വയലാർ ദേവരാജൻ ജോഡിയുടെ മനോഹര ഗാനങ്ങളുടെ അതിപ്രസരത്തിൽ പൂത്ത് നിന്ന സിനിമകളെപ്പറ്റി നമ്മൾ പറഞ്ഞിട്ടുണ്ട്, എന്നാൽ അവർക്ക് തുല്യമായി ഗാനങ്ങളുടെ ബലത്തിൽ സിനിമയെ ഉത്തുംഗശൃംഗത്തിലെത്തിച്ച മറ്റൊരു ജോഡിയുടെ പ്രകടനം ആണ് 1973 ലെ ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു. ശ്രീകുമാരൻതമ്പിയും ദക്ഷിണാമൂർത്തിയും ചേർന്ന് സൃഷ്ടിച്ച നാദങ്ങളുടെ അലമാല എക്കാലത്തേയും മികച്ചവയാണ്.
ആദ്യഗാനം നായികയെ വർണ്ണിച്ച് പാടുന്ന "ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം" ആണ്. മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദമായ അവൾ കാമശിലയാണോ എന്ന് നായകൻ സംശയിക്കുന്നത് ഗാനത്തിലുടനീളം തുടരുന്നുണ്ട്. രതിയോ? രാഗനദിയോ? നീ സുഖരംഗസോപാനമോ? എന്ന് ആദ്യചരണാന്ത്യത്തിൽ ചോദിക്കുമ്പോൾ രതിസുഖത്തിലേയ്ക്കുള്ള ആ കോണിപ്പടി ചവുട്ടിക്കയറാൻ ആർക്കെങ്കിലും ഒരു മോഹമൊക്കെ വന്നാൽ കുറ്റം പറയാനൊക്കില്ല. മധുവോ? പ്രേമനിധിയോ? നീ സുഖസ്വര്‍ഗ്ഗവാസന്തമോ? എന്ന് അവസാന ചരണത്തിന്റെ അവസാനം ചോദിക്കുമ്പോഴും സംഗതി അവിടെ തന്നെ കറങ്ങി നിൽക്കുന്നു. പി. ജയചന്ദ്രന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായ എത്ര മധുരമായാണ് ആലപിച്ചിരിക്കുന്നു!
അടുത്ത ഗാനം ഒരു കോളേജിലെ യുവജനോത്സവവും അത് കലക്കാൻ എതിർഗ്രൂപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളും, അതിനിടയിൽ നല്ല ഒരു നൃത്തരംഗവും, അവസാനം പാമ്പിനെ ഇറക്കി പരിപാടി പൊളിച്ചവരുടെ കയ്യിൽ നിന്നും പിടിവിട്ടുപോയ കാര്യങ്ങൾ അരങ്ങിലെ ഒരു തൂണുതകർന്ന് നർത്തകി അതിനടിയിൽ പെടുന്നിടത്തെത്തുന്നു കാര്യങ്ങൾ. പി. ലീല ആലപിച്ച ഈ ഗാനം ആ കാലഘട്ടത്തിലെ യുവതികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നായിരുന്നു.
ഇനി പൊന്നും തേനും വിളമ്പി, അന്നനടനശ്രീയോടെ വന്ന നായിക കാവടിയായി നായകനു അനുഭവപ്പെടുന്ന ഗാനം. നീലകണ്മയിൽ പീലികളാടി, പുഞ്ചിരിയാൽ പാൽക്കാവടിയാടി എന്ന പ്രയോഗം അതിമനോഹരമാണെന്ന് പറയാതെ വയ്യ! പ്രഥമ രാത്രിയുടെ പ്രമദശയ്യയിൽ പ്രണയത്തിന്റെ താമരപൂവിതളായി ആ മധുമതീ വിതുമ്പി വിടർന്നു. അവിടെ ആ വിതുമ്പൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്. മധുവുള്ളിൽ നിറഞ്ഞ ആ താമർപ്പൂവിതൾ വിടർന്നപ്പോൾ വിതുമ്പേണ്ടി വന്നത്.....? നായിക കന്യകയായതിനാൽ ആണോ? നായകൻ അൽപ്പം ധൃതികാട്ടിയതിനാലോ? അതോ അവളുടെ സമ്മതമില്ലാതെ നടന്ന സംഭോഗത്താലോ? ഏതായാലും അത് സംഭവിച്ചു; മധുരത്തേനിൻ സുഗന്ധമടർന്നു, "തേനിന്റെ സുഗന്ധം" ഒരൊന്നൊന്നര പ്രയോഗമാണല്ലോ, അതെന്നെ ഭ്രമിപ്പിക്കുന്നു! നായകൻ ഒരു വനഭൃംഗമായി അതിൽ നീരാടി, അർമ്മാദിച്ചു! നറുനിലാവുമായി മത്സരിച്ച നായികയുടെ പുഞ്ചിരി കണ്ട് നിന്ന ആ നിഴലിനെ യേശുദാസ്സാണ് അതിമനോഹരമായി ആലപിച്ചിരിക്കുന്നത്.
അടുത്തഗാനം "ഈരേഴുലകവും നിറഞ്ഞിരിക്കും ശ്രീഭുവനേശ്വരീ ഭദ്രകാളി" എന്ന ഭദ്രകാളീസ്തുതിയാണ്, അത് എസ്സ്. ജാനകിയോടൊപ്പം സ്വാമി തന്നെ ആണ് ആലപിച്ചിരിക്കുന്നതും.
ഈരേഴുലകവും നിറഞ്ഞിരിക്കും
ഈരേഴുലകവും നിറഞ്ഞിരിക്കും
അടുത്തത് ബ്രഹ്മാനന്ദന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ "താരകരൂപിണീ നീയെന്നുമെന്നുടെ ഭാവനാ രോമാഞ്ചമായിരിക്കും" എന്ന മൂന്ന് ചരണങ്ങളുള്ള ഗാനമാണ്. നിദ്രതന്‍ നീരദ നീലവിഹായസ്സില്‍ നിത്യവും പൂത്തു മിന്നിനില്‍ക്കുന്ന ആ സ്വപ്നനക്ഷത്രത്തിന്റെചിരിയില്‍ സ്വര്‍ഗ ചിത്രങ്ങൾ കണ്ടുനില്‍ക്കാൻ ആഹാ.. എന്താ ഒരു ചേല്! കാവ്യവൃത്തങ്ങളിൽ ഓമനേ നവമാകന്ദമഞ്ജരിയും, മണിവീണതന്‍ രാഗങ്ങളില്‍ അവൾ സുന്ദരമായ മോഹനരാഗവും ആണെന്നത് പ്രണയാതുരതയുടെ പാരമ്യം വെളിവാക്കുന്നു. ഹര്‍ഷവര്‍ഷ നിശീഥിനിയില്‍ ഈണവും താളവുമായിണങ്ങിയ അവരുടെ ജീവസംഗമധന്യത കാണുവാന്‍ ഈരേഴുലകും അണിഞ്ഞൊരുങ്ങി... ആഹാ.. എന്തൊരു നിർവൃതി!
താരകരൂപിണീ നീയെന്നുമെന്നുടെ
താരകരൂപിണീ നീയെന്നുമെന്നുടെ
"ആറാട്ടിന്നാനകളെഴുന്നള്ളീ ആഹ്ലാദസമുദ്രം തിരതല്ലീ" എന്ന അവസാനഗാനവും ആലപിച്ചിരിക്കുന്നത് യേശുദാസ്സാണ്. അമ്പലപ്പുഴയിൽ ജനിച്ചുവളർന്ന എനിക്ക് ആ നാദസ്വരലഹരി സ്വന്തമാകാൻ ഉള്ള ഒരു കാരണം എന്നോടൊപ്പം സ്ക്കൂളിൽ മുതിർന്ന ക്ളാസ്സുകളിൽ പഠിച്ചവരുന്ന കൂട്ടുകാരാണ് പിന്നീട് ദേവസ്വം ബോർഡ്ഡിന്റെ നാദസ്വരക്കാരായി അമ്പലപ്പുഴ ക്ഷേത്രത്തിൽ മാറിമാറി വന്ന ആ മൂന്നു പേരും, ഒരു സോപാനസംഗീതക്കരനും. വേലകളിക്കും അയ്യരുകളിക്കും തിരുവനന്തപുരത്ത് നിന്നും വൈദ്യകുടുംബം അമ്പലപ്പുഴയ്ക്ക് പറിച്ചുനട്ടതിൽ ഒരു പങ്കുമുണ്ട്. ആനന്ദഭൈരവിയുടെ മേളത്തിൽ തുമ്പിതുള്ളിയ ആ അമ്പലത്തുളസിയോട് (കിഴക്കേ നടയിൽ ഒരു തുളസിത്തറയുണ്ട്) അസൂയതോന്നുന്നു. ആയിരത്തിരിവിളക്കിന്റെ വെളിച്ചത്തിൽ ആൽച്ചുവട്ടിൽ അവളെ നോക്കി നിൽക്കുന്ന കാമുകനെ കണ്ടപ്പോൾ, വേലക്കുളത്തിന്‍ വെള്ളിക്കല്‍പ്പടവില്‍ (നല്ല വഴുക്കൽ ഉണ്ടവിടെ, സൂക്ഷിച്ചില്ലെങ്കിൽ വീഴും) അവളുടെ കാല്‍ത്തളകളും കൈവളകളും കുലുങ്ങുകയും, ആ അമ്പിളിപ്പൂമുഖം പൂത്തു വിടര്‍ന്നപ്പോള്‍ ക്ഷേത്രത്തിലെ ചുറ്റുവിളക്കായി കത്തുന്ന ആയിരം ദീപമതില്‍ പ്രതിഫലിക്കുന്നതും കണ്ട നായകനായി ഞാനും മാറുന്നു, കാരണം അതിൽ ആത്മാംശമുണ്ട്, നന്നായി എന്ന് ഉറപ്പിച്ച സ്ഥിതിക്ക് ഇനി അതൊന്നും പറയുന്നതും ശരിയല്ല. തനിക്ക് കരഗതമായ ഇത്രയും മികച്ചഗാനങ്ങളുടെ ചിത്രീകരണത്തിൽ എ. ബി. രാജെന്ന ആ സംവിധായകൻ, വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്, കേൾക്കുമ്പോൾ ഉള്ള ആ സുഖം കാണുമ്പോൾ കുറയുന്നതുപോലെ തോന്നാറുണ്ട്, ഒരു പക്ഷേ എന്റെ തോന്നലാവാം.

No comments:
Post a Comment