ഒരു പൂവിരിയുന്ന സുഖത്തെപ്പറ്റി എസ്സ്. രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം നൽകി കെ.എസ്സ്. ചിത്ര ആലപിച്ച ഗാനം വിചാരണ എന്ന ചലചിത്രത്തിലേതാണ്. തളിരും,മൊട്ടും, പൂവുമൊക്കെ പലവട്ടം ഗനങ്ങളിൽ ലാളിക്കപ്പെട്ടിട്ടുണ്ട്, എങ്കിലും വിടർത്തുന്നസുഖം തേടിയതിൻ്റേയും, നേടിയതിൻ്റേയും രീതിയിൽ വണ്ടിൻ്റെ ഒരു ദേഷ്ടികോണിൽ നിന്നുമാണ് പലതും എഴുതപ്പെട്ടിട്ടുള്ളത്; വിടരുന്നത് ചെടിയിലാണല്ലോ, അത് ഞെടുപ്പിലും, ഇലകളിലും, തണ്ടിലും എന്തിന് വേരുകളിൽ വരെ പടരാം... അപ്പോൾ വിരിയുന്നസുഖം ഒരു സ്ത്രീപക്ഷരചനയാണ് എന്ന മുന്വിധിയോടെ തന്നെ നമുക്ക് ക്ളാസ്സ് തുടങ്ങാം...
പല്ലവിയിൽ തന്നെ സുഖവും, ലയവും വളരെ മനോഹരമായി എന്നാൽ സംജ്ഞകളിലൂടെ ചിന്തനീയമാക്കിമാറ്റിയിരിക്കുന്നു. ഒരു പൂവിരിയുന്ന സുഖമറിഞ്ഞുകഴിഞ്ഞു എന്നതിനാൽ, ഇതുപാടുന്നത് അതറിഞ്ഞതിനു ശേഷമാണ്, അപ്പോൾ എവിടെയാണാ പൂവിടർന്നത്? ഏതാണാപ്പൂവ്? എങ്ങനെയാണത് വിരിഞ്ഞത്? വിരിഞ്ഞത് അതോ വിരിയിച്ചതോ? അത് വെറും സുഖനൽകിയോ അതോ വേദനയുള്ള സുഖം നൽകിയോ? ഇങ്ങനെ അനവധി ചോദ്യങ്ങൾക്ക് സാദ്ധ്യത നൽകുന്നുണ്ട്. അപ്പോൾ അടുത്ത വരിയിലേയ്ക്ക് പോകാം നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു. എന്തായാലും ഒരു സ്ത്രീപുരുഷശാരീരിരികബന്ധത്തിൻ്റെ തലത്തിൽനിന്ന് പറഞ്ഞാൽ മനസ്സിലെ മഞ്ഞുരുകുന്നു, ലജ്ജയുടെ, വികാരങ്ങളുടെ, തൃഷ്ണയുടെ, ജിജ്ഞാസയുടെ, അന്തരിന്ത്രിയദാഹങ്ങളുടെ, ശാരീരികാകലങ്ങളുടെയൊക്കെ ഹിമപാളികൾ തന്നെ ഉരുകി ചെറുജലധാരകളായി മാറുന്നു. അവിടെ എന്താണീ ലയം?
താളത്തിനും, രാഗത്തിനും, ഗാനത്തിനും, ആലാപനത്തിനുമൊക്കെ നാമീ വാക്ക് കേട്ടിട്ടുണ്ട്; ഇത് അക്ഷരാർത്ഥത്തിൽ വിരാമം ആണ്, അതായത് ഒരു താളത്തിലെ രണ്ട് ബീറ്റുകൾക്കിടയിലെ വിരാമം, അല്ലെങ്കിൽ അകലം, ഇടവേള എന്നത് ഇവിടെ കൂടുതൽ അനുയോജ്യമായി എനിക്ക് തോന്നുന്നു. രതിയിൽ താളമുണ്ട്, അത് എങ്ങനെയൊക്കെ നിയന്ത്രിച്ചാലും ചിലപ്പോൾ ദ്രുതതാളമാകും, ചിലപ്പോൾ ശവതാളമാകും! അപ്പൊൾ ലയത്തിലെ വിളമ്പകാലത്തിൽ തുടങ്ങി, മധ്യമകാലത്തിലൂടെ സഞ്ചരിച്ച്, ദ്രുതകാലത്തിൽ ആ രതിതാളമെത്തുമെന്നതിൽ സംശയമില്ല, പ്രവർത്തനം അല്ലെങ്കിൽ വാദ്യോപകരണത്തിലെ താഡനം ഒന്നുതന്നെയാണ്, അതിൻ്റെ ലയത്തിൽ വരുന്നമാറ്റമാണ് രതിയുടെ നിർവൃതിയുടെ അളവുകോലെന്നും പറയാറുണ്ട്. മറ്റുള്ള അർത്ഥങ്ങൾ പോലെ വിവിധഘടകങ്ങളുടെ പൊരുത്തപ്പെടൽ എന്നായാലും മുഴിയില്ല, എന്നാലും ഒരു ഗുമ്മ് ആദ്യതാളലയത്തിനാണെന്നതിൽ സംശയമില്ല. ഉരുകിയമഞ്ഞുകണങ്ങൾ യമുനയായി ഒഴുകട്ടേ... അത് മനസ്സിലായാലും, ശരീരത്തിലായാലും, പ്രണയത്തിൻ്റെ മുരളിക കൂടുതൽ ശക്തമായി ദൂരെക്കേൾക്കുന്നുണ്ടെങ്കിൽ അതിലെ യദുകുലകാംബോജിയിൽ വീണ്ടും വീണ്ടും അലിയാം, സ്വയമില്ലാതാകാം...
എന്താണ് സംഭവിച്ചത്? സ്വപ്നങ്ങൾ, രതിയുടെ വർണ്ണക്കാഴ്ച്ചകൾ നിറഞ്ഞുനിന്ന മനസ്സാകുന്ന സരസ്സിൽ, മോഹങ്ങളാകുന്ന സ്വർണ്ണഅരയനങ്ങൾ നീന്തിത്തുടിക്കുകയായിരുന്നു അതുവരെ. ആ ഹംസങ്ങളുടെ തൂവൽത്തുടിപ്പുകളിൽ, ഓരോ രോമകൂപത്തിലും പൊടിഞ്ഞ വിയർപ്പുകണങ്ങൾ ആ ആദ്യാനുഭവത്തിൻ്റെ ബാക്കിപത്രമായി, രതിയുടെ പുത്തനറിവുകളുടെ അനുഭവസാക്ഷിപത്രമായി! എല്ലാമെല്ലാം മറന്നു, പുതിയ അറിവുകൾ നിരന്നു....
പ്രകൃതിയുടെ അവസ്ഥാവിശേഷമായ രാത്രിയിലെ ആകാശത്ത് നക്ഷത്രങ്ങളായും, നീലക്കടമ്പായിമാറിയ മനസ്സിലും ശരീരത്തിലും പൂക്കളായും വിരിഞ്ഞത് മോഹങ്ങളാകാം, അല്ലെങ്കിലും ഈ നീല ഇത്തരം സാഹചര്യങ്ങളിൽ ഒരുവല്ലാത്ത നിറം തന്നെ! യവനികക്കപ്പുറം ജന്മം കൊതിക്കുന്ന യദുകുലം തളിർക്കുന്നതറിഞ്ഞു എന്നതിൽ നിന്നും അവൻ ശ്രീകൃഷ്ണനും അവൾ രുഗ്മിണിയുമായി എന്ന് കരുതാനാണെനിക്കിഷ്ടം. ഞങ്ങൾ കേവലം രതിസുഖത്തിനൊന്നുമല്ല, അടുത്ത തലമുറയുടെ "പണി"പ്പുരയിലാണ് എന്ന് തർക്കിച്ചാൽ ഞാൻ സമ്മതിക്കും, പക്ഷേ ഒരുചെവിയിലൂടെ കേട്ട് എല്ലമെല്ലാം ഞാനും അങ്ങ് മറക്കും, അല്ല പിന്നെ!
നിങ്ങൾ അങ്ങനെയിപ്പോൾ മറക്കേണ്ട, പോയി ഗാനം കേട്ട് ആസ്വദിക്കൂട്ടാ....
"ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നു
ദൂരെ വീണ്ടും പാടുന്നു
വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍
സ്വര്‍ണ്ണമരാളങ്ങളായിരുന്നു...
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍
അനുഭവമന്ത്രങ്ങളുണര്‍ന്നു...
എല്ലാം എല്ലാം നാം മറന്നു
രാവിന്‍റെ നീലക്കടമ്പുകള്‍തോറും
താരകപ്പൂക്കള്‍ വിരിഞ്ഞു...
യവനികയ്ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിര്‍ക്കുന്നതറിഞ്ഞു....
എല്ലാം എല്ലാം നാം മറന്നു"


No comments:
Post a Comment