മലയാളികളുടെ രക്തത്തിൽ ഗണിതശാസ്ത്രമുണ്ടെന്ന് പറയുന്നത് മാതൃഭാഷ അത് വേണ്ടുവോളം ഉപയോഗിക്കുന്നതുകൊണ്ടാണ്, വൃത്തങ്ങൾക്ക് "രണ്ടും മൂന്നും മൂന്നും രണ്ടും രണ്ടും രണ്ടും" എന്നൊക്കെ തോത് കവിതയ്ക്ക്, എഴുതിയാലോ.. വൃത്തവും കോണും ചതുരവുമില്ലതിൽ എത്തിനോക്കീട്ടില്ല ശിൽപ്പിതന്ത്രം എന്ന് ക്ഷേത്രഗണിതം! വയലാർ, "മകനേ നിനക്കുവേണ്ടി" എന്ന ചലച്ചിത്രത്തിനായി രചിച്ച് ദേവരാജമാസ്റ്റർ സംഗീതം നൽകി യേശുദാസ്സ് ആലപിച്ച ഇരുന്നൂറുപൗർണ്ണമികൾ എന്ന ഗാനം അങ്ങനെ കയ്യിൽ കണക്ക് കൂട്ടിക്കുന്ന ഒന്നാണ്.
ഇരുന്നൂറു പൗർണ്ണമികൾ എന്ന് വയലാർ പ്രയോഗിക്കുമ്പോൾ 29 ദിവസത്തിൽ ഒന്നെന്ന കണക്കിൽ പതിനാറിൽ നിന്നും മധുരപ്പതിനേഴിലേയ്ക്ക് കാലെടുത്തുകുത്തുന്ന ഒരു കൗമാരക്കാരിയോ യുവതിയോ എന്ന് തർക്കിച്ച് നിൽക്കുന്ന പെൺകൊടി എന്ന് എളുപ്പത്തിൽ ഗ്രഹിക്കാം. അടുത്തവരിയിൽ എത്രവലിയ സൂത്രപ്പണിയാണ് കാട്ടിയിരിക്കുന്നത് "ഇരുന്നൂറ് പൊന്നരയന്നങ്ങൾ" കുളിരുമായി നിൻ്റെ കൗമാരത്തിൻ്റെ കിളിവാതിൽ തുറന്നു നോക്കി! ജനിച്ചുവീണ കുഞ്ഞിന് ആദ്യ പൗർണ്ണമിയിൽ എന്തൂട്ട് കുളിര്? എന്ന് ചോദിക്കാതിരിക്കാൻ, ഒന്നൊന്നായി കൂടിക്കൂടി വന്ന്, "പലവടിവും വന്നു ചമഞ്ഞു, തലമുടിയും വന്നു തികഞ്ഞു, മുലയിണയും മാറു കവിഞ്ഞു, മലർശരനും മെല്ലെയണഞ്ഞു" എന്ന നളചരിതം തുള്ളലിലെ വരികൾ പോലെ വന്നുനിറഞ്ഞ കുളിരാണെന്ന് മറുപടി പറഞ്ഞ് പോകുകയാണിവിടെ. തുറക്കാതിരുന്ന വാതിൽ ആദ്യമായി തുറക്കുമ്പോൾ എന്താ കേൾക്കുക? "കിരു കിരെ" അല്ലതെന്ത്?
എന്തായാലും വാതിലല്ലേ... അതിപ്പോൾ കിളിവാതിലായാലും അകത്തെ കാഴ്ച്ചകളൊക്കെ കാണാൻ ധാരാളം... വിരിയുന്ന വികാരപ്പൂക്കളിലെ മഞ്ഞിൻ്റെ മുത്തുകൾ ആണാദ്യകാഴ്ച്ച, സംഗതി മുഷിയില്ലെന്നുറപ്പായി! നേരേ നോക്കാൻ സങ്കോചമുള്ള പ്രായത്തിൽ കടമിഴിക്കണ്ണിലൂടെയാണ് പൊതുവേ പ്രണയചേഷ്ടകൾ, അത് രസിച്ച അരയന്നങ്ങൾ കൂട്ടമായി മറുകുള്ള കവിളിൽ ഉമ്മകൊടുത്തു, നുണക്കുഴിയൊന്നൊക്കെ വേണമെങ്കിൽ അതിനെ പറയാം. ഈ ചരണവും നളചരിതം തുള്ളലിനെ ഓർമ്മിപ്പിക്കുന്നു. 'ശിശുത കഴിഞ്ഞു വശത വഴിഞ്ഞു, മറവുമൊഴിഞ്ഞു മനമതഴിഞ്ഞു. കിളിമൊഴി താനൊന്നു പകർന്നൂ, കളി പുതുമയ്ക്കാശ വളർന്നൂ. കളിവചനപ്രൌഢി മുതിർന്നൂ, നളനൃപതേ കാമമുയർന്നൂ. മിഴികൾ വിടർന്നൂ വഴിയിലമർന്നൂ, അഴകുകലർന്നൂ കഴലിണ ചേർന്നൂ"
ഇനിയുള്ളകാര്യങ്ങൾ പറയുമ്പോൾ ഇയാളേത് കിളിവാതിലിലൂടെയാണ് നോക്കിയതെന്ന് ചോദിക്കരുത്! വിരിയാത്തൊരായൊരം പൂമൊട്ടുകൾ കണ്ടു അവയിൽ തുളുമ്പുന്ന തേൻ കുടം കണ്ടു; എന്തായാലും ആയിരം എന്ന പ്രയോഗത്തിലൂടെ രോമഹർഷങ്ങളെയാണ് കവിയുദ്ദേശിച്ചതെന്ന് വേണം അനുമാനിക്കാൻ. പിന്നെ തുളുമ്പുന്ന തേൻ കുടം അതിപ്പോ ശരീരമാസകലം രോമകൂപങ്ങളും മൃദുരോമങ്ങളുമൊക്കെ ആവാമല്ലോ അവയുടെ ഇടയിൽ ചുണ്ടുകളോ, കുചകലശങ്ങളോ, അതിനുമപ്പുറം താഴേക്കാട്ടിലെ തേങ്കിണ്ണമായ താമരക്കുളം പോലെയുള്ള മറ്റെന്തെങ്കിലുമോ ആവാം, വയലാർ വെറുതെയങ്ങ് ഏകവചനം പ്രയോഗിക്കുമോ? എന്ന് ഒറ്റ സംശയമേ എനിക്കുള്ളൂ! വിരൽനഖം കൊണ്ട് കോരിത്തരിച്ചപ്പോൾ വീണ്ടും സംശയമായി, ആ.. അതിപ്പോൾ ഏത് കുടമായാലും വിരൽനഖമൊക്കെ അപകടമാണ്, നഖം നന്നായി വെട്ടിയ വിരലുകളാണ് ആ പ്രായത്തിൽ നല്ലത്, അല്ലെങ്കിൽ പിന്നെ കിരുകിരാന്ന് തുടന്നത് പടപടാന്ന് അടച്ചാലും ചിലപ്പോൾ തിരിച്ചടയുകയില്ല!!! തീർച്ചയായും സ്വപ്നങ്ങൾക്ക് ചിറകുകൾ ഉള്ള പ്രായമാണത്, എങ്ങോട്ടു, എത്രവേണമെങ്കിലും പറന്നുയരാം, പറന്നുനടക്കാം. വീണ്ടും നളചരിതം തുള്ളലിലേയ്ക്ക് നമ്മുടെ ദമയന്തിയെ അങ്ങനെ പാതിവഴിയിൽ വിട്ടിട്ട് പോകുവാൻ പറ്റുമോ? "പ്രിയസഖിമാരോടുമിണങ്ങീ, പ്രിയതമനെച്ചിന്തതുടങ്ങീ. പ്രിയമധുരം വാക്കിലിണങ്ങീ, പ്രിയമിദമെന്നോർത്തു വണങ്ങീ. മദനനുദിച്ചൂ മദമതിളച്ചൂ, മനസി രസിച്ചു അവിടെ മറച്ചു.
എന്തിനാണാവോ മറച്ചത്? ആ... എനിക്കും ശരിക്ക് മനസ്സിലായിട്ടില്ല, നമുക്ക് ഗാനം ആസ്വദിക്കാം.....
ഇരുന്നൂറു പൗർണ്ണമി ചന്ദ്രികകൾ
ഇരുന്നൂറു പൊന്നരയന്നങ്ങൾ
കുളിരുമായ് നിന്റെ കൗമാരത്തിന്റെ
കിളിവാതിൽ കിരുകിരെ തുറന്നു നോക്കി
വിരിയും വികാരത്തിൻ പൂവുകൾ കണ്ടു
അവയിലെ മഞ്ഞിന്റെ മുത്തുകൾ കണ്ടു
മിഴിമുന കൊണ്ടു മോഹിച്ചു നിന്നു
മറുകുള്ള കവിളത്തൊരുമ്മ തന്നു നിന്റെ
മറുകുള്ള കവിളത്തൊരുമ്മ തന്നു
വിരിയാത്തൊരായിരം മൊട്ടുകൾ കണ്ടു
അവയിൽ തുളുമ്പുന്ന തേൻകുടം കണ്ടു
വിരൽനഖം കൊണ്ടു കോരിത്തരിച്ചു
ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു
ഉള്ളിൽ ചിറകുള്ള സ്വപ്നങ്ങൾ വാരിയിട്ടു
https://www.youtube.com/watch?v=ujF1rH-BBdw
No comments:
Post a Comment