Saturday, August 11, 2018

ഭർതൃഹരിയുടെ ശൃംഗാരവും വൈരാഗവും

നമുക്ക് കുറേക്കാലം പിന്നിലേയ്ക്ക് സഞ്ചരിച്ച് ആ മാകന്ദഗിരിയുടെ താഴ്വരയിലെ വലിയ അരയാലിന്റെ തറയിൽ കിടന്നുറങ്ങുന്ന പാടലീപുത്രത്തിൽ നിന്നുവന്ന വിദ്യാസാഗരൻ എന്ന ബ്രഹ്മചാരിയേയും, അരയാലിനുമുകളിൽ അയാളെത്തന്നെ നോക്കിയിരിക്കുന്ന ബ്രഹ്മരക്ഷസ്സിനെയും ഒന്നടുത്തുചെന്നുനോക്കാം.. 

ലോകത്തിലുള്ള വിദ്യകളെല്ലാം സമ്പാദിക്കണമെന്നുറപ്പിച്ചിറങ്ങിയ വിദ്യാസാഗരൻ ഗുരുവിനെത്തേടിയുള്ള യാത്രയിലും,ബ്രഹ്മരക്ഷസ്സ് ഒരു നല്ല ശിഷ്യനെ കാത്തിരിപ്പുമാണ്. അവർ പരിചയപ്പെട്ടു, ശിഷ്യൻ ഗുരുവിനോടൊപ്പം അരയാലിൻ വലിഞ്ഞുകയറി പഠനമാരംഭിച്ചു; ഗുരുനൽകിയ മന്ത്രസിദ്ധിയിൽ വിശപ്പും ദാഹവുമകന്ന ശിഷ്യൻ ഒറ്റയിരിപ്പിനു പഠനം തുടർന്നു, കുറേനാൾ കഴിഞ്ഞപ്പോൾ ഗുരു ശാപമോക്ഷമായി തിരിച്ചുപോയി, ശീഷ്യൻ താഴെയിറങ്ങി ഒന്നുകിടന്നതേയുള്ളൂ കഴിഞ്ഞ ആറുമാസത്തെ വിശപ്പും ദാഹവും ഒറ്റയടിക്ക് തിരിച്ചുവന്നു, ആ ആൽത്തറയിൽ അയാൾ ബോധരഹിതനായിക്കിടന്നു. 

അതുവഴിവന്ന മന്ദാകിനിയെന്ന ദാസി അയാളെ എടുത്തു സ്വഗൃഹത്തിൽ കൊണ്ടുപോയി ചികിത്സിച്ചു, ആറുമാസം എടുത്തു അയാൾ സാധാരണജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ, സ്വന്തംകാലിൽ നിന്നയുടൻ അയാൾ നന്ദിപറഞ്ഞു പോകാൻ തയ്യറെടുത്തു. എന്നാൽ മന്ദാകിനി അങ്ങനെ വിടാൻ ഒരുക്കമായിരുന്നില്ല. ഞാൻ അവിവാഹിതയാണ്, നിങ്ങളെ കണ്ടിഷ്ടപ്പെട്ട് വിവാഹം കഴിക്കണമെന്നാശയോടെയാണ് ഈ പാടെല്ലാം പെട്ടതെന്നവൾ പറഞ്ഞപ്പോൾ അയാൾ കുഴങ്ങി. താനൊരു ബ്രഹ്മചാരിയാണെന്നും വിവാഹം ശൂദ്രയായ അവളെ വിവാഹം കഴിക്കണമെങ്കിൽ ബ്രഹ്മണ, ക്ഷത്രിയ, വേശ്യ കന്യകളെ വിവാഹം കഴിച്ചതിനുശേഷമേ സാധ്യമാകൂ എന്നുപറഞ്ഞ് രക്ഷപ്പെടാൻ നോക്കി.

വ്യവഹാരം കലിംഗരാജസന്നിധിയിലെത്തി, ഒടുവിൽ രാജപുരോഹിനും മന്ത്രിയുമായ വേദാചാര്യൻ, കലിംഗരാജാവ് നീതിപതി, വൈശ്യപ്രമുഖൻ കുലപതി എന്നിവർ അവരുടെ മക്കളെ വിവാഹം കഴിച്ചുനൽകിയതിനാൽ നാലാമത് മന്ദാകിനിയേയും വിദ്യാസാഗരൻ വിവാഹം കഴിച്ചു.

ബ്രഹ്മണകന്യകയായ മാലതിയിൽ വരരുചിയും, ക്ഷത്രിയകന്യകയായ കനകാംഗിയിൽ വിക്രമാദിത്യനും, വൈശ്യകന്യകയായ സുമഗളയിൽ ഭട്ടിയും, മന്ദാകിനിയിൽ ഭർതൃഹരിയും ജനിച്ചു. നാലുഭാര്യമാരിലും മക്കൾ പിറന്നു. കുട്ടികൾ വലുതായി, കലിംഗരാജാവ് നീതിപതി നാടുനീങ്ങി, വിദ്യാസാഗരൻ അടുത്ത രാജാവായി. 

വിദ്യാസാഗരനും വാർദ്ധക്യമായി, മരണാസന്നനായ പിതാവിനുചുറ്റും കൂടിനിന്ന മക്കളിൽ ഭർതൃഹരിയുടെ മുഖത്ത് നോക്കി കണ്ണീർ പൊഴിക്കുന്ന പിതാവിൻ്റെ മനസ്സ് ബുദ്ധിമാന്മാരായ അവർ വായിച്ചെടുത്തു. അവർ മന്ദാകിനിയുടെ പുത്രനും ഇളയവനുമായ ഭർതൃഹരിയെ രാജാവാക്കി. 

ഭർതൃഹരി ജേഷ്ഠന്മാരുടെ സഹായത്തോടെ രാജ്യം അതിഗംഭീരമായി ഭരിച്ച്, അന്തപ്പുരത്തിൽ തിമിർത്ത് രതിസാഗരത്തിലാറാടി നടക്കുന്ന കാലത്താണ് കവിതയെഴുത്തിൻ്റെ അസ്ക്കിത പിടികൂടുന്നത്. അന്ന് ശൃംഗാരം തലയ്ക്ക് പിടിച്ച കാലമായതിനാൽ, അദ്ദേഹം സ്ത്രീകളെ വർണ്ണിക്കാൻ ശതകം തന്നെയെഴുതി; ശൃംഗാരശതകം പിറന്നു...

"തസ്യ സ്തനൗ യദിം ഘനൗ ജഘനംച ഹാരീ
വക്ത്രം ച ചാരൂ തവ ചിന്ത കിമാകുലത്വം
പുണ്യം കുരുഷ്വ യദി തേഷു തവാസ്തി വാഞ്ചാ
പുണ്യൈർവിനാ ന ഹി ഭവന്തി സമീഹിതാർഥാ"

(എന്തിനാണു നീ അവളുടെ തടിച്ച സ്തനങ്ങളേയും, അഴകാർന്ന അരക്കെട്ടിനേയും, സുന്ദരമായ മനസ്സിനേയുമോർത്ത് വേവലാതിപ്പെടുന്നത്? അവയൊക്കെ അത്രമേൽ അമൂല്യങ്ങളാകയാൽ അവ അനുഭവിക്കാൻ പുണ്യം വേണം. നീയവ അനുഭവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള പുണ്യം ആദ്യം സമാഹരിക്കുക. ആർജ്ജിതവും പര്യാപ്തവുമായ പുണ്യമുണ്ടെങ്കിലേ ഉത്തമസ്ത്രീയുടെ സംഗമസുഖം പ്രാപ്തമ്മാകുകയുള്ളൂ)

കലിംഗത്തെത്തിയ ഒരു മഹാത്മാവ് അദ്ദേഹത്തിനു കൊടുത്ത ജരാനരകൾ അകറ്റി നിത്യയൗവ്വനം നൽകുന്ന ഒരു ദിവ്യഫലം അദ്ദേഹം ഏറ്റവും പ്രിയങ്കരിയായ രാജ്ഞിയോടുള്ള സ്നേഹത്താൽ അവൾ മരിച്ചുകഴിഞ്ഞ് ഞാനെന്തിനു ജീവിക്കണം എന്ന ചിന്തയാൽ, പട്ടമഹിഷിക്ക് കൊടുത്തു. അവർ അത് അവരുടെ ജാരനായ കുതിരക്കാരനും, അവൻ അത് അവൻ്റെ ഇഷ്ടക്കാരിയായ വാല്യക്കാരിക്കും കൊടുത്തു. മട്ടുപ്പാവിൽ നിന്ന ഭർത്തൃഹരി താൻ രാജ്ഞിക്ക് നൽകിയ ദിവ്യഫലം അടിച്ചുതളിക്കാരി മാലിന്യങ്ങൾ നിറച്ച കുട്ടയുടെ മുകളിൽ വച്ച് കൊണ്ടുപോകുന്ന കാഴ്ച്ചകണ്ടു. അവളേയും, കുതിരക്കാരനേയും ചോദ്യം ചെയ്തപ്പോൾ സത്യം ബോധ്യപ്പെട്ടു, മനസ്സിൽ ക്രോധത്തിൻ്റെ ശ്ളോകങ്ങൾ വിടർന്നു

"എന്റെ ഹൃദയം കാമിക്കുന്നവൾക്ക് എന്നെ വേണ്ട
അവൾ മറ്റൊരുവനേയും അവൻ വേറൊരുവളേയും തേടുന്നു
മറ്റൊരുവൾ എന്നെ അവളുടെ പ്രേമഭാജനമായി കാണുന്നു
അവളും അവനും തുലയട്ടെ; ഒപ്പം മറ്റവളും കാമദേവനും ഞാനും" 
എന്നാൽ രാജ്ഞി സംഭവങ്ങൾ അറിഞ്ഞപ്പോൾ താനും തൻ്റെ ജാരനും രാജാവിൻ്റെ പ്രതികാരത്തിനിരയാകുമെന്ന് ബോദ്ധ്യപ്പെട്ട്, ഭർതൃഹരിയെ വധിക്കുവാൻ തീരുമാനിച്ച് ഒന്നുമറിയാത്തതുപോലെ വിഷം ചേർത്ത ഓട്ടടയുണ്ടാക്കി അദ്ദേഹത്തിനുനൽകി; ഭക്ഷ്ണത്തിനു താമസമുള്ളതിനാൽ ഇപ്പോൾ ഇതുകഴിച്ചുകൊള്ളുവാൻ പറഞ്ഞു. അതുവിഷമാണെന്ന് തിരിച്ചറിഞ്ഞ ഭർതൃഹരി ഇനി സ്ത്രീസംസർഗ്ഗമേ വേണ്ട എന്നു തീരുമാനിച്ച് അന്തപ്പുരത്തിൽ നിന്നിറങ്ങിപ്പോയി. ഭിക്ഷാടനത്തിനായി ആ ഓട്ടട നൽകിയ പാത്രം മാത്രം എടുത്ത് അട അന്തപ്പുരത്തിൽ വച്ച് "ഓട്ടട വീടേച്ചുടും" എന്നു പറഞ്ഞിറങ്ങി പടികടന്നപ്പോൾ അന്തപ്പുരം കത്തിനശിച്ചുവത്രേ! എന്തായാലും ഭൗതികസുഖങ്ങളെല്ലാം വെടിഞ്ഞ്, രാജ്യഭരണം വിക്രമാദിത്യനു നൽകി ഭർതൃഹരി തപസ്സിനുപോയി. പിന്നീട് അദ്ദേഹം വൈരാഗ്യശതകം രചിച്ചു. ആദ്യകൃതിയിൽ പുകഴ്ത്തിയ മധുരമനോജ്ഞമായ  സ്തനത്തേയും മുഖത്തെയും ജഘനത്തേയുമൊക്കെ മാംസവും ഗ്രന്ഥിയും മത്രമായ വെറും അവയവങ്ങളായി വൈരാഗ്യശതകത്തിൽ വിശേഷിപ്പിക്കുന്നു.

"സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്മൂത്രക്ലിന്നം കരിവരശിരസ്പർദ്ധി ജഘനം
മുഹുർ‌നിന്ദ്യം രൂപം കവിജനവിശേഷൈർ ഗുരുകൃതം"

(മാംസഗ്രന്ഥികൾ മാത്രമായ മുലകളെ എന്തിനാണിങ്ങനെ ചിലർ സ്വർണ്ണക്കുടങ്ങളോടാണുപമിക്കുന്നത്?
കഫം ഉണ്ടാക്കുന്ന മുഖത്തെ ചന്ദ്രനു തുല്യം ആണെന്നാണു വിശേഷണം,  മൂത്രം ഒഴുകി വൃത്തികേടായിക്കിടക്കുന്ന അരക്കെട്ടിനെ ഗജരാജന്റെ മസ്തിഷ്ക്കം പോലെയെന്നും പുകഴ്ത്തുന്നു,
വളരെ നിന്ദ്യമായ രൂപത്തെ പിന്നെയും പിന്നെയും കവികൾ മഹത്തായി കൊണ്ടാടുന്നു)

ഭർതൃഹരിയുടെ കഥ ഇവിടെ അവസാനിപ്പിക്കാം...

==================================================

NB:-

ഇനി എൻ്റെ രചനകളെപ്പറ്റി, അവ തികച്ചും ഭൗതികവും, ലൗകികവും ആയവ മാത്രമാണ്.

സാഹിത്യത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നുവെന്നാണ് വയ്പ്പ്...

മണ്ണുനോക്കിസ്സാഹിത്യം: ഭൂമി, രാജ്യം, ധനം എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥ പറയുന്ന സാഹിത്യം.

പെണ്ണുനോക്കിസ്സാഹിത്യം: പെണ്ണിനെ ചുറ്റിപ്പറ്റിയുള്ള, രതിസംബന്ധമായ സാഹിത്യം.

വിണ്ണുനോക്കിസ്സാഹിത്യം: ആദ്ധ്യാത്മികം, ഫിലോസഫി.

അതായത് രണ്ടാമത്തെ വിഭാഗത്തിലാണെൻ്റെ മിക്കരചനകളും...

മൂന്നാമത്തെ, അതായത് ആത്മീയതയുടെ പരകോടിയിലെത്തിയവർക്ക് ഇതുവായിച്ച് ബുദ്ധിമുട്ടുണ്ടാകുന്നെങ്കിൽ അതെൻ്റെ കുറ്റമല്ല, നിങ്ങൾ തെറ്റായ സ്ഥലത്ത് എത്തിച്ചേർന്നതിനാലാണത്. ലക്ഷക്കണക്കിനു സമയരേഖകൾ ഉള്ള മുഖപുസ്തകത്തിൽ ഉചിതമായവ കണ്ടെത്താനുള്ള വിവേകം നിങ്ങൾക്ക് ഈശ്വരൻ നൽകി അനുഗ്രഹിയ്ക്കട്ടേ...

ഇതൊന്നുമല്ലാതെ "പുണ്ണുനോക്കിസ്സാഹിത്യം" എന്ന നാലാമത്തെ ന്യൂജനറേഷൻ വിഭാഗത്തിൽപ്പെട്ടവർ ഇട്യ്ക്കിടെ വന്ന് ശല്യപ്പെടുത്തരുത്, വല്ലതും മനസ്സിരുത്തി പഠിച്ചാലേ എനിക്ക് രണ്ടാം വിഭാഗം സാഹിത്യത്തെ ഇനിയുമിനിയും പരിപോഷിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.. ഒരപേക്ഷയാണ്.....

നല്ല നമസ്ക്കാരം!

No comments:

Post a Comment