ഗായത്രി എന്ന സിനിമയിലൂടെ തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന തൈമാസ തമിഴ് പെണ്ണിനെ മലയാളിക്ക് പരിചയപ്പെടുത്തിയത് വയലാർ - ദേവരാജൻ - യേശുദാസ്സ് എന്ന എക്കാലത്തേയും മികച്ച മഹാസഖ്യമാണ്. രാഘവനും ജയഭാരതിയും ആഭിനയിച്ച ഈ ഗാനം അശോക് കുമാറും, പി.എൻ. മേനോനും ചേർന്ന് വല്യ തരക്കേടില്ലാതെ ചിത്രീകരിച്ചിരിക്കുന്നു.
തങ്കത്തളികയിൽ പൊങ്കലുമായ് വന്ന തമിഴ് പെണ്ണ്, അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളിൽ ആരേയും മയക്കുന്ന മന്ത്രമുണ്ടോ? എന്ന് സംശയിക്കുമാറ് വശ്യമനോഹരിയാണ്. അനംഗമന്ത്രം എന്താണെന്ന് നോക്കിയാൽ... "അനംഗ" എന്ന പദത്തിൻറ്റെ വാച്യാർത്ഥം അംഗങ്ങൾ ഇല്ലാത്തവൻ. കുമാരസംഭവത്തിനും, പാർവ്വതീപരിണയത്തിനും പരിശ്രമിക്കവേ മഹാദേവൻറ്റെ മൂന്നാം കണ്ണിലെ ചുടുതീയിൽ വെന്തുപോയ മന്മഥൻ കുറേക്കാലം അനംഗൻ ആയിരുന്നു. കാമദേവൻ ഭൗതികമായി പുനരവതാരം ചെയ്യുംവരെ വസന്തം ഇല്ലാതെയോ, പ്രണയം ഇല്ലാതെയോ ആയിരുന്നില്ല കാലത്തിൻറ്റെ പ്രയാണം. അനംഗനായി മല്ലീസായകൻ തൻറ്റെ പ്രവർത്തികൾ തുടർന്നു കൊണ്ടേയിരുന്നു.
അനംഗ മന്ത്രമെന്നത് കാമഗായത്രിയെ സൂചിപ്പിക്കുന്നു.
"കാമദേവായ വിദ്മഹേ
പുഷ്പ്പബാണായ ധീ മഹീ
തന്നോ:അനംഗാ: പ്രചോദ്യതേ"
"ക്ലിം" എന്നത് ബീജാക്ഷരമാകയാൽ
"ക്ലിം കാമദേവായ നമ:"
മതി!
"മതോ മാനസോ മന്താ: മനമഥാ:"
ഹൃദയത്തിനെ, മനസ്സിനെ കടയുന്നവൻ ആരോ അവനാണു മന്മഥൻ; തത്തയാണു വാഹനം, കരിമ്പിന്റെ വില്ല്, തേനീച്ചകളാകുന്ന ഞാൺ, പൂവുകളാകുന്ന അമ്പുകൾ! പൊതുവിൽ അദ്ദേഹത്തിൻറ്റെ വകുപ്പുകൾ കാമസൂത്രം, രതിരഹസ്യം, അനംഗരംഗം, നഗരസർവ്വസ്വം എന്നിവയിൽ അടങ്ങുന്നു.
ചുരുക്കത്തിൽ പറഞ്ഞാൽ ഈ പെണ്ണീൻ്റെ വരവ് ആരിലും കാമമുണർത്തുന്ന ഒരൊന്നൊന്നര വരവാണെന്നർത്ഥം!!!!
വരികൾ അങ്ങോട്ടുമിങ്ങോട്ടും മാറിയോ എന്നൊരു സംശയം ജനിപ്പിക്കുന്നു ആദ്യചരണത്തിൽ... മുഖമൊന്നുയർത്താതെ മുങ്ങുന്ന പെണ്ണ് പത്മതീർത്ഥത്തിൽ പാതിവിരിഞ്ഞ് പവിഴത്താമര പോലെ കാണപ്പെട്ടപ്പോൾ ആണോ മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റിമുടിയുലമ്പിക്കൊണ്ടു നിന്നപ്പോഴാണോ കടവിൽ ചെന്നൊരു നുള്ളുതരാൻ കൈതരിച്ചത്? ആദ്യത്തേത് സ്വാഭാവികം, രണ്ടാമത്തേത് അതിക്രമം! പിഴിഞ്ഞുടുത്താൽ ചേല അത്രയ്ക്കങ്ങോട്ട് ഒട്ടില്ല, ശരീരഘടന അത്രയ്ക്ക് ദൃശ്യമാവില്ല, എന്നാൽ പിഴിയാത്ത ചേല ഉള്ളിലുള്ളതെല്ലാം കാട്ടിത്തരും, അതുകണ്ടാണ് നുള്ളാൻ തോന്നിയതെങ്കിൽ, സംഗതി അനംഗതന്ത്രമല്ലേ?
പുലർകാലത്ത് അവൾ അരിപ്പൊടിക്കോലങ്ങൾ എഴുതുന്നനേരം ആ രൂപം അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോരഴകിന്‍ വിഗ്രഹം പോലെയായിരുന്നു, പക്ഷേ അവൾ പുറംതിരിഞ്ഞാണ് പൂമുഖമുറ്റത്ത് നിന്നിരുന്നത്. അതായത് പിന്നാമ്പുറത്തെ ആകാരഭംഗി, അംഗലാവണ്യം, നിമ്നോന്നതികൾ ഒക്കെ കണ്ടാണ് വിഗ്രഹമാണെന്ന് തോന്നിയത്, അപ്പോൾ പിന്നെ അരികിൽ വന്ന് പൊട്ടുകുത്താൻ ആഗ്രഹിച്ചത് എവിടെയാണാവോ? എന്തുതരം പൊട്ട്, എവിടം കൊണ്ട് കുത്തനാണ് അവനാഗ്രഹിച്ചത്? പിന്നാമ്പുറം കണ്ട് ഉമ്മറത്ത് പൊട്ടുകുത്താനാണോ? ആ... നിങ്ങൾ മറ്റുടെക്സ്റ്റ് ബുക്കുകൾ കൂടി റഫറുചെയ്യുന്നത് നല്ലതായിരിക്കും!
അവസാനചരണത്തിൽ അവളുടെ ഭാഗത്ത് നിന്നുകൂടിയുള്ള സഹകരണം വ്യക്തമാകുന്നുണ്ട്. തുളുമ്പുന്ന പാൽക്കുടം അരയിൽ വച്ചുകോണ്ട് തൊടിയിൽ ഏകാകിയായി വന്നതും, അപ്പോൾ അവളുടെ ചുണ്ടുകൾ ചുവന്നുതുടുത്തിരുന്നതും എന്തിനായിരുന്നു? അവളുടെ നിത്യരോമാഞ്ചങ്ങള്‍ കുത്തുന്ന കുമ്പിളില്‍
നിറയെ അപ്പോൾ ദാഹങ്ങളായിരുന്നു, എൻ്റത്തിപ്പാറയമ്മച്ചീ... ശക്തിതരണേ... ഈ കുമ്പിളിൽ കോരിയ ദാഹങ്ങളുടെ രുചിയറിയാൻ ആ പാവം ഒരു പൂണൂലായ് പറ്റിക്കിടക്കാന്‍ മാത്രമല്ലേ കൊതിച്ചുനിന്നുള്ളൂ... നീ മഹാനാണെടാ നായകാ... പുകവലിയുടെ പരസ്യത്തിൽ പറയുന്നത് പോലെ "വലിയ... മഹാൻ".
കുട്ടികൾ ഗാനം ആസ്വദിക്കൂ.. പിന്നെ വല്ല പിഞ്ഞാണിയിൽ വിളമ്പിയതോ, കുമ്പിളിൽ കോരിയതോ കിട്ടുമോന്ന് നോക്കൂ.... ഭക്ഷണമേ.... വെറുതേ തെറ്റിദ്ധാരണവേണ്ട!
"തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന
തൈമാസ തമിഴ്പ്പെണ്ണേ.. നിന്റെ
അരഞ്ഞാണച്ചരടിലെ ഏലസ്സിനുള്ളില്‍
ആരെയും മയക്കുന്ന മന്ത്രമുണ്ടോ..
അനംഗമന്ത്രമുണ്ടോ..
മുങ്ങിപ്പിഴിയാത്ത ചേലയും ചുറ്റി നീ
മുടിയുലമ്പിക്കൊണ്ടു നിന്നപ്പോള്‍ ഇന്നു
മുഖമൊന്നുയര്‍ത്താതെ മുങ്ങുമ്പോള്‍
പത്മതീര്‍ത്ഥത്തിലെ പാതിവിരിഞ്ഞൊരു
പവിഴത്താമരയായിരുന്നു..
കടവില്‍ വന്നൊരു നുള്ളു തരാനെന്റെ
കൈ തരിച്ചൂ കൈ തരിച്ചൂ..
പുലരി പൂമുഖ മുറ്റത്തു കാലത്തു
പുറംതിരിഞ്ഞിന്നു നീ നിന്നപ്പോള്‍ നീ
അരിപ്പൊടിക്കോലങ്ങളെഴുതുമ്പോള്‍
അഗ്രഹാരത്തിലെ ആരും കൊതിക്കുന്നോ-
രഴകിന്‍ വിഗ്രഹമായിരുന്നു
അരികില്‍ വന്നൊരു പൊട്ടുകുത്താന്‍
ഞാനാഗ്രഹിച്ചു ആഗ്രഹിച്ചൂ..
തുളുമ്പും പാല്‍ക്കുടം അരയില്‍ വച്ചു നീ
തൊടിയിലേകാകിയായ് വന്നപ്പോള്‍ നിന്റെ
ചൊടികളില്‍ കുങ്കുമം കുതിരുമ്പോള്‍
നിത്യരോമാഞ്ചങ്ങള്‍ കുത്തുന്ന കുമ്പിളില്‍
നിറയെ ദാഹങ്ങളായിരുന്നു
ഒരു പൂണൂലായ് പറ്റിക്കിടക്കാന്‍ ഞാന്‍
കൊതിച്ചുനിന്നു കൊതിച്ചുനിന്നൂ.."
No comments:
Post a Comment