ജഗതി ശ്രീകുമാരനെന്ന അസാധാരണ അഭിനേതാവിൻ്റെ സ്വാധീനമാകാം പട്ടാളക്കാരൻ്റെ പേരു ചിന്തിക്കുമ്പോൾ ഒരു "പുരുഷു" കടന്നുവരുന്നു. അതിപ്പോൾ പുരുഷോത്തമനോ, വെറും പുരുഷനോ എന്തുമാകട്ടേ.. ഒരു വിരമിച്ച പട്ടാളക്കാരനാണ് നമ്മുടെ പുരുഷു, ഫീൽഡ്ഡിൽ യുദ്ധമില്ലെന്നർത്ഥം, മുതിർന്ന മൂന്നാൺമക്കളും ഒരു മകളും ഉൾപ്പടെ നാലു കുട്ടികളും, വീട്ടമ്മയായ ഭാര്യ ജയയും ചേർന്ന് വിവിധതരം യുദ്ധങ്ങൾ ആ കുറവ് പരിഹരിച്ചുപോന്നു.
നേരേ കിഴക്കേ പറമ്പിൽ ആയിടയ്ക്കാണ് പുതിയ ഒരു വീടുപണിതീർന്ന് പാലുകാച്ചിയത്, ദൂരെനിന്നും വന്ന മോഹനനും രമയും മകളും മകനുമായിരുന്നു പുതിയ താമസക്കാർ. മോഹനനു ഗുജറാത്തിൽ ബിസിനസ്സ് ആണ് അതിനാൽ ഇടയ്ക്കൊക്കെ മാത്രമേ വരികയുള്ളൂ, മിക്കപ്പോഴും ർണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ മാത്രം, വന്നാൽ കുറച്ചു ദിവസം കാണും, ആകെ ഒരു ബഹളമാണ്, നാട്ടിലെ പ്രധാന ദിവ്യന്മാർക്കെല്ലാം കള്ള് വാങ്ങിക്കൊടുക്കും, എല്ല പരിപാടികൾക്കും ആളിൻ്റെ സാന്നിദ്ധ്യം ഉണ്ടാവും.
രമയുടെ കുട്ടികൾ ഏഴിലും രണ്ടിലും പഠിക്കുന്ന കാലത്താണ് ഒരു ബഹളം ഉണ്ടായത്, അതിനെ ഞങ്ങളുടെ കൊജാളപുരിയിലെ "സിപ്പാഹിലഹള" എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
പുരുഷു പൊതുവേ ഘനഗംഭീരനും, കഴിയുന്നത്ര ബാസ്സിട്ട് സംസാരിക്കുന്നവനും, മാന്യനും, മാസം കിട്ടുന്ന ക്വോട്ടാ അടിച്ചാൽ പോലും അലമ്പുണ്ടാക്കാത്തയാളും ആയിരുന്നു. അതിനാൽ തന്നെ സദസ്സുകളിൽ ബഹുമാന്യനും, ഭാര്യ ജയയുടെ സ്വകര്യ അഹങ്കാരവും, അഭിമാനവുമൊക്കെ ആയിരുന്നു. എല്ലാ പട്ടാളക്കരേയും പോലെ പുരുഷുവിനും തോക്കിനോട് പ്രിയമായിരുന്നു, സ്വന്തമായി ഒരുതോക്ക് വാങ്ങി അതുമായി പാടശേഖരത്ത് വിലസുന്ന കൊറ്റികളെ, കാവുകളിലെ പകലുണ്ണാനെയൊക്കെ വെടിവച്ച് പിടിക്കുന്നത് കൂടാതെ ചില സുഹൃത്തുക്കളോടൊപ്പം കാടുകളിലും ചില നായട്ടൊക്കെ പതിവായിരുന്നു. ഈയിടെയായി നേരേ കിഴക്കോട്ട് നടന്ന് മാന്തിറമീഞ്ചാൽ പാടസേഖരത്ത് കൊക്കുണ്ടോ എന്ന പരിശോധന അൽപ്പം കൂടിയിട്ടില്ലേ? എന്നൊരു സംശയം എനിക്കും തോന്നാതിരുന്നില്ല. എങ്കിലും വെടിവക്കുക എന്നത് പട്ടാളക്കാരൻ്റെ ജന്മാവകാശമാണ് എന്ന അനിലിൻ്റെ വാക്കുകളിൽ ഞാൻ അത് വിട്ടുകളഞ്ഞു.
ഒരു സുപ്രഭാതത്തിൽ അതെല്ലാം കൂടി തലകുത്തി മറിഞ്ഞു, സ്റ്റോക്ക് മാർക്കറ്റ് പോലും ഇങ്ങനെ നിലമ്പൊത്തിയിട്ടുണ്ടാവില്ല അമ്മാതിരി വീഴ്ച്ചയായിപ്പോയി പുരുഷുവുനു സംഭവിച്ചത്!
സംഗതി നിസ്സാരമാണ്...
രാവിലെ ഉണർന്നാൽ പരമഭർത്തൃഭക്തയായ ജയ ഭർത്താവിൻ്റെ സ്ഥാനം തെറ്റിയ വസ്ത്രമൊക്കെ പിടിച്ചിട്ട്, പുതപ്പിച്ചിട്ടേ അടുക്കളയിലേയ്ക്കും മറ്റും പോകാറുള്ളൂ. അന്നും പതിവുപോലെ പുരുഷുവിൻ്റെ കൈലി നേരേയാക്കിയിട്ടപ്പോൾ മങ്ങിയ വെളിച്ചത്തിൽ ഒരു സംശയം...
ഇങ്ങനെ ഒരു കൈലി ഈ വീട്ടിലുണ്ടോ? ആണ്മക്കളുടേതും ഭർത്താവിൻ്റേതുമായ മുണ്ടും ലുങ്കിയുമൊക്കെ പർസ്പരം മാറാറുണ്ട് അറിഞ്ഞും, അറിയാതെയും; എങ്കിലും അവയൊക്കെ അലക്കുന്ന ജയയ്ക്ക് അവയെല്ലാം അറിയാം. ഇത് അവയിലൊന്നല്ല, കിറ്റക്സ്സ് ലുങ്കി. ആദ്യം തോന്നിയത് മക്കളാരെങ്കിലും വീട്ടിൽ പറയാതെ പുതിയ ലുങ്കി വാങ്ങിയതാണോ? എന്ന സംശയമാണ്. എന്തായാലും സംശയം തോന്നിയ സ്ഥിതിക്ക് ഭർത്താവ് ഉണർന്നാലും കുഴപ്പമില്ല ലൈറ്റ് ഇട്ട് അത് ദൂരീകരിക്കണം. ലൈറ്റിട്ടപ്പോൾ വ്യക്തമായി അത് ഈ വീട്ടിലെ ലുങ്കിയല്ല, കണ്ട് നല്ല പരിചയമുള്ളതുമാണ്, അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ അലയടിച്ചു, അവയെല്ലാം ചെന്നുനിന്നത് ഒരേയൊരിടത്താണ്
"ഇതാരുടെ കൈലി?"
ഭൂമിയും, ആകാശവും, ഉദയസൂര്യനും, മന്ദമാരുതനും ആ ചോദ്യം ഏറ്റുചൊല്ലി, അവളുടെ ചിന്തകൾ ഭൂതവും വർത്തമാനവും കടന്ന് ഭാവിയിലേക്ക് വരെ തിരഞ്ഞു..
"ഇതെങ്ങനെ ഇവിടെയെത്തി?"
എന്തായാലും അധികം അവൾക്ക് അന്വേഷിക്കേണ്ടി വന്നില്ല, അടുക്കള ജനലിലൂടെ കണ്ട ഒരുകാഴ്ച്ച എല്ല ചോദ്യങ്ങൾക്കും ഉത്തരം നൽകി...
കിഴക്കേ വീട്ടിലെ അടുക്കളവാതിൽ തുറന്ന് രമ പുറത്തേക്കിറങ്ങി നിന്ന് മൂരിനിവർത്ത് കോട്ടുവായിടുന്നു, അതല്ല കാര്യം അവൾ ധരിച്ചിരിക്കുന്നത് പുരുഷുവിൻ്റെ ശംഖുമാർക്ക് ലുങ്കി!!!!
സംഗതികളുടെ കിടപ്പുവശം ഏകദേശം അവൾക്ക് പിടികിട്ടി, കണ്ണിൽ ഇരുട്ടുകയറി, വീണ്ടും കാഴ്ച്ച തെളിഞ്ഞപ്പോൾ രമ അവിടില്ല; പിന്നീടവളാ കൈലിയും കണ്ടിട്ടില്ല.
ജയ തിരിച്ച് ഭർത്താവിൻ്റെ അരികിലെത്തി ലൈറ്റിട്ടു നോക്കി, അതേ ഇത് രമയുടെ കൈലി തന്നെ, പുരുഷുവിനെ ശക്തമായി ഉലച്ചുണർത്തിയിട്ടവൾ ആക്രോശിച്ചു
"അങ്ങേലെ മൂധേവിയുടെ കൈലി നിങ്ങളെങ്ങനാ ഉടുത്തിരിക്കുന്നേ?? എന്നാൽ അവളുടെ അടിപ്പാവാട ഇട്ടോണ്ട് ഇങ്ങുപോന്നാൽ പോരായിരുന്നോ?"
പിന്നീട് നെഞ്ചത്തടിയും, നിലവിളിയും ആവീട്ടിൽ നിന്നുയർന്നു, നാട്ടിൻപ്രദേശമല്ലേ? സ്വന്തക്കാരും, ബന്ധുക്കാരും, അയൽക്കാരും, കരക്കാരും ഒക്കെ ഓടിക്കൂടി സംഗതിയങ്ങ് പൊലിപ്പിച്ചു.
ഉരിഞ്ഞെടുത്ത കൈലിയുമായി ജയ നേരേ രമയുടെ വീട്ടിലെത്തി അതവളുടെ ഉമ്മറപ്പടിയിലെറിഞ്ഞ് പുലഭ്യം പുലമ്പി, കുറേയായപ്പൊൾ ചില ബന്ധുക്കൾ അവളെ പിടിച്ച് മടക്കികൊണ്ടുപോയി. രമ വെളിയിലേയ്ക്ക് വന്നതേയില്ല, എങ്കിലും നാട്ടിലെ ചില പ്രധാനികൾ മധ്യസ്ഥതയുമായി അങ്ങോട്ടുപോയി, "ചിലപ്പോൾ ഗേറ്റിലെ പായസ്സം എല്ലാവർക്കും കൊടുക്കുമെങ്കിലോ?" എന്ന മനപ്പായസ്സവുമായി!! അവർക്കുമുന്നിലും ആ വാതിൽ അടഞ്ഞുതന്നെ കിടന്നു. ഒടുവിൽ ഒരു കാറിൽ വന്ന രമയുടെ ബന്ധു അവളേയും കുട്ടികളേയും കയറ്റി വീടും പൂട്ടി കൂവിവിളിക്കുന്ന സദാചാരപ്പോലീസ്സുകാരുടെ മുന്നിലൂടെ കടന്നുപോയി.വഴിയോരത്തെ രവിയുടെ കടയുടെ ഇറയത്ത് കസേരയിൽ ഇരുന്ന പ്രമാണിയും, സ്ഥലത്തെ പ്രമുഖവ്യക്തിയുമായ കുഞ്ഞുപണിക്കൻ മുതലാളി രമ പോയ കാറോടിക്കുന്ന ആ ബന്ധുവിനെ നോക്കി ആത്മഗതം ആയിപ്പറഞ്ഞു
"ഭാഗ്യവാൻ!!!"
അത് കേട്ടുനിന്ന അനിൽ എന്നോട് ചെവിയിൽ പറഞ്ഞു
"അണ്ണാ... നിങ്ങളന്ന് പറഞ്ഞപ്പോൾ ആ വെടിവയ്പ്പ് ഇങ്ങനെ ഒന്നാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, ങാ.. തോക്കുണ്ടായാൽ പോരാ..വെടിവക്കാനും യോഗം വേണം.. സുനാപ്പിനയോഗം!!!!"
No comments:
Post a Comment