കഴിഞ്ഞദിവസം നഗരത്തിലെ ട്രാവങ്കൂർ മാളിൽവച്ച് എൻ്റെ സഹപാഠിയെ കണ്ടുമുട്ടി, അവളിപ്പോൾ എഞ്ചിനീയറിംഗ് കോളേജിൽ പ്രൊഫസറാണ്, ഹൈഡ്രോളിക്സിൽ പി.എച്.ഡിയൊക്കെ എടുത്ത് അൽപ്പം ബഹുമാനമൊക്കെ തോന്നിപ്പിക്കുന്ന ഒരു സ്ത്രീയായിരിക്കുന്നു എന്നെഭയന്ന് ട്യൂഷൻക്ളാസ്സിൽ കയറാതെ ഓടിപ്പോയ ആ പഴയ പതിനേഴുകാരി! വളരെപ്പെട്ടന്ന് അവൾ പഴയകാലത്തെത്തി, എന്തോ ഓർത്തിരുന്നിട്ട് ഒരു കമൻ്റ്
"എടാ.. പഠിച്ചിരുന്ന കാലത്ത് ഞാൻ കരുതിയിരുന്നത് നിന്നേക്കാൾ ഭൂലോകപെഴ ഈ ലോകത്ത് വേറേ കാണുകില്ലെന്നായിരുന്നു... ഇപ്പോൾ അത് മാറി കേട്ടോ? ഇപ്പോഴത്തെ കുട്ടികൾ, എന്നുവച്ചാൽ ആൺകുട്ടികളല്ല, അവരൊക്കെ ഇപ്പോഴും നിൻ്റെ നിലവാരത്തിൽ തന്നെയാണ്, എന്നാൽ പെൺകുട്ടികൾ.. എൻ്റെ ശിവനേ.... ഒരു രക്ഷയുമില്ല, നീയൊന്നും ഏഴയലത്തു വരികയില്ല!!!"
എനിക്ക് ചിരിവന്നു, അസുരവിത്തെന്ന് എനിക്ക് പേരിട്ട കക്ഷികളിലൊന്നാണിത്, ഞാൻ ആ വിത്തിൽ നിന്നും സാക്ഷാൽ മഹിഷാസുരനായിട്ടും അവൾ വിലവയ്ക്കിന്നില്ലല്ലോ? ഞാൻ തിരക്കി
"പിന്നെ എല്ലാ പെൺകുട്ടികളും നിന്നെപ്പോലെ ആയിരിക്കണമോ? കാലമൊക്കെ മാറിയില്ലേ? പുരോഗമനം, നിനക്ക് ജനറേഷൻ ഗ്യാപ്പ് അഡ്ജസ്റ്റുചെയ്യാൻ കഴിയുന്നില്ല അതല്ലേ?"
"അതല്ലെടാ പൊട്ടാ...."
ങേ .. അതു ശരി ഇവളും തെളിഞ്ഞുപ്പോയി!
"ക്ളാസ്സിലെ ആൺകുട്ടികളെല്ലാം പാവത്തുങ്ങളും, എളുപ്പം ഹാൻഡിൽ ചെയ്യുവാൻ കഴിയുന്നവരുമാണ്, പെൺകുട്ടികളാണ് അലമ്പ്..."
"ഉം.. ശരി, എന്താണ് നിൻ്റെ നിഗമനം?" ഞാൻ കീഴടങ്ങി
"നീ പറയാറില്ലേ.. സ്ഥലം, സമയം പിന്നെ പെൺകുട്ടി.. എന്ന്, അത് മൂന്നും ഒരേപോലെ സംഘടിപ്പിക്കുക പഴയകാലത്ത് ഏറെക്കുറേ വിരളമായിരുന്നു. എന്നാൽ ഇപ്പോൾ കമ്മ്യൂണിക്കേഷൻ ഫെസിലിറ്റീസ്സ് കൂടി, മൊബിലിറ്റിയും. അതിനാൽ സ്ഥലം എവിടെ ആയാലും സമയത്ത് പെൺകുട്ടിക്ക് എത്തിച്ചേരാനാവുന്നു, അത്രതന്നെ.."
"ഹ ഹ, നിൻ്റെ സ്റ്റുഡൻ്റ്സ്സ് കേൾക്കേണ്ട, ഞാൻ അന്നാ ഹോസ്റ്റൽവാർഡൻ്റെ കട്ടിൽ റിയോസ്റ്റാറ്റ് ഉപയോഗിച്ച് കത്തിച്ചതുപോലെ നിന്നെ ആധുനിക ഉപകരണങ്ങൾ വച്ചവർ പൊട്ടിക്കും, മിണ്ടാതിരുന്നോളൂ.." ഞാൻ ഉപദേശിച്ചു
"അല്ലെടാ എൻ്റെ വീട്ടിലും രണ്ടെണ്ണമുണ്ട്, പയ്യൻ എന്തു പാവമാ, ഒരു ശല്യവുമില്ല, എന്നാൽ അവൾ, ഹോ എന്തുപറഞ്ഞാലും തറുതല പറയും. അല്ല ഞാൻ പറഞ്ഞത്... ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ നീയൊക്കെ എത്ര ഭേദം ആയിരുന്നു എന്നാണ്"
"താങ്ക്യൂ.. താങ്ക്യൂ... അന്നത്തെ അനുകനെ നീ ഇന്നെങ്കിലും തിരിച്ചറിഞ്ഞല്ലോ.... തിരുപ്തിയായി കുട്ട്യേ...." ഞാൻ വീണ്ടും അസുരനായി.
"അനുജനോ? നീയോ? ഒന്നു പോടാ"
അത്രയുമേ പറഞ്ഞുള്ളൂ, അവളുടെ മകൻ വന്നു, അവൾ കാറിൽകയറിപ്പോയി
ഞാൻ ചിന്തിച്ചു നിന്നു അനുജനോ... അതോ അനുകനോ? ഈ വാക്ക് എവിടുന്നെൻ്റെ നാവിൽ കയറിപ്പറ്റിയത്?
ചിന്തകൾ പിന്നോട്ട് പോയപ്പോൾ കാലാനുസൃതമായി യുവാക്കളിലും യുവതികളിലും വന്ന മാറ്റത്തെക്കുറിച്ചായി; അത് ഒരു വരിയിലെത്തി നിന്നു
"ആരാധകനാണോ? ഈ ആരാധകനാണോ?"
ഒരു മുപ്പത് വർഷങ്ങൾക്കുമുമ്പ് ഒരു ശരാശരി യുവാവിനെ നോക്കി ഒരു യുവതി ചിരിച്ചാൽ... ചിരിച്ചാലെന്താ അവൾക്കൊന്നും നഷ്ടമാകുന്നില്ല, പക്ഷേ ആ പയ്യൻസ്സിൻ്റെ ഉറക്കം ഏറ്റവും കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും നഷ്ടമായിരിക്കും! എന്തിനായിരിക്കും അവൾ എന്നെ നോക്കിച്ചിരിച്ചത്? അവൾക്ക് എന്നോട് ഇഷ്ടമാണോ? പ്രണയമാണോ? ലോട്ടറിട്ടിക്കറ്റ് എന്ന സിനിമയ്ക്കായി ശ്രീകുമാരന്തമ്പി രചിച്ച്, ദക്ഷിണാമൂർത്തി സംഗീതം നൽകി, യേശുദാസ്സ് ആലപിച്ച ഗാനത്തിലെ ആ വരികൾ എത്രയോ യുവാക്കളുടെ ഹൃദയങ്ങളിൽ എത്രയോ തവണ അലയടിച്ചിട്ടുണ്ട്.
അല്ലയോ..മനോഹരീ നിൻ്റെ മനോരഥത്തില്‍... മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍..മയങ്ങുന്ന മണിവര്‍ണ്ണനാരോ? ആരാധകനാണോ ഈ ആരാധകനാണോ? ആണോ??? നിൻ്റെ സ്വപ്നങ്ങളിലെ മലർമെത്തയിൽ മയങ്ങുന്ന ആ നായകൻ ഞാനാണോ?
പ്രണയത്തിൻ്റെ കളരിയായ ഹൃദയത്തിലേയ്ക്കാണല്ലോ ആദ്യം കടക്കേണ്ടത്? പക്ഷേ മധുരവനിയിലെ പുഷ്പ്പകവാടം ഒരുവട്ടം തുറക്കണം എന്നാണാവശ്യം. ഒരുവട്ടം തുറന്നാൽ.. പെട്ടു... പിന്നെ അടയ്ക്കാനാവില്ല, അകത്തുകടന്നവൻ പുറത്തിറങ്ങിയിട്ടാല്ലേ അടയ്ക്കാനാവൂ? ഒന്നുകിൽ അവനെ അകത്താക്കിയേ വാതിലടയ്ക്കാൻ പറ്റൂ; അല്ലെങ്കിൽ അവൻ അവിടെ സ്ഥിരതാമസമാക്കി ഇഷ്ടമുള്ളപ്പോൾ വന്നും, പോയുമിരിക്കും, വാതിലിൻ്റെ താക്കോൽ കൈവശപ്പെടുത്തിക്കളയും. അവനായി മകരന്ദബിന്ദുക്കൾ പൊഴിക്കണമെന്നൊന്നും ആവശ്യപ്പെടുന്നില്ല, നിൻ്റെ യൗവ്വനപ്പൂങ്കാവനത്തിൽ വികാരങ്ങളുടെ ഇളങ്കാറ്റ് വീശുമ്പോൾ സ്വയമേ പൊഴിയുന്ന മധുകണങ്ങൾ നുകരുവാൻ അനുവാദം കൊടുത്താൽ മതി! അധരപുടം നീ വിടർത്തുമ്പോൾ .... അതിൽ ഒരു ശലഭമായ് അവൻ അമരുമെന്നുപറയുന്നത് പ്രശ്നമാണ്. ചിരിയിൽ കണ്ണെറിഞ്ഞ് ആസ്വദിക്കുമെന്നല്ല, ശലഭം സാധാരണ പൂക്കളിൽ നിന്നും തേൻ നുകരുകയാണ് നാട്ടുനടപ്പ്!!! അമരുന്നവൻ വെറുതേ അങ്ങ് പോവുമെന്ന് തോന്നുന്നില്ല...
പ്രണയം ഉള്ളവളാണെന്ന ഒരു തോന്നൽ എന്തായാലും അവനുണ്ട്, അതിനാൽത്തന്നെ അവളുടെ കണിമുത്തുവീണയിലെ സ്വരരാഗകന്യകളെ അവനായി ഉണർത്തുകയില്ലേ? എന്ന് ആരായുന്നു. എന്താണീ കണിമുത്തുവീണ? എങ്ങനെയാണതിൽ സ്വരരാഗങ്ങൾ ഉയരുക? അനുരഗമാധുരി ചൊരിഞ്ഞുകൊണ്ട് ആ രാഗസുന്ദരിമാർ അനുകനായ എൻ്റെ കരളിൽ പടർന്നിറങ്ങും.... അതേ അനുകൻ .. കാമുകൻ .. അതവനങ്ങുറപ്പിച്ചു, അല്ല പിന്നെ! എന്തായാലും പടർന്നുകയറുന്നത് കരളിലാണ്, മാറിലല്ല, മേനിയിലല്ല, ഭാഗ്യം! പക്ഷേ അപ്പോഴും ഒരു സ്വപ്നമങ്ങനെ വിടരുകയാണ്, ഓരോ ഇതളും വിടർന്ന് വിടർന്ന് ഇതെവിടെ എത്തുമോ ആവോ? എന്തായാലും അതോടെ ഒരു യുഗജേതാവായി അവൻ വളരുമത്രേ!!! അല്ലെങ്കിലും അമ്മാതിരി പടരലാണെങ്കിൽ അവൻ വിശ്വവിജയിയാണെന്ന് തോന്നിപ്പോകും, കുറ്റം പറയാനാവില്ല..
സംഗതി അതായിരുന്നു, "അനുകൻ" ഒന്നുകിൽ കാമുകൻ അല്ലെങ്കിൽ ദാസൻ, രണ്ടായാലും സുഖിപ്പിക്കൽ തന്നെ; പക്ഷേ.. പണിപാളി...
ശിഷ്യഗണങ്ങളേ... ഗാനം ആസ്വദിക്കൂ.. നമ്മുടെ ശ്രീ എഴുതിയതല്ലേ?
ഒന്നുമില്ലെങ്കിലും നമ്മുടെ പ്രേം നസീറും ഷീലയുമല്ലേ? മുഷിയുമോ???
മനോഹരി നിന്‍ മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാധകനാണോ ഈ ആരാധകനാണോ?
ഹൃദയവതി നിന്‍ മധുരവനത്തിലെ
മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ?
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
നുകരുവാനനുവാദം തരുകയില്ലേ?
അധരദലപുടം നീ വിടര്‍ത്തിടുമ്പോള്‍
അതിലൊരു ശലഭമായ് ഞാനമരും
പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ
സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലേ?
അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകനാം എന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരുസ്വപ്നമങ്ങനേ വിടര്‍ന്നിടുമ്പോള്‍
ഒരുയുഗ ജേതാവായ് ഞാന്‍ വളരും
No comments:
Post a Comment