്നില്‍ വിചാരിച്ചങ്ങൊരു
പുത്തന്‍ മണിമാളികമുകളേറി
പുരുഷോത്തമനുടെ ശയനഗൃഹത്തിൽ
ജാലകവാതില്പ്പഴുതില്ക്കൂടെ
ച്ചാലെയൊളിച്ചഥ നോക്കുന്നേരം
അടുത്ത വീട്ടിൽ ഭാര്യയുടെ നഗ്നമായ മാറിടം തന്റെ മാറിടാത്തിലമർത്തി പുണർന്ന് നിൽക്കുന്നു...
പരഭവനാന്തേ ചെന്നു മുനീന്ദ്രൻ
പരമപുമാനെയുമവിടെക്കണ്ടു
പരിമളമിളകിന മലയജമൊഴുകും
പരഭൃതമൊഴിയുടെ കുചഭരയുഗളം
പരിചൊടു തിരുമാര്‍വ്വിടമിടചേര്‍ത്തഥ
പരമസുഖേന പുണര്‍ന്നീടുന്നു
അടുത്ത വീട്ടിൽ ഭാര്യയെ മടിയിലിരുത്തി മാറിടത്തിൽ ചന്ദനം ചാർത്തുന്ന കാഴ്ച്ച കണ്ടു.
കലിമുനി ചെന്നു കരേറുന്നേരം
ജലജ ദലേക്ഷണ നേവം നല്ലൊരു
ചലമിഴിയേ നിജ മടിയിലിരുത്തി
മലയജ പങ്കില കങ്കുമ കളഭം
മുലകളിലണിയിക്കുന്നതു കണ്ടു
അടുത്ത വീട്ടിൽ കണ്ടത് ഒരു ആണയിടൽ ആണ്, അത് കണ്ട് നാരദൻ നണിച്ച് പോയി, ഇതെവിടെ തൊട്ടാണ് സത്യം ചെയ്യൽ?
കലഹ പ്രിയമുനി താനഥ മറ്റൊരു
നിലയം തന്നില്‍ ചെല്ലുന്നേരം
വലരിപു സഹജനൊരംഗന തന്നുടെ
മുലയിണ മെല്ലെത്തൊട്ടു തലോടി
കലഹിക്കരുതേ കാമിനി ! നിന്നുടെ
മുലയിണയാണേ മറ്റൊരു നാരിയെ
വലനം ചെയ്തില്ലാശു സുശീലേ !
ഒടുവിൽ പതിനാറായിരത്തെട്ട് വീടും കയറി കനേഷുമാരി എടുത്ത നാരുദൻ സമ്മതിച്ചു...
മൂക്കേൽ വിരലും വെച്ചു നടന്നു നി
രക്കെപ്പതിനാറായിരമെട്ടുമ
തൊക്കെക്കണ്ടു സുവർണ്ണഗൃഹത്തിൽ
എല്ലാ ശയനഗൃഹങ്ങളിലും ബത
മല്ലാന്തകനും മഹിഷിയുമായി
സല്ലാപാദി സുഖേന ശയിപ്പതു
മുല്ലാസാലിഹ കണ്ടു മുനീന്ദ്രൻ
" കൃഷ്ണ ഹരേ ! മധുസൂദന മാധവ !
വൃഷ്ണികുലേശ്വര ! വിശ്വംഭര ജയ
വിസ്മയമീശ്വര തവ മറിമായം
തസ്മിൻ സ്വാമിൻ നാഥ നമസ്തേ "
എന്നിട്ടും ആൾ തനി ഗുണം കാട്ടി ഒരേഷണി രുഗ്മിണിയുട്ടെ അടുത്ത് പറഞ്ഞ് പിരി കയറ്റി, പുറത്തു നിന്നെത്തിയ കൃഷ്ണൻ അടഞ്ഞ വാതിലിനു മുന്നിൽ കുടുങ്ങി! അദ്ദേഹം ആരാ വിദ്വാൻ? സരള സരസ ഭാഷണങ്ങളിലൂടെ രുഗ്മിണിയെ മയക്കി, വാതിൽ തുറന്നകത്ത് കടന്ന്, അവളോടൊപ്പം രമിച്ചു നാരദന്റെ ഏഷണി പൊളിച്ച് കയ്യിൽ കൊടുത്തു.
കുഞ്ചൻ നമ്പ്യാരുടെ രാമാനുചരിതം തുള്ളലിലൂടെയാണ് നമ്മൾ സഞ്ചരിച്ചത്, വളരെ രസകരമായ ഈ കൃതിയെ നിങ്ങൽക്കായി ഞാൻ പരിചയപ്പെടുത്തുന്നു...

No comments:
Post a Comment