Friday, February 2, 2018

കുളിർചൂടിനിൽക്കുന്നവർ

1971 ലെ ലങ്കാദഹനം സിനിമയ്ക്ക് വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച്, എം.എസ്സ്.വിശ്വനാഥൻ സംഗീതം നൽകി, യേശുദാസ്സ് ആലപിച്ച ഗാനം ആണ് "നക്ഷത്ര രാജ്യത്തെ നർത്തനശാലയിൽ രത്നം പൊഴിയുന്ന രാത്രി". നായികയെ ഒന്ന് ആലിംഗനം ചെയ്യുവാൻ കൊതിപൂണ്ട നായകന് രാത്രിയിൽ പരിരംഭണങ്ങളുടെ ഒരു നിര തന്നെ പ്രകൃതിയിൽ ദൃശ്യമാകുന്ന മാനസ്സിക നിലയിലാണ്.

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിൽ മേഘങ്ങൾ സഞ്ചരിയ്ക്കുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും നക്ഷത്രങ്ങൾ നടനമാടുകയും, രത്നം പൊഴിയ്ക്കുകയും ചെയ്യുന്ന ദൃശ്യചാരുത; അതിനിടയിൽ മേഘങ്ങൾ ഒന്നിനു പുറമേ ഒന്നായും, അകന്നും ഒഴുകി നീങ്ങുന്നു; അത് അവ ആലിംഗനം ചെയ്യുന്നതായും, മേഘസമ്പർക്കത്തിൽ ഉണ്ടാകുന്ന മിന്നൽ ചുംബനമായും, ഇടിനാദം ത്സീൽക്കാരമായും ഒക്കെ പ്രണയാതുരമായ മനസ്സിനു സങ്കൽപ്പിയ്ക്കാം.

മേഘങ്ങൾ ഒഴിഞ്ഞ് കിട്ടുന്ന വിടവിലൂടെ നോക്കുന്ന താരകൾ കാണുന്നത് കരയിൽ നിഴലും നിലാവും, കടൽക്കരയിൽ കടലും കരയും പുണരുന്നതല്ലേ എന്ന് സംശയിയ്ക്കുന്ന നായകൻ സ്വന്തം കാര്യത്തിലേയ്ക്ക് കടക്കുകയാണ്. മനസ്സു നിറഞ്ഞ് കവിയുന്ന ആശകളുമായി  കാത്തുനിൽക്കുകയാണവൻ...

അവൻ നിൽക്കുന്നത് അധികം ദൂരത്തല്ല, കാമുകിയുടെ കയ്യെത്തും ദൂരത്ത്, എന്നിട്ടും...കസ്തൂരിമണമുള്ള, കവിളത്തു മറുകുള്ള അവൾ സഹകരിയ്ക്കുന്നില്ല, സ്വാഭാവികമായി അവൻ ചോദിച്ച് പോവുകയാണ്, കൊതിതീരെയെല്ലാരും സ്വർല്ലോകം പൂകുമ്പോൾ നമ്മൾ മാത്രം ഇങ്ങനെ കുളിർചൂടിനിൽക്കണോ?

അന്തം വിട്ട പ്രതിയിവിടെ ചോദ്യത്തിൽ ഒതുക്കിയത് ഒരു കുറ്റമേയല്ല...
എന്തായാലും നമുക്ക് ഗാനം ആസ്വദിയ്ക്കാം....

നക്ഷത്ര രാജ്യത്തെ നർത്തനശാലയിൽ
രത്നം പൊഴിയുന്ന രാത്രി
മുത്തണിക്കിങ്ങിണി മേഘമിഥുനങ്ങൾ
മുത്തം പകരുന്ന രാത്രി
തങ്ങളിൽ കെട്ടിപ്പുണരുന്ന രാത്രി
ആഹഹഹാ....ആഹഹഹാ...ആഹഹാ...

നിറകതിർ താരകൾ....ആ....
നിറകതിർ താരകൾ നാണിച്ചു നോക്കുമ്പോൾ
നിഴലും നിലാവും പുണർന്നു
കരിമേഘക്കീറുകൾ കാറ്റടിച്ചോടുമ്പോൾ
കടലും കരയും പുണർന്നു
കൊതികൊള്ളും കരളുമായ് ഞാൻ കാത്തു നിന്നു

കയ്യെത്തും ദൂരത്തു.... കളിയാട്ടം തുള്ളുന്ന...
കയ്യെത്തും ദൂരത്ത് കളിയാട്ടം തുള്ളുന്ന
കസ്തൂരിമണമുള്ള പൂവേ...
കസ്തൂരിമണമുള്ള പൂവേ..
കവിളത്തു ദാഹത്തിൻ കരിവണ്ടുചുംബിച്ച
കരിനീലപ്പാടുള്ള പൂവേ
കൊതിതീരെയെല്ലാരും സ്വർല്ലോകം പൂകുമ്പോൾ
കുളിർചൂടിനിൽക്കണോ നമ്മൾ
ഇങ്ങനെ കുളിർചൂടി നിൽക്കണോ നമ്മൾ

https://www.youtube.com/watch?v=wRIvxlh6KSg

No comments:

Post a Comment