നദി ചിത്രത്തിനു വേണ്ടി വയലാർ രചിച്ച "കായാമ്പൂ കണ്ണിൽ വിടരും" എന്ന ഈ പാട്ടിനും, വരികൾക്കും അപ്പുറത്ത്, പറയാൻ ഒരു "മാ നിഷാദ" യും മറ്റ് ചിലതുമുണ്ട്; 10 ആം ക്ലാസ്സിനു ശേഷം ഞാൻ മലയാളം പഠിച്ചിട്ടില്ല; ഹിന്ദിയും, സംസ്‌കൃതവുമാണ് പഠിച്ചത്.
പൂനയിലും, ഗൾഫിലുമാണധികവും ജീവിച്ചതും. എന്നാലും ഒരിടവേളയിൽ തിരുവനന്തപുരം തൈക്കാട് റയിൽവേയുടെ ഡിവിഷണൽ ഓഫീസിൽ ജോലി ചെയ്‌തിരുന്ന കാലത്ത് മഹാകവി എം. പി. അപ്പൻ എന്ന എം. പൊന്നപ്പന്റെ ശേഷക്കാരൻ എം.എസ്. ജയകുമാർ ആണ് ഈ ഗാനങ്ങളെ കവിതാശകലങ്ങൾ ആക്കി നിരന്തരം പരാമർശ്ശിച്ച് എന്നെ ഇതിന്റെ ഗവേഷകൻ ആക്കിയത്.
മറക്കാനാവാത്ത ഒരു സംഭവം "കായാമ്പൂ കണ്ണിൽ വിടരും" എന്ന ഗാനത്തെ ചൊല്ലിയാണ്. എം.എസ്സ് .ജയകുമാറിൽ നിന്നും ടി.പി. ശാസ്തമംഗലത്തിലേയ്ക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല. വായന ആ തലത്തിലേയ്ക്ക് മാറിയപ്പോൾ ചിന്തകളും കാടുകയറി.
കായാമ്പൂ കണ്ണിൽ വിടരും - ശരിയായിരിക്കാം ചിലരുടെ മുഖദർശനത്തിൽ മറ്റുചിലരുടെ കണ്ണിൽ "റാഫ്ലേഷ്യാ അർണോൾഡി" വരെ വിടരുന്നത് കണ്ടിട്ടുണ്ട്.
കമലദളം കവിളിൽ വിടരും - നല്ല നുണക്കുഴിയുള്ള മുഖങ്ങളിലെ തുടുക്കുന്ന ചിരിയുടെ കൂടെ താമരയിതളുകളുടെ ദൃശ്യം അപൂർവമല്ല.
എന്നാൽ അനുരാഗവതിയുടെ ചൊടികളിൽ നിന്നും ആലിപ്പഴങ്ങൾ....
യുവതിയുടെ ചുണ്ടിൽ നിന്നടരുന്ന തേൻചോരും വാക്കുകൾ ആവാം കവി ഉദ്ദേശിച്ചത്.
പക്ഷെ എന്നിലെ ടി.പി. ബാധ "പെണ്ണേ ... നീ സംസാരിയ്ക്കുമ്പോൾ തുപ്പൽ തെറിയ്ക്കുന്നു" എന്നാണ് പറയിപ്പിച്ചത്!
പൊതുവെ സൗമ്യനും, ശാന്തസ്വഭാവിയുമായ എം.എസ്സ് .ജെ അന്ന് പൊട്ടിത്തെറിച്ചു..... കുറെയേറെ പുലഭ്യം പറഞ്ഞു. അദ്ദേഹത്തിന്റെ പരമാവധി!
സൂപ്പർലേറ്റീവ് പുലഭ്യങ്ങൾ കേട്ട് പരിചയിച്ച എനിയ്ക്ക് അത് തൃണസമാനമായിരുന്നെങ്കിലും അയാളുടെ ദുഃഖം, മനസ്സിലെ ഒരു വിഗ്രഹം തകർക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന അസ്വസ്ഥത ഉണ്ടാക്കി.
അതിനു ശേഷം തുടങ്ങിയ നേരായ പഠനങ്ങൾ ആണ് പലപ്പോഴും പാട്ടുകളുടെ ആമുഖമായെഴുതുന്ന വരികൾ.
കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ
നിത്യ വിസ്മയവുമായ് ഞാനിറങ്ങീ - സഖീ
ഞാനിറങ്ങീ
നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
കെട്ടിയിട്ടു

No comments:
Post a Comment