Showing posts with label കഥകൾ. Show all posts
Showing posts with label കഥകൾ. Show all posts

Saturday, March 16, 2019

കൈലി

ജഗതി ശ്രീകുമാരനെന്ന അസാധാരണ അഭിനേതാവിൻ്റെ സ്വാധീനമാകാം പട്ടാളക്കാരൻ്റെ പേരു ചിന്തിക്കുമ്പോൾ ഒരു "പുരുഷു" കടന്നുവരുന്നു. അതിപ്പോൾ പുരുഷോത്തമനോ, വെറും പുരുഷനോ എന്തുമാകട്ടേ.. ഒരു വിരമിച്ച പട്ടാളക്കാരനാണ് നമ്മുടെ പുരുഷു, ഫീൽഡ്ഡിൽ യുദ്ധമില്ലെന്നർത്ഥം, മുതിർന്ന  മൂന്നാൺമക്കളും ഒരു മകളും ഉൾപ്പടെ നാലു കുട്ടികളും, വീട്ടമ്മയായ ഭാര്യ ജയയും ചേർന്ന് വിവിധതരം യുദ്ധങ്ങൾ ആ കുറവ് പരിഹരിച്ചുപോന്നു. 

നേരേ കിഴക്കേ പറമ്പിൽ ആയിടയ്ക്കാണ് പുതിയ ഒരു വീടുപണിതീർന്ന് പാലുകാച്ചിയത്, ദൂരെനിന്നും വന്ന മോഹനനും രമയും മകളും മകനുമായിരുന്നു പുതിയ താമസക്കാർ. മോഹനനു ഗുജറാത്തിൽ ബിസിനസ്സ് ആണ് അതിനാൽ ഇടയ്ക്കൊക്കെ മാത്രമേ വരികയുള്ളൂ, മിക്കപ്പോഴും ർണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ മാത്രം, വന്നാൽ കുറച്ചു ദിവസം കാണും, ആകെ ഒരു ബഹളമാണ്, നാട്ടിലെ പ്രധാന ദിവ്യന്മാർക്കെല്ലാം കള്ള് വാങ്ങിക്കൊടുക്കും, എല്ല പരിപാടികൾക്കും ആളിൻ്റെ സാന്നിദ്ധ്യം ഉണ്ടാവും.

രമയുടെ കുട്ടികൾ ഏഴിലും രണ്ടിലും പഠിക്കുന്ന കാലത്താണ് ഒരു ബഹളം ഉണ്ടായത്, അതിനെ ഞങ്ങളുടെ കൊജാളപുരിയിലെ "സിപ്പാഹിലഹള" എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 

പുരുഷു പൊതുവേ ഘനഗംഭീരനും, കഴിയുന്നത്ര ബാസ്സിട്ട് സംസാരിക്കുന്നവനും, മാന്യനും, മാസം കിട്ടുന്ന ക്വോട്ടാ അടിച്ചാൽ പോലും അലമ്പുണ്ടാക്കാത്തയാളും ആയിരുന്നു. അതിനാൽ തന്നെ സദസ്സുകളിൽ ബഹുമാന്യനും, ഭാര്യ ജയയുടെ സ്വകര്യ അഹങ്കാരവും, അഭിമാനവുമൊക്കെ ആയിരുന്നു. എല്ലാ പട്ടാളക്കരേയും പോലെ പുരുഷുവിനും തോക്കിനോട് പ്രിയമായിരുന്നു, സ്വന്തമായി ഒരുതോക്ക് വാങ്ങി അതുമായി പാടശേഖരത്ത് വിലസുന്ന കൊറ്റികളെ, കാവുകളിലെ പകലുണ്ണാനെയൊക്കെ വെടിവച്ച് പിടിക്കുന്നത് കൂടാതെ ചില സുഹൃത്തുക്കളോടൊപ്പം കാടുകളിലും ചില നായട്ടൊക്കെ പതിവായിരുന്നു. ഈയിടെയായി നേരേ കിഴക്കോട്ട് നടന്ന് മാന്തിറമീഞ്ചാൽ പാടസേഖരത്ത് കൊക്കുണ്ടോ എന്ന പരിശോധന അൽപ്പം കൂടിയിട്ടില്ലേ? എന്നൊരു സംശയം എനിക്കും തോന്നാതിരുന്നില്ല. എങ്കിലും വെടിവക്കുക എന്നത്  പട്ടാളക്കാരൻ്റെ ജന്മാവകാശമാണ് എന്ന അനിലിൻ്റെ വാക്കുകളിൽ ഞാൻ അത് വിട്ടുകളഞ്ഞു.

ഒരു സുപ്രഭാതത്തിൽ അതെല്ലാം കൂടി തലകുത്തി മറിഞ്ഞു, സ്റ്റോക്ക് മാർക്കറ്റ് പോലും ഇങ്ങനെ നിലമ്പൊത്തിയിട്ടുണ്ടാവില്ല അമ്മാതിരി വീഴ്ച്ചയായിപ്പോയി പുരുഷുവുനു സംഭവിച്ചത്!

സംഗതി നിസ്സാരമാണ്...

രാവിലെ ഉണർന്നാൽ പരമഭർത്തൃഭക്തയായ ജയ ഭർത്താവിൻ്റെ സ്ഥാനം തെറ്റിയ വസ്ത്രമൊക്കെ പിടിച്ചിട്ട്, പുതപ്പിച്ചിട്ടേ അടുക്കളയിലേയ്ക്കും മറ്റും പോകാറുള്ളൂ. അന്നും പതിവുപോലെ പുരുഷുവിൻ്റെ കൈലി നേരേയാക്കിയിട്ടപ്പോൾ മങ്ങിയ വെളിച്ചത്തിൽ ഒരു സംശയം...

ഇങ്ങനെ ഒരു കൈലി ഈ വീട്ടിലുണ്ടോ? ആണ്മക്കളുടേതും ഭർത്താവിൻ്റേതുമായ മുണ്ടും ലുങ്കിയുമൊക്കെ പർസ്പരം മാറാറുണ്ട് അറിഞ്ഞും, അറിയാതെയും; എങ്കിലും അവയൊക്കെ അലക്കുന്ന ജയയ്ക്ക് അവയെല്ലാം അറിയാം. ഇത് അവയിലൊന്നല്ല, കിറ്റക്സ്സ് ലുങ്കി. ആദ്യം തോന്നിയത് മക്കളാരെങ്കിലും വീട്ടിൽ പറയാതെ പുതിയ ലുങ്കി വാങ്ങിയതാണോ? എന്ന സംശയമാണ്. എന്തായാലും സംശയം തോന്നിയ സ്ഥിതിക്ക് ഭർത്താവ് ഉണർന്നാലും കുഴപ്പമില്ല ലൈറ്റ് ഇട്ട് അത് ദൂരീകരിക്കണം. ലൈറ്റിട്ടപ്പോൾ വ്യക്തമായി അത് ഈ വീട്ടിലെ ലുങ്കിയല്ല, കണ്ട് നല്ല പരിചയമുള്ളതുമാണ്, അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ അലയടിച്ചു, അവയെല്ലാം ചെന്നുനിന്നത് ഒരേയൊരിടത്താണ് 

"ഇതാരുടെ കൈലി?"

ഭൂമിയും, ആകാശവും, ഉദയസൂര്യനും, മന്ദമാരുതനും ആ ചോദ്യം ഏറ്റുചൊല്ലി, അവളുടെ ചിന്തകൾ ഭൂതവും വർത്തമാനവും കടന്ന് ഭാവിയിലേക്ക് വരെ തിരഞ്ഞു..

"ഇതെങ്ങനെ ഇവിടെയെത്തി?"

എന്തായാലും അധികം അവൾക്ക് അന്വേഷിക്കേണ്ടി വന്നില്ല, അടുക്കള ജനലിലൂടെ കണ്ട ഒരുകാഴ്ച്ച എല്ല ചോദ്യങ്ങൾക്കും ഉത്തരം നൽകി...

കിഴക്കേ വീട്ടിലെ അടുക്കളവാതിൽ തുറന്ന് രമ പുറത്തേക്കിറങ്ങി നിന്ന് മൂരിനിവർത്ത് കോട്ടുവായിടുന്നു, അതല്ല കാര്യം അവൾ ധരിച്ചിരിക്കുന്നത് പുരുഷുവിൻ്റെ ശംഖുമാർക്ക് ലുങ്കി!!!!

സംഗതികളുടെ കിടപ്പുവശം ഏകദേശം അവൾക്ക് പിടികിട്ടി, കണ്ണിൽ ഇരുട്ടുകയറി, വീണ്ടും കാഴ്ച്ച തെളിഞ്ഞപ്പോൾ രമ അവിടില്ല; പിന്നീടവളാ കൈലിയും കണ്ടിട്ടില്ല. 

ജയ തിരിച്ച് ഭർത്താവിൻ്റെ അരികിലെത്തി ലൈറ്റിട്ടു നോക്കി, അതേ ഇത് രമയുടെ കൈലി തന്നെ, പുരുഷുവിനെ ശക്തമായി ഉലച്ചുണർത്തിയിട്ടവൾ ആക്രോശിച്ചു

"അങ്ങേലെ മൂധേവിയുടെ കൈലി നിങ്ങളെങ്ങനാ ഉടുത്തിരിക്കുന്നേ?? എന്നാൽ അവളുടെ അടിപ്പാവാട ഇട്ടോണ്ട് ഇങ്ങുപോന്നാൽ പോരായിരുന്നോ?"

പിന്നീട് നെഞ്ചത്തടിയും, നിലവിളിയും ആവീട്ടിൽ നിന്നുയർന്നു, നാട്ടിൻപ്രദേശമല്ലേ? സ്വന്തക്കാരും, ബന്ധുക്കാരും, അയൽക്കാരും, കരക്കാരും ഒക്കെ ഓടിക്കൂടി സംഗതിയങ്ങ് പൊലിപ്പിച്ചു. 

ഉരിഞ്ഞെടുത്ത കൈലിയുമായി ജയ നേരേ രമയുടെ വീട്ടിലെത്തി അതവളുടെ ഉമ്മറപ്പടിയിലെറിഞ്ഞ് പുലഭ്യം പുലമ്പി, കുറേയായപ്പൊൾ ചില ബന്ധുക്കൾ അവളെ പിടിച്ച് മടക്കികൊണ്ടുപോയി. രമ വെളിയിലേയ്ക്ക് വന്നതേയില്ല, എങ്കിലും നാട്ടിലെ ചില പ്രധാനികൾ മധ്യസ്ഥതയുമായി അങ്ങോട്ടുപോയി, "ചിലപ്പോൾ ഗേറ്റിലെ പായസ്സം എല്ലാവർക്കും കൊടുക്കുമെങ്കിലോ?" എന്ന മനപ്പായസ്സവുമായി!! അവർക്കുമുന്നിലും ആ വാതിൽ അടഞ്ഞുതന്നെ കിടന്നു. ഒടുവിൽ ഒരു കാറിൽ വന്ന രമയുടെ ബന്ധു അവളേയും കുട്ടികളേയും കയറ്റി വീടും പൂട്ടി കൂവിവിളിക്കുന്ന സദാചാരപ്പോലീസ്സുകാരുടെ മുന്നിലൂടെ കടന്നുപോയി.വഴിയോരത്തെ രവിയുടെ കടയുടെ ഇറയത്ത് കസേരയിൽ ഇരുന്ന പ്രമാണിയും, സ്ഥലത്തെ പ്രമുഖവ്യക്തിയുമായ കുഞ്ഞുപണിക്കൻ മുതലാളി രമ പോയ കാറോടിക്കുന്ന ആ ബന്ധുവിനെ നോക്കി ആത്മഗതം ആയിപ്പറഞ്ഞു

"ഭാഗ്യവാൻ!!!"

അത് കേട്ടുനിന്ന അനിൽ എന്നോട് ചെവിയിൽ പറഞ്ഞു

"അണ്ണാ... നിങ്ങളന്ന് പറഞ്ഞപ്പോൾ ആ വെടിവയ്പ്പ് ഇങ്ങനെ ഒന്നാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, ങാ.. തോക്കുണ്ടായാൽ പോരാ..വെടിവക്കാനും യോഗം വേണം.. സുനാപ്പിനയോഗം!!!!"

Tuesday, July 17, 2018

മച്ചമ്പിയും മട്ടലങ്കാരവും

പണ്ടുപണ്ട്.. എന്നുവച്ചാൽ ഒന്നോ, പത്തോ വർഷങ്ങൾക്ക് മുമ്പല്ല, കാക്കത്തൊള്ളായിരം വർഷങ്ങൾക്കുമുമ്പ്, എറണാകുളം കവിതാ തീയറ്ററിൽ ജെൻ്റിൽമാൻ എന്ന തമിഴ് സിനിമ നൂറാദിവസവും കടന്നോടിക്കൊണ്ടിരിക്കുമ്പോൾ ആണ് അമ്പിളിയുടെ കല്യാണം വരുന്നതും, അതിനായി ഇടക്കൊച്ചിക്കടുത്ത് അരൂരിൽ പോകുന്നതും; അവിടെ വച്ച് കുറേ നാളിനുശേഷം മച്ചമ്പിയെ കണ്ടുമുട്ടിയതും. ആളവിടെ വന്നിട്ട് രണ്ടുനാളായി, സസ്യഭോജനത്തിൽ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് എന്നെക്കണ്ടത്. ഞങ്ങൾ നാട്ടിൽവച്ച് കണ്ടുമുട്ടിയാൽ നാട്ടിലെ വിവിധ കള്ളുഷാപ്പുകൾ സന്ദർശിക്കുക പതിവാണ്, വഴിയമ്പലം, കുന്നുമ്മേൽ, നാലുചിറ, മേപ്പാടം, തകഴി, പൊടിയാടി എന്നിങ്ങനെ പലയിടത്തും പോകുമെങ്കിലും മച്ചമ്പിക്ക് എന്നും പ്രിയം തോട്ടപ്പള്ളി ഷാപ്പിനോടായിരുന്നു.

ഒരു റൗണ്ട് ബന്ധുമിത്രാദികളെ മുഖം കാണിച്ച് പുറത്തെത്തിയ എന്നെ വീടിൻ്റെ വശത്ത് മാറ്റിനിർത്തി മച്ചമ്പി രണ്ടാവശ്യങ്ങൾ പറഞ്ഞു. ഒന്ന് വൈകിട്ട് ചോറുണ്ണുമ്പോൾ അതിൻ്റെ കൂടെ ഒന്നുരണ്ട് വറുത്ത മത്തി വേണം, രണ്ട് തോട്ടപ്പള്ളി പോകണം!

ആദ്യത്തേത് നിസ്സാരം നമ്മുടെ അരൂർപ്പള്ളിയുടെ എതിരേ സുബ്രഹ്മണ്യൻ്റെ കടയൊക്കെയുണ്ടല്ലോ? രണ്ടാമത്തേതെന്നെ കുഴക്കി, ഞാൻ പറഞ്ഞു

"മച്ചമ്പീ.. നമ്മൾ ആലപ്പുഴജില്ലയുടെ വടക്കേ അറ്റത്താണ്, തോട്ടപ്പള്ളിയിൽ പോക്ക്, അത് നടപ്പില്ല" 

അതിനു മച്ചമ്പി ഒരു കിടിലൻ മറുപടി പറഞ്ഞു

" തോട്ടപ്പള്ളി എല്ലയിടവുമുണ്ടളിയാ... തോട്ടപ്പള്ളിയില്ലാത്ത ഏത് നാടാ ഈ കേരളത്തിലുള്ളത്?"

എനിക്ക് സംഗതി പിടികിട്ടി, തോട്ടപ്പള്ളിയോടുള്ള പ്രണയം മൂത്ത് മച്ചമ്പിക്കിപ്പോൾ തോട്ടപ്പള്ളി എന്നത് കള്ളുഷാപ്പുകളുടെ സർവ്വനാമം ആയിമാറിയിരിക്കുന്നു.

"അതേറ്റു, സന്ധ്യമയങ്ങട്ടേ.. നമുക്കുപോകാം" ഞാനേറ്റു.

എനിക്ക് തീരെ അഹങ്കാരമില്ലെന്ന് എന്നെ അറിയാവുന്നവർക്കറിയാം, അതിനാൽ അടുത്തു നിന്ന 75 വയസ്സു കഴിഞ്ഞ ഒരമ്മാവനോട് തന്നെ ഞാൻ തിരക്കി 

"ഇവിടടുത്ത് നല്ല കള്ളും കറിയും കിട്ടുന്ന ഷാപ്പെവിടാ?"

അധികം ദൂരെയായിരുന്നില്ല, കുറച്ച് പടിഞ്ഞാറോട്ട് ചെന്നാൽ അമ്മനേഴത്ത് ക്ഷേത്രത്തിനടുത്തിനടുത്ത് കായലോരത്ത് ഉണ്ടായിരുന്നു ഞാൻ തേടിയ സംഭവം. സന്ധ്യമയങ്ങിയപ്പോൾ മച്ചമ്പിയുമായി അങ്ങോട്ട് പോയി, ഇതിനിടയിൽ മനോജും, പ്രദീപുമൊക്കെ കല്യാണവീട്ടിലെത്തി കമ്പനിയിൽ ചേർന്നു.

കുടത്തിലെ കള്ളും, കപ്പയും, മീങ്കറിയും, ബീഫും എല്ലാം ഗംഭീരമായിരുന്നതിനാൽ കാര്യപരിപാടികൾ ഉഷാറായി. അതിനിടയിലാണ് അലങ്കാരം കടന്നുവന്നത്. 

ഒരു കുടത്തിൻ്റെ അടിയിൽ അവശേഷിച്ച കള്ളീൻ്റെ മട്ട് നോക്കി ഞാൻ പറഞ്ഞു

"വെറുതേയല്ല രാമക്കുറുപ്പുസാർ മട്ടലങ്കാരമെന്ന് പറഞ്ഞത്; ഈ വെളുത്ത കള്ളിൻ്റെ മട്ട് കുടത്തിനൊരലങ്കാരം തന്നെ!"

അൽപ്പം അകത്ത് ചെന്നാലേ പൂസ്സാകുന്ന മച്ചമ്പിയുടെ ആത്മാവ് കോപിച്ചു

"അവൻ്റെ ........... അലങ്കാരവും വൃത്തവും, മിണ്ടാതിരിക്കെടാ.., പള്ളുക്കൂടത്തിൽ നേരേചൊവ്വേ പഠിച്ചിരുന്നെങ്കിൽ ഞാനിപ്പോൾ ആലപ്പുഴ കളക്ടറായേനേ... തോട്ടപ്പള്ളി ഷാപ്പ് സർക്കാർ ചിലവിൽ കളക്ടറേറ്റിലെ ക്യാൻ്റീനാക്കിയേനേ.."

ഗ്രാമ്യമലയാളത്തിലെ അലങ്കാരങ്ങൾ കേട്ട് ഞാൻ നിശബ്ദനായി. പിന്നേയും സംഭാഷണങ്ങൾ ഏറെനടന്നുവെങ്കിലും മൂളിയതല്ലാതെ ഞാൻ വാതുറന്നില്ല. ഒടുവിൽ മച്ചമ്പി അത് ശ്രദ്ധിച്ചു

" ഓ.. ഇയാടെ മട്ടും ഭാവോം പറയാത്തതിൻ്റെ കുറവുവേണ്ട, നീ പറഞ്ഞോ മനോജിൻ്റെ സിദ്ദിദ്ദാരാ സഹിക്കുന്നത്രേം വരത്തില്ലല്ലോ അത്?"

മച്ചമ്പി കള്ളിൻ്റെ പുറത്ത് ഒരുകാര്യം പറഞ്ഞാൽ പിടിവിടില്ല, മിക്കപ്പോഴും ആ പറച്ചിലുകൾ പ്രാവർത്തികമാക്കുന്നത് ഞാനാണ്, വഴിയമ്പലം ഷാപ്പിൽ വച്ച് കോളകൊടുക്കാൻ പെട്ടിവണ്ടിയിൽ വന്ന കൂട്ടുകാരൻ ബാബു, പരിചയമുള്ള ശബ്ദം കേട്ട് നോക്കാൻ വന്നതാണ്, അപ്പോൾ മച്ചമ്പിക്ക് സ്നേഹം വന്നു, അവനെ അൽപ്പം മീനെങ്കിലും കഴിപ്പിക്കണം, അന്ന് ആ പാവത്തിനെ മുള്ളു കഴിപ്പിച്ചതും ഞാനാണ്, ഒരാഴ്ച്ച ആ സ്നേഹത്താൽ ആഹാരം കഴിക്കാൻ പാടുപെട്ടു, ആ പാവം; ഇത്തവണ ഇര ഞാനായി എന്നുമാത്രം!

എന്ത് പറയണമെന്ന് ആലോചിക്കവേ മച്ചമ്പിയുടെ ഉപദേശം വന്നു

" ബോറാക്കരുത്, ഈ മറ്റേടം പോലിരിക്കുന്നു നിൻ്റെ മുഖം എന്നൊക്കെയുള്ളത് വേണ്ട"

പിന്നെ താമസിച്ചില്ല, ഞാൻ തുടങ്ങി

"ഇല്ല, മച്ചമ്പീ നമ്മൾ നാട്ടിലെ മൂപ്പിലാന്മാരോട് എന്തെങ്കിലും പുതിയകാര്യം പറഞ്ഞാൽ അവരു നമ്മളെ ഒതുക്കാൻ പറയുന്ന ഒരു കര്യമുണ്ടല്ലോ തർക്കുത്തരം, സത്യത്തിൽ അതൊരു അലങ്കാരമാണ്"

അത് മച്ചമ്പിക്കങ്ങ് സുഖിച്ചു

" ആഹാ.. അത് കലക്കി, അപ്പോൾ നമ്മൾ നിഷേധികളല്ല, കവികളാണ്, നീ പറയെടാ മച്ചമ്പീ ഇതെനിക്ക് സുഖിച്ചു, തർക്കുത്തര എന്നോ മറ്റോ ആണോ ആ സാധനത്തിൻ്റെ പേര്?"

മച്ചമ്പി ജ്ഞാനിയാണ്, പ്രത്യേകിച്ച് അൽപ്പം തെങ്ങിൻ്റെ നീരുള്ളിൽ ചെന്നാൽ, ഞാനത് മനസ്സിലാക്കിയുത്തരം നൽകി

"ഏതാണ്ടടുത്തുതന്നെ, വക്രോത്തര. ഇതിൻ്റെ ലക്ഷണമായി നൽകിയിരിക്കുന്ന ശ്ളോകം ആണ് ബഹുകേമം. അത് ഞാൻ അങ്ങോട്ട് അലക്കാം"
“ഭിക്ഷാര്‍ത്ഥീ സ ക്വ യാതഃ, സുതനു?” – “ബലിമഖേ”; “താണ്ഡവം ക്വാദ്യ ഭദ്രേ?” 
“മന്യേ വൃന്ദാവനാന്തേ”; “ക്വ നു സ മൃഗശിശുര്‍?” – “നൈവ ജാനേ വരാഹം”;
“ബാലേ, കച്ചിന്ന ദൃഷ്ടോ ജരഠവൃഷപതിര്‍?” – “ഗ്ഗോപ ഏവാത്ര വേത്താ”
ലീലാസല്ലാപ ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ"

"എന്തൂട്ടാ ഈ സംഭവം?" മനോജ് തിരക്കി

ഞാൻ എല്ലാവർക്കുമായി മറുപടി പറഞ്ഞു 

"നിങ്ങളെന്താ കരുതിയത് നമ്മുടെ ഇടയിൽ മാത്രമേ ഈ വാക്കും മറുവാക്കുമുള്ളെന്നാണോ? എങ്കിൽ തെറ്റി, നമ്മുടെ ദേവിമാർക്കിടയിലും ഇതൊക്കെയുണ്ട്. സംഗതി വളരെ നിസ്സാരമാണ്, വഴിയിൽ വച്ച് കണ്ടപ്പോൾ ലക്ഷ്മീദേവി പാർവ്വതീദേവിയോട് ഭർത്താവിൻ്റെ വിശേഷങ്ങൾ തിരക്കിയതാണ്.... ശ്ശോ ഒരൊന്നൊര കുശലം ചോദിപ്പായിപ്പോയി!  ഉരുളയ്ക്കുപ്പേരിയെന്നൊക്കെ കേട്ടിട്ടേയുള്ളൂ, അമ്മാതിരി ഉത്തരമാണ് പാർവ്വതിദേവി നൽകിയത്." 

മച്ചമ്പി ആകുലനായി 

"ശരിക്കും നമ്മുടെ ലക്ഷ്മിക്കുട്ടിക്കും പാറുക്കുട്ടിക്കും എന്താണ് സംഭവിച്ചത്?"

മനോജിനും അകാംഷയായി

"എന്തിനാണവർ അടികൂടിയത്?"

സംഗതി ഒരു ചോദ്യം- ഉത്തരം പംക്തിയാക്കി ഞാൻ പരിഭാഷപ്പെടുത്തി...

"സുതനു, സ ഭിക്ഷ-അര്‍ത്ഥീ ക്വ യാതഃ?" - അല്ലയോ സുന്ദരീ... ആ തെണ്ടുന്നവന്‍ എവിടെപ്പോയി? 

(പാർവ്വതിയോട് പരമശിവൻ എവിടെപ്പോയി? എന്നാണ് ലക്ഷ്മിയുടെ ചോദ്യം, സുന്ദരീ എന്നൊക്കെ വിളിച്ച് സുഖിപ്പിച്ചിട്ടാണ് കട്ടപ്പാര! ഭഗവാൻ ബ്രഹ്മാവിൻ്റെ ആ നുള്ളിയെടുത്ത തലയോട്ടിയുമായി ഭിക്ഷാടനം നടത്തുന്നവനാണല്ലോ?)

"ബലിമഖേ" - മഹാബലിയുടെ യാഗത്തിനു പോയി.

(എവിടെയായാലും ശരി, മഹാബലിയുടെ യാഗത്തിനു പ്രശ്ചന്നവേഷം കെട്ടി വന്ന് മൂന്നടി ഭിക്ഷതെണ്ടിയ ശേഷം ചതിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തതു പോലത്തെ വിഷ്ണുവിൻ്റെ ഇടപാടൊന്നും എൻ്റെ ഭർത്താവിനില്ല എന്നാണ് പാർവ്വതിയുടെ മറുപടി)

"അദ്യ താണ്ഡവം ക്വ, ഭദ്രേ" -  ഇന്നത്തെ താണ്ഡവം എവിടെയാണു നന്മനിറഞ്ഞവളേ?

(പരമശിവൻ്റെ ദിഗംബരനൃത്തം ആണ് ലക്ഷ്മി സൂചിപ്പിക്കുന്നത്. ഇന്ന് എവിടെയാണ് നിൻ്റെ ഭർത്താവിൻ്റെ നഗ്നനൃത്തം? സുഖിപ്പീരിനപ്പോഴും ഒരു കുറവുമില്ല.. ഭദ്രേ..)

"വൃന്ദാവന-അന്തേ മന്യേ" - ആൾ വൃന്ദാവനത്തിൽ പോയതാണെന്ന് തോന്നുന്നു.

( എൻ്റെ ഭർത്താവ് നഗ്നനായി നൃത്തം വയ്ക്കുമെന്നല്ലേ ഉള്ളൂ, നിൻ്റെ കണവനെപ്പോലെ കാണുന്ന പെണ്ണുങ്ങളുമായെല്ലാം രാസലീലയെന്ന പേരിൽ നഗ്നരതിയൊന്നും കൊണ്ടാടാറില്ല, അവനു തുണിയുണ്ടോന്ന് നീ ആദ്യമന്വേഷിക്കൂ എന്ന് പാർവ്വതി) 

"സ മൃഗശിശുഃ നു ക്വ" - ഒരു കുഞ്ഞുമൃഗമുണ്ടായിരുന്നല്ലോ? അതെവിടെപ്പോയി?

(ആദ്യരണ്ട് ചോദ്യങ്ങൾക്കും നല്ല മറുപടി കിട്ടിയ ലക്ഷ്മി പരമശിവൻ്റെ കയ്യിലുള്ള മാനിനെപ്പറ്റിയാണ് ചോദിച്ചത്, ഇതങ്ങ് തീരുന്നെങ്കിൽ തീരട്ടേ)

"വരാഹം ന ഏവ ജാനേ" - ആ പന്നിയെവിടെ പോയെന്ന് എനിക്ക് ഒരറിവുമില്ല

(കട്ടക്കലിപ്പ്... പാർവ്വതി വിടാൻ തയ്യാറല്ല. വരാഹമായി അവതാരമെടുത്ത വിഷ്ണുദേവനെപ്പറ്റി പറഞ്ഞ് ഒരുകൊട്ടുകൂടി കൊടുത്തു ലക്ഷ്മിക്ക്)

"ബാലേ, കത്-ചിത് ജരഠ-വൃഷ-പതിഃ ന ദൃഷ്ടഃ" - കുട്ട്യേ.. ആ മുതുകാളയെ ഇവിടെയെങ്ങും കണ്ടില്ലല്ലോ?

( നിൻ്റെ ഭർത്താവ് കാളപ്പുറത്ത് കയറി നടക്കുന്നവനല്ലേ? എന്നോ നിൻ്റെ ഭർത്താവ് നീയില്ലാത്ത സമയത്ത് മദിര, ഗംഗ അങ്ങനെ മുതുകാളകളിച്ചു നടക്കുന്ന ആളല്ലേ? എന്നൊക്കെ വ്യംഗ്യം വച്ച് ലക്ഷ്മി ചോദിച്ചത്)

"അത്ര ഗോപഃ ഏവ വേത്താ" - " ആ വിവരം മറ്റേ പശുവിനെ മേയ്ക്കുന്നവനുണ്ടല്ലോ അവനു മാത്രമേ അറിയൂ

( കൃഷ്ണനായ കന്നാലിച്ചെക്കൻ്റെ പെമ്പറന്നോൾക്ക് ഇപ്പോൾ കാളയെ കാണുമ്പോൾ കലിപ്പ്, കൊള്ളാം കൊള്ളാം എന്ന് പാർവ്വതി)

"ഇത്ഥം ജലനിധിഹിമവത്കന്യയോസ്ത്രായതാം വഃ" - ഇപ്രകാരം സമുദ്രത്തിൻ്റേയും ഹിമവാൻ്റേയും പെണ്മക്കള്‍ ചെയ്യുന്ന കളിയായുള്ള സംവാദം നിങ്ങളെ രക്ഷിക്കട്ടേ!

(ക്ഷീരസാഗരമഥനം നടന്നപ്പോൾ ജനിച്ച ലക്ഷ്മിയും, പർവ്വതനന്ദിനിയും തമ്മിലുള്ള സംഭാഷണമാണിതെന്ന് കവി പറയുന്നു)

കൂടുതൽ വല്ലതും അറിയണമെങ്കിൽ മലയാളം ടീച്ചറന്മാരോട് ചോദിക്കുക, സാറന്മാരോട് വേണ്ട, ഓരു തെറ്റിച്ച് പറഞ്ഞുതരും!"

ഞാൻ പറഞ്ഞു നിർത്തി.

"മച്ചമ്പീ നിൻ്റെ കാലെവിടെടാ.... എനിക്ക് പ്രമാണിക്കണം"

എന്ന് പറഞ്ഞ് മച്ചമ്പിയൊന്ന് കുനിഞ്ഞു

മച്ചമ്പിയെ തൂക്കിയെടുത്ത് ആ ഷാപ്പിൽ കുടിക്കാൻ വന്ന ഒരു പാവം ഓട്ടോച്ചേട്ടനെ വളച്ച്,  അതിൽകയറ്റി അവരെല്ലാം ചേർന്ന് കല്യാണവീട്ടിലേയ്ക്ക് കൊണ്ടുപോയി. ഞാൻ കൊച്ചിക്കായലിൽ ഇറങ്ങി ആ ഷാപ്പിലെ ചേട്ടൻ തന്ന് 501 ബാർ സോപ്പിട്ട് കാലും ചെരുപ്പുമൊക്കെ കഴുകി, ആ തിട്ടയിൽ തന്നെയിരുന്നു കുറേനേരം കൂടി; കാലിൽ വാളുവച്ച് ഒരു ബഹുമതി ആദ്യാണേ.... 

(എൻ്റെ മച്ചമ്പിഗാരുവിന് ഇതു ഞാൻ ടാഗ് ചെയ്യുന്നു, ആള് ഇടയ്ക്കൊക്കെ വന്ന് ഒരു ലൈക്കടിച്ച് സാന്നിദ്ധ്യം വെളിപ്പെടുത്താറുണ്ട്, അതിനാൽ ഇത് വായിക്കുമെന്ന് കരുതാം)

Saturday, March 10, 2018

സംഖ്യ 94103776722031671 ന്റെ രഹസ്യം

ഐ.ടി നഗരമായ ബാംഗ്ളൂരിൽ ഇൻഫോസ്സിസ്സിന്റെ ബാങ്കിംഗ് പ്രോജക്ട് ടീമിലാണ് പ്രമോദ് സുന്ദരൻകാണിയെന്ന ആ യുവാവ് ജോലിചെയ്തിരുന്നത്. കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ, തമിഴ്നാട് - കേരള അതിർത്തിയിലെ അംബൂരി പഞ്ചായത്തിലാണ് അവൻ ജനിച്ചത്. നെയ്യാർ ഡാം നിർമ്മിച്ചപ്പോൾ ഉണ്ടായ ജലാശയത്തിൽ മുങ്ങിപ്പോയ പ്രദേശങ്ങളിൽ നിന്നും സർക്കാർ മാറ്റിപ്പാർപ്പിച്ച ആദിവാസി സെറ്റിൽമെൻറ്റുകളിൽ ഒന്നായ കുന്നത്തുമലയിലെ ആദ്യ പത്താംക്ളാസ്സുകാരനും, നാട്ടുകാരോടും, വരുത്തരോടും മുറിഇംഗ്ളീഷ് സംസാരിയ്ക്കുന്ന ആളുമായ സുന്ദരൻ കാണി മകനെ, കള്ളീക്കാട്ടും, പിന്നീട് കാട്ടാക്കടയും അയച്ച് നല്ല വിദ്യാഭ്യാസം നൽകി. അവൻ എണ്ട്രൻസ്സ് എഴുതിയപ്പോൾ ആദിവാസി ക്വോട്ടയിൽ മദ്രാസ്സ് ഐ.ഐ.ടിയിൽ അഡ്മിഷനും ലഭിച്ചു. സർക്കാർ സ്ക്കോളർഷിപ്പും മറ്റാനുകൂല്യങ്ങളും ലഭിച്ചതിനാൽ അവനു കാര്യമായ ബുദ്ധിമുട്ടില്ലാതെ കോഴ്സ്സ് പൂർത്തിയാക്കാൻ കഴിഞ്ഞു. അവസാനവർഷ പഠനത്തിനിടയിൽ നടന്ന ഒരു കാമ്പസ്സ് ഇന്റർവ്യൂവിലൂടെ അവനു ടി.സി.എസ്സ് ലേയ്ക്കും, യു.എസ്സ്. ടെക്നോളജിയിലേയ്ക്കും, ഇൻഫോസ്സിസിലേയ്ക്കും സെലക്ഷൻ ലഭിച്ചെങ്കിലും, അവന്റെ സ്വപ്നനഗരമായ ബാംഗ്ളൂരിനായി, അവൻ സൈബറാബാദിനെ വെടിഞ്ഞു.

വളരെ അടുത്ത സുഹൃത്തും റൂംമേറ്റുമായിരുന്ന ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി ഹേമന്ത് കിഷോർ അവനോടൊപ്പം അതേ യൂണിറ്റിൽ ജോലിയ്ക്ക് വന്നപ്പോൾ അവരുടെ താമസവും ഒന്നിച്ചായി. ക്രമേണ അവർ ബാംഗ്ളൂർ നഗരത്തിന്റെ സന്തതികളായ, കൂടെ ജോലിചെയ്യുന്ന മറ്റുള്ളവരുമായി ചങ്ങാത്തത്തിലുമായി, അങ്ങനെ പബ്ബുകളും, ഡാൻസ്സ്ബാറുകളുമൊക്കെയായി ആ പറവകൾ അതിരുകളില്ലാത്ത  മോദവിഹായസ്സിൽ പറന്നു നടന്നു. അവധികളിൽ അവർ  ഓറഞ്ച് ബസ്സിൽ ബർത്തുകൾ ബുക്ക് ചെയ്ത്, നാട്ടിലേയ്ക്കുള്ള യാത്ര ഉല്ലാസമാക്കി. ഈ ഒരു കാര്യത്തിൽ മാത്രമാണ് പ്രമോദും ഹേമന്തും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നത്. ഒരു മണിയ്ക്കൂർ കൊണ്ട് വിമാനമാർഗ്ഗം തിരുവനന്തപുരത്ത് എത്താമെന്നിരിയ്ക്കേ, വെറുതേ സമയം കളഞ്ഞ് ബസ്സിൽ വരുന്നത് പ്രമോദിനു ഇഷ്ടമായിരുന്നില്ല, എന്നാൽ രേഖയും, മീനാക്ഷിയും, ആനിയുമൊക്കെയൊത്തുള്ള ആ യാത്ര വേണ്ടെന്ന് വയ്ക്കാൻ ഹേമന്ത് ഒരുക്കവുമായിരുന്നില്ല. 


"ഇതൊക്കെ ബാംഗ്ളൂരിലും ആകാമല്ലോ"


എന്ന പ്രമോദിന്റെ ചോദ്യത്തിനു


"ഓരോന്നിനും ഓരോ രസമാണ്; അല്ലെങ്കിൽ തന്നെ ഇവിടെ കുലുക്കം ഫ്രീ ആണു ചങ്ങാതീ"


എന്ന് കണ്ണീറുക്കിക്കാട്ടി ഹേമന്ത് മറുപടി പറയുമായിരുന്നു.


കാര്യം എഞ്ചിനീയറും, കമ്പ്യൂട്ടർ വിദഗ്ധനും, സോഫ്റ്റ്വെയർ പ്രോഗ്രാമ്മറുമൊക്കെ ആണെങ്കിലും അടിസ്ഥാനപരമായി പ്രമോദ് മനസ്സുകൊണ്ട് ഒരു ഗിരിവാസിയായ വനവാസി ആയിരുന്നു. അവനു അവന്റേതായ ചില വിശ്വാസപ്രമാണങ്ങൾ ഉണ്ടായിരുന്നു, അവന്റെ ഊരിന്റെ ചൂരും ചൂടുമുള്ള. കാട്ടുനിയമങ്ങളിൽ ചാലിച്ചവ!  അവയൊന്നും അവൻ നഗരജീവിതത്തിലും വെടിയാൻ കൂട്ടാക്കിയില്ല. അവൻ കൂടുതൽ അറിവു നേടുമ്പോൾ  അന്ധവിശ്വാസങ്ങളും കൂടി വരുന്നത് പോലെ ഹേമന്തിനു തോന്നിയിട്ടുണ്ട്; ഓരോ പ്രാവശ്യവും നാട്ടിൽ പോയി വരുമ്പോൾ അവൻ കൂടുതൽ ഊരിലെ സമ്പ്രദായങ്ങൾ അറിഞ്ഞ്, അവയെ ശാസ്ത്രീയമായി വ്യാഖ്യാനിയ്ക്കുവാൻ ശ്രമം നടത്തിയിരുന്നു. അവന്റെ ചില പ്രവചനങ്ങൾ അച്ചട്ടായി നടന്നത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ടെങ്കിലും, അത് അംഗീകരിച്ച് കൊടുക്കാൻ ഹേമന്ത് ഒരിയ്ക്കലും തയ്യാറായിരുന്നില്ല, ചക്ക വീണ് മുയൽ ചാകുന്നത് പോലെ യാദൃശ്ചികസംഭവങ്ങളെന്ന് കളിയാക്കിയപ്പോഴും, അത്തരം അനുഭവങ്ങൾ ആവർത്തിയ്ക്കപ്പെടുന്നതിന്റെ അസ്വസ്ഥത അവന്റെ മനസ്സിൽ കൂടിക്കൂടി വന്നു. അപ്പോഴും കൂട്ടുകാരൊത്തു കൂടി "നമ്മുടെ ലാമാ.. പ്രിമ്പോച്ചേ.." എന്ന് പ്രമോദിനെ കളിയാക്കുകയാണ് അവൻ ചെയ്തത്.


കൂട്ടുകാരിൽ നിന്നും വിട്ടുനിന്ന് മുറിയിൽ തന്നെ ധ്യാനവും, പൂജയും നടത്തുകയും, പലകാര്യങ്ങൾക്കും തടസ്സവാദങ്ങൾ ഉയർത്തുകയും ചെയ്ത അവനെ ഏതെങ്കിലും മനശാസ്ത്രജ്ഞന്റെ അരികിൽ കൗൺസലിംഗിനു കൊണ്ടു പോകണമെന്ന് സുഹൃത്തുക്കൾ തീരുമാനിച്ചു. ആയിടയ്ക്കാണ് അവർക്ക് റിലയൻസ്സ് ക്യാപിറ്റലിനായി ഒരു ഫിനാൻസ്സ് പ്രോഗ്രാമിംഗിന്റെ പ്രോജക്ട് ലഭിയ്ക്കുന്നത്. അതോടെ വളരെ തിരക്കിലായ ആ ഗ്രൂപ്പ് മറ്റു കലാപരിപാടികളിൽ പുറകോട്ടായി.


ഒരു ദിവസം പ്രോഗ്രാമ്മിംഗ് ചെയ്തു കൊണ്ടിരിയ്ക്കുമ്പോൾ ആണ്, ഭയന്ന മുഖവും, വിയർത്ത ശരീരവുമായി പ്രമോദ് ഓടിക്കിതച്ച് ഹേമന്തിന്റെ അരികിൽ എത്തിയത്; അവന്റെ ഭാവം കണ്ട് കൂടെ ക്യാബിനിലുണ്ടായിരുന്ന രേഖ അവനു കുടിയ്ക്കാൻ വെള്ളം നൽകി, ഒരു കസേരയിൽ ഇരുത്തിയശേഷം കാര്യം തിരക്കി. ശ്വാസം മുട്ടുന്ന രീതിയിൽ അവൻ ഇത്രമാത്രം പറഞ്ഞു


"എനിയ്ക്ക് പേടിയാവുന്നു"


ഹേമന്ത് രേഖയോട് മാറിക്കൊടുക്കുവാൻ കണ്ണാൽ ആംഗ്യം കാട്ടി, അവൾ പോയപ്പോൾ പ്രമോദിന്റെ അരികിലെത്തി അവൻ കാര്യം തിരക്കി.


അതിനു മറുപടി പറയാതെ ഹേമന്തിന്റെ കയ്യ് പിടിച്ച് വലിച്ച് അവൻ തന്റെ ക്യുബിക്കിളിലേയ്ക്ക് കൊണ്ടുപോയി; അവിടെ അവൻ ചെയ്തു കൊണ്ടിരുന്ന പ്രോഗ്രാം സ്ക്രീനിൽ ചൂണ്ടി അവൻ പറഞ്ഞു


"നീയിത് നോക്കൂ.. ഈ നമ്പർ, ഇതെന്നെ വിട്ടൊഴിയുന്നില്ല"


സ്ക്രീനിൽ ഇട്ടറേഷന്റെ റിസൾട്ടായി വന്ന ആ സംഖ്യ അവൻ കണ്ടു ഒരു 18 അക്ക സംഖ്യ 94103776722031671; ഇത്തരം പ്രോഗ്രാമുകൾ ചെയ്യുമ്പോൾ വരാവുന്ന ഒരു സാധാരണ സംഖ്യ, ഒരിയ്ക്കൽ കണ്ടാൽ പിന്നീട് ഓർത്ത് വയ്ക്കാത്ത ഒന്ന്, ഇതിലെന്താ ഇത്ര വലിയ കാര്യം? എന്ന മട്ടിൽ അവൻ പ്രമോദിനെ നോക്കി.


" ഞാൻ ഇതിന്റെ ഇൻപുട്ട് ഡറ്റാ മാറ്റാം, എന്നിട്ട് വീണ്ടും റൺ ചെയ്യാം"


എന്ന് പറഞ്ഞ് അവൻ വേറേ ഒരു ഡേറ്റാ ഫയൽ ലോഡ് ചെയ്ത് പ്രോഗ്രാം റൺ ചെയ്തു; അപ്പോഴും ലഭിച്ച ഉത്തരം 94103776722031671 തന്നെ! അവൻ രണ്ടു മൂന്ന് പ്രാവശ്യം ഡാറ്റാമാറ്റി റൺ ചെയ്തെങ്കിലും ഫലം ഒന്ന് തന്നെയായിരുന്നു. ഇത്തവണ അവൻ കൂടുതൽ പരിക്ഷീണിതനായി മാറി, തളർന്ന് കസേരയിലിരുന്നു. അവന്റെ അവസ്ഥ കണ്ട് ചിരിച്ച് കൊണ്ട് ഹേമന്ത് പറഞ്ഞു


"ഇതൊക്കെ സാധാരണ സംഭവങ്ങളല്ലേ? നിന്റെ പ്രോഗ്രാം എവിടെയോ ലൂപ്പ് ആകുന്നുണ്ട്, ആദ്യഫലത്തിലേയ്ക്ക്, നീ അത് പരിശോധിച്ച് ശരിയാക്കൂ, ഡീബഗ്ഗും ചെയ്യൂ, എല്ലാം ശരിയാകും."


"ഇല്ല, ഇത് അതൊന്നുമല്ല, എന്റെ മനസ്സിൽ ആകെ ഭയം നിറയുന്നു, എനിയ്ക്ക് പേടിയാകുന്നു" 


പ്രമോദ് പഴയ പല്ലവി ആവർത്തിച്ച് കൊണ്ടേയിരുന്നു.


"ശരി ഞാൻ ഒന്ന് നോക്കട്ടേ" 


എന്ന് പറഞ്ഞ് ഹേമന്ത് ആ പ്രോഗ്രാമിന്റെ ഡേറ്റാ ഫയൽ മാറ്റി, റൺ ചെയ്തു, ആകംഷയോടെ പ്രമോദും ആ സ്ക്രീനിൽ നോക്കിയിരുന്നു. ഇത്തവണ സ്ക്രീനിൽ തെളിഞ്ഞത് മറ്റൊരു നമ്പർ ആയിരുന്നു. പ്രമോദ് പറഞ്ഞു


"ദാ, നോക്കൂ.. ഒരു കുഴപ്പവുമില്ല, ഇത് വേറേ നമ്പരാണ്; നീ വേണമെങ്കിൽ റൂമിൽ പോയി റസ്റ്റ് എടുക്കൂ, നിരന്തരമായി തലപുകച്ചത് കൊണ്ട് ഉണ്ടാവുന്ന മനസ്സിന്റെ വികൃതികൾ ആണിത്"


ചാടിയെണീറ്റ് പുറകിലെത്തി പ്രമോദ് ആവശ്യപ്പെട്ടു


"ശരി, ഞാൻ അദ്യം ലോഡ്ഡ് ചെയ്ത "ഡി - 87 പി.ആർ" നീ ഒന്ന് ലോഡ്ഡ് ചെയ്ത് റൺ ചെയ്തേ.."


ഹേമന്ത് അങ്ങനെ ചെയ്തു അപ്പോൾ വ്യത്യസ്ഥമായ മറ്റൊരു സംഖ്യയായിരുന്നു ഫലം. ഇത് കണ്ട് പ്രമോദ് കൂടുതൽ അസ്വസ്ഥനായി, അവൻ ഹേമന്തിനെ മാറ്റി അതേ ഫയൽ റീലോഡ്ഡ് ചെയ്ത് റൺ ചെയ്തു എന്നിട്ട് ഭീതി നിറഞ്ഞ് കണ്ണുകളോടെ മോനിട്ടറിൽ നോക്കിയിരുന്നു, 94103776722031671 എന്നഫലം തെളിഞ്ഞ് വന്നപ്പോൾ നടുങ്ങിയത് ഇരുവരും ഒപ്പമായിരുന്നു!
പ്രമോദ് പഴയതിലും വിറയാർന്ന ശബ്ദത്തിൽ അവനോട് പറഞ്ഞു

"എനിയ്ക്ക് ഭയമാകുന്നു, ഞാൻ പോവുകയാണ് റൂമിലേയ്ക്ക്, അവിടെ നിന്ന് നാട്ടിലേയ്ക്ക്, ഫ്ളൈറ്റ് ടിക്കറ്റ്.. ങാ.. വൈകിട്ട് 4 മണിയുടെ ഫ്ളൈറ്റിനു നീ ഒരു ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്ത് എനിയ്ക്ക് മെയിൽ അയയ്ക്കൂ.. ഓൺലൈൻ ചെക്കിംഗും ചെയ്തേക്കൂ.."


അവന്റെ മറുപടിയ്ക്കൊന്നും കാത്ത് നിൽക്കാതെ പ്രോഗ്രാം മാനേജരുടെ മുറിയിലേയ്ക്ക് പ്രമോദ് ഓടിക്കയറി, പിന്നീട് ലീവ് അനുമതിയുമായി അവൻ മറ്റ് ഫോർമ്മാലിറ്റികൾ തീർക്കുവാൻ പോയി. ഹേമന്ത് അവന്റെ ഫ്ളൈറ്റ് ടിക്കറ്റ് എടുത്തു, പിന്നെ ഫോൺ ചെയ്തപ്പോൾ അവൻ മുറിയിൽ പാക്കിംഗ് ചെയ്യുകയാണെന്നറിഞ്ഞു. കുറച്ച് സമയം കഴിഞ്ഞ് അവന്റെ വെബ്ബ് ചെക്കിംഗ് ചെയ്ത്, ബോർഡിംഗ് പസ്സും വാട്ട്സാപ്പിൽ അയച്ചു കൊടുത്തു. ലോബിയിൽ നിന്നും ബോർഡിംഗിനു തയ്യാറാകുന്നതിനിടയിൽ അവൻ ഹേമന്തിനെ വിളിച്ചു


" നീ കൂടെ എന്റെ ഒപ്പം വന്നിരുന്നെങ്കിൽ.. എനിയ്ക്ക് എന്തോ തിരിച്ചറിയാൻ പറ്റാത്ത ഒരു ഭയം മനസ്സിൽ നിറഞ്ഞിരിയ്ക്കുന്നു, ഞാൻ തിരിച്ചിറങ്ങിയാലോ? നമുക്ക് ഒന്നിച്ച് പോകാം നാളത്തെ ഫ്ളൈറ്റിൽ അല്ലെങ്കിൽ രാത്രിയിൽ ഓറഞ്ചിൽ.."


ഹേമന്ത് അവനെ ആശ്വസിപ്പിച്ചു 


" നമുക്ക് രണ്ടാൾക്കും കൂടി ഇപ്പോഴത്തെ അവസ്ഥയിൽ ലീവ് കിട്ടില്ല, നിനക്ക് കിട്ടിയത് തന്നെ അത്ഭുതമാണ്, നീ ഭയപ്പെടാതെ, ഒന്നുമില്ല, പോയി വീട്ടിലെ ആളുകളുമായി കഴിയുമ്പോൾ നിന്റെ മനസ്സു ശാന്തമാകും"


ആ രാത്രിയിൽ കുറേനാളിനു ശേഷം കൂട്ടുകാർ പബ്ബിൽ ഒത്തു കൂടിയപ്പോൾ, രേഖയാണ് പ്രമോദിനെ പറ്റി തിരക്കിയത്. ഒരു തമാശ പോലെ അവൻ ആ കഥ അവരോട് പറഞ്ഞ് പൊട്ടിച്ചിരിച്ചു. എന്നാൽ പെൺകുട്ടികൾ ചിരിയ്ക്കുന്നുണ്ടായിരുന്നില്ല. അവർ അത് ഗൗവരമായി എടുത്തു, എന്നിട്ട് തിരക്കി


"എന്നിട്ട് നീ അവനെ വിളിച്ചോ? നാട്ടിൽ എത്തി കാണുമല്ലോ ഇപ്പോൾ?


"തിരക്കിനിടയിൽ ഞാനത് മറന്നു പോയി, സോറി" 


എന്ന് പറഞ്ഞവൻ ഫോണെടുത്ത് പ്രമോദിന്റെ ഫോണിലേയ്ക്ക് ഡയൽ ചെയ്തു. അത് റിംഗ് ചെയ്തെങ്കിലും അവൻ എടുത്തില്ല. വീണ്ടും വിളിച്ചെങ്കിലും അവൻ ഫോണെടുത്തില്ല. കുറേ നേരം കഴിഞ്ഞ് മറ്റുള്ളവരുടെ നിർബന്ധമില്ലാതെ തന്നെ അവൻ വീണ്ടും വിളിച്ചു, ഇത്തവണയും റിംഗ് മുഴുവനായി അടിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്തില്ല. അടുത്ത കോളിനിടയിൽ അത് കട്ടായി, പിന്നീട് സ്വിച്ച്ഡ്ഡ് ഓഫ് എന്ന മെസ്സേജ്ജ് വന്നു തുടങ്ങി. അകാരണമായ ഒരു ഭീതി അവന്റെ മനസ്സിലും നിറഞ്ഞ് തുടങ്ങി.


അവനത് കൂട്ടുകാരോട് തുറന്നു പറഞ്ഞു; അവന്റെ പെരുമാറ്റവും, പൂജകളും, പ്രവചനങ്ങളും, അവ യാഥാർത്ഥ്യമായതുമൊക്കെ വിസ്തരിച്ച് പറഞ്ഞു; ഒടുവിൽ ലോബിയിൽ നിന്നും തിരിച്ചിറങ്ങാൻ അവൻ ആഗ്രഹിച്ചതും, ഒപ്പം ചെല്ലാൻ അവനെ ക്ഷണിച്ചതുമൊക്കെ. അമ്പരന്നിരുന്ന കൂട്ടുകാർ അവനെ കുറ്റപ്പെടുത്തി


"ഇതൊന്നും ഇന്നുവരെ നീ ഞങ്ങളോട് പറഞ്ഞിരുന്നില്ല"


"നിങ്ങൾ അവനെ കളിയാക്കിയാലോ എന്ന് ഞാൻ കരുതി, അതവനിഷ്ടപ്പെടില്ല"


എന്നതായിരുന്നു അവന്റെ മറുപടി. ഒടുവിൽ അവർ ഒരു തീരുമാനത്തിൽ എത്തി, ഹേമന്ത് രാത്രിയിൽ തന്നെ ചെന്നെയ്ക്ക് പോയി അവിടുന്ന് രാവിലത്തെ ഫ്ളൈറ്റിൽ തിരുവനന്തപുരത്ത് എത്തി പ്രമോദിന്റെ വീട്ടിൽ പോവുക. അവരിൽ രണ്ടു പേർ കൊച്ചിയിലെത്തി, വീട്ടിലെ വണ്ടി ഡ്രൈവ് ചെയ്ത് തിരുവനന്തപുരത്തെത്താം, അവിടെ എത്തേണ്ട വഴി ഫോണിൽ പറഞ്ഞു തന്നാൽ മതി.


പ്രോജക്ട്സ്സ് ഡയറക്ടറുടെ അനുമതി കള്ളം പറഞ്ഞൊപ്പിച്ച് ഒരു വിധം നേടിയെടുത്ത  ഹേമന്ത് ചെന്നെ വഴി തിരുവനന്തപുരത്തെത്തി; അവിടെ നിന്നും ഒരു ടാക്സിയിൽ നെയ്യാർഡാം വഴി അമ്പൂരിയിലെത്തി. മലയാളിയ്ക്ക് ചെമ്പകപ്പാറ എന്നും തമിഴർക്ക് ആറുകാണി എന്നു അറിയപ്പെടുന്ന ആ തടാകക്കരയിൽ ചങ്ങാടം കാത്തവൻ നിന്നു.


ചങ്ങാടത്തിൽ കടത്ത് കടന്ന് കാരിക്കുഴി എന്ന സ്ഥലത്തിറങ്ങി, അവൻ കുത്തനെ കയറ്റം കയറി തുടങ്ങി. പ്രമോദ് പറഞ്ഞ് കാണാപ്പാഠമായ ആ വഴികളിൽ കുറേ ചെന്നപ്പോൾ ചാക്കപ്പാറ സെറ്റിൽമെന്റ് കണ്ടു. അവിടെ നിന്നും കുറച്ച് വെള്ളം കുടിച്ച് വീണ്ടും യാത്രയാരംഭിച്ചു. ചിലപ്പോൾ അട്ടിയായുള്ള ഇലകളിൽ പുഴുക്കളും, രക്തം കുടിയ്ക്കുന്ന അട്ടകളും ഇഴഞ്ഞ് നടക്കുന്ന താരയിലൂടെ, മറ്റ് ചിലപ്പോൾ ചൂടേറ്റ് പഴുത്തു തുടങ്ങിയ പാറപ്പുറത്ത് കൂടി ഉള്ള ആ നടവഴിയിലൂടെ  കുത്തനെയുള്ള കയറ്റത്തിൽ ക്ഷീണിച്ച് ഇരുന്നും വീണ്ടും നടന്നും അവൻ കുന്നത്തുമലയുടെ താഴെവരെയെത്തി.


ഇനി അൽപ്പം വെള്ളം കുടിയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരടി പോലും കയറുവാൻ കഴിയില്ല എന്ന അവസ്ഥയിലായ അവൻ ഒരിടത്തിരിയ്ക്കുമ്പോൾ ആണ് പാറവെടിഞ്ഞ ഇടുക്കിൽ ഒരു വെള്ളക്കെട്ട് കണ്ടത്. നല്ല തെളിഞ്ഞ കുളിരുള്ള ജലം, എന്നാൽ എങ്ങനെ കോരിക്കുടിയ്ക്കണമെന്ന് സംശയിച്ച് നിൽക്കുമ്പോഴാണാ കുട്ടി ആ വഴി വന്നത്. അവനോട് കാര്യം പറഞ്ഞപ്പോൾ അവൻ ആകാശത്തോട്ട് നോക്കി എന്തോ കൂവി വിളിച്ചു.


അവൻ നോക്കുന്ന ദിശയിൽ നോക്കിയപ്പോൾ ചെങ്കുത്തായ ആ തിട്ടയ്ക്ക് മുകളിൽ ഒരു തല പ്രത്യക്ഷപ്പെട്ടു, പിന്നെ ഒരു ഇഡ്ഡലിക്കുട്ടകത്തിന്റെ അടപ്പ് താഴേയ്ക്ക് പറന്നു വന്നു വെള്ളത്തിൽ പതിച്ചു. അതെടുത്ത് വെള്ളം കോരി കുടിയ്ക്കാനാഞ്ഞപ്പോൾ അതാ മൂന്നാലു തവളകൾ ആ ജലോപരിതലത്തിൽ ദൃശ്യമായി. ആദ്യം ഒന്നറച്ചെങ്കിലും ആ അവസ്ഥയിൽ മറ്റുവഴികളില്ലെന്ന് ആ പയ്യനിൽ നിന്നും മനസ്സിലാക്കി, ആ അടപ്പിനായി കാത്തുനിൽക്കുന്ന അവനെ താമസിപ്പിയ്ക്കാതെ ഒരടപ്പ് വെള്ളം കോരിക്കുടിച്ച്, വീണ്ടും കയറ്റം കയറിത്തുടങ്ങി. അൽപ്പം കൂടി നടന്നപ്പോൾ അവിടെ ഒരു  നിരപ്പായ പ്രദേശത്ത് ആളുകൾ കൂടിനിൽക്കുന്ന കാഴ്ച്ച അവൻ കണ്ടു.


അങ്ങോട്ട് അടുക്കുന്തോറും സ്ത്രീകളുടെ വാവിട്ടു നിലവിളികൾ അവൻ കേട്ടു തുടങ്ങി;  ആൾക്കൂട്ടത്തിനിടയിലൂടെ  തിക്കിക്കയറി അതെന്താണെന്നറിയാൻ ശ്രമിച്ച അവൻ കണ്ടത്, മരിച്ച് കിടക്കുന്ന പ്രമോദിനെ ആയിരുന്നു! അവന്റെ അമ്മയും, സഹോദരിയും, ബന്ധുസ്ത്രീകളും പതമ്പെറുക്കി കരയുകയും, മാറത്തടിയ്ക്കുകയും ചെയ്യുന്നു. തൊട്ടടുത്തായി അവന്റെ ട്രാവൽ ബാഗ് കിടക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഹേമന്ത് പതറി നിന്നു. അവൻ കൂടിനിന്നവരിൽ ഒരാളോട് കാര്യം തിരക്കി. 


"ഒന്നുമറിയില്ല, ഇന്ന് രവിലെയാണ് കണ്ടത്, മെമ്പറെ അറിയിച്ചു, അങ്ങേർ പോലീസ്സിലും, പോലീസ്സ് വരുന്നതു വരെ അനക്കരുതെന്ന് പറഞ്ഞതിനാൽ കാത്തിരിയ്ക്കുകയാണ്" 


അയാൾ മറുപടി പറഞ്ഞു. എന്തായാലും കൊച്ചിയിൽ നിന്നു വരുന്നവരോട് അവൻ വിവരം പറഞ്ഞു, സംശയാസ്പദമായ സഹചര്യത്തിൽ പോലീസിന്റെ മുന്നിൽ ചാടേണ്ട എന്നവർ അവനെ ഉപദേശിച്ചു.


"ഞങ്ങൾ കഴക്കൂട്ടത്തെത്തി, താമസിയാതെ എത്തിച്ചേരാം അതുവരെ ഒന്നൊതുങ്ങി നിന്നോ" 


എന്നവർ നിർദ്ദേശിച്ചു. അവർക്ക് അയച്ച് കൊടുക്കുവാനായി ആ സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് ലൊക്കേഷൻ അവൻ ഫോണിൽ എടുത്തു. അത് സേവ് ചെയ്തു, വാട്ട്സ്സാപ്പിൽ അവർക്ക് അയച്ചു കഴിഞ്ഞ് അവൻ ആ ഫോണിന്റെ സ്ക്രീനിലെ നമ്പരിലേയ്ക്ക് ഒന്നു കൂടി നോക്കി. അവന്റെ കാൽവിരലുകൾ മുതൽ തല വരെ ഒരു മിന്നൽ ഓടി, ഒരു തരിപ്പനുഭവപ്പെട്ടു, കൈകൾ തളർന്ന് ഫോൺ നിലത്ത് വീണു.


പ്രമോദ് മരിച്ചു കിടന്ന ആ സ്ഥലത്തിന്റെ കോർഡിനേറ്റ്സ്സ് " N941037, E7672203, MSL1671" ആയിരുന്നു, നോർത്തിംഗും ഈസ്റ്റിംഗും മീൻ സീ ലവലും മാറ്റിയാൽ അത് "94103776722031671" എന്ന സംഖ്യയായിരുന്നു!!!!!


Tuesday, February 27, 2018

അമ്മ

മുത്തങ്ങ വനാന്തരത്തിൽ നിബിഡവനത്തെ ജനവാസമേഖലയുമായി വേർതിരിയ്ക്കുന്ന ആ കാട്ടുചോലയോട് ചേർന്നാണാ ചെറിയ വീട്; അവിടെയാണാ അമ്മയും മകനും താമസിച്ചിരുന്നത്. ആ അമ്മ ഊരിലെ മൂപ്പന്റെ തന്നെ മകളാണെന്ന് ഊരിൽ അടക്കം പറച്ചിലുണ്ടെങ്കിലും അത് ശരിയായിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ഊരുകാരൻ ആദിവാസി മന്ത്രവാദിയുടെ മകളായിരുന്നു അവൾ. അവൾ ജനിച്ച ഊരു കുറേ ദൂരെയാണ്, വിവിധ ഊരുകളിലെ കാട്ടുമൂപ്പന്മാരെല്ലാം ബഹുമാനിച്ചിരുന്ന ആ പെരിയോർ നല്ല വൈദ്യനും, ചത്തനും, മാടനും, തേയിയും, മറുതയുമൊക്കെ അടങ്ങിയ വനദേവതകളെ വിളിപ്പുറത്ത് നിർത്താൻ കഴിവുള്ള ആൾ ദൈവം ആണെന്ന് ഊരുകൾ വിശ്വസിച്ചു വന്നു. അദ്ദേഹത്തിന്റെ ഏകമകൾ ആയിരുന്നു തിരുതേയി, അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ച് പോയെങ്കിലും, ആ കുറവറിയാതെ അച്ചൻപെങ്ങൾ അവളെ വളർത്തി. എന്നാൽ സുന്ദരിയായ ആ പെൺകുട്ടി ആദിവാസികളെ ഉദ്ധരിയ്ക്കാൻ എത്തിയ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ പ്രണയക്കെണിയിൽ വീണു, അവൾ ഗർഭിണിയായപ്പോൾ നാട്ടുകാരായ എല്ലാ കാമുകന്മാരേയും പോലെ അവനും മുങ്ങി.

ആ ഊരിലെ മൂപ്പൻ കന്നി പിഴച്ചത് മാപ്പാക്കാൻ തയ്യാറായിരുന്നെങ്കിലും, ഗോത്ര നിയമപ്രകാരം അവളെ ഏഴു മലയ്ക്കും, ഏഴു ചോലയ്ക്കും, ഏഴൂരിനും അകലേയ്ക്ക് നടതള്ളണമെന്ന് ആൾ ദൈവമായ ആ അച്ഛൻ തന്നെ ആവശ്യപ്പെട്ടപ്പോൾ വളർത്തമ്മയല്ലാതെ ആരും എതിർക്കാനുണ്ടായിരുന്നില്ല. അങ്ങനെയാണ് അവൾ ഈ ഊരിലേയ്ക്ക് വന്നതും, അവളുടെ വളർത്തമ്മയുടെ നിർദ്ദേശപ്രകാരം ഊരിലെ മൂപ്പൻ അവളെ സ്വന്തം മകളായി സ്വീകരിച്ചതും. അഭിമാനിയായ ആ പെൺകുട്ടി ആരുടേയും ഔദാര്യത്തിൽ കഴിയുവാൻ ആഗ്രഹിച്ചില്ല, അവൾ വനാതിർത്തിയിൽ തനിച്ച് ഒരു വീട്ടിൽ താമസമാക്കി, വനത്തിൽ നിന്നും മരുന്നുകൾ ശേഖരിച്ച് ചികിത്സ തുടങ്ങി, താമസിയാതെ അവൾ അച്ഛനേക്കാൾ മികച്ച നിലയിൽ ചികിത്സിച്ചു തുടങ്ങി, അതോടെ മൂപ്പത്തി അവൾക്ക് സഹായിയായി, ഊരാകെ സമ്മതയായി.  താമസിയാതെ അവൾ  ഒരാൺകുഞ്ഞിനെ പ്രസവിച്ചു, അവനു 5 വയസ്സായപ്പോൾ അവൾ അടുത്തുള്ള സ്കൂളിൽ അവനെ ചേർത്തു, അതോടെ വീണ്ടും പകൽ സമയങ്ങളിൽ തനിച്ചായ അവൾ മന്ത്രവാദത്തിന്റെ പാഠങ്ങൾ പരിശീലിച്ചു തുടങ്ങി. ക്രമേണ മരുന്നും മന്ത്രവാദവുമായി അവൾ അയൽ ഊരുകളിലും പ്രശസ്തയായി, ഊരാളരും, വരുത്തരും, വനദേവതകളെ ചൊൽപ്പടിയ്ക്ക് നിർത്തിയിരിയ്ക്കുന്ന അവളുടെ വീട്ടിലേയ്ക്ക് അനുവാദമില്ലാതെ നോക്കാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല.

ആ മകൻ ഒരല്ലലും അറിയാതെ ആ മകൻ വളർന്നു വന്നു, വലിയ സ്ക്കൂളുകൾ അടുത്തില്ലാത്തതിനാൽ അവന്റെ വിദ്യാഭ്യാസം പ്രാഥമിക തലത്തിൽ അവസാനിച്ചു. ക്രമേണ അവനും അമ്മയോടൊപ്പം കാട്ടിൽ മരുന്ന് പറിയ്ക്കാനും, വിറകു ശേഖരിയ്ക്കുവാനും ഒക്കെ സഹായിച്ചു തുടങ്ങി.മഞ്ഞ് കാലത്ത് കാട്ടിലെ ഒരു പ്രത്യേകചെടിയുടെ ഇലകളിൽ മുട്ടയിട്ട് വിരിയുന്ന പുഴുക്കളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന മരുന്ന് കൊണ്ട് നടുവേദനയാൽ കിടപ്പിലായവരെ അവൾ ചികിത്സിച്ചിരുന്നു. നഗരങ്ങളിലെ വലിയ ആശുപത്രികൾ കൈവിട്ട കിടപ്പിലായിപ്പോയ രോഗികളെ ചികിത്സിച്ച് നടത്തി വിട്ട അവളുടെ കുടി മഞ്ഞുകാലത്ത് രോഗികളെ കൊണ്ട് നിറഞ്ഞിരുന്നു. 

അവനു 14 വയസുള്ളപ്പോൾ ഒരു ദിവസം ആ അമ്മയും മകനും കാട്ടിൽ നിന്നു വെളുപ്പിനെ  മഞ്ഞിലുറഞ്ഞ പുഴുക്കളെ ശേഖരിച്ച് മടങ്ങി വരവേ ആണ് ആ പുലിയുടെ ആക്രമണം ഉണ്ടായത്. രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവുമില്ലത്ത ഒരു സ്ഥലമയിരുന്നു അത്, അതിനാൽ തന്നെ മകനോട് പരമാവധി വേഗത്തിൽ വീട്ടിലേയ്ക്ക് ഓടാൻ ആവശ്യപ്പെട്ടു കൊണ്ട്  ആ അമ്മ പുലിയെ നേരിട്ടു. മകൻ തിരിഞ്ഞ് നോക്കാതെ വീട്ടിലേയ്ക്കോടി, അവനറിയാമായിരുന്നു അമ്മ മാന്ത്രികവിദ്യയാൽ പുലിയെ തോൽപ്പിച്ച് അൽപ്പം കഴിഞ്ഞ് അങ്ങെത്തുമെന്ന്. അതിനാൽ വീട്ടിൽ എത്തി അവൻ തലേ ദിവസത്തെ ബാക്കിയിരുന്ന ഭക്ഷണമൊക്കെ കഴിച്ച് ഒന്നുറങ്ങി.

കുറേ നേരം കഴിഞ്ഞ് അവൻ ഉണർന്ന് അമ്മയെ ഞ്ഞെങ്കിലും അവിടെയെങ്ങും അമ്മയെ കണ്ടില്ല. അവന്റെ മനസ്സിൽ ഭയം നിറഞ്ഞു, അവൻ ഏറ്റവും അടുത്ത കുടിയിൽ എത്തി കാര്യം പറഞ്ഞു, അവർ മൂപ്പനെ അറിയിച്ചു  പിന്നീട് എല്ലാവരും കൂടി കാട്ടിൽ തിരച്ചിൽ നടത്തി, ഏറെയൊന്നും തിരയേണ്ടി വന്നില്ല, അവൻ അമ്മയെ വിട്ട് പോന്നിടത്ത് തന്നെ, പുലി കടിച്ച് മുറിച്ച അവളുടെ ശരീരം അവർ കണ്ടെത്തി. എല്ലാവരും ചേർന്ന് അവളുടെ മൃതദേഹം രണ്ട് കാട്ടുമരത്തിന്റെ കമ്പുകൾ കെട്ടിയുണ്ടാക്കിയ മഞ്ചലിൽ ചുമന്നു കൊണ്ടുവന്ന് വീടിനടുത്ത് സംസക്കരിച്ചു. ആ മകൻ ഒറ്റപ്പെട്ടു, എങ്കിലും അമ്മ സമ്പാദിച്ചു വച്ചിരുന്ന പണം അവനെ പട്ടിണി കൂടാതെ ജീവിയ്ക്കാൻ സഹായിച്ചു, അവൻ ഊരിലെ കൂട്ടുകാരുമൊക്കെയായി  ചെറിയ ജോലികളൊക്കെ ചെയ്തും, ഉല്ലസിച്ചും കാലം കഴിച്ചു. ക്രമേണ അവന്റെ കയ്യിലുള്ള പണമെല്ലാം തീർന്നു, അവൻ പട്ടിണിയിലായി, ഊരിലെ പട്ടിണി അവനിലും ആധിപത്യമുറപ്പിച്ചു എന്നു പറയുന്നതാവും ശരി.
ഏറെക്കാലത്തിനു ശേഷം അവനമ്മയുടെ ഓർമ്മകൾ വന്നു തുടങ്ങി, അമ്മയുടെ മരണശേഷം ആ കാട്ടിൽ ഒറ്റയ്ക്ക് പോകാൻ അവനു ധൈര്യം ഉണ്ടായിരുന്നില്ല, എങ്കിലും വനാതിർത്തിയിലെ അമ്മയുടെ ശവകുടീരത്തിൽ എത്തി ആ മൺകൂനയിൽ കെട്ടിപ്പിടിച്ച് അവൻ കരഞ്ഞു, അമ്മയോട് അവൻ പറഞ്ഞു 

" അമ്മേ, എന്റെ കയ്യിലെ പണമെല്ലാം തീർന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഞാൻ എന്ത് ചെയ്യുമമ്മേ?"

പെട്ടെന്ന് ആ മൺകൂനയിൽ നിന്നും അമ്മയുടെ ശബ്ദം അവൻ കേട്ടു 

" മോനേ നീ വിഷമിയ്ക്കേണ്ട, ഞാൻ പറയുന്നത് നീ വളരെ ശ്രദ്ധിച്ച് കേൾക്കണം, നമ്മൾ ആ പുഴുവിനെ തേടി പോയ കുന്നിന്റെ താഴെയുള്ള തടത്തിൽ ഒരു പടർന്ന ആൽമരം നിൽക്കുന്നത് നീ കണ്ടിട്ടില്ലേ? അവിടെ ചെല്ലുക, എന്നിട്ടാ മരത്തിന്റെ ചുവട്ടിൽ കുഴിയ്ക്കുക. അവിടെ നിനക്ക് കുറെ കപ്പുകൾ കാണാനൊക്കും, അതിൽ ഭംഗിയുള്ളവയും, സ്വർണ്ണത്തിലുള്ളതും, വെള്ളിയിലുള്ളതും ഒക്കെ കാണും പക്ഷേ ഈച്ച മൂളിപ്പറക്കുന്ന ഒരു കപ്പ് അക്കൂട്ടത്തിൽ നീ കാണും, അത് മാത്രം നീ എടുക്കുക, മറ്റൊന്നുമെടുക്കാതെ വേഗം തന്നെ കുഴിമൂടി നീ അവിടുന്ന് പോകുക, നിനക്ക് ജീവിയ്ക്കാനുള്ളത് അതിൽ നിന്നു ലഭിയ്ക്കും, സന്തോഷമായി പൊയ്ക്കൊള്ളൂ"

ആ മൺകൂനയിൽ നിന്ന് എണീറ്റ അവനൊരുകാര്യം മനസ്സിലായി, വിശപ്പ് മാറിയിരിയ്ക്കുന്നു, പിന്നീടൊട്ടും താമസിച്ചില്ല, നേരേ വനത്തിനുള്ളിലെത്തി, അവിടെ ആ മരം കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല. അവൻ അതിന്റെ ചുവട്ടിൽ കുഴിച്ചു, അവിടെ നിറയെ കപ്പുകൾ കണ്ടു; സ്വർണ്ണത്തിലും, വെള്ളീയിലും, രത്നങ്ങൾ പതിച്ചതുമൊക്കെയായി എത്ര ഭംഗിയുള്ള കപ്പുകൾ അവയ്ക്കിടയിൽ അവനമ്മ പറഞ്ഞ വൃത്തിയില്ലാത്ത കപ്പും കണ്ടു, ഒരീച്ച അതിൽ ചുറ്റിപ്പറക്കുന്നു. അവൻ ചിന്തിച്ചു "എന്തിനാണീ വൃത്തികെട്ട കപ്പ് എടുക്കാൻ അമ്മ പറഞ്ഞത്? ഞാൻ കേട്ടത് തെറ്റിയതാണോ? അതൊഴികെ ഏതെങ്കിലും എടുക്കനാണോ പറഞ്ഞത്? ഏതായാലും ഈ രത്നം പതിച്ച സ്വർണ്ണക്കപ്പ് എടുക്കാം. അത് വിറ്റാൽ തന്നെ കുറേ നാൾ ജീവിയ്ക്കാനുള്ള കാശു കിട്ടും" അവനതിൽ നിന്നും ഏറ്റവും ഭംഗിയുള്ള ഒരു കപ്പെടുത്ത്, പെട്ടെന്ന് കുഴിമൂടി വീട്ടിലേയ്ക്ക് നടന്നു. 

കുറച്ച് ദൂരം നടന്ന് അവൻ അമ്മയെ പുലി പിടിച്ച ആ സ്ഥലത്തെത്തി, പെട്ടെന്ന് അവനാ രംഗം ഓർമ്മ വന്നു, അവൻ അവിടെ ഉള്ള ഒരു മരത്തിന്റെ വേരുകളിൽ ഇരുന്നു, ആ കപ്പു താഴെ വച്ചു. അടുത്ത നിമിഷത്തിൽ ആ കപ്പിൽ നിന്നും ഒരു വലിയ സിംഹം പുറത്തു വന്നു, അവനെ നോക്കി ഗർജ്ജിച്ചു, പിന്നെ അവന്റെ നേരേ ആക്രമണത്തിനായി കുതിച്ചു. അവൻ ആ മരത്തിൽ വലിഞ്ഞ് കയറി, കുറച്ചൊക്കെ സിംഹവും, അവൻ ഉയരത്തിലുള്ള ചെറിയ ചില്ലയിൽ എത്തിയതോടെ സിംഹം താഴെ ചാടി, പിന്നേയും കുറച്ചു നേരം കൂടി ആ വൃക്ഷത്തിനു ചുറ്റും കറങ്ങി നടന്ന്, അവനെ നോക്കി ഗർജ്ജിച്ചിട്ട് അത് കാട്ടിൽ നടന്നു മറഞ്ഞു. കുറച്ച് സമയം കഴിഞ്ഞ് അവൻ താഴെയിറങ്ങി, വീട്ടിലേയ്ക്ക് ഓടിപ്പോയി. അവന്റെ വിശപ്പ് മുഴുവനായി തിരിച്ചു വന്നു അവനെ തളർത്തി. അവൻ വീണ്ടും അമ്മയുടെ ശവകുടീരത്തിൽ എത്തി. ഇത്തവണ അമ്മ സംസാരിച്ചു തുടങ്ങി

" മോനേ, നീ എന്താണീ കാണിച്ചത്? നിന്റെ ബുദ്ധിശൂന്യത കാരണം ജീവൻ തന്നെ അപകടത്തിലാക്കിയല്ലോ. ഇനിയെങ്കിലും ഞാൻ പറഞ്ഞത് പോലെ ചെയ്യൂ, ഒന്നും ഭയപ്പെടേണ്ട"

അവനു ആ സിംഹം അവിടെ കാണുമോ? എന്ന ഭയം ഉണ്ടായിരുന്നു, എങ്കിലും അവൻ അമ്മയുടെ വാക്കുകൾ അനുസരിച്ചു, ഇത്തവണ അവൻ തെറ്റൊന്നും വരുത്തിയില്ല, കൃത്യമായി ആ കപ്പുമെടുത്ത് വീട്ടിലെത്തി, കപ്പിനൊപ്പം ആ ഈച്ചയും. അത് അവൻ ഒരു മൂലയ്ക്ക് സുരക്ഷിതമായി വച്ചു,പിന്നീട് അന്നത്തെ സാഹസികതയിൽ തളർന്ന് കിടന്നുറങ്ങി. രാവിലെ ഉണർന്ന അവൻ നേരെ നോക്കിയത് ആ കപ്പിലേയ്ക്കാണ്, അതിൽ അവൻ ആയിരം രൂപ കണ്ടെത്തി. അതുമായി അവൻ പുറത്ത് പോയി ആഹാരം കഴിച്ചു, ഇത്തവണ അവൻ കൂട്ടുകാരുമായി കാശ് കളഞ്ഞ് കുളിയ്ക്കാൻ പോയില്ല. പിന്നീട് അതൊരു പതിവായി ദിവസവും അവനു 1000 രൂപ വീതം കിട്ടിക്കൊണ്ടേയിരുന്നു, അവൻ ആവശ്യത്തിനുമാത്രം ചിലവാക്കി ബാക്കി സൂക്ഷിച്ച് വച്ചു. 

ആശയക്കുഴപ്പം വരുമ്പോഴൊക്കെ അവൻ അമ്മയുടെ ശവകുടീരത്തിലെത്തുമായിരുന്നു, അവൻ ആ മിച്ചം വരുന്ന പണം എന്ത് ചെയ്യണമെന്ന് അമ്മയോട് ചോദിച്ചു, കന്നുകാലികളെ വാങ്ങി വളർത്തി, പാലും മറ്റും വിറ്റ് ജീവിയ്ക്കാൻ അമ്മ അവനെ ഉപദേശിച്ചു. കുറച്ച് ദിവസത്തിനകം അവൻ രണ്ട് ആടിനേയും, പിന്നീട് പശുവിനേയും വാങ്ങി. വീട്ടിനടുത്ത് തൊഴുത്ത് പണിതു, അവനു കന്നുകാലികൾ വർദ്ധിച്ചു, കാട്ടിൽ മേയിച്ചും, അവയുടെ പാലും, ചാണകവരുളിയുമൊക്കെ വിറ്റും അവൻ പണമുണ്ടാക്കി. പിന്നീടമ്മയുടെ നിർദ്ദേശപ്രകാരം മൂപന്റെ സ്ഥലം വാങ്ങി, കപ്പയും, കാച്ചിലും, റാഗിയുമൊക്കെ കൃഷി ചെയ്തു, അവന്റെ വളർച്ചയ്ക്കൊപ്പം അവൻ ആ ഊരിലെ ഒരു പ്രമുഖനായി മാറി, ധനികനും, അവനു സഹായികളും, പണിക്കാരുമൊക്കെ ഉണ്ടായി.

അവനു വയസ്സ് 28 ആയി, ഇനിയൊരു വിവാഹം കഴിയ്ക്കണമെന്ന് അവനോട് ഊരിലുള്ളവർ നിർബന്ധിച്ചു തുടങ്ങി. അവൻ ഈ കാലമത്രയും എന്ത് പുതിയതായി ചെയ്യുന്നതിനു മുമ്പും അമ്മയുടെ ശവകുടീരത്തിൽ എത്തി ചോദിയ്ക്കും, അമ്മ അവനു മാർഗ്ഗനിർദ്ദേശം നൽകും. വിവാഹക്കാര്യത്തിലും അവൻ അമ്മയുടെ സഹായം തേടി. അമ്മയുടെ ശബ്ദം അവൻ കേട്ടു

"മോനേ, നീ അന്നു കപ്പെടുക്കാൻ പോയ ആ മരത്തിന്റെ അടുത്ത് കൂടി വീണ്ടും മുന്നോട്ട് പോകുക, കുറേ ചെല്ലുമ്പോൾ ഒരു കാട്ടരുവി നീ കാണും. ആ അരുവി മുറിച്ച് നീ അക്കരെ കടന്നാൽ ഒരു മുനിയറ കാണും, അതിൽ ചില ശവപ്പെട്ടികൾ കാണും, ആ പെട്ടികളിൽ ഏറ്റവും പഴകിയത് പോലെ കാണുന്നത് നീ തുറക്കുക, നിന്റെ വധുവിനെ നിനക്ക് കാണാനൊക്കും"

പിറ്റേദിവസം അവൻ ജോലിക്കാരെ എല്ലാം പറഞ്ഞേൽപ്പിച്ച്, കാട്ടിലേയ്ക്ക് യാത്രയായി. അവൻ അമ്മ പറഞ്ഞ ആ അരുവി മുറിച്ച് കടന്ന് മുനിയറയിൽ പ്രവേശിച്ചു, അവിടെ അതിമനോഹരമായ കുറേ ശവപ്പെട്ടികൾ കണ്ടു, പക്ഷേ ഇപ്പോൾ വൻ അമ്മയുടെ അനുസരണയുള്ള മകൻ ആയിക്കഴിഞ്ഞിരുന്നു, അതിനാൽ ആ പഴകിയ പെട്ടി തന്നെ തുറന്നു. അതിനുള്ളിൽ സുന്ദരിയായ ഒരു യുവതി ഉറങ്ങിക്കിടക്കുന്നു. അവൻ അവളെ ഉണർത്തി, അവൾ അവനോടൊപ്പം വീട്ടിലേയ്ക്ക് വന്നു. പിന്നീടവനു പരമസുഖകരമായിരുന്നു ജീവിതം, അവൾക്ക് അവിടെ ചെയ്യേണ്ട എല്ലാം അറിയമായിരുന്നു, കൃഷിയും, കന്നുകാലികളും, ഭക്ഷണവും, എല്ലാം അവൾ ഏറ്റെടുത്തു, അവനു ഇഷ്ടമുള്ള ഭക്ഷണം അവൾ ഉണ്ടാക്കിക്കൊടുത്തു, അവന്റെ ആരോഗ്യം എല്ലയ്പ്പോഴും ശ്രദ്ധിച്ചു, അവനെ മടിയിൽ കിടത്തി ചുംബിച്ചു, പാട്ടുകൾ പാടി ഉറക്കിയുമൊക്കെ അവൾ അവന്റെ സ്നേഹപാത്രം ആയി, എങ്കിലും അവർ രണ്ടായി കിടന്നുറങ്ങി.

ഒരു ദിവസം അവൻ അവളോട് പറഞ്ഞു

"നീ എനിയ്ക്ക് ഇപ്പോൾ അമ്മയേക്കാൾ പ്രിയപ്പെട്ടവൾ ആണ്, എങ്കിലും വിവാഹം കഴിയ്ക്കാതെ ഒന്നിച്ച് ജീവിയ്ക്കുന്നതും ശരിയല്ല, അതിനാൽ നമുക്ക് വിവാഹിതരാകാം."

അവൾ സമ്മതിച്ചു, നമുക്ക് അമ്മയുടെ ഊരിൽ പോകണം അവിടെ മുത്തച്ഛൻറ്റെ കോവിലിൽ വച്ച് വിവാഹിതരാവാം എന്നവൻ പറഞ്ഞു. അങ്ങനെ അവർ ഏഴുമല താണ്ടി അവളുടെ ഊരിലെത്തി. അവിടെ പുതിയ ചെമ്മിയാണിപ്പോൾ ഉള്ളത്. അവൻ ചെമ്മിയോട് അവനാരെന്ന് പറഞ്ഞു, അവന്റെ ബന്ധുവായ ആ പൂജാരി അവനെ സന്തോഷത്തോടെ സ്വീകരിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം അവർ നടത്തി. വധുവിനെ ഒരുക്കി കോവിലിലേയ്ക്ക് കൊണ്ടു വന്നു.  ആ പാറയുടെ താഴെയെത്തിയപ്പോൾ അവൾ പെട്ടെന്ന് നിന്നു, പിന്നീട് മുന്നോട്ട് വരാൻ തയ്യാറായില്ല. അവൻ പാറയിൽ നിന്നിറങ്ങി അവളുടെ അടുത്തെത്തി കൈപിടിച്ച് പാറയിലൂടെ മുകളിൽ കോവിലിലേയ്ക്ക് നയിച്ചു, അവൾ അവനെ പുറകോട്ട് വലിച്ചു തുടങ്ങി, അത് ക്രമേണ ശക്തമായി, അവൾ വിയർക്കാൻ തുടങ്ങി, പൂക്കുലപോലെ വിറയ്ക്കാൻ ആരംഭിച്ചു,, അവൻ സർവ്വശക്തിയുമെടുത്ത് അവളെ മുകളിലേയ്ക്ക് വലിച്ചതും, അവൾ എടുത്തടിച്ചതു പോലെ നിലത്തു വീണു.

അവളുടെ മനോഹരമായ നിറം മങ്ങിത്തുടങ്ങി, തൊലി ചുളിഞ്ഞു തുടങ്ങി, അതി രൂക്ഷമയ ദുർഗ്ഗന്ധമുയർന്നു, അവളുടെ മാംസം അഴികിത്തുടങ്ങി, അസ്തിമാത്രം ആയി, പിന്നെ അതും പൊടിഞ്ഞില്ലാതായി, ആകെ അവശേഷിച്ചത് ഒരു കഷണം തുണി മത്രം, അന്ന് മഞ്ഞിലെ പുഴുവിനെ ശേഖരിച്ചെത്തിയ ആ പുലരിയിൽ അമ്മ മാറുമറച്ചിരുന്ന ആ ചുവപ്പും കറുപ്പും കലർന്ന തുണിയായിരുന്നു അത്!

അത്ഭുതപ്പെട്ട് നിന്ന ചെമ്മി അവനോട് കാര്യങ്ങൾ എല്ലാം തിരക്കി; അവന്റെ ബന്ധുവായ അയാൾ അവനോട് പറഞ്ഞു

" ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, നിന്റെ അമ്മയ്ക്ക് നിന്നെ മറ്റൊരു സ്ത്രീയെ ഏൽപ്പിയ്ക്കാൻ ധൈര്യമുണ്ടായിരുന്നില്ല, നിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന ആ സ്ത്രീ നിനക്കെന്തെങ്കിലും വിഷമതകൾ ഉണ്ടാക്കുമോ എന്നതായിരുന്നു അവളുടെ സംശയം. എന്റെ ജീവിച്ചിരിയ്ക്കുന്ന അമ്മയും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. "

അവനു സംശയം തീർന്നില്ല

"എങ്കിൽ പിന്നെ ഇവിടെ വരെ ഇതെത്തിയ്ക്കാതെ എന്നോട് അവിടെ വച്ചേ പറഞ്ഞ് അമ്മയ്ക്ക് എന്റെ കൂടെ അമ്മയായി എന്നും കഴിയാമായിരുന്നല്ലോ...." 

ചെമ്മി അവനെ ചേർത്ത് പിടിച്ച് കൊണ്ട് മറുപടി പറഞ്ഞു

" അവൾ നിന്റെ എല്ലാം ആഗ്രഹവും സാധിച്ച് തരാൻ ആഗ്രഹിച്ചിരുന്നു.നിന്റെ അമ്മ വളരെ പക്വമതിയും, ബുദ്ധിമതിയും ആയിരുന്നു.."

ഒന്ന് നിർത്തിയിട്ട് അയാൾ തുടർന്നു 

"പക്ഷേ അമ്മയും ആയിരുന്നു!!!"

Thursday, January 25, 2018

കുക്കുട കൈതവ തന്ത്രം


കാട്ടാക്കടയിൽ ജോലി നോക്കുന്ന കാലം, ജീപ്പ് എം.ഡി ഓഫീസ്സിൽ ഇട്ട്, അവിടെ വച്ചിട്ടുള്ള ബൈക്ക് എടുത്താണ് വീട്ടിൽ വരിക പതിവ്, ജീപ്പ് കുണ്ടമൺകടവിൽ നിന്നും വലത്തെടുത്ത് നാഗരാജൻ സാറിനെ നെട്ടയത്ത് ഡ്രോപ്പ് ചെയ്യുകയും വേണം. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് വീട്ടിൽ കയറി ഞാനും ഡ്രൈവറും ചായകുടിയ്ക്കും, അങ്ങനെ ഒരു ദിവസം പരിചയപ്പെട്ടതാണ് ഹാച്ചറിയിലെ ഒരു ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ബന്ധുവിനെ. ആ പരിചയം ഹാച്ചറിയിലെ മറ്റ് സ്റ്റാഫുമായും, ഡോക്ടറുമായും പടർന്നപ്പോൾ ആണ് ഗിരിരാജൻ കോഴിയുടെ കുഞ്ഞുങ്ങളെ വാങ്ങി വളത്തുവാൻ തീരുമാനമെടുത്തത്. ഇങ്ക്വിബേറ്ററിൽ വിരിയിച്ച 15 കുഞ്ഞുങ്ങളെ വാങ്ങി വീട്ടിൽ കൊണ്ടു വന്ന് ഒരു അടക്കോഴിയുടെ കൂടെ വളർത്താൻ വിട്ടപ്പോൾ അതിലത്ര വലിയ പുതുമയൊന്നും എനിയ്ക്കനുഭവപ്പെട്ടില്ല. എന്നാൽ ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം ആശ്ചര്യചകിതനായി തലകുലുക്കി "ഗ്ഗ്രേറ്റ്" എന്ന് പറഞ്ഞെങ്കിലും ഞാൻ പുളുവടിയ്ക്കുകയാണ് എന്ന് പിന്നീട്സഹപ്രവർത്തകരോട് പറഞ്ഞു എന്നും മനസ്സിലാക്കി.

അതറിഞ്ഞ ഞാൻ സ്വാഭാവികമായി ബേജാറായി; എന്നെ നുണയനാക്കിയതിലല്ല, 5 പൈസയ്ക്ക് ഗുണമില്ലത്ത കാര്യത്തിൽ അത് കേൾക്കേണ്ടി വന്നതിലായിരുന്നു എൻറ്റെ വിഷമം; "ആടുപാമ്പേ പുനം തേടു പാമ്പേ" എന്ന കുണ്ഡലിനി പാട്ടിനു എന്തെങ്കിലും കുലുമാൽ ഒപ്പിച്ചതിനു ശേഷം മാത്രമേ മുങ്ങി ഒളിവിൽ പോകാവൂ! എന്ന രീതിയിൽ അർത്ഥം ഗ്രഹിയ്ക്കുന്ന എനിയ്ക്ക് വെറുതേ പേരുദോഷം കേൾക്കുക ഹൃദയഭേദകമാണ്.

അങ്ങനെയല്ല കാര്യങ്ങൾ എന്ന് ഞാൻ അദ്ദേഹത്തെ കണ്ട് പറഞ്ഞപ്പോൾ, എന്നാൽ പിന്നെ നേരിട്ട് കാണാണമെന്നായി ഡോക്ടർ. അങ്ങനെ അദ്ദേഹത്തിനേയും കൊണ്ട് ഞാൻ വീട്ടിൽ വന്നു, വീടിന്റെ തെക്കേ തൊടിയിൽ ഒരു കുഞ്ഞ് ചത്തു പോയതിനാൽ ബാക്കിയുള്ള 14 കുഞ്ഞുങ്ങളുമായി കാക്കകളേയും, ചെറുകിളികളേയും ചീറിയകറ്റിയും, ചികഞ്ഞ് കുഞ്ഞുങ്ങൾക്ക് തീറ്റകൊടുത്തും നടക്കുന്ന തള്ളക്കോഴിയെ ഡോക്ടർക്ക് കാണിച്ച് കൊടുത്തു. സംശയാലുവായ ഡോക്ടർ അത് താൻ തന്നയച്ച ഹാച്ചറിയിലെ ഗിരിരാജൻ കുഞ്ഞുങ്ങൾ തന്നെയാണോ? എന്ന് ഓരോന്നിനെ എടുത്ത് പരിശോധിച്ചു നോക്കി ഉറപ്പുവരുത്തി. പിന്നീട് വീട്ടിൽ ഇരുന്ന് അതിന്റെ ടെക്ക്നോളജി എന്താണെന്ന് ചോദിച്ചു, അപ്പോഴും സത്യത്തിൽ എന്തെങ്കിലും പ്രത്യേകതയുള്ള കാര്യം അവിടെ നടന്നു എന്ന് എനിയ്ക്ക് തോന്നിയിരുന്നില്ല.

എങ്കിലും ഞാൻ അദ്ദേഹത്തോട് സംഗതി വിശദീകരിച്ചു. ഡോക്ടർ കുഞ്ഞുങ്ങളെ തരാമെന്ന് പറഞ്ഞതിനു മൂന്ന് ദിവസം മുമ്പ് ഞങ്ങൾ സ്റ്റോർ റൂമിൽ ഒരു സിമിന്റ് ചട്ടിയിൽ കുടച്ച് ഉമിയൊക്കെ ഇട്ട് അഞ്ചു മുട്ട എടുത്ത് വച്ച് ഒരു അടക്കോഴിയെ അതിന്മേൽ അടയിരുത്തി. ഡോക്ടർ കുഞ്ഞുങ്ങളെ തന്ന ദിവസം രാത്രിയിൽ ഇരുട്ടത്ത് കോഴിയെ മാറ്റി അടവച്ച മുട്ടകൾ എടുത്ത് അതിന്റെ സ്ഥാനത്ത് ഈ 15 കുഞ്ഞുങ്ങളെ വച്ചു കൊടുത്തു. നേരം വെളുത്തപ്പോൾ കോഴി താൻ അടയിരുന്നു വിരിയിച്ച കുഞ്ഞുങ്ങളെ എല്ലാം കണ്ട് സന്തോഷിച്ചു. ഒരു പക്ഷേ കോഴി പുതിയ കാലത്തെ മാറ്റങ്ങളിൽ അദ്ഭുതപ്പെട്ടിട്ടുണ്ടാവാം, പണ്ടൊക്കെ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാൻ 21 ദിവസം അടയിരിയ്ക്കണം ഇപ്പോൾ കാലം മാറി നാലിൻറ്റന്ന് മുട്ടവിരിഞ്ഞ് കുഞ്ഞായി, പട്ടിണി കിടക്കേണ്ട, കൊത്തിപ്പൊട്ടിയ്ക്കേണ്ട, "അടിപൊളി" എന്ന് അതിന്റെ ഭാഷയിൽ പറഞ്ഞിട്ടുണ്ടാകണം!!!

എന്റെ സംസാരരീതി കേട്ട് ഡോക്ടർ ചിരിച്ചു, എന്നിട്ട് പറഞ്ഞു

"മനുഷ്യരെ പറ്റിയ്ക്കുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്, കോഴിയെ പറ്റിയ്ക്കുന്ന ആളിനെ ആദ്യമായാണ് കാണുന്നത്"

ഞാൻ മറുപടിയായി

"ഡോക്ടർ എനിയ്ക്കിതിൽ പുതുമയൊന്നും ഇല്ല, എന്റെ വീട്ടിൽ ചെറുപ്പത്തിൽ അമ്മൂമ്മ ഓച്ചിറയിൽ നിന്നും ഇടത്വായിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, പിന്നെ നാട്ടറിവുകൾ മണ്ണൂത്തിയിൽ പഠിപ്പിയ്ക്കാത്തത് എന്റെ കുറ്റമല്ലല്ലോ?".

ഡോക്ടർ വീണ്ടും ചിരിച്ച് കൊണ്ട് പറഞ്ഞു

" അപ്പോൾ തലമുറകളായി പറ്റീരാണ് പണി അല്ലേ?, എന്തായാലും എനിയ്ക്കിത് പുതിയ അറിവാണ്"

വടി കൊടുത്ത് അടിവാങ്ങിയ ഞാൻ ഡോക്ടർ പൊയ്ക്കഴിഞ്ഞ് ചിന്തയിലായി, പിന്നീട്സ്വയം പറഞ്ഞു

"ചുട്ട കോഴിയെ പറപ്പിച്ച രണ്ട് മന്ത്രവാദി അപ്പൂപ്പന്മാരുടേയും ആ പറപ്പിച്ച കോഴിയെ പിടികൂടി ഭക്ഷിച്ച അമ്മാവന്മാരുടേയും പിന്മുറക്കാരനായ ഞാൻ എത്രയോ മനുഷ്യരെ പറ്റിച്ചിരിയ്ക്കുന്നു, പിന്നാ ഒരു പീക്കിറി കോഴി, ഒന്ന് പോ ഉവ്വാ..."
ഇതിപ്പോൾ പെട്ടെന്ന് ഓർക്കാൻ ഒരു കാരണമുണ്ട്, ഇത്തവണത്തെ പദ്മശ്രീ നേടിയ വനമുത്തച്ഛി, 75 വയസ്സുകാരി, ലക്ഷ്മിക്കുട്ടിയമ്മയുടെ പ്രകൃതി ചികിത്സാസമ്പ്രദായങ്ങൾ, മരുന്നുകൾ എന്നിവയിൽ തുടങ്ങിയ ചിന്ത ആണിവിടെ കൊണ്ടെത്തിച്ചത്. 1950 കളിൽ ആ സെറ്റില്മെന്റിൽ നിന്നും എഴുത്തും വായനയും പഠിയ്ക്കാൻ കഴിഞ്ഞതിനാലാണ് (അന്ന് ആ സെറ്റിൽമെന്റിൽ നിന്നും അതിനു കഴിഞ്ഞ ഏകവ്യക്തിയായിരുന്നു അവർ എന്നാണ് റിപ്പോർട്ടുകൾ) ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് തന്റെ അമ്മയും അമ്മൂമ്മയും വായ് മൊഴിയായി പകർന്ന് നൽകിയ പ്രകൃതിചികിത്സാ പാഠങ്ങൾ എഴുതി വയ്ക്കുവാൻ കഴിഞ്ഞത്, നമുക്ക് അത് ലഭിച്ചത്.

പക്ഷേ എത്രയോ ഇതിലും മഹത്തായ പാരമ്പര്യ ചികിത്സകൾ ആദിവാസി വിഭാഗങ്ങൾക്കിടയിൽ എഴുത്തും വായനയും ഇല്ലതെ പോയതിനാലും, നമ്മൾ അവരുടെ അറിവുകളെ പുച്ഛിച്ച് തള്ളിയതിനാലും നഷ്ടമായിട്ടുണ്ട് എന്ന സത്യം ദു:ഖകരമാണ്. നമ്മൾ അവരെ മുഖ്യധാരയിൽ നിന്നകറ്റി നിർത്തുകയും, പഠനസൗകര്യങ്ങൾ ഒരുക്കാതെയും നിഷേധിച്ചും, ആദിമജനതയായി അവഗണിച്ചപ്പോൾ അവർക്ക് നഷ്ടപ്പെട്ടതിലും ആയിരം മടങ്ങ് നഷ്ടം മാനവരാശ്ശിയ്ക്ക് ഉണ്ടായി എന്ന ഓർമ്മപ്പെടുത്തലാണീ പദ്മശ്രീ!

Friday, November 24, 2017

സംശയം

മോഹനകൃഷ്ണൻ എന്ന പേരിനെന്തെങ്കിലും കുഴപ്പമുണ്ടോ? അതിലൊരു കൃഷ്ണൻ ഉണ്ടെന്നത് ജയശ്രീയ്ക്ക് എന്നും ഒരപാകതയായി തോന്നിയത് അയാളുടെ കുറ്റം കൊണ്ടായിരുന്നില്ല; അവളുടെ ഒരമ്മായി അവരുടെ ഭർത്താവാകുന്ന അളവുകോൽ കൊണ്ട് എല്ലാ ആണുങ്ങളേയും വിലയിരുത്താൻ മരുമകളെ ശീലിപ്പിച്ചതിന്റെ ഒരു പാർശ്വഫലം മാത്രമായിരുന്നു.

സംഗതി നിങ്ങൾക്ക് പിടികിട്ടിക്കാണുമല്ലോ? ഞാൻ പറഞ്ഞ് വരുന്നത് നമ്മുടെ മാർബിൾ ഹോൾസെയിൽ ഷോപ്പ് നടത്തുന്ന "കോട്ടാ മോഹനകൃഷ്ണൻ" എന്നറിയപ്പെടുന്ന ധനികന്റെ  കാര്യമാണ്. നഗരത്തിന്റെ പുറത്ത് 12 ഏക്കറിൽ വരുന്ന മാർബിൾ സ്റ്റോക്ക് യാർഡ്ഡും, നഗരത്തിന് നടുവിൽ 2  ഏക്കറിൽ 7000 ത്തിലധികം സ്‌ക്വയർ ഫീറ്റിലുള്ള വീടും. എന്തിനാണോ ഭാര്യയ്ക്കും ഭർത്താവിനും 2 കുട്ടികൾക്കും ഇത്രയും വലിയ വീട്? വല്ലപ്പോഴും വരുന്ന അച്ഛനമ്മമാരും, സ്ഥിരമായുള്ള വേലക്കാരിയും ഉൾപ്പടെ നോക്കിയാലും 9 ബെഡ്ഡ് റൂം അൽപ്പം അധികപ്പറ്റല്ലേ? അത് കൊണ്ടെന്താ, പകൽ 3 വേലക്കാർ വന്ന് ജോലി നോക്കി വൈകിട്ട് മടങ്ങുന്നു, എന്നിട്ടും വീടും പരിസരവും വൃത്തിയായെന്ന തൃപ്തി ജയശ്രീയ്ക്ക് മിക്കപ്പോഴും ഉണ്ടായിരുന്നില്ല. വാച്ച്മാന് വേറെ മുറി, ഒരു ഔട്ട് ഹൗസ്സ്, കാർഷെഡ്ഡുകൾ, പട്ടിക്കൂട്, തുടങ്ങി എത്ര ചെറിയ കൂരകൾ? രണ്ടേക്കർ കുറവായിപ്പോയെന്ന് അകത്ത് കറങ്ങി നടന്നാൽ തോന്നും.

നമുക്ക് ഒരു പാട് കാടുകയറേണ്ട ആവശ്യമൊന്നുമില്ല, നേരേ വിഷയത്തിലേയ്ക്ക് വരാം; ഭാര്യയ്ക്ക് ഭർത്താവിനെ വലിയ സംശയമാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ് യാത്രകൾ, അതിനായുള്ള ഹോട്ടൽ താമസം ഒക്കെ അവിഹിത ബന്ധങ്ങളുടെ പരമ്പരയായി ചിത്രീകരിച്ച് വഴക്കുണ്ടാക്കുക പതിവായി. ശാന്തനായ ആ മനുഷ്യൻ അതൊക്കെ നിസ്സാരമായി എടുത്ത്, ഭാര്യയുടെ തെറ്റിദ്ധാരണ ഒഴിവാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു, വിഫലമാണെന്ന് അറിഞ്ഞിട്ടും. ഇതുവരെ വീടിനു വെളിയിൽ മാത്രമായിരുന്ന സംശയം ഇപ്പോൾ വീടിനുള്ളിലേയ്ക്കും ബാധിച്ചു തുടങ്ങിയിരിയ്ക്കുന്നു.

കാരണം പതിവു പോലെ വേലക്കാരി തന്നെ, സുമതി എന്ന സാമാന്യം തരക്കേടില്ലത്ത സൗന്ദര്യവും, യവ്വനവുമുള്ള ഒരു വിധവ വേലക്കരിയായി എത്തിയതോടെ ആണ് ശരിയ്ക്ക് പറഞ്ഞാൽ ജയശ്രീയ്ക്ക് വീട്ട് ജോലികളിൽ ക്ളേശമില്ലാതായത്. ആദ്യമൊക്കെ അവളെ ഏറ്റവും സഹായിച്ചതും, സ്നേഹിച്ചതും യജമാനത്തി തന്നെ ആയിരുന്നു, എങ്കിലും പിന്നീട് അവളിൽ സംശയം തോന്നിത്തുടങ്ങിയതിൽ പരിപൂർണ്ണമായി ജയശ്രീയെ കുറ്റം പറയാനും കഴിയില്ലയിരുന്നു, സുമതിയുടെ ശരീരഭാഷ പലപ്പോഴും അൽപ്പം പിശകായി വീട്ടുകാരിയ്ക്ക് തോന്നിയിരുന്നു.പക്ഷേ അപ്പോഴേയ്ക്കും വീട്ടിലെ ഒരു മുറിയിൽ അവൾ താമസമാക്കിയതിനാൽ പെട്ടെന്ന് കാരണമില്ലാതെ അവളെ വെളിയിലാക്കാനും കഴിഞ്ഞിരുന്നില്ല. അവൾക്ക് കൊടുത്ത മുറി ജോലിക്കാർക്കായി ഉണ്ടാക്കിയതും, പുറത്ത് നിന്ന് വാതിൽ ഉള്ളതുമായിരുന്നു, അവിടേയ്ക്ക് ഭർത്താവ് രഹസ്യസഞ്ചാരങ്ങൾ നടത്തുന്നുണ്ടെന്ന് ജയശ്രീ ഉറച്ച് വിശ്വസിച്ചെങ്കിലും, തെളിവ് ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഉണർന്ന് നോക്കുമ്പോൾ ഭർത്താവ് കിടക്കയിലില്ല, എണീക്കാൻ ഒരുങ്ങുമ്പോൾ ഇരുട്ടിലൂടെ കടന്ന് വന്ന ഭർത്താവ് വെള്ളം കുടിയ്ക്കാൻ പോയതാണ് എന്നും നിന്റെ ഉറക്കം കളയേണ്ട എന്ന് കരുതിയാണ് ലൈറ്റ് ഇടാതിരുന്നതെന്നും പറഞ്ഞപ്പോൾ അവളുടെ സംശയം ഉച്ചസ്ഥായിയിലായി.
അവളുടെ ചിന്തകളിൽ തെളിവോടെ ഭർത്താവിനെ പിടിയ്ക്കുക എന്ന ആശയം നിറഞ്ഞ് കവിഞ്ഞു, അങ്ങനെ ഒന്ന് കിട്ടിയാൽ ഇതുവരെ താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയും. അതിനാൽ അവൾ വളരെ ആലോചിച്ച് ഒരു പദ്ധതി തയ്യാറാക്കി. ഒരു ദിവസം ഭർത്താവ് വൈകുന്നേരം വാച്ച്മാനുമായി മാർബ്ബിൾ യാർഡ്ഡിനു പുറകിലുള്ള പറമ്പിലെ പഴുത്ത ചക്ക കൊണ്ട് വരാൻ പോയ സമയത്ത്, സുമതിയെ അവളുടെ വീട്ടിൽ പറഞ്ഞ് വിട്ടു.അവളുടെ അഭാവം വീട്ടിലെ മറ്റാർക്കും മനസ്സിലാവാതെ ഒപ്പിച്ചെടുക്കുവാൻ കഴിഞ്ഞപ്പോൾ തന്നെ താൻ പകുതി വിജയിച്ചു എന്ന് ജയശ്രീയ്ക്ക് മനസ്സിലായി.

ചക്കയ്ക്ക് പോയവരും, രാത്രിയും ഒന്ന് വേഗം വന്നെങ്കിൽ എന്ന ആവേശത്തിൽ സമയം ഇഴഞ്ഞ് നീങ്ങുന്നതായി അവൾക്ക് തോന്നി. എന്തായാലും പതിവ് പോലെ കുട്ടികൾ ഉറങ്ങി, വാച്ച്മാൻ ഗേറ്റടച്ച് കാവല്മുറിയിൽ ഇരിപ്പായി, ഭർത്താവും ഭാര്യയും കിടപ്പറയിലുമെത്തി. മോഹനകൃഷ്ണൻ പെട്ടെന്ന് ഉറക്കമായി; ജയശ്രീ അയാളുറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം എണീറ്റ് കതക് തുറന്ന് വീടിനു വെളിയിൽ കടന്ന്, വേലക്കാരിയുടെ മുറിയിൽ പ്രവേശിച്ച്, നേരത്തെ അവിടെ കൊണ്ടിട്ട ഷീറ്റ് വിരിച്ച് മറ്റൊന്ന് പുതച്ച് വേലക്കാരിയുടെ കട്ടിലിൽ കിടന്ന് ഭർത്താവിന്റെ രഹസ്യഗമനത്തിനായി കാത്തിരുന്നു.

അധികസമയം അവൾക്ക് കാത്തിരിയ്ക്കേണ്ടി വന്നില്ല; കുറ്റിയിടാതെ അടച്ച വാതിൽ തുറക്കുന്ന ശബ്ദവും തിരികെ അടച്ച് കുറ്റിയിടുന്ന ശബ്ദവും അവളുടെ ചെവിയിൽ പതിഞ്ഞു. ഇരുട്ടത്ത് അടുത്ത് വരുന്ന കാൽപ്പെരുമാറ്റവും, ആഗതന്റെ ഭാരത്താൽ കട്ടിൽ ഞെരുങ്ങിയപ്പോൾ ഭർത്താവ് വേലക്കരിയുടെ കട്ടിലിൽ ഇരിയ്ക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. മെല്ലെ അയാൾ അവളുടെ കൂടെ കിടന്നു, പുതപ്പ് മാറ്റിയ അയാളുടെ വലത് കൈ അവളുടെ മാറിൽ അമർന്നു, മാറിടങ്ങളിൽ തലോടിയ ആ കൈ കരുത്തോടെ മാറിടങ്ങൾ ഞെരിച്ചപ്പോൾ, കഴുത്തിനു അടിയിലൂടെ കടന്ന ഇടത് കൈ അയാളിലേയ്ക്ക് അടുപ്പിയ്ക്കുമ്പോൾ തന്നോടൊപ്പം ഇല്ലാത്ത ആവേശം വേലക്കാരിയിൽ അയാൾക്കുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു.

അയാളുടെ വലത് കൈ വളരെ വേഗം മാറിടത്തിൽ നിന്നും താഴേയ്ക്ക് നീങ്ങി, അത് പൊക്കിളിൽ വിരലമർത്തി, സമതലങ്ങളെ തലോടി, തുടകളുടെ ഇടയിലൂടെ താഴേയ്ക്ക് അമർത്തി അമർത്തി നീങ്ങി, നൈറ്റിയും, പാവാടയും വളരെ വേഗത്തിൽ മുകളിലേയ്ക്ക് ഉയർത്തി, പാന്റീസിന്റെ പുറത്ത് തലോടി. പാന്റീസ്സിൽ എത്തിയ കൈകൾ ഒന്ന് അറച്ച് നിന്നു, ഒരു ആശയക്കുഴപ്പം, ഒരു പക്ഷേ സുമതി രാത്രിയിൽ പാന്റീസ്സ് ധരിയ്ക്കുക പതിവില്ലായിരിയ്ക്കും എന്നവൾക്ക് തോന്നി. ആ കൈകൾ പാന്റീസ്സ് ഊരാൻ ശ്രമിയ്ക്കാതെ അതിനുള്ളിലേയ്ക്ക് മുകളിലൂടെ കടന്ന് അവളുടെ രതിച്ചെപ്പിന്റെ വാതായനങ്ങളിൽ ഇക്കിളി കൂട്ടാൻ ആരംഭിച്ചു.

അതൊടെ അവളുടെ പരിപൂർണ്ണ നിയന്ത്രണവും നഷ്ടമായി, കോപം കൊണ്ട് ജ്വലിച്ച അവൾ അയാളുടെ കൈ തട്ടിത്തെറുപ്പിച്ച്, തള്ളി കട്ടിലിൽ നിന്നും താഴെയിട്ടു കൊണ്ട് ഇങ്ങനെ അലറി

" ഇതൊക്കെ ചെയ്യാൻ അപ്പുറത്ത് വേറൊരു മുറിയും കട്ടിലുമുണ്ടല്ലോ? ബാക്കി അവിടെ ചെന്നിട്ട് ഞാൻ കാണിച്ച് തരാം"

ആളിനെ കയ്യോടെ പിടിച്ചപ്പൊൾ ഉള്ള ആ ഭാവം കാണാൻ അവൾ ലൈറ്റിടാൻ തുടങ്ങുന്നതിനിടയിൽ താഴെ വീണിട്ട് എണീറ്റ് വരുന്ന ആളിൽ നിന്നും ഒരു കരച്ചിൽ പോലെ ശബ്ദം വെളിയിൽ വന്നു..

" ഓയ്യ്, ബാപ്പരേ... മേം സാബ്ബ് .. ആപ്പ്???"

ഇരുട്ടിനെ പിളർന്ന ആ ലൈറ്റിൽ കണ്ട കാഴ്ച്ചയിൽ ഉടുതുണിയുമായി ഓടിമറയുന്ന വാച്ച്മാൻ ആയിരുന്നു. 

തിരികെ മുറിയിലെത്തിയ അവൾ ശാന്തമായി അപ്പോഴും ഉറങ്ങുന്ന ഭർത്താവിനെ ആണ് കണ്ടത്. ആ കട്ടിലിന്റെ ഓരം ചാരിയിരുന്ന് അവൾ വിറയലോടെ കഴിഞ്ഞ നിമിഷങ്ങളെ ഓർത്തു. കുറച്ച് സമയം കൂടി താമസിച്ചിരുന്നെങ്കിൽ... ഏയ്യ്, ഇല്ല അവന്റെ മുഖം എന്റെ മുഖത്തോട് അടുത്തിരുന്നെങ്കിൽ, ചുംബിച്ചിരുന്നെങ്കിൽ, ഞാൻ അപ്പോഴേ അതറിയുമായിരുന്നു. ഭർത്താവിന്റെ മീശയുള്ള മുഖവും, ഗന്ധവും അല്ലെന്ന് തിരിച്ചറിയുമായിരുന്നു, അതിനാൽ കൂടുതൽ ഒന്നും സംഭവിയ്ക്കാൻ വഴിയില്ലായിരുന്നു. എന്നാലും നാളെ അവനെ എങ്ങനെ നേരിടണം? അവൻ അറിഞ്ഞ് കൊണ്ട് തന്നെ ബലമായി തന്നെ കീഴ്പ്പെടുത്തിയിരുന്നെങ്കിൽ? അവൾക്ക് ഉറങ്ങിക്കിടക്കുന്ന ഭർത്താവിനോട് വലിയ സ്നേഹം തോന്നി, പിന്നെ ഈ മനുഷ്യന്റെ കൊള്ളരുതാഴിക കാരണമല്ലേ താനാ അപകടത്തിൽ പെട്ടത് എന്ന് ചിന്തിച്ച് ദേഷ്യം തോന്നി.. പിന്നീടെപ്പഴോ അവൾ ഉറങ്ങി.

ഏതായാലും ആ സംഭവത്തിനു ശേഷം സുമതി ജോലിയ്ക്ക് വന്നില്ല; വാച്ച്മാൻ വേറെ ജോലി കിട്ടിയെന്ന് അറിയിച്ച് മാറിപ്പോയി. ജയശ്രീ തുടർന്നും കൂടുതൽ ശക്തമായി മോഹനകൃഷ്ണനെ സംശയിച്ചു!


Tuesday, October 3, 2017

പരസ്യങ്ങൾ

ടി. വി. ചാനലുകൾ പെരുകിയതോടെ  നിലനിൽപ്പിനായുള്ള  മത്സരവും, വരുമാനത്തിനായുള്ള മുറവിളികളും വർദ്ധിച്ചതോടെ പരസ്യങ്ങൾ നമ്മുടെ തലയിലേക്ക് അവർ അടിച്ചേൽപ്പിച്ച്  തുടങ്ങി. എനിയ്ക്കറിയില്ല നമ്മൾ കാശ് കൊടുത്ത് എടുക്കുന്ന കേബിൾ കണക്ഷനിൽ എന്തിനാണ് പരസ്യം കാണുന്നതെന്ന്? ഇപ്പോൾ വന്ന് വന്ന് എല്ലാ ചാനലുകളിലും പരസ്യം ഏതാണ്ടോരേ സമയത്താണ്, ചാനൽ മാറ്റിയാലും രക്ഷയില്ല. പരസ്യങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറികഴിഞ്ഞിരിയ്ക്കുന്നു .

ആ അമ്മയ്ക്ക് 3 പെൺകുട്ടികൾ ആയിരുന്നു, അച്ഛൻ മരിച്ചശേഷം അവരെ വളർത്തി വലുതാക്കിയതിനു പിന്നിൽ ആ അമ്മയുടെ മനക്കരുത്തും യാതനാഭരിതമായ ജീവിതവും മാത്രം ആയിരുന്നു. സഹോദരന്മാരുടെ സഹായത്തോടെ അവരെ കല്യാണം കഴിച്ച് വിടാൻ തീരുമാനിച്ചു. കല്യാണാലോചനകൾ വന്ന് ചേർന്നപ്പോൾ ഇളയവൾക്കാദ്യവും മൂത്തവർക്ക് പിന്നീടുമായി, ഒടുവിൽ മൂന്ന് വിവാഹവും ഒന്നിച്ച് നടത്താൻ  തീരുമാനിച്ചു. അൽപ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ അമ്മ ആ പ്രതിസന്ധിയും മറികടന്നു. പക്ഷെ ഒറ്റയടിയ്ക്ക് മൂന്ന് മക്കളും പടിയിറങ്ങിയപ്പോൾ അമ്മ ആ വീട്ടിൽ ഒറ്റപ്പെട്ടു പോയി. വിവാഹം കഴിഞ്ഞ് പോകുമ്പോൾ മൂന്ന് മക്കളോടും അവരവരുടെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കണം എന്ന് അമ്മ നിർദ്ദേശിച്ചു, മൂവരും അത് സമ്മതിച്ചു, അവർക്കറിയാമായിരുന്നു അമ്മയുടെ ഉത്കണ്ഠ. 

മക്കൾ വിവാഹാനന്തരം ഭർതൃവീട്ടിലെ കാര്യങ്ങളും മറ്റും അമ്മയോട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു, എന്നാൽ അവരുടെ സ്വകാര്യജീവിതത്തെ പറ്റി ചോദിയ്ക്കാൻ അമ്മയും, പറയാൻ മക്കളും ഒന്ന് മടിച്ചു ; ചോദിയ്ക്കണമെന്ന് അമ്മയ്ക്കും, പറയണമെന്ന് മക്കൾക്കുമുണ്ട് പക്ഷെ ഒരു ശങ്ക. വിവാഹം വരെ അമ്മ വെറും അമ്മ മാത്രമായിരുന്നില്ല, കൂട്ടുകാരി ആയിരുന്നു; ആ ധൈര്യം അമ്മയ്ക്ക് വന്നതിനാൽ അമ്മ ഫോൺ സംഭാഷണത്തിനിടയിൽ ചില സൂചനകൾ നൽകി.  

ഒടുവിൽ രണ്ടാംനാൾ മൂത്തവൾ ഒരു മെസ്സേജ്ജ് അയച്ചു "നെസ്സ്ക്കഫേ"! അമ്മയ്ക്ക് ആദ്യം തോന്നി അവൾ കാപ്പിയുടെ കാര്യം പറയുകയാണെന്ന്, എന്നാൽ കൂടെ ഒരു കണ്ണിറുക്കിയുള്ള ഇമോജി കണ്ടപ്പോൾ സംഗതി മറ്റെന്തോ ആണെന്ന് തോന്നി. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെ  അവർ മൊബൈൽ മാറ്റിവച്ച് ടി. വി. യിലെ സീരിയൽ കാണൽ തുടർന്നു, അപ്പോഴതാ വരുന്നു  നെസ്സ്ക്കഫേയുടെ പരസ്യം..

"നെസ്സ്ക്കഫേ.. അവസാനത്തെ തുള്ളി വരെ രുചികരം"  



അമ്മയ്ക്ക് സംഗതി പിടി കിട്ടി, മകൾ സംതൃപ്തയാണെന്നറിഞ്ഞ് സന്തോഷമായി.

രണ്ട് നാൾ കൂടിക്കഴിയേണ്ടി വന്നു രണ്ടാമത്തവളുടെ മെസ്സേജ്ജ് വരാൻ, അത് "ബെൻസൺ ആൻഡ് ഹെഡ്‌ജസ്സ്‌"  എന്നായിരുന്നു. ഇത്തവണ അമ്മയ്ക്ക് വലിയ ആശയക്കുഴപ്പമുണ്ടായില്ല, പക്ഷെ സാധാരണകാണുന്ന ചാനലുകളിൽ ഇതിന്റെ പരസ്യം കാണാറില്ല, എന്നാൽ ഈ മകൾ "വി - ടി.വി." "എം- ടി.വി." യുടെ ഒക്കെ ആളാണെന്ന് അമ്മയ്ക്കറിയാം. അവർ തന്റെ സ്ഥിരം ചാനലുകൾ മാറ്റി  "വി - ടി.വി" വച്ചു. അധികം കാത്തിരിയ്‌ക്കേണ്ടി വന്നില്ല ആ പരസ്യമെത്താൻ..

"ബെൻസൺ ആൻഡ് ഹെഡ്‌ജസ്സ്‌ - കിംഗ് സൈസ്സ് എക്സ്ട്രാ ലോങ്ങ്" 

അമ്മയ്ക്ക് സംഗതി വളരേ... ഭംഗിയായി മനസ്സിലായി, മകളുടെ സന്തോഷം അമ്മയിലും സന്തോഷമായി  പടർന്നു.

ഒരാഴ്ച്ച എടുത്ത് ഇളയമകളുടെ മെസ്സേജ്ജ് വരാൻ, അവളായിരുന്നല്ലോ കൂട്ടത്തിൽ സുന്ദരി,, അവളെ കെട്ടാൻ ആയിരുന്നു വന്നവർക്കെല്ലാം ആഗ്രഹം, അവളെ കെട്ടിയവനാണ് കൂട്ടത്തിൽ ചുള്ളൻ.. ആ മെസ്സേജ്ജ്  ഇങ്ങനെയായിരുന്നു....

"ബ്രിട്ടീഷ് എയർവേയ്‌സ്" ഈ പരസ്യം കാണാൻ ബി.ബി.സി ആണ് കാണേണ്ടതെന്ന് അമ്മയ്ക്കറിയാമായിരുന്നു, കാരണം ഇളയവൾ വാർത്തകളുടെ ആളാണ്, അതും ഹിന്ദി, ഇംഗ്‌ളീഷ്‌. അമ്മ ബി.ബി.സി യ്ക്ക് മുന്നിൽ പരസ്യത്തിനായി കാത്തിരുന്നു; പരസ്യം എത്തി, ഇത്തവണ അമ്മ നാണിച്ച് ചുവന്നു പോയി. 

ആ പരസ്യം ഇങ്ങനെയായിരുന്നു....   

" ദിവസേന 3 പറക്കൽ, ആഴ്ച്ചയിൽ 7 ദിവസ്സവും, രണ്ടു വശത്തേയ്ക്കും" !!!!  

Monday, September 25, 2017

വാതിൽ തുറക്കേണ്ടവൾ

രഞ്ജിത് രവീന്ദ്രനെ അവനീ കമ്പനിയിൽ ചേർന്ന നാൾ മുതൽ എനിയ്ക്കറിയാം. കമ്പനിയുടെ നിയമപ്രകാരം പ്രോജക്ടുകളുടെ സാമഗ്രികൾ വാങ്ങുന്നത് പ്രൊക്വേയർമെൻറ്റ് വിഭാഗവും, കൺസ്യൂമബിൾസ്സ് വാങ്ങുന്നത് പർച്ചേസ്സ്   വിഭാഗവും ആണ്. സ്വാഭാവികമായും പ്രൊജക്ടിൽ നിന്നുള്ള ഞാൻ പ്രൊക്വേയർമെൻറ്റ് വിഭാഗവുമായി കൂടുതൽ ബന്ധം പുലർത്തുന്നതിനാൽ അവിടെ പുതിയതായി വന്ന എഞ്ചിനീയറെ വന്ന നാൾ തന്നെ പരിചയപ്പെട്ടു. അയാൾക്ക് ഓഫീസർ സ്ഥാനത്ത് നിന്നും മാനേജർ സ്ഥാനത്തേയ്ക്ക് കയറ്റം കിട്ടിയപ്പോഴും എന്റെ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ച് കൊണ്ടിരുന്നത്. വിവാഹവും ഈ കമ്പനിയിൽ വന്നതിനു ശേഷം ആയിരുന്നു, പിന്നീടൊരിയ്ക്കൽ എന്റെ ക്യാബിനിൽ വന്ന്  ലഡു തന്നും ഓഫീസ്സിൽ വിതരണം ചെയ്തും തനിയ്‌ക്കൊരു മകൻ ഉണ്ടായ സന്തോഷം പങ്ക് വച്ചത് ഓർമ്മയിലുണ്ട്.

തിരക്കായതിനാൽ വ്യക്തിപരമായ കാര്യങ്ങൾ കുറേനാളുകളായി ഞങ്ങൾ സംസാരിച്ചിരുന്നില്ല, എന്നാൽ ഇന്നലെ നേരിട്ട് കാണാനെത്തി തനിയ്ക്ക് രണ്ടാമതൊരു കുട്ടിയുണ്ടായെന്നും അതിന്റെ വക പാർട്ടി റാഡിസ്സൺ ഹോട്ടലിൽ വച്ച് കമ്പനിയിലെ മാനേജേഴ്‌സിനേയും സ്‌റ്റാഫിനേയും വിളിച്ച്  ഗ്രാൻഡായി ആഘോഷിയ്ക്കുവാൻ പോവുകയാണെന്നും അതിനായി എന്നെ ഫാമിലി അടക്കം ക്ഷണിയ്ക്കുവാൻ വന്നതാണെന്നും പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി എന്നുള്ളത് സത്യം. 

അൽപ്പം പരദൂഷണം പറഞ്ഞാൽ, രഞ്ജിത്തിനെ പറ്റി അവന്റെ ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകരുടെ ഇടയിൽ  ഉള്ള സംസാരം ആളൊരു നല്ല പിശുക്കനാണെന്നാണ്; "ഷെയറിട്ട് ഡോമിനോസ്സിൽ നിന്നൊരു പിസ്സാ വാങ്ങാൻ പോലും കാശിറക്കാത്ത ബാച്ചാ..." എന്ന ഹരിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുത്താൽ, കമ്പനിയിലെ 400 ഓളം ആളുകൾക്ക് ഒരു ഫൈവ്വ് സ്റ്റാറിൽ പാർട്ടി നടത്തുന്നത് അൽപ്പം അവിശ്വസനീയമായി തോന്നി.

എന്തായാലും ആ ദിവസ്സം വന്നെത്തി, ഞാൻ കുടുംബസമേതം പാർട്ടിയിൽ പങ്കെടുത്തു, വളരെ വിപുലമായി തന്നെ സംഘടിപ്പിച്ച പാർട്ടി ആയിരുന്നു, കുട്ടികൾക്ക് കളിയും സമ്മാനങ്ങളും, കരോക്കെ സംഗീതമേളയും, ഇൻഡോറിൽ സ്നാഗ്ഗും ഔട്ട് ഡോറിൽ ഗ്രില്ലും, ബാര്ബിക്യുവും , അങ്ങനെ ഒരു സെവൻ കോഴ്‌സിന്റെ എല്ലാ ഘടകങ്ങളും പൂർണ്ണമായ ആ പാർട്ടിയിലും എന്റെ മനസ്സിൽ സംശയം തങ്ങി നിന്നു. പക്ഷെ അത് പുറത്ത് വരാൻ ഉഗ്രസേൻ മിശ്രയെന്ന കൺസ്ട്രക്ഷൻ മാനേജർ വേണ്ടി വന്നു. ലോണിൽ ഒരു കസേരയിൽ ക്യാപ്‌സിക്കം കമ്പിയിൽ കുത്തി ചാർക്കോളിൽ ചുട്ടെടുത്തത് ഓരോന്നായി ഊരിയെടുത്ത് രുചിച്ചിരുന്ന എന്റെയടുക്കൽ കസേരയിട്ടിരുന്ന് മിശ്ര നേരേ കാര്യത്തിലേക്ക് കടന്നു.

"അപ്പനാ രൺജി പഹ്‌ലവാലാ.... വോ ഭീ ലഡ്‌ക്കി യാർ"

സംഗതി പരിഭാഷപ്പെടുത്തിയാൽ...

"നമ്മുടെ രഞ്ജിത്ത് ആദ്യകുട്ടിയുടെ  ജനനം ഒരു ലഡ്ഡുവിൽ ഒതുക്കി, ഇതിപ്പോൾ രണ്ടാമത്തെ കുട്ടിയ്ക്ക് ഇത്ര വലിയ പാർട്ടി! അതെന്താ അങ്ങനെ? അത് പെൺകുട്ടി ജനിച്ചപ്പോൾ!"

മിശ്രയുടെ കൂടെ വന്ന ബാലമുരുകനും തമിഴ് കലർന്ന ഹിന്ദിയിൽ പറയാനുണ്ടായിരുന്നു ചിലത്..

"പൊതുവേ ആൺകുട്ടി ജനിച്ചാൽ ലഡ്ഡുവും, പെൺകുട്ടി ജനിച്ചാൽ ജിലേബിയുമാണല്ലോ കൊടുക്കുക, ആൺകുട്ടിയ്ക്ക് ലഡു, പെൺകുട്ടിയ്ക്ക് പാർട്ടി ഇത് പാതിവില്ലാത്തതാണ്."

"ചിലപ്പോൾ ആ സമയത്ത് അവന്റെ കയ്യിൽ അത്രയ്ക്ക് പൈസ്സ ഉണ്ടായിരുന്നിരിയ്ക്കില്ല, ഇപ്പോൾ നല്ല കമ്മീഷൻ വല്ലതും തടഞ്ഞിരിയ്ക്കും" ഞാൻ ഒരു ന്യായീകരണം പറഞ്ഞ് നോക്കി, നമ്മുടെ എതിരൻ എന്ന പേര് കളയാൻ പാടില്ലല്ലോ!

"ഒയ്യാ.. ഐസ്സാ കൺജൂസ്സ് ആദ്മി...." മിശ്ര വിടാനുള്ള ലക്ഷണമില്ല. അവന്റെ കള്ളടിച്ചിട്ട് അവനെ കുറ്റം പറയുന്നത് ഞാൻ രസിച്ചിരുന്നു.

"സാബ്ബ്‌, താങ്കൾ ചോദിയ്ക്കണം, നമുക്കറിയണമല്ലോ.."  ബാലയും നിർബന്ധിച്ചപ്പോൾ ഞാൻ എണീറ്റ് രഞ്ജിത്തിനെ വിളിച്ച് കാര്യം ചോദിച്ചു. അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

" ഇത് ഇപ്പോൾ തന്നെ 50 ലേറെ ആയി ഈ ചോദ്യം, ശരി എല്ലാവർക്കുമായി ഞാനത് പറയാം, പക്ഷെ ആദ്യം എന്റെ ഭാര്യ അതിനനുവദിയ്ക്കണം,അല്ലെങ്കിൽ ചിലപ്പോൾ കുട്ടിയുടെ ബർത്തും, അച്ഛനമ്മമാരുടെ ഡൈവേഴ്സ്സും ഒന്നിച്ചുള്ള ആഘോഷമായി ഇത് മാറിയാലോ?"

രജ്ഞിത്ത് പ്ലാറ്റ്ഫോമിലേയ്ക്ക് കയറി ഭാര്യയുമായി എന്തോ ചെവിയിൽ സംസാരിച്ചു; അവളുടെ മുഖം പെട്ടെന്ന് ചുവന്നു, കണ്ണുകളിൽ ആദ്യം ദേഷ്യവും, പിന്നീട് നിസ്സഹായാവസ്ഥയും നിഴലിച്ചു. പിന്നീട് അവൾ മെല്ലെ ചിരിച്ചു കൊണ്ട് രഞ്ജിത്തിനോട് എന്തോ മറുപടി പറഞ്ഞു. അവൻ മൈക്ക്രോഫോൺ കയ്യിലെടുത്ത് സദസ്സിനെ അഭിമുഖീകരിച്ച് പറഞ്ഞ് തുടങ്ങി...

ഞാൻ മൂന്ന് വർഷം മുമ്പ് എന്റെ മകൻ ജനിച്ചപ്പോഴോ, പിന്നീട് അവന്റെ ജന്മദിനങ്ങളിലോ വീട്ടിൽ ചെറിയ നിലയിലുള്ള ആഘോഷമല്ലാതെ അത്ര കാര്യമായ സെലിബ്രെഷൻ നടത്തിയിട്ടില്ല, എന്നാൽ എന്റെ മകൾ ജനിച്ചപ്പോൾ എന്ത് കൊണ്ടാണിത്ര വലിയ ആഘോഷം നടത്തുന്നത്? എന്നോട് ഇവിടെ വന്നിരിയ്ക്കുന്നു മിക്കവരും ചോദിച്ച ആ ചോദ്യത്തിന് ഉത്തരം പറയാനാണ് ഞാനിവിടെ നിൽക്കുന്നത്. എന്നോട് ചോദ്യം ചോദിച്ച പലരും ആൺകുട്ടിയ്ക്ക് ആണ് പ്രാധാന്യം എന്നും, ലഡുവും ജിലേബിയും കൊടുക്കുന്ന ആചാരവും വരെ പറയുകയുണ്ടായി, പക്ഷേ പെൺകുട്ടിയുടെ പിറവി അത്ര നിസ്സാരമാണോ?

ഞാൻ എന്റെ കഥ പറയാം.. എന്റെ അച്ഛനുമമ്മയ്ക്കും ഒരാണും ഒരു പെണ്ണുമാണ് മക്കൾ; എന്റെ ചേച്ചി വിവാഹിതയാണ് ഭർത്താവിനോടും കുട്ടികളോടും കൂടി ഇതാ ഇവിടെയുണ്ട്. 

രഞ്ജിത്തിന്റെ സഹോദരിയും ഭർത്താവും രണ്ട് കുട്ടികളും സ്റ്റേജിൽ നിന്ന് ഞങ്ങളെ കൈ വീശി അഭിവാദനം ചെയ്തു മടങ്ങി. രഞ്ജിത്ത് തുടർന്നു...

ചേച്ചിയുടെ വിവാഹ ശേഷം വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നു എങ്കിലും എന്റെ വിവാഹത്തിന് മുമ്പ് അച്ഛൻ എനിയ്ക്കായി അൽപ്പം അകലെ ഒരു ഫ്‌ളാറ്റ്‌ വിലയ്ക്ക് വാങ്ങി, മോടികൂട്ടി, ഫർണ്ണീഷ് ചെയ്ത് തയ്യാറാക്കി, അതിന്റെ താക്കോൽ എന്നെ ഏൽപ്പിച്ച് കൊണ്ട് പറഞ്ഞു "മോനേ, നിനക്ക് അമ്മയോട് അൽപ്പം അടുപ്പം കൂടുതലാണ്, ആരാധനയും, നിന്റെ അമ്മയ്ക്കും നീ ഇപ്പോഴും ചെറിയ കുഞ്ഞാണ്. അത് നിന്റെ ഭാര്യയ്ക്കിഷ്ടപ്പെടണമെന്നില്ല. തുടക്കത്തിലേ ഉണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ തുടരും, അതിനാൽ വിവാഹത്തിന്റെ അന്ന്  തന്നെ നീ ഈ പുതിയ ഫ്‌ളാറ്റിലേയ്ക്ക് മാറി പുതിയ ജീവിതം തുടങ്ങണം. ഏതാനും ദിവസ്സം നിങ്ങൾ ഒറ്റയ്ക്ക് ജീവിയ്ക്കുക, അപ്പോൾ നിങ്ങൾ തമ്മിൽ പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയും, ഞങ്ങളുടെ ഒക്കെ സാമീപ്യത്തിന്റെ ആവശ്യകതയും. നിന്റമ്മയെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കൊള്ളാം."

അങ്ങനെ വിവാഹ ദിവസ്സം വന്നു, ഞാൻ അതിനു മുമ്പ് തന്നെ വിവാഹം കഴിഞ്ഞ് പുതിയ ഫ്‌ളാറ്റിലാണ് താമസിയ്ക്കുന്നത് എന്ന് എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. അപ്പോൾ അവൾ ഒരു ആശയം മുന്നോട്ട് വച്ചു. "വിവാഹം കഴിയുന്ന ദിവസ്സം, കുടിവയ്പ്പ് കഴിഞ്ഞെല്ലാവരും പോയിക്കഴിഞ്ഞാൽ പിന്നീട് ആരെയും പ്രവേശിപ്പിയ്ക്കേണ്ട. നമ്മുടെ ലോകം, നമുക്ക് പരസ്പരമറിയാൻ, അടുത്ത ദിവസ്സം ഉച്ച  വരെ നമ്മൾ മാത്രം." അത് എനിയ്ക്കും ഇഷ്ടപ്പെട്ടു. 

വിവാഹം കഴിഞ്ഞു, ഞങ്ങൾ ഫ്‌ളാറ്റിലെത്തി, ചടങ്ങുകൾ കഴിഞ്ഞ് ജോലിക്കാർ ഫ്‌ളാറ്റ് വൃത്തിയാക്കി, എല്ലാവരും മടങ്ങുമ്പോൾ ഞങ്ങളുടെ തീരുമാനം ഞങ്ങളുടെ മാതാപിതാക്കളോട് അറിയിച്ചു, അവരും അത് നല്ല തീരുമാനമാണെന്ന് പ്രശംസിച്ച് "അപ്പോൾ നാളെ ഉച്ചയ്ക്ക് ശേഷം കാണാം" എന്ന് പറഞ്ഞ് യാത്രയായി.

എന്റെ അമ്മയ്ക്ക് എന്റെ മേലുള്ള ഉത്കണ്ഠ എനിയ്ക്ക് നന്നായി അറിയാമായിരുന്നു, സന്ധ്യ മയങ്ങിയപ്പോഴേ എന്റെ അമ്മ എന്നെ രണ്ട് തവണ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കി, അതുവരെ ഫോൺ ചെയ്യാതിരുന്നത് അച്ഛൻ വിരട്ടിയതിനാലാവണം എന്നെനിയ്ക്ക് അറിയാമായിരുന്നു. രാത്രി ആയതും അമ്മ എന്നെ  കാണണമെന്ന് കാണണമെന്ന് പറഞ്ഞ് കരച്ചിലായി, അങ്ങനെ സഹികെട്ട അച്ഛൻ അമ്മയെയും കൂട്ടി എന്റെ ഫ്‌ളാറ്റിന്റെ മുന്നിലെത്തി. ഞങ്ങൾ വ്യൂവറിലൂടെ പുറത്ത് ആരെന്ന് കണ്ടു, ഞങ്ങൾ രണ്ടാളും ചേർന്ന്  എടുത്ത തീരുമാനം അവരെ ഓർമ്മിപ്പിച്ചു, ആദ്യതീരുമാനം തന്നെ പൊളിയുന്നതിന്റെ അനൗചിത്യം അച്ഛൻ അമ്മയെ ബോദ്ധ്യപ്പെടുത്തി, ജനലിലൂടെ ഞങ്ങളെ കണ്ട് കൈകളിൽ പിടിച്ചമർത്തി അമ്മയും മടങ്ങിപ്പോയി. എന്നിൽ  അമ്മയുടെ സങ്കടം ദുഖമുണ്ടാക്കുന്നത് മനസിലാക്കിയ അച്ഛൻ തിരിച്ച് വന്ന് "നീ അമ്മയെ ഓർത്ത് ഇന്നത്തെ ദിവസ്സം നശിപ്പിയ്ക്കരുത്, അവൾക്ക് അവളുടെ ഭർത്താവ് ഉണ്ട്" എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്നു.

ഏതാണ്ട് ഒരു മണിയ്ക്കൂറിന്‌ ശേഷം ഡോർബെൽ വീണ്ടും മുഴങ്ങി, ഇത്തവണ വ്യൂവറിൽ തെളിഞ്ഞത് ഭാര്യയുടെ അച്ഛന്റേയും അമ്മയുടെയും അനുജത്തിയുടെയും മുഖങ്ങൾ ആയിരുന്നു. ഞങ്ങൾ എടുത്ത തീരുമാനം ഞാൻ അവരെ ഓർമ്മിപ്പിച്ചു, ഭാര്യ നിശബ്ദയായി നിന്നതേ ഉള്ളൂ, . ഇതിനിടയിൽ അവൾ ജനൽ തുറന്ന് അമ്മയോടും അനുജത്തിയോടും സംസാരിയ്ക്കാനും കെട്ടിപ്പിടിയ്ക്കാനുമൊക്കെ ആരംഭിച്ചിരുന്നു. എന്റെ മാതാപിതാക്കൾ വന്നതും മടക്കി അയച്ചതും ഞാൻ അവളുടെ അച്ഛനെ ധരിപ്പിച്ചു. അതോടെ  സംഭാഷണങ്ങൾക്ക് ശേഷം വിരാമമിടീച്ച് അദ്ദേഹം അവരുമൊത്ത് മടങ്ങാൻ തുടങ്ങി; അവളെ കവിളിൽ  തലോടി അമ്മ കരഞ്ഞ് മുഖം തിരിച്ചതും, അവൾ എന്റെ നേരേ തിരിഞ്ഞിങ്ങനെ പറഞ്ഞു.

"വന്നിരിയ്ക്കുന്നത് എന്റെ അച്ഛനുമമ്മയുമാണ് അവരെ അങ്ങനെ മടക്കിയയക്കാൻ എനിയ്ക്ക് കഴിയുകയില്ല."

അവൾ നേരേ വാതിലിന് നേരേ നടന്ന് അവർക്കായി അത് തുറന്നു; ഞങ്ങൾ മാറ്റിവച്ചിരുന്ന താക്കോൽ എപ്പോഴാണവൾ പോയെടുത്തതെന്ന് എനിയ്ക്ക് ഇപ്പോഴുമറിയില്ല! അവർ ഉള്ളിൽ വന്നു ഏതാണ്ട് ഒന്നര മണിയ്ക്കൂർ അവിടെ തങ്ങി, ഞാനും അച്ഛനും ഹാളിലും, അവളും അമ്മയും സഹോദരിയും ബെഡ്ഡ്‌റൂമിലും. 

രാത്രിയേറെ വൈകി അവർ മടങ്ങി; നിസ്സഹായനായി മനസ്സ് മടുത്ത് ഞാൻ ഉറങ്ങി, സന്തോഷത്തോടെ അടുത്തതായി അവളും. പിന്നീട് സാധാരണ ദമ്പതികളെ പോലെ ഞങ്ങളും ജീവിതം സന്തോഷമായി നയിച്ചു, ഇന്ന് രണ്ട് കുഞ്ഞുങ്ങളുമായി.  ഈ രണ്ടാമത്തെ കുഞ്ഞിന്റെ പിറവി, എന്റെ മകളുടെ ജനനം ഞാൻ ആർഭാടമായി  ആഘോഷിയ്ക്കുന്നു അതിന്റെ കാരണമാണ് നിങ്ങൾക്കറിയേണ്ടതെങ്കിൽ എന്റെ പൂർണ്ണ മനസ്സോടെ ഞാൻ പ്രഖ്യാപിയ്ക്കട്ടേ.. 

"ഇതാ അവൾ ജനിച്ചിരിയ്ക്കുന്നു; എനിയ്ക്കായി വാതിൽ തുറന്ന് തരേണ്ടവൾ......"  

Friday, September 15, 2017

മുൻഗണനകളും കാഴ്ച്ചപ്പാടുകളും

എം.കെ. സിദ്ധാർദ്ധൻ എന്ന ആഡിറ്റർ പി.ഡബ്ള്യു.സി. എന്ന പ്രൈസ്സ്വാട്ടർ കൂപ്പറിന്റെ ഏഷ്യൻ റീജിയണൽ ഓഫീസ്സിൽ നിന്ന് ഡെലിഗേഷനിൽ ഇന്ത്യയിൽ ജോലിയ്ക്ക് വന്നത് മുതലാണ് മാസത്തിൽ ഒന്നോ അതിൽ കൂടുതലോ തവണ ത്രിശ്ശൂരുള്ള വീട്ടിൽ എത്തിത്തുടങ്ങിയത്. ബാങ്കിൽ അക്കൗണ്ട് ഓഫീസറായ ഭാര്യ രേണുകയും രണ്ട് കുട്ടികളുമാണ് അദ്ദേഹത്തിനുള്ളത്. മകൻ അരവിന്ദ് സിദ്ധാർദ്ധ് എഞ്ചിനീയറിംഗിന് അവസാന വർഷത്തിലേയ്ക്ക് കടക്കുന്നു, മകൾ വീണാ സിദ്ധാർദ്ധ് എം.ബി.ബി.എസ്സ് കിട്ടിയേ അടങ്ങൂ എന്ന വാശിയിൽ റീറിപ്പിറ്റേഷനു എൻട്രൻസ്സ് കോച്ചിംഗ് സെന്ററിൽ പഠിയ്ക്കുന്നു . 

വർഷങ്ങൾക്ക് ശേഷം അച്ഛന്റെ തുടർച്ചയായ വരവും വീട്ടിൽ താമസവും മകൾക്ക് വലിയ സന്തോഷം ആയെങ്കിലും മകന് അത് വലിയ അലോസരങ്ങൾ സൃഷ്ടിച്ച് തുടങ്ങി.അവന്റെ കൂട്ട് കെട്ടും കറക്കവും എല്ലാം അവതാളത്തിൽ ആയി ഒപ്പം പഠനത്തെ പറ്റിയും പരീക്ഷയിലെ മാർക്കുകളെ പറ്റിയും അച്ച്ഛൻ ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ അവൻ റിബൽ ആയിത്തുടങ്ങി. പലപ്പോഴും അവരുടെ തർക്കങ്ങൾ ഡൈനിംഗ് ടേബിളിലും സ്റ്റഡിറൂമിലും ഒതുങ്ങാതായി, അച്ഛനും മകനുമിടയിൽ മദ്ധ്യസ്ഥത പറഞ്ഞ് രേണുക തളർന്നു. എന്തായാലും ഈ തർക്കങ്ങൾക്കിടയിൽ സിദ്ധാർദ്ധനൊന്നു മനസ്സിലായി, തന്റെ മകൻ നേരാം വണ്ണം പഠിയ്ക്കുന്നില്ല. അദ്ദേഹം കോളേജിലെത്തി പ്രിന്സിപ്പാളിനേയും പ്രൊഫസറന്മാരെയും, ലക്ച്ചറന്മാരെയും കണ്ടു , കാര്യങ്ങൾ കൂടുതൽ വ്യക്തമായി; പയ്യൻസിനു ഒരുപാട് ബാക്ക് ലോഗ്ഗ് ഉണ്ട്, ആദ്യവർഷങ്ങളിലെ പല പേപ്പറും ഇതുവരെ കിട്ടിയിട്ടില്ല.

വീട്ടിൽ തിരിച്ചെത്തിയ അച്ഛനും മകനും തമ്മിൽ കാര്യമായ പോരാട്ടം നടന്നു, തുടർച്ചയുള്ള വിഷയങ്ങളുടെ ആദ്യ പേപ്പറുകൾ പിന്നീട് മുന്നോട്ടുള്ള പേപ്പറുകളിലെ ചാപ്റ്ററുകൾ കഴിയുമ്പോൾ എളുപ്പമാകുമെന്ന് മകൻ, അമ്മയെ പഠിയ്ക്കുന്നത് പോലെ എന്നെ പറ്റിയ്ക്കാൻ നോക്കേണ്ട എന്ന് അച്ഛൻ. ഇത്തവണ അവരെ സമാധാനിപ്പിച്ച് രണ്ട് വഴിയ്ക്കാക്കാൻ രേണുകയ്ക്ക് നന്നേ പാടുപെടേണ്ടി വന്നു. എങ്കിലും ഇനിയും ഇത് പോലെ ഉഴപ്പുവാനും തോൽക്കുവാനും ആണ് ഭാവമെങ്കിൽ ബൈക്ക് വിൽക്കുമെന്നും, പോക്കറ്റ് മണി ഇല്ലാതാക്കുമെന്നും, സ്വയം പഠിയ്ക്കാൻ വഴി നോക്കിക്കൊള്ളണമെന്നും, എന്തിന് പറഞ്ഞ് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിക്കോളണം എന്ന് വരെയായി സിദ്ധാർദ്ധൻ. ഈ പ്രായത്തിലുള്ള കുട്ടികളെ സ്നേഹത്തിലൂടെ വേണം അല്ലാതെ ദേഷ്യപ്പെട്ടിട്ട് വിപരീത ഫലമേ ഉണ്ടാവൂ എന്നൊക്കെ രേണുക ഭർത്താവിനോട് കേണുപറഞ്ഞിട്ടും അദ്ദേഹമോ, "ഓഹ് അങ്ങനെയെങ്കിൽ അങ്ങനെ ആയിക്കോട്ടെ" എന്ന് പറഞ്ഞ് നിൽക്കുന്ന മകനോ അയഞ്ഞില്ല. പിറ്റേ ദിവസം സിദ്ധാർദ്ധൻ ഡൽഹിയ്ക്ക് പോയതിനാൽ താൽക്കാലത്തേയ്ക്ക് ഒരയവ് അന്തരീക്ഷത്തിൽ വന്നു, എന്നാൽ ഡൽഹിയിൽ നിന്ന് വന്ന ഫോൺ കാളിലെ തണുത്ത ശബ്ദം രേണുകയെ ശരിയ്ക്കും അദ്‌ഭുതപ്പെടുത്തി.

മകളെപ്പറ്റി പതിവ് പോലെ സ്നേഹത്തോടും ശാന്തതയോടും ചോദിച്ചതിന് പുറമേ മകനെപ്പറ്റിയും സ്നേഹത്തോടെ തിരക്കിയപ്പോൾ സത്യത്തിൽ മറുവശത്ത് സിദ്ധാർദ്ധൻ തന്നെയാണോ എന്ന് പോലും രേണുക സംശയിച്ച് പോയി. എന്തായാലും അവൾക്ക് അത് വിശ്വസിയ്ക്കുവാൻ പ്രയാസം ആയതിനാൽ ഈ മാറ്റത്തിനുള്ള കാരണം ഭർത്താവിനോട് തിരക്കി, ഡൽഹി വിമാനത്തിൽ വച്ച് അരവിന്ദിന്റെ ക്ലാസ്സ്മേറ്റ് റോബിൻറ്റെ അച്ഛൻ അഡ്വക്കറ്റ് അബ്രഹാം സാമുവലുമായി സംസാരിച്ചപ്പോൾ അദ്ദേഹം അരവിന്ദിന്റെ പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞുവത്രേ. ഇത് പോലെ ബുദ്ധിയും സ്വഭാവശുദ്ധിയുമുള്ള ഒരു കുട്ടിയെ ഇക്കാലത്ത് കാണാൻ കിട്ടില്ലെന്ന് പ്രസിദ്ധ ക്രിമിനൽ അഭിഭാഷകൻ പറഞ്ഞപ്പോൾ തീർച്ചയായും ആഡിറ്റർ വീണ് പോയി. വളരെ പെട്ടെന്ന് വീട്ടിലെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായെങ്കിലും, അരവിന്ദ് അത്രമേൽ സന്തുഷ്ടനായി കാണപ്പെട്ടില്ല.

സിദ്ധാർദ്ധൻ വീണ്ടും രണ്ടാഴ്ച്ചത്തെ ഗൃഹവാസത്തിന് എത്തിയിരിയ്ക്കുന്നു, ഇത്തവണ മനസ്സിൽ നിറയെ സന്തോഷവും സമാധാനവുമാണ്, ഭാര്യയും കുട്ടികളുമായി ഒരു വിനോദയാത്ര, മകനുമായി സുഹൃത്തിന്റെ കിഴക്കൻ മലയിലെ എസ്റ്റേറ്റിൽ ഒരു രാത്രി വേട്ട ഒക്കെ മനസ്സാ പ്ലാൻ ചെയ്‌തെങ്കിലും ആരോടും പറഞ്ഞില്ല, ഒരു സർപ്രൈസ് ആയിക്കോട്ടെ. വൈകുന്നേരത്തോടെ വീട്ടിലെത്തിയ സിദ്ധാർദ്ധൻ അവിടെ ഭാര്യയേയും മകളേയും കണ്ടെങ്കിലും, അദ്ദേഹം വരുന്നതിന് തൊട്ട് മുമ്പ് പുറത്ത് പോയ  മകൻ രാത്രിയേറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ നിരന്തരം സ്വിച്ച്ട് ഓഫ് ലഭിച്ചത് ആ വീട്ടിലുള്ളവരെയെല്ലാം ആകാംഷയുടെ മുൾമുനയിൽ ആക്കി. ബന്ധുക്കളുടെയും, ലഭ്യമായ കൂട്ടുകാരുടെയും വീട്ടിൽ എല്ലാം വിളിച്ച് നോക്കിയെങ്കിലും അവർക്കാർക്കും ഒന്നുമറിയില്ലായിരുന്നു.

രേണുക വിളിച്ചെത്തിയ അളിയൻ രവീന്ദ്രൻ പോലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് പറഞ്ഞതോടെ  പരിഭ്രാന്തനായ സിദ്ധാർദ്ധൻ അരവിന്ദിന്റെ മുറിയിൽ പരിശോധന നടത്തി. ഒട്ടും തിരയേണ്ടി വന്നില്ല, ബെഡ്ഡിന്റെ സൈഡ്ഡ് ടേബിളിൽ ഒരു കത്ത് അരവിന്ദന്റെ കൈപ്പടയിൽ സിദ്ധാർദ്ധനെ കാത്തിരുന്നു. ഉത്കണ്ഠനിറഞ്ഞ മനസ്സോടെ അയാൾ ആ എഴുത്ത് വായിച്ചു തുടങ്ങി, കത്ത് ഒറ്റയ്ക്ക് വായിക്കേണ്ടതാണെന്ന് പെട്ടെന്ന് മനസിലായ അദ്ദേഹം മുറിയുടെ വാതിലടച്ച് വായന തുടർന്നു.

"പ്രിയപ്പെട്ട അച്ഛൻ അറിയുവാൻ..

ഈ കത്ത് അച്ഛന് വിഷമമുണ്ടാക്കുമെന്നറിയാം പക്ഷേ ഒക്കെ സംഭവിച്ച് പോയി, ഇനി ഒന്നും ചെയ്യാനുമില്ല. എന്റെ വിവാഹം കഴിഞ്ഞു. ഞാൻ ആയി കഴിച്ചതല്ല, നാട്ടുകാർ പിടികൂടി കെട്ടിച്ചതാണ്. അവൾക്ക് എന്നേക്കാൾ 8 വയസ്സ് കൂടുതലുണ്ട്. ഞാനും ഫ്രണ്ട്സ്സും കൂടി ആന്വൽ എക്സസാമിന്‌ ശേഷം ബാറിൽ പോയി ശരത്തിന്റെ വക പാർട്ടി ആയിരുന്നു, മദ്യപിച്ച ശേഷം സക്കറിയായുടെ ഇടപാടിൽ വൈപ്പിൻ ദ്വീപിലെ ഒരു സ്ത്രീയുടെ വീട്ടിൽ പോയി, അവർ ഒരു സെക്‌സ് വർക്കർ ആയിരുന്നു, അവരുമായി നല്ല പരിചയമായതിനാൽ ഞാൻ കഴിഞ്ഞയാഴ്ച്ച ഒറ്റയ്ക്ക് അവരുടെ വീട്ടിൽ പോയി. സദാചാരപ്പോലീസുകാരായ നാട്ടുകാർ എന്നെ പിടികൂടി, അവർ വേറൊരാളെ പിടിയ്ക്കാൻ കാത്തിരുന്നതാണ്, ഞാൻ അതിൽ പെട്ടുപോയി, ആള് മാറിയതിനാൽ അവർ എന്നെ വിട്ടയയ്ക്കാൻ തയ്യാറായിരുന്നു എന്നാൽ ആ സ്ത്രീയുടെ സഹോദരൻ സമ്മതിച്ചില്ല, ഒടുവിൽ നാട്ടുകാർ എന്നെ കൊണ്ട് അവരെ കല്യാണം കഴിപ്പിച്ചു.

ഞാൻ കഴിഞ്ഞ ദിവസ്സങ്ങളിൽ അമ്മയോട് പറഞ്ഞത് പോലെ ഹോസ്റ്റലിൽ കംബൈൻഡ്ഡ് സ്റ്റഡി നടത്തുകയായിരുന്നില്ല, വൈപ്പിനിലെ വീട്ടിലും ആശുപത്രിയിലുമായിരുന്നു. കല്യാണത്തിന്റെ പിറ്റേ ദിവസ്സം അവൾ തല ചുറ്റി വീണു, അങ്ങനെ എറണാകുളത്തെ ലിസ്സി ഹോസ്പിറ്റലിൽ കൊണ്ട് പോയി. ടെസ്റ്റ് റിസൾട്ടിൽ  രണ്ട് കാര്യങ്ങൾ ആണറിഞ്ഞത്, വന്നവൾ ഗർഭിണിയാണെന്നും, മറ്റൊന്ന് അവൾക്ക് എഛ്. ഐ.വി. പോസിറ്റിവ് ആണെന്നും. വയറ്റിലുള്ള കുട്ടി എന്റേതല്ലെന്ന് അവൾ തന്നെ സമ്മതിച്ചു, രോഗമുള്ള വിവരം അവൾക്കറിയില്ലായിരുന്നു എന്നും. എനിയ്ക്കും ആ രോഗം പിടിച്ചിരിയ്ക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്, അവളുടെ സഹോദരൻ ഈ പ്രദേശത്തെ ഏറ്റവും വലിയ ഗുണ്ടയും, ക്വൊട്ടേഷൻ സംഘത്തിന്റെ നേതാവുമായതിനാൽ എനിയ്ക്ക് രക്ഷപ്പെടാനാവില്ല. അങ്ങനെ ചെയ്‌താൽ നിങ്ങളെ കൂടി ജീവിയ്ക്കാൻ അവർ അനുവദിയ്ക്കുകയില്ല.

അതിനാൽ എന്നെ ഇനി തിരയേണ്ട, എന്റെ വിധി ഞാൻ അനുഭവിച്ച് തീർക്കാം. അമ്മയോടും കുഞ്ഞിയോടും ഇതൊന്നും പറയേണ്ട, മറ്റാരും അറിയേണ്ട, അത് കുടുംബത്തിന് കുറച്ചിലാകും, അവളുടെ ഭാവിയെ പോലും ബാധിയ്ക്കും, പിഴച്ച് പോയ ഈ മകന്റെ നശിച്ച ജന്മം ഇതോടെ അവസാനിയ്ക്കട്ടെ, എനിയ്ക്കായി എന്തെങ്കിലുമൊക്കെ ചെയ്ത് അച്ഛനും  മറ്റുള്ളവരും കൂടി അപകടത്തിൽ ആവേണ്ട...

എന്ന് ദുഖിതനായ മകൻ ."

എഴുത്തിന്റെ അവസാന ഭാഗത്തോടടുത്തപ്പോൾ ഒരു ആഡിറ്ററുടെ സ്വാഭാവികമായ മനസ്സോടെ അദ്ദേഹം താഴേയ്ക്ക് കണ്ണോടിച്ച് രണ്ട് കുറ്റങ്ങൾ കണ്ടുപിടിച്ചു 1. അവൻ താഴെ ഡേറ്റ് ഇട്ടിട്ടില്ല, 2. അവൻ താഴെ പേരെഴുതി ഒപ്പിട്ടിട്ടില്ല, സ്വാഭാവികമായി അദ്ദേഹത്തിന് ആദ്യം അതിൽ ദേഷ്യവും, പിന്നീട് മകൻ അകപ്പെട്ട മരണക്കുരുക്കിൽ വേദനയും ഉണ്ടായി. തലയിലേക്ക് രക്തം കുതിച്ചെത്തി ചുറ്റികയ്ക്കടിയ്ക്കുന്നത് പോലെ നെറ്റിയിൽ വേദന അനുഭവപ്പെട്ടു, തലകറക്കവും, അദ്ദേഹം തളർച്ചയോടെ അടുത്തുള്ള കട്ടിലിലേക്ക് ഇരുന്നു. 

അദ്ദേഹത്തിന്റെ മനസിലൂടെ ഓർമ്മകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി, തോളിലിരുത്തി ഉത്സവപ്പറമ്പിൽ കൊണ്ട് നടന്ന അവന്റെ ബാല്യം മുതൽ പാഡും ഗ്ലൗസും അണിയിച്ച് ക്രിക്കറ്റ് കളിയ്ക്കാനയച്ച യൗവ്വനവും, പുതിയ ബൈക്കിന്റെ താക്കോൽ വാങ്ങിയ അവന്റെ കണ്ണുകളിലെ തിളക്കവുമൊക്കെ ഒട്ടും മായാതെ അദ്ദേഹം കണ്മുന്നിൽ കണ്ടു.  


മകൻ പഠനം പൂർത്തിയാക്കിയിട്ടില്ല, ഒരു ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിന്നിട്ടില്ല, അതിനുള്ള യോഗ്യതയുമായില്ല. 21 വയസ്സ് തികഞ്ഞവന് ഒരു വിവാഹം നിയമപരമായി കഴിയ്ക്കാവുന്നതേയുള്ളൂ, എന്നാൽ ഇങ്ങനൊരു സ്ത്രീയെ, ഇതെങ്ങനെ സ്വന്തക്കാരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ, സമൂഹത്തിന്റെ മുന്നിൽ പരസ്യമാക്കും. ആ പെണ്ണിന്റെ രോഗം നാടാകെ വെറുക്കുന്ന ഐഡ്ഡ്സ്സ് , അത് മകനും കൂടി പകർന്ന് കിട്ടിയെങ്കിൽ അവനിനി എത്ര കാലം കൂടി ജീവിതം? എത്ര ദുരിതപൂർണ്ണമായ മരണം, നാട്ടാരറിഞ്ഞാൽ കൂട്ട ആത്മഹത്യയേ പിന്നെ വഴിയുള്ളൂ.

കട്ടിലിൽ ഇരുന്ന് വിയർത്ത് അവശനായ സിദ്ധാർദ്ധന്റെ കയ്യിൽ നിന്നും ആ എഴുത്ത് വഴുതി തറയിലേക്ക് വീണു. അത് വീണത് മറുപുറം മുകളിലായി ആയിരുന്നു, അവിടെയും എന്തോ എഴുതിയിരിയ്ക്കുന്നത് നിറഞ്ഞ കണ്ണുകളിലെ മൂടാപ്പിനിടയിൽ അയാൾ കണ്ടു. കുനിഞ്ഞ് ആ കടലാസ്സ് വീണ്ടും എടുത്ത് മറുപുറത്ത് എഴുതിയിരുന്നത് വായിച്ചു .

"പ്രിയപ്പെട്ട അച്‌ഛാ..

മറുപുറത്ത് ഞാൻ എഴുതിയത് മുഴുവൻ കള്ളമാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ അച്ഛനിപ്പോൾ മനസ്സിലായി കാണുമല്ലോ  കോളേജിലെ പഠനവും, പരീക്ഷകളിൽ വിജയവും മാത്രമല്ല ജീവിതത്തിൽ പ്രധാനമായിട്ടുള്ളത്; മറ്റു പലതും കൂടിയുണ്ട്. 

എനിയ്ക്ക് റീ എക്‌സാമിനും ആദ്യവർഷത്തെ ഒരു പേപ്പർ കിട്ടിയില്ല അതിനാൽ ഒരു വർഷത്തേയ്ക്ക് ഞാൻ കോളേജിൽ നിന്ന് പുറത്തായി (ഇയർ ഔട്ട്). അതിന്റെ റിപ്പോർട്ട് എന്റെ മേശയുടെ പുറത്ത് വച്ചിട്ടുണ്ട്, അതിൽ അച്ച്ഛൻറെ  ഒപ്പിട്ട് ഇടീച്ച് കോളേജിൽ തിരിച്ച് കൊടുക്കണം. അതൊപ്പിടാനും എന്നെ വീട്ടിൽ പ്രവേശിപ്പിയ്ക്കുവാനും അച്ഛൻ മനസ്സാ തയ്യാറാകുമ്പോൾ ഫോൺ എടുത്ത് വിളിച്ചാൽ മതി, ഞാൻ അച്ചച്ചന്റെ സുഹൃത്ത് അഡ്വക്കറ്റ്  സാമുവങ്കിളിന്റെ വീട്ടിലുണ്ട്. ലാൻഡ് ഫോണിൽ വിളിച്ചാൽ മതി."

സമ്മിശ്രമായ മാനസ്സിക വികാരങ്ങളോടെ വാതിൽ തുറന്ന് മറ്റുള്ളവരുടെ അടുത്തേയ്ക്ക് നടന്ന സിദ്ധാർദ്ധന്റെ മനസ്സിൽ ഒരു ചോദ്യം മാത്രം നിറഞ്ഞ് നിന്നു 

" ഇത്രയും ബുദ്ധിമാനായ കുട്ടി എങ്ങനെയാണ് പരീക്ഷയ്ക്ക് തോൽക്കുന്നത്?"