Wednesday, February 21, 2018

പ്രകൃതീ.. സര്‍പ്പ സുന്ദരീ

1974 ലെ വിഷ്ണുവിജയം സിനിമയിലെ വയലാർ രചിച്ച്, ദേവരാജൻ മാസ്റ്റർ സംഗീതം നൽകി, മാധുരി ആലപിച്ച "പുഷ്പദലങ്ങളാൽ നഗ്നത മറയ്ക്കും സ്വപ്നസുന്ദരീ" എന്ന ഗാനം നമുക്ക് ഒന്നടുത്തറിയാൻ ശ്രമിയ്ക്കാം...

ഒരു കൊച്ചുകുട്ടിയുടെ മുഖവും, ഒത്തപുരുഷന്റെ ശരീരവുമുള്ള, യൗവ്വനത്തിലേയ്ക്ക് കാലൂന്നുന്ന നായകനെയും അവനെ മോഹിയ്ക്കുന്ന മുപ്പതിനടുത്ത് പ്രായമുള്ള വിവാഹിതയും, അതീവ കാമാസക്തയുമായ ഒരു യുവതിയുമാണ് ഈ പാട്ടിന്റെ ഭാഗമായുള്ളത്.

നായകൻ പ്രകൃതിയെ വർണ്ണിച്ച് പാടുകയാണ്, പക്ഷേ അവൻ അത് പകുതി കളിയായും പകുതി കാര്യവുമായാണോ? ഒരേസമയം പ്രകൃതിയേയും നായികയേയും ദ്വയാർത്ഥപ്രയോഗത്തിലൂടെ ലക്ഷ്യം വയ്ക്കുകയാണോ?
പ്രകൃതിയെന്ന നഗ്നയായ ആ സർപ്പസുന്ദരി പുഷ്പങ്ങളാൽ സ്വയം മറച്ച് സ്വപ്നസുന്ദരിയായി നിൽക്കുന്നു, ഒപ്പം അവളുടെ അരക്കെട്ടിൽ കൈചുറ്റി പ്രസാദവദനനായി നിൽക്കുന്ന നിലാവും, യൗവ്വനയുക്തരായ എന്നാൽ കർക്കിടത്തിനു മുമ്പുള്ളത് മാത്രമായ 
ആ മിഥുനങ്ങൾക്ക് അതൊരു പ്രലോഭനം തന്നെയാണ്!

വയലാറിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് മനസ്സിലാക്കിയെടുക്കുക ചിലപ്പോഴൊക്കെ കഠിനമാണ്, 
കൗമാരയൗവ്വനകാങ്ങളിൽ ഒരു ചെറിയ മുഖക്കുരു കവിളിൽ വന്നാൽ തന്നെ അത് അസ്വസ്തത ഉണ്ടാക്കും, സ്വാഭാവികമായി നഖത്താൽ അതിനെ പരിലാളിച്ച് കൂടുതൽ കുഴപ്പമാക്കും, എന്നാലും മോഹക്കുരു ആണതെന്നത് മൃദുലമെങ്കിലും, ദൃഢസങ്കൽപ്പമാണ്. മറ്റൊന്ന് നഖച്ചേദം എന്നത് കാമശാസ്ത്രത്തിലെ പൂർവ്വലീലാ സുകുമാരകലകളിൽ ഒന്നാണ്, അവ വികാരമുണർത്തുന്ന അവയവങ്ങളിൽ ആവുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിനുള്ള ദാഹം ഉണരുന്നത് തുടിപ്പായോ, തുളുമ്പലായോ അവയവങ്ങളിൽ തന്നെ ആണെങ്കിലും പ്രത്യക്ഷപ്രകടനം മുഖത്താണല്ലോ വരിക. എങ്കിലും "നുണക്കുഴിക്കവിളിൽ നഖചിത്രമെഴുതും താരേ.." എന്നൊക്കെ പിൽക്കാലത്തും കേട്ടിട്ടുള്ളതിനാൽ സെബവും, പിമ്പിളും, ഡിമ്പിളുമൊക്കെയായി ശാസ്ത്രത്തിലെത്തി വിരസമാക്കേണ്ട!

ആ ദാഹങ്ങൾ നിറഞ്ഞ മുഖമോ, ശരീരമോ അവളെ ശൃംഗാരകവിതയിലെ നിറവുള്ള നായികയാക്കി; ഒട്ടും വിവസ്ത്രയല്ലാത്ത നായികയുടെ അംഗപ്രത്യംഗപ്രൗഢി ഗൂഢാർത്ഥമായി പാവം പയ്യനു തോന്നിയതിൽ അത്ഭുതമില്ല. അലങ്കാരമാകണമെന്നാണ് ആഗ്രഹം, ഒരു വീടിന്റെ അലങ്കാരമാകാൻ ഒരു പ്രതിമയ്ക്ക് കഴിയും, ഒരു സ്ത്രീയ്ക്ക് അലങ്കാരമകാൻ ഒരു ഹാരത്തിനാകും, എന്നാൽ കാവ്യത്തിന്? കാവ്യത്തിന്റെ അലങ്കാരമാകാൻ അതിൽ തന്നെ ലയിക്കണം, അതിന്റെ ഭാഗമാകണം, ഉള്ളിൽ കടക്കണം എന്ന് ചുരുക്കം!

സംഗതി കുറച്ച് കൂടി വ്യക്തമാക്കിപ്പറയുന്നു, പുരുഷന്റെ ആലിംഗനത്തിൽ വിരലുകളായി തഴുകി ഉണർത്തിയ ദാഹങ്ങൾ നായികയുടെ സ്വർണ്ണനിറത്തിലുള്ള അവയവങ്ങളിൽ ഉണർന്ന രോമഹർഷം ഒരുക്കിയ ശയ്യ! അതായത് നായകന്റെ ഭവന വിവസ്ത്രയായ നായിക, അവനു കിടക്കാൻ വിരിച്ച മറ്റൊരു ശയ്യയായി കാണുന്നത് വരെ എത്തിയിരിയ്ക്കുന്നു. ആ ഭാവനയുടെ തീഷ്ണതയിൽ അവളെന്ന വികാരം അവനു കാമദേവന്റെ ശരമായി മാറിയിരിയ്ക്കുന്നു, ആ പൂവമ്പ് കൊണ്ട് മുറിയാൻ ആവേശം പൂണ്ട് നിൽക്കുകയാണ് നായകൻ. കാഴ്ച്ചയിൽ, പണ്ടത്തെ വട്ടുകളിയുടെ ഭാഷയിൽ പറഞ്ഞാൽ.... എട്ടിട്ട്, രാശിക്കുഴി അന്വേഷിയ്ക്കുന്ന അറിവില്ലാ പൈതൽ ആയ ഒരുപാവം! അറിയാത്ത ആഴങ്ങളിലെ പവിഴമുത്തുകൾ തിരയട്ടേ അവൻ, ആശംസകൾ...

യൗവ്വനത്തിലേയ്ക്ക് പ്രവേശിയ്ക്കുന്ന കമലാഹസൻ എന്ന ചുള്ളനും, ഷീല എന്ന പ്രൗഢാംഗനയും രംഗം നന്നായി കൊഴുപ്പിച്ചിരിയ്ക്കുന്നു.

പിന്നെ പ്രിയശിഷ്യരേ, ഒരുപാടങ്ങ് കാടുകയറേണ്ട; പ്രകൃതിയും നിലാവും ആണിവിടുത്തെ പ്രണയിതാക്കൾ, നിലാവാകുന്ന പുരുഷൻ പ്രകൃതിയായ സ്ത്രീയുമായി പ്രണയകേളികൾ നടത്തുന്നത് കണ്ടപ്പോൾ നായകനു അതിന്റെ അലങ്കാരവും, ആ സൗന്ദര്യത്തിൽ ലയിക്കാനുമൊക്കെ തോന്നി, തൽക്കാലം അതു മതി!
ഇനി കുട്ടികൾ പാട്ട് കേൾക്കൂ....

പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും
സ്വപ്ന സുന്ദരീ പ്രകൃതീ സര്‍പ്പ സുന്ദരീ
നിന്നരക്കെട്ടില്‍ കൈ ചുറ്റി നില്‍ക്കും
നിലാവിനെന്തൊരു മുഖപ്രസാദം

പ്രിയ യൗവ്വനത്തിന്‍ നഖലാളനങ്ങള്‍
കവിളില്‍ കുറിക്കും ദാഹങ്ങള്‍
ഗൂഡാര്‍ത്ഥ ശൃംഗാര കാവ്യത്തിലെ ഒരു
പ്രൗഢ നായികയാക്കി 
നിന്നെ പ്രൗഢ നായികയാക്കി
ആ കാവ്യത്തിന്‍ അലങ്കാരമാകാന്‍ ആവേശം
എനിക്കാവേശം

ഒരു പൗരുഷത്തിന്‍ പരിരംഭണങ്ങള്‍
വിരല്‍ തൊട്ടുണര്‍ത്തും ദാഹങ്ങള്‍
ഹേമാംഗ രോമാഞ്ച മഞ്ചത്തിലെ ഒരു
കാമാസായകമാക്കി 
നിന്നെ കാമാസായകമാക്കി
ആ പൂവമ്പിന്‍ മുനക്കൊണ്ട് മുറിയാന്‍ ആവേശം
എനിക്കാവേശം

No comments:

Post a Comment