Friday, March 16, 2018

മദാലസയാമം

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഗാനമാണ് വയലാർ രചിച്ച്, ദേവരാജൻ മാസ്റ്റർ സംഗീതം നൽകി, യേശുദാസ്സ് ആലപിച്ച ത്രിവേണിയിലെ "സംഗമം സംഗമം" എന്ന് തുടങ്ങുന്ന ഗാനം. ത്രിവേണിയെപ്പറ്റി ഓർക്കുമ്പോൾ സത്യൻ എന്ന അതുല്യനടന്റെ പ്രകടനം മറക്കാനാവില്ല, 71 കാരന്റെ ഭാര്യയാകാൻ ഒരുങ്ങി വരുന്ന സ്ത്രീയോട്, അതായത് നായികയുടെ അമ്മയോട് പറയുന്ന ആ ഒരു വാചകവും, ഭാവവും മാത്രം മതി അതാസ്വദിയ്ക്കുവാൻ! "കാര്യം നിനക്കും എന്റെ മകളാകാൻ ഉള്ള പ്രായമേ ഉള്ളൂ, എങ്കിലും ഒരു തെറ്റ് ചെയ്യുമ്പോൾ മനസ്സിനിഷ്ടപ്പെട്ട തെറ്റ് ചെയ്യുന്നതല്ലേ അതിന്റെ ശരി" എന്ന് പറഞ്ഞ് 17 കാരിയ്ക്ക് 71 കാരൻ വിവാഹമാലോചിയ്ക്കുന്ന രംഗം മികച്ചതാണ്.

ആ വിവാഹത്തിനും മുമ്പ് നായകനും നായികയും ഒരുത്സവരാത്രിയിൽ പരസ്പരസമ്മതത്തോടെ ഇണചേരുന്ന രംഗമാണ് ഒരു ഗാനത്തിലൂടെ സംവിധായകൻ എ. വിൻസെന്റ് ചിത്രീകരിച്ചത്. അതിനേറ്റവും ഇണങ്ങിയ രീതിയിൽ ഗാനവും സംഗീതവും നൽകി ആ പ്രതിഭാധനർ ഒത്ത് ചേർന്നപ്പോൾ ദാസേട്ടൻ അത് ഭാവാലാപനത്തിലൂടെ വികാരസാന്ദ്രമാക്കി.

നഗരവത്ക്കരണത്തിന്റെ ആരംഭഘട്ടത്തിൽ ചിറയും, കുഴിയും, കുളങ്ങളും, ചെറിയ പാലങ്ങളും ഒക്കെയായി മാറിയ കായൽക്കരയിലെ ഇരുപ്പൂ പാടശേഖരത്തിന്റെ രാത്രിയിലെ കാഴ്ച്ചയിൽ നിലാവിൽ കുളിച്ച്, ഇളംകാറ്റിൽ ശൃംഗാരപ്പദമാടി നിൽക്കുന്ന ചെറുതും വലുതുമായ തെങ്ങിൻ തൈകളും, ചെറുതോട്ടിൽ പ്രതിബിംബിയ്ക്കുന്ന പൂർണ്ണചന്ദ്രനുമൊക്കെ ആ മദാലസയാമത്തെ അനശ്വരമാക്കി. അതിനാൽ തന്നെ നായകനായ നദിയും നായികയായ നദിയും മാത്രമല്ല അവരോടൊപ്പം പ്രകൃതിയും ഒരു നദിയായി ചേരുമ്പോൾ സംഗമം തൃവേണിയായി മാറുന്നു.

ആ മദാലസരാവിന്റെ പ്രലോഭനത്തിൽ അടിപ്പെട്ട് ഓരോ ജീവതരംഗവും ഇണയെ തേടിപ്പോകുമ്പോൾ, പ്രകൃതിയുടെ രംഗമഞ്ചത്തിൽ കാമുകനായ നിലാവ് കായലിന്റെ കവിളുകളെ നഖചിത്രമെഴുതി പ്രകാശപൂരിതവും, ഉത്തേജിതവുമാക്കുന്നതായി അനുഭവപ്പെടുന്നു, അവിടെ കാമുകീകാമുകന്മാർക്ക് നിയന്ത്രണങ്ങൾ നഷ്ടമാകുന്നു, അവർക്കിടയിൽ എല്ലാ വികാരങ്ങളും പങ്ക് വയ്ക്കപ്പെടുന്നു, അത്രയ്ക്ക് മദാലസയാണാ രാത്രി! 
അടുത്ത വരികളിൽ വയലാർ തന്റെ മാന്ത്രികപ്രയോഗം നടത്തുന്നു മാംസപുഷ്പം എന്ന വാക്കിലൂടെ, തീർച്ചയായും മുന്നോട്ടുള്ള കഥയിൽ അതാവശ്യവുമാണ്. ആ രാവിൻറ്റെ വശീകരണത്തിൽ ഇതളിട്ട് ഉണരുന്ന മാംസപുഷ്പങ്ങൾ പരിസരബോധമകന്ന് വിവസ്ത്രയായി മധുപനു തേൻ നുകരാൻ, പരാഗരേണുക്കൾ വിതറാൻ വശംവദയാകുമ്പോൾ, നീലാകാശത്തിനു കീഴിലെ ആ മിഥുനങ്ങളുടെ രതിഭേദങ്ങൾ കണ്ട്, സ്വന്തം കാമുകിയായ ഭൂമിയുടെ നഗ്നത മറയ്ക്കുവാൻ ഉടയാട നെയ്യുകയാണ് നിലാവ് എന്ന് നായകനു തോന്നിപ്പോകുന്നു. വയലാർ ഇവിടെ "തറ്റ്" എന്ന പ്രയോഗം,  പ്രത്യേകിച്ച് ഗുഹ്യഭാഗം മറയ്ക്കാൻ, എന്ന രീതിയിൽ നഗ്നതയുടെ അളവുകോലായി എത്ര മനോഹരമായി ഉപയോഗിച്ചിരിയ്ക്കുന്നു! ഇത്തവണ ആ ഇണകൾക്ക് കൈമാറാനുള്ളത് അവരുടെ അന്തരിന്ദ്രിയദാഹങ്ങളാണ്; അത് ഒന്നും അവശേഷിപ്പിയ്ക്കാതെ അവർ കൈമാറുന്നതിലേയ്ക്ക് കൈപിടിച്ച് നടത്തുന്നു ആ മദാലസയാമം.

ഇത്രമേൽ അർത്ഥഗംഭീരമായും, മനോഹരമായും ചിത്രീകരിച്ചിട്ടുള്ള ഗാനങ്ങൾ വളരെ വിരളമാണ്, കണ്ണുകളാൽ, ശരീരഭാഷയാൽ ആശയവിനിമയം നടത്തി മറ്റുള്ളവരിൽ നിന്നകന്ന് അവരുടെ സ്വകാര്യവിഹാരകേന്ദ്രത്തിൽ നായികാനായകന്മാർ ഒത്തുചേരുന്ന ആ രംഗം പഴയതലമുറയിൽ പലരുടേയും മനസ്സിൽ എന്നും ഗൃഹാതുരത്വത്തിന്റെ ഉന്മാദം തന്നെ സൃഷ്ടിയ്ക്കുമെന്നതിൽ സംശയമില്ല.

ഇനി ഗാനം വായിക്കാം, കേൾക്കാം.... 

"സംഗമം സംഗമം 
ത്രിവേണീ സംഗമം
ശൃംഗാരപ്പദമാടും 
യാമം മദാലസ യാമം

ഇവിടെയോരോ ജീവതരംഗവും
ഇണയെ തേടും രാവിൽ
നാണത്തിൽ മുങ്ങിയ കായലിൻ കവിളിൽ
നഖചിത്രമെഴുതും നിലാവിൽ
നീയും ഞാനും നമ്മുടെ പ്രേമവും
കൈമാറാത്ത വികാരമുണ്ടോ..

ഇവിടെയോരോ മാംസപുഷ്പവും
ഇതളിട്ടുണരും രാവിൽ
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ
ഉടയാട നെയ്യും നിലാവിൽ
നീയും ഞാനും നമ്മുടെ ദാഹവും
കൈമാറാത്ത രഹസ്യമുണ്ടോ.."

https://www.youtube.com/watch?v=Pj0tZka6LGM

NB
===

ഞാൻ വളരെ വർഷങ്ങൾക്ക് മുമ്പ് രണ്ട് ചങ്ക് സുഹൃത്തുക്കലുമായി ഇതു പോലെ ഒരമ്പലപ്പറമ്പിൽ ഉത്സവം കാണാൻ പോയിരുന്നു. അന്നൊക്കെ പ്രണയം ഒന്ന് പുഷ്പ്പിയ്ക്കുന്നത് വരെ കഥാപ്രസംഗം, ഗാനമേള തുടങ്ങി ലൈറ്റിട്ട് നടത്തുന്ന കലാപരിപാടികളോടും, ഒന്ന് പ്രണയിച്ച് കിട്ടിയാൽ പിന്നെ ബാലേ, നാടകം തുടങ്ങിയ ലൈറ്റ് അണയ്ക്കുന്ന പരിപാടികളോടും എന്ന നിലയിൽ ഒരു പക്ഷാഭേദം മനസ്സിൽ നിലനിന്നിരുന്നു. 

എനിയ്ക്ക് കാണേണ്ട ആൾ അവിടെ മുന്നിലിരിപ്പുണ്ട് കൂടെ 2 കസ്സിൻസ്സും, അവളുടെ അച്ഛനും അമ്മയും അവൾക്ക് മുന്നിൽ ഉറാക്കം തൂങ്ങിയിരിപ്പുണ്ട്, പൊതുവേ അന്തരീക്ഷം അനുകൂലം, പക്ഷേ ഒരു അമ്മാവൻ അങ്ങേരുടെ ഭാര്യയുമായി ഈ പെൺപിള്ളാരുടെ പുറകിൽ ഇരിപ്പുണ്ട്, ഒരു വടിയുമുണ്ട് കയ്യിൽ. ഞാൻ ഒന്ന് വട്ടം ചുറ്റി ശ്രദ്ധയാകർഷിയ്ക്കൽ പ്രമേയം അവതരിപ്പിച്ച് പുറകിലായിരുന്നു, അവൾ കണ്ടു, പക്ഷേ തിരിഞ്ഞ് നോക്കാൻ വയ്യ, ഇങ്ങേർ ഉണ്ടല്ലോ... 

ചങ്കന്മാരെ ഒക്കെ ഒരു വശത്തിത്തിരുത്തി അവൾക്ക് സൈഡിലായി ഇരുന്നു, അപ്പോഴും തലചരിച്ച് നോക്കിയാൽ ഇങ്ങേർ... അവസാനം ഞാൻ അങ്ങേരുടെ കൂടെ പോയിരുന്നു ചോദിച്ചു "എന്തിനാ മാമാ ഈ വടി", അങ്ങേരു വളരെ സ്നേഹത്തൊടെ എന്നോട് പറഞ്ഞ് "അത് മക്കളേ, പട്ടിശല്യം ഉണ്ട്" പകച്ചു പോയെന്റെ പ്രണയം!

No comments:

Post a Comment