Thursday, July 5, 2018

ഭാര്യാഭർത്തൃധർമ്മത്തിലെ കാലഭേദം

ഭാരതീയ സംഹിതകൾ പ്രകാരം ഉത്തമഭാര്യയുടെ ലക്ഷണംവ്യക്തമാക്കുന്ന സംസ്കൃതശ്ലോകമാണ്

"കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീ"

ആദ്യ മൂന്നുവരികളിൽ പറഞ്ഞിരിക്കുന്ന ആറു വിധത്തിലുള്ള കർമ്മങ്ങൾ അനുഷ്ഠിക്കുന്ന സ്ത്രീയാണ് കുലത്തിലെ ധര്‍മ്മപത്നി എന്ന് സാരം!  ഈ ശ്ളോകത്തിൻ്റെ വരികൾ അങ്ങനെ തന്നെ നിൽക്കേ അതിൻ്റെ അർത്ഥം മാറിപ്പോയോ കാലഭേദത്തിൽ? സൂക്ഷ്മമായി വിശകലനം ചെയ്താൽ മനസ്സിലാകുന്നത്, ഉത്തമഭാര്യ ഒട്ടും തന്നെ മാറിയിട്ടില്ല, വാസ്തവത്തിൽ കാലം വാക്കുകളുടെ നിർവ്വചനങ്ങൾ മാറ്റിമറിക്കുകയാണുണ്ടായത്!

1.കാര്യങ്ങളില്‍ മന്ത്രിയെപ്പോലെ  യിരിക്കണം. അതായത് വേണ്ടത്, വേണ്ടസമയത്ത്, വേണ്ടതുപോലെ  ആലോചിച്ച് രാജാവിനു നല്ല ഉപദേശം കൊടുത്തിരുന്ന ആളായിരുന്നു പഴയകാലത്തെ മന്ത്രി. 

ഇന്ന് കഥ മാറി, കാര്യം കാണാന്‍ ചിരിച്ചും തൊഴുതും കാണിക്കുകയും, പിന്നീട് അടുത്തകാര്യം നേടേണ്ടിവരുംവരെയും കണ്ടഭാവം നടിക്കാതിരിക്കുകയും ചെയ്യുന്ന, ഖജനാവു കാലിയാക്കാന്‍ വിരുതേറിയവനാണ് ഇന്നത്തെ മന്ത്രി. കരേഷുമന്ത്രി എന്ന് ആവശ്യപ്പെട്ടാൽ ഭാര്യക്ക് ഇപ്പോഴത്തെ മന്ത്രിയെപ്പോലെയല്ലേ പെരുമാറാൻ സാധിക്കൂ...?

2. പ്രവൃത്തികളില്‍ ദാസിയെപ്പോലെ; അതായത് വേണ്ടകാര്യങ്ങള്‍ അറിഞ്ഞുംകണ്ടും ചെയ്യുന്ന, കൊടുത്തത് വാങ്ങിപ്പോകുന്ന കഠിനാദ്ധ്വാനിയായ ദാസി. 

ഇന്നത്തെ വേലക്കാരിയെങ്ങനെയാണ്? എന്തു ചെയ്താലും അതിനു പ്രതിഫലം ചോദിക്കും, അരക്കാൻ പറ്റില്ല മിക്സിവേണം, അലക്കാൻ പറ്റില്ല വാഷിംഗ് മെഷീൻ വേണം, അങ്ങനെ നൂറുകൂട്ടം നിബന്ധന വക്കും. ഓണത്തിനും വിഷുവിനും വാവിനും സംക്രാന്തിക്കുമൊക്കെ കൈനീട്ടം വേറെ നൽകണം. അതുപോലെ വേണമെന്ന് പറഞ്ഞാൽ ഭാര്യയും സേവനവേതനവ്യവസ്ഥ നിശ്ചയിക്കും, ഓണത്തിനു മാത്രമല്ല, ആനിവേഴ്സറികൾക്കും വാലന്റൈന്‍ ഡേയ്ക്കും സമ്മാനങ്ങൾ ചോദിക്കും.

3.രൂപംകൊണ്ട്  ലക്ഷ്മീദേവിയെപ്പോലെ    യിരിക്കണം. സുന്ദരിയായിരിക്കണം, ഐശ്വര്യമുണ്ടായിരിക്കണം എന്നര്‍ത്ഥം. 

അതിപ്പോൾ മാനുഫാക്ചറിംഗ് പോലെയൊക്കെയേ വരൂ, അത് ശരിയാക്കിയെടുക്കണമെങ്കിൽ ബ്യൂട്ടീപാർലറിൽ പോകണം, നല്ല കോസ്മെറ്റിക്ക്സ്സ്, വസ്ത്രങ്ങൾ, ആഭരണങ്ങൾ ഒക്കെ വാങ്ങിധരിച്ചാൽ ഐശ്വര്യം ഉണ്ടെന്ന് കാണുന്നവർക്ക് തോന്നും, സംശയില്യ!
അല്ല, ഇനി ജന്മാനാ ശാലീനസുന്ദരിയാണെന്ന് തന്നെ ഇരിക്കട്ടേ... സെറ്റുസാരിയൊക്കെയുടുത്ത്, തിമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ തുളസിക്കതിരും, തിരുനെറ്റിയിൽ ചന്ദനവുമൊക്കെയായി നിന്നാൽ തിരിഞ്ഞ് നോക്കുമോ അഭിനവനളൻ? ഒരു അയഞ്ഞ ചുരീദാറിട്ടാൽ , എവിടെ? എന്നാൽ ഒരു ചേലുമില്ലാത്തവളെങ്കിലും അയൽക്കാരി പൊക്കിളിനു മുകൾ വരെ വശങ്ങൾ വെട്ടിയിട്ട ചുരീദാറും, ലഗ്ഗിൻസ്സുമിട്ടു വന്നാലോ? കാറ്റടിച്ച് ആ ചുരീദാറിൻ്റെ ബാക്ക് പൊങ്ങുന്നതും നോക്കി കണ്ണ് ദൂരദർശ്ശിനിയാക്കും കാമദേവൻ!  ലക്ഷ്മിയാകാൻ പറഞ്ഞിട്ട്, പിന്നെ കാശ് ധൂരത്തടിച്ചൂന്ന് പരാതി പറയരുത്, ശ്രീദേവിയെ വെറുതേ മോധേവിയാക്കരുത് അല്ല പിന്നെ.... 

4. ഭൂമിയെപ്പോലെ ക്ഷമയുണ്ടായിരിക്കണം. ചവിട്ടും തുപ്പുമൊക്കെ എത്രയേറ്റാലും, എല്ലാവരെയും താങ്ങുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്ന ഭൂമി. പണ്ട് ഭൂമിയെ അധികം ഉപദ്രവിച്ചിരുന്നില്ല അതിനാൽ ഭൂമിക്ക് നല്ല ക്ഷമയായിരുന്നു. 

ഇന്ന് മനുഷ്യൻ ഭൂമിയെ നശിപ്പിച്ചു, നദികൾ, വനങ്ങൾ, വായു എല്ലാം മലിനമാക്കി ഫലമോ സുനാമിയും ഭൂകമ്പവും അഗ്നിപര്‍വ്വതവും ചുഴലിക്കൊടുങ്കാറ്റും, ഓഖി... ദാ... ഇപ്പോൾ പണിതന്നു പോയതേയുള്ളൂ.. ഉരുൾപൊട്ടലും പിന്നെ പനി മുതൽ നിപ വരെ തരുന്ന ഭൂമി. അതാണ് പുതിയ ഭൂമാതൃക, അത് ചോദിച്ചാൽ അതേ കിട്ടൂ...

5. സ്നേഹത്തില്‍ അമ്മയെപ്പോലെയാവണം. നിസ്വാര്‍ത്ഥമായ സ്നേഹം. പണ്ട് പെറ്റമ്മ ആയിരുന്നു ഉദാഹരണം അതിനാൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിച്ചു.

ഇന്ന് "AMMA" ആണ് റഫറൻസ്സ്, മകൻ മകളെ പീഡിപ്പിച്ച് കളിക്കുമ്പോൾ ഇടവേളകളിൽ മെഴുകിതിരികത്തിക്കുന്ന അമ്മച്ചി. ഒരു ഹാഷ്-ടാഗ്ഗ് സ്നേഹമൊക്കെ പ്രതീക്ഷിച്ചാൽ മതി!  

6. കിടപ്പറയില്‍ വേശ്യയെപ്പോലെയാവണം. കാമകലകളില്‍ നിപുണയായ, പുരുഷനെ
സുഖിപ്പിക്കുക എന്ന കാര്യത്തില്‍ ഏകാഗ്രതയോടെ ശ്രദ്ധ ചെലുത്തുന്ന, പഴയ കാലത്തെ ഗണിക.

ഇന്ന് ജീവിതത്തിനു വേഗതയേറി, വിക്രമദിത്യചരിതത്തിലെ അലങ്കാരദീപികമാരൊന്നും ഇല്ലാതായി. അതിനാൽ വേശ്യമാർ “വേഗം കാര്യം സാധിച്ചിട്ട് മെനക്കെടുത്താതെ എഴുനേറ്റു പോടേ” എന്നായി. "ചലനം ചലനം ചലനം മാനവജീവിതപരിണാമത്തിൻ മയൂരസന്ദേശം" ഒക്കെ പണ്ട് ഇപ്പോൾ "സ്ക്കലനം സ്ക്കലനം സ്ക്കലനം മാനവജീവിതപരിണാമത്തിൻ മയൂരസന്ദേശം" എന്നായിരിക്കുന്നു. അപ്പോൾ അങ്ങനെ വേണമെന്ന് ശഠിച്ചാൽ വേഗം സ്ക്കലനം സാധിച്ച് തിരിഞ്ഞ് കിടന്ന് കൂർക്കം വലിക്കാതെ ഉറങ്ങടേ.. എന്നാവും അഭിനവ ഭാര്യ.

അതുകൊണ്ട് സൂർത്തുക്കളെ..... ശ്ളോകം മാറിയിട്ടില്ല, ഭാര്യമാരും മാറിയിട്ടില്ല, അവരിപ്പോഴും ആ പഴയശ്ളോകത്തിൻ്റെ ചുവടുപിടിച്ചാണ് പെരുമാറുന്നത്, കാലമാണ് മാറിയത്!!!  കാലഭേദം വന്നുഭവിക്കെ വരുംവരാഴിക നോക്കാതെ പഴയശ്ളോകങ്ങൾ തപ്പിയെടുത്ത് നടപ്പാക്കാൻ ശ്രമിച്ചാൽ ഫലം വിപരീതമാകാം.  കൂടുതൽ അങ്ങോട്ട് കടുപ്പിച്ചാൽ ഭാര്യ തിരിഞ്ഞു നിന്നാദ്യം ഒരു ചോദ്യം 

"ഭാര്യക്ക് മാത്രമേ ഈ ഉത്തമലക്ഷണങ്ങളൊക്കെ ബാധകമാകുകയുള്ളോ??" 

പിന്നീടൊരു ശ്ലോകം അങ്ങട് ചൊല്ലും

കാര്യേഷു മണ്ടന്‍ കരണേഷു മന്ദന്‍
രൂപേഷു പോങ്ങൻ ക്ഷമവിട്ട ശീലന്‍
സ്നേഹേഷു ശൂന്യൻ ശയനേഷു കൂര്‍ക്കം
ഷട്കര്‍മ്മകോന്തന്‍ സമകാലകാന്തന്‍!

ജാഗ്രതൈ!

No comments:

Post a Comment