Tuesday, September 18, 2018

ഹയ്യേ .. കൊണ്ടില്ലല്ലോ!!!

എനിക്കറിയാം ഞാൻ നിങ്ങളോട് ഒരുകഥപറഞ്ഞിട്ട്  ഒരുപാടുനാളായീന്ന്, എന്തുചെയ്യാനാണ്? കഥ ഇല്ലാഞ്ഞിട്ടല്ല, എഴുതാഞ്ഞിട്ടുമല്ല, സമയവും മലയാളവും ഏറെ പാഴാക്കി ഗൂഗിൾ എഴുത്തിൽ... എന്തുപ്രയോജനം? എഴുതിക്കുറച്ചാവുമ്പോൾ നാണ്വാര് കയറിയൊരു വരവുണ്ട്. വന്നപാടേ ഒരു ചോദ്യവും 

"ഇതൊക്കെ ഒരു കഥയാണോടേ? നിന്നെപ്പോലുള്ളവനൊക്കെ ഇങ്ങനെ എഴുതുന്നതിനാലല്ലേ കണ്ട ഇട്ടൂപ്പുമാരൊക്കെ കയറിയെഴുതുന്നത്? മായ്ച്ച് കളഞ്ഞോ വേഗം.."

അങ്ങനെ കുറച്ചായപ്പോൾ എനിക്ക് എഴുതാൻ താൽപ്പര്യമില്ലാതായി, എഴുതിയിട്ടെന്ത് പ്രയോജനം? നാണ്വാര് ഡിലറ്റും..... ഇന്നലെ ആകസ്മികമായാണ് കിംസ്സ് ആശുപത്രിയിൽ നിന്നും ഇറങ്ങി വരുന്ന ഉദയനെ കണ്ടത്. എത്രയോ കാലങ്ങൾക്ക് ശേഷമാണ് എൻ്റെ ബാല്യകാലസുഹൃത്തിനെ കാണുന്നത്, അവനുമായി സംസാരിച്ചിരുന്നപ്പോൾ പഴയ കാലത്തിലേയ്ക്ക് മനസ്സ് സഞ്ചരിച്ചു, ഒരായിരം കഥകൾ ഓർമ്മവന്നു, എങ്കിലും നിങ്ങളോട് പറയുന്നതിനു മുമ്പായി നാണ്വാരോട് പറയാമെന്നുകരുതി, വെറുതേ സമയം മെനക്കെടുത്തേണ്ടല്ലോ? 

"അവൾ വിവശയായിരുന്നു, അവന്റെ കാര്യത്തിൽ എനിക്കത്ര നിശ്ചയം പോരാ...

ഒന്നറിയാം ഒരിക്കൽ അവർ തമ്മിൽ അഗാധമായ പ്രണയത്തിലായിരുന്നു. ആരാ ഈ അവരെന്നല്ലേ? എന്റെ ബാല്യകാലസുഹൃത്തുക്കളാണ്, ഉദയകുമാറെന്ന ഉദയനും ശ്രീലതയെന്ന ലതയും."

അത്രയും പറഞ്ഞപ്പോൾ നാണ്വാർക്ക് ഒരു മുഷിവും കണ്ടില്ല, എന്നാൽ ഒരു ചോദ്യം ഉണ്ടായി

"നിൻ്റെ കഥയ്ക്ക് ഒരു പേരുണ്ടോടേ???"

വേഗം ഞാൻ മറുപടി പറഞ്ഞു

"ഉണ്ടേ..ഉണ്ടേ...  ഹയ്യേ .. കൊണ്ടില്ലല്ലോ.."

"ങേ... അതു മുഷിയില്ലാട്ടാ.. നീ പറയെടാ..."

നാണ്വാരുടെ അനുമതിയോടെ ഞാൻ പറഞ്ഞുതുടങ്ങി

ഒരു പൊക്കം കുറഞ്ഞ വേലി, അതും ശീമക്കൊന്നപ്പത്തലുകളും കടലാവണക്കും ഇടവിട്ട് വളർന്നതിനെ ഒന്നോരണ്ടോ മടൽപ്പൊളികൾ കൊണ്ട് ബന്ധിച്ചത്, അതിനപ്പുറം ഒന്നും വേർതിരിച്ചിരുന്നില്ല ആ കുടുംബാംഗങ്ങളെയും അവിടെ താമസിച്ചിരുന്ന മനുഷ്യരേയും. ഉദയന്റെ അച്ഛൻ കരുണൻ സഖാവ് ആ പ്രദേശത്തെ പ്രമുഖ പാർട്ടിപ്രവർത്തകനായിരുന്നു, അമ്മ സുമതിയും ഭർത്താവിനേക്കാൾ ഒരുപടി കടന്ന പാർട്ടിപ്രവർത്തക, സ്വാഭാവികമായി ഉദയനും ചേച്ചി കമലയും പാർട്ടിയുടെ യുവജനവിഭാഗത്തിലെ പ്രധാനകണ്ണികളും.

ലതയുടെ അച്ഛനുമമ്മയും സർക്കാരുദ്യോഗസ്ഥരായിരുന്നു. ഉദയൻ ഒന്നരവർഷം മുമ്പേയാണ് ജനിച്ചതെങ്കിലും സ്ക്കൂളിൽ അവർ രണ്ടുവർഷം വ്യത്യാസത്തിലാണ് പഠിച്ചത്. ഒരു മുറ്റത്തെ കളിക്കൂട്ടുകാരായ അവരുടെ സൗഹൃദം ഹൈസ്ക്കൂൾ കാലഘട്ടത്തിൽ പ്രണയത്തിലേക്ക് കൂറുമാറി. പിന്നീട് അവൻ പ്രീഡിഗ്രിക്ക് അവൾ ഹൈസ്ക്കൂളിൽ, അവൻ ഡിഗ്രിക്ക് അവൾ പ്രീഡിഗ്രിക്ക്, അങ്ങനെ അവരോടൊപ്പം ആ പ്രണയവും വളർന്നു. ഒടുവിൽ ഒന്നിച്ചുജീവിക്കുവാൻ വരുമാനം കണ്ടെത്താൻ അവൻ യാത്രയായി, കൊച്ചിൻ ഷിപ്പ്യാർഡിന്റെ കൺസ്യൂമർ സ്റ്റോറിൽ ജോലിക്ക് ചേർന്ന അവൻ, ഒരു മികച്ച പദവിക്കും കുടുംബജീവിതത്തിനുമായി കമ്മോഡിറ്റി മാർക്കറിംഗിന്റെ പുതുലോകംതേടി  "സാപ്പ്" പഠിക്കുവാൻ ബാംഗ്ലൂരിലേക്ക് പോയി. ലത അവളുടെ അവസാനവർഷ ഡിഗ്രിപരീക്ഷ കഴിഞ്ഞു ഫലവും വന്ന് പി.എസ്.സി പരീക്ഷകൾ എഴുതി ജോലികാത്തിരുന്നു.

ഇതിനിടെ അവരുടെ എത്രയോ പ്രണയരംഗങ്ങൾക്കും കലഹങ്ങൾക്കും ഞാൻ സാക്ഷ്യം വഹിച്ചു. ഉദയൻ എല്ലാം എന്നോട് പറയാറുണ്ട്, ഞാൻ വേണ്ടാത്ത ഉപദേശങ്ങൾ വാരിക്കോരി നൽകി, അവൻ തികഞ്ഞ മര്യാദക്കാരൻ ആയതിനാൽ അതൊന്നും അങ്ങോട്ടേറ്റില്ല. വിശുദ്ധപ്രണയമല്ലയോ? വിരലിൽ ഒന്നുതൊട്ടാൽമതി എല്ലാം തികഞ്ഞു. കല്യാണമണ്ഡപത്തിൽ കാമിനി പരിശുദ്ധയാവണം. ശ്ശോ.. ഇവനെക്കൊണ്ടു ഞാൻ തോറ്റു!!!

എങ്കിലും അത്രമേൽ മാംസബദ്ധമല്ലാത്ത അനുരാഗമായിരുന്നോ അത്?

കുറിച്ചിക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച താലപ്പൊലിക്ക് പോയ ആ സന്ധ്യയ്ക്ക്, ഗാനമേള കേൾക്കാൻ അതോ കാണാനോ? ആ എന്ത് കുന്തമെങ്കിലുമാകട്ടേ.. അവർ നിന്നില്ല. ആറ്റിൻ്റെ ബണ്ടിലൂടെ അവർ കൈകോർത്തു നടന്നു. ആളൊഴിഞ്ഞ ആ പാടശേഖരത്തിൻ്റെ അതിരിലെ മോട്ടറുതറയിൽ അവരൽപ്പം വിശ്രമിച്ചു. ഇഞ്ചൻതറയെന്നാൽ പാടശേഖരത്തിലെ വെള്ളം പമ്പുചെയ്ത് ആറ്റിലേക്ക് കളയുവാനുള്ളതാണ്. അവിടെ ഒരു ചെറിയ ഷെഡ്ഡും, അതിനുള്ളിൽ താഴിട്ടുപൂട്ടിയ ഒരു വലിയ പെട്ടിയുമുണ്ടായിരുന്നു, അതിൽ പമ്പിൻ്റെ സ്പെയറും, ടൂൾസ്സുമാണുള്ളത്. രണ്ടാൾക്ക് ഞെരുങ്ങിക്കിടക്കാവുന്ന ആ പെട്ടിക്ക് മുകളിൽ അവരിരുന്നു, അല്ല അവനിരുന്നു അവൾ അവനോട് ചേർന്നുനിന്നു. അവർ പരസ്പരം ആലിംഗനവും, ചുംബനങ്ങളും കൊണ്ടുപൊതിഞ്ഞു, അവൾ മെല്ലെ ആ പെട്ടിയുടെ മുകളിൽ കിടന്നു, അവനെ അവളിലേക്ക് വലിച്ചടുപ്പിച്ചു, ഇരുവരുടേയും ശ്വാസഗതി ഉയർന്നു, ഹൃദയം ഉറക്കെമിടിച്ചു, വികാരങ്ങൾ തീപ്പൊരിയായിച്ചിതറി. അവളുടെ മുകളിൽ അമർന്ന അവൻ പെട്ടെന്ന് എണീറ്റുമാറിക്കൊണ്ടവളോട് പറഞ്ഞു

"ഇതൊന്നും പാടില്ല, നീ നമ്മുടെ വിവാഹനാളിൽ കതിർമണ്ഡപത്തിലും പരിശുദ്ധയാവണം, നമ്മുടെ വീട്ടുകാർ തന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നത് അവരോടുള്ള വിശ്വാസവഞ്ചനയാണ്."

തന്നിലെ സ്ത്രീയെ തിരസ്ക്കരിച്ച അവനോടുള്ള നീരസ്സമോ, അവൻ്റെ സ്വഭാവശുദ്ധിയിലുള്ള അഭിമാനത്താലോ അവളുടെ കവിളുകൾ ചുവന്നുതുടുത്തു, അവൾ പ്രതികരിച്ചു

"ഹയ്യെടാ, അല്ലെങ്കിലിപ്പോൾ ഞാനങ്ങ് സമ്മതിക്കാൻ പോവുവല്ലേ, ഒന്ന് പോയേ പോയേ.. ഒരു മാന്യശ്രീ വിശ്വാമിത്രൻ, ഹ ഹ ഹ"

അവനും ചിരിച്ചു, അവർ ഉലഞ്ഞ വസ്ത്രങ്ങളും മുടിയും നേരേയാക്കി യാത്ര തുടർന്നു, ഇരുവരും അവരവരുടെ വീട്ടിലെത്തി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കുറിച്ചിക്കൽ ക്ഷേത്രത്തിൽ ഗാനമേളയിലെ ഗായിക പാടുന്നു

"പൂന്തേനരുവീ
പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം
നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം"

അവിടം കൊണ്ടവസാനിച്ചില്ല അവർക്കൊന്നിക്കാൻ ലഭിച്ച അവസരങ്ങൾ, ഓണവും, വിഷുവും, ദീപാവല്യും, ബന്ധുക്കളുടെ കല്യാണങ്ങളുമൊക്കെ അവസരങ്ങൾ വാരിക്കോരിനൽകി പക്ഷേ ഒന്നും അവർ പ്രയോജനപ്പെടുത്തിയില്ല, ഞാൻ എത്രയൊക്കെ പ്രലോഭിപ്പിച്ചിട്ടും!

ഇവിടെ എത്തിയപ്പോൾ നാണ്വാർ ഇടപെട്ടു

"അല്ല, നീ ഇങ്ങനെ വളുവളെ കഥപറഞ്ഞിരുന്നാൽ മതിയോ, കഹാനീ മേം ട്വിസ്റ്റെവിടെ?

അതും ശരിയാണ്, നമുക്ക് ട്വിസ്റ്റിലേയ്ക്ക് വരാം, അതിനു മുമ്പൊരു കാര്യം ഉദയൻ്റെ സഹോദരി കമലയുടെ വിവാഹം കഴിഞ്ഞു; ഇടക്കൊച്ചിയിലാണ് പയ്യൻ, ഒരോണത്തിനു വള്ളംകളി ദിവസം ഒറ്റക്കായിരുന്നപ്പോൾ ഉപ്പേരിതന്ന സ്നേഹം ഞാൻ കാണിക്കണമല്ലോ? അതിനാൽ അതുപറഞ്ഞെന്നേയുള്ളൂ..  നിങ്ങൾ അധികം ചുഴിഞ്ഞ് അന്വേഷിക്കേണ്ടാട്ടോ...

ഒരു രാഷ്ട്രീയക്കൊലപാതകം ആ ഗ്രാമത്തെ പിടിച്ചുലച്ചു. പാർട്ടിപ്രവർത്തകർ പലരും ഒളിവിലായി, കരുണൻ സഖാവിനും കുടുംബത്തിനും നേരേ എതിർപാർട്ടിക്കാരുടെ ആക്രമണമുണ്ടായി, അവർ നാടുപേക്ഷിച്ച് തൽക്കാലം മകളുടെ വീട്ടിൽ അഭയം തേടി. പോലീസ്സുകാരുടേയും ശത്രുക്കളുടേയും ശല്യം പ്രധാനമായും സഹിക്കേണ്ടിവന്നത് ലതയുടെ നിരപരാധികളായ മാതാപിതാക്കൾക്കായിരുന്നു. അതോടെ അതുവരെ ഉദയൻ്റേയും ലതയുടേയും പ്രണയം അംഗീകരിച്ചിരുന്ന, അവരുടെ വിവാഹം മനസ്സാ ആഗ്രഹിച്ചിരുന്ന, അവർ മാറിച്ചിന്തിച്ചുതുടങ്ങി. ഇതുപോലെയുള്ള ഒരു ജീവിതത്തിലേയ്ക്ക് എങ്ങനെ ഏകമകളെ പറഞ്ഞുവിടും?

അവർ ലതയ്ക്ക് വിവാഹം ആലോചിച്ചുതുടങ്ങി, അവൾ പരമാവധി എതിർത്തു, എങ്കിലും ആ ഭീകരാന്തരീക്ഷത്തിൽ ഉദയനുമായോ കുടുംബവുമായോ യാതൊരു വിധത്തിലും ബന്ധപ്പെടാനാവാതെ അവൾ കുഴങ്ങി. ക്രമേണ അച്ഛനമ്മമാരുടെ ആത്മഹത്യാ ഭീഷണിയുടെ മുന്നിൽ അവൾ തലകുനിച്ചു. 

ഞാൻ അപ്പോഴേയ്ക്കും പൂന ശിവാജിനഗർ എഞ്ചിനീയറിംഗ് കോളേജിൽ പഠനം പൂർത്തിയാക്കി, റയില്വേയിൽ ജോലി നേടി, ദൗണ്ട് എന്ന സ്ഥലത്ത് ക്വാർട്ടേഴ്സിൽ ഏകാന്തജീവിതം ആരംഭിച്ചിരുന്നു. ലതയുടെ വിവാഹത്തെപ്പറ്റി ഞാനറിയുന്നത് സെക്കൻ്ററാബാദിൽ വച്ച് അമ്മയെ കാണുമ്പോഴാണ്, അമ്മ ഷൈലജയുമായി ഞാൻ ഒളിച്ചോടിപ്പോയീന്ന് നാട്ടുകാർ പറഞ്ഞതിനെപ്പറ്റി അന്വേഷിക്കാൻ വന്നതായിരുന്നു, നേരിട്ട് വന്ന് മരുമകളെക്കാണാൻ ശക്തിയില്ലാത്ത പാവം എൻ്റെമാതാവ്, ഇറിസെറ്റിൽ ചെന്ന് ഐ.ഇ.എസ്സുകാരൻ മകനെ, എൻ്റെ ചേട്ടനേ... കൂട്ടി വരാനായിരുന്നു പദ്ധതി. ചേട്ടൻ എന്നെ അങ്ങോട്ട് വിളിപ്പിച്ചു, ഞാൻ അങ്ങനെ ഒന്നും ഒളിച്ചോടില്ല എന്നവനറിയാം, ഏതായാലും പാവം എന്നെ തെറ്റിദ്ധരിച്ചതിനു പകരമായി ഹിന്ദിസിനിമയിൽ അമരീഷ്പുരി ഇടുന്നതുപോലത്തെ ഒരു ഷെർവാണി എനിക്ക് വങ്ങിത്തന്ന് സമാധാനിപ്പിച്ച് നാട്ടുവിശേഷങ്ങളും പറഞ്ഞ് അമ്മ മടങ്ങിപ്പോയി.

ലതയെ വിവാഹം കഴിച്ചത് ഒരു പ്രവാസിയായിരുന്നു, പ്രസന്നൻ, എനിക്കറിയാം ആളിനെ. അടുത്ത ഗ്രമക്കാരനാണ്, എൻ്റമ്മ അവനെ പഠിപ്പിച്ചിട്ടുണ്ട്. പത്ത് കഴിഞ്ഞ് ഐ.ടി.ഐ പഠിച്ച് ജോലി തേടി ഗൾഫിൽ പോയി, അൽപ്പം പച്ചപിടിച്ചപ്പൊൾ സ്വന്തമായി വർക്ക്ഷോപ്പിട്ട് നല്ല സമ്പാദ്യമായി, നാട്ടിൽ കൊച്ചുപ്രമാണിയൊക്കെയായി. വിവാഹം കഴിഞ്ഞ് അധികം ദിവസം പ്രസന്നനു ലീവില്ല, പെണ്ണിനെ കൂടെ കൊണ്ടുപോകാൻ ഉള്ള തയ്യറെടുപ്പിലാണ്, തൽക്കാലം വിസിറ്റ് വിസ, പിന്നെ ഫാമിലിവിസ എന്നൊക്കെ അമ്മ പറഞ്ഞു.

ഉദയൻ്റെ വീട്ടുകാർ  വളരെ താമസിച്ചാണ് ഈ വിവാഹക്കാര്യം അറിഞ്ഞത്, അവർക്കൊന്നും ചെയ്യാനായില്ല, അതിനാൽത്തന്നെ അവർ ഉദയനെ അറിയിക്കാനും പോയില്ല. ഉദയൻ വിവരമറിഞ്ഞത് വിവാഹശേഷമാണ്. സ്വാഭാവികമായും അവൻ തകർന്നു പോയി, ജീവിതനൈരാശ്യം പാരമ്യതയിലെത്തിയ അവനു ജോലിയും പ്രമോഷനും എല്ലാം അനാവശ്യമായിക്കഴിഞ്ഞിരുന്നല്ലോ? ബാംഗ്ളൂരിൽനിന്നും എല്ലാം കെട്ടിപ്പെറുക്കി അവൻ നാട്ടിലേക്ക് വണ്ടികയറി.

അവൾ പ്രസന്നനുമായി പ്രവാസമാരംഭിക്കുകയാണെന്നും, യാത്രചോദിക്കാൻ അവളുടെ വീട്ടിൽ വരുന്നുണ്ടെന്നും ഉദയനെ അറിയിച്ചത് ഞാനാണ്, എനിക്കും എന്തെങ്കിലും ഒരു പ്രാധാന്യമൊക്കെ വേണ്ടേ ഈ കഥയിൽ? അല്ലപിന്നെ!

അവൻ വന്നു, ആ അടച്ചിട്ട വീട്ടിൽ പൊടിതട്ടലും, തൂക്കലും, തുടക്കലും ഒക്കെയായി കൂട്ടുകാരുമെത്തി, സന്ധ്യക്ക് പതിവില്ലാതെ അവിടെ വിളക്കുതെളിഞ്ഞപ്പോൾ ലതയുടെ അമ്മ അയൽപ്പക്കത്തെ വിവരം തേടിയെത്തി, ഉദയനെ കണ്ടുഞെട്ടി. എങ്കിലും അവർ തികഞ്ഞ പക്വതയോടെ അവനെ കാര്യങ്ങൾ സംഭവിച്ച രീതിയും, ലതയുടെ നിസ്സഹായാവസ്ഥയും പറഞ്ഞു മനസ്സിലാക്കാൻശ്രമിച്ചു, പക്ഷേ അവനതൊന്നും സ്വീകാര്യമായില്ല. അവൻ്റെ ആ അവസ്ഥ ആ മാതാവിൽ ഭയമുണർത്തി, ഇന്നൊരുദിവസമെങ്കിലും കുഴപ്പങ്ങളില്ലാതെ കടന്നുപോകണം, നാളെ മകളും മരുമകനും മടങ്ങിയാൽ, അടുത്ത ദിവസം അവർ പ്രവാസത്തിലേയ്ക്ക് ചിറകടിച്ച് പറന്നാൽ, പിന്നീട് തൻ്റെ മടിയിൽ കളിച്ചുവളർന്ന ഈ മകനെ നിയന്ത്രിക്കാനാവുമെന്നവർ കണക്കുക്കൂട്ടി. ജേഷ്ഠത്തിയനുജത്തിമാരുടെ മക്കൾ... അളിയന്മാരുടെ പാർട്ടിയിൽ പ്രസന്നനും, മറ്റുള്ളവരും മുഴുകിയനേരം, അവൻ്റെ ആഗ്രഹപ്രകാരം ലതയെ കൂട്ടിക്കൊണ്ടുവന്ന് അവരെ പരസ്പരം സംസാരിപ്പിച്ചു.

ജീവൻ്റെ ജീവനായി കരുതി, ഒരു ജീവിതകാലം മുഴുവൻ എങ്ങനെ ജീവിച്ചുതീർക്കണമെന്ന് പദ്ധതിയും, രൂപരേഖയും തയ്യാറാക്കിയ രണ്ടാളുകളുടെ കൂടിക്കഴ്ച്ചയാണത്, കണക്കുകൂട്ടലുകളും തെറ്റിയശേഷം! അവൻ അവളെ കുറ്റപ്പെടുത്തിയില്ല പക്ഷേ അവൾ സ്വയം കുറ്റപ്പെടുത്തിക്കരഞ്ഞു, അവനെ കെട്ടിപ്പിടിച്ചു, ചുംബനം കൊണ്ടുപതിഞ്ഞു. അവൾ എല്ലാമുപേക്ഷിച്ച് അവനോടൊപ്പം ആ രാത്രിയിൽ ഇറങ്ങിച്ചെല്ലാമെന്ന് പറഞ്ഞു. പക്ഷേ അവൻ പറഞ്ഞുതുടങ്ങിയപ്പോൾ അവൾ തികഞ്ഞ ആശയക്കുഴപ്പത്തിലുമായി.

അവർക്ക് ഒന്നിക്കാമായിരുന്ന, രതിലീലകളാടുവാൻ കഴിയുമായിരുന്ന ആ കഴിഞ്ഞകാല അവസരങ്ങളെപ്പറ്റി അവൻ ഒന്നൊന്നായി പറഞ്ഞു. അവൻ കതിർമണ്ഡപത്തിനായി സൂക്ഷിച്ചുവച്ച അവളുടെ പവിത്രത അന്യനു നഷ്ടമായതിലുള്ള അവൻ്റെ ദുഃഖം അവൾക്ക് അരോചകമായി തോന്നി. അതിനാലാണല്ലോ

"നിനക്ക് എന്നെയല്ല, എൻ്റെ ശരീരത്തോടാണ് ആശയെങ്കിൽ ഒരു നൂറുവട്ടം അത് സാധിച്ചുതരാൻ തയ്യാറാണ്" 

എന്നവൾ പറഞ്ഞതും. പക്ഷേ അതിനും അവൾ പ്രതീക്ഷിച്ച മറുപടിയല്ല അവനിൽനിന്നും ലഭിച്ചത്. അവൻ പറഞ്ഞത് കൈത്തണ്ടയിലിരുന്ന കിളിയും ആകാശത്ത് പറന്നുനടക്കുന്ന കിളിയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയാണ്. അതൊരു ആശയസംവാദത്തിലേയ്ക്ക് നീങ്ങവേ അവൻ അവസാനത്തെ അസ്ത്രം പ്രയോഗിച്ചു

"ഞാൻ അച്ഛനുമമ്മയും പെങ്ങളുമറിയാതെ ഇവിടെയെത്തിയത് എന്തിനാണെന്ന് നിനക്കറിയാമോ? ഇന്നത്തെ രാത്രി എൻ്റെ അവസാന രാത്രിയാണ്. ഞാനില്ലാതെ നീ ജീവിക്കും, നിനക്കതാവും, പക്ഷേ നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. പക്ഷേ നീ എന്നെ മനസ്സിൽ ചുമന്ന് അവനോടൊപ്പം ജീവിക്കേണ്ട, എൻ്റെ കുളിപ്പിച്ച് പുതച്ചുകിടത്തിയ ശവശരീരം കണ്ടുകൊണ്ട് വേണം നീ നാളെ യാത്രയാകുവാൻ.. ശവം നല്ല ശകുനമാണ്, നിൻ്റെ ദീർഘയാത്രയ്ക്ക് എൻ്റെ മൃതശരീരത്തിലും മികച്ച ഒന്ന് ലഭിക്കാനില്ല! "

അവൾ അവനെ ചേർത്തുപിടിച്ചു, അവൻ്റെ കണ്ണുകളിൽ ചുംബിച്ചു, പക്ഷേ അവൻ അവളെ തള്ളിപ്പുറത്താക്കി വാതിലടച്ചു, അവൻ്റെ ഇടറിയശബ്ദം അവളുടെ ചെവിയിൽ വീണു

"നിനക്ക് പോകണമെങ്കിൽ നിൻ്റെ കെട്ടിയോനുമായി ഈ രാത്രി ഇരുളും മുമ്പേ പോ... പോടീ  .. എൻ്റെ പെണ്ണേ.."

അവൾക്ക് അവനെ അങ്ങനെ വിട്ടിട്ടുപോകുവാൻ കഴിയുമായിരുന്നില്ല.

"ആ ഗൗരീഗാത്രത്തെങ്ങിൻ്റെ ചുവട്ടിൽ നീ വരണം രാത്രി 11 മണിക്ക്, ഞാൻ വരും, എല്ലാമുപേക്ഷിച്ച്, ഒന്നുമെടുക്കാതെ, നമുക്ക് പോകാം, ഈ ലോകത്തിൻ്റെ ഏതെങ്കിലുമൊരു കോണിലേയ്ക്ക്.. നിനക്ക് പകരം വയ്ക്കാൻ എനിക്കീ ലോകത്തിൽ ഒന്നുമില്ലെടാ.."

ആ അമാവാസിരാത്രിയിൽ ക്ളോക്കിലെ  സമയം   11 ലെത്തി, അവൾ യാത്രക്ക് പറ്റിയ ഒരു വസ്ത്രം ധരിച്ച് പലായനത്തിനു തയ്യാറായി. സായാഹ്നപ്പാർട്ടിയിൽ അവളുടെ കസിൻസ്സുമായി ഡ്യൂട്ടിഫ്രീയിലെ മദ്യം നുകർന്ന്, ലഹരിയിൽ ഉറങ്ങുന്ന പ്രസന്നനെ ഉണർത്താതെ അവൾ പുറത്തെ വാതിലിൻ്റെ കുറ്റിയെടുത്ത് ഇരുളിലേയ്ക്ക് നടന്നിറങ്ങി, എത്രയോ രാത്രികളിൽ അവരുടെ ചുംബനപരിരംഭണങ്ങൾക്ക് സാക്ഷിയായ ആ ചെന്തെങ്ങിൻ്റെ അരികിലേയ്ക്ക്. വീടുനിൽക്കുന്ന ഉയർന്ന പുരയിടം കടന്ന് വയൽനികത്തിയ ആ പൊക്കത്തിലേക്ക് അവൾ കടന്നതും തോളിൽ ഒരു കൈ പതിച്ചു, ഒപ്പം ഒരു ചോദ്യവും

" നീ ഈ ഇരുട്ടത്ത് എവിടെ പോകുന്നു?"

പ്രസന്നനാണ്, വ്യാഴാഴ്ച്ച രാത്രികളിൽ മുഴുവൻ കുപ്പിയും തീർത്ത് ഉറങ്ങാതെ നാടിനെ സ്വപ്നം കാണുന്ന പ്രവാസിക്കാണോ ഉഴക്ക് മദ്യം ഉറക്കമുണ്ടാക്കുന്നത്? അവൾ നടുങ്ങി, എങ്കിലും കാളിദാസൻ്റെ "സ്ത്രീകള്‍ക്കേറ്റം പടുതസഹജം, ജന്തുവര്‍ഗ്ഗത്തിലുംതാന്‍ ലോകേ കാണാം; പ്രതിഭ കലരുന്നോരിലോതേണ്ടതുണ്ടോ?" എന്ന വരികളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അവൾ മറുപടിനൽകി

" പിച്ചവച്ചകാലം മുതൽ ഞാൻ ഈ വീട്ടിലെ ആണും പെണ്ണുമായിരുന്നു, അതിനാൽ ഈ പറമ്പിൽ വെളിയിൽ പോവുക ഒരു ത്രില്ലായി ചിലപ്പോഴൊക്കെ കണ്ടിരുന്നു, ആണുങ്ങൾക്ക് മാത്രമല്ലല്ലോ പ്രകൃതിയിൽ  അവകാശങ്ങൾ? നാളെ വിദേശത്തേയ്ക്ക് പോകുന്നതോർക്കുമ്പോൾ എനിക്ക് ഒരുവട്ടം ഇവിടെ വരണമെന്ന് തോന്നി"

"ഇവൾക്ക് വട്ടാണോ?"

പ്രസന്നൻ മനസ്സിൽ ചോദിച്ചു, ഇവളുടെ പല പെരുമാറ്റങ്ങളിലും ഒരു ഭ്രാന്തിൻ്റെ ലക്ഷണം തോന്നിയിരുന്നു, പിന്നെ മധുവിധുവിൻ്റെ ആ രസം കൊല്ലേണ്ട എന്നുകരുതി ചോദിച്ചില്ല എന്നേയുള്ളൂ... എന്തായാലും രണ്ടുദിവസങ്ങൾ കൂടി... അത് കഴിഞ്ഞ് അങ്ങെത്തിയിട്ട് ഒറ്റക്കുകിട്ടുമ്പോൾ നോക്കാം. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

"നിനക്കങ്ങനെ ഒരാശയുണ്ടെങ്കിൽ അത് നടക്കട്ടേ... ഞാനിവിടെ നിൽക്കാം"

അവൻ ആ ആഞ്ഞിലിയിൽ ചാരിനിന്നു. അവൾ ഇരുട്ടത്ത് മുന്നോട്ട് നടന്നു, ചെന്തെങ്ങിൻ്റെ ചുവട്ടിൽ ആ രംഗം ശ്രദ്ധിച്ചുനിന്നവനിൽ നിരാശനിറഞ്ഞു, പക്ഷേ ആ വൃക്ഷത്തിൽ ചേർത്തമർത്തി അവൾ അവനിൽ പടർന്നുകയറി. അവളുടെ കരപരിലാളനകളിൽ ഉയർന്നെണീറ്റ ഉദയൻ്റെ പുരുഷത്വം അവളെ ശൂലപാണിവാര്യസ്യാരാക്കി.

ഈ രംഗത്തുവച്ചാണ് ഞാനാദ്യം അവൾ വിവശയാണെന്നും, അവനെപ്പറ്റി നല്ല നിശ്ചയമില്ലെന്നും പറഞ്ഞത്!

തന്റെ വിചിത്രമായ ഗൃഹാതുരത്വത്തിനു കാവൽ നിൽക്കുന്ന ഭർത്താവിനെ സാക്ഷിനിർത്തി നിത്യകാമുകനോടൊപ്പം പോകാൻ അവൾക്ക് കഴിയില്ല, ഈ അവസ്ഥയിൽ കാമുകനെയും വിട്ടുപോകാനാവില്ല, അവൻ നേരത്തെ പറഞ്ഞ ആകാശത്ത് പറക്കുന്ന പറവയല്ല താൻ, കൂട്ടിൽ അടയ്ക്കപ്പെട്ട കിളിയാണെന്നവൾക്ക് തോന്നി. ഒരു കൂടുമാറ്റം സംഭവ്യമല്ലാത്തതിനാൽ, വിഹായസ്സിലെ പറവയെ പിടിക്കാൻ അവനെ അനുവദിക്കുവാൻതന്നെ അവൾ തീരുമാനിച്ചു. പിടിച്ചപിടി അയക്കാതെ അവനെ നിലത്തുകിടത്തിയ അവൾ ശൂലാരോഹണം നടത്തി; കാമത്തിന്റെ ശൂലമുനമുകളിൽ കരേറിയ അവൾ നാരായബിന്ദു ജി-സ്പോട്ടിൽ തട്ടിനിന്നു. അതുകൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ലല്ലോ... ചലനം ചലനം ചലനം മാനവജീവിതപരിണാമത്തിൻ മയൂരസന്ദേശം എന്ന് പറഞ്ഞത് വെറുതെയല്ലല്ലോ?
ആരാണീ അമാവാസിക്ക് കണ്ണിലിട്ടുകുത്തിയാൽ അറിയാത്ത ഇരുട്ടെന്നൊക്കെ പറഞ്ഞത്? ആ ഇരിപ്പിൽ അവളുടെ ഇരുട്ടിൽ പഴകിയ കണ്ണുകളിൽ മങ്ങിയ കാഴ്ച്ച ആയി പ്രസന്നനെ കാണാമായിരുന്നു, അവൻ ആഞ്ഞിലിയിലെ പിടിവിട്ട്, അവിടെ തറയിൽ കുത്തിയിരിപ്പാരംഭിച്ചു. അവനും കാണുന്നുണ്ടാവണം അവളെ ഒരിരുണ്ട കാഴ്ച്ചയായി.. അവൾ ഒരു ചെറിയ കല്ല് തപ്പിയെടുത്ത് അവനെ എറിഞ്ഞു, ഏറുകൊണ്ട അവൻ അവളുടെ നേരേ നോക്കി. അവൾ ഒരു ചെറുശബ്ദത്തോടെ കുനിഞ്ഞ് കല്ലെടുത്ത് വീണ്ടും അവനെ എറിഞ്ഞു. കുറച്ചായപ്പോൾ അവനും ഒരുരസം തോന്നിത്തുടങ്ങി, മധുവിധുകാലത്ത് പറയുന്നതെല്ലാം തമാശയും, ചെയ്യുന്നതെല്ലാം ആസ്വാദ്യകരമായ പ്രണയചേഷ്ടകളുമാണല്ലോ? അവനും ഒരു ചെറിയകല്ലെടുത്ത് അവളെ എറിഞ്ഞു.

അവൾ പ്രതീക്ഷിച്ചതും അതുതന്നെ ആയിരുന്നു. അവന്റെ ഏറിൽ നിന്നവൾ കുലുങ്ങി ഒഴിഞ്ഞുമാറി. ഒപ്പം ചിരിയോടെ പറഞ്ഞു 

"ഏയ്യ് ... കൊണ്ടില്ലല്ലോ?"

അവനും വാശിയായി കല്ലെടുത്ത് എറിഞ്ഞുകൊണ്ടിരുന്നു, അവൾ ഇളകിയാടി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു, ഒപ്പം സംഗീതാത്മകമായി എന്നാൽ അൽപ്പം വിളംബകാലത്തിൽ അവനെ കളിയാക്കിക്കൊണ്ടിരുന്നു.

"ഹയ്യേ .. കൊ..ണ്ടി ..ല്ല ..ല്ലോ ..?"

എങ്കിലും അവസാനത്തെ കളിയാക്കൽ വിളംബകാലവും കടന്ന് ശവതാളത്തിൽ 

"ആ..ഹാ.. യ്യോ... കോ..ണ്ടി...ല്ല ..ല്ലോ .."

എന്നായത് അവനെ അമ്പരപ്പിച്ചു. കല്ലെറിഞ്ഞാലും സ്ത്രീയിൽ രതിമൂർച്ഛ അനുഭവപ്പെടുമോ? എങ്കിൽ വാത്സ്യായനനും, കൊക്കോകനും അറിഞ്ഞ വൻകരകളിൽപ്പെടാത്ത തുരുത്തുകളിനിയും എറെ അവശേഷിക്കുന്നുവോ???

അവൾ എണീറ്റു, വെളിയിൽ ബാത്ത്‌റൂമിൽ പോയി, ശുദ്ധികലശവും,  ചെറുതായി നീരാട്ടും കഴിഞ്ഞ്, കണവനൊപ്പം മുറിയിലെത്തി, വിളക്കുകൾ അണഞ്ഞു, കൂരിരുട്ടിന്റെ കരിമ്പടം പുതച്ച് ആവീട് മെല്ലെയുറക്കമായി. 

ആ ഇരുളിൽ... പ്രഭയുടെ അവസാനജ്യാതിയും ഇരുൾവിഴുങ്ങുന്ന കാഴ്ച്ച കണ്ടുകൊണ്ട് ഒരു സൈക്കിൾ, കാറ്റടിച്ച പമ്പിൻ്റെ ട്യൂബ്ബ്  നൽകിയ അമിതമായ സമ്മർദ്ദത്തിൽ വാൾട്യൂബ് കുറ്റി ചുവടെ ഇളകിപ്പോയോ? എന്ന സംശയത്തോടെ, നീറുന്ന ടയറുമായി ഒരു സൈക്കിൾ... അതിന്റെ ഷെഡ്ഡ് നോക്കി ഉരുളുന്നുണ്ടായിരുന്നു.

ഞാൻ കഥ പറഞ്ഞു നിർത്തി നാണ്വാരെ തേടി, പഹയനെ അവിടെ ചുറ്റിനെങ്ങും കണ്ടില്ല, വരാന്തയുടെ മൂലയിൽ ദാ പുറംതിരിഞ്ഞു നിൽക്കുന്നു, മുഖം കാണാതെ എന്താ പറയാൻ പോകുന്നതെന്നെങ്ങനെ അറിയും, അതിനാൽ മേശപ്പുറത്തിരുന്ന ഒരു പെൻസിൽ ഷാർപ്പനർ എടുത്ത് ഞാൻ മൂപ്പരെ ഒരേറുവച്ചുകൊടുത്തു, ഒരു ശ്രദ്ധക്ഷണിക്കൽ പ്രകടനം... പക്ഷേ ഓൻ ഒഴിഞ്ഞുമാറിക്കളഞ്ഞു, എന്നിട്ട് ഒരു ചിരിയോടെ പറഞ്ഞു.

ഹയ്യേ .. കൊണ്ടില്ലല്ലോ!!!

No comments:

Post a Comment