സംഭവം നടക്കുന്നത് 2006 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച്ചയുടെ സായാഹ്നത്തിൽ.... കള്ളിക്കാട് വിസിറ്റ് കഴിഞ്ഞ് നയ്യാർ ഡാമിലെത്തിയപ്പോൾ കാളിപ്പാറ ശുദ്ധജലപ്ളാൻ്റ് കൂടി ഒന്നു നോക്കിപ്പോകാമെന്ന് തോന്നി. പ്ളാൻ്റിൻ്റെ പിന്നിൽ ഇറങ്ങി കാളിപ്പാറയിൽ നിന്നാൽ ഒരുവശത്ത് നെയ്യാർ ഡാമും, റിസർവ്വയറും കാണാം, സമീപവശത്ത് അഗസ്ത്യാർകൂടവും അവിടെയുള്ള ചെറിയ വെള്ളാച്ചാട്ടവും പച്ചപ്പിൽ വെളുത്ത ചായംപൂശിയതായും, അതിൽ നിന്നൊഴുകിയിറങ്ങുന്ന ആ അരുവി വെള്ളിനൂലുപോലെയും കാണാം. കാട്ടുചുണ്ടയും, എരുക്കും, രുദ്രാക്ഷവും, തുളസ്സിയുമൊക്കെ തഴുകിവരുന്ന ആ കുളിർകാറ്റിനു വല്ലാത്ത വശ്യതയാണ്. അതാസ്വദിച്ചങ്ങനെ നിൽക്കുമ്പോഴാണ് പ്രോജക്ടിനായി കെട്ടിയ ക്വാർട്ടേഴ്സുകളിൽ അവസാനത്തേതിൽ നിന്നും ചിരിയും അട്ടഹാസങ്ങളും ചെവിയിൽ വീണത്, ഏറ്റവും നല്ലയിടത്തുള്ള അവിടെനിന്ന് നോക്കിയാൽ നെയ്യാർ കാഴ്ച്ച മനോഹരമാണ്. അടുത്തു നിന്ന ഓവർസീയർ രാജേന്ദ്രൻ്റെ മുഖത്തേയ്ക്ക് നോക്കി, പെട്ടെന്ന് മറുപടി വന്നു
"ഹരിസാറും, വിജയൻസാറും പാർട്ടിയാണ്"
നാടകകൃത്തും ഓഫീസ്സ് സൂപ്രണ്ടുമായ ഹരിയും, സീനിയർ ക്ളാർക്ക് വിജയനും.. ഇടയ്ക്ക് പ്ളാൻറിലെ താക്കോൽ വാങ്ങും, സ്റ്റാഫിനിവിടെ ചെറിയ ആഘോഷമൊക്കെ നടത്താൻ ഞാൻ അനുവദിക്കാറുണ്ട്. അതിനാൽ തന്നെ അങ്ങോട്ട് പോകാതെ തിരിച്ചുനടന്നു. പിന്നിൽ നിന്നും
"സാറേ ഇതുവരെ വന്നിട്ടുപോകൂ, ഒരാളെ പരിചയപ്പെടാം"
എന്ന വിളികേട്ട് നോക്കിയപ്പോൾ ഹരിയാണ്. അകത്ത് ആഘോഷത്തിൻറെ സെറ്റപ്പാണ്, നാലുപേർ ഉണ്ട്, സുദർശ്ശനൻ അടുത്ത സെക്ഷനിലെ ഓവർസീയർ ആണ്. പിന്നീടുള്ള ആളിനെ പിടികിട്ടിയില്ല.
ഹരി ചിരിച്ചുകൊണ്ട് അയാളോട് പറഞ്ഞു
"സാറിനു പാട്ടിൻ്റെ കമ്പമുണ്ട്, ഇടക്ക് ബില്ല് ചെക്കിങ്ങിനിടയിൽ ഞങ്ങൾക്കായി പാടും,"
അപരിചിതൻ ചിരിച്ചു, 60 നടുത്ത് പ്രായം തോന്നുന്നു, ഒരാഢ്യത്തമൊക്കെയുണ്ട്. എൻ്റെ സംശയം കണ്ട ഹരി സസ്പ്പെൻസ്സ് പൊട്ടിച്ചു
"സാറേ... നിന്നെപ്പുണരാൻ നീട്ടിയ കൈകളിൽ..."
അത്രയും പറയാനേ ഞാൻ അനുവദിച്ചുള്ളൂ
"വെള്ളനാട് നാരായണൻ... ഹോ"
ഞാനാ കൈകൾ പിടിച്ചു കുലുക്കി, പിന്നെ അവരോടൊപ്പം ഇരുന്നു. കുറച്ചുനേരം കുശലങ്ങൾ പറഞ്ഞു, ഒടുവിൽ ഒരു ചോദ്യം ചോദിച്ചു..
"സാറേ... ഞാൻ എന്നും ആലോചിക്കുന്ന ഒരു വരിയുണ്ട് ആ പാട്ടിൽ "ഏതോ മൃദുലദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ?" അതെഴുതിയ സമയത്ത് താങ്കളുടെ മനസ്സിൽ ഏതു ദലവും, ഏതു മണവും ആയിരുന്നു?"
കുനിഞ്ഞിരുന്ന് വായിലിട്ട മിശ്ചർ ചവച്ചിറക്കി, മുഖമുയർത്തി മറുപടി തന്നു
"പദവികൊണ്ട് ഇവിടിപ്പം സാറെങ്കിലും, നിനക്കെൻ്റെ മകനാകാനുള്ള പ്രായം മാത്രമേയുള്ളൂ... "
പിന്നെ ഒരു ചിരി, നേരത്തെ ചിരിച്ച ചിരിയല്ല, മുഖത്തിൻ്റെ പാർശ്വഭാഗം കൊണ്ട്, ഊറിഊറി ഒരു ചിരി..
എനിക്കെൻ്റെ ഉത്തരം ലഭിച്ചുകഴിഞ്ഞിരുന്നു....
വെള്ളനാട് രചിച്ച്, എ. ടി. ഉമ്മർ സംഗീതം നൽകി യേശുദാസ് ആലപിച്ച ഈ ഗാനം സരസ്വതീയാമം സിനിമയിലേതാണ്.
കടുത്ത ജീവിതയാഥാർത്ഥ്യങ്ങളിലൂടെ പ്രണയത്തിൻ്റെ വയലുകളിൽ വരൾച്ച ബാധിച്ചശേഷം, വിണ്ടുണങ്ങി വെടിഞ്ഞ മടക്കുകളിൽ നനവിൻറെ കുളിരും, നിനവിൻറെ ആർദ്രതയും, തളിരുകളുടെ നിഴലും തിരയുന്ന പഥികൻ്റെ യത്രയും, നഷ്ടസ്വപ്നങ്ങളും വല്ലാതെ സ്പർശ്ശിക്കുന്ന ഗാനം..
പുണരാൻ നീട്ടിയ കൈകളിലും, തഴുകാൻ പാടിയ പാട്ടിലും വേദനകലരുന്നത്, അവളുടെ മന്ദഹാസവും, മുഗ്ധരാഗവും ദുഃഖത്തിൻ്റെ അശ്രുബിന്ദുവായി മാറിയതിനാലാണ്.
ചുംബിച്ചുണർത്തുവാൻ പൂമുട്ടുകൾ തേടിയ പേലവാധരം ദാഹരഹിതമായിരിക്കുന്നു, അംഗുലികളുടെ മൃദുസ്പന്ദനത്തിൽ പൂത്തിരുന്ന പുളകങ്ങളുടെ പൂങ്കാവനങ്ങൾ കരിഞ്ഞുണങ്ങി, അവയിലുണർന്നിരുന്ന മോഹനരാഗങ്ങൾ മാഞ്ഞ് സംഗീതം ഒരോർമ്മമാത്രമാകുന്നു.
അപ്പോഴും മാധവം ആ ജീവിതവീഥിയിൽ ബാക്കി നിൽക്കുന്നു, വഴിതെറ്റി വന്ന ആ വസന്തത്തിൻ്റെ മുന്നിൽ മൂകമായി വിഷാദതുഷാരമായി നിൽക്കുന്ന അവൾ, മുമ്പെങ്ങോ മൃദുലദലങ്ങളിൽ നേടിയ തേനും, അതിൻ്റെ മണവും മറന്നുപോയോ?
ഒരുകാലത്ത് അവളാകുന്ന പനിനീർപ്പൂവിൽ നിറഞ്ഞുനിന്ന മധുവും, പരിമളവും അവൾ ഓർക്കുന്നുണ്ടോ എന്നാണോ?
അതോ അവളാകുന്ന പുഷ്പ്പത്തിലെ മൃദുലദലങ്ങളിൽ ( അതെനിക്കറിയില്ല, ആവശ്യമുള്ളവരു കണ്ടുപിടിച്ചോളീ..") നേടിയ, അത്താണ് ... ഉറഞ്ഞതല്ല നേടിയ തേനും, അതിൻ്റെ മണവും, ഈശ്വരാ... അതെന്തൂട്ട് മണം?
ഞാൻ സുല്ലിട്ടു, അന്ന് രചയിതാവെന്നെ എന്തിനാവും അങ്ങനെ വട്ടം കറക്കിയത്?
ഇന്ന് ഞാൻ നിങ്ങളെ എന്നോടൊപ്പം കറക്കുന്നു, ശിഷ്യഗണങ്ങളേ...
ഗാനം ആസ്വദിക്കൂ....
"നിന്നെ പുണരാൻ നീട്ടിയ കൈകളിൽ
വേദനയോ വേദനയോ...
നിന്നെ തഴുകാൻ പാടിയ പാട്ടിലും
വേദനയോ വേദനയോ...
നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും
ബിന്ദുവായോ അശ്രുബിന്ദുവായോ...
ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ
ചുണ്ടുകൾ ദാഹം മറന്നുപോയോ....
അംഗുലിയാൽ മൃദുസ്പന്ദമുണർന്നിട്ടും
സംഗീതമെല്ലാം മറന്നുപോയോ...
മാധവമെത്തിയ ജീവിതവാടിയിൽ
മൂകവിഷാദതുഷാരമോ നീ....
ഏതോ മൃദുലദലങ്ങളിൽ നേടിയ
തേനും മണവും മറന്നു പോയോ...."
No comments:
Post a Comment