Thursday, March 29, 2018

പുംശ്ചലി

ഭരണിപ്പാട്ടിന്റെ ചരിത്രം തിരയേണ്ടത് ക്ഷേത്രത്തിൽ നിന്നു വിതരണം ചെയ്യുന്ന നോട്ടീസുകളിലെ നുണക്കഥകളിലല്ല, കണ്ണകിയെന്ന ദേവിയുടെ ഇടത്താവളമെന്ന സങ്കൽപ്പഭൂമിയിൽ, തോറ്റം കെട്ടി, തോറ്റമ്പാട്ട് പാടി, കൊന്നു തോറ്റാടി, തിരുവനന്തപുരത്ത് ദശലക്ഷങ്ങൾ പൊങ്കാലയിട്ട് ആദരിയ്ക്കുമ്പോൾ, ആത്മാവ് ശരിയ്ക്കും കുടിയിരുന്ന, അല്ലെങ്കിൽ ജീവിച്ച് മരിച്ച കൊടുങ്ങല്ലൂരിൽ പുംശ്ചലി അഥവാ വേശ്യ എന്നൊക്കെ പുലഭ്യം കൊണ്ട് എന്തിനഭിഷേകം നടത്തുന്നു?

ഇളങ്കോ അടികളുടെ ചിലപ്പതികാരവും, കേരളചരിത്രവും ചേർത്ത് വായിച്ചാൽ കൃത്യമായി മനസ്സിലാകും കാര്യങ്ങൾ!

മധുരയിലെ രാജാവ് പാണ്ഡ്യൻ കാഴ്ച്ചയിൽ ഒരുപോലെയുള്ള ഒരു ചിലമ്പിന്റെ പേരിലുണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ കണ്ണകിയുടെ ഭർത്താവ് കോവലനെ വധിയ്ക്കുകയും, അത് തെറ്റാണെന്ന് തെളിയിയ്ക്കാൻ അതിന്റെ ജോഡിയായ ചിലമ്പുടച്ച്, ബോധ്യമാക്കിയ കണ്ണകി, കണ്ണിനാൽ മധുരാ നഗരത്തെ ചുട്ടെരിച്ച്, പാണ്ഡ്യനാട് വിട്ട് ചേരനാട്ടിലെത്തി ജീവിച്ച കഥ എല്ലാവർക്കുമറിയാവുന്നതാണ്. മധുരയിൽ നിന്നുള്ള യാത്രയിൽ, കരമനയാറു കടക്കാൻ സഹായിച്ച കാരണവരോടുള്ള പ്രീതിയാൽ, അന്നിരുന്ന സ്ഥലത്തെ ശക്തിചൈതന്യം ആണ് ആറ്റുകാൽ എന്നാണു കഥകൾ! 
എ.ഡി. 100 നും 300 നും ഇടയിൽ ആണു കണ്ണകിയുടെ കഥ നടക്കുന്നത്; അത് ഹിന്ദുമതം ഏതാണ്ട് നാശോന്മുഖമായി കഴിഞ്ഞിരുന്ന കാലഘട്ടമാണ്; സനാതനധർമ്മത്തിൽ വിശ്വസിച്ചിരുന്നവരാവട്ടേ എല്ലാം ഏക ദൈവമായ ബ്രഹ്മത്തിന്റെ ഭാഗമായതിനാൽ ബുദ്ധമതത്തെ എതിർത്തതുമില്ല, അംഗീകരിച്ചതുമില്ല. അതിനാൽ തന്നെ ഭാരതത്തിൽ ബുദ്ധമതത്തിന്റെ പ്രഭാവം ശക്തമായി നിലനിന്നിരുന്ന, വ്യാപിച്ചു കൊണ്ടിരുന്ന കാലം. ക്രിസ്തുവിനു മുമ്പ് 5 ആം നൂറ്റാണ്ടിൽ ഉദയം കൊണ്ട ബുദ്ധമതം, ബി.സി. 4 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ മൗര്യസാമ്രാജ്യത്തോടെ ആണ് ശക്തി പ്രാപിച്ചത്. പിന്നീട് ഗുപ്തസാമ്രാജ്യത്തോടെ ഏറ്റവും കരുത്തർജ്ജിയ്ക്കുകയും, ഇന്നത്തെ ഏഷ്യൻ വൻകര മുഴുവൻ പരക്കുകയും ചെയ്തു. 3 ആം നൂറ്റാണ്ടിൽ അശോകചക്രവർത്തിയുടെ കലിംഗയുദ്ധവും, അതിനു ശേഷം അദ്ദേഹവും ബുദ്ധസന്യാസി ആയതും, മകൾ സംഗമിത്രയെ ശ്രീലങ്കയിൽ ബുദ്ധമതം പ്രചരിപ്പിയ്ക്കുവാൻ അയച്ചതുമൊക്കെ ഭാരത ചരിത്രത്തിന്റെ ഭാഗമാണ്.

നമുക്ക് കണ്ണകിയുടെ പിൽക്കാല ചരിത്രം നോക്കാം. കണ്ണകി മധുരവിട്ട ശേഷം മകൾ മണിമേഖലയെ നോക്കി വളർത്തിയത് കോവിലന്റെ മറ്റൊരു ഭാര്യ ആയ മാധവി ആണ്. കോവലന്റെ ദാരുണ അന്ത്യവും, തന്റെ ശത്രുവായി എന്നും കരുതിയിരുന്ന കണ്ണകിയുടെ അത്ഭുതപ്രഭാവവും കണ്ട് അമ്പരന്ന മാധവി, സ്വന്തം മാതാവ് അപഹരിച്ച കോവലന്റെ സ്വത്തുക്കൾ, കോവലന്റെ അച്ഛനു തിരിച്ചു നൽകി, ബുദ്ധമത സന്യാസിനി ആയിക്കഴിഞ്ഞിരുന്നു. ഒരു പ്രായശ്ചിത്തമെന്നോളം മണിമേഖലയെ സ്വന്തം മകളായി വളർത്തി, അവൾ വളർന്ന് അതി സുന്ദരിയായ യുവതിയായപ്പോൾ, കണ്ണകി നശിപ്പിച്ച രാജാവിന്റെ മകൻ ഉദയനൻ അവളുടെ പിന്നാലേ വിവാഹാഭ്യർത്ഥനയുമായി കൂടി; ശല്യം സഹിയ്ക്കാതെ വന്നപ്പോൾ "എന്റെ അമ്മ നിൻറ്റെ അച്ഛനേയും മധുരാനഗരത്തേയും കണ്ണീനാൽ ചുട്ടു, ഞാൻ കാരണം അത് ആവർത്തിയ്ക്കപ്പെടേണ്ട" എന്ന് പറഞ്ഞ് ബുദ്ധസന്യാസിനി ആയി, പിന്നീട് ഉദയനൻ ശല്യം ചെയ്തില്ല, നാടിന്റെ രാജാവിനു പോലും അന്ന് ബുദ്ധസന്യാസികളെ തൊടാൻ ഭയമായിരുന്നു എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

കൊടുങ്ങല്ലൂരെത്തിയ കണ്ണകിയും ബുദ്ധസന്യാസിനി ആയി, ജീവിച്ചു മരിച്ചു. അവരുടെ ഭൗതികശരീരം അടക്കം ചെയ്ത ആ സ്ഥലം, ശ്രീകുരുംബക്ഷേത്രംഎ.ഡി 4 ആ നൂറ്റാണ്ടോടെ കണ്ണകിയുടെ പേരിലുള്ള വനിതാബുദ്ധവിഹാരം ആയി മുസിരസ്സിന്റെ ആത്മീയ കേന്ദ്രമായി തുടർന്നു.അമ്മയുടെ പേരിലുള്ള ആ ബുദ്ധവിഹാരത്തിൽ മകളും, വളർത്തമ്മയും പിന്നീട് മഠാധിപതികളായി ജീവിച്ച് മരിച്ചു.

എ.ഡി. 9 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, സനാതനധർമ്മത്തെ മുഴുവനായി വിഴുങ്ങി, ബുദ്ധമതത്തിൽ നിന്നും ആത്മീയതയുടെ ആധിപത്യം തിരിച്ചു പിടിയ്ക്കാൻ കാലടിയിൽ ജനിച്ച ആദിശങ്കരാചാര്യർ അദ്വൈതം എന്ന മരുന്ന് കണ്ടു പിടിച്ചു; അതോടെ ഹിന്ദുമതം ഇന്നു കാണുന്ന രീതിയിൽ ഉടലെടുത്തു. അത് ബുദ്ധമതത്തെ കുറേശ്ശെയായി ആക്രമിച്ച് ദുർബ്ബലമാക്കി. അഷ്ടമാർഗ്ഗങ്ങളിലൂടെ സുഖഭോഗങ്ങൾ ഉപേക്ഷിച്ച് നിർവ്വാണം നേടുന്ന വഴിയേക്കാൾ, സുഖഭോഗങ്ങൾ ആവോളമാസ്വദിച്ച് സ്വർഗ്ഗം നേടുന്ന ആ മതം ഭരണാധികാരികൾക്കും, രാജാക്കന്മാർക്കും നന്നേ ബോധിച്ചു. അതിനാൽ അവർ പരമാവധി നവഹിന്ദുമതത്തെ അനുകൂലിച്ചും ബുദ്ധമതത്തെ എതിർത്തും നിലകൊണ്ടു; പിന്നീട് കണ്ടത് കൂട്ടക്കുരുതികൾ ആയിരുന്നു. പ്രമുഖബുദ്ധമത സന്യാസിമാർ എല്ലാം രജസദസ്സുകളിൽ നടന്ന മതസംവാദങ്ങളിൽ പരാജിതരായി ശിക്ഷയായി ശിരസ്സുകൾ നഷ്ടപ്പെട്ടു മരണമടഞ്ഞു. പലരും ഭയന്ന് മതം മാറി, മാറാത്തവരെ കൂട്ടക്കുരുതി നടത്തി. ബുദ്ധമതത്തിന്റെ പ്രഭാവം കുറഞ്ഞപ്പോൾ 9 ആം നൂറ്റാണ്ടിൽ ജൈനമതക്കാരും പിടിമുറുക്കി, അതിനാൽ ഉറുമ്പിനെ പോലും കൊല്ലരുതെന്നതിനാൽ വഴി തുടച്ച് നടന്ന ജൈനരുടെ സംരക്ഷണത്തിൽ അപ്പോഴും സ്ത്രീകൾക്ക് നേരേ അതിക്രമങ്ങൾ ഉണ്ടായില്ല, വനിതാബുദ്ധവിഹാരങ്ങൾ സുരക്ഷിതമായി നിലകൊണ്ടു.

കേരളത്തിലെ വർണ്ണവ്യവസ്ഥ സ്ഥാപിച്ചത് ജൈനരായിരുന്നു, ജൈന വിശ്വാസികളായ രാജാക്കന്മാരുടെ പ്രധാനബലം ആയിരുന്ന അങ്കചേകവന്മാരും, പടനായകന്മാരും ക്ഷത്രിയ സ്ഥാനം തന്നെ വേണം എന്ന് വാശിപിടിച്ചത് അവരെ കുഴക്കി. പിന്നീട് പലവട്ടം നടന്ന നീക്കുപോക്കുകളിൽ വൈശ്യസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും, ചേകവന്മാർ അത് നിരസിയ്ക്കുകയും, അവർ ബുദ്ധമതത്തിൽ തന്നെ നിലകൊള്ളാൻ തീരുമാനിയ്ക്കുകയും ചെയ്തു. അവരുടെ പിന്മാറ്റത്താൽ ദുർബലമായ വിലപേശലിൽ തോറ്റ പടനായകന്മാർ ശൂദ്രസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. എങ്കിലും ഇരു കൂട്ടരും ധനികരും, ഭൂവുടമകളും, പ്രബലരുമായി തുടർന്നു; അപ്പോഴേയ്ക്കും 10 ആം നൂറ്റാണ്ടിൽ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കാന്ദല്ലൂർ യുദ്ധം ചേര - പാണ്ഡ്യ രാജ്യങ്ങൾക്കിടയിൽ ഉണ്ടായി. അതോടെ പോരാളികളായ ഇരു സമുദായവും തങ്ങളുടെ സ്വത്തുക്കളുടെ മേൽനോട്ടം അവരുടെ ക്ഷേത്രങ്ങളിലെ അല്ലെങ്കിൽ വിഹാരങ്ങളിലെ പുരോഹിതരെ ഏൽപ്പിച്ച് യുദ്ധത്തിനായി പുറപ്പെട്ടു. മൂന്നു തലമുറ നീണ്ട യുദ്ധം കഴിഞ്ഞപ്പോഴേയ്ക്കും അവരുടെ സ്വത്തെല്ലാം പുരോഹിതരുടേതായി, അവർ ആശ്രിതരുമായി. നെയ്ക്കിണ്ടി വച്ച് ഏതെങ്കിലും ഇല്ലത്തിന്റെ സംരക്ഷണം നേടിയില്ലങ്കിൽ അഷ്ടിയ്ക്ക് വകയില്ലാത്ത അവസ്ഥ സംജാതമായിരുന്നു. ബുദ്ധമതപുരോഹിതനായ "നമ്പൂകധീരൻ" ഹിന്ദുത്വത്തിലെ നമ്പൂതിരി ആയപ്പോൾ മലയാളബ്രാഹ്മണൻ എന്ന നിലയിൽ അവഗണനയും, അഷ്ടതന്ത്രികൾക്കോ, തമിഴ് ഭട്ടതിരിയ്ക്കോ, കൊങ്ങിണി ബ്രാഹ്മണർക്കോ ലഭിച്ച ആദരവ് ലഭിയ്ക്കാതെ രണ്ടാംകിട സ്ഥാനമാണ് നൂറ്റാണ്ടുകളോളം അവർക്ക് ലഭിച്ചത് എന്നും, വടക്കൻ സമ്പ്രദായങ്ങളിൽ സോമയാഗം, അഗ്നിഹോത്രം, അതിരാത്രം എന്നിവയിൽ ഏഴയലത്ത് അടുപ്പിച്ചിരുന്നില്ല എന്നും കേരളചരിത്രം പറയുന്നു! നമ്മുടെ സ്വന്തം പൂന്താനത്തിനും, മേൽപ്പത്തൂർ ഭട്ടതിരിയ്ക്കും ലഭിച്ച സ്വീകാര്യതയിലെ വ്യത്യാസം കേരളസാഹിത്യചരിത്രത്തിൽ കാണാം!

ജൈന, ബുദ്ധ, ഹിന്ദുമതങ്ങളുടെ മിശ്രിതമായി അങ്ങനെ സമൂഹം 
മുന്നോട്ട് പോകുമ്പോഴാണ് മധുരയിൽ നിന്നും കരാളമുഖൻ, ദുർമ്മുഖൻ, അരശുരാമൻ, സാക്ഷാൽ പരശുരാമൻ എന്നൊക്കെ അറിയപ്പെട്ടിരുന്ന ശൈവഭീകരന്റെയും സംഘത്തിന്റേയും വരവ്. അവർ ബാക്കിയുള്ള ബുദ്ധമത, ജൈനമത വിശ്വാസികളെ പരിവർത്തനം ചെയ്തു ഹിന്ദുക്കളാക്കി, വഴങ്ങാത്തവരെ പിടികൂടി മധുരയിൽ കൊണ്ടുപോയി , തൂക്കിലേറ്റി, "കഴുവേറ്റിത്തിരുവിഴ" എന്ന ഉത്സവം കൊണ്ടാടി. ബുദ്ധൻ മരിച്ച ദൈവം "മർത്ത്യൻ" ആയി, എങ്കിലും അതിനൊരു ശക്തിയുണ്ടോ എന്ന് ഭയന്ന ശൈവർ, സന്ധ്യാസമയത്ത് വിളക്ക് വയ്ക്കുമ്പോൾ "അയ്യോ" എന്ന് വിളിയ്ക്കരുത് തുടങ്ങിയ പല നിബന്ധനകളും ഏർപ്പെടുത്തി (വിളക്കു വയ്ക്കുമ്പോൾ മരിച്ച് പോയ ദൈവത്തെ ആരും വിളിച്ചുണർത്താതിരിയ്ക്കാനുള്ള ആ വിലക്ക്, ഇന്ന് ജീവിച്ചിരിയ്ക്കുന്ന പഴയ തലമുറയ്ക്ക് അറിയാം) അപ്പോഴും ശൈവർക്കു മുന്നിൽ ആ വനിതാബുദ്ധവിഹാരം ഒരു കരടായി നിലകൊണ്ടു. അതിനും അവർ വഴി കണ്ടെത്തി, ആ വിഹാരത്തിനു മുന്നിൽ നിന്നു ഉറക്കെ പുലഭ്യം പറയുക, ആഭാസകരമായ ഗാനങ്ങൾ പാടുക! അവരുടെ ആ നിരന്തര ശല്യത്തിൽ പൊറുതിമുട്ടി, കണ്ണകിയ്ക്കും ആയിരം വർഷങ്ങൾക്ക് ശേഷം ആ മഠാധിപതിയായിരുന്ന കൊടുങ്ങല്ലൂരമ്മ ആ മഠം ഒഴിഞ്ഞ് കൊടുത്ത യാത്രയായി. 
അവിടെ ക്ഷേത്രം ഉയർന്നു, കണ്ണകി ചണ്ഡാമുണ്ഡന്മാരെ വധിയ്ക്കാനുടലെടുത്ത ചാമുണ്ഡിയുടെ അവതാരമായപ്പോഴും കൊടുങ്ങല്ലൂർ വനിതാബുദ്ധമഠാധിപതിയോടുള്ള ദേഷ്യം അവസാനിച്ചിരുന്നില്ല, പ്രതിഷ്ഠ ഉറപ്പിച്ചയാൾ "ഇരിയവിടെ പുംശ്ചലീ" അഥവാ വേശ്യേ എന്ന് പുലമ്പിയത് ഇതിനു ദൃഷ്ടാന്തമാണ്. അന്ന് ആ വനിതാ ബുദ്ധവിഹാരം അടച്ചുപൂട്ടാൻ പാടിയ അശ്ളീലഗാനങ്ങൾ ഇന്നും ആചാരമായി കഥയറിയാതെ പാടി ആടുന്നു!!!!

ഇനിയെങ്കിലും മതവിശ്വാസികൾ അറിഞ്ഞ് അവസനിപ്പിയ്ക്കേണ്ടതാണീ പഴയൊരു വിജയഗാഥ മാത്രമായ ആഭാസക്കൂത്തുകൾ.....

No comments:

Post a Comment