മലയാള സിനിമയിൽ വായിക്കുരുചിയുള്ള സംസ്കൃതഗാനങ്ങൾ രചിച്ചിട്ടിട്ടുള്ളത് യൂസഫലി കേച്ചേരിയാണ്; അത് സാമജസഞ്ചാരിണി ആയാലും, ജാനകീ ജനേ ആയാലും, ചഞ്ചല ചഞ്ചല നയനമായാലും. പരിണയമെന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി രചിച്ച് ബോംബേ രവി സംഗീതം നൽകി യേശുദാസ്സ് ആലപിച്ച എക്കാലത്തേയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നാണ് സാമാനസഞ്ചാരിണീ. അത്രയും ഗംഭീരമായ ഒരു ഭാവഗീതം ഉൾക്കൊള്ളാൻ വിനീത് എന്ന യുവനടൻ ഉപയോഗിച്ച സംവിധായകൻ ആ ഗാനത്തോടുതന്നെ കൊലച്ചതിയാണ് കാണിച്ചത്, എങ്കിലും പ്രായത്തിൽ കവിഞ്ഞ പക്വതയോടെ നായിക, ആരെക്കുറിച്ചാണോ ഈ ഗാനം, മോഹിനി അതിനെ ഉൾക്കൊണ്ട് അതിമനോഹരമാക്കി.
സ്ത്രീയെ വർണ്ണിക്കുന്ന അല്ലെങ്കിൽ സ്ത്രീകളുടെ അനിതരസൗന്ദര്യത്തിനാൽ തപസ്സും. പുണ്യവും, നിർവ്വാണവും എന്തിന് മനസ്സമാധാനം പോലും നഷ്ടമായ പാവം ഋഷിമാരെ കളിയാക്കുന്നതോ ആയ ആ പഴയ
"ഉടുരാജമുഖി മൃഗരാജകടി
ഗജരാജവിരാജിതമന്ദഗതി
യഥസാ വനിതാഹൃദയേ വസതി
ക്വജപ ക്വതപ ക്വസമാധിവിധി"
തന്നെയാണിവിടെ കടന്നുവരുന്നത്.
സാമജം ആനത്തന്നെ, സാമജസഞ്ചാരിണി; അപ്പോൾ ഗജരാജവിരാജിതമന്ദഗതിയെ പറ്റിയാണിവിടെ പറയുന്നത്. എങ്കിലും എനിക്കെപ്പോഴും തോന്നിയിട്ടുണ്ട് അത് നടന്നുപോകുന്ന സ്ത്രീയുടെ പിന്നാമ്പുറം നോക്കിയുള്ള ഒരു വിചാരമല്ലേയെന്ന്? ആനയുടെ മസ്തകം പോലെ രണ്ടായി തുടുത്തുനിൽക്കുന്നത് മാറിടമാണൊ, നിതംബമാണോ എന്ന് ചോദിച്ചാൽ എനിക്കൊരു ദ്വിവിധ അതിലുണ്ടെന്ന് സമ്മതിക്കുന്നു. എന്തായാലും ഗംഭീരമായ ഒരു മെല്ലെപ്പോക്കാണിവിടെ മോഹിനിയും അവതരിപ്പിച്ചത്, ആവശ്യത്തിന് എല്ലാ വശങ്ങളിൽ നിന്നും ക്യാമറ ചലിപ്പിക്കാൻ ഛായാഗ്രാഹകനും മറന്നില്ല.
സരസ്സ്, പൊയ്കയാണ് രുഹം അതിൽ ജനിച്ചതും, അപ്പോൾ താമര തന്നെ. താമരയുടെ മധുവോടെ പാടുന്നവളാണ്, അല്ലെങ്കിൽ തേൻ പകരുന്ന സംഭാഷണചാതുരിയുള്ളവളാണ് നായിക. അതിനാൽ തന്നെ ശൃണു മമ ഹൃദയം.... എൻ്റെ ഹൃദയം പറയുന്നത് കേട്ടാലും, എൻ്റെ ഹൃദയം കാമദേവൻ്റെ ശരങ്ങളാൽ നിറഞ്ഞിരുക്കുന്നു എന്ന് അറിഞ്ഞാലും.... നിൻ്റെ ഈ അംഗങ്ങളിളക്കിയുള്ള മൃദുചലനവും, എന്നോടുള്ള മധുരഭാഷണവും എന്നെ കാമപർവശനാക്കിയിരിക്കുന്നു എന്ന് ചുരുക്കം!
ആഹാ... ഈ വരിക്ക് പകരം വയ്ക്കാൻ എൻ്റെ കയ്യിലൊന്നുമില്ല, ഇതിൻ്റെ ഭാവം കളയാതെ എനിക്ക് വിവരിക്കാൻ കഴിഞ്ഞെങ്കിൽ..... തേൻ തുളുമ്പുന്ന നിൻ്റെ അധരങ്ങൾ എത്രമധുരമുള്ളതാണ്!, അതൊന്ന് നുണയാൻ,നുകരാൻ, രുചിക്കാൻ എന്നിൽ മോഹം നിറയുന്നു.
കോമളമായ നിൻ്റെ കേശഭാരം മഴമേഘമായി കാണപ്പെടുന്നു. ഇനിയും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ് അതിനാൽ ഈ മൗനം വെടിഞ്ഞാലും മനോജ്ഞമായ വദനമുള്ളവളേ... എൻ്റെ അരികിലേയ്ക്ക് വന്നാലും കുവലയപുഷ്പം പോലെ സുന്ദരമായ നയനങ്ങളുള്ളവളേ...
സംഗതി ഏതാണ്ട് പിടികിട്ടിക്കാണുമല്ലോ, പ്രുഢയൗവ്വനയുക്തയും, സുന്ദരിയും, സരസസംഭാഷണവതിയുമായി താത്രിക്കുട്ടിയെ തൻ്റെ അരികിലേയ്ക്ക് ക്ഷണിക്കുകയാണ് കാമുകൻ, ഹൃദയത്തിൽ നിറഞ്ഞ കവിഞ്ഞ കാമദേവൻ്റെ ശരങ്ങളെല്ലാം എയ്തൊഴിക്കുവാൻ....
അംഗസൗന്ദര്യമെത്രയുണ്ടെങ്കിലും മുഖശ്രീ ഒരു പ്രധാനഘടകമായതിനാൽ, മുഖസൗന്ദര്യം വീണ്ടും വർണ്ണിച്ചുപോകുന്നു... വദനം സ്വാദുള്ളതെന്ന് അല്ലല്ലോ, തീർച്ചയായും അനിതരസുന്ദരമാവണം, അത് ഹൃദയത്തെ അപഹരിച്ചുകളയും അതിൽ അസ്വാഭാവികതയില്ല. അവിടെ വിരിയുന്ന പുഞ്ചിരി അതും മാദകമായതെങ്കിൽ അത് ഒരു പൂവല്ല മനസ്സിൽ ഒരുപൂക്കാലം തന്നെ കൊണ്ടുവരും, അവിടെ തളിരുകൾ നിറയും, വസന്തം പടരും..
അപ്പോൾ കാമവാസനകൾ നിറഞ്ഞു നിന്ന എൻ്റെ മനസ്സിൽ ഇപ്പോൾ നീ മുന്നിലെത്തുമ്പോൾ , ആ സുന്ദരമുഖം ഒരു പുതുവസന്തത്തിൻ്റെ ഋതുഭേദം സൃഷ്ടിച്ചിരിക്കുന്നു, അതിനാൽ തന്നെ പ്രിയമുള്ളവളേ, ഇനിയും നീ അണിഞ്ഞിരിക്കുന്ന ആ ലജ്ജയുടെ ആവരണം ആവശ്യമില്ല, അത് മാറ്റുക, എന്നിട്ട് എൻ്റെ ഭവനത്തിലേക്ക് വന്നാലും, കാരണം ഇവിടെ ആരുമില്ല, ഞാൻ മാത്രമേയുള്ളൂ, നീ വന്നണഞ്ഞാൽ മാധവം വരും, മൃദുലമായ നിൻ്റെ തളിർമേനിയിൽ അലിഞ്ഞ് ചേരാൻ, മന്മഥശരങ്ങളാൽ പർസ്പരം മുറിവേൽപ്പിച്ച് രതിയുടെ ആഴങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാൻ ഇത് നല്ല ഒരവസരമാണ്.
ചുരുക്കി അങ്ങട് പറഞ്ഞാൽ, സമയം അനുകൂലമാണ്, സാഹചര്യം അനുകൂലമാണ്, സ്ഥലപരിമിതികൾ ഇല്ല, പുരുഷൻ ഉത്തേജിതനാണ്, ഇണയുടെ കുറവുമാത്രമേ ഉള്ളൂ, അതിനാൽ കാമുകീ ക്ഷേത്രത്തിലെ ചുറ്റലൊക്കെ മാറ്റിവച്ചു വന്നാൽ നമുക്ക് കാര്യപരിപാടികളിലേയ്ക്ക് കടക്കാം....
ഈ ഗാനം ഒരു ൺബ്ബ് അർഹിക്കുന്നുണ്ട്, അത് ഞാൻ ചുവടെ ചേർക്കാം, ശിഷ്യഗണങ്ങളേ.... അർത്ഥം മനസ്സിലായെങ്കിൽ ഗാനം ആസ്വദിക്കൂ... തീർച്ചയായും ഈ ഗാനം ആസ്വദിക്കപ്പെടെണ്ടതാണ്..
"സാമജസഞ്ചാരിണീ
സരസീരുഹ മധുവാദിനീ
ശൃണുമമഹൃദയം സ്മരശരനിലയം
അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസങ്കാശം
മൗനാചരണം മതിയിനി സുമുഖീ
അണയൂ സഖി നീ കുവലയനയനേ
വദനം രുചിരം ഹൃദയാന്തഹരം
മാദകഹാസം മാധവമാസം
വ്രീളാവരണം മാറ്റുക ദയിതേ
വിജനം സദനം കിസലയമൃദുലേ"
പരിണയം താത്രിക്കുട്ടിയുടെ കഥയാണ്. "മാധവീലത" എന്ന പേരിൽ ഞാൻ എഴുതി മുഴുവനാക്കാതെ പോയ ഒരു കഥയിലെ നായിക. അഭിനവതാത്രിക്കുട്ടിയെയും ഇതുപോലെ ഗോപാലന്മാരും, പ്രാകാശിക്കുന്നവരും, കുട്ടികളുമൊക്കെ രാത്രിയിൽ ഇതേ ഭാവത്തോടെ വിളിച്ചതായി നമ്മൾ വായിച്ചതാണ്, സൂര്യകുംഭകോണക്കേസ്സിൽ! പക്ഷേ അവർ ആരും ഈ വരികൾ ടെലഫോണിലൂടെ പാടിയിരിക്കാൻ വഴിയില്ല, എന്നാൽ ഇതേ അർത്ഥമുള്ള മമത പാടിയ തമിഴ് ഗാനമായ "ഡാഡിമമ്മീ വീട്ടിൽ ഇല്ലേ.... തടപോട യാരുമില്ലേ... വിളയാടുവോമാ ഉള്ളെ വില്ലാളാ..." എന്ന പാട്ട് അങ്ങനെ തന്നെയോ "ഭാര്യേം മക്കളും കൂടെയില്ലാ... തടസ്സമായാരും ഇല്ലാ.... ക്വാർട്ടേഴ്സ്സിൽ വന്നാൽ നമുക്ക് ... ഒന്നാകാം.." എന്നാവും പാടിയിരിക്കുക. എന്തായാലും അമ്പയറും മൈദാനവും തേവയില്ലാത്ത, ഇൻഡോർ ഗെയിം താമസിപ്പിച്ച് നാണക്കേടാക്കാതെ, നിയമങ്ങൾ തെറ്റിച്ചില്ലെങ്കിൽ അത് ഫൗളായിമാറുന്ന ആ കളിയിൽ അവരുടെ ടാർജ്ജറ്റ് ആയ അതിർത്തികൾ ലംഘിച്ച് അർമ്മദിച്ചിരിക്കണം! "സുകൃതം വികൃതം സൗരോർജ്ജ ശയനേ" എന്ന് എസ്സ്.വി)
https://www.youtube.com/watch?v=JHYFvwAa_6I
https://www.youtube.com/watch?v=JHYFvwAa_6I

No comments:
Post a Comment