Thursday, May 17, 2018

നീരാടിയ പെണ്ണും ആറാടിയ കന്നീം

നീരാടുന്ന പെണ്ണിനെക്കുറിച്ച് മലയാളത്തിൽ നിരവധി ഗാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. നമുക്കിന്ന് അത്തരം രണ്ട് ഗാനങ്ങൾ ആസ്വദിക്കാം.  ആദ്യം കുളിരംഗം എന്ന നിലയിൽ നിന്നും കടന്ന് ചിത്രീകരണം നടത്തിയ  ഗാനമാണ് ബിച്ചു തിരുമല രചിച്ച "പിച്ചകപ്പൂങ്കാറ്റിൽ മുത്താരം ചൂടുന്ന" എന്ന കെ. രാഘവൻ സംഗീതം നൽകി യേശുദാസ്സ് ആലപിച്ച കടമ്പ എന്ന സിനിമയിലെ ഗാനം. 

ചിറ്റാമ്പൽ പൊയ്ക പൂമാല ചൂടി പിച്ചകപ്പൂമണമുള്ള കാറ്റിൽ അലിയുമ്പോൾ അതിൽ തുടിക്കുന്ന  പെണ്ണിനോട് അധികമൊന്നുമില്ല, പരിമളവുമായി വന്ന് ഒരു തുടം മാത്രം കുളിര് മാത്രമേ ചോദിക്കുന്നുള്ളൂ. മധുരമാണോ ലഹരിയാണോ നനയുന്ന ആ യൗവ്വനമെന്നത് കരയ്ക്കുകയറി വന്നാൽ വ്യക്തമാകാവുന്നതേയുള്ളൂ!

ഏതായാലും നായകൻ ഒരു പ്രകോപനവുമില്ലാതെ എന്തെങ്കിലും പാടുകയല്ല; ഉടുതുണിയും പിഴിഞ്ഞുടുത്ത് കുളിച്ചുകയറി വരുന്ന നേരത്ത് ചുണ്ടിൽ മുല്ലപ്പൂ വിരിയും, അതും തേൻ നിറഞ്ഞ മുല്ലപ്പൂക്കൾ ആണെന്നതിനാൽ തന്നെ ആ മധു നുകരാൻ ഒരു ശലഭം വേണം എന്ന പ്രതീക്ഷയിൽ, ഒരു സമർപ്പണം നടത്തുന്നു നായകൻ, ദാ ഞാൻ ആയ ശലഭം തയ്യാറായി നിൽക്കുന്നു, എന്റെ ഹൃദയവും, ഇനി എന്തിനൊരു അമാന്തം? നൈവേദ്യം വേഗം പകർന്ന് തന്നാലും! നായിക അതിനുഒട്ടും മടി കാണിക്കുന്നുമില്ല, വാരിക്കോരി തന്നെ പകരുന്നു.

ആള് മാന്യനായതിനാൽ നായികയുടെ താരുണ്യത്തെപ്പറ്റി മാത്രമേ കൂടുതൽ വർണ്ണീക്കുന്നുള്ളൂ. പഴമുതിരുന്ന കവിളിണകളും, ചുണ്ടത്ത് ചുവപ്പ് പരത്തുന്ന നഖമുനകളും, തരിവളകൾ കളിപറയാൻ കൊതിക്കുന്ന ഇളം കയ്യുമൊക്കെ കാണുമ്പോൾ അതിക്രമത്തിനൊന്നും മുതിരുന്നില്ല, പുടവ കൊടുക്കണമെന്നും, നെറുകയിൽ തിലകമിടാനും മനസ്സിൽ പൂക്കാലം നിറയുന്നതേയുള്ളൂ. പക്ഷേ ഗാനരംഗത്തും കഥയിലും അതിലുമപ്പുറമാണ് കാര്യങ്ങൾ എന്ന് മാത്രം! 

"പിച്ചകപ്പൂങ്കാറ്റില്‍ മുത്താരം ചൂടുന്ന
ചിറ്റാമ്പല്‍ പൊയ്കയില്‍ നീരാടും പെണ്ണേ
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയോ

ഉടുതുണിയും പിഴിഞ്ഞുടുത്ത് 
കുളിച്ചുവരും നേരം
ചുണ്ടിണയില്‍ പുഞ്ചിരിതന്‍ 
തേന്മുല്ല പൂവണിയും
അതിലൊഴുകും മധുനുകരാന്‍ 
ഒരു ശലഭം വേണം
ശലഭമിതാ ഹൃദയമിതാ
പകരു പകരു നൈവേദ്യം...

കളിപറയാന്‍ തരിവളകള്‍ 
കൊതിയ്ക്കുമിളം കയ്യില്‍
ചെറുവിരലോ നഖമുനയോ 
ചുണ്ടത്ത് ചുവയൂട്ടും 
പവിഴമിളം കവിളിണയില്‍ 
പഴമുതിരും പ്രായം
പുടവ തരാന്‍ തിലകമിടാന്‍
മനസ്സു നിറയെ പൂക്കാലം"


കുളിരംഗങ്ങളിൽ കുഞ്ചാക്കോയെ കവച്ചുവയ്ക്കാൻ ഇനിയും ആരെങ്കിലും ജനിക്കേണ്ടിയിരിക്കുന്നു എന്നാണെന്റെ അഭിപ്രായം. വയലാറിന്റെ വരികൾ, പരവൂർ ദേവരാജന്റെ വടക്കൻപാട്ടിനു ചേരുന്ന  സംഗീതം, നിത്യവസന്തം നസീറും, അക്കാലത്തെ സ്വപ്നറാണി വിജയശ്രീയും, ഭാവഗായകൻ ജയചന്ദ്രന്റെ ആലാപനവും കുഞ്ചാക്കോയ്ക്ക് ചേരുവകളായി കിട്ടിയപ്പോൾ എക്കാലത്തേയും മികച്ച ഗാനരംഗമാക്കാൻ ഒരു പ്രയാസമുണ്ടായില്ല; പൊന്നാപുരം കോട്ടയിലെ ഗാനത്തിൽ വള്ളീയൂർക്കാവിലെ കന്നി നീരാട്ടല്ല, ആറാട്ടാണ് നടത്തിയത്! വയനാടൻ പുഴയിൽ അവൾ ആറാടാനിറങ്ങുമ്പോൾ കൂടെ കുളിക്കാതിരിക്കാൻ ഇളങ്കാറ്റിനും, കുരവമുഴക്കാതിരിക്കാൻ മുളങ്കാടിനും കഴിയുവതെങ്ങനെ?

വയലാർ വയാനാട്ടിലെത്തുമ്പോൾ വരികളിൽ വയനാടൻ സുഗന്ധം പരന്നൊഴുകുന്നു. അവൾ ഞൊറിഞ്ഞ് ചുറ്റിയ ചേലയിൽ നിറഞ്ഞ ആ "ചോലക്കുളിർ' ആയി അത് നമ്മളെ കുളിരണിയിക്കുന്നു, നീലക്കാർകൂന്തൽ അഴിച്ച് "ഉലമ്പി", നിറതാളി തേച്ച്  മേനിയിലെ "മെഴുക്ക്" ഇളക്കി, കന്നി നീരാടുന്നു; ആ നാടൻപദപ്രയോഗങ്ങൾ ശ്രദ്ധിക്കൂ... വയലാർ എഴുതുമ്പോൾ കുളിക്കുന്നത് ഒരേ വിജയശ്രീ തന്നെ ആയാലും, സ്ഥലം കുളിമുറിയോ, കടപ്പുറമോ, കാനനച്ചോലയോ എന്നതനുസരിച്ച് പദപ്രയോഗങ്ങൾ മാറും, ആ മണ്ണിന്റെ മണം വരികളിൽ നിറയും!

മാറിൽ കുരുത്ത ആ പുളകങ്ങൾ അവളുടെ നിറഞ്ഞ താരുണ്യം ചാർത്തിക്കൊടുത്ത ചമയങ്ങളായി നിറയുമ്പോൾ, പൂവമ്പന് ഒളിഞ്ഞ് നിന്ന് കാണാൻ നീരാടാൻ ആവശ്യപ്പെടുന്നത് രസകരമായിരിക്കുന്നു. ഒളിഞ്ഞ് നിന്ന് കുളികാണാൻ ഒരു കാമുകനും, കാട്ടിക്കൊടുക്കാൻ ഒരു കാമുകിയും, ആഹാ... ആനന്ദലബ്ധിയ്ക്കിനിയെന്ത് വേണം?

അടുത്ത ചരണത്തിൽ അൽപ്പം കൂടി കടന്ന് പൂവമ്പന് കാഴ്ച്ചവയ്ക്കാൻ ഒന്ന് കുളിച്ച് സുന്ദരമാക്കിക്കൊള്ളൂ എന്നാണ് ഉപദേശം! അതും വെണ്ണനെയ്യ് കൊണ്ട് പൊതിഞ്ഞിരിക്കുകയാണോ എന്ന് സംശയം തോന്നുന്ന നിറമുള്ള ഉടൽ, വയനാടൻപുഴയിലെ വെള്ളിയോളങ്ങൾ ആയാൽ പോലും അവസരം കിട്ടിയാൽ പുണരാതിരിക്കുമോ? ഏതായാലും ഒരാവശ്യത്തിനല്ലേ? ഒരു വഴിക്കു പോകുകയല്ലേ? നീരാട് കന്നീ നീരാട്.....

നീരാടാതെ ക്ളാസ്സിൽ വന്ന കുട്ടികളേ... പുഴകിട്ടിയില്ലെങ്കിൽ കുളിമുറിയിലെങ്കിലും നീരാട്... പറ്റിയാൽ ആറാട്..... കൂട്ടത്തിൽ ഈ ഗാനങ്ങൾ കൂടി കേട്ടോളൂ....

"വള്ളിയൂര്‍ക്കാവിലെ കന്നിക്ക്
വയനാടന്‍ പുഴയിലിന്നാറാട്ട്
കൂടെ കുളിക്കാനിളം കാറ്റ്
കുരവവിളിക്കാന്‍ മുളംകാട്

ചോലക്കുളിരു ഞൊറിഞ്ഞുചുറ്റി
നീലക്കാര്‍കൂന്തലഴിച്ചുലമ്പി
നിറതാളിതേച്ചു മെഴുക്കിളക്കി
നീരാടൂ കന്നി നീരാട്

മാറില്‍ കുറുത്ത പുളകങ്ങള്‍
താരുണ്യം ചാര്‍ത്തും ചമയങ്ങള്‍
നിന്റെ പൂവമ്പൊന്നൊളിച്ചുകാണാന്‍
നീരാട് കന്നി നീരാട്

വെണ്ണനെയ് കൊണ്ട് പൊതിഞ്ഞമേനി
വെള്ളിയോളങ്ങള്‍ പുണര്‍ന്നമേണി
നിന്റെ പൂവമ്പന്നു കാഴ്ചവയ്ക്കാന്‍
നീരാട് കന്നി നീരാട്"

No comments:

Post a Comment