Thursday, March 7, 2019

യൂ റ്റൂ....ക്യാപ്റ്റൻ

അവൻ്റെ പേര് ഞാൻ പറയുന്നില്ല, "മീ റ്റൂ" വിൽ പെടാൻ പാടില്ലല്ലോ? അതിനാൽ "ക്യാപ്റ്റൻ" അതുമതി! 

പവർ ഹൗസിൻ്റെ തെക്കുവശത്തെ വയലിനക്കരെയുള്ള ആ വീട്ടിലെ നാലുപെൺകുട്ടികളിൽ രണ്ടാമത്തവളുടെ പേരെന്താണെന്ന് ഇന്നും അവനറിയില്ല, മൂത്തവൾ സ്കൂളിൽ ഒരു ക്ളാസ്സിനു താഴെയാണ് പഠിച്ചിരുന്നത്, ജോയിസ്സി അപ്പച്ചൻ എന്ന ആ പേരവനു സുപരിചിതമായതിനാൽ, ജോയിസ്സിയുടെ അനിയത്തി എന്നാണവൻ അന്നും ഇന്നും ഓർമ്മിക്കുന്നത്. ലതീശനെ അവനു നന്നായറിയാം, ഒന്നുമുതൽ ഏഴുവരെ ഒന്നിച്ചുപഠിച്ചു, ഒരേ ക്ളാസ്സിൽ, മിക്കപ്പോഴും ഒരേ ബഞ്ചിലിരുന്ന്. പിന്നീട് വേർപിരിഞ്ഞു വേറേ സ്ക്കൂളിൽ, കോളേജിൽ, അനന്തരം അയാൾ പട്ടാളത്തിൽ ചേർന്ന് വടക്കേ ഇന്ത്യയിലേയ്ക്ക് അകന്നുപോയി. ജോയിസ്സിയുടെ വീട്ടിൽനിന്നും ലതീശൻ്റെ വീട് അരകിലോമീറ്റർ മാത്രം ദൂരത്തായിരുന്നു, എങ്കിലും അവളുടെ അനുജത്തിയുമായി ഇത്ര കടുത്തപ്രണയം അവനെങ്ങനെയുണ്ടായി? എന്നതല്ല, അവനെപ്പോൾ ഇതൊപ്പിച്ചു? എന്നതായിരുന്നു ക്യാപ്റ്റൻ്റെ മനസ്സിലെ ചിന്ത.

തിരുവിലഞ്ഞാൽ ക്ഷേത്രത്തിൻ്റെ വടക്കുവശത്തുള്ള മൈദാനത്ത് ക്രിക്കറ്റ് കളിച്ചിട്ട് സന്ധ്യയോടെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ക്യാപ്റ്റൻ, ഒരോ വിജയ് സൂപ്പർ സ്കൂട്ടറിൽ മൂന്നുപേർ വീതം അവരാറുപേർ. വഴിയമ്പലം കടന്നപ്പോൾ ഒരു സ്കൂട്ടർ ഊട്ടുപറമ്പ് വഴിയിലേയ്ക്ക് തിരിഞ്ഞു, അവൻ്റെ സ്കൂട്ടറിൻ്റെ പിന്നിലിരുന്ന ഒരാൾ അവിടെയിറങ്ങി; പിന്നങ്ങോട്ട് അവനും മനോജും മാത്രമായി യാത്ര തുടർന്നു. അപ്പോഴാണ് അനന്തു റോഡരികിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്; അവർ സ്ക്കൂട്ടർ നിർത്തി അവനേയും കയറ്റി മുന്നോട്ട് പോയി, പവർഹൗസ്സ് കടന്നതും അനന്തു അവിടെയിറങ്ങണമെന്ന് വാശിപിടിച്ചു, എന്നാൽ ക്യാപ്റ്റൻ സ്ക്കൂട്ടർ നിർത്തിയില്ല, പാലം കടന്ന് കുഞ്ഞമ്മയുടെ വീട്ടിൻ്റെ മുന്നിലുള്ള ഗാനം എന്ന പേരുള്ള തയ്യൽക്കടയുടെ വശത്തേ ആ സ്ക്കൂട്ടർ നിന്നുള്ളൂ.

അനന്തു ആകെ പരവശനായി കാണപ്പെട്ടു, അത് ശ്രദ്ധിച്ച ക്യാപ്റ്റൻ അവനെ കാര്യമായിത്തന്നെ ചോദ്യംചെയ്തപ്പോൾ പിടിച്ചുനിൽക്കാനാവാതെ അനന്തു ആ കത്തിൻ്റെ കാര്യം പറഞ്ഞുപോയി. 

"................ തന്ന ഒരു കത്ത് എൻ്റെ കയ്യിലുണ്ട് ലതീശണ്ണന് കൊടുക്കുവാൻ."

ക്യാപ്റ്റനാ കാമുകിയാരെന്ന് പിടികിട്ടിയില്ല, അതിനാൽതന്നെ മനോജിനോട് തിരക്കി

"അതാരാടാ?"

പെൺകുട്ടികളുടെ കനേഷുമാരിയിൽ പ്രാദേശികതലത്തിൽ ആധികാരികകേന്ദ്രമായ മനോജ് ഉടൻ മറുപടി പറഞ്ഞു

"നമ്മുടെ ജോയിസ്സി അപ്പച്ചൻ്റെ നേരേ ഇളയവൾ, താൻ കണ്ടിട്ടുണ്ട്, മൂത്തവളേക്കാൾ സുന്ദരി, ഒരൊന്നൊന്നര മുതലാണ്"

'യമഹ' എന്ന നാരങ്ങാസോഡ കുടിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ക്യാപ്റ്റൻ്റെ കണ്ണുകൾ ഒന്നു തിളങ്ങി, ഗ്ളാസ്സ് തിരിച്ചുകൊടുത്ത്, അവരിരുവരേയും കൂട്ടി അടുത്തുള്ള തയ്യൽക്കടയുടെ വരാന്തയിൽ ഇരുന്ന അവൻ വീണ്ടും അനന്തുവിനോട് തിരക്കി

"ലതീശൻ നാട്ടിലുണ്ടോ? അവൻ വടക്കേ ഇന്ത്യയിൽ എവിടെയോ അല്ലേ? കണ്ടിട്ടേറെ നാളായി, ഞങ്ങൾ ഒന്നിച്ചു പഠിച്ചവരും, വലിയ സുഹൃത്തുക്കളുമാണ്"

"അണ്ണൻ വന്നിട്ട് ഒന്നരമാസമായി, നാളെ മടങ്ങിപ്പോവുകയാണ്, നിങ്ങൾ ഒന്നിച്ചുപഠിച്ചതും, അക്കാലത്തെ കുസൃതികളും ഒക്കെ ലതീശണ്ണൻ എപ്പോഴും പറയും" അനന്തു കുറച്ച് നോർമ്മലായി.

"ശരി, നീയാ കത്തിങ്ങ് താ.... ഞാൻ ലതീശൻ്റെ വീട്ടിലോട്ട് പോവുകയാണ്, കത്ത് കൊടുത്തേയ്ക്കാം. കൂട്ടത്തിൽ കുറച്ച് തമാശകളും ഒപ്പിക്കാമല്ലോ?"

ക്യാപ്റ്റൻ അനന്തുവിനെ നിർബന്ധിച്ചു. അനന്തു എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ചുനിന്നു. എന്നാൽ അനന്തുവിൻ്റെ പോക്കറ്റിൽ നിന്നും ആ കത്ത് ബലമായി അവൻ കൈക്കലാക്കി, തയ്യൽക്കടയിലേയ്ക്ക് നടന്നു, അൽപ്പം കഴിഞ്ഞ് തിരിച്ചെത്തി.

"അണ്ണാ ആ എഴുത്തിങ്ങ് താ.. ഞാൻ കൊണ്ടുക്കൊടുക്കട്ടേ, അല്ലേൽ ലതീശണ്ണൻ എന്നെക്കൊല്ലും" 

ഇതുംപറഞ്ഞ് അനന്തു കരച്ചിലിൻ്റെ വക്കിലെത്തി. അതുശ്രദ്ധിക്കാതെ പോക്കറ്റിൽ നിന്നും കുറച്ച് നോട്ടുകൾ എടുത്ത് മനോജിൻ്റെ പോക്കറ്റിൽ തിരുകിക്കൊണ്ട് ക്യാപ്റ്റൻ പറഞ്ഞു

"എടാ നാളെ സൂര്യയിൽ ജയിംസ് ബോണ്ട് പടം ആണെന്നല്ലേ പറഞ്ഞത്? ഇവൻ "ക്രൾ" കാണണമെന്ന് പറഞ്ഞതാണ്, കൊണ്ടുപോകാമെന്ന് ഞാനും, തിരക്കിനിടയിൽ നടന്നില്ല, ഒരു കാര്യം ചെയ്യൂ... നീ സ്കൂട്ടറെടുത്തോളൂ, പുറക്കാട്ടുനിന്നും പെട്രോൾ അടിച്ച്, ആലപ്പുഴയിൽ പോയി സെക്കൻഡ് ഷോ കണ്ടിട്ടുവരൂ. ഇപ്പോൾ പോയാൽ ഇന്ത്യൻ കോഫീ ഹൗസ്സിൽ നിന്നും രാത്രിയിലെ ഭക്ഷണവും കഴിക്കാം"

അതിൽ അനന്തു വീണു, അവർ തൊട്ടടുത്തുള്ള സതിമാനേജരുടെ കടയിൽ നിന്നു ചായയും കേക്കും കഴിച്ചു, അതിനിടയിൽ ക്യാപ്റ്റൻ അനന്തുവിനോട് ജോയിസിയുടെ വീട്ടിലവനുള്ള സ്വാതന്ത്ര്യത്തെപ്പറ്റി ചോദിച്ചുകൊണ്ടേയിരുന്നു. എങ്കിലും ആശയക്കുഴപ്പത്തിലായ അനന്തുവിനേക്കാൾ മനോജാണു കൂടുതൽ മറുപടി പറഞ്ഞത്

"ഇവൻ അവിടുത്തെ എല്ലാമല്ലേ? അവരുടെയൊക്കെ കിടക്കമുറിവരെ കടന്നുചെല്ലാവുന്നവൻ"

ക്യാപ്റ്റൻ ഒരു ചോദ്യപട്ടികതന്നെ തയ്യാറാക്കിയിരുന്നു, പക്ഷേ അത് അവിടുന്നും ഇവിടുന്നുമാണ് ചോദിച്ചുകൊണ്ടിരുന്നത്, അതിനാൽത്തന്നെ അനന്തുവിനാ ചോദ്യങ്ങളുടെ തുടർച്ച നഷ്ടമായി, ഉത്തരങ്ങൾ എവിടെയ്ക്കാണ് നയിക്കുന്നതെന്നോ, എന്ത് ചിത്രമാണ് വരയ്ക്കുന്നതെന്നോ വ്യക്തമായതുമില്ല. ക്യാപ്റ്റൻ്റെ തന്ത്രപരമായ ചോദ്യങ്ങൾക്ക് മറുപടിയായി അനന്തു ആ വീടിൻ്റെ രൂപരേഖയും, മുറികളുടെ വിന്യാസവും, ലൈറ്റുകളുടെ സാന്നിദ്ധ്യവും, സ്വിച്ചുബോർഡ്ഡുകളുടെ പൊസിഷൻ വരെ പറഞ്ഞുകേൾപ്പിച്ചു; സംശയത്തോടെനോക്കിയ മനോജിനെനോക്കി കണ്ണിറുക്കി അവൻ അവരെ യാത്രയാക്കി. സ്കൂട്ടർ സ്റ്റാർട്ടാക്കി അവർ യാത്ര തുടങ്ങുമ്പോൾ കാര്യറിൽ പിടിച്ചുനിർത്തിക്കൊണ്ട് അവൻ ഒരു ചോദ്യം കൂടി ചോദിച്ചു

" പിന്നിലെ വാതിൽതുറന്നാൽ ഇടതുവശത്ത് മേശയുടെ മുകളിലുള്ള സ്വിച്ചുബോർഡ്ഡിൽ പുറത്തെ ലൈറ്റിൻ്റെ സ്വിച്ച് എത്രാമതാണ്?"

ഒന്നും മനസ്സിലാകാതെ അമ്പരന്ന അനന്തു വിക്കിവിക്കിപ്പറഞ്ഞു

"ഏഴാമത്.. അവസാനം"

"ഉം. മനോജേ, നമ്മുടെ ചന്ദ്രാപ്പി അടിക്കുന്ന സ്പ്രേ ബ്രൂട്ടല്ലേ? ങാ.. അത് ഞാൻ സംഘടിപ്പിച്ചോളാം, നീ വിട്ടോ.."

ക്യാപ്റ്റൻ്റെ പ്ളാനിംഗ് അടുത്തറിയാവുന്ന എൽ.എൽ.ബിക്കാരൻ മനോജിൻ്റെ ചുണ്ടുകളിൽ, സ്ക്കൂട്ടർ ഗിയർ മാറ്റി മുന്നോട്ടെടുക്കുമ്പോൾ ഒരു ഗൂഢസ്മിതം പടർന്നിരുന്നു.

അവരെ യാത്രയാക്കിയശേഷം അവൻ ആദ്യം തയ്യൽക്കടയിലെ ചന്ദ്രൻ്റെ ബ്രൂട്ട് കുപ്പിയോടെ പൊക്കി, പിന്നീട് കുഞ്ഞമ്മയുടെ വീട്ടിൽകയറി അനിയൻ്റെ ഹീറോഹോണ്ട ബൈക്കെടുത്ത് ക്ഷേത്രത്തിലെത്തി, അവിടെ ഒഴിഞ്ഞുകിടന്ന കമ്മറ്റിയാഫീസിൽ കയറിയിരുന്ന് ആ കത്ത് വിശദമായി ഒരിക്കൽ കൂടി വായിച്ചു....

"പൊന്നേ.. ലതീ..."

തുടക്കം കസറി! എന്നാലും 'ലതീ' ഒരു സ്ത്രൈണ്യതയില്ലേ? ആ പേരിൽ..

"നീ നാളെ പോവുകയല്ലേ? ഇനിയെന്നാണ് വരുന്നതെന്ന് നീ പറയുന്നുമില്ല, വന്നാൽ വന്നുവെന്നൊക്കെപ്പറഞ്ഞ് നീ എന്നെ സങ്കടപ്പെടുത്തി, ദുഷ്ടൻ. എനിക്കറിയാം നീ ആളാകെ മാറിപ്പോയി, എൻ്റെ ലതിയിങ്ങനല്ല, ആരൊക്കെയോ ചീത്തക്കൂട്ടുകാർ നിന്നെ പിരികേറ്റിവിട്ടതാണ്, അല്ലെങ്കിൽ ഇങ്ങനെ നീ...

നിന്നോടെന്തു മറുപടി പറയണമെന്നറിയില്ല, നിൻ്റെ പിടിവാശിക്കു ഞാൻ വഴങ്ങാത്തതിനാൽ നീ പട്ടാളക്കാരൻ്റെ ഡ്യൂട്ടിയും, മരണവും, ശവപ്പെട്ടിയിലെ മടക്കവുമൊക്കെ പറഞ്ഞെൻ്റെ ഭയപ്പെടുത്തിയല്ലേ? നിനക്കെന്താ ഇപ്പോൾ പറ്റിയത്? എന്തിനാ ഇങ്ങനെ വാശിപിടിക്കുന്നത്? ജോയിസിയുടെ കല്യാണം ഉടനുണ്ടാകും, അതുകഴിഞ്ഞാൽ എൻ്റേതാവും, പക്ഷേ ഞാൻ സമ്മതിക്കില്ല, എന്തുസംഭവിച്ചാലും ഞാൻ നിനക്കായി കാത്തിരിക്കും, എൻ്റെ കല്യാണം പള്ളിയിലോ, അമ്പലത്തിലോ, രജിസ്റ്റ്രാർകച്ചേരിയിൽ ആയാലും അത് നിന്നോടൊപ്പം ആയിരിക്കും, ഞാൻ നിനക്കുള്ളതാണ്; അതെന്നായാലും.

ഒന്നരമാസം കഴിഞ്ഞുപോയതറിഞ്ഞില്ല, എന്നും ഉണരുന്നത് നിന്നെ കാണാമെന്നോർത്തായിരുന്നു, ഉറങ്ങുന്നത് നിന്നെ സ്വപ്നം കണ്ടും, എൻ്റെ പൊന്നിനൊന്നും പറ്റില്ല, സുഖമായിരിക്കും എവിടെ പോയാലും, ഞാൻ എപ്പോഴും പ്രാർത്ഥിക്കും നിനക്കായി, എല്ലാ ഞായറാഴ്ച്ചയും മെഴുകുതിരികത്തിക്കും. 

എനിക്ക് നിന്നെ എൻ്റെ ജീവനെക്കാളും സ്നേഹവും, വിശ്വാസവുമാണ്, പക്ഷേ നിനക്കതില്ല, അതിനാലാണല്ലോ നീ ഇത്തവണ പോകുന്നതിനുമുമ്പേ ഇങ്ങനെയൊക്കെ വേണമെന്ന് പറയുന്നത്. നിനക്കായി ഞാൻ കാത്തിരിക്കുമെന്ന് നീ വിശ്വസിക്കുന്നില്ല, അതല്ലേ എൻ്റെ ശരീരം സ്വന്തമാക്കി അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. നീ എൻ്റെ ശരീരം നിൻ്റെ സീലടിച്ച കടലാസാക്കനാണോ ഉദ്ദേശം? 

കഴിഞ്ഞ പ്രാവശ്യം നീ എന്നെ എന്തുധൈര്യത്തിലാ ആ ഇടവഴിയിൽ വച്ചു കെട്ടിപ്പിടിച്ച് ഉമ്മവച്ചത്? ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്തായേനേ? ഞാൻ ആകെ പേടിച്ചുപോയി, തൊണ്ടവരണ്ടിട്ട് ശബ്ദവും പുറത്തുവന്നില്ല, എന്നാലും നിൻ്റെ ആ ബ്രൂട്ട് സ്പ്രേയുടെ മണം എനിക്കൊത്തിരി ഇഷ്ടമായി.

ശരി ഞാൻ എതിരു പറയുന്നില്ല, ഈ ശരീരവും, മനസ്സുമെല്ലാം എന്നെന്നും നിനക്കുള്ളതാണ്, എങ്കിലും എൻ്റെ ആഗ്രഹം നിൻ്റെ മണവാട്ടിയായി വരുമ്പോൾ എല്ലാ പരിശുദ്ധിയോടെയും ആവണമെന്നും, മിന്നുകെട്ടി നീ എൻ്റെ എല്ലാം സ്വന്തമാക്കണമെന്നുമാണ്. മനസ്സില്ലാമനസ്സോടെ ഞാൻ ഇതുസമ്മതിക്കുന്നത്, നിനക്കെന്നെ വിശ്വാസമില്ലാത്തതിനാലാണ്, നീ എന്നോട് ചോദിച്ചല്ലോ നിന്നെ വിശ്വാസമില്ലേ? എന്ന്, വിശ്വാസമില്ലാത്തതുകൊണ്ടാണ് ഞാൻ നിൻ്റെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തതെന്ന്? എനിക്ക് എന്നെക്കാൾ, ലോകത്തിലെ എന്തിനേക്കാളും വിശ്വാസമാണെന്ന് നിന്നെ വിശ്വസിപ്പിക്കാൻ ഞാൻ നിൻ്റെ ഇഷ്ടം സമ്മതിക്കുന്നുവെന്നേയുള്ളൂ.

അപ്പുറത്തെ മുറിയിൽ ഇച്ചായനും അമ്മച്ചിയുമുണ്ട്, അടുത്തതിൽ ജോയിസിയും, എൻ്റെ മുറിയിൽ അനിയത്തിമാർ രണ്ടുമുറങ്ങുന്നുണ്ടാവും, അറിയാമല്ലോ? നീ പുറകുവശത്തെ വഴിയിലൂടെ വന്ന്, കഴിഞ്ഞതവണ നീ ലീവുകഴിഞ്ഞുപോയതിൻ്റെ തലേരാത്രിയിൽ വന്ന് എന്നോട് യാത്രപറഞ്ഞ, എൻ്റെ കൈകളിൽ ഉമ്മവച്ച, ആ ജന്നലിലിൻ്റെ പാളിയിൽ പൂച്ച മാന്തുന്നതുപോലെ ഒരുവട്ടം മാന്തിയാൽ ഞാൻ വന്നുകതകുതുറക്കാം, ഒരു പതിനൊന്നുമണി കഴിഞ്ഞുമതി. ഞാൻ ഉണർന്നിരിക്കും, ഒരുവട്ടം മാന്തിയാൽ മതി. അന്നത്തെപ്പോലെ മൂലയിലെ ലൈറ്റ് ഓൺ ആണെങ്കിൽ നീ വരരുത്, അപകടമാടാ അതറിഞ്ഞ് തിരിച്ചുപോണേടാ, ഞാൻ നാളെ സ്റ്റേഷനിൽ വരാം നമുക്ക് കാണാം, ഇത്തവണ വിധിച്ചിട്ടില്ലെന്ന് കരുതണം, മനപ്പൂർവ്വം നിന്നെ അകറ്റാൻ ഞാൻ ലൈറ്റിട്ടതാനെന്ന് കരുതല്ലേ.. ലൈറ്റില്ലെങ്കിൽ കുറ്റാക്കുറ്റിരുട്ടാകും, ഇന്നലെ കറുത്തവാവായിരുന്നല്ലോ? നീ വരൂ, ഞാൻ കാത്തിരിക്കാം, പക്ഷേ ശബ്ദമുണ്ടാക്കരുത്, ഒരക്ഷരം മിണ്ടരുത്, ഞാനും മിണ്ടില്ല, ആ സാധനത്തിനു ഭയങ്കര ചെവിയാ, എന്നെ കൊല്ലും. 

ഒത്തിരിസ്നേഹത്തോടെ എൻ്റെ പൊന്നിൻ്റെ വെള്ളരിപ്രാവ്"

"കൊള്ളാം, അക്ഷരത്തെറ്റില്ലാതെ എഴുതിയിരിക്കുന്നു, ഇവൾ പറഞ്ഞുകേട്ടതുപോലെ സുന്ദരിമാത്രമല്ല, വിദ്യാഭ്യാസവും, വിവരവും ഉള്ളവൾ ആണ്"

അവൻ്റെ ആ ആത്മഗതത്തെ മുറിച്ചുകൊണ്ട് പൂജാരിയുടെ ചോദ്യം കാതിൽ വീണു

"ഇന്നൊറ്റക്കേ ഉള്ളോ മോനേ? ഞാൻ മുറിയടയ്ക്കുകയാണ്, പൂട്ടി താക്കോൾ ശാലിനിയിൽ കൊടുത്തേയ്ക്കൂ"

"ഏയ്യ്, ഞാൻ അശോകനെ കാത്തിരിക്കുകയാണ്, അവനിപ്പോൾ വരും, പൂട്ടിക്കൊള്ളൂ, ഞാൻ ഇറങ്ങുകയാണ്"

അവനത് പറഞ്ഞതും അശോകനെത്തി, അവരിരുവരും ബൈക്കിൽ യാത്രയായി, വഴിയിൽ വച്ച് അവൻ അശോകനോട് എങ്ങും തൊടാതെ കാര്യം പറഞ്ഞു

"എടാ, നീ ആ ഹേമചന്ദ്രൻ-പ്രേമചന്ദ്രൻ_ രാമചന്ദ്രൻ ബ്രദേഴ്സിൻ്റെ വീടിൻ്റെ പുറകിലെ പുരയിടത്തിൽ ഒന്ന് കാത്തുനിൽക്കണം, നമുക്ക് ബൈക്ക് എൻ.എച്ചിൽ ഓഫാക്കി തള്ളിക്കൊണ്ടുപോകാം ഇടവഴിയിലൂടെ, പിന്നെ നീ ആ വിറകുപുരയുടെ മുന്നിൽ നിൽക്കണം, ഞാൻ മടങ്ങിവരുന്നതുവരെ"

"അതുവേണോ? എടാ അവിടെ ഒന്നുരണ്ട് പ്രശ്നമുണ്ടായി, സർക്കാർബ്രാഹ്മണരുടെപീഡനം ജാമ്യമില്ലാ വകുപ്പാണു മോനേ.."

അശോകൻ മറ്റൊന്നാണ് കരുതിയത്.

"ശ്ശേ .. അതല്ലെടാ.. അത്തരം ഞാൻ എടുക്കറില്ലെന്ന് നിനക്കറിയില്ലേ? ഇതുവേറേ.. നാളെപ്പറയാം, ഇപ്പോൾ ആക്ഷൻ.."

"യെസ്സ്, ക്യാപ്റ്റൻ" അശോകൻ വിനീതവിധേയനായി.

പിന്നെന്തുണ്ടായിരിക്കാം?

ഒരു പട്ടാളക്കാരനെപ്പോലെ പറ്റെവെട്ടിയ മുടിയും, ക്ളീൻഷേവുമായി, ബ്രൂട്ട് പെർഫ്യൂം പൂശിയ ഷർട്ടും, ഇരുളിൽ തിരിച്ചറിയാത്ത് ലുങ്കിലും ധരിച്ച്, അവൻ ആ കയ്യാലയുടെ മുകളിലൂടെ ഒരു കാറ്റായി കടന്നുപോയിരിക്കാം... അവളുടെ ജാലകത്തിൽ മാർജ്ജാരരൂപേണ വിരൽനഖങ്ങളാൽ പെരുമ്പറകൊട്ടിയിരിക്കാം... അവൾ ആ വാതിൽ അവനായി തുറന്നിരിക്കാം... അവൻ ആ കതകടച്ച് അവൾ നയിച്ച വഴിയിലൂടെ മുന്നോട്ട് മന്ദം മന്ദം നയിക്കവേ... ഇടതുവശത്തെ മേശയുടെ മുകളിലെ സ്വിച്ചുബോർഡിലൂടെ അവൻ്റെ വിരലുകൾ എണ്ണം പറഞ്ഞ് ഏഴാമത്തേതിൽ അമർന്നിരിക്കാം... ഒന്നും ക്യാപ്റ്റൻ ചാൻസ്സിനായി വിടാറില്ലായിരുന്നല്ലോ? ഒരുപക്ഷേ കത്ത് കിട്ടാത്തവൻ വന്നാൽത്തന്നെ അവനുള്ള മടക്കടിക്കറ്റ് ആ മൂലയിലെ ലൈറ്റാണല്ലോ? നാഗങ്ങൾ മാറാടുന്ന ആ മകരത്തിലെ പൊടിക്കാലത്ത് അവർ വികാരത്തിൻ്റെ ആയിരം ഫണങ്ങൾ വിതുർത്താടിയിരിക്കുമോ? അവൻ നിശബ്ദനാായി വാക്കുപാലിച്ചെങ്കിലും അവളാകുന്ന വീണയിൽ അവൻ്റെ വിരലുകൾ വീണമീട്ടിയിരിക്കാം, ചുണ്ടുകളാൽ സപ്തസ്വരങ്ങൾ ഉണർത്തിയിരിക്കാം. അവൾ കന്യകയായിരുന്നല്ലോ.. അതിനാലാണ് കിടക്കവിരിയിൽ രക്തം കണ്ട ജോയിസി അവളോട് "നീ എന്താ മറന്നുപോയോ? അതോ നേരത്തെയായോ?" എന്ന് ചോദിച്ചത്. തിരിച്ചുപോകുമ്പോൾ അവൻ എന്തിനാണാ ഏഴാമത്തെ സ്വിച്ചിൽ വീണ്ടും വിരലമർത്തിയതും ആ മൂലയിലെ ലൈറ്റ് അണച്ചുകളഞ്ഞതും?

എന്തായാലും ക്യാപ്റ്റൻ ആ കഥ അശോകനോട് പറഞ്ഞില്ല, മനോജിൻ്റെ ചോദ്യങ്ങൾക്ക് ഒന്നും നടന്നില്ല, പണിപാളി എന്നേ മറുപടി പറഞ്ഞുള്ളൂ... 

ലതീശൻ കരുനാഗപ്പള്ളിയിൽ നിന്നാണ് വിവാഹം കഴിച്ചത് ഒരു സുഷമയെ, അവർക്ക് രണ്ടുമക്കളുണ്ട്, ഇപ്പോൾ കോളേജിലായി, ജോയിസിയുടെ അനുജത്തി സുവിശേഷപ്രവർത്തകയായി റായ്ഗഡ്ഡ് ജില്ലയിലേയ്ക്ക് പോയി എന്നതാണ് ഒടുവിൽ അറിഞ്ഞവാർത്ത. ക്യാപ്റ്റൻ പിറ്റേദിവസം അറവുകാട് ഹൈസ്ക്കൂൾ മൈദാനത്ത് ആലപ്പുഴ റോയൽച്ചലഞ്ചേഴ്സിനെതിരേ ഓപ്പണറായിറങ്ങി അവസാനവിക്കറ്റ് ബാക്കിനിൽക്കേ ടീമിനെ വിജയിപ്പിച്ചു, "നീയെൻ്റെ മാനം കാത്തെടാ മോനേ.." എന്ന ആക്രോശത്തോടെ ഓടിവന്ന വളവനാട്ടെ രഞ്ജിത്തിൻ്റെയും സംഘത്തിൻ്റേയും കെട്ടിപ്പിടുത്തവും, ചുംബനങ്ങളും ആസ്വദിച്ച് നിൽക്കുന്ന കാഴ്ച്ചവരെയേ എനിക്കോർമ്മയുള്ളൂ.... 

No comments:

Post a Comment