Thursday, January 25, 2018

കുക്കുട കൈതവ തന്ത്രം


കാട്ടാക്കടയിൽ ജോലി നോക്കുന്ന കാലം, ജീപ്പ് എം.ഡി ഓഫീസ്സിൽ ഇട്ട്, അവിടെ വച്ചിട്ടുള്ള ബൈക്ക് എടുത്താണ് വീട്ടിൽ വരിക പതിവ്, ജീപ്പ് കുണ്ടമൺകടവിൽ നിന്നും വലത്തെടുത്ത് നാഗരാജൻ സാറിനെ നെട്ടയത്ത് ഡ്രോപ്പ് ചെയ്യുകയും വേണം. ഇടയ്ക്കൊക്കെ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് വീട്ടിൽ കയറി ഞാനും ഡ്രൈവറും ചായകുടിയ്ക്കും, അങ്ങനെ ഒരു ദിവസം പരിചയപ്പെട്ടതാണ് ഹാച്ചറിയിലെ ഒരു ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ബന്ധുവിനെ. ആ പരിചയം ഹാച്ചറിയിലെ മറ്റ് സ്റ്റാഫുമായും, ഡോക്ടറുമായും പടർന്നപ്പോൾ ആണ് ഗിരിരാജൻ കോഴിയുടെ കുഞ്ഞുങ്ങളെ വാങ്ങി വളത്തുവാൻ തീരുമാനമെടുത്തത്. ഇങ്ക്വിബേറ്ററിൽ വിരിയിച്ച 15 കുഞ്ഞുങ്ങളെ വാങ്ങി വീട്ടിൽ കൊണ്ടു വന്ന് ഒരു അടക്കോഴിയുടെ കൂടെ വളർത്താൻ വിട്ടപ്പോൾ അതിലത്ര വലിയ പുതുമയൊന്നും എനിയ്ക്കനുഭവപ്പെട്ടില്ല. എന്നാൽ ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം ആശ്ചര്യചകിതനായി തലകുലുക്കി "ഗ്ഗ്രേറ്റ്" എന്ന് പറഞ്ഞെങ്കിലും ഞാൻ പുളുവടിയ്ക്കുകയാണ് എന്ന് പിന്നീട്സഹപ്രവർത്തകരോട് പറഞ്ഞു എന്നും മനസ്സിലാക്കി.

അതറിഞ്ഞ ഞാൻ സ്വാഭാവികമായി ബേജാറായി; എന്നെ നുണയനാക്കിയതിലല്ല, 5 പൈസയ്ക്ക് ഗുണമില്ലത്ത കാര്യത്തിൽ അത് കേൾക്കേണ്ടി വന്നതിലായിരുന്നു എൻറ്റെ വിഷമം; "ആടുപാമ്പേ പുനം തേടു പാമ്പേ" എന്ന കുണ്ഡലിനി പാട്ടിനു എന്തെങ്കിലും കുലുമാൽ ഒപ്പിച്ചതിനു ശേഷം മാത്രമേ മുങ്ങി ഒളിവിൽ പോകാവൂ! എന്ന രീതിയിൽ അർത്ഥം ഗ്രഹിയ്ക്കുന്ന എനിയ്ക്ക് വെറുതേ പേരുദോഷം കേൾക്കുക ഹൃദയഭേദകമാണ്.

അങ്ങനെയല്ല കാര്യങ്ങൾ എന്ന് ഞാൻ അദ്ദേഹത്തെ കണ്ട് പറഞ്ഞപ്പോൾ, എന്നാൽ പിന്നെ നേരിട്ട് കാണാണമെന്നായി ഡോക്ടർ. അങ്ങനെ അദ്ദേഹത്തിനേയും കൊണ്ട് ഞാൻ വീട്ടിൽ വന്നു, വീടിന്റെ തെക്കേ തൊടിയിൽ ഒരു കുഞ്ഞ് ചത്തു പോയതിനാൽ ബാക്കിയുള്ള 14 കുഞ്ഞുങ്ങളുമായി കാക്കകളേയും, ചെറുകിളികളേയും ചീറിയകറ്റിയും, ചികഞ്ഞ് കുഞ്ഞുങ്ങൾക്ക് തീറ്റകൊടുത്തും നടക്കുന്ന തള്ളക്കോഴിയെ ഡോക്ടർക്ക് കാണിച്ച് കൊടുത്തു. സംശയാലുവായ ഡോക്ടർ അത് താൻ തന്നയച്ച ഹാച്ചറിയിലെ ഗിരിരാജൻ കുഞ്ഞുങ്ങൾ തന്നെയാണോ? എന്ന് ഓരോന്നിനെ എടുത്ത് പരിശോധിച്ചു നോക്കി ഉറപ്പുവരുത്തി. പിന്നീട് വീട്ടിൽ ഇരുന്ന് അതിന്റെ ടെക്ക്നോളജി എന്താണെന്ന് ചോദിച്ചു, അപ്പോഴും സത്യത്തിൽ എന്തെങ്കിലും പ്രത്യേകതയുള്ള കാര്യം അവിടെ നടന്നു എന്ന് എനിയ്ക്ക് തോന്നിയിരുന്നില്ല.

എങ്കിലും ഞാൻ അദ്ദേഹത്തോട് സംഗതി വിശദീകരിച്ചു. ഡോക്ടർ കുഞ്ഞുങ്ങളെ തരാമെന്ന് പറഞ്ഞതിനു മൂന്ന് ദിവസം മുമ്പ് ഞങ്ങൾ സ്റ്റോർ റൂമിൽ ഒരു സിമിന്റ് ചട്ടിയിൽ കുടച്ച് ഉമിയൊക്കെ ഇട്ട് അഞ്ചു മുട്ട എടുത്ത് വച്ച് ഒരു അടക്കോഴിയെ അതിന്മേൽ അടയിരുത്തി. ഡോക്ടർ കുഞ്ഞുങ്ങളെ തന്ന ദിവസം രാത്രിയിൽ ഇരുട്ടത്ത് കോഴിയെ മാറ്റി അടവച്ച മുട്ടകൾ എടുത്ത് അതിന്റെ സ്ഥാനത്ത് ഈ 15 കുഞ്ഞുങ്ങളെ വച്ചു കൊടുത്തു. നേരം വെളുത്തപ്പോൾ കോഴി താൻ അടയിരുന്നു വിരിയിച്ച കുഞ്ഞുങ്ങളെ എല്ലാം കണ്ട് സന്തോഷിച്ചു. ഒരു പക്ഷേ കോഴി പുതിയ കാലത്തെ മാറ്റങ്ങളിൽ അദ്ഭുതപ്പെട്ടിട്ടുണ്ടാവാം, പണ്ടൊക്കെ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാൻ 21 ദിവസം അടയിരിയ്ക്കണം ഇപ്പോൾ കാലം മാറി നാലിൻറ്റന്ന് മുട്ടവിരിഞ്ഞ് കുഞ്ഞായി, പട്ടിണി കിടക്കേണ്ട, കൊത്തിപ്പൊട്ടിയ്ക്കേണ്ട, "അടിപൊളി" എന്ന് അതിന്റെ ഭാഷയിൽ പറഞ്ഞിട്ടുണ്ടാകണം!!!

എന്റെ സംസാരരീതി കേട്ട് ഡോക്ടർ ചിരിച്ചു, എന്നിട്ട് പറഞ്ഞു

"മനുഷ്യരെ പറ്റിയ്ക്കുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്, കോഴിയെ പറ്റിയ്ക്കുന്ന ആളിനെ ആദ്യമായാണ് കാണുന്നത്"

ഞാൻ മറുപടിയായി

"ഡോക്ടർ എനിയ്ക്കിതിൽ പുതുമയൊന്നും ഇല്ല, എന്റെ വീട്ടിൽ ചെറുപ്പത്തിൽ അമ്മൂമ്മ ഓച്ചിറയിൽ നിന്നും ഇടത്വായിൽ നിന്നും വാങ്ങി കൊണ്ടുവരുന്ന കോഴിക്കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, പിന്നെ നാട്ടറിവുകൾ മണ്ണൂത്തിയിൽ പഠിപ്പിയ്ക്കാത്തത് എന്റെ കുറ്റമല്ലല്ലോ?".

ഡോക്ടർ വീണ്ടും ചിരിച്ച് കൊണ്ട് പറഞ്ഞു

" അപ്പോൾ തലമുറകളായി പറ്റീരാണ് പണി അല്ലേ?, എന്തായാലും എനിയ്ക്കിത് പുതിയ അറിവാണ്"

വടി കൊടുത്ത് അടിവാങ്ങിയ ഞാൻ ഡോക്ടർ പൊയ്ക്കഴിഞ്ഞ് ചിന്തയിലായി, പിന്നീട്സ്വയം പറഞ്ഞു

"ചുട്ട കോഴിയെ പറപ്പിച്ച രണ്ട് മന്ത്രവാദി അപ്പൂപ്പന്മാരുടേയും ആ പറപ്പിച്ച കോഴിയെ പിടികൂടി ഭക്ഷിച്ച അമ്മാവന്മാരുടേയും പിന്മുറക്കാരനായ ഞാൻ എത്രയോ മനുഷ്യരെ പറ്റിച്ചിരിയ്ക്കുന്നു, പിന്നാ ഒരു പീക്കിറി കോഴി, ഒന്ന് പോ ഉവ്വാ..."
ഇതിപ്പോൾ പെട്ടെന്ന് ഓർക്കാൻ ഒരു കാരണമുണ്ട്, ഇത്തവണത്തെ പദ്മശ്രീ നേടിയ വനമുത്തച്ഛി, 75 വയസ്സുകാരി, ലക്ഷ്മിക്കുട്ടിയമ്മയുടെ പ്രകൃതി ചികിത്സാസമ്പ്രദായങ്ങൾ, മരുന്നുകൾ എന്നിവയിൽ തുടങ്ങിയ ചിന്ത ആണിവിടെ കൊണ്ടെത്തിച്ചത്. 1950 കളിൽ ആ സെറ്റില്മെന്റിൽ നിന്നും എഴുത്തും വായനയും പഠിയ്ക്കാൻ കഴിഞ്ഞതിനാലാണ് (അന്ന് ആ സെറ്റിൽമെന്റിൽ നിന്നും അതിനു കഴിഞ്ഞ ഏകവ്യക്തിയായിരുന്നു അവർ എന്നാണ് റിപ്പോർട്ടുകൾ) ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് തന്റെ അമ്മയും അമ്മൂമ്മയും വായ് മൊഴിയായി പകർന്ന് നൽകിയ പ്രകൃതിചികിത്സാ പാഠങ്ങൾ എഴുതി വയ്ക്കുവാൻ കഴിഞ്ഞത്, നമുക്ക് അത് ലഭിച്ചത്.

പക്ഷേ എത്രയോ ഇതിലും മഹത്തായ പാരമ്പര്യ ചികിത്സകൾ ആദിവാസി വിഭാഗങ്ങൾക്കിടയിൽ എഴുത്തും വായനയും ഇല്ലതെ പോയതിനാലും, നമ്മൾ അവരുടെ അറിവുകളെ പുച്ഛിച്ച് തള്ളിയതിനാലും നഷ്ടമായിട്ടുണ്ട് എന്ന സത്യം ദു:ഖകരമാണ്. നമ്മൾ അവരെ മുഖ്യധാരയിൽ നിന്നകറ്റി നിർത്തുകയും, പഠനസൗകര്യങ്ങൾ ഒരുക്കാതെയും നിഷേധിച്ചും, ആദിമജനതയായി അവഗണിച്ചപ്പോൾ അവർക്ക് നഷ്ടപ്പെട്ടതിലും ആയിരം മടങ്ങ് നഷ്ടം മാനവരാശ്ശിയ്ക്ക് ഉണ്ടായി എന്ന ഓർമ്മപ്പെടുത്തലാണീ പദ്മശ്രീ!

No comments:

Post a Comment