Friday, December 29, 2017

മാഞ്ഞുപോയ കസ്തൂരിപ്പൊട്ട്

മലയാളത്തിലെ അൽപ്പസ്വൽപ്പം മാംസഹാരി ഗാനങ്ങളുടെ ശ്രേണി എടുത്താൽ തിക്കുറിശ്ശിയെ മാറ്റി നിർത്താനാവില്ല! 1969 ലെ പൂജാപുഷ്പ്പം എന്ന ചിത്രത്തിനു വേണ്ടി അദ്ദെഹം എഴുതി ദക്ഷിണാമൂർത്തി സ്വാമി സംഗീതം കൊടുത്ത് യേശുദാസ്സും, രേണുകയും പാടിയ ഈ ഗാനം ഒരു മധുവിധു രാത്രിയെ ആദ്യസമാഗമത്തിനു ശേഷം തൊട്ടടുത്ത നിമിഷങ്ങളിൽ അവലോകനം ചെയ്യുന്നു.


സ്വാഭാവികമായി ഉറങ്ങി എണീറ്റാൽ സംഭവിയ്ക്കില്ല എന്ന് ശഠിയ്ക്കുന്ന പ്രസ്താവനകൾ കസ്തൂരിപ്പൊട്ട് മായലും, മുടിയഴിയലും, പൂ പൊഴിയലും.. 

പിന്നീട് ചോദ്യോത്തര പംക്തി തുടങ്ങുകയായി... 
കവിളു ചുവന്നത്? 
കണ്മഷി പരന്നത്? 
പക്ഷേ ആഗ്രഹം, ആവേശം ഒക്കെ ആക്രാന്തമായി മാറിയതിനാൽ ചുണ്ടിൽ ചോരപൊടിയുന്ന നിലയിലുമായി. ഇതത്ര അസാധാരണമയ കാര്യവുമല്ല, പലരും ഇങ്ങനെ ഒരനുഭവം പറഞ്ഞ് കേട്ടിട്ടുണ്ട്, ചുംബനം കരിക്കുലത്തിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചിയ്ക്കേണ്ടതാണ് എന്ന് തോന്നുന്നു! ഇനി വിയർപ്പ് നിറഞ്ഞതായി പറയുമ്പോൾ ആണ് നേരത്തെ പറഞ്ഞ തൊട്ടടുത്ത നിമിഷം ആണീ ആഖ്യാനം എന്ന് തോന്നുന്നത്. 

എന്തായാലും സംഗതിയുടെ ഒരു മാർക്ക് കേട്ട് സുഖിയ്ക്കാമെന്ന മോഹം അവൾ തല്ലിക്കെടുത്തിക്കളഞ്ഞു, അല്ലെങ്കിലും വിവാഹം കഴിയുന്ന നാളുകളിൽ പുരുഷൻ എല്ലാം അറിയുന്നവനും സ്ത്രീ ഒന്നുമറിയാത്തവളുമായി വേണം പെരുമാറാൻ... കുറച്ച് ദിവസം കഴിഞ്ഞാൽ നേരേ മറിച്ചാകാം, അയിക്കോളും, പക്ഷേ ആദ്യമാദ്യം അറിയൂല്ല, പറയൂല്ല ഒക്കെ ആണ് ബെസ്റ്റ് കണ്ണേ... 

ചോദ്യത്തര പംക്തി തുടരുകയാണ്... കൈവള ഉടഞ്ഞത്? അല്ലേലും വളയും മാലയുമൊക്കെ ഈ അവസരത്തിൽ ഒരു അധികപ്പറ്റാണ്, കുപ്പിവളയാണെങ്കിൽ ഉടഞ്ഞാൽ അപകടവും! കാശ്മീരപ്പട്ട് സാരി ഉലഞ്ഞു എന്നതിൽ നിന്നും പഴുത്തമാങ്ങാ തൊലിചെത്തി പൂളിക്കഴിയ്ക്കുകയല്ല, ആദ്യസമാഗമ ലജ്ജയുടെ ആധിക്യത്താൽ ഉള്ള എതിർപ്പുകളെ അനുവദിച്ച്, വിശ്വാസം നേടി; ഞെടുപ്പ് കടിച്ച് ദ്വാരമാക്കി ഊറിക്കുടിച്ചു എന്നും കരുതാം. ആ വിശ്വാസവും, പ്രണയവും, ലജ്ജയും, സംതൃപ്തിയും ഒക്കെ കള്ളപ്പുഞ്ചിരിയായും, പാതിയടഞ്ഞ കണ്ണുകളായും കണ്ട്, ഒരു നിർവൃതിയുടെ മറുപടിയിൽ ഒന്ന് തൃപ്തിയടയാമെന്ന് കരുതിയ നായകനെ ഇത്തവണയും ബുദ്ധിമതിയായ നായിക കൈവിട്ടു. 

ഇതോടെ പ്രശ്നോത്തരപംക്തിയിൽ താൽപ്പര്യം നഷ്ടമായ നായകൻ സ്വയം ഒരു തീരുമാനത്തിൽ എത്തുന്നു; കരളു ഉറഞ്ഞു.. അത്രയുമായപ്പോൾ പിൻവാങ്ങുന്ന നായകനെ ഒന്ന് ഉഷാറാക്കാൻ നായിക ഇടപെടുന്നു കയ്യ്മെയ്യ് പുണർന്നത് വിവരിച്ച്, ഒടുവിൽ ഇവരീ കാട്ടിക്കൂട്ടിയതിനെല്ലാം പേരുദോഷം പാവം കാമദേവനും! എന്തായാലും അങ്ങേരുടെ ആവനാഴി ഒഴിഞ്ഞു, അതിപ്പോൾ താൽക്കാലികം ആവണം; എന്താവാം, ആശകളോ, ആവേശമോ, കാമമോ, കാമനയോ, മറ്റെന്തെങ്കിലുമോ??? 

ഒരു മധുവിധു രാത്രിയും, രാസക്രീഡയുടെ നിർവൃതിയും, അനന്തര സുഷുപ്തിയും വർണ്ണിച്ചതിലൂടെ സംഭോഗശൃംഗാരവും ലാസ്യവും കരകവിഞ്ഞൊഴുകുന്ന വരികൾ... 
ക്ളാസ്സ് കഴിഞ്ഞ സ്ഥിതിയ്ക്ക് പാട്ട് കേൾക്കാം.... 

കസ്തുരി പൊട്ടുമാഞ്ഞു.. 
നിന്റെ കാർക്കൂന്തൽ കെട്ടഴിഞ്ഞു.. 
കല്യാണ സൗഗന്ധികപ്പു പൊഴിഞ്ഞു... 
കസ്തുരി പൊട്ടുമാഞ്ഞു.. 

കണ്ണാടി കവിളെന്തെ ചുവന്നു നിന്റെ 
കണ്മഷി എന്തിവിടെ പരന്നു 
ചുണ്ടിലെങ്ങിനെ ചോര പൊടിഞ്ഞു 
സുന്ദര വദനം വിയർപ്പു നിറഞ്ഞു... 
പറയൂല്ല... 
ഞാൻ പറയൂല്ല... 

കൈവള എന്തുകൊണ്ടാണുടഞ്ഞു 
നിന്റെ കാശ്മീര പട്ടു സാരിയുലഞ്ഞു.. 
കള്ള പുഞ്ചിരി വന്നു തടഞ്ഞു.. 
കണ്ണുകളെന്തെ പാതിയടഞ്ഞു... 
പറയൂല്ല... 
ഞാൻ പറയൂല്ല... 

കരളും കരളുമൊന്നായി ഉറഞ്ഞു.. 
പിന്നെ കൈയും മെയ്യും തമ്മിൽ പിണഞ്ഞു.. 
മലർശരൻ ആവനാഴി ഒഴിഞ്ഞു... 
നമ്മൾ മധുവിധു രാത്രി എന്തെന്നറിഞ്ഞു..." 

No comments:

Post a Comment