Tuesday, February 20, 2018

സുമംഗലിയും പ്രിയസഖിമാരും

പ്രിയപ്പെട്ട കാമുകിയ്ക്ക്, അവളുടെ മറ്റൊരാളുമായുള്ള വിവാഹദിനത്തിൽ, ആശംസകൾ അർപ്പിയ്ക്കുന്ന, അല്ലെങ്കിൽ നഷ്ടപ്രണയത്തിന്റെ ചരമഗീതങ്ങളായ 3 ഗാനങ്ങൾ ആണു നമ്മൾ വിശകലനം ചെയ്യുന്നത്.
ആദ്യത്തേത് 1970 ലെ വിവാഹിത എന്ന ചിത്രത്തിനു വേണ്ടി വയലാർ രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ്സ് ആലപിച്ചതാണ്. 

ആദ്യമായി നമ്മൾ പരിചയപ്പെടുന്ന ഈ കാമുകനു കാമുകിയിൽ അത്ര വിശ്വാസമൊന്നുമില്ല, അവൾ കഴിഞ്ഞതൊക്കെ ഓർക്കുന്നുണ്ടോ എന്നു തന്നെ അവനു സംശയമാണ്. സുമംഗലിയായ കഴിഞ്ഞ കാമുകിയോട് ഈ പ്രണയം സ്വപ്നത്തിലെങ്കിലും ഓർക്കുമോ? എന്ന് ചോദിയ്ക്കുന്ന കാമുകൻ, അവർക്കിടയിൽ നിലനിന്ന ബന്ധത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ട്, നിറഞ്ഞമാറിലെ ആദ്യനഖക്ഷതത്തെ പറ്റി ഓർമ്മിപ്പിയ്ക്കുന്നു. അത് ഭർത്താവ് കാണാതെ മുടിയിഴകളാൽ മറയ്ക്കുവാനും, ആ കഥ മറക്കുവാനുമേ അവൾക്കിനി കഴിയൂ എന്ന് തിരിച്ചറിയുന്നു. തന്റെ ഹൃദയത്തിനു ആ കഴിഞ്ഞ കാല സംഭവങ്ങളെ താലോലിച്ച്, വീണപൂവുകൾക്ക് വിരുന്നൊരുക്കി കഴിയാനാണ് വിധി എന്ന് വിലപിച്ച് നായകൻ നല്ല പിള്ള ആകുന്നു.

"സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം?
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം

പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ

കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം"

രണ്ടാമത്തേത് 1979 ലെ ലൗലി എന്ന ചിത്രത്തിനായി ടി.വി. ഗോപാലകൃഷ്ണൻ രചിച്ച്, എം.കെ.അർജ്ജുനൻ സംഗീതം നൽകി യേശുദാസ്സ് തന്നെ പാടിയ ഗാനമാണ്. 

ഇവിടെ കാമുകൻ കാമുകിയ്ക്ക് ഉണ്ടെന്നവൻ വിശ്വസിയ്ക്കുന്ന എല്ലാ ദു:ഖവും ഏറ്റുവാങ്ങി അവളെ യാത്രയാക്കുകയാണ്. അവന്റെ മനസ്സിൽ സ്വപ്നങ്ങളുടെ ചിത എരിയുന്നുണ്ടെങ്കിലും... കുറച്ചുകൂടി പ്രായോഗികമായി കാമുകൻ കഴിഞ്ഞ കഥകൾ മറക്കുവാനും, കരഞ്ഞ് നശിപ്പിയ്ക്കാതെ, മധുവിധു രാവുകൾ മാദകരജനികളായി ആഘോഷിയ്ക്കുവാനും ഉപദേശിയ്ക്കുന്നു. അവൾക്ക് എല്ലാ ജീവിത വിജയവും നേരുകയും, അവൻ ഓർമ്മകളുമായി, അവളെന്ന വെളിച്ചമില്ലാത്ത ഇരുളുമായി പൊരുത്തപ്പെട്ടു കൊള്ളാം എന്ന് സമാശ്വസിപ്പിയ്ക്കുന്നു.

"എല്ലാ ദുഖവും എനിക്കു തരൂ
എന്റെ പ്രിയസഖീ പോയ്‌വരൂ
മനസ്സില്‍ പടരും ചിതയില്‍ എന്നുടെ
മണിക്കിനാവുകള്‍ എരിയുമ്പോള്‍

കഴിഞ്ഞ കഥകള്‍ മറക്കുക നീയീ
കണ്ണീര്‍ മുത്തിനു വിടപറയു
മധുവിധുരാവുകള്‍ മാദകരാവുകള്‍
മദനോത്സവമായ് ആഘോഷിക്കൂ

സുമംഗലീ നീ പോയ്‌വരു ജീവിത
സുഖങ്ങള്‍ നിന്നെ തഴുകട്ടേ
ഇവിടെ ഞാനും എന്നോര്‍മകളും
ഇരുളിന്നിരുളില്‍ അലയുകയായ്"

അവസാനത്തേത് 1977 ലെ താലപ്പൊലി എന്ന ചിത്രത്തിനായി ചേരി വിശ്വനാഥൻ രചിച്ച്, വി. ദക്ഷിണാമൂർത്തി സംഗീതം നൽകി യേശുദാസ്സ് തന്നെ പാടിയ ഗാനമാണ്. 

ഇവിടെയും വിവാഹിതയായ കാമുകിയ്ക്ക് യാത്രാമംഗളങ്ങൾ നേരുന്ന നല്ലവനായ കാമുകനാണ്; പ്രാണസഖീ എന്ന് അൽപ്പം വികാരപ്രകടനമുണ്ടെന്ന് മാത്രം. കാമുകിയുടെ കരച്ചിൽ ഇനി നിഷ്പ്രയോജനമാണെന്നും മറ്റൊരു പുരുഷന്റെ പ്രിയസഖിയായവൾക്ക് അത് ഭൂഷണമല്ലെന്നും അവൻ ഉപദേശിയ്ക്കുന്നു. ആദ്യത്തെ രണ്ട് ഗാനങ്ങളിലേതു പോലെ ഇവിടെയും അവളുടെ ആദ്യരാത്രി കമുകന്റെ ചിന്തകളിൽ കടന്നു വരുന്നു. ആദ്യത്തേതിൽ കാമുകി വിവസ്ത്രയാക്കപ്പെടുമ്പോൾ വിവാഹപൂർവ്വരതിയുടെ ചിഹ്നങ്ങൾ ഭർത്താവ് കാണുന്നതിനെ അവൾ എങ്ങനെ ഒഴിവാക്കും എന്നാണ് ചിന്തയെങ്കിൽ, രണ്ടാമത്തേതിൽ അവൾ പഴയ ഓർമ്മകളിൽ കരഞ്ഞ് നശിപ്പിയ്ക്കാതെ ആ രാത്രി ആസ്വദിയ്ക്കുന്നതിനെ പറ്റിയാണ് ചിന്ത; ഇവിടെയും ഏറെ വ്യത്യസ്തമല്ല കര്യങ്ങൾ. മണിയറ വാതിൽ അടയ്ക്കുമ്പോൾ മാനസ്സികമായും ശാരീരികമായും ശക്തിഹീന ആവാതെ, വിളക്കണഞ്ഞാൽ പിന്നെ കരയാൻ നിൽക്കാതെ സഹകരിച്ച് കാര്യങ്ങൾ ഗംഭീരമാക്കണം എന്ന് തന്നെയാണ് ഇവിടെയും തങ്കപ്പെട്ട മനസ്സുള്ള കാമുകൻ അഭ്യർത്ഥിയ്ക്കുന്നത്. 

മനസ്സിൽ ദു:ഖം നിറഞ്ഞു നിൽക്കുമ്പോഴും മൂന്നാമത്തെ ചരണം പാടിയത് ഈ കാമുകൻ മാത്രമാണ്. ഒരു പക്ഷേ ലൈംഗികതയിൽ അവൾക്കുള്ള നാണമൊക്കെ മുഴുവനായും ഇല്ലാതായി എന്നറിയാവുന്നതു കൊണ്ടോ, വികാരവതിയായാൽ പിന്നെ അവൾ ലജ്ജയില്ലാതെ പെരുമാറുമെന്ന അനുഭവത്താലോ ആവാം അവൻ, നീ നിന്റെ ഭർത്താവിനു നിന്നെ ലജ്ജയിൽ പൊതിഞ്ഞ് നൈവേദ്യമായി കാഴ്ച്ച വയ്ക്കുക; എന്നെയോർത്ത് കരയാതെ കെട്ട്യോനും കുട്ട്യോളുമൊക്കെയായി സുഖമായി ജീവിയ്ക്കുക എന്ന് പറയുമ്പോഴും "കരളേ" എന്ന് തേങ്ങിപ്പോകുന്നിടത്താണ് അതിലെ സംഗതി കിടക്കുന്നത്!

"പ്രിയസഖീ പോയി വരൂ
നിനക്കു നന്മകള്‍ നേരുന്നു
പ്രാണസഖീ പോയി വരൂ
നിനക്കു നന്മകള്‍ നേരുന്നു

കരയുവതെന്തിനു വെറുതെ നീ - നിൻ
കണ്ണീരാല്‍ ഇനി ഫലമെന്തേ - ഫലമെന്തേ
ഇനി മുതലെന്നും പുതിയൊരു പുരുഷനു
പ്രിയസഖിയായ് കഴിയേണ്ടവള്‍ നീ

മണിയറ വാതില്‍ അടക്കുമ്പോള്‍ നിന്‍
കരളും മെയ്യും തളരരുതേ - തളരരുതേ
മണിയറ ദീപം അണഞ്ഞാല്‍ പിന്നാ
കരിമിഴി രണ്ടും നനയരുതേ

നാണത്താലൊരു നൈവേദ്യം നീ
പ്രാണപ്രിയനു നല്‍കേണം
കരയരുതിനിയും എന്‍ കഥയോര്‍ത്തെന്‍
കരളേ വാഴുക സുഖമായ് നീ"
എത്ര മാന്യന്മാർ ആയിരുന്നു 70 കളിലെ കാമുകന്മാർ!!!

നമുക്കിനി ആ ഗാനങ്ങൾ കേട്ടാലോ?

സുമംഗലീ നീയോര്‍മ്മിക്കുമോ

എല്ലാ ദുഖവും എനിയ്ക്ക് തരൂ

പ്രിയ സഖീ പോയി വരൂ

No comments:

Post a Comment